”കേരളത്തില്‍ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുന്‍പു മുതല്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റര്‍ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളില്‍ മാമാങ്കം നടത്തിവരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളില്‍നിന്നെല്ലാം നിരവധി ജനങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകള്‍, കായിക പ്രകടനങ്ങള്‍, കാര്‍ഷികമേളകള്‍, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങള്‍ എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളില്‍ മികവു പ്രകടിപ്പിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കിയിരുന്നു.
മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടര്‍ന്ന് കാലാന്തരേണ മാമാങ്കവേദിയില്‍ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീര്‍ന്നു.”(വിക്കിപീഡിയ).
മാമാങ്കത്തെക്കുറിച്ചുള്ള ചെറുചരിത്രം വായിച്ചല്ലോ? അവസാന വരികള്‍ ഒന്ന് ഊന്നിവായിച്ച് മനസ്സിലിടുക. നമ്മുടെ ഈ വര്‍ത്തമാനത്തില്‍ ഉടനീളം ആ അവസാന വരികള്‍ ആയുധമെടുക്കുന്നുണ്ട്. ഭാഷാടിസ്ഥാനത്തില്‍ കേരളമെന്ന സംസ്ഥാനം രൂപം കൊണ്ടത് 1956-ലാണ്. അതിന് മുന്‍പും കേരളമുണ്ട്. പക്ഷേ, ഔദ്യോഗികമായി ഒരു ഫെഡറല്‍ സംസ്ഥാനമായത് 1956-ലാണ്. നവംബറില്‍. അതേവര്‍ഷം തൊട്ടടുത്തമാസമാണ് സ്കൂള്‍ തലത്തില്‍ കലാമേളയുടേയും പിറവി. അതിന് മുമ്പും കേരളമുണ്ടായിരുന്നതുപോലെ കേരളത്തിലെ സ്കൂളുകളില്‍ കുട്ടികള്‍ ആടുകയും പാടുകയും നാടകം കെട്ടിയുണ്ടാക്കുകയും ചെയ്തിരുന്നു. അത് ഒരു മത്സരരൂപത്തിലേക്ക് പിറവികൊള്ളുന്നത് അന്നാണെന്ന് മാത്രം. പിറവിയെടുത്തിട്ട് ആറുപതിറ്റാണ്ട് പിന്നിട്ട കേരളം എവിടെ നില്ക്കുന്നു എന്നും എന്തായി തീരുന്നുവെന്നും നിങ്ങള്‍ പലവുരു മനസിലാക്കിയിട്ടുണ്ട്. അത്രതന്നെ പ്രായമായ സ്കൂള്‍ കലോത്സവം എവിടെയെത്തി എന്നറിയുമോ?. ‘പൂരനഗരിയില്‍ കൗമാരമാമാങ്കത്തിന് കേളികൊട്ട്’ എന്ന് ആരംഭത്തിലും ‘കലാമാമാങ്കം കൊടിയിറങ്ങി; കിരീടം സാമൂതിരിയുടെ മണ്ണിനെന്ന്’ സമാപനത്തിലും കാച്ചിയ വെണ്ടക്കാ തലക്കെട്ടുകള്‍ തൊണ്ടതൊടാതെ വിഴുങ്ങിയ ആ വാര്‍ത്താ പ്രഭാതങ്ങള്‍ ഓര്‍ക്കുക. ചരിത്രം ഊന്നിവായിച്ച് മനസിലിട്ടിട്ടുള്ള നിങ്ങളില്‍ ആ തലക്കെട്ടുകള്‍ ഉണ്ടാക്കിയ ആ നിസംഗതയുണ്ടല്ലോ, ആ നിസംഗതയുടെ തുരുത്തിലാണ് കലോത്സവത്തിന്റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള വണ്ടി ഇപ്പോഴുള്ളത്. വിശദീകരിക്കാം. അതിന് മുന്‍പ് കെ.എസ് സൂര്യചന്ദനയെ കേള്‍ക്കാം.
