കൊളോണിയല്‍ കാലത്തിനു ശേഷം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മുസ്ലിം സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന ഇടപാടുകള്‍ പരിശോധിക്കണമെങ്കില്‍, ബാബരി മസ്ജിദില്‍ കേന്ദ്രീകൃതമായ മുസ്ലിം രാഷ്ട്രീയ ആഖ്യാനത്തെ ഉപേക്ഷിക്കേണ്ടതുണ്ട്. 1992 ഡിസംബര്‍ ആറിന് സംഭവിച്ച ബാബരി മസ്ജിദിന്റെ തകര്‍ച്ചയോട് ബന്ധപ്പെടുത്തിയാണ് പലപ്പോഴും ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം മനസിലാക്കപ്പെടുന്നത്. ഉപഭൂഖണ്ഡത്തിലേക്കുള്ള ഇസ്ലാമിന്റെ വരവ്, മുസ്ലിം ഭരണം, മുസ്ലിം വിഭാഗീയത, വിഭജനം, ഉര്‍ദു, അലിഗഢ്, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും ബാബരി മസ്ജിദിനുമിടയില്‍ നേരിട്ട് ബന്ധം ആരോപിച്ചു കൊണ്ടാണ് ഇന്ത്യയിലെ മുസ്ലിംകളുടെ ‘വളര്‍ച്ചയും തളര്‍ച്ച’യും വിലയിരുത്തപ്പെടുന്നത്. അത്തരം ചരിത്രാഖ്യായികകള്‍ യഥാതഥമായ രാഷ്ട്രീയ സംഭവങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും മുസ്ലിം രാഷ്ട്രീയത്തിന്റെ ആഴത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.
വിഭജനത്തിനു ശേഷമുള്ള ഇന്ത്യയുടെ ‘ഏകീകരണം’ രാഷ്ട്രീയ മാറ്റത്തിന്റെ വഴിയില്‍ ഏകരേഖാചലനമായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഹൈദരാബാദ്, ജുനഗഡ്, കശ്മീര്‍-ഈ മൂന്നു ദുരന്തങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ ഫെഡറലിസത്തിന്റെ ഇന്ത്യന്‍ വിജയഗാഥ ലളിതവും നേരെച്ചൊവെയുള്ളതുമാണ്. എന്നാല്‍ ഇന്ത്യന്‍ യൂണിയനിലേക്ക് വിവിധ നാട്ടുരാജ്യങ്ങളുടെ കൂട്ടിച്ചേര്‍ക്കലും 1956 ലെ സംസ്ഥാന പുനഃക്രമീകരണവും നിരവധി ഘട്ടങ്ങളുള്ള പ്രക്രിയയായിരുന്നു. അത് വിവിധ തലങ്ങളില്‍ മുസ്ലിം രാഷ്ട്രീയ പ്രതികരണങ്ങളെ കരുപ്പിടിപ്പിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ മുസ്ലിംലീഗിന്റെ രാഷ്ട്രീയം ഇതിനൊരു നല്ല ഉദാഹരണമാണ്. ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ സംഘടനാസംവിധാനത്തെ വിഭജനം പ്രതികൂലമായി ബാധിച്ചു. ലീഗിനെ പിന്തുണക്കുന്ന നിരവധി പേരും പ്രാദേശിക നേതാക്കന്മാരും പാകിസ്ഥാനിലേക്ക് ചേക്കേറുകയോ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസില്‍ ചേരുകയോ ചെയ്തു. എന്നിരുന്നാലും മുസ്ലിം ലീഗ് ദക്ഷിണേന്ത്യയില്‍ അതിജീവിച്ചത് മദ്രാസ് പ്രവിശ്യയിലെ സംഘടനാകരുത്തു കൊണ്ടും പ്രധാനപ്പെട്ട നേതാക്കന്മാരുടെ പ്രാദേശികമായ ഊന്നല്‍ കൊണ്ടുമാണ്. കൂടാതെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ മറ്റൊരു പ്രധാന കാരണം കൂടി അതിനുണ്ടായിരുന്നു. 1950 കളില്‍ ദക്ഷിണേന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥക്ക് ഉത്തരേന്ത്യയിലുള്ളവരുടേതില് നിന്ന് ഗണ്യമായ വ്യത്യാസമുണ്ടായിരുന്നു. നൈസാം ഭരിക്കുന്ന ഹൈദരാബാദാണ് ദക്ഷിണേന്ത്യയില്‍ വെച്ച് വിഭജനകാലത്ത് ഏറ്റവും കൂടുതല്‍ കെടുതികള്‍ സഹിച്ചത്. മദ്രാസ് പ്രവിശ്യയിലെയും മൈസൂരിലെയും മലബാറിലെയും തിരുകൊച്ചിയിലെയും മുസ്ലിങ്ങള്‍ക്ക് ഭരണകൂടങ്ങളില്‍ നിന്ന് ശത്രുതാപരമായ സമീപനം സഹിക്കേണ്ടി വന്നില്ല. ഉത്തരേന്ത്യയില്‍ അക്കാലത്ത് മുസ്ലിംകള് മുഴുവനായും പാര്ശ്വവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇവിടത്തെ രാഷ്ട്രീയ അന്തരീക്ഷം മുസ്ലിം സംഘങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിം ലീഗിന്, 1950കളില്‍ പരീക്ഷണാത്മക രാഷ്ട്രീയം ഉരുത്തിരിച്ചെടുക്കാന്‍ അനുകൂലമായിരുന്നു.
