മുഹമ്മദിന്റെ കുഞ്ഞുകാല്‍പാടുകള്‍ പതിഞ്ഞ താഴ്വരയിലേക്കായിരുന്നു ആദ്യം പോയത്. പൗരാണികമായ ഒരുപാട് ഓര്‍മകള്‍ പതിഞ്ഞുകിടക്കുന്ന ബനൂസഅ്ദ് ഗോത്രഭൂമിയാണിത്. ഇവിടുത്തെ കറുത്തൊരു തമ്പിലേക്കാണ് ഹലീമ ബീവി മുഹമ്മദിനെ കൊണ്ടുവരുന്നത്. മുഹമ്മദിനപ്പോള്‍ എട്ടുമാസം പ്രായം. ഹലീമയുടെ സ്വന്തം മകന് അബ്ദുല്ലക്കും ഏതാണ്ട് ആ പ്രായം തന്നെ. മുഹമ്മദിനെ തമ്പിലേക്ക് കൊണ്ടുവന്നതോടെ രണ്ട് കുഞ്ഞുങ്ങളുടെ കരച്ചില് കൊണ്ട് ആ ബദവിത്തമ്പ് ഉണര്‍ന്നു.
കുന്നുകളും താഴ്വരകളും താണ്ടി മക്കത്തുനിന്ന് ബനൂസഅദ് ഗോത്രഭൂമിയിലെത്താന്‍ ഒമ്പത് ദിവസത്തെ ക്ലേശകരമായ യാത്ര വേണം. ആ താഴ്വര അത്രക്ക് വരണ്ടതല്ല. പുല്ലും അക്കേഷ്യ മരങ്ങളും ഒക്കെ ഉണ്ടായിരുന്നു അവിടെ. തന്റെ പെണ്മക്കളായ ഉനൈസയെയും ജുദാമയെയും തമ്പിലാക്കിയാണ് ഹലീമയും ഭര്‍ത്താവും മക്കത്തേക്ക് പോയത്. സുന്ദരികളായിരുന്നു ആ പെണ്‍കുട്ടികള്‍. ജുമാദയായിരുന്നു മൂത്തത്. സന്തോഷത്തോടെ അവര്‍ മുഹമ്മദിനെ വരവേറ്റു. കുഞ്ഞനിയനെ കിട്ടിയതിലുള്ള കൂടുതല്‍ സന്തോഷം ജുമാദക്കായിരുന്നു.
ബദവി തമ്പുകള്‍ ഗോത്ര സംസ്കാരത്തില്‍ മികച്ച മാതൃകയായിരുന്നു. മിക്ക തമ്പുകളും കറുത്തതായിരിക്കും. എന്നാല്‍ പലനിറത്തിലുള്ള ആടുകളുടെ തോല് തുന്നിക്കെട്ടുമ്പോള്‍ തമ്പും പല വര്ണത്തിലാവും. അത്യാവശ്യം സൗകര്യമൊക്കെ തമ്പിലുണ്ടാവും. അടുക്കളയും, സ്ത്രീകള്‍ക്കു പെരുമാറാനുള്ള സ്ഥലവും കിടപ്പുമുറിയും ഒക്കെയുണ്ടാവും. മക്കയുമായുള്ള ബന്ധം കാരണം നാഗരികതയുമായി പരിചയിക്കാന്‍ ത്വാഇഫിലെ ഗോത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. അക്കാലത്ത് ലഭ്യമായിരുന്ന പാത്രങ്ങളും തമ്പുകളില്‍ ഉപയോഗിച്ചിരുന്നു. ത്വാഇഫ് തണുപ്പുള്ള പ്രദേശമായതുകൊണ്ട് വിന്റര്‍ കഠിനമായിരിക്കും. തണുപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങളും തമ്പുകൡ ഒരുക്കേണ്ടതുണ്ട്.
മുലകുടിപ്രായത്തിലുള്ള രണ്ട് കുഞ്ഞുങ്ങളെ പോറ്റാനുള്ള ഉമ്മയുടെ പ്രയാസത്തെപ്പറ്റി ജുദാമക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവള് മുഹമ്മദിന്റെ സംരക്ഷണം ഏറ്റെടുത്തത്. ആ വളര്ത്തനുജനെ അരയില്‍ കെട്ടിയുറപ്പിച്ച് താഴ് വരയിലൊക്കെ നടക്കുമായിരുന്നു ജുദാമ. വാദികളിലൂടെ നടക്കാന്‍ അവള് സമയം കണ്ടെത്തിയത് മുഹമ്മദിന് അത് ഇഷ്ടമായതുകൊണ്ടാണ്. ആട്ടിന്‍കുട്ടികള്‍ക്കൊപ്പം നടക്കാനും അവനിഷ്ടമായിരുന്നു. അവിടേക്ക് കൊണ്ടുപോകാന്‍ ജുദാമ തന്നെ വേണം. മുഹമ്മദിന് അവിടെ ധാരാളം സ്നേഹം കിട്ടി, ലാളന കിട്ടി. ആ ബദവി തമ്പ് എന്നും മുഹമ്മദിന്റെ ഓര്‍മയിലുണ്ടായിരുന്നു.
