ചിലര്‍ ചിലരെക്കാള്‍ ശ്രേഷ്ഠരും ഉന്നതരുമാണിവിടെ. നന്മ തിന്മകളുടെ മാനദണ്ഡമല്ല ഇവിടത്തെ ഔന്നത്യത്തിന്റെ കാരണം. എന്നാല്‍ നന്മകളുടെ പേരില്‍ സ്ഥാനവും പദവിയും നല്‍കപ്പെടുന്ന പരലോകത്ത് ചിലര്‍ ശ്രേഷ്ഠപദവിയിലെത്തുന്നത് അനുഗ്രഹം തന്നെയാണ്. ‘ഇവിടെ നാം ചിലരെ മറ്റുചിലരെക്കാള്‍ ഏതുവിധമാണ് ശ്രേഷ്ഠരാക്കിയതെന്ന് നോക്കൂ. എന്നാല്‍ ഏറ്റം മഹിതമായ പദവിയും ഏറ്റം ഉല്‍കൃഷ്ടമായ അവസ്ഥയുമുള്ളത് പരലോക ജീവിതത്തിലാണ്. (സൂറത്തുല്‍ ഇസ്‌റാഅ്).
പദവികള്‍ക്കനുസൃതമായി സ്വര്‍ഗത്തെ പലതായി സംവിധാനിച്ചിരിക്കുന്നു. ജന്നാത്തുല്‍ ഫിര്‍ദൗസ്, ജന്നാത്തു അദ്ന്‍, ജന്നാത്തു നഈം, ദാറുല്‍ ഖുല്‍ദ്, ദാറുസ്സലാം, ജന്നത്തുല്‍ മഅ്‌വ, ഇല്ലിയ്യൂന്‍ എന്നിവയാണവ. ശ്രേഷ്ഠതയില്‍ ഒന്നാമതായി എണ്ണപ്പെടുന്നത് ഇല്ലിയ്യൂന്‍ ആണ്. സ്വര്‍ഗപ്രവേശനം ലഭിച്ച വിശ്വാസി ആഗ്രഹിക്കുന്ന ഏറ്റവും വലിയ നേട്ടവും പുണ്യവും അല്ലാഹുവിന്റെ ലിഖാഅ് (അല്ലാഹുവിനെ കാണല്‍) ആണ്. ഇഹപര നേട്ടങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഈ തൃക്കാഴ്ച തന്നെയാണെന്ന് പണ്ഡിത പക്ഷം. ഒരാള്‍ക്കു സങ്കല്‍പിക്കാന്‍ കഴിയുന്നതിനുമപ്പുറത്തെ അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തെ പരിചയപ്പെടുത്തുമ്പോള്‍ മനുഷ്യബുദ്ധിക്ക് സുപരിചിതമായ പ്രയോഗങ്ങള്‍ കൊണ്ടുവന്നു. അരുവികളൊഴുകുന്ന ആരാമങ്ങളെന്നത് അതിലൊന്നാണ്. വിശപ്പും ദാഹവും അകറ്റുക മനുഷ്യ സഹജമാണ്. എന്നാല്‍ വിശപ്പും ദാഹവുമില്ലാത്ത ലോകത്ത് എന്തിനാണീ ഫലവര്‍ഗങ്ങള്‍? അത് ആസ്വാദനങ്ങള്‍ക്കു മാത്രമായി സംവിധാനിക്കപ്പെട്ടതാണ്. സ്വര്‍ഗീയ വനികളിലെ കായ്കനികള്‍ ഇവിടുള്ളതിനോട് സദൃശമായ് തോന്നും. പക്ഷേ അത് കാഴ്ചയിലെ സാദൃശ്യം മാത്രമാണ്. രുചിയിലോ മണത്തിലോ ഗുണത്തിലോ തുലോം തുല്യമല്ലതാനും. ആഹരിക്കുമ്പോള്‍ ദഹന പ്രക്രിയ നടക്കുകയും ശരീരത്തിനുവേണ്ട മൂലകങ്ങള്‍ സംഭരിക്കുകയും ശേഷിക്കുന്നത് വിസര്‍ജ്യങ്ങളായി പുറത്ത് വരുകയും ചെയ്യുന്നു. എന്നാല്‍ സ്വര്‍ഗീയ ഫലങ്ങളില്‍ നിന്ന് ഒന്നും നശിച്ച് പോകുകയോ ആഹരിച്ചു കഴിഞ്ഞാല്‍ വിസര്‍ജ്യമാവുകയോ ഇല്ല.