ബാംഗ്ലൂരില്‍ പ്രശസ്തമായ എഫ്.എം.സി.ജി ഗവേഷണ ഗ്രൂപ്പില്‍ ടീം ലീഡറാണ് സൂര്യ. പേര് ഒറിജിനലാണ്. എറണാകുളത്ത് നടന്ന നവമാധ്യമങ്ങള്‍ക്കായുള്ള ശില്പശാലയില് അവര്‍ പങ്കുവെച്ച അനുഭവമാണിത്. ഗൂഗിള്‍ പ്ലസില്‍ എഴുതിയതുമാണ്. പന്ത്രണ്ട് വര്‍ഷം മുന്‍പാണ്. സൂര്യയുടെ സ്കൂള്‍കാലം. പാട്ടും ആട്ടവും പഠിത്തവും ഒപ്പത്തിനൊപ്പം കൊണ്ടുനടന്ന മിടുക്കി. വള്ളുവനാട്ടിലെ ദളിത് കുടുംബമാണ്. സൂര്യയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഞങ്ങളുടെ കൂട്ടക്കാര്ക്ക് പാട്ടിത്തിരി കൂടും. പണിയെടുക്കുന്നവരായിരിക്കുമല്ലോ പാട്ടുണ്ടാക്കിയത്. അത് ജീനിലുണ്ട്. ചെറുപ്പത്തിലേ നൃത്തമുണ്ട്. പഠിക്കുന്നുണ്ടായിരുന്നു. പാട്ടിലും ഡാന്‍സിലും എവിടെ മല്‍സരം വന്നാലും പോകും. സ്കൂള്‍ തലത്തില്‍ രണ്ട് നാട്യ ഇനങ്ങളില്‍ ഫസ്റ്റ് കിട്ടി. അന്നൊക്കെ സിംഗിള്‍ ഡാന്‍സില്‍ മികവുള്ളവരെ ചേര്‍ത്ത് പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് ഗ്രൂപ്പ്ഡാന്സിന് സ്കൂള്‍ തന്നെ ടീമുണ്ടാക്കും. ‘ഞങ്ങളിങ്ങനെ നിരന്ന് നില്‍ക്കുകയാണ്. തിരുവാതിരക്കും ഗ്രൂപ്പ് ഡാന്‍സിനും ഉപജില്ലേല് പോകണം. രണ്ടിനും ഞാനുണ്ട്. ഡാന്‍സ് പഠിത്തം തുടങ്ങി. പഠിപ്പിക്കാന്‍ വന്നത് എന്റെ ഡാന്‍സ് മാഷാണ്. ക്യാപ്റ്റന്‍ റോളിലാണ് ഞാന്‍. വീട്ടിലൊക്കെ ഫുള്‍ സപ്പോര്‍ട്ട്. ഉപജില്ലേടെ തലേ ആഴ്ച കളിച്ചോണ്ടിരുന്നപ്പോ ഒരു ടീച്ചര്‍ വന്നു എന്തോ പറഞ്ഞു. തെക്ക് നിന്ന് വന്ന ഒരു ടീച്ചറാണ്. പേര് പറയാനിഷ്ടമില്ല. ഞങ്ങളെ നിരത്തി നിര്‍ത്തി തൊട്ട് വിളിക്കുകയാണ്. ”സൂര്യക്ക് അടുത്ത ഐറ്റത്തില്‍ നോക്കാം. ഗ്രൂപ്പ് ഇവര്‍ കേറട്ടെ”. ഞാന്‍ അപ്പോഴെന്തായി എന്ന് പറയാന്‍ അറിയില്ല. ഒരു ചെവിപ്പാടിന് അവര്‍ എന്റെ നിറത്തെ പറയുന്നത് കേട്ടു. അന്ന് ഞാന്‍ ഒമ്പതാം ക്ലാസിലായിരുന്നു. കരഞ്ഞൊന്നുമില്ല. വീട്ടില്‍ വന്നപ്പോ അമ്മ ഡാന്‍സിനുള്ള വാടകക്കുപ്പായത്തില് സ്വീക്വന്‍സ് തുന്നുകയാണ്. അപ്പോള്‍ കരഞ്ഞു. പിന്നെ ഞാന്‍ ഡാന്‍സ് കളിച്ചിട്ടില്ല. സ്കൂള്‍ കലോത്സവം എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ ബഹളമെല്ലാം കാണുമ്പോള്‍ അപമാനിതയായി ഞാന്‍ ഓടിയ ആ ഓട്ടം ഉള്ളില്‍ വരും.” തകര്‍ച്ചകളെ കുതിപ്പിനുള്ള ആയുധമാക്കണമെന്ന മാനേജ്മെന്റ് പാഠത്തിന് വേണ്ടി കെട്ടിയുണ്ടാക്കിയ കഥയായിരുന്നില്ല അത്. സംഭവിച്ചതായിരുന്നു.
സൂര്യയെ ഇവിടെ വിട്ട് നിങ്ങള്‍ സ്കൂള്‍ കാലത്തേക്ക് സത്യസന്ധമായൊന്ന് പോയി വാ. നിങ്ങളില്‍ അധ്യാപകരുടെ മക്കളല്ലാത്ത, നിങ്ങളില്‍ സമ്പന്നരല്ലാത്ത, നിങ്ങളില്‍ വെളുത്തവരല്ലാത്ത, നിങ്ങളില്‍ സവര്‍ണ ഹിന്ദുക്കളല്ലാത്ത എത്രപേരുടേതായിരുന്നു ആ ഉല്‍സവം? ജില്ല കപ്പടിക്കുമ്പോള്‍ കിട്ടുന്ന ആചാര അവധിക്കപ്പുറം നിങ്ങളില്‍ ആരുടേതായിരുന്നു ആ കലോത്സവം? സ്കൂള്‍ എന്ന സവിശേഷ അന്തരീക്ഷം കലയിലേക്കും കലോത്സവത്തിലേക്കും നിങ്ങളില്‍ എത്രപേരുടെ കൈ പിടിച്ചിട്ടുണ്ട്? സംഘനൃത്തത്തിന് പേര് കൊടുത്തവരില്‍ കറുത്തുമെലിഞ്ഞ ഒരു പെണ്‍കുട്ടി മൗനമായി ഒഴിവാക്കപ്പെടുന്നതിന് സാക്ഷിയാകാത്തവര് ആരുണ്ട്? നിങ്ങളുടെ സ്കൂളുകളിലേക്ക് വിരുന്നെത്തുന്ന അതിഥികള്‍ക്ക് പൂച്ചെണ്ടും അകമ്പടിയും നല്കാന് ചില സ്ഥിരം പേരുകള്‍ മാത്രം ഉണ്ടായതിന് സാക്ഷിയല്ലാത്തവര് ആരുണ്ട്? കറുത്ത കുട്ടികള്‍, ദരിദ്രരായ കുട്ടികള്‍, ദളിതരായ കുട്ടികള്‍ ഈ ഉത്സവത്തില്‍ അകത്തില്ലാത്തത് കാണാത്തവര്‍ ആരുണ്ട്?. ആരുമില്ല എന്ന ഉത്തരത്തില്‍ നിന്ന് നമുക്ക് ചില സാമൂഹ്യപാഠങ്ങള്‍ തുടങ്ങാം.
കേരളം പിറന്നത് പറഞ്ഞല്ലോ? പ്രതിഭാസമ്പന്നമായിരുന്നു ആദ്യ മന്ത്രിസഭ. പ്രബുദ്ധതയുടെ ആളടയാളങ്ങളായ മനുഷ്യര്‍ തിങ്ങിപ്പാര്‍ത്ത മന്ത്രിസഭ. വിദ്യാഭ്യാസം പ്രൊഫസറും പ്രക്ഷോഭകനുമായ ജോസഫ് മുണ്ടശ്ശേരിയുടെ കയ്യില്‍. ക്ലാസ്മുറിയിലല്ല ക്ലാസ്സിന് പുറത്താണ് പഠനം എന്ന് ജീവിതം കൊണ്ട് തെളിയിച്ച മനുഷ്യന്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മുണ്ടശ്ശേരിയുടെ സമഗ്രമായ കാഴ്ചപ്പാടില്‍ നിന്നാണ് സിലബസിന് പുറത്തേക്കുള്ള പഠനചിന്തകള്‍ മുളപൊട്ടുന്നത്. കവിയാണ് രാജാവ് എന്ന് പുസ്തകമെഴുതിയ മുണ്ടശ്ശേരി കലയെ ക്ലാസ്മുറികളിലേക്ക് കൈപിടിച്ച് ആനയിച്ചു. സകലമാന കലകള്‍ക്കും ഇടം നല്കി. സ്കൂളിലെ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് സംസ്ഥാനത്തെ മറ്റ് സ്കൂളുകളിലെ പ്രതിഭകളോടൊപ്പം കല പങ്കുവെക്കാന്‍ ഒരിടമൊരുക്കുകയായിരുന്നു കലോത്സവത്തിന്റെ ലക്ഷ്യം. എറണാകുളത്തെ എസ്.ആര്.വി സ്കൂള്‍ ആ ലക്ഷ്യത്തിന്റെ ആദ്യ വേദിയായി. കല പങ്കിട്ട് സൗഹൃദം ഉറപ്പിച്ച് ആ കുട്ടികളും സ്കൂളുകളും അവരുടെ ഇടങ്ങളിലേക്ക് ശാന്തമായി തിരിച്ചുപോയി. ശാന്തം എന്നതാണ് രസങ്ങളിലെ പരമരസം എന്ന് രസസിദ്ധാന്തം. അത് പറഞ്ഞ ആനന്ദവര്‍ധനന്റെ ദര്‍ശനം പുസ്തകത്തിലെഴുതിയിട്ടുണ്ട് മുണ്ടശ്ശേരി.
എണ്‍പതുകളുടെ തുടക്കം വരെയുള്ള കലോത്സവചരിത്രം ഈ ശാന്തമായ കൂടിച്ചേരലുകളുടെയും അതിനേക്കാള്‍ ശാന്തമായ പിരിയലുകളുടെയും ചരിത്രമായിരുന്നു. വിദ്യാഭ്യാസം എന്ന സമഗ്രമായ പദ്ധതിയിലെ ഒരു പ്രക്രിയ എന്ന നിലയില്‍ മാത്രമാണ് അത് പരിഗണിക്കപ്പെട്ടത്. കലോത്സവങ്ങളോടുള്ള മാധ്യമ സമീപനം പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. മത്സരം എന്നതിനേക്കാള്‍ പെര്‍ഫോമന്‍സ് എന്നതിന് പ്രധാന്യം നല്കിയ റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ പഠിക്കുന്ന സ്കൂളുകള്‍ക്കും പില്ക്കാലത്ത് ആ സ്കൂളുകള്‍ പ്രതിനിധീകരിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനും മാത്രം താല്പര്യമുള്ള കാര്യങ്ങള്‍.
പിന്നീടെപ്പോഴാണ് കലോത്സവത്തിന്റെ ഭാഷയും ശീലങ്ങളും മാറിമറിഞ്ഞത്? നിഷ്കളങ്കമായി, ചരിത്രനിരപേക്ഷമായി വിലയിരുത്താവുന്ന ഒന്നല്ല അത്. കേരളം മാറിയതിനൊപ്പമാണ് കലോത്സവവും മാറിയത്. വിദ്യാഭ്യാസം എന്ന അടിസ്ഥാന പ്രക്രിയയെ മാറിയ കേരളീയ സമൂഹം എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ സൂചനകള്‍ ആ മാറ്റത്തിലുണ്ട്. സമൂഹത്തിന്റെ ശീലങ്ങളില്‍ ഉണ്ടായ ഘടനാപരമായ മാറ്റങ്ങളാണ് കലോത്സവത്തെ മാമാങ്കത്തിലേക്കും സുര്യചന്ദനമാരുടെ കണ്ണീരിലേക്കും പരിവര്‍ത്തിപ്പിച്ചത്. അതിന്റെ നാള്‍വഴികള്‍ ഇങ്ങനെ എണ്ണാം.
തൊണ്ണൂറുകളില്‍ തുടക്കമിട്ട സാമ്പത്തിക ഉദാരവല്കരണം ഏറ്റവും സ്വാധീനിച്ച ഇന്ത്യന്‍ സമൂഹം കേരളമാണ്. വെറും പ്രസ്താവനയല്ല. പഠനങ്ങളുടെ പിന്‍ബലമുണ്ട്. ഉദാരവല്‍കരണത്തിന് അരനൂറ്റാണ്ട് മുന്‍പേ പ്രവാസജീവിതത്തിന്റെ നന്മകള് അനുഭവിച്ച സമൂഹമായിരുന്നല്ലോ കേരളീയര്‍. ഉദാരവല്കരണം തുറന്നിട്ട പുതുലോകം അതിനാല്‍ അവന്റെ കേട്ടറിവുകളുടെ പ്രത്യക്ഷവല്കരണമായിരുന്നു. പ്രവാസി പണം കൊണ്ടുള്ള സമ്പന്നത, അല്ലെങ്കില്‍ മണിയോര്‍ഡര്‍ ഇക്കോണമിയുടെ പുളപ്പ് ആ പുതുലോകത്തെ വേഗത്തില്‍ സ്വീകരിക്കാന്‍ മലയാളിയെ പ്രാപ്തനാക്കി. വിദ്യാഭ്യാസത്തെ വിപണിയുമായി പിരിക്കാനാവാത്ത വിധം കൂട്ടികെട്ടിയത് ഉദാരവല്‍കരണമാണ്. ഏറെക്കുറെ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു എണ്‍പതുകളുടെ ഒടുവില്‍ വരെയുള്ള കേരളത്തിന്റെ വിദ്യാഭ്യാസ പരിപ്രേക്ഷ്യമെങ്കില് തൊണ്ണൂറുകള്‍ അതിനെ അടിമുടി മാറ്റി. സാവധാനത്തിലുള്ള ഗ്രഹിക്കല്‍, അനുക്രമമായ സിലബസ് വികാസം