മുത്തലാഖ് നിരോധന ബില്ലിനെ രണ്ടു തലങ്ങളില്‍ നിന്നുകൊണ്ട് വായിക്കാം. ഒന്ന്, അതിന്റെ രാഷ്ട്രീയ വായനയാണ്. ബില്ല് കൊണ്ടുവന്നത് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ആര്‍ എസ് എസ് സര്‍ക്കാരാണ്. അതിനെന്താ, ‘നല്ലത്’ ആര് ചെയ്താലും അംഗീകരിച്ചു കൂടെ എന്ന് ചില നിഷ്‌കളങ്കര്‍ ചോദിക്കുന്നു. ഇടതുപക്ഷ പുരോഗമന വാദികളും അക്കൂട്ടത്തിലുണ്ട് എന്നത് വലിയ തമാശ. നരേന്ദ്രമോഡിയോ ആര്‍ എസ് എസോ മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഒരു സമീപനം സ്വീകരിക്കുമെന്ന് കരുതാന്‍ അത്രമേല്‍ ‘നിഷ്‌കളങ്കനായ’ ഒരാള്‍ക്ക് മാത്രമേ കഴിയൂ. ഗുജറാത്തിലെ വര്‍ഗീയ കലാപനാളുകളില്‍ ഇവര്‍ മുസ്ലിം സ്ത്രീകളോട് കാട്ടിയ ആത്മാര്‍ത്ഥത നമ്മുടെ മുമ്പിലുണ്ട്. ആ ഇരകള്‍ക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. ബലാല്‍സംഗം രഹസ്യക്യാമറക്ക് മുമ്പില്‍ (തെഹല്‍ക) സമ്മതിച്ച സംഘ് നേതാക്കള്‍ മോഡിയുടെ ഗുജറാത്തില്‍ ഇന്നും സുരക്ഷിതരാണ് . സംഘ് ലിസ്റ്റില്‍ ഇത്തരം ‘വിനോദങ്ങള്‍’ വേറെയുമുണ്ടല്ലോ. അങ്ങനെയൊരു വിഭാഗം കൊണ്ടുവരുന്ന ബില്ലിനെ സംശയിച്ചാല്‍ മാത്രം പോരാ, തുറന്നെതിര്‍ക്കുകയും വേണം. ചെന്നായ ആട്ടിന്‍കുട്ടിയെ പ്രണയിച്ചതായി പഞ്ചതന്ത്രം കഥകളില്‍ പോലുമില്ല .
പിന്നെയോ? ഈ ബില്ല് രാഷ്ട്രീയമായ ഒരു ചൂണ്ടയാണ്. താരതമ്യേന നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുന്നു. സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വേണ്ടിയെന്ന് ധ്വനിപ്പിക്കുന്നു, പ്രതിപക്ഷം പോലും പിന്തുണക്കാന്‍ നിര്‍ബന്ധിതരാകുന്നു. സംഘ്പരിവാറിനാകട്ടെ, ഏകസിവില്‍ കോഡിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതിന്റെ സന്തോഷം. മുസ്ലിം മനസ് വായിച്ചെടുക്കുന്നതില്‍ ഇന്ത്യയിലെ സംഘ്പരിവാറിനെ എന്നപോലെ പ്രതിപക്ഷ പാര്‍ട്ടികളും പരാജയപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണ് അവര്‍ ബില്ലിന് അനുകൂലമായ നിലപാടെടുത്തത്. മുത്തലാഖിനെതിരെ കോടതിയെ സമീപിച്ചു എന്ന് പറയപ്പെടുന്ന വിരലിലെണ്ണാവുന്ന സ്ത്രീകള്‍ രാജ്യത്തെ മുസ്ലിം സ്ത്രീകളെ ആകെയും പ്രതിനിധീകരിക്കുന്നു എന്ന് കരുതിയതിന്റെ അബദ്ധ പരിണാമം. വിവാഹം പോലുള്ള സിവില്‍ വിഷയങ്ങള്‍ ക്രിമിനല്‍ നിയമനടപടികളായി മാറുന്നതിന്റെ പ്രശ്‌നങ്ങള്‍ വേറെയും.
രണ്ട്, ബില്ലിന്റെ സ്ത്രീപക്ഷ വായനയാണ്.
അത് നടത്തേണ്ടത് ഒരു പുരുഷനാണോ എന്ന ചോദ്യം പ്രതീക്ഷിക്കുന്നുണ്ട്. ആഷിഖ് അബു എന്ന ആണൊരുത്തന്‍ സംവിധാനം ചെയ്ത സ്ത്രീപക്ഷ സിനിമക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക്, അത് ആഷിഖ് അബു ചെയ്തതില്‍ ഒരപാകതയും കാണാത്തവര്‍ക്ക് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ സ്ത്രീപക്ഷ വായനക്ക് ഒരു പുരുഷന്‍ മുതിരുന്നത് ആണധികാര പ്രമത്തതയായും മതയാഥാസ്ഥിതികതയായുമൊക്കെ തോന്നുന്നെങ്കില്‍, വീടിന് പുറത്തിറങ്ങുമ്പോള്‍ മാത്രം അലര്‍ ധരിക്കുന്ന പുരോഗമനക്കുപ്പായത്തിന്റെ ചൊറിച്ചിലാണത്. വല്ലപ്പോഴും വീട്ടിലണിയുന്ന കുപ്പായമിട്ട് പുറത്തിറങ്ങിയാല്‍ തീരുന്നതേയുള്ളു ഈ ചൊറിച്ചില്‍.
ഇന്ത്യയിലെവിടെയും മൊഴി ചൊല്ലപ്പെട്ട സ്ത്രീകള്‍ക്ക് പുനര്‍വിവാഹിതരാകാന്‍ തടസ്സമൊന്നുമില്ല. പലപ്പോഴും മൊഴിയും പുനര്‍വിവാഹവും സ്ത്രീകള്‍ക്ക് അനുഗ്രഹമായി തീരാറുണ്ട്. തന്നെ ഇഷ്ടമില്ലാത്ത, തനിക്കിഷ്ടമല്ലാത്ത ഒരാള്‍ക്കൊപ്പം ദുരിതപൂര്‍ണമായി ജീവിക്കുന്നതിലും നല്ലത് അതാണല്ലോ. ഇനി കേസും പുക്കാറുമൊക്കെയാകുമ്പോള്‍ എത്ര പ്രയാസകരമായ സാഹചര്യത്തിലും മൊഴി ചൊല്ലാന്‍ ഭര്‍ത്താവ് ധൈര്യപ്പെടില്ല; ഭാര്യയുടെ ഭാഗത്തു നിന്ന് ആവശ്യം ഉണ്ടായാല്‍ പോലും. ഫലമോ? നിയമം കൊണ്ട് വേര്‍പെടുത്തപ്പെടാത്ത, ഫലത്തില്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യയായി സ്ത്രീ മാറും. ചിലവിന് ലഭിച്ചത് കൊണ്ടുമാത്രം ഒരു സ്ത്രീയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നില്ലല്ലോ. ഇനി കേസിലേക്ക് കാര്യങ്ങള്‍ എത്തിയാലോ. അപ്പോഴും നീണ്ട കാത്തിരിപ്പുകളില്‍ പെണ്ണിന്റെ ജീവിതം ഹോമിക്കപ്പെടുന്നു. ഇസ്ലാമിനെ സ്ത്രീവിരുദ്ധമാക്കാനുള്ള നീക്കങ്ങള്‍ പുതിയതല്ല. അടുക്കളച്ചുവരുകള്‍ക്കിടയില്‍ നിന്ന് മുസ്ലിം സ്ത്രീകളെ മോചിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് അവരെ വഴി നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ‘പുരോഗമനവാദം’ നിലപാട് വിശദീകരിക്കുന്നതും നടാടെയല്ല. ഹിന്ദുത്വ ഫാഷിസത്തിന്റെ നിയമനിര്‍മാണത്തില്‍ ഇത്തരക്കാര്‍ ആനന്ദതുന്ദിലരാകുന്നതും ഇക്കാരണം കൊണ്ടുതന്നെ. പക്ഷേ, ഇവരില്‍ എത്രപേര്‍ മുസ്‌ലിം സ്ത്രീ ജീവിതത്തെ ശരിയായി പഠിച്ചിട്ടുണ്ട് എന്നന്വേഷിക്കപ്പെടണം. മുന്‍വിധികളുടെ തടവറയില്‍ നിന്നു കൊണ്ടാണ് പലരും മുസ്ലിം സ്ത്രീയുടെ ‘ദുരിത ജീവിത’ത്തെക്കുറിച്ച് പ്രസംഗിക്കുകയും പ്രബന്ധമെഴുതുകയും ചെയ്യുന്നത്. നിങ്ങളില്‍ നല്ലവര്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുന്നവരാണെന്ന് പ്രവാചകര്‍ പറഞ്ഞിട്ടുണ്ട്. ‘സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക, അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്, അല്ലാഹുവിന്റെ അമാനത്തായാണ് (സൂക്ഷിപ്പ് മുതല്‍) നിങ്ങളവരെ വിവാഹം ചെയ്തത്’. വിശ്രുതമായ അറഫാ പ്രഭാഷണത്തില്‍ തിരുനബി പറഞ്ഞതാണിത്. സൂക്ഷിക്കാനേല്പിച്ച ഒന്നിന് യാതൊരുകേടുപാടും സംഭവിക്കരുത് എന്ന് ഭര്‍ത്താവിന് നിഷ്‌കര്‍ഷ വേണം. ആ ബോധത്തോടെയും ഉത്തരവാദിത്വത്തോടെയുമാണ് സ്ത്രീകളോട് പെരുമാറേണ്ടത്. വീട്ടുകാര്‍ സൂക്ഷിക്കാന്‍ ഏല്പിച്ചു എന്ന് പോലുമല്ല, അല്ലാഹു സൂക്ഷിക്കാന്‍ ഏല്പിച്ചു എന്നാണ് പ്രവാചകരുടെ പരാമര്‍ശം. സ്ത്രീയുടെ കാര്യത്തില്‍ ഇസ്ലാമിനുള്ള കരുതല്‍ എത്ര തീവ്രമാണ് എന്ന് മനസ്സിലാക്കാന്‍ ഈ പ്രയോഗം തന്നെ ധാരാളം.
പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല ഭാര്യക്കാണ് എന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. എത്ര വലിയ സ്ത്രീവിരുദ്ധതയാണിത്. ഒരു പുനര്‍വിവാഹത്തെ കുറിച്ച് അവര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയാത്ത സാഹചര്യം ഇതുമൂലം സൃഷ്ടിക്കപ്പെടും. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരെ വിവാഹം ചെയ്യാന്‍ സന്നദ്ധരാകുന്ന പുരുഷന്മാരിലധികവും അവരുടെ മക്കളെ ഏറ്റെടുക്കാന്‍ തയാറാകില്ല. ഇത് നാട്ടില്‍ നടക്കുന്ന കാര്യമാണല്ലോ. അത്തരമൊരു ഘട്ടത്തില്‍ മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകുവോളം സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടി വരില്ലേ. അതവരോട് ചെയ്യുന്ന ക്രൂരതയല്ലേ. പ്രായപൂര്‍ത്തിയായ മക്കളെ ആണായാലും പെണ്ണായാലും പുരുഷന്. പ്രായപൂര്‍ത്തിയെത്താത്തവരെ സ്ത്രീക്കും. അധ്വാനിക്കാന്‍ പോവുന്ന മക്കളൊക്കെ ആണിന്റെ പരിധിയിലാവും. പറക്കമുറ്റാത്ത മക്കള്‍ പെണ്ണിന്റെ പിരടിയിലും. ഏത് സ്ത്രീയവകാശങ്ങളെയാണ് ഈ ബില്ല് പരിരക്ഷിക്കുന്നത്?
നിയമം കൊണ്ട് മാത്രമല്ല നമ്മുടെ കുടുംബ വ്യവസ്ഥ നിലനില്‍ക്കുന്നത് എന്ന് ഉള്‍കൊള്ളുകയാണ് പ്രഥമമായി വേണ്ടത്. മുസ്‌ലിംകള്‍ക്കിടയില്‍ ഭദ്രമായ കുടുംബാന്തരീക്ഷം സാധ്യമാക്കുന്നതില്‍ മത ശാസനകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. വിധവ വിവാഹം/ സ്ത്രീകളുടെ പുനര്‍ വിവാഹം ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടാതിരുന്ന കാലം കേരളത്തിലുണ്ടല്ലോ. വിധവകളെ ശാപമായി കരുതപ്പെടുകയും അവര്‍ക്ക് വീട്ടിനകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട് ചായ്പ്പുകളിലേക്ക് തള്ളപ്പെടുകയും ചെയ്തതിന്റെ ഓര്‍മകള്‍ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെട്ടു കിടപ്പുണ്ട്. അത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ ഇസ്‌ലാമിലുണ്ടായിരുന്നില്ല. വിവാഹമോചിതരായ സ്ത്രീകള്‍ക്ക് അതിജീവിക്കാന്‍ ആത്മവിശ്വാസം നല്‍കിയ മതമാണ് ഇസ്‌ലാം. ഭര്‍ത്താവ് മൊഴി ചൊല്ലുകയോ ഭര്‍ത്താക്കന്മാര്‍ മരണപ്പെടുകയോ ചെയ്തവരെ ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ച പ്രവാചകാനുഭവവും മുന്നിലുണ്ട്.
മതശാസനകളുടെ ദുരുപയോഗം തടയാനാണ് നിയമ നിര്‍മാണം എന്ന് ചിലര്‍ ന്യായീകരിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മതവിശ്വാസികളെയും അവരുടെ പണ്ഡിത നേതൃത്വത്തെയും വിശ്വാസത്തിലെടുത്തും ചര്‍ച്ച ചെയ്തും നിയമം രൂപപ്പെടുത്താമായിരുന്നില്ലേ? എന്തിനായിരുന്നു ഈ തിടുക്കങ്ങള്‍? മത നിയമങ്ങള്‍ മാത്രമാണോ ദുരുപയോഗിക്കപ്പെടുന്നത്. രാജ്യത്ത് അഴിമതി നിയമവിരുദ്ധമല്ലേ. അത് നിര്‍ബാധം തുടരുന്നില്ലേ. വര്‍ഗീയ കലാപവും കൊലപാതകവും നിയമ വിരുദ്ധമല്ലേ. അത്തരം കലാപങ്ങളില്‍ എത്ര പ്രതികള്‍ ശിക്ഷിക്കപ്പെട്ടു? അവരില്‍ പലരും ഇന്ന് അധികാരത്തിലില്ലേ? നിയമം ഇല്ലാത്തത് കൊണ്ടാണോ രാജ്സമന്ദില്‍ ഒരു വര്‍ഗീയഭ്രാന്തന്‍ അഫ്റസൂലിനെ ചുട്ടുകൊന്നത്? പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലാന്‍ നിയമമുണ്ടോ? കലാപകാലത്ത് സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ നിയമം അനുമതി നല്‍കുന്നുണ്ടോ? സ്ത്രീകളെ അപമാനിക്കാന്‍ നിയമത്തിന്റെ സമ്മതമുണ്ടോ? എന്നിട്ടും ഇവിടെ നടക്കുന്നില്ലേ? വിദ്വേഷ പ്രസംഗത്തിന് അനുമതിയുള്ള നാടാണോ നമ്മുടേത്? പ്രാചിയും സാക്ഷിയും യോഗിയും അത് തുടരുന്നില്ലേ? വര്‍ഗീയ കലാപം തടയുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങിയപ്പോള്‍ ബഹളം വെച്ചവരാണ് ഇപ്പോള്‍ മുസ്ലിം സ്ത്രീകളെ രക്ഷിക്കാന്‍ തിടുക്കപ്പെട്ട് നിയമം നിര്‍മിക്കുന്നത്.
മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഒന്നടങ്കം മുത്തലാഖ് ഭീഷണിയുടെ നിഴലിലാണ് എന്ന് ദ്യോതിപ്പിക്കുന്ന തിടുക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ബില്‍ പാര്‍ലമെന്റ് സമിതിയുടെ പരിശോധനക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം നിരസിക്കപ്പെട്ടു. ജനാധിപത്യത്തോട് ഹിന്ദുത്വഫാഷിസം എക്കാലവും സ്വീകരിച്ച നിഷേധാത്മക നിലപാട് തന്നെ ലോക്‌സഭയിലും ആവര്‍ത്തിക്കപ്പെട്ടു. ഒറ്റയിരുപ്പില്‍ മൂന്നു ത്വലാഖ് ചൊല്ലുന്നതിനെ നിരോധിക്കുന്ന നിയമം ചര്‍ച്ചക്ക് പോലും അവസരം നല്‍കാതെ ഒറ്റയിരുപ്പില്‍ തന്നെ പാസ്സാക്കിയെടുക്കണമെന്ന ബി ജെ പി സര്‍ക്കാരിന്റെ ധൃതി സുപ്രീം കോടതി വിധിയുടെ അന്തഃസത്തയെ പോലും വെല്ലുവിളിക്കുന്നതായിരുന്നു. 2017 ആഗസ്തില്‍ മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതാണ്. അതിനു ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുത്തലാഖ് സംഭവിച്ചതാണത്രേ ഇപ്പോഴത്തെ നിയമനിര്‍മാണത്തിന്റെ ഹേതു. എവിടെ, എപ്പോള്‍ സംഭവിച്ചു എന്ന് വിശദീകരണമില്ല. എത്ര കേസുകള്‍ ഈ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നും പറയുന്നില്ല. ദുഷ്ടലാക്കോടെ നിയമം തട്ടിപ്പടച്ചുണ്ടാക്കുന്നു, എന്നിട്ട് അതിന് ന്യായീകരണം കണ്ടെത്തുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മുസ്ലിം പുരുഷന്മാരെ ഒന്നടങ്കം സംശയത്തിന്റെ നിഴലിലാക്കുകയാണ്. നിയമം മുസ്ലിം സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുമെന്നൊക്കെയുള്ള അവകാശവാദങ്ങള്‍ എത്ര പൊള്ളയാണെന്ന് കാലം തെളിയിക്കാനിരിക്കുന്നു. കുടുംബിനികള്‍ എന്ന നിലക്ക് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷിതത്വവും സന്തോഷവും മനസ്സിലാക്കാന്‍ രാജ്യത്തെ ഗാര്‍ഹിക പീഡനങ്ങളുടെ സാമുദായികമായ കണക്കെടുത്താല്‍ മതിയാകും.
ഏത് വിവാഹമോചനവും ആരോപണ പ്രത്യാരോപണങ്ങളിലാണ് കലാശിക്കാറുള്ളത്. എല്ലാ സമുദായങ്ങളിലും ഇതാണവസ്ഥ. ന്യായവും സത്യവും ആരുടെ പക്ഷത്തായിക്കൊള്ളട്ടെ, ഭര്‍ത്താവിനെ ഏകപക്ഷീയമായി ക്രൂശിക്കാന്‍ ഭാര്യക്ക്/ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അവസരമൊരുക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. നമ്മുടെ സാമൂഹിക സ്ഥാപനങ്ങളില്‍ ഏറ്റവും പ്രധാനമെന്ന് അഭിമാനത്തോടെ കരുതിപ്പോരുന്ന കുടുംബം കോടതിയിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍ രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ക്കോ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കോ കാര്യമായ അപാകം അനുഭവപ്പെടുന്നില്ല എന്നത് ഞെട്ടലുളവാക്കുന്നു.
ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകളുണ്ടാകുമ്പോള്‍ ത്വലാഖിനെ കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് രഞ്ജിപ്പിന്റെ സാധ്യതകള്‍ ആരായണമെന്ന് മതം പറയുന്നു. ഇരുകുടുംബങ്ങളിലെയും മുതിര്‍ന്നവര്‍ ഒത്തിരുന്ന് പ്രശ്‌നം പഠിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും വേണം. ചര്‍ച്ചയും തീരുമാനവും ഏകപക്ഷീയമായിക്കൂടാ എന്നതുകൊണ്ടാണ് ഭര്‍ത്താവിന്റെയും ഭാര്യയുടെയും ബന്ധുക്കള്‍ വേണമെന്ന് ഇസ്ലാമിക കര്‍മശാസ്ത്രം താല്‍പര്യപ്പെടുന്നത്. മതശാസനകളും കുടുംബഭദ്രതയും പരിഗണിച്ചുകൊണ്ടുള്ള, തുല്യനീതി ഉറപ്പാക്കുന്ന തീരുമാനത്തിലേക്കാണ് മധ്യസ്ഥര്‍ എത്തുന്നത്. വിവാഹമോചനം കോടതി കയറുന്നതോടെ തുല്യനീതി നിഷേധിക്കപ്പെടും. പുരുഷനെന്ന പോലെ സ്ത്രീക്കും ഇത് പ്രയാസം സൃഷ്ടിക്കും. തീരുമാനങ്ങള്‍ക്ക് കാലവിളംബമുണ്ടാകും. മൂന്നാം കക്ഷിയായി വകീല്‍ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ അയാളുടെ കൂടി താല്പര്യങ്ങള്‍ ഇതില്‍ ഒരു ഘടകമായി മാറും. കോടതിവിധി അനുകൂലമാക്കിയെടുക്കാന്‍ പരസ്പരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കും. നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ അത് സാരമായി ബാധിക്കും. സ്ത്രീയുടെ സ്വഭാവദൂഷ്യം കൊണ്ട് സംഭവിക്കുന്ന വിവാഹമോചനങ്ങളില്‍ പോലും ഭര്‍ത്താവ് പ്രതിയാക്കപ്പെടും. ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യമോ മറ്റോ കാരണത്താല്‍ ഭര്‍ത്താവിനോട് മൊഴി ചോദിച്ചുവാങ്ങാനുള്ള പെണ്ണിന്റെ അവകാശവും ഇല്ലാതാക്കപ്പെടും.
പതിനാറ് കോടിയിലധികം മുസ്ലിംകള്‍ ഉള്ള ഒരു രാജ്യത്ത് ഏതാനും പേര്‍ മതനിയമം പാലിക്കാതെ ഭാര്യമാരെ ത്വലാഖ് ചൊല്ലി എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും മോഡി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിയമനിര്‍മാണം മുസ്ലിം സ്ത്രീകളെ സഹായിക്കാനാണ് എന്ന് ചിന്തിക്കാന്‍ ഇത്തിരി ബുദ്ധിയൊന്നും മതിയാകില്ല. ‘നല്ലത് ആര് ചെയ്താലും’ എന്നിത്യാദിയുള്ള പായാരങ്ങളാല്‍ ബില്ലിനെ അനുകൂലിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ ഫാഷിസത്തിന്റെ തീയടുപ്പിനു സമീപം തണുപ്പകറ്റാനിരിക്കുകയാണ് എന്ന് പറയാതെ വയ്യ. ഉടുപ്പിലേക്ക് തീ പടരുമ്പോള്‍ മാത്രം ഫാഷിസത്തിനെതിരെ ബോധവാന്മാരായിട്ട് കാര്യമില്ല. ബുദ്ധിജീവികളും പുരോഗമനവാദികളും സ്വന്തം നിലപാടുകള്‍ക്ക് ചിതയൊരുക്കുന്ന കാഴ്ചയാണ് മുത്തലാഖില്‍ കാണുന്നത്.
മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ അതേ ദിവസമാണ്, ദുര്‍മന്ത്രവാദമാരോപിച്ച് ജാര്‍ഖണ്ഡില്‍ നാല് വര്‍ഷത്തിനുള്ളില്‍ 183 സ്ത്രീകള്‍ കൊല ചെയ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍ രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. അതൊന്നും മുസ്ലിം സ്ത്രീകളല്ല. ബി ജെ പിയാണ് ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നത് എന്നോര്‍ക്കണം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാത്ത ഒരു ഭരണകൂടം മുസ്ലിം സ്ത്രീകളെ രക്ഷിക്കാന്‍ നിയമവുമായി ഇറങ്ങുന്നതിലെ പരിഹാസ്യത തിരിച്ചറിയാതെയുള്ള കയ്യടികള്‍ ഹിന്ദുത്വശക്തികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.
ഇന്ത്യന്‍ ഫാഷിസം ക്ലാസിക്കല്‍ ഫാഷിസത്തെക്കാള്‍ അപകടമാണ് എന്ന് പറയാറുണ്ട്. ഇന്ത്യന്‍ ഫാഷിസം പൊതുബോധം അനുകൂലമാക്കിയെടുത്തു കൊണ്ടാണ് അജണ്ടകള്‍ നടപ്പാക്കുന്നത്. ക്ലാസിക്കല്‍ ഫാഷിസത്തിന്റെ കീഴടക്കല്‍ രീതികളല്ല, ഇന്ത്യന്‍ ഫാഷിസം പിന്തുടരുന്നത്. ഇന്ന് മുത്തലാഖ്, നാളെ ബഹുഭാര്യത്വം, പിന്നീട് സ്വത്തവകാശം… ഒരു വിശ്വാസിസമൂഹം എന്ന നിലക്ക് അവലംബിക്കുന്ന മതനിയമങ്ങള്‍ ഓരോന്നായി റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകും. പതിയെപ്പതിയെ നമ്മുടെ വൈവിധ്യങ്ങള്‍ ഓര്‍മ്മയാകും. അപ്പോഴെല്ലാം പിന്നണി പാടാന്‍ സംഘ് വിമര്‍ശകരെ പോലും പരുവപ്പെടുത്തുന്നതിനുള്ള ആസൂത്രിതമായ, അതേസമയം അത്യന്തം അപകടകരമായ പദ്ധതികളാണ് ഹിന്ദുത്വ കേന്ദ്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. അതിലൊന്ന് മാത്രമാണ് മുത്തലാഖ് നിരോധന നിയമം.
മുഹമ്മദലി കിനാലൂര്‍
You must be logged in to post a comment Login