കുംഭശിരോമണികളറിയാന്‍

കുംഭശിരോമണികളറിയാന്‍

ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്ക് ക്ഷീണിച്ച് വശംകെടുക മാത്രമല്ല, അങ്ങേയറ്റം വൈകിപ്പോയിരുന്നു. ഒരു പാര്‍ട്ടി സമ്മേളനം റോഡിലൊരുക്കിയ ജാഥ – ബാന്റു മേളങ്ങള്‍ സൃഷ്ടിച്ച വഴിതടസ്സത്തില്‍ പെട്ട് ഒരൊന്നര മണിക്കൂറോളം ഞങ്ങളുടെ വണ്ടി മുക്കിമുരണ്ടു. ഞാന്‍ വെച്ചുനീട്ടിയ നാടന്‍ നെല്ലിക്ക ജ്യൂസ് അവന്‍ ചുണ്ടില്‍ തൊടുവിച്ച് മാറ്റിവെച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ ആറാമത്തെ അരിപ്പത്തിരിയും മുറിച്ചിട്ട് മീന്‍കറി പുരട്ടിയടിക്കുന്നതാണ് ഞാന്‍ കാണുന്നത്. മൂന്നര കയില്‍ നെയ്‌ച്ചോര്‍ അടിച്ചതിന് ശേഷമാണെന്നത് മറക്കരുത്.
അന്തിപ്പാതിരയോടടുത്ത സമയത്ത് അവന്‍ ഇങ്ങനെ വാരിവലിച്ച് തിന്നുന്നതിലുള്ള അസഹിഷ്ണുത ഉള്ളിലൊതുക്കി ഞാന്‍ പറഞ്ഞു: ‘ഇതാ കൊണ്ടുവെച്ചത് അപ്പടി ബാക്കി കിടക്കുകയാണല്ലോ? നല്ലോണം എടുത്തിട്ട് കഴിക്ക് ചങ്ങായി’. ഞാനിങ്ങനെ പറയാന്‍ രണ്ട് കാരണമുണ്ട്. ഒന്ന്: ഞാന്‍ വല്ലയിടത്തും വിരുന്നുചെന്നാല്‍ എത്ര മൂക്കറ്റം തിന്നാലും ആതിഥേയര്‍ ഇപ്പടിയൊരു പ്രതികരണം തരുന്നതാണ് എനിക്കിഷ്ടം. അല്ലാതെ ”ഓ, ഭക്ഷണം ഇഷ്ടപ്പെട്ടെന്നു തോന്നുന്നു, അത്യാവശ്യം കഴിച്ചുവല്ലേ” എന്ന് കേള്‍ക്കുന്നതേ എനിക്കിഷ്ടമല്ല. രണ്ട്, എന്റെ ആ പ്രതികരണം അവന്റെ തുടര്‍തീറ്റയെ എങ്ങനെ പോസിറ്റീവായി സ്വാധീനിക്കുന്നു എന്ന് കണ്ടുപിടിക്കല്‍. സംഭവം അവന്‍ പിന്നെയും ലക്കും ലഗാനുമില്ലാതെ ചവച്ച് പുളച്ച് കേറ്റിവിടുകയാണ്.

കിടക്കാന്‍ നേരത്ത് ഞാനാ വിഷയം വലിച്ചിട്ടു. വഴിയില്‍ മുഴുക്കെ അവന്റെയും കുടുംബത്തിന്റെയും അറ്റം കിട്ടാത്ത രോഗത്തിന്റെയും കണക്കില്ലാത്ത ആശുപത്രി ചെലവിന്റെയും പായാരങ്ങളാണ് പറഞ്ഞിരുന്നത്. ചങ്ങാതീ, നീ എന്റെ വീട്ടില്‍ നിന്ന് എന്റെ ഭക്ഷണം കഴിച്ചതുകൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്. അന്തിപ്പാതിര നേരത്ത്, കിടക്കാന്‍ പോവുമ്പോഴൊന്നും ഇത്രയധികം ആഹാരം കഴിക്കരുത്. അഞ്ചുമണിയായാല്‍ സര്‍ക്കാര്‍ ആപ്പീസുകളൊക്കെ അടക്കാറില്ലേ. ആറ് ആറരയാവുമ്പോഴേക്ക് ദഹന ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരൊക്കെ വീടുപിടിക്കും. പിന്നീട് തള്ളിക്കയറ്റുന്നതൊക്കെ കെട്ടിക്കിടന്ന് നിനക്ക് അജീര്‍ണം പിടികൂടും. പത്താം മാസം തോന്നിക്കുന്ന നിന്റെ കുംഭകൂടല്‍ കാണുമ്പോള്‍ തന്നെ ഞെട്ടം പിടിക്കുന്നു, ആള്‍ക്ക്. ഇന്നുച്ചക്കും നീ പാരഗണില്‍ നിന്ന് ലക്കില്ലാതെ തട്ടി. എറച്ചി അച്ചാറില്‍ പുരട്ടി തിന്നുന്ന ഒരാളെയേ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. അത് നീയാകുന്ന കുംഭശിരോമണിയാണ്. അതു കഴിഞ്ഞ് വൈകുന്നേരം കെ എം ആറില്‍ നിന്ന് നീ ഷവര്‍മയും മുസംബി ജ്യൂസും കഴിച്ചു. ഇങ്ങനത്തെ നീയാണ് വയറ്റില്‍ ഗ്യാസാണ്/വയറ് പുകച്ചലാണ്/ കുടലുകടിയാണ് എന്നൊക്കെ എന്നോട് പറയുന്നത്. ഇതിന് വേണ്ടി നീ കാണിക്കാത്ത ഡോക്ടറില്ല. ചെയ്യിക്കാത്ത ടെസ്റ്റില്ല. ദിവസവും കാസേറ് ഗുളികകളാണ് നീ ഇതിനായി മ്ണുങ്ങുന്നത്. (പോത്ത്, എന്ന മെറ്റഫര്‍ എന്നുള്ളില്‍ പുളച്ചു).

നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. അത്രയധികമാണ് അവന്റെ ആശുപത്രി ചെലവ്. കുട്ടികള്‍ക്ക് ഇടക്കിടെ എന്തെങ്കിലുമൊക്കെയായി ദീനം വരുമത്രെ. അവന്റെ കെട്ടിയോള്‍ ആശുപത്രീ പോക്കിന്റെ അഡിക്റ്റാണത്രെ. കുട്ടികള്‍ക്കെന്തെങ്കിലും പറ്റിയാല്‍ ഉടനടി ആശുപത്രി പിടിച്ചില്ലെങ്കില്‍ പെണ്ണിന് ബേജാറ് കേറുമത്രെ. ടാക്‌സി കാര്‍ പിടിച്ചേ പോകുകയുമുള്ളു. വിപിന്‍ തോമസിനെ മാത്രമേ കാണിക്കുകയുള്ളു. ഇ സി ജിയടക്കം എല്ലാ ടെസ്റ്റും ചെയ്യിച്ച് ഉറപ്പിക്കുന്നത് കൊണ്ട് പണം പോയാലും മനസിന് നല്ലൊരു സമാധാനമാണ് പോല്‍, ആ എരുമക്ക്.

സത്യം പറയാം. എനിക്കവന്റെ കാര്യങ്ങള്‍ കേട്ടിട്ട് കരയാന്‍ തോന്നി. ഗള്‍ഫില്‍ പത്ത് പതിനാല് മണിക്കൂര്‍ പണിയെടുക്കുന്ന ഒരുത്തന്‍. ക്യാഷറിലിരിപ്പാണ് പണി എന്ന് പറഞ്ഞിട്ട് കാര്യമില്ല. അതേക്കുറിച്ച് കേള്‍ക്കുമ്പോഴേ അതിന്റെയൊരു ഭീകരത നിങ്ങള്‍ക്ക് മനസിലാവൂ. ചൂളയില്‍ പഴുത്തുരുകുക എന്നൊക്കെ കേട്ടിട്ടില്ലേ, അതു തന്നെ. അവനാണേ എന്നും വയറ് കാളിച്ച. അതിന് ആയൂര്‍വേദം, യൂനാനി, ഹോമിയോ, പ്രകൃതി തുടങ്ങിയ എല്ലാ ചികിത്സാ രീതികളും പരീക്ഷിച്ച് അവന്റെ ശരീരം തന്നെ ഒരു പരീക്ഷണ ലാബായി മാറി. ഞാന്‍ അവന്‍ കഴിക്കുന്ന ഗുളികകള്‍ കൈയില്‍ വാങ്ങി. ഒരു അന്താരാഷ്ട്ര ഗുളിക വിദഗ്ധന്റെ ഭാവങ്ങളോടെ ഞാനതൊക്കെ വിശദമായി പരിശോധിച്ചു. ”ഉം! മനസിലായി” എന്ന ഭാവം അധ്വാനിച്ച് മുഖത്ത് പരത്തി. കണ്ടുപിടുത്തത്തിന്റെയും തിരിച്ചറിവിന്റെയുമൊക്കെ പലവിധ ഭാവങ്ങളുടെ എല്ലീഡി ലൈറ്റുകള്‍ ഞാനെന്റെ മുഖത്ത് മാറിമാറിക്കത്തിച്ചിട്ട് അവനില്‍ സംശയം സന്നിവേശിപ്പിച്ചു.

‘എന്നിട്ടിപ്പോള്‍ എങ്ങനെയുണ്ട്, നിന്റെ ഗ്യാസ് വിശേഷം?’ നീ എന്തുത്തരമാണ് പറയാന്‍ പോകുന്നത് എന്നെനിക്കറിയാമെന്ന ഭാവമായിരുന്നു, അപ്പോള്‍ എന്റെ മുഖത്ത്.
ഇത് കുടിക്കുമ്പം ലേശം സമാധാനം. നിര്‍ത്തിയാ പിന്നെം തുടങ്ങി പുകച്ചില്.
ഞാന്‍ പറഞ്ഞു: എന്റെ മുത്ത് പൊന്ന് കരളേ…! ഈ ഗുളിക തിന്നിട്ടൊന്നും ഒരു കാര്യവുമില്ല. നീ നിന്റെ ആഹാരത്തില്‍ ഞാന്‍ പറയുന്ന ചിട്ടകള്‍ പാലിച്ചാല്‍ നിനക്ക് നല്ലത്. നിനക്ക് വയറ്റില്‍ അമ്ലരസം ഏറിയതിന്റെ പ്രശ്‌നമാണ്. അതിന് പരിഹാരം പരമാവധി അമ്ലമുള്ള ആഹാരം കുറക്കുകയും ഒപ്പം ക്ഷാരഗുണമുള്ള എതിരാഹാരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. നിങ്ങള്‍ വിചാരിക്കും അസിഡിറ്റി, ആല്‍ക്കലൈനിറ്റി എന്നിങ്ങനെയുള്ള ആംഗലേയ പദങ്ങള്‍ അറിയായ്കയാലാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന്, അല്ല! ചിലപ്പോള്‍ അങ്ങനെയാണ്. ചില പദങ്ങളോട് നമുക്ക് പ്രത്യേക ഇഷ്ടമുണ്ടാവും. ഉദാഹരണത്തിന് എനിക്ക് ഹൊറിസോണ്ടാല്‍ എന്ന ഇംഗ്ലീഷ് വാക്കിനേക്കാള്‍ തിരശ്ചീനമായ എന്ന മലയാള പദം പറയുന്നതാണിഷ്ടം. എന്നാലോ ലംബം എന്ന് പറയുന്നതിനേക്കാള്‍ വെര്‍ട്ടിക്ക്ള്‍ എന്ന് പറയുന്നതും. അതിനൊന്നും ഒരിത് കണ്ടുപിടിക്കാന്‍ കഴിയില്ല.

നീ ആദ്യമായി നിന്റെ ലക്കുവിട്ട തീറ്റ നിര്‍ത്തണം. ദഹനക്ഷമത കുറവുള്ള കുടലാണ് നിന്റേത്. കപ്പാസിറ്റിക്കപ്പുറം ലോഡടിച്ചു കയറ്റിയാല്‍ പൊടിഞ്ഞു കിട്ടില്ല, ഞെരങ്ങി മൂളുകയാണ് ചെയ്യുക. അത് നിന്നെ ക്ഷീണിതനാക്കും. എന്നെ പോലെ നീ എരുപുളി എന്നിവ പാടേ നിര്‍ത്ത്. നേരത്തിനുറങ്ങ്. ടെന്‍ഷന്‍ കുറക്ക്. വയറ്റില്‍ നിന്ന് അമ്ലം വലിഞ്ഞു പോവാന്‍ സഹായിക്കുന്ന ആഹാരം നേരത്തിനടി. ചൂടാക്കിത്തണുത്ത പാല്‍ ഒരല്‍പം നെയ് ഉറ്റിച്ച് കാച്ച്. പഴുത്തു പാകമായ നേന്ത്രക്കായ ഓരോന്ന് വീതം ചാമ്പ്. പിന്നെ പൊതീന വെള്ളം, ഏലക്കാ വെള്ളം, ജീരക വെള്ളം, അയമോദക വെള്ളം, തുളസി വെള്ളം എന്നിവ മാറിമാറിക്കുടി. നിന്റെ അതിരുവിട്ട തീറ്റ കുറക്ക്. അച്ചാറിന്റെ കുപ്പിയെടുത്ത് നീ തോട്ടിലെറി. അമിതമായ ചൂടുള്ള വെള്ളമോ/ഭക്ഷണമോ നീ കഴിക്കല്ല.

നീ ആശുപത്രിയാവശ്യത്തിനായി എത്രായിരം ഉറുപ്പികയാണ് ചെലവാക്കുന്നത്. നിനക്ക് ഇത്രയും നല്ല ഒരു വിദഗ്‌ധോപദേശം തന്നതിന് ഒരായിരത്തഞ്ഞൂറ് ഉറുപ്പികയെങ്കിലും നീ എനിക്ക് തരണം. നിന്റെ ഈ കാര്യങ്ങളെല്ലാം എഴുതിയാല്‍ അറുന്നൂറ് രൂപയാണ് രിസാലയില്‍ നിന്നും അയച്ചു കിട്ടുക. ഇക്കഴിഞ്ഞ അഞ്ചാറു മാസക്കാലം കൊണ്ട് നിനക്കും നിന്റെ ഭാര്യക്കും മകള്‍ക്കും വേണ്ടി നീ ആശുപത്രിയിലടച്ച തുക തന്നെ ലക്ഷം കടക്കും. കൊച്ചുകൊച്ചു ദീനങ്ങള്‍ക്കൊക്കെ, ബഡാ ആശുപത്രിയിലെ എക്‌സിക്യൂട്ടീവ് ഏസി റൂമെടുക്കുന്ന നിന്റെ ഭാര്യയുടെ ശീലം നീ തന്നെ നിര്‍ത്തിക്കണം.

പിന്നെ നിനക്കൊന്ന് കേള്‍ക്കണോ. ചികിത്സക്ക് പിറകില്‍ ധാരാളം തട്ടിപ്പുകള്‍ കിടക്കുന്നുണ്ട്. അത് അലോപ്പതിയില്‍ മാത്രമല്ല, ആയുര്‍വേദത്തിലും ആത്മീയ ചികിത്സയുടെ പേരില്‍ പോലുമുണ്ട്. നീ ഒരു കാര്യം ചെയ്യ്. തൊടുന്നതിനൊക്കെ ഡോക്ടറെ കാണിക്കുന്ന രീതി വിട്ട് ഖുര്‍ആനിക് ചികിത്സയിലേക്ക് വാ. ഖുര്‍ആന്‍ ‘ശിഫാ’ ആണെന്ന് ഖുര്‍ആനില്‍ തന്നെയുണ്ട്. ഞാനനുഭവം കൊണ്ടു പറയുകയാണ്. എന്റെ മകന് നാല് വയസ് കഴിഞ്ഞു. അവനിന്നേക്ക് ഒരൊറ്റ ഗുളികയോ ഒരു തുള്ളി മരുന്നോ കൊടുത്തിട്ടില്ല. കഠിനമായ പനി/ ലക്കുവിട്ട വയറിളക്കം/ തലക്കുപിടിച്ച ജലദോഷം.. എന്നിത്യാദിയൊക്കെ കുട്ടികള്‍ക്ക് വരും. അപ്പോഴേക്കും ഇംഗ്ലീഷ് ഗുളികയുടെ ന്യൂക്ലിയര്‍ മിസൈലുകള്‍ ഇട്ട് ശരീരത്തെ നീ നശിപ്പിക്കല്ലെ. നീ ഇത് കേള്‍ക്ക് ഞാന്‍ ഫോണ്‍ ഓണാക്കി ഹക്കീം അസ്ഹരിയുടെ ഒരു ക്ലിപ്പ് കേള്‍പ്പിച്ചു. ഞാനിപ്പോള്‍ കൂട്ടി നോക്കുമ്പോള്‍ ഇംഗ്ലീഷ് മീഡിയക്കാര്‍ നിന്നില്‍ നിന്നും തട്ടുന്നതിനെക്കാള്‍ തുക ആശുപത്രിക്കാര്‍ കട്ടുകടത്തുന്നുണ്ട്. ഇരുവരോടും വിട പറ! നിനക്ക് സമ്പന്നനായി സംതൃപ്തിയോടെ വാഴാം.

മനുഷ്യപുത്രന്‍ വാരിനിറക്കുന്ന പാത്രങ്ങളില്‍ ഏറ്റവും ചീത്ത അവന്റെ വയറാണെന്ന് മുത്തുനബി പഠിപ്പിച്ചിട്ടുണ്ട്. അമിതമായ ആഹാരം പൊതുവെ കേടാണ്. നിന്റേതു പോലുള്ള വ്രണിത വയറിലേക്ക് അപ്പവും കറിയും കണക്കില്ലാതെ ഉന്തിക്കയറ്റുമ്പോള്‍ നീ നിന്റെ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയാണ്, നീ രോഗം പാട്ടമെടുക്കുകയാണ്. അതുപോലെ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, നീ ചുട്ടുപതയുന്ന വെള്ളമാണ് കുടിക്കുന്നത്. മുത്തുനബി അങ്ങനെ ചെയ്യാറില്ലായിരുന്നു. ചൂടുള്ള വെള്ളവും ആഹാരവും നീ ഒഴിവാക്കണം. പൊതുവെ ആര്‍ക്കും അത് നല്ലതല്ല. നിന്റെ പുണ്ണുപള്ളക്ക് ഒട്ടും ഉചിതമല്ല. നീ എന്നെ നോക്ക്. എമ്മാറേയില്‍ നിന്ന് ഒരു എക്‌സ്ട്രാ ഗ്ലാസ് ചോദിച്ചു വാങ്ങിയത് നീ ശ്രദ്ധിച്ചിരുന്നോ? അല്പാല്പമായി ഒഴിച്ച് ആറ്റി കാറ്റിയാണ് ഞാന്‍ എപ്പോഴും കുടിക്കാറ്.