തുടങ്ങിയവ തൊണ്ണൂറിന് മുന്‍പുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഏകീകൃത സ്കുള് അനുഭവമായിരുന്നു. അപവാദങ്ങള്‍ ഇല്ലെന്നല്ല. അത് ഗണനീയമായിരുന്നില്ല. സാമ്പത്തിക ഉദാരവല്കരണം തുറന്നിട്ട പുതുവഴികള്‍ ഈ അനുക്രമതയെ അട്ടിമറിച്ചു. എളുപ്പത്തില്‍ വിപണിയിലേക്കയക്കാന് വേണ്ടിയുള്ള ഉല്പന്നങ്ങളായി കുട്ടികള്‍ മാറി. ഇത് രക്ഷിതാക്കള്‍ മനപ്പൂര്‍വം ‘ എന്നാല്‍ നാളെമുതല്‍ എന്റെ കുട്ടി ഒരു ഉല്പന്നമാവട്ടെ’ എന്ന് കരുതിക്കൂട്ടി വിചാരിച്ച് ചെയ്യുന്നതല്ല. ഒരു സാമൂഹിക ക്രമം സൃഷ്ടിക്കുന്ന പൊതുബോധം ആണത്. നിങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചില്ലെങ്കില്‍, മണ്ണില്‍ ചവിട്ടി ഉറച്ച് നിന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും അതിജീവിക്കാന്‍ കഴിയാത്ത പൊതുബോധം. കേരളത്തിലെ പുരോഗമന സ്വഭാവമുള്ള സംഘടനകള്‍, ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ളവ ഈ മാറ്റത്തെ പ്രതിരോധിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും, അങ്ങനെ ശ്രമിച്ച സംഘടനകളെക്കൂടി വലിച്ചിട്ടുകളഞ്ഞു ആ ബോധം. അത്ര ശക്തമായിരുന്നു ആ പൊതുബോധത്തിന്റെ പ്രലോഭനവും അടിത്തറയും. എളുപ്പത്തില്‍ വിറ്റുപോകാന്‍ കഴിയുന്ന ചരക്കുകളെ സൃഷ്ടിക്കുക എന്ന പ്രക്രിയയായി വിദ്യാഭ്യാസം മാറി. പൊതു വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും എന്ന ആഴമുള്ള പിളര്‍പ്പ് സംഭവിച്ചു. നവോത്ഥാന മൂല്യങ്ങളില്‍ അടിയുറച്ച്, ഉല്പന്നവല്കരണത്തില് നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിച്ച് പൊതുവിദ്യാഭ്യാസത്തിന് സഞ്ചരിക്കാമായിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ പാകത്തിന് ആര്‍ജവമുള്ള മുണ്ടശ്ശേരിമാര്‍ പില്ക്കാലത്ത് വിദ്യാഭ്യാസ വകുപ്പ് കയ്യാളിയില്ല. കയ്യാളിയവരാകെട്ട ഉദാരവല്കരണത്തിന്റെ സര്‍വതന്ത്ര അപ്പോസ്തലന്മാരായിരുന്നു. അവരുടെ പകിട കളിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറ ഇളകി. സ്വകാര്യ സ്ഥാപനങ്ങളുടെ പുളപ്പുകളോട് മല്‍സരിക്കാന്‍ പൊതുവിദ്യാലയങ്ങള്‍ നിലമറന്നാടി. സ്വകാര്യ വിദ്യാലയങ്ങളെ ഭരിക്കുന്ന ഉല്പന്നമാത്രാബോധത്തിലേക്ക് പൊതുവിദ്യാലയങ്ങള്‍ ചെന്നടിഞ്ഞു. ആ ഉല്പന്ന വല്കരണത്തിന്റെ ചിലങ്കകളാണ് മാമാങ്കമായി മാറിയ കലോല്‍സവത്തില്‍ ഇളകിയാടുന്നത്.
കേരളത്തില്‍ ഉദാരവല്കരണം സൃഷ്ടിച്ച സാമൂഹിക മാറ്റത്തിന് കൈമെയ് മറന്ന് ഊര്‍ജം പകര്‍ന്നത് മാധ്യമങ്ങളാണ്. വിപണിയുടെ വന്‍ പ്രലോഭനങ്ങള്‍ നമ്മുടെ മാധ്യമ സ്ഥാപനങ്ങളെ കയ്യടക്കിയിരുന്നു. ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യസമരം തുടങ്ങിയ പലവിധ ബിംബങ്ങള്‍ ഉപയോഗിച്ചും നവോത്ഥാനത്തിന്റെ ചൂടും ചൂരും ഓര്‍മിപ്പിച്ചും നിലനിന്നിരുന്ന മാധ്യമങ്ങള്‍ക്ക് പച്ചക്ക് കച്ചവടം പറയാന്‍ കളമൊരുക്കിയത് ഉദാരവല്‍കരണമാണ്. ആ കളത്തില്‍ അവര്‍ നിറഞ്ഞാടി. അവരുടെ ആട്ടങ്ങളാണ് കലോത്സവത്തെ യുദ്ധോന്മുഖതയിലേക്ക് പറിച്ച് നട്ടത്. മത്സരം എന്ന വാക്കിന്റെ രാഷ്ട്രീയ രൂപമാണ് ഉദാരവല്കരണം എന്ന് അറിയാമല്ലോ? മത്സരം എന്ന ആ വാക്ക് കമ്പോളത്തിന്റെ നിഘണ്ടുവില്‍ നിന്ന് നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഇറങ്ങി വന്ന് നമ്മെ കീഴടക്കിയത് ഈ കാലത്താണ്. ആ വാക്കാണ് ഇപ്പോള്‍ കലോത്സവത്തെ ഭരിക്കുന്നത്. വിപണിയുടെ പദങ്ങള്‍ മാധ്യമങ്ങളുടെ കലോത്സവ റിപ്പോര്‍ട്ടിംഗില്‍ ഇടം പിടിച്ചതിന്റെ കാര്യം അതാണ്.
ഉല്പന്നമായി മാറിയ കുട്ടികളെ കലോത്സവ കമ്പോളത്തിലെ ബ്രാന്ഡുകളാക്കാനുള്ള രക്ഷിതാക്കളുടെ നെട്ടോട്ടങ്ങള്‍ കല എന്ന വാക്കിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട അധ്യായമായി കേരള സ്കൂള്‍ കലോത്സവത്തെ മാറ്റിയതും ഇക്കാലത്താണ്. അഴിമതി ഒരു ലക്കും ലഗാനുമില്ലാതെ കളം പിടിച്ചു. വിധി നിര്‍ണയിക്കുന്നവര്‍ വിലക്കെടുക്കപ്പെട്ടു. ലക്ഷങ്ങള്‍ ഒഴുകി. മകളെ നൃത്തം ചെയ്യിക്കാന്‍ കിടപ്പാടം വിറ്റ കണ്ണീര്‍ക്കഥ ഒന്നാം പേജില്‍ ഇടം പിടിച്ചു. രക്ഷിതാക്കളുടെ അന്തംവിട്ട പാച്ചില്‍. ചീഞ്ഞുപോകും മുന്‍പ് വിറ്റുതീര്‍ക്കാന്‍ മീന്വില്പനക്കാര് നടത്തുന്ന തരം സ്വരാഭ്യാസങ്ങള് കലോത്സവ വേദികളിലെ പതിവുകാഴ്ചയായി. നമ്മുടെ പെണ്‍കുട്ടികള്‍ ശരീരങ്ങള്‍ മാത്രമായി കലോത്സവ റിപ്പോര്‍ട്ടിംഗില്‍ ഇടം പിടിച്ചു. അതിലെ ബാലാവകാശ നിഷേധങ്ങള്‍ ആരും കണ്ടില്ല. പില്ക്കാല വിപണി പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുക, അവരെ വിലയുള്ള ബ്രാന്‍ഡാക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു ഈ കലോത്സവബഹങ്ങളുടെ കാതല്‍. സംശയമുണ്ടോ? എങ്കില്‍ പറയൂ, ആറ് പതിറ്റാണ്ടിലെ കലോത്സവം കേരളത്തിന്റെ കലാലോകത്തിന് നല്കിയ സംഭാവനയെന്താണ്? യേശുദാസ്, ജയചന്ദ്രന് എന്ന് പറയാന്‍ വരട്ടെ. അവര്‍ കലോത്സവത്തിന്റെ സൃഷ്ടിയല്ല. കലോത്സവമല്ല അവരെ അവതരിപ്പിച്ചത്. പിന്നെ? ആരുമില്ല. ചലച്ചിത്രത്തിലേക്കുള്ള ഓഡിഷനല്ലല്ലോ ലക്ഷങ്ങള്‍ പൊതുഖജനാവില്‍ നിന്ന് മുടക്കി നടത്തുന്ന മേള. അതിനാല്‍ മഞ്ജുവാര്യരെന്നും മറ്റും പറയാനൊരുങ്ങരുത്. ഇല്ല. കേരളത്തിന്റെ കലാലോകത്തെ ഒരു മേഖലയിലും മരുന്നിന് പോലും ഒരു കലോത്സവ ശേഷിപ്പില്ല. നൃത്തത്തില്‍, നൃത്യത്തില്‍, നാടകത്തില്‍, പ്രഭാഷണത്തില്‍, സാഹിത്യത്തില്‍ ഒന്നിലും സ്കൂള്‍ കലോലസവത്തിന്റെ ഒരു ശേഷിപ്പില്ല. നടുങ്ങിയോ? നടുങ്ങണം. എത്രവലിയ പരാജയമായിരുന്നു അല്ലേ നാം ജയമെന്ന് കരുതിയ ഈ യുദ്ധം!
ഉദാരവല്കരണത്തിനൊപ്പം ഇവിടെ പിടിമുറുക്കിയ ഒരു അധീശ ആശയമാണ് ഇപ്പോര്‍ രാജ്യം ഭരിക്കുന്നത്. ഭൂരിപക്ഷ മതാശയം. എന്തുകൊണ്ടാണ് കലോത്സവപ്പന്തലിന്റെ ഹൈന്ദവമായ കാല്‍നാട്ടുകര്‍മം എതിര്‍പ്പുകളില്ലാതെ നിര്‍വഹിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് പഴയിടം എന്ന ‘ജാതിഭക്ഷണം’ കലോത്സവത്തിന്റെ ഒൗദ്യോഗിക ശീലമാകുന്നത്? ഉത്തരം അധീശ പൊതുബോധമെന്നാണ്. അതെ. അധീശ പൊതുബോധത്തിന്റെ അര്‍മാദമാണ് കലോല്‍സവം.
പരിഹാരമുണ്ടോ? തീര്‍ച്ചയായും. പലവട്ടം അട്ടിമറിക്കപ്പെട്ട പരിഷ്കരണ നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നതാണ് ലളിതമായ പോംവഴി. മത്സരം ഇല്ലാതാക്കി വേദി ഒരുക്കല്‍ മാത്രമാക്കുക. അതായത് ജില്ലാ തലം വരെ മാത്രം മത്സരം. ജില്ലാ വിജയികളുടെ ആവിഷ്കാര വേദിയായി മാത്രം സംസ്ഥാന കലോല്‍സവത്തെ മാറ്റുക. മാധ്യമങ്ങള്‍ അതോടെ കളം വിടും. നൃത്തരൂപങ്ങളുടെ അവതരണത്തിന് പരമാവധി ചിലവ് നിശ്ചയിക്കുക. രക്ഷിതാക്കള്‍ കലോല്‍സവത്തിലെ കാഴ്ചക്കാര്‍ മാത്രമാവവുക. അകമ്പടിയും മറ്റും അധ്യാപകര്‍ മാത്രമാവുക. വിപണിയാല്‍ നിയന്ത്രിക്കപ്പെടുന്ന മാഫിയപോലുമായിക്കഴിഞ്ഞ ഒരിടത്ത് എളുപ്പമല്ല ഇത്. പക്ഷേ, കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അത് സംരക്ഷിക്കാന്‍ വേണ്ടി മനുഷ്യര്‍ക്ക് ആരംഭിക്കാവുന്ന ഒരു പ്രചാരണമാണിത്. ‘്’മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടര്‍ന്ന് കാലാന്തരേണ മാമാങ്കവേദിയില്‍ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീര്‍ന്നു.” മനസ്സില്‍ ഊന്നിയിടാന് പറഞ്ഞ ഈ വാചകം വീണ്ടും പറയുന്നു. നിളാതീരത്തെ ഒരു കലോത്സവത്തെ തലകൊയ്യല്‍ മഹാമഹമാക്കി അധപ്പതിപ്പിച്ച ഒരു ഭൂതകാലമുണ്ട് നമുക്ക്. നമ്മുടെ കുട്ടികളെ ചാവേറുകളാക്കണോ?
