ഇന്ത്യന്‍ ചരിത്രവും ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതി വിശേഷങ്ങളും വളരെയധികം ഏകീകൃതമാണ്. ഇന്ത്യയിലെ സ്ത്രീകള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന പരിതാപകരമായ അവസ്ഥക്ക് ഒരു പരിധി വരെ പുരാതന ഇന്ത്യന്‍ സാഹചര്യങ്ങളുടെയും അന്നത്തെ സാമൂഹിക സാംസ്കാരിക സംക്ഷിപ്തരൂപത്തിന്റെയും പരിണിത ഫലം തന്നെയാണ് കാരണമെന്ന് സമര്‍ത്ഥിക്കേണ്ടതായി വരും. വേദങ്ങളില്‍ പ്രധാനമായും സ്ത്രീകളെ ആലേഖനം ചെയ്തത് സ്വരാജ്യത്തിന്റെ ദേവതമാരായിട്ടാണ്. ആ കാഴ്ചപ്പാടിലൂടെ ദേവിയില്‍നിന്ന് ദേവദാസിയിലേക്കും ഭര്‍ത്താവിന് കീഴിലെ ദാസ്യവൃത്തിയിലേക്കും പതിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്ത്രീയുടെ തന്നെ സുവര്‍ണ കാലമായി ചരിത്രകാരന്മാര് വിവരിക്കുന്നത് വേദകാലഘട്ടത്തിന്റെ മുമ്പും അതിന്റെ പകുതി വരെയുമാണ്. വേദകാലങ്ങളിലും അതിന് മുമ്പും സ്ത്രീക്കും പുരുഷനും സമൂഹം കല്പിച്ചുനല്കിയിരുന്ന സ്ഥാനം തുല്യമായിരുന്നു എന്നത് പുരാതന ശേഷിപ്പുകളില്‍നിന്നും എഴുത്തുകളില്നിന്നുമുള്ള തെളിവുകളാല്‍ സമര്ത്ഥിക്കാനാവുന്നതേയുള്ളൂ. ഇതിനൊരു മാറ്റമായത് ആര്യന്, മുഗള്‍ കീഴടക്കലിലൂടെയാണ്. തന്മൂലം സമൂഹത്തില്‍ നിലനിന്നിരുന്ന സ്ത്രീകളുടെ തുല്യ സാന്നിധ്യത്തിന് കാര്യമായ കോട്ടം സംഭവിക്കുകയും അത് പലതരം സാമൂഹികമായ ദുരാചാരങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ‘എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവത കുടികൊള്ളുന്നു” എന്നെഴുതിയ മനുസ്മൃതിതന്നെ സ്ത്രീ സംരക്ഷണം ഒരു സമൂഹത്തിന്റെ ധാര്‍മിക ബാധ്യതയായി വിവരിച്ചു.
ഇന്ത്യയുടെ പൗരാണിക കാഴ്ചപ്പാട് പ്രകാരം പ്രധാനമായും നാല് തരം സ്ത്രീകളെയാണ് ശ്രേഷ്ഠയായി കണക്കാക്കപ്പെടുന്നത്. അവളെ പുരുഷപ്രകൃതിയായും അമ്മയായും, ഭാര്യയായും യോഗിനിയായും ഇന്ത്യക്കാര്‍ ആചരിച്ചുപോരുന്നു. ഈ കാഴ്ചപ്പാടില്‍ അര്‍ദ്ധനാരീശ്വര സങ്കല്പം സ്ത്രീ പുരുഷ ഐക്യത്തെ രേഖപ്പെടുത്തുമ്പോള്‍ അമ്മയെന്നവളെ മഹത്വവത്കരിക്കുകയും, ശാന്തിയുടെ ദേവതയായ സരസ്വതിയായും രൗദ്ര രൂപിയായ കാളിയായും ഐശ്വര്യ ദേവതയായ ലക്ഷ്മിയായും ഇന്ത്യന്‍ സമൂഹം അവളെ കാണുകയും ചെയ്യുന്നു. മീരാ ഭായിയെയും വിഷ്ണുപ്രിയയെയും പോലെ തേജസ്വിനികളായിത്തീര്ന്ന സ്ത്രീകളെ നാടോടി കഥകളിലൂടെയും പുരാണ കഥകളിലൂടെയും പൗരാണിക ഇന്ത്യ മനസ്സിലേറ്റുന്നു. അവരെ ഗുരുവായും മാതാജിയായും ഉപാസിക്കുക വഴി സ്ത്രീ ശ്രേഷ്ഠതയെ പൗരാണിക ഇന്ത്യ ആഘോഷിക്കുന്നു. ഇവയെല്ലാം കേവല ആരാധനകള്‍ക്കു വഴിമാറുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ സ്ത്രീ ഇപ്പോള്‍ ഭര്‍ത്താവിനായി സ്വയം ബലിയാവുന്ന രാമന്റെ നേര്‍പകുതിയായി വാഴ്ത്തപ്പെടുന്ന സീതയെപ്പോലുള്ള കുലവധുക്കളാണ്.