നിന്റെ കാര്യത്തിലെന്ന പോലെ നിന്റെ പത്‌നി സന്തതികളുടെ കാര്യത്തിലും കൊറച്ച് ശ്രദ്ധിക്ക്. കാലാവസ്ഥ വ്യതിയാനം കൊണ്ടും, ആഹാരത്തിലെ ചേരുവ കുറവ് കൊണ്ടുമൊക്കെ മൂക്കീന്നൊലി, വയറിളക്കം, തലപെരുക്കം, തുമ്മിക്കൂട്ടല്‍ എന്നിത്യാദികള്‍ പിടിപെടാം. അപ്പോഴേക്കും ആശുപത്രി പിടിച്ച് ഗുളിക തിന്നാന്‍ നീ നില്‍ക്കല്ല. നിന്റെ അഭാവത്തില്‍ അക്കാര്യം ആര്‍ഭാടമായി ചെയ്തുപോരുന്നത് നിന്റെ കളത്ര മൂരാച്ചിയാണ്. അതുവഴി അവളും നിന്റെ മക്കളും ഉള്ളുദ്രവിച്ച രോഗികളായി മാറുക എന്നതിന് പുറമെ, നീ വെയ്ല്‍ തിന്ന് നേടുന്ന പണം ആശുപത്രികളുടെ ശീതീകരിച്ച കൗണ്ടറുകളിലേക്ക് ചോര്‍ന്നുപോവുകയാണ്. ”എന്ത് പറയാനാ, അവളുടെ സ്വഭാവം അങ്ങനെയായിപ്പോയി എന്ന മറുപടി” ദയവു ചെയ്ത് എന്നോട് ഇനിയും പറയല്ലാ പെങ്കൂസാ.. നല്ല കാഞ്ഞിരത്തിന്റെ കൊമ്പു പൊട്ടിച്ച് ചന്തിക്ക് നോക്കി, നാലു വീശുവീശിയാല്‍ ശരിയാവുന്ന കേസേ ഉള്ളൂ അത്.

നിനക്കറിയാഞ്ഞിട്ടാ ആശുപത്രി ബിസിനസിന്റെയും മരുന്നുത്പാദനത്തിന്റെയും പിന്നിലെ അധോശക്തികളെ കുറിച്ച്. പണം പിടുങ്ങി, കൊന്ന് കൈയില്‍ തരുന്ന പലജാതി അപകടങ്ങളും പിന്നിലുണ്ട്. നീ നിന്റെ ഇംഗ്ലീഷ് മീഡിയ പിരാന്തും, ഈ വൃത്തികെട്ട ചികിത്സാ ലഹരിയും നിര്‍ത്തിവെച്ചാല്‍ തന്നെ വരുന്ന ഒരുവര്‍ഷം കൊണ്ട് ഒരു വന്‍തുക ലാഭിക്കും. അധ്വാനിക്കുന്ന പണം മിച്ചം കാണുമ്പോള്‍ നിന്നില്‍ പ്രതീക്ഷയുടെ പച്ചപ്പു വരും. നിന്നില്‍ പ്രതീക്ഷ പുകയുമ്പോള്‍ നിന്റെ ടെന്‍ഷന്‍ കുറയും. അങ്ങനെ നിന്റെ ജീവിതത്തിന് ഒരര്‍ഥവും ഒരാനന്ദവുമൊക്കെ കൈവരും. ആര്‍ക്കോ എറിഞ്ഞുകൊടുത്തിരുന്ന പണം, നിന്റേതായി നിന്റെ കൈയില്‍ നിറയുമ്പോള്‍ നീ ഓരോ മാസവും ഒരു കണക്ക് വെച്ച് നന്നേ കഷ്ടപ്പെടുന്നവര്‍ക്ക് ദാനം നല്‍ക്. അപ്പോള്‍ നിന്റെ സമ്പത്തില്‍ ബറകത്ത് പൂത്തുലയും. നിന്നില്‍ ആത്മീയതയുടെ മലരുവിരിയും. ഇപ്പടി നീ നിന്റെ ജീവിത രീതിയെ പുനര്‍ക്രമീകരിച്ച് കൃത്യം ഒരു കൊല്ലം കഴിഞ്ഞ് എന്നെയൊന്ന് വിളി. ബാക്കി ഞാനപ്പം പറഞ്ഞു തരാം.

ഫൈസല്‍ അഹ്‌സനി ഉളിയില്‍

One Response to "കുംഭശിരോമണികളറിയാന്‍"

  1. MUHAMMED SHAN  March 12, 2018 at 7:38 am

    വാക്കുകളില്ല, ഫൈസൽ ഉസ്താദിന്റെ രചനക്ക് , ലളിതവും അതിലുപരി നർമവും കലർന്ന എന്നാൽ ഏതൊരാളിലും പരിവർത്തനം ഉണ്ടാക്കുന്ന എഴുത്തുകൾ,

You must be logged in to post a comment Login