***
മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ലക്ഷ്യവും മാര്‍ഗവും പരിശുദ്ധമാകണം. ഈ പരിശുദ്ധി യഥാര്‍ത്ഥ വിജയത്തിലേക്കുള്ള പഠിപ്പുരയാണ്. ലക്ഷ്യം കാണാന്‍ ഏത് മാര്‍ഗവും ആവാമെന്ന് വിചാരിക്കുന്നവരാണ് പലരും.
ഈ വിശാല പ്രപഞ്ചത്തിലെ ഏതോ ഒരു മൂലയില്‍ അരിച്ചുനടക്കുന്ന മനുഷ്യന് അവന്റെ യുക്തി ലോകോത്തരമാണെന്ന് തോന്നുന്നത് വിഡ്ഢിത്തമാണ്. അത്തരം യുക്തിയുടെ കള്ളികളില്‍ വിശാലമായ ദൈവിക വെളിപാട് ഒതുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. കാണാത്തത് വിശ്വസിക്കാനും അറിയാത്തവ അറിഞ്ഞവരില്‍നിന്ന് നേടാനും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഗൈബ്(അദൃശ്യം) ആയ അല്ലാഹുവിന്റെ മതമാണത്. അല്ലാഹുവിനെ പരിപൂര്‍ണമായി വണങ്ങുന്നതാണ് ഇസ്‌ലാം. ചോദ്യം ചെയ്യുന്നതും സംശയിക്കുന്നതുമൊന്നും ഇസ്‌ലാമിന്റെ രീതിയല്ല.
സ്രഷ്ടാവിന്റെ ഇംഗിതങ്ങള്‍ കുറ്റമറ്റതായിരിക്കും. അവനറിയാമല്ലോ മനുഷ്യന്റെ ജീവിത ഭാവങ്ങളും ആവശ്യങ്ങളും. അതുകൊണ്ടാണ് നിസ്സംശയമുള്ള അനുസരണയായി ഇസ്‌ലാം അംഗീകരിക്കപ്പെട്ടത്.
വിശ്വാസി നിസ്‌കരിക്കുന്നത് അത് ഇലാഹി ഇച്ഛയായത് കൊണ്ടാണ്. നിസ്‌കാരത്തിന്ന് മുന്നോടിയായി വുളൂഅ് ചെയ്യുന്നതും അതിനാണ്. കേവലം കുമ്പിടലോ വെറുമൊരു വൃത്തിയാവലോ അല്ല നിസ്‌കാരവും വുളൂഉം. നോമ്പനുഷ്ഠിക്കുന്നത് വിശപ്പിന്റെ വേദന അറിയാനല്ല. ഇലാഹീ ഇച്ഛ ശിരസാവഹിക്കുകയാണ്. ഇലാഹിന്റെ തൃപ്തി അറിഞ്ഞാല്‍ മതി. വിശ്വാസിക്ക് ഒരു കാര്യം അനുഭൂതിയോടെ ചെയ്യാന്‍ മറ്റൊന്നും വേണ്ട. ഇലാഹിന്ന് വെറുപ്പാണെന്നറിഞ്ഞാല്‍ വിശ്വാസിക്ക് മറ്റൊന്നുമറിയേണ്ട. അവരത് ചെയ്യില്ല. ആരാണ് ഇവരോട് ഈ വിവരങ്ങളൊക്കെ പറയുന്നത്. പ്രവാചകര്‍(സ) തന്നെ. അപ്പോള്‍ പ്രവാചകരെയും(സ) അവര്‍ക്ക് അങ്ങേയറ്റം വിശ്വാസമാണ്. ഇലാഹ് തൃപ്തിപ്പെട്ട് പറഞ്ഞയച്ച തിരുദൂതരാണല്ലോ വിശ്വഗുരു(സ).
മുഖവുരയായി ഇത്രയും പറഞ്ഞത് ഒരു ഖുര്‍ആന്‍ വചനത്തിലേക്ക് വായനക്കാരെ കൊണ്ടുവരാനാണ്.