വേദകാലം സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുകയും, വ്യുല്പന്നയായ സ്ത്രീക്ക് അവളിലെ തീക്ഷ്ണ ബുദ്ധിയാല്‍ ചുറ്റിലുമുള്ളവരെ ശുദ്ധീകരിക്കാനും, അവളുടെ പ്രവൃത്തികളാല്‍ സമൂഹത്തിന്റെ നടപടിക്രമങ്ങളെ സംസ്കരിക്കാനും കഴിയുമെന്ന് പ്രകീര്‍ത്തിക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ വേദ സമൂഹം സ്ത്രീ ചാരിത്ര്യശുദ്ധിയോട് കൂടി പ്രാര്‍ത്ഥനകളിലും ബലികളിലും ഭര്തൃസേവനത്തിലും ഏര്‍പ്പെടുന്നതിനെ പ്രചരിപ്പിക്കുകയും ചെയ്തു. ഋതുമതിയായതിന് ശേഷവും വിവാഹിതയാവാതെ ബ്രഹ്മാവാദിനികളായി ശിഷ്ടജീവിതം വേദോപാസിതയായി ജീവിച്ചിരുന്ന സ്ത്രീകളെക്കുറിച്ചും വേദകാലം ഓര്‍മിപ്പിക്കുന്നുണ്ട്.
സ്ത്രീകളുടെ ധിഷണാ വിലാസമുള്ള സാമൂഹിക സ്ഥാനത്തിന് അധോഗതി നേരിട്ടുതുടങ്ങുന്നത് ആര്യന്മാരുടെ അധിനിവേശത്തിന് ശേഷമാണ്. ആര്യന് മേല്‍കോയ്മ സ്ത്രീകളെ പൊതുവെ വികാരങ്ങളുടെ പാരമ്യമായാണ് വീക്ഷിച്ചത്. അവളെ വിവേചന ബുദ്ധിയില്‍ ആണിന് താഴെയായും ആര്യന് സാമൂഹിക വ്യവസ്ഥിതി കരുതിപ്പോന്നു. അവളുടെ ബാഹ്യ പ്രകൃതിയുടെ ബലിമൃഗമായി മാറിയ അവളെ വേദപഠനങ്ങളെക്കാള് സൂക്ഷ്മ സംവേദനക്ഷമമായ സുകുമാരകലകള്‍ക്ക് അനുയോജ്യയായി തരം താഴ്ത്തുകയും ഗണിക, ദേവദാസി വൃത്തികള്‍ മഹത്വവത്കരിക്കുകയും സ്ത്രീകള്‍ ബൗദ്ധിക കലാ പ്രകടനങ്ങള്‍ക്കും വിനോദത്തിനുമായുള്ള ഉപാധിയായി ഒതുക്കപ്പെടുകയും ചെയ്തു. പ്രതിലോമ വിവാഹങ്ങളില്‍ ഏര്‍പെടുന്ന സ്ത്രീകള്‍ക്ക് വേദോപാസന നിഷിദ്ധമാവുകയും ഋതുമതിയായതിനു ശേഷം മൂന്നുവര്‍ഷത്തിനുള്ളില്‍ വിവാഹിതയാകാത്തവരെ ശൂദ്ര തുല്യമാം വിധം തരം താഴ്ത്തുന്ന നിയമ സംഹിതകള്‍ അന്നത്തെ ഗോത്ര ഭരണ വ്യവസ്ഥിതി നിര്‍മിക്കുകയും ചെയ്തു. പൗരുഷം എന്ന ആണ്പൊങ്ങച്ചത്തിന് സംതൃപ്തി നല്‍കുന്നതത് സ്ത്രീ ജീവിതത്തിന്റെ അനിവാര്യതയായി കണക്കാക്കുകയും ഭര്‍ത്താവിനോടുള്ള സദാചാര നിഷ്ടയും കൂറും അവളിലെ സ്വഭാവ ശുദ്ധിയായി വാഴ്ത്തുകയും ചെയ്തു. പ്രസിദ്ധനായ ജ്യോതിശാസ്ത്രജ്ഞന്‍ വരാഹമിഹിരന് അന്നുതന്നെ ഇത്തരത്തില്‍ സ്ത്രീത്വത്തിനോടുള്ള അവഹേളനങ്ങള്‍ക്കെതിരെ ശബ്ദമുയര്ത്തുകയുണ്ടായി എന്നത് ഇന്ത്യന്‍ സ്ത്രീ സമൂഹം അന്നും ഇന്നും ഒരുപോലെ ചൂഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ്.
പ്രധാന കാലഘട്ടങ്ങളിലെ സ്ത്രീകള്‍, മാറ്റങ്ങള്‍
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വര്‍ത്തമാനം അടയാളപ്പെടുത്തുന്നതോടൊപ്പം പലപല കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന സ്ത്രീജീവിതങ്ങള്‍ കൂടി മനസ്സിലാക്കുക എന്നതും അനിവാര്യമാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഉയര്‍ച താഴ്ചകളെ കുറിച്ചുള്ള വിശകലനത്തിന് ഇത് സഹായകമാകും. നൂറ്റാണ്ടുകളായി പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ അവളുടെ അവസരങ്ങള്‍ പിടിച്ചുപറിക്കപ്പെടുകയാണ്. പലപ്പോഴും ആര്ത്തവാരംഭത്തിനുമുമ്പേയുള്ള വിവാഹവും ക്ലേശകരവും ഒരിക്കലും അവസാനിക്കാത്തതുമായ വൈധവ്യവും, പുനര്‍ വിവാഹത്തിനുള്ള പ്രതിബന്ധവും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും, സ്ത്രീധനവും ദുരഭിമാനകൊലയും പെണ് ശിശുഹത്യയുമെല്ലാം അനുഷ്ഠാനങ്ങളായി സ്ഥലകാലഭേദമന്യേ നിലനിന്ന് പോരുന്നു. പല കാലങ്ങളായി ഇന്ത്യയെ വെട്ടിപ്പിടിക്കാനാഞ്ഞ അക്രമകാരികളില്നിന്നും സംരക്ഷണമേകാനെന്ന പേരില്‍ ആരംഭിച്ച ഇത്തരം ദുര്നടത്തിപ്പുകള് യഥാര്‍ത്ഥത്തില്‍ ആണ്‍കോയ്മയിലധിഷ്ഠിതമായ കുടുംബ പാരമ്പര്യ സംരക്ഷണത്തിന് മാത്രം പിറന്നവയാണ്. ഗര്ഭാവസ്ഥയില്നിന്ന് ചുടലവരെ പിന്തുടരുന്ന ഇത്തരം അയുക്ത രീതികള്‍ സ്ത്രീകളെ പുരുഷന് അടിമപ്പെട്ടവളായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് മാത്രമാണ് സഹായകമാവുന്നത്. സ്വാതന്ത്ര്യലബ്ധിക്കുമുന്നേ ഇന്ത്യയിലെ സ്ത്രീകള്‍ വെറും തൊഴുത്തില്‍ കെട്ടിയ കാലികള്‍ക്ക് തുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. സമൂഹത്തിലെ തുല്യസ്ഥാനത്ത് നിന്ന് അവളെ തരംതാഴ്ത്താവുന്നതിന്റെ അങ്ങേയറ്റത്തേക്ക് തള്ളിയിട്ട ആര്യവംശം, ശരീരത്തിന്റെ പാതിയായി പാര്‍വതിയെ കണ്ട ശൈവരില്നിന്നും പാദത്തിന്റെ അരികിലിരുന്ന് ദാസ്യവൃത്തിയിലേര്പ്പെടുന്ന ലക്ഷ്മിയെ ആരാധിച്ച വൈഷ്ണവന്റെ കാഴ്ചപ്പാടിലേക്ക് ഇന്ത്യന്‍ സ്ത്രീത്വത്തിന് അധമത്വം പതിച്ചു നല്കി. ഇന്നും നിലനില്‍ക്കുന്ന കന്യകാത്വ/പാതിവൃത്യമളക്കല് ഇതിന്റെയെല്ലാം തുടര്‍ച്ച മാത്രമാണ്. എന്നാല്‍ ബ്രിട്ടീഷ് കാലഘട്ടവും അതേതുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും ഇന്ത്യന്‍ സ്ത്രീ ശാക്തീകരണത്തിന് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. ഇതോടുകൂടി ആരംഭിച്ച പല പ്രസ്ഥാനങ്ങളും സ്ത്രീകളോടുള്ള നിലപാടുകളില്‍ മാറ്റം വരുത്തുന്നതിനും സാമൂഹിക സാമ്പത്തിക തുല്യതക്കായുള്ള താല്പര്യം ജനിപ്പിക്കുന്നതിനും പ്രയത്നിച്ചു. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം തുടര്‍പോരാട്ടങ്ങള്‍ നിലക്കുകയായിരുന്നു. തുടര്‍ന്ന് വന്ന നക്സല്‍ പ്രസ്ഥാനങ്ങള്‍ സ്ത്രീ ശാക്തീകരണത്തില്‍ അധിഷ്ഠിതമായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ ആവിഷ്കരിച്ചു. ഭരണഘടനക്ക് രൂപം നല്കിയ അംബേദ്കറും സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിനായി നിലകൊണ്ടു.
ഇന്ത്യന്‍ സ്ത്രീയെ പലപല കാലഘട്ടങ്ങളിലായി അടയാളപ്പെടുത്തുമ്പോള്‍ സിന്ധു നദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളില്‍ തുടങ്ങേണ്ടതായിവരും. മോഹന്‍ജെദാരോ, ഹാരപ്പന്‍ ഉള്ഖനനങ്ങളിലെ ശേഷിപ്പുകളില്‍ ലഭിച്ച സ്ത്രീരൂപങ്ങള്‍, സിന്ധു നദീതട സംസ്കാരവും സമൂഹവും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പ്രാധാന്യം നല്കിയിരുന്നതിന്റെ തെളിവായാണ് ചരിത്രകാരന്മാര് വിവരിക്കുന്നത്. അന്ന് സ്ത്രീകളുടെ ആത്മാഭിമാനത്തിന് ഉയര്‍ന്ന മൂല്യം ലഭിച്ചിരുന്നതായും പറയപ്പെടുന്നു. തുടര്‍ന്നുവന്ന വേദകാലഘട്ടത്തിന്റെ തുടക്കവും ഒടുക്കവും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നല്കിയ സ്ഥാനം രണ്ടായിരുന്നു. വേദകാലത്തിന്റെ ആരംഭഘട്ടം ഇന്ത്യന്‍ സ്ത്രീയുടെ ഉജ്വല കാലഘട്ടമായാണ് കണക്കാക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് യാതൊരു വിധ ഉപാധികളോ കൂടാതെതന്നെ വിദ്യാപരിചയവും പാണ്ഡിത്യവും നേടുവാന്‍ കഴിഞ്ഞിരുന്നു. മുപ്പതിലധികം ജ്ഞാനികളായ സ്ത്രീകള്‍ വേദ പ്രമാണങ്ങള്‍ക്ക് ബൃഹത്തായ സംഭാവനകള്‍ നല്‍കിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഗാര്‍ഹിയെ പോലെയുള്ള മഹതികള്‍ ജനകസഭയിലടക്കം ഫലവത്തായ യുക്ത്യാനുസൃതമായ വാദപ്രതിവാദങ്ങളിലേര്പ്പെട്ടിരുന്നതായും അതിനായുള്ള അവസരങ്ങള്‍ അവര്‍ക്ക് സമൂഹം നല്‍കിയിരുന്നു എന്നതും ചരിത്രമാണ്. സ്ത്രീകള്‍ക്ക് ബ്രഹ്മവാദിനികളായി സ്വാതന്ത്ര്യത്തിന്റെയും സ്വയാധികാരത്തിന്റെയും വാങ്മയ ചിത്രങ്ങളാകുവാനും സാധിച്ചിരുന്നു. ശൈശവ വിവാഹം സമൂഹത്തില്‍ നിഷിദ്ധമായിരുന്നു എന്നതോടൊപ്പം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏതാണ്ട് പതിനഞ്ചോ പതിനാറോ ആയിരുന്നു. സ്ത്രീകള്‍ക്ക് അനുയോജ്യനായ വരനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്വയംവര രൂപേണ നല്‍കുകയും മാതാപിതാക്കളുടെ സമ്മതമില്ലാതെ തന്നെ നടക്കുന്ന ഗാന്ധര്‍വ വിവാഹങ്ങളും അക്കാലത്ത് സമൂഹത്തില്‍ പതിവായിരുന്നു. മിശ്രവിവാഹിതരെ സമൂഹം അംഗീകരിക്കുമായിരുന്നു എന്നതുപോലെ വേദ കാലഘട്ടത്തിലെ ജനങ്ങള്‍ പെണ്‍കുഞ്ഞുങ്ങളെ അമംഗളമായി കരുതിയിരുന്നില്ല. സ്ത്രീകള്‍ക്ക് സ്വേച്ഛയാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും യുദ്ധങ്ങളില്‍ ഭാഗമാകുവാനുമുള്ള സ്വാതന്ത്ര്യം ഉള്ള ഒരു സമൂഹം ആയിരുന്നു വേദ കാലഘട്ടത്തിന്റെ തുടക്കം.
ഇതിന് വിപരീതമായിരുന്നു ആര്യാധിനിവേശാന്തരമുള്ള വേദകാലഘട്ടത്തിന്റെ അവസാന നാളുകള്‍. അടിമത്ത വ്യവസ്ഥിതിയും ജാതീയമായ വേര്‍തിരിവുകളും ആര്യന് സമൂഹത്തിന്റെ ഭാഗമായപ്പോള്‍ ഋതുമതി ആയതിനുശേഷവും വിവാഹിതയാകാതെ തുടര്‍ന്നിരുന്ന പെണ്‍കുഞ്ഞുങ്ങളെ ശൂദ്രകളായി കാണുവാന്‍ ആര്യന് വ്യവസ്ഥിതി സമൂഹത്തെ ശീലിപ്പിച്ചു. ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസത്തെ പതിയെ വിലകുറച്ചു കാണുകയും കന്യകാത്വവും പാതിവ്രത്യവുമാണ് പുരുഷ ഗര്‍വിന്റെ ആവരണം എന്ന വികല ചിന്ത വളരുകയും ചെയ്തു. വേദകാലഘട്ടത്തിന്റെ അവസാനത്തോടുകൂടി സല്പുത്ര ജനനം ജീവിതത്തിന്റെ അത്യന്താപേക്ഷിത ഘടകമാവുകയും സ്ത്രീധന സമ്പ്രദായം പെണ്‍കുഞ്ഞുങ്ങളെ നിഷ്ഫലതയോ ശാപമോ ആക്കി മാറ്റുകയും ചെയ്തു. മോക്ഷപ്രാപ്തിക്കായി ഒരു സല്പുത്രനെ നല്‍കുക എന്ന രൂപത്തില്‍ ബഹുഭാര്യത്വം സമൂഹത്തിന് അലങ്കാരമാവുകയും പെണ്‍കുഞ്ഞുങ്ങളാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പെണ്‍ഭ്രൂണഹത്യക്ക് മൂലഹേതുവായി തീരുകയും ചെയ്തു. ചുരുക്കത്തില്‍ വേദ കാലഘട്ടത്തിന്റെ അവസാനത്തോട് കൂടി സ്ത്രീകള്‍ ഭൗതികമായും ശാരീരികമായും വികാരപരമായും പുരുഷന് പിന്നിലേക്ക് തഴയപ്പെട്ടു.
തുടര്‍ന്ന് വന്ന സ്മൃതി കാലഘട്ടത്തില്‍ സ്ത്രീത്വവും സ്ത്രീ പ്രാതിനിധ്യവുമെല്ലാം പഴയതിന്റെ തുടര്‍ച്ച മാത്രമായി മാറുകയാണുണ്ടായത്. ഗൗതമ മഹര്‍ഷി എഴുതിയ ധര്‍മശാസ്ത്രം വിവാഹത്തെ സാമൂഹികാനുകൂല്യങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള വ്യക്തി സ്വാതന്ത്ര്യമായി പരിമിതപ്പെടുത്തുകയും ഒരേ ജാതിയില്‍ നിന്നുള്ള വിവാഹത്തെ ശ്രേഷ്ഠമായി കണക്കാക്കുകയും ചെയ്തു. സ്മൃതി കാലഘട്ടം സ്ത്രീകളോട് തങ്ങളുടെ ഭര്‍ത്താവിനോടുള്ള നിര്‍ബന്ധിത പാതിവ്രത്യത്തിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. അല്ലാത്ത പക്ഷം ഭര്‍ത്താവിന്റെ കോപത്തിനും ശാപത്തിനും ഇരയായി തീരേണ്ടവളാണ് എന്ന ചിന്ത അവളില്‍ ഊട്ടിയുറപ്പിച്ചു. മനുസ്മൃതിയും യാജ്ഞവല്ക്യ സ്മൃതിയുമെല്ലാം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അറ്റുപോകലിന് ഒരുപരിധി വരെ കാരണമായിത്തീര്‍ന്നു. ഇതില്തന്നെയും മനുസ്മൃതി സ്ത്രീ ജന്മോദേശ്യത്തെ സല്പുത്ര ജനനത്തിന് മാത്രമായുള്ള സൃഷ്ടിയായാണ് വിവരിച്ചത്. അവളുടെ ജ്ഞാന സമ്പാദനത്തെ നിഷേധിക്കുകയും നിരോധിക്കുകയും ചെയ്തതോടൊപ്പം അവളുടെ എല്ലാ കാലഘട്ടത്തിലെയും രക്ഷാകര്‍തൃത്വം പുരുഷന്റെ കൈകളില്‍ ഭദ്രമാക്കുക എന്ന വ്യാജേന ആണ്‍കോയ്മയിലേക്ക് സ്ത്രീ പ്രാതിനിധ്യത്തെ ചുരുക്കി. മനുസ്മൃതി പ്രകാരം സ്ത്രീകള്‍ പുരുഷന്മാരുടെ പൂര്‍ണമായ നിയന്ത്രണത്തിനും അധികാരത്തിനും വിധേയമാവേണ്ടവരായിരുന്നു എന്നതിനാല്‍ സ്ത്രീകളുടെ വിവാഹം നിര്‍ബന്ധിതമാക്കി സ്വാതന്ത്ര്യം അവളില്‍ നിന്ന് പിടിച്ചുപറിക്കപ്പെടുകയും അവളെ ഭോഗേച്ചയുള്ള ആണിനെ വശീകരിക്കാനായി ജനിച്ചവളായി കരുതിപ്പോകും വിധം സാമൂഹിക ചിന്തകളെ വികലമാക്കുകയും ചെയ്തു. ആര്‍ത്തവാരംഭത്തിന് മുമ്പുള്ള വിവാഹം സര്‍വ സാധാരണമാകുന്നതിന് ഇത്തരം ചിന്തകള്‍ കാണമായിത്തീരുകയും ചെയ്തു. ഇത് പൂര്‍ണമായും സ്ത്രീ വിദ്യാഭ്യാസത്തെ നിഷേധിക്കുകയും അവരെ ഗാര്‍ഹിക വൃത്തികളുടെയും കുടുംബസംരക്ഷണത്തിന്റെയും കാവലാളാക്കി മാറ്റുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മനുസ്മൃതി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ പതനത്തിന് ഹേതുവായിത്തീരുകയാണ് ചെയ്തത്.
ഇതില്‍ നിന്നും ഒട്ടും വിപരീതമായിരുന്നില്ല ഇതിഹാസ കാലഘട്ടം. രാമായണവും മഹാഭാരതവുമെല്ലാം വിവരിക്കുന്ന സ്ത്രീ ചിത്രങ്ങളില്‍ കുലീനത്വവും ആത്മാഭിമാനവുമുള്ള പതിവ്രതകളായ സ്ത്രീകള്‍ക്കൊപ്പം ചഞ്ചലചിത്തയായ, അസൂയാലുക്കളായ അധികാരമോഹികളായ സ്ത്രീകളും നിറഞ്ഞുനില്ക്കുന്നു. അതോടൊപ്പം തന്നെ ഗാര്‍ഹികമായ തിരഞ്ഞെടുപ്പുകളില്‍ മാത്രം സ്ത്രീകളുടെ അഭിപ്രായം ആരായുന്ന ഒരു സമൂഹത്തിന്റെ പ്രതിബിംബവും തെളിഞ്ഞുകാണുന്നുണ്ട്. രാമായണത്തില്‍ ബഹുഭാര്യത്വത്തിന് എതിരെയുള്ള സാമൂഹിക നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന നായകനായ രാമന് തന്നെ തനിക്ക് മുന്നില്‍ മാത്രമല്ല താനുള്‍പ്പെടുന്ന സമൂഹത്തിനു മുന്നില്‍ പോലും സ്ത്രീ ചാരിത്ര്യശുദ്ധിയായി ഇരിക്കേണ്ടവളാണ് എന്നും അല്ലാത്തപക്ഷം അവള് പൂര്‍ണ ഗര്‍ഭിണിയോ അഭയമറ്റവളോ ആണെന്നിരിക്കലും അവളെ പരിത്യജിക്കാവുന്നതാണെന്നുമുള്ള സന്ദേശം സമൂഹത്തിന് നല്കുന്നു. നായകനായ രാമന് വേണ്ടിയും വില്ലനായ രാവണനു വേണ്ടിയും ഗ്രന്ഥകര്‍ത്താവ് കരുതിവെച്ചത് കുലീനത്വമുള്ള പതിവ്രതകളായ സീതയെയും മണ്ഡോതരിയെയുമാണ് എന്നതൊരു വിരോധാഭാസമായി കാണുവാനും സാധിക്കയില്ല. മഹാഭാരതം പ്രമുഖമാക്കുന്നത് മാതൃത്വം എന്ന സ്ത്രീ ഭാവത്തെയാണ്. എന്നിരുന്നാലും ഹീനമായ പ്രവൃത്തികളുടെ എല്ലാ മൂലകാരണമായും മഹാഭാരതം സ്ത്രീയെ വരച്ചുകാണിക്കുന്നു. സ്ത്രീ ശരീരത്തില്‍ അടിപതറിപ്പോകുന്ന പുരുഷന് പ്രലോഭനങ്ങളെ ചെറുക്കാനുള്ള കഴിവില്ലായ്മയെ മറക്കുന്നതിനായി സ്ത്രീകളുടെ മാനസിക ദൃഢതയെ അവഗണിക്കാന്‍ രാമായണ മഹാഭാരതോതിഹാസങ്ങള്ക്ക് കഴിഞ്ഞു. ബഹുഭാര്യത്വത്തെയും ബഹുഭര്‍തൃത്വത്തെയും നിയോഗം മൂലമുള്ള സദ്പുത്ര ജനനത്തെയുമെല്ലാം ജനമനസ്സുകളിലേക്ക് ആഴത്തില്‍ പതിപ്പിച്ചതൊരു പരിധിവരെ ഇത്തരം ഇതിഹാസങ്ങള്‍ തന്നെയാവാം.
സ്ത്രീകള്‍ക്ക് സന്യാസിനിമാരായി ബുദ്ധവിഹാരങ്ങളില്‍ താമസിക്കുന്നതിനും മോക്ഷ പ്രാപ്തി നേടാനും അനുവാദം നല്‍കുക വഴി ബുദ്ധ കാലഘട്ടം വ്യത്യസ്തമാകുന്നു. സ്വപത്നിയെപ്പോലും ഉപേക്ഷിച്ച് ഇരുട്ടിലൂടെ വെളിച്ചം തേടിയിറങ്ങിയ വൈരുധ്യം നിറഞ്ഞ സമസ്യയില്‍ ജീവിച്ച ബുദ്ധന്റെ കാഴ്ചപ്പാടും സ്ത്രീ പ്രാതിനിധ്യം മാത്രം മതി, പ്രാധാന്യത്തിന്റെ ആവശ്യമില്ല എന്ന വാദത്തില്‍ അധിഷ്ഠിതമാണ്. എങ്കിലും സ്ത്രീ വിദ്യാഭ്യാസവും അവര്‍ക്ക് സമൂഹത്തില്‍ നല്കിയ പ്രാധാന്യവും ബുദ്ധ കാലഘട്ടത്തില്‍ നഗര വധുക്കളായി ആഘോഷിക്കപ്പെട്ടിരുന്ന അമ്രപാലിയെപ്പോലുള്ള പലരും ബുദ്ധമതം സ്വീകരിക്കുന്നതിനിടയാക്കി. സംഘമിത്രയെപ്പോലെ ഉന്നതകുലജാതരായി സമൂഹം കല്പിച്ചിരുന്ന സ്ത്രീകള്‍ കടല്‍ കടന്നുപോയി ബുദ്ധമതം പ്രചരിപ്പിച്ചു എന്നത് തന്നെ സ്ത്രീ ശാക്തീകരണം ബുദ്ധമതം പ്രബലമായ കാലഘട്ടത്തില്‍ ചെറുതായെങ്കിലും അംഗീകരിച്ചിരുന്നു എന്ന് കാണിക്കുന്നുണ്ട്. ബഹുഭാര്യത്വം പ്രഥമ ഭാര്യയുടെ സമ്മതത്താല്‍ മാത്രം സാധ്യമായിരുന്ന ഒന്നായി കണ്ട ബുദ്ധിസം, സദ്പുത്ര ജനനത്തിലൂടെയല്ല താന്താങ്ങളുടെ കര്മങ്ങളിലൂടെ മാത്രം പ്രാപ്തമായ ഒന്നായി മാത്രം മോക്ഷ പ്രാപ്തിയെ തിരിച്ചറിയുകയും ആണ്-പെണ്ണ് വേര്‍തിരിവിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രം വിവാഹം എന്ന തത്വത്തില്‍ അധിഷ്ഠിതമായ ഈ സംസ്കാരം വിധവാ വിവാഹത്തെയും പുനര്‍ വിവാഹത്തെയും അളവറ്റ് ന്യായീകരിക്കുകയും ചെയ്തുപോന്നു. ഇതുപോലെ പെണ്ശിശുഹത്യയോടുള്ള എതിര്‍പ്പും ആ കാലഘട്ടം പ്രകടമാക്കി. മേല്പറഞ്ഞ കാരണങ്ങള്‍ എല്ലാം തന്നെയും ഹിന്ദു മത ആചാരാനുഷ്ഠാനങ്ങളില്‍നിന്ന് ബുദ്ധ മതത്തെ വ്യത്യസ്ഥമാക്കുകയും ബുദ്ധമതത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ ന്യായീകരിക്കുകയും ചെയ്തു.
പ്രത്യക്ഷേണ വിഭിന്നമായ കാഴ്ചപ്പാടുകള്‍ ഹിന്ദു മുസ്ലിം മത സംസ്കാരങ്ങളില്‍ പ്രകടമാകുന്നു എങ്കിലും സ്ത്രീ ജീവിതങ്ങള്‍ രണ്ടുമതസമൂഹങ്ങളിലും ഒരുപോലെ പ്രശ്നവത്കരിക്കപ്പെടുന്നുണ്ട്. ശരീഅത്ത് നിയമങ്ങളില്‍ അധിഷ്ഠിതമായ മുസ്ലിം സ്ത്രീ ജീവിതത്തില്‍ പര്‍ദ വ്യവസ്ഥിതി നിലവിലുണ്ട്. വിധവാ വിവാഹത്തെയും വിവാഹമോചനത്തെയും പിന്താങ്ങുന്ന മുസ്ലിം സമൂഹത്തില്‍ വിവാഹത്തിലും അനുബന്ധ വിഷയങ്ങളിലും സ്ത്രീ പ്രാതിനിധ്യം എത്രത്തോളം ഉണ്ട് എന്നത് പരിശോധിക്കപ്പെടണം. അടുക്കളയിലും പര്ദക്കുള്ളിലുമായി മുസ്ലിം സ്ത്രീ ജീവിതം ഒതുങ്ങിയെന്ന ആരോപണം മുസ്ലിം സമൂഹത്തിന്നെതിരെയുന്നയിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കുറവ് സാമൂഹികമായി അവരെ പിന്നോട്ടടിപ്പിച്ചു എന്ന മുറവിളിയും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. മുഗള്‍ കാലഘട്ടത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനവും യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമൊടുവില്‍ സ്ത്രീകള്‍ നേരിടേണ്ടി വന്ന അപചയവും ജോഹറും(സതി പോലുള്ള ആചാരം), ബഹുഭാര്യത്വവും, മൂടുപട വ്യവസ്ഥിതിയും ശൈശവ വിവാഹം, ഇത്യാദികളായ പലവിധ സാമൂഹിക ദൂരാചാരങ്ങളും ഹിന്ദുമതത്തിലേത് പോലെ മുസ്ലിം സമൂഹത്തിലും പ്രകടമായി.
മധ്യകാലഘട്ടത്തിലെ മുസ്ലിം മേല്കോയ്മയും ബ്രാഹ്മണ്യത്തിന്റെ യാഥാസ്ഥിതിക നിലപാടുകളും ഭക്തിയുഗത്തിന്റെ ഉയര്‍ച്ചയിലേക്ക് സമൂഹത്തെ നയിക്കുകയാണുണ്ടായത്. ഹിന്ദു സ്ത്രീകളുടെ ഉന്നമനത്തിന് പങ്ക് വഹിച്ച പ്രധാന കാലഘട്ടങ്ങളിലൊന്നായി തീര്‍ന്നു ഭക്തിയുഗം. ദക്ഷിണേന്ത്യയില്‍പോലും വേരുകളുണ്ടായിരുന്ന ഭക്തിയുഗത്തില് മീരാഭായ്, ശുകുഭായ്, വിഷ്ണുപ്രിയ തുടങ്ങിയ നിരവധി സ്ത്രീകള്‍ ഭക്ത്യാരാധന സമ്പ്രദായത്തിന്റെ വക്താക്കളായി സന്യാസം സ്വീകരിച്ചിരുന്നു.
തുടര്‍ന്ന് വന്ന നവോത്ഥാന പരിശ്രമങ്ങളും ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരത്തിലേക്കും ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്ന സ്ത്രീ മുന്നേറ്റങ്ങളിലേക്കും വെളിച്ചം വിതറുകയും മഹിളാ പ്രസ്ഥാനങ്ങളെ ശക്തമാക്കുകയും ചെയ്തു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കി മിഷണറിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മതപരിവര്‍ത്തനമെന്ന ഗൂഢോദ്ദേശ്യമുണ്ടായിരുന്നു. എങ്കില്‍കൂടിയും സമൂഹത്തിലെ താഴെക്കിടയിലെ സ്ത്രീകള്‍ അനുഭവിച്ചിരുന്ന പല മൂല്യ ശോഷണങ്ങള്‍ക്കും തടയിടുവാന്‍ ഇവര്‍ക്ക് സാധിച്ചു. സ്ത്രീ ശാക്തീകരണത്തിന് മാര്‍ഗദീപമായി പണ്ഡിറ്റ് രമാഭായി, സിസ്റ്റര്‍ നിവേദിത തുടങ്ങി വനിതകളുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും ഇതിലേക്കായുള്ള ആദ്യ വെളിച്ചം തെളിച്ചത് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായ രാജാറാം മോഹന്‍ റോയ് തന്നെയാണ്. തുടര്‍ന്ന് ദേബെന്ദ്രനാഥ് ടാഗോറും വിദ്യാസാഗറും രബീന്ദ്രനാഥ ടാഗോറും മാധവ് ദേവ് ഗോവിന്ദ രാണ്ടെയും ദയാനന്ദ സരസ്വതിയുമെല്ലാം സമൂഹത്തില്‍ സ്ത്രീകള്‍ക്കിടയില്‍ നിലനിന്നിരുന്ന പലവിധ അനാചാരങ്ങളുടെ ഉന്മൂലനത്തിനായും സ്ത്രീ വിദ്യാഭ്യാസത്തിനായും അഹോരാത്രം പരിശ്രമിക്കുകയും പല അനാചാരങ്ങളും നിയമം മൂലം നിര്‍ത്തലാക്കുകയും ചെയ്തു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങളുടെ അഭാവത്തില്‍ ആ മുന്നേറ്റം നിലച്ചുപോയി. പിന്നീട് ഒറ്റക്കും കൂട്ടായും മേധാപട്കര്‍, വന്ദനാശിവ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചില സ്ത്രീ മുന്നേറ്റങ്ങളുണ്ടായെങ്കിലും അവയ്ക്കൊന്നും രാജ്യവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.
പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിനുമുന്നില്‍ ഇന്നും ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ ഭക്തിയുടെ പേരില്‍ കുലീനത്വത്തിന്റെ പേരില്‍ സമൂഹത്തോടുള്ള ഭയത്തിന്റെ പേരില്‍ പിന്തിരിഞ്ഞു നില്ക്കുന്ന സ്ത്രീ സമൂഹമാണ് ഇന്ത്യയിലൊട്ടാകെ. ഇന്നീ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യന്‍ സ്ത്രീകള്‍ പെരുവഴിയില്‍ സുരക്ഷിതമായി നടക്കാനുള്ള അവകാശത്തിനായും വീടുകളിലും തൊഴിലിടങ്ങളിലും ലഭിക്കേണ്ടുന്ന തുല്യ നീതിക്കായും അധികാരസ്ഥാനങ്ങളില്‍ തുല്യ പ്രാതിനിധ്യത്തിനായും ശബ്ദിക്കേണ്ടിവരുന്നു. ആര്യന് മേല്‍ക്കോയ്മ തുടങ്ങിവെച്ച ധര്മത്തില് അധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ ഇന്നും സ്ത്രീ സ്വാതന്ത്ര്യം എന്താണെന്നും ആരില്‍നിന്നുമാണ് സുരക്ഷ നേടേണ്ടതെന്നും ഏതു തരം ശാക്തീകരണമാണ് ആവശ്യമെന്നും തിരിച്ചറിയാതെയും കപട സദാചാര ബോധങ്ങളുടെ പുറന്തോട് പൊളിച്ച് പുറത്ത് കടക്കാനാവാതെയും നില്‍ക്കുകയാണ്. നേതൃപാടവത്തിന്റെ അഭാവവും അബദ്ധധാരണകളും ഇന്നും ഇന്ത്യന്‍ സ്ത്രീയെ ആദി ശക്തിയെ പ്രാര്‍ത്ഥിച്ചു ഭര്‍തൃ പരിചരണം ജീവിത വ്രതമായി കരുതി ഉണ്ടുറങ്ങി ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവളാക്കുന്നു.
ജയശ്രീ കുനിയത്ത്
അധിക വായനക്ക്
1) Article – social change – title : social development perspective for 7th plan june 1984 – vol : 14 no :2 council of social development
2) Empowerment of women – N.S. Nagar – vista international publishing house, 2008, ISBN- 978-81-907117-8-4
3) Indian women’s movement reform and revival – Maitrayee chaudhuri – 1993 Radiant publishers ISBN – 81-7027-163-2
4) Indian women’s movements reform and revival – Mitrayee Chaudhri – Rdiant Publishers 1993 – ISBN – 8-7027-63-2
5) Role of socio economic conditions on empowerment of women – Priyadarshini Goutam- Swastika Publications – 2016 ISBN- 978-93-83762-9-4
6) Symbols of power- studies on the political status of women in India -(Kerala) lucy Jacob – page 226 – 245 – allied publishers private limited – 1979
7) Women in Buddhist tradition -gupta – cyber tech publications, 2009
8) Women in India past and present : Neelam Upadhyay and Rekha Pandey – Charu Publications 1990 ISBN : 8-85076
9) Women status and empowerment in India – shyam karthik …, pradeep kumar ,,, new century publications, 2012, ISBN- 978-81-7708-313-2
10) Women’s status in India and empowering them through education – Dr. bijayalaxmi praharaj – abhijeet publications 2010 ISBN – 978-93-80031-43-9
You must be logged in to post a comment Login