മദ്രാസ് മുസ്ലിം ലീഗ് 1951ല്‍ പ്രാദേശികതലത്തില്‍ തിരഞ്ഞെടുപ്പു സഖ്യത്തിനായി കോണ്‍ഗ്രസിനെ സമീപിച്ചു. ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന ഏക മുസ്ലിം സംഘടനയാണ് ലീഗ് എന്ന പഴയ വാദം ഉയര്‍ത്തിതന്നെ ലീഗീന്റെ മുസ്ലിം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പിന്തുണക്കണമെന്നും സ്വന്തമായി മുസ്ലിം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രത്യേകമായ നിയോജകമണ്ഡലവും സീറ്റുകളുടെ സംവരണവും ആനുപാതികമായ പ്രാതിനിധ്യം എന്ന ആവശ്യവും തള്ളപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ സുരക്ഷിതമായ കുറച്ച് ‘മുസ്ലിം’ സീറ്റുകള്‍ ആവശ്യപ്പെടാനേ ലീഗിനാകുമായിരുന്നുള്ളൂ. അത് മദ്രാസ് പ്രവിശ്യയിലെങ്കിലും ദുഷ്ക്കരവുമായിരുന്നില്ല. വ്യക്തമായ അതിര്‍ത്തി നിര്‍ണ്ണയത്തിന്റെ അഭാവത്തില്‍, 1951 ലെ തിരഞ്ഞെടുപ്പില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു നിയോജകമണ്ഡലങ്ങള്‍ രൂപപ്പെടുത്തേണ്ടിയിരുന്നത്. അതു കൊണ്ടു തന്നെ മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലകള്‍ കണ്ടുപിടിക്കല് തുലോം എളുപ്പമായിരുന്നു. എന്നാല്‍ മുസ്ലിം വോട്ടുകളെ കുറിച്ച് ലീഗിന് ആത്മവിശ്വാസം കുറവായിരുന്നു. ജനകീയമായ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ലീഗിന് അനുഭവജ്ഞാനമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തുറന്ന പോരാട്ടത്തില്‍ മുസ്ലിം പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ ലീഗ് നേതാക്കള്‍ ആശങ്കാകുലരായിരുന്നു. അങ്ങനെ ‘മുസ്ലിം’ സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസിനോടുള്ള ചര്‍ച്ച നടത്തല്‍ ലീഗിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായി.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം 1951ലെ സാഹചര്യത്തില്‍ ലീഗുമായുള്ള തിരഞ്ഞെടുപ്പു സഖ്യത്തിന്റെ സാധ്യത മികച്ചതായിരുന്നില്ല. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ പ്രായോഗികമായ കണക്കുക്കൂട്ടലുകളില്‍ നിന്നാണ് അത്തരം നിര്‍ദേശങ്ങള്‍ ഉയരുന്നതെങ്കിലും 1950 കളില്‍ അതെല്ലാം അസ്വീകാര്യമായിരുന്നു. എല്ലാ പൗരന്മാരുടെയും മതേതരമായ പങ്കാളിത്തത്തിന്റെ തത്വങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട് തിരഞ്ഞെടുപ്പു സംവിധാനമെന്ന് ജവഹര്‍ ലാല്‍ നെഹ്രുവിന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് നേതൃത്വും ആ നിര്‍ദേശം തള്ളിക്കളഞ്ഞു. മുസ്ലിം ലീഗാകട്ടെ പ്രാദേശിക പാര്‍ട്ടിയായി മത്സരിക്കുകയും ലോകസഭയില്‍ ഒരു സീറ്റു നേടുകയും ചെയ്തു.