അല്ലാഹു പറഞ്ഞു: ‘കൊതുകിനെയോ അതിലും നിസാരമായതിനെയോ ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. അപ്പോള്‍ വിശ്വാസികള്‍ അത് തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണെന്ന് തിരിച്ചറിയുന്നു. എന്നാല്‍ സത്യനിഷേധികള്‍ ചോദിക്കുന്നു: ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്? അങ്ങനെ ഈ ഉപമ കാരണം അവര്‍ നിരവധി പേരെ വഴികേടിലാക്കിയിരിക്കുന്നു. ധാരാളമാളുകള്‍ അതുവഴി നേര്‍വഴിയിലുമാകുന്നു. എന്നാല്‍ തെമ്മാടികളെ മാത്രമേ അവന്‍ വഴിതെറ്റിക്കുന്നുള്ളൂ.'(സൂറതുല്‍ബഖറ 26)
കൊതുകിനെ ഉപമിച്ചത് എന്തിനാണെന്നല്ലേ ഖുര്‍ആന്റെ എതിരാളികള്‍ ആലോചിച്ചത്. ഛെ, ഒരു കൊതുകിനെയൊക്കെ ഒരു ദൈവം ഉപമയാക്കുമോ എന്നായിരുന്നു അവരുടെ പരിഹാസം. സിംഹവും ആനയുമൊക്കെ ഇല്ലേ ഇവിടെ? എന്നായിരുന്നു അല്‍പബുദ്ധികളുടെ ആശ്ചര്യം. അവര്‍ക്കെപ്പോഴും സംശയങ്ങളാണ്. അവരൊന്നും ഉള്‍കൊള്ളുന്നില്ല. ഉള്‍കൊള്ളുന്നവന്‍ ചിന്തിച്ച് മുന്നേറുന്നു. സ്രഷ്ടാവ് എന്ന നിലയില്‍ അവന്റെ അത്ഭുത സൃഷ്ടികളില്‍ ഒന്നാണ് കൊതുകും. ഒന്നിനെയും അവന്‍ വെറുതെ സൃഷ്ടിച്ചതല്ല. ഇതാണ് വിശ്വാസിയുടെ ചിന്ത. ഈ അര്‍ത്ഥത്തില്‍ കൊതുകും ആനയും വിശ്വാസിക്ക് തുല്യം. ഇലാഹിന്റെ സൃഷ്ടികള്‍. ആനക്കില്ലാത്ത കൊമ്പുണ്ട് കൊതുകിന്. ചെറിയ, നൂലിനെക്കാള്‍ നേര്‍ത്ത കൊമ്പുകൊണ്ടാണത് ശരീരത്തില്‍നിന്ന് രക്തമൂറ്റുന്നത്. ആനക്കതിനാവുമോ? എന്നാല്‍ ആനക്ക് വ്യത്യസ്തമായ മറ്റ് കഴിവുകളുണ്ട്. കൊതുക് മരം വലിക്കില്ലല്ലോ. അപ്പോള്‍ എല്ലാ ജീവികളും വിശ്വാസിക്ക് അവന്റെ സ്‌നേഹനിധിയായ സ്രഷ്ടാവിന്റെ സൃഷ്ടികള്‍. സ്രഷ്ടാവ് പറയുകയേ വേണ്ടൂ. വിശ്വാസി അത് മുഖവിലക്കെടുക്കും. അവര്‍ക്ക് ഇലാഹീവചനമായാല്‍ മതി. പൊരുളറിയണം എന്നുപോലുമില്ല. അതാണ് വിശ്വാസം. ഒറ്റയടിക്ക്, ഒരു ചിന്തയും വേണ്ടാതെ ആര്‍ക്കും പ്രാപ്യമാകുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ ഒരു തരത്തിലുള്ള വിധേയത്വവും വേണ്ടല്ലോ.
സൂറത്തുല്‍ അഅ്‌റാഫില്‍ അല്ലാഹു അവരെക്കുറിച്ച് പ്രത്യേക പരാമര്‍ശം നടത്തുന്നുണ്ട്: ‘യഥാര്‍ത്ഥ അറിവിന്റെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ വിശദീകരിച്ച ഗ്രന്ഥം നാം അവര്‍ക്കെത്തിച്ചുകൊടുത്തു. വിശ്വസിക്കുന്ന ജനത്തിന് മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണത്.'(സൂറത്തുല്‍അഅ്‌റാഫ് 52).
‘ഫസഖത്തി റുത്ബതു’ എന്നൊരു പ്രയോഗമുണ്ട്. പാകമെത്തിയ പഴത്തില്‍ നിന്ന് തൊലി പൊളിച്ച് മാറ്റുക എന്നതാണ് വിവക്ഷ. അപ്രകാരമാണ് ