ഒരു ദിവസം പത്താം തരത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയേയും കൊണ്ട് രക്ഷിതാക്കള്‍ ആശുപത്രിയില്‍ വന്നു. ഇടക്കിടെ ബോധംകെട്ടു വീഴുന്നു എന്നതാണ് പ്രശ്‌നം. ശാരീരികമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനാലാണ് ഒരു സൈകാട്രിസ്റ്റിനെ കാണാമെന്ന തീരുമാനത്തിലേക്ക് അവരെത്തിയത്. അപസ്മാരമാണെന്നും പിശാചുബാധയാണെന്നുമെല്ലാം കരുതി മന്ത്രവും മന്ത്രവാദവും ഇതിനിടക്ക് പരീക്ഷിച്ചിട്ടുണ്ട്. അതൊന്നും ഫലംകാണാതെ വന്നതിനാലാണ് അവരിടെയെത്തിയിരിക്കുന്നത്. ഞാനവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പഠിക്കാന്‍ മിടുക്കിയാണ് വന്ന പെണ്‍കുട്ടി. കുടുംബത്തിന്റെ നല്ല സ്‌നേഹവും പഠനത്തിനാവശ്യമായ പിന്തുണയും അവളനുഭവിക്കുന്നുണ്ട്. ഓരോ കാര്യവും ചോദിച്ചറിഞ്ഞപ്പോള്‍ എനിക്ക് കാര്യം മനസിലായി. പത്താം തരത്തിലെ പബ്ലിക്ക് പരീക്ഷയെ കുറിച്ചുള്ള ആധി പെരുത്തതാണ്. ഞാനവള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കി. പരീക്ഷയെ ടെന്‍ഷനില്ലാതെ അഭിമുഖീകരിക്കാനുള്ള ചില മാര്‍ഗങ്ങളും പറഞ്ഞുകൊടുത്തു. അതോടെ അവളുടെ അസുഖം പകുതിയും സുഖപ്പെട്ട് കഴിഞ്ഞിരുന്നു.
പരീക്ഷാപേടി എന്നത് ശരിക്കും പറഞ്ഞാല്‍ ഒരു തരം വിഡ്ഢിത്തമാണ്. കുറ്റിപ്പുറം ടൗണില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് തൃശൂരില്‍ പോകണം. ഒരു ബസ് അരികില്‍ വന്നു നിറുത്തി. കയറാനൊരുങ്ങിയതാണ് പക്ഷേ കയറിയില്ല. കയറാനൊരുങ്ങിയപ്പോള്‍ ഒരു പേടി, കുറ്റിപ്പുറം പാലം തകര്‍ന്ന് ബസ് പുഴയില്‍ വീണാലോ? അടുത്ത ബസ് വന്നപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. വൈകുന്നേരം വരെ ഇതു തന്നെ തുടര്‍ന്നു. ഈ യാത്രക്കാരനെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്? ഇതു തന്നെയാണ് പരീക്ഷാ പേടിയെ കുറിച്ചും പറയാനുള്ളത്. പുഴയില്‍ വീഴുമെന്ന് കരുതി ബസിനെ ഭയക്കുന്നത് പോലെ തന്നെയാണ് തോല്‍ക്കുമെന്ന് കരുതി പരീക്ഷയെ ഭയക്കുന്നത്. വീഴില്ല, വീണാല്‍ തന്നെ ചിലപ്പോള്‍ നടന്നു കയറാനുള്ള വെള്ളമേ കാണൂ. അല്ലെങ്കില്‍ നീന്തിക്കയറാം. അതും നടന്നില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായമുണ്ടാകും. അങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിലേ ആളപായമുണ്ടാകുകയുളളൂ. ഇതു തന്നെയാണ് പരീക്ഷയുടെയും കാര്യം.തോല്‍ക്കില്ല, തോറ്റാല്‍ തന്നെ അതുകൊണ്ട് എല്ലാം അവസാനിക്കുമോ? നമുക്ക് നീന്തിക്കയറാം. വസ്ത്രം മാറ്റി വന്ന് അടുത്ത ബസിനു കയറാം.
പരീക്ഷാപേടി (Examphobia) എന്നാണ് ഈ അസ്വസ്ഥതയെ കുറിച്ച് പറയാറുള്ളത്. യഥാര്‍ഥത്തില്‍ ഇത് ഭയം (fear) അല്ല. ഉത്കണ്ഠ(anxiety)യാണ്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ശരീരത്തിന് പുറത്തുള്ള, നാമുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള, ഒരു കാര്യത്തോട് തോന്നുന്ന അസ്വസ്ഥതയാണ് ഭയം. വീട്ടില്‍ നിന്ന് ജനല്‍ പഴുതിലൂടെ നോക്കുമ്പോള്‍ മാരകായുധവുമായി ഒരു കള്ളന്‍ പുറത്ത് നില്‍ക്കുന്നു. ആ കള്ളനോട് തോന്നുന്ന അസ്വസ്ഥതയാണ് ഭയം. ഇവിടെ അസ്വസ്ഥയുണ്ടാകാന്‍ കാരണമുണ്ട്. എന്നാല്‍ ഉത്കണ്ഠയുടെ കാര്യമിങ്ങനെയല്ല. മനസിന്റെ ഉള്ളില്‍ നിന്നും ഉടലെടുക്കുന്ന, അവ്യക്തമായ, നാമുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത കാര്യങ്ങളെ ചൊല്ലിയുള്ള അസ്വസ്ഥതകളാണ് ഉത്കണ്ഠ. പരീക്ഷാപേടിയുടെ തന്നെ കാര്യമെടുക്കാം. പരീക്ഷ നമ്മെ അക്രമിക്കാന്‍ കാത്തിരിക്കുകയല്ല. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല. എന്തിനെയാണ് ഭയക്കുന്നത് എന്നാലോചിച്ചാല്‍ പോലും വ്യക്തമായ ഉത്തരമുണ്ടാകില്ല. ഒരു കാര്യവുമില്ലാതെ വിളിച്ചു വരുത്തുന്ന അസ്വസ്ഥതയാണിത്.
തലവേദന, നെഞ്ചിടിപ്പ് കൂടുക, ശ്വാസം മുട്ടുക, ഇടക്കിടെ നെടുവീര്‍പ്പിടുക, കൈകാലുകള്‍ വിറക്കുക തുടങ്ങിയവയാണ് പരീക്ഷാപ്പേടിയുള്ളവരില്‍ സാധാരണയായി കാണപ്പെടുന്ന അസ്വസ്ഥതകള്‍. നല്ല മുന്നൊരുക്കവും റിലാക്‌സേഷന്‍ വ്യായാമങ്ങളും ഉപയോഗിച്ച് ഈ അസ്വസ്ഥതകളെ മറികടക്കാകുന്നതേയുള്ളു.
കൃത്യമായ തയാറെടുപ്പ്
എല്ലാ വര്‍ഷവും പരീക്ഷയുണ്ടാകും എന്നുറപ്പാണ്. പരീക്ഷയില്ലാതെ അടുത്ത ഘട്ടത്തിലേക്ക് പോകുക എന്നത് നിലവിലുള്ള സാഹചര്യത്തില്‍ അസാധ്യവുമാണ്. അതിനാല്‍ തുടക്കം മുതലേ കൃത്യമായ പഠനവും തയാറെടുപ്പുമുണ്ടാകണം. പരീക്ഷയടുത്ത ഈ സമയത്ത് ഇനി അതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് മനസില്‍ തോന്നുന്നുണ്ടാകും. പരിമിതമായ ദിവസങ്ങളാണെങ്കിലും ആസൂത്രണം ചെയ്ത് ഉപയോഗപ്പെടുത്താന്‍ ഇനിയും സമയമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതാണെന്ന് നിര്‍ണയിച്ച് പഠിക്കുകയും മുന്‍കാല ചോദ്യപേപ്പറുകള്‍ ധാരാളമായി കണ്ടെത്തി ഉത്തരമെഴുതാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.
ശ്വസനവ്യായാമങ്ങള്‍
വിവിധ തരം ശ്വസനവ്യായാമങ്ങള്‍ ടെന്‍ഷന്‍ കുറക്കാന്‍ സഹായിക്കും. ഒരു കസേരയില്‍ കണ്ണടച്ച് നിവര്‍ന്നിരിക്കുക. കൈകള്‍ മടിയില്‍ വെച്ച് കാല്‍പാദങ്ങള്‍ ചേര്‍ത്തുവെക്കുക. ശേഷം ശ്വാസം ദീര്‍ഘമായി രണ്ടു മൂക്കിലൂടെയും അകത്തേക്കു വലിക്കാം. പിന്നെ വളരെ സാവധാനം ശ്വാസം പുറത്തേക്കു വിടാം. ഇരുപത് തവണ ഇത് ആവര്‍ത്തിക്കുക. ഇങ്ങനെ രാവിലെ ഉണര്‍ന്ന ഉടനെയും രാത്രി ഉറങ്ങുന്നതിന് മുന്നെയും പതിവാക്കാം. പരീക്ഷയുടെ തൊട്ടു മുമ്പുള്ള ആഴ്ചയില്‍ ഓരോ മണിക്കൂറിലും പത്തു തവണ വീതം ഇതാവര്‍ത്തിക്കാം. വേറെയും ശ്വസനവ്യായാമങ്ങളുണ്ട്. വിദഗ്ധരുടെ നിര്‍ദേശാനുസരണം ശീലമാക്കാം.
ദൃശ്യവത്കരണം
പരീക്ഷ ഒരു ഭീകര സംഭവമാണെന്ന മുന്‍വിധിയാണ് എല്ലാ പരീക്ഷാപേടിയുടെയും പ്രധാനപ്പെട്ട ഒരു കാരണം. പരിചയക്കുറവാണ് അതിന്റെ ഒരു പ്രധാന കാരണം. ഈ ടെന്‍ഷനെ അതിജയിക്കാന്‍ പല വഴികളുമുണ്ട്. സ്‌കൂളുകളില്‍ നടക്കുന്ന മോഡല്‍ പരീക്ഷകളും വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന മാതൃകാപരീക്ഷകളും അറ്റന്റ് ചെയ്യുക എന്നത് പ്രധാനമാണ്.
കൂടാതെ സര്‍ഗാത്മക ദൃശ്യവത്കരണം (creative visualisation) എന്ന മനഃശാസ്ത്ര ചികിത്സയും ഈ പ്രതിസന്ധിയെ നേരിടാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. മറ്റാരുടെയും ശല്യമില്ലാത്ത ഒരിടത്ത് മൊബൈല്‍ ഫോണ്‍ പോലെയുള്ളവ നിശ്ചലമാക്കി കണ്ണടച്ചു മലര്‍ന്ന് കിടക്കുക. ശേഷം വളരെ ആഹ്ലാദത്തോടെ പരീക്ഷാഹാളിലേക്ക് കടന്നുചെല്ലുന്നതായി സങ്കല്‍പിക്കുക. പരീക്ഷാഹാളിലിരിക്കുന്നു. സൂപ്പര്‍വൈസര്‍ വരുന്നു. ചോദ്യപേപ്പര്‍ നല്‍കുന്നു. നിങ്ങള്‍ പരിശോധിക്കുമ്പോള്‍ വളരെ എളുപ്പമുള്ള ചോദ്യങ്ങള്‍ മാത്രം കാണുന്നു. സന്തോഷത്തോടെ മികച്ച രീതിയില്‍ ഉത്തരങ്ങളെഴുതി തിരിച്ചു വരുന്നു. ഇതെല്ലാം മനസില്‍ കാണുക. ഇങ്ങനെ എല്ലാ ദിവസവും ഉറങ്ങാന്‍ സമയത്ത് പതിവാക്കുക. പരീക്ഷാപേടി പടിയിറങ്ങിപ്പോകും.
പരീക്ഷാകാലത്തെ ഭക്ഷണക്രമം
പരീക്ഷാകാലത്തെ ഭക്ഷണക്രമം പ്രധാനമാണ്. ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും കൃത്യമായ ഭക്ഷണശീലം കൂടിയേ തീരൂ. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണമാണ്. തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം പ്രധാനമായും പ്രഭാതഭക്ഷണത്തില്‍ നിന്നാണ് ശേഖരിക്കപ്പെടുന്നത്. ഒരു കാരണവശാലും പ്രാതല്‍ കഴിക്കാതിരിക്കരുത്. ഭക്ഷണം ഒഴിവാക്കിയാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കുറയുന്ന ‘ഹൈപ്പോഗ്ലൈസീമിയ’ എന്ന അവസ്ഥയുണ്ടാകും. ഇത് ഉത്കണ്ഠ വര്‍ധിക്കാന്‍ ഇടവരുത്തും. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഗ്ലൂക്കോസിന്റെ അഭാവം ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് പോലെയുള്ള പ്രയാസങ്ങള്‍ വരുത്തിവക്കും.
പഠനത്തിനിടക്ക് ഇടക്കിടെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളും നാരുള്ള പദാര്‍ഥങ്ങളുമാണ് ഏറ്റവും അനുയോജ്യം. പൂര്‍ണധാന്യാഹാരം, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയൊക്കെ പരീക്ഷാ കാലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മാംസ്യത്തിന്റെ ഘടകങ്ങളും ആവശ്യാനുസരണം കഴിക്കണം. മധുരം വളരെയധികമുള്ള ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും പരീക്ഷാ കാലത്ത് ഒഴിവാക്കുകയാണ് നല്ലത്. ചായയും കാപ്പിയും കുറക്കേണ്ട പാനീയങ്ങളാണ്. ഉറക്കം വരാതിരിക്കാന്‍ ഇടക്കിടെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുണ്ട് പലര്‍ക്കും. ഈ പാനീയങ്ങളിലടങ്ങിയിട്ടുള്ള കഫീന്‍ (Coffeine), തിയോഫിലിന്‍ (Thephylline) തുടങ്ങിയ പദാര്‍ഥങ്ങള്‍ക്ക് മസ്തിഷ്‌കം ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട് എന്നത് ശരി തന്നെയാണ്. എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ഈ ഉത്തേജകപദാര്‍ഥങ്ങള്‍ നെഞ്ചിടിപ്പ്, വെപ്രാളം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടാക്കും. ആത്യന്തികമായി അത് ഉത്കണ്ഠക്ക് കാരണമാകും. പരീക്ഷാ കാലത്ത് നന്നായി വെള്ളം കുടിക്കലും അനിവാര്യമാണ്.
രക്ഷിതാവ് പാരയാകരുത്
വിദ്യാര്‍ത്ഥികളെക്കാള്‍ ഉത്കണ്ഠയാണ് ചില രക്ഷിതാക്കള്‍ക്ക്. അവര്‍ വിടാതെ കുട്ടികളെ പിന്തുടരുകയും ചില കമന്റുകള്‍ പാസാക്കുകയും ചെയ്യും. ‘നീയിങ്ങനെ കളിച്ചു നടന്നാല്‍ പരീക്ഷയുടെ കാര്യം കഷ്ടമായിരിക്കും…’, ‘പരീക്ഷ തോറ്റിങ്ങ് വാ, ഞാന്‍ ശരിയാക്കിത്തരാം’ തുടങ്ങിയ രക്ഷിതാക്കളുടെ സംസാരങ്ങള്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് നെഗറ്റീവ് സ്‌ട്രോക്കാണ് നല്‍കുന്നത്. മറ്റ് വിദ്യാര്‍ത്ഥികളോട് താരതമ്യം ചെയ്ത് പറയുക എന്നത് മിക്ക രക്ഷിതാക്കളുടെയും ശീലമാണ്. ഇത് ഒരു കുട്ടിയും ഇഷ്ടപ്പെടുന്നില്ല. രക്ഷിതാക്കള്‍ സദുദ്ദേശ്യപൂര്‍വം ചെയ്യുന്ന ഇത്തരം ചില കാര്യങ്ങള്‍ ശരിക്കും പറഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച പാരകളായി മാറുന്നു എന്നതാണ് ശരി.
ഡോ. നൂറുദ്ദീന്‍ റാസി
You must be logged in to post a comment Login