തിരഞ്ഞെടുപ്പു ഗോദയിലുണ്ടായ ഈ പരാജയം ലീഗിനെ ഭാവിയിലെ തന്ത്രങ്ങള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിച്ചു. മദ്രാസ് പ്രവിശ്യയിലെ മലപ്പുറം നിയോജകമണ്ഡലം ലീഗിന്റെ മുതിര്‍ന്ന നേതാവായ ബി പോക്കര് നേടിയിരുന്നു. പക്ഷേ പാര്‍ട്ടി മുസ്ലിം വോട്ടുകളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന സാഹചര്യത്തില്‍ അത് ‘തൃപ്തികരമായ’ നേട്ടമായി കണക്കാക്കപ്പെട്ടില്ല. പോക്കറിന് 38.98 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ടി വി ചാത്തുക്കുട്ടി നായര്‍ക്ക് 30.65 ശതമാനവും സി പി ഐയുടെ കുഞ്ഞാലിക്ക് 30.38 ശതമാനവും വോട്ടുകള്‍ ലഭിച്ചു. തുറന്ന പോരാട്ടത്തില്‍ ലീഗിന് മുസ്ലിം വോട്ടുകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കാനാവില്ല എന്ന അനുമാനം ശരിയാണെന്ന് തെളിഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്ത് ലീഗിന് അതിനേക്കാള്‍ മികച്ച വിജയം ലഭിക്കേണ്ടതായിരുന്നു.
പതിനെട്ടു ശതമാനത്തിലേറെ മുസ്ലിം ജനസംഖ്യയുള്ള കേരളത്തിന്റെ രൂപീകരണം ലീഗിന് അനുയോജ്യമായ കളിക്കളമൊരുക്കി. കേരളത്തിലെ തങ്ങളുടെ പ്രധാന ശത്രുക്കള്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് ലീഗ് ‘കണ്ടെത്തുകയും’ലീഗ് കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായും തന്ത്രപരമായ സഖ്യമുണ്ടാക്കാന്‍ ആ അവസരം ഉപയോഗിക്കുകയും ചെയ്തു. മൂന്നു പാര്‍ട്ടികളുമടങ്ങുന്ന സഖ്യം സി പി ഐ നേതൃത്വം നല്കുന്ന സംസ്ഥാന സര്‍കാരിനെതിരെ ജനകീയ മുന്നേറ്റം നയിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍കാര്‍ ഇടപെടുകയും തിരഞ്ഞെടുക്കപ്പെട്ട സര്‍കാര്‍ പിരിച്ചുവിടപ്പെടുകയും ചെയ്തു. സഖ്യത്തിന്റെ ഈ ‘വിജയം’ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തിരഞ്ഞെടുപ്പു സഖ്യത്തിന് വഴി തെളിക്കുകയും ചെയ്തു. പ്രായോഗികമായ ഈ ക്രമീകരണം ഇരുകൂട്ടര്‍ക്കും ഗുണം ചെയ്തു. കോണ്‍ഗ്രസ് 80 സീറ്റുകളില്‍ മത്സരിക്കുകയും 63 എണ്ണം നേടുകയും ചെയ്തു. 45.37 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടി. ലീഗ് 12 സീറ്റുകളില്‍ മത്സരിക്കുകയും 11 എണ്ണം നേടുകയും 47.79 ശതമാനം വോട്ടുകള്‍ കൈക്കലാക്കുകയും ചെയ്തു.
വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ തിരഞ്ഞെടുപ്പിനു ശേഷം സര്‍കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ലീഗിന്റെ സഹായം ആവശ്യമുണ്ടായിരുന്നില്ല. ആന്തരികമായ പ്രത്യയശാസ്ത്ര സമ്മര്‍ദങ്ങളും കോണ്‍ഗ്രസിനെ അലട്ടി. പൊതുശത്രുവായ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ ലീഗുമായുള്ള സഖ്യം ‘സമൂഹത്തിന്റെ സോഷ്യലിസ്റ്റ്മാതൃക’ എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമെന്ന് മുഴുവന്‍ പറയാനാകില്ല. മുസ്ലിം ലീഗിന്റെ പ്രത്യയശാസ്ത്രത്തിലും സോഷ്യലിസമുണ്ടല്ലോ. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം നെഹ്രു തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ മന്ത്രിസഭയിലെ നിയമാനുസൃത പങ്കാളിയായി മുസ്ലിം ലീഗിനെ പ്രതിഷ്ഠിക്കല്‍ എളുപ്പമുള്ള കാര്യമായിരുന്നില്ല. രാജ്യത്തിലെ മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന ഏക സംഘടന എന്ന അവകാശവാദം ലീഗ് ഉപേക്ഷിച്ചിരുന്നില്ല. തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം താല്പര്യങ്ങളുടെ കാത്തുസൂക്ഷിപ്പുകാരനായി അത് സ്വയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അവസാനം അനുയോജ്യമായ ഒരു സൂത്രവാക്യം കോണ്‍ഗ്രസ് കണ്ടെത്തി: മുസ്ലിം ലീഗിന് സ്പീക്കര്‍ സ്ഥാനവും രാജ്യസഭയിലേക്ക് ഒരു സീറ്റും നല്കി. കോണ്‍ഗ്രസ് ഒറ്റയ്ക്ക് സര്‍കാര്‍ രൂപീകരിക്കുകയും ചെയ്തു.
മതേതരത്വത്തിന്റെ പരാജയമെന്നോ മുസ്ലിം ഉന്നതരുടെ ദുഷിച്ച വര്‍ഗീയ രാഷ്ട്രീയത്തിന്റെ കഥയെന്നോ കേരളത്തിലെ മുസ്ലിം ലീഗീന്റെ അതിജീവനത്തെ എഴുതിത്തള്ളാനാകില്ല. അതിലടങ്ങിയ അതിസങ്കീര്‍ണമായ രാഷ്ട്രീയ സമവാക്യങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. 1960 ലെ കേരള നിയമസഭയുടെ മുസ്ലിം പ്രാതിനിധ്യം നിരവധി അടരുകളുള്ള പ്രതിഭാസമായിരുന്നു-മുസ്ലിം ലീഗിനു പുറമേ അവിടെ സി പി ഐ യുടെയും കോണ്‍ഗ്രസിന്റെയും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം പ്രതിനിധികളുണ്ടായിരുന്നു. മുസ്ലിംകളുടെ ഏക പ്രതിനിധി സംഘടനയെന്ന ലീഗിന്റെ വാദം ശരിയായിരുന്നില്ല. എന്നാല്‍ ലീഗ് തോറ്റു പോയിരുന്നുമില്ല. ലീഗ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി സ്ഥാനമുറപ്പിക്കുകയും രാജ്യസഭയിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്തു. മുസ്ലിം ലീഗീന്റെ സാന്നിധ്യം അനിഷേധ്യമായിത്തീര്ന്നു
മുസ്ലിം രാഷ്ട്രീയ ധാരക്ക് ഭരണഘടനയുമായുള്ള കൂറാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അറിയപ്പെടുന്ന ‘മുസ്ലിം’ രാഷ്ട്രീയ ആവശ്യങ്ങള്‍ എല്ലായ്പ്പോഴും പൂര്‍ണ്ണമായും നിയമാനുസൃതവും ഭരണഘടനാപരവുമായ സംജ്ഞകളിലൂടെയാണ് നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. 1986 ഡിസംബര്‍ 22ന് ഓള് ഇന്ത്യ ബാബരി മസ്ജിദ് കോണ്‍ഫറന്‍സ് അംഗീകരിച്ച ഡല്‍ഹി പ്രഖ്യാപനത്തില്‍ ബാബരി മസ്ജിദിനെ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായും ന്യൂനപക്ഷങ്ങള്‍ക്ക് നല്കിയ ഭരണഘടനാപരമായ അവകാശങ്ങളുടെ ഭാഗമായുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ബാബരി മസ്ജിദിനെ ദേശീയ സ്വത്തെന്നും ചരിത്രസ്മാരകമെന്നും വിളിക്കുന്ന ഡല്‍ഹി പ്രഖ്യാപനം അത് മതഭേദമില്ലാതെ ഏവരാലും ആദരിക്കപ്പെടുന്ന ഇസ്ലാമിക ആരാധനാലയമാണെന്ന് പറയുന്നുണ്ട്. അതിന്റെ ലംഘനം മുസ്ലിങ്ങളുടെ മത വികാരങ്ങളുടെ മാത്രമല്ല, മതേതര വികാരങ്ങളുടെയും വ്രണപ്പെടുത്തലാണെന്ന് പ്രഖ്യാപനം ഓര്‍മിപ്പിച്ചു. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പിന്റെ നഗ്നമായ ലംഘനമാണത്.