എന്തിനിങ്ങനെ ഇടപെടണം എന്നാണോ ചോദ്യം? സാമ്പത്തിക ഉദാരവല്കരണം സൃഷ്ടിച്ച ഏറ്റവും വലിയ സാമൂഹിക ആഘാതമായി അമര്‍ത്യാസെന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ചിന്തകര്‍ പരിഗണിക്കുന്നത് ഒഴിവാക്കലുകളെയാണ്. എക്സ്ക്ലൂഷന്. മത്സരത്തിന്റെ നിത്യ ഇരകള്‍. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളില്‍ അത് ദളിതരും ന്യൂനപക്ഷങ്ങളും ആദിവാസികളും ആയിരുന്നു. ആ ഒഴിവാക്കലിന്റെ അന്യവല്കരണത്തിന്റെ കേരളാ പതിപ്പിനെ കലോത്സവത്തില്‍ കാണാം. സുര്യ ചന്ദന ഒരാളല്ല. പത്ത് വര്‍ഷത്തെ കലോത്സവ പത്രങ്ങള്‍ ഗൂഗിളില്‍ കിട്ടും. എവിടെ കറുത്ത നിറമുള്ള കുട്ടികള്‍? കറുത്ത നര്‍ത്തകര്‍? എവിടെ ഒരു ശതമാനം വരുന്ന ഗോത്ര സമൂഹം? എവിടെ ദരിദ്രര്‍? എവിടെ ഇടത്തരക്കാര്‍? ഇല്ല. ഈ പുളപ്പ് അവരെ ഉള്‍ക്കൊള്ളില്ല. ഈ വിപണിയില്‍ അവരുടെ ചിരട്ടപ്പാത്രങ്ങള്ക്ക് ഇടമില്ല. ഈ വിപണിയില്‍ അവരുടെ മുളന്തണ്ടുകള്‍ ഇല്ല. അവര്‍ക്ക് കലയുടെ ഐ.ആര്.ഡി.പി മേളകള്‍ വരും. അവരവിടെ ആടും. കാഴ്ചബംഗ്ലാവിലെ കൂടുകളില്‍ കടുവയെ എന്ന വണ്ണം നമ്മള്, വിപണിയുടെ അധിപര്‍ ആ മേളകളില്‍ അവരെ കാണും. ഇതൊന്നും അതിശയോക്തികളല്ല. ഈ മേള ആരുടേതായിരുന്നു, ആര്‍ക്കുവേണ്ടിയായിരുന്നു, ഇപ്പോള്‍ ആരുടേതാണ് എന്ന അന്വേഷണം മാത്രമാണ്. തിളങ്ങുന്ന വസ്ത്രമിട്ട, പണവും പത്രാസുമുള്ള വെളുത്ത കുട്ടികള്‍ ആടിത്തിമിര്ക്കുമ്പോള്, ആട്ടമറിഞ്ഞിട്ടും വേദിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഇതൊന്നുമില്ലാത്ത കുഞ്ഞുങ്ങള്‍ കരയാതിരിക്കുന്ന ആ കാഴ്ചയുണ്ടല്ലോ? ബാലശാപമാണത്. ബാലാവകാശലംഘനമാണത്.
കെ.കെ. ജോഷി
കലോത്സവ വേദികൾ മാത്സര്യത്തേക്കാൾ കഴിവുകൾക്ക് മൂല്യം നൽകണം കേവലം വിപണനമായി മാത്രം ഇത്തരം സാംസ്കാരിക വേദികളെ മാറ്റരുത് .കുട്ടികളിൽ പുനർജനിക്കേണ്ടത് അവരുടെ സൈർഗിക വാസനകളാകണം’.മറിച്ച് കച്ചവടമാകാത്.അഴിച്ചുപണി വളരെ അത്യാവശ്യമായിരിക്കുന്നു കലോത്സവ രംഗത്ത്.ഇതിനായി ചില ധാർമ്മിക സംഘടനകൾ നടത്തുന്ന വേദികളും ലക്ഷ്യങ്ങളും പഠിച്ചേ തീരൂ.