തമ്പുകളില്‍ മന്സിലുകളുണ്ടായിരുന്നു. അതിഥികളെയും ബന്ധുക്കളെയും സ്വീകരിച്ചിരുത്തുക മന്സിലുകളിലാണ്. അക്കാലത്തെ അലങ്കാരവസ്തുക്കളും ഒട്ടകത്തോലുകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളും തലയിണകളുമൊക്കെ മന്‍സിലിലാണ് സൂക്ഷിക്കുക. ഇപ്പോഴും അറബ് സംസ്കാരത്തിന്റെ ഭാഗമാണ് മന്‍സില്‍. സമ്പന്നതയുടെ തോതനുസരിച്ച് ഇന്റീരിയര്‍ വ്യത്യാസപ്പെട്ടിരിക്കും. കാപ്പിയോ ചായയോ തിളപ്പിക്കാനുള്ള പാത്രം ദരിദ്രന്റെ മന്‍സിലില്‍ പോലും റെഡിയാക്കിവെച്ചിരിക്കും. അതിഥികളെ സല്‍കരിക്കല്‍ അറബ് സംസ്കാരത്തിന്റെ വലിയ സവിശേഷതയാണ്. ആടുമേക്കല്‍ തന്നെ മുഖ്യവരുമാനം. ബദവികള്‍ അടിസ്ഥാനപരമായി ഇടയസമൂഹമാണ്.
ഔപചാരികമായ വിദ്യാഭ്യാസമില്ലെങ്കിലും ഇടയസമൂഹം വികസിപ്പിച്ചെടുത്ത ജ്ഞാന മണ്ഡലമുണ്ട്. അത് പ്രകൃതിയുടെ തുറസ്സില്‍ അലഞ്ഞുനടന്ന് ഉണ്ടാക്കിയതായിരിക്കും. ദിക്കുകള്‍, ഋതുമാറ്റം, ജലസ്രോതസ്സുകളുടെ സ്വഭാവം, കാറ്റുപോലുള്ള പ്രതിഭാസങ്ങള്‍… ഇവയെക്കുറിച്ചൊക്കെ അറിഞ്ഞേ മതിയാവൂ. പ്രകൃതിയില്‍നിന്ന് പഠിച്ച പാഠങ്ങളാണ് ഇടയ സമൂഹത്തിന്റെ വിജയത്തിന് ആധാരം. ലോകമെമ്പാടും ഇടയസമൂഹത്തിന് പൊതുസ്വഭാവം ഉണ്ടുതാനും.
തമ്പിനോട് ചേര്‍ന്ന ലായങ്ങളില്‍ ആട്ടിന്പറ്റങ്ങളുണ്ടാവുമ്പോള് കുട്ടികള്‍ക്ക് വിരസതയുണ്ടാവില്ല. മുഹമ്മദിന്റെ വിരസത മാറ്റാനും അത് സഹായിച്ചു. നന്നേ ചെറിയ ആട്ടിന്‍പറ്റങ്ങളെ മേയാന്‍ വിടില്ല. അവയെ ചെന്നായ്ക്കള്‍ എളുപ്പത്തില്‍ പിടികൂടും. അത്തരം ആട്ടിന്‍കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ മുഹമ്മദിന് ഇഷ്ടമായിരുന്നു. ചെറിയ ഇഴജീവികളെയും മുഹമ്മദ് നിരീക്ഷിച്ചു. ഉറുമ്പുകളെപ്പോലും മുഹമ്മദിന് ഇഷ്ടമായിരുന്നല്ലോ. പൂച്ചകളെ ഏറെ പ്രിയമായിരുന്നു മുഹമ്മദിന്. ഒരിക്കല്‍ തന്റെ വസ്ത്രത്തില്‍ ഉറങ്ങിക്കിടന്ന പൂച്ചയെ അലോസരപ്പെടുത്താതിരിക്കാന്‍ വസ്ത്രത്തിന്റെ ആ ഭാഗം ചതുരത്തില്‍ മുറിച്ചെടുത്തുവത്രെ മുഹമ്മദ്.
സാധാരണ എട്ട്- ഒമ്പത് വയസ്സുവരെ ഖുറൈശികുഞ്ഞുങ്ങള് ബദവിത്തമ്പുകളില് താമസിക്കാറുണ്ട്. പക്ഷേ മുഹമ്മദ് അത്രയും കാലം ഹലീമക്കൊപ്പം താമസിച്ചിട്ടില്ല. അതിന്റെ കാരണം മുഹമ്മദിനുണ്ടായ ദിവ്യാനുഭവം തന്നെയാണ്. പൊതുവെ ഒറ്റക്കിരിക്കുന്ന സ്വഭാവം കുട്ടിക്കാലത്തേ മുഹമ്മദിനുണ്ടായിരുന്നു. ഏകനായി ചുറ്റിനടക്കുകയും ചെയ്യും. ആ ചുറ്റി നടത്തത്തിനിടക്കാണ് ഈ ദിവ്യാനുഭവം സംഭവിക്കുന്നത്.
കുഞ്ഞുനാളില്‍ ആരോഗ്യവാനായിരുന്നു മുഹമ്മദ്. രണ്ടുവയസ്സില്തന്നെ മറ്റുകുട്ടികളെക്കാള്‍ വളര്‍ച്ച കൂടുതലായിരുന്നു. രണ്ട് വയസ്സ് കഴിഞ്ഞപ്പോള്‍ അവനെയും കൊണ്ട് ആമിനക്കടുത്തുപോകുന്നുണ്ട് ഹലീമ. ആ കുഞ്ഞു കൊണ്ടുവന്ന സമൃദ്ധിയില്‍ അത്രക്ക് തൃപ്തയായിരുന്നതിനാല് അവനെ തമ്പില്‍ തന്നെ വളര്‍ത്താന്‍ ഹലീമ ആഗ്രഹിച്ചു. മഹാമാരിയൊക്കെ ഭയന്ന് മുഹമ്മദിനെ വീണ്ടും ഹലീമക്കൊപ്പം വിട്ടു ആമിന. വീണ്ടും തമ്പിലേക്ക് കൊണ്ടുവന്ന് രണ്ട് മാസം കഴിഞ്ഞപ്പോഴായിരുന്നു ആ ദിവ്യാനുഭവം. അതിങ്ങനെയാണ്:
വെള്ള വസ്ത്രധാരകളായ രണ്ടുപേര്‍ വന്ന് അവനെ എടുത്തുകൊണ്ടുപോയി. പൊന്‍നിറമാര്‍ന്ന ഒരു പാത്രം നിറയെ മഞ്ഞുതുള്ളികളുണ്ടായിരുന്നു. അവര്‍ മുഹമ്മദിന്റെ നെഞ്ചുപിളര്‍ന്ന് ഒരു കറുത്ത രക്തപിണ്ഡം എടുത്തുമാറ്റി. നെഞ്ചും ഹൃദയവും മഞ്ഞുതുള്ളികളാല്‍ കഴുകി വൃത്തിയാക്കി.
ഈ ദിവ്യാനുഭവത്തെപ്പറ്റി മുഹമ്മദ് പറഞ്ഞപ്പോള്‍ ഹലീമയും ഭര്‍ത്താവ് ഹാരിസും ഭയപ്പെടുകയാണ് ചെയ്തത്. മുഹമ്മദിനെ ആമിനക്കരികിലെത്തിക്കാന് അവര്‍ ധൃതിപ്പെട്ടതിന്റെ കാരണമതാണ്. മുഹമ്മദിന് ഏതോ ആപത്തുവരുമെന്നാണവര് കരുതിയത്. ആ ദിവ്യാനുഭവത്തെ ആ തലത്തില്‍ ഉള്‍കൊള്ളാന്‍ ഹലീമക്കും ഹാരിസിനും സാധിച്ചില്ല.
ഹലീമ ബീവിയുടെ ഓര്‍മകളില്‍ മനസ്സിനെ മേയാന്‍ വിട്ട് താഴ് വരയില്‍ നില്ക്കുമ്പോള് അവിടെ പടര്‍ന്നു കിടക്കുന്ന വെളിച്ചമാണ് ഞാന്‍ ശ്രദ്ധിച്ചത്. താഴ്വരയില് ഞാനൊരു ബദവിത്തമ്പും അതിനു മുമ്പില്നില്ക്കുന്ന ഏകാകിയായ കുഞ്ഞിനെയും സങ്കല്പിച്ചു.
ഈ താഴ്വര ചരിത്രഭൂമിയും തീര്‍ത്ഥാടകരുടെ പ്രിയ ദേശവുമാണ്. ആട്ടിന്‍ തോലുകള്‍ കൊണ്ടു തീര്‍ത്ത തമ്പുകള്ക്കുപകരം മറ്റൊരു കാലത്ത് രൂപപ്പെട്ട ഉരുളന്‍ കല്ലുകള്‍കൊണ്ട് തീര്‍ത്ത വീടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടു. ആ താഴ് വരയിലേക്കുള്ള യാത്രക്കിടയില്‍ പലയിടത്തും പുരാതന ഗൃഹാകാരങ്ങള് ചരിത്രത്തെ നിരന്തരമായി ഓര്‍മിപ്പിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടിരുന്നു. ഹലീമാബീവിക്കൊപ്പം മുഹമ്മദ് താമസിച്ച താഴ്വരയിലൊരിടത്ത് പുരാതനമായൊരു പള്ളിയും ഉണ്ടായിരുന്നുവത്രെ. ആരാധന നടത്തുന്നു എന്ന കാരണത്താല്‍ അതെല്ലാം മായ്ക്കപ്പെട്ടു. ചരിത്രസ്മാരകങ്ങള്‍ എവിടെ നശിച്ചുപോയാലും അതിന്റെ നഷ്ടം മാനവസംസ്കൃതിക്കാണ്. സഊദിയുടെ അധികാരവ്യവസ്ഥക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും. എന്നെപ്പോലെ ഒരാള്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയുമല്ലല്ലോ.
എന്നാല്‍ വിശ്വാസിയുടെ പ്രകടനങ്ങളെ പൂര്‍ണമായും മായ്ക്കുക അസാധ്യമെന്ന് ചില തീര്‍ത്ഥാടക സംഘങ്ങളുടെ പ്രവൃത്തി കണ്ടാലറിയാം. ഞങ്ങള്‍ മടങ്ങാന്‍ നേരത്ത് പാകിസ്ഥാനില്‍നിന്നുള്ള ഒരു തീര്‍ത്ഥാടക സംഘം അവിടെവന്നു. അവര്‍ പൗരാണിക അവശിഷ്ടങ്ങളില്‍ പരവതാനി വിരിച്ച് പ്രാര്‍ത്ഥിക്കുന്നു. വിശ്വാസികള്‍ക്ക് അവരുടെ ന്യായങ്ങളുണ്ട്. പ്രവാചക തിരുമേനിയുടെ പിഞ്ചുകാല്‍ പതിഞ്ഞ മണ്ണില്‍ കാലുകുത്തുമ്പോഴുള്ള അനുഭവം എന്നെ വല്ലാതെ സ്പര്‍ശിച്ചു. ഞാന്‍ ചെരുപ്പഴിച്ചു. പിന്നെ കുനിഞ്ഞുനിന്ന് എന്റെ ചൂണ്ടുവിരല്‍കൊണ്ട് ഞാനാ മണ്ണിലൊന്ന് തൊട്ടു. ആ മണ്ണിന് ചുണ്ടുകളുണ്ടായിരുന്നെങ്കില് അതില്‍ ചെവി ചേര്‍ത്താല്‍ മതി. കുഞ്ഞു മുഹമ്മദിനെക്കുറിച്ച് ആ മണ്ണ് എന്നോട് പറയുമായിരുന്നു.
ആ താഴ് വരയില്‍ ചുറ്റി നടക്കാനോ കാണാനോ കാര്യമായി ഒന്നുമില്ല. അതിനാല്‍ ഏറെ നേരം അവിടെ ചിലവഴിക്കേണ്ടതുമില്ല. ഞങ്ങള്‍ ത്വാഇഫ് പട്ടണത്തിലേക്ക് തന്നെ മടങ്ങി. യാത്രക്കിടയില്‍ കൗതുകകരമായ കാഴ്ച കണ്ടു. പാതയോരത്തെ ഒരു മരക്കൊമ്പില്‍ ചെന്നായ്ക്കളെ കൊന്ന് തൂക്കിയിട്ടിരിക്കുന്നു. ഇടയന്മാര് ഇങ്ങനെ ചെയ്യുന്നത് സ്വാഭാവികം. സഊദിയിലെ ഗ്രാമയാത്രകളില് പലയിടത്തും ഇത് കാണാം.
മടക്കയാത്രയില്‍ ജിനു ഞങ്ങളെ ഒരു ചന്തയിലേക്ക് കൊണ്ടുപോയി. സ്ഥിരം ചന്തയാണത്. അവിടുത്തെ ഏറ്റവും വലിയ സവിശേഷത കെണി വെച്ച് പിടിച്ചുകൊണ്ടുവരുന്ന ജീവികളാണ്. ഉടുമ്പും കുരങ്ങനും ഓന്തും മുയലും കുറുക്കനും കാട്ടുപൂച്ചയും ഒക്കെ വില്ക്കാന് വെച്ചിരിക്കും. അറബികള്‍ അവയെ എല്ലാം കൊണ്ടുപോയി വളര്‍ത്തും. ഗ്രാമീണ ജീവിതത്തിലെ ഇത്തരം കാഴ്ചകള്‍ സഊദി അറേബ്യ നല്കുന്ന മായികതയാണ്.
പി സുരേന്ദ്രന്
You must be logged in to post a comment Login