1987 ല്‍ ബാബരി പ്രശ്നം പരിഹരിക്കാനായി അയോധ്യയിലെ മുസ്ലിങ്ങളുടെ ഇടപെടല്‍ സര്‍കാര്‍ തേടിയപ്പോള്‍ അത് പ്രാദേശികപ്രശ്നമായി പരിഗണിക്കാനാകില്ലെന്നായിരുന്നു ഓള് ഇന്ത്യ ബാബരി മസ്ജിദ് കോണ്‍ഫറന്‍സിന്റെ നിലപാട്. ബാബരി മസ്ജിദ് മുസ്ലിം വഖ്ഫ് ആണെന്നും അതിനാല്‍ തന്നെ മുഴുവന്‍ മുസ്ലിം സമുദായവുമായും അത് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും കോണ്‍ഫറന്‍സ് സമര്‍ത്ഥിച്ചു.
ബാബരി മസ്ജിദ് പ്രശ്നത്തിന്റെ മതപരമോ ശരീഅത്തുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ക്ക് മുസ്ലിംകള് ഏറ്റവും അപ്രധാനമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. 1990ലെ ശിലാന്യാസ കാലത്ത് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പറഞ്ഞു: ദൈവത്തില്‍ സമര്‍പ്പിതമായ മസ്ജിദിന്റെയും അതിരിക്കുന്ന സ്ഥലത്തിന്റെയും ഉടമസ്ഥത അനുരഞ്ജനമെന്ന നിലയില്‍ മറ്റൊരാള്‍ക്കോ സംഘത്തിനോ സര്കാരിനോ കൈമാറാനോ വില്‍ക്കാനോ കഴിയില്ല. സര്‍കാരിന് അത് ഏറ്റെടുക്കാനുമാകില്ല. ചരിത്രപരവും നിയമപരവുമായ അനിഷേധ്യ തെളിവുകള്‍ ബാബരി ഒരു പള്ളിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സര്‍കാര്‍ ഇക്കാര്യം സത്യവാങ്മൂലത്തില്‍ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിന് ശരീഅത്തില്‍ മസ്ജിദിന്റെ പദവിയാണുള്ളത്. അതുകൊണ്ട് 1949, ഡിസംബര്‍ 22 ന് അതിനുണ്ടായിരുന്ന മസ്ജിന്റെ പദവി തിരിച്ചേല്പ്പിക്കേണ്ടതുണ്ട്.
മുകളിലെ രണ്ടു ഉദാഹരണങ്ങളും മുസ്ലിം രാഷ്ട്രീയ നേതൃത്വം എങ്ങനെയാണ് മുസ്ലിം ആവശ്യങ്ങളെ അവകാശങ്ങളുടെ ഭാഷയില്‍ പ്രകടിപ്പിക്കാനുള്ള രാഷ്ട്രീയ അടിസ്ഥാനമായി ഭരണഘടനയെ കാണുന്നതെന്നു വിശദീകരിക്കുന്നുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളുടെ അസ്തിത്വത്തെ പുരോഗമനരീതിയില്‍ വ്യാഖ്യാനിക്കാനും മുസ്ലിം നേതൃത്വം ശ്രമിച്ചിട്ടുണ്ട്.
മുസ്ലിം രാഷ്ട്രീയ ധാരയില്‍ കാലാകാലങ്ങളായി വന്നു ചേര്‍ന്നിട്ടുള്ള ഇത്തരം ആഴത്തിലുള്ള മാറ്റങ്ങള്‍ നാം കാണാതെ പോകരുത്. മുസ്ലിം രാഷ്ട്രീയത്തിന്റെ ഈ അതുല്യത തിരിച്ചറിയപ്പെടേണ്ടതുണ്ട്. മുസ്ലിം രാഷ്ട്രീയ സ്വത്വത്തെ കുറിച്ച് സംവാദങ്ങള്‍ തുടങ്ങിവെക്കാന്‍ മാത്രമല്ല, ആധുനിക ഇന്ത്യയുടെ സാമൂഹ്യമാറ്റത്തിന്റെ ഗതിവിഗതികളെ കുറിച്ച് സംസാരിക്കാനും അതാവശ്യമാണ്.
സെന്റര്‍ ഫോര്‍ ഡവലപിംഗ് സൊസൈറ്റീസില്‍ അസോഷിയേറ്റ് പ്രൊഫസറാണ്
ഹിലാല്‍ അഹ്മദ്.
വിവ. കെ സി
You must be logged in to post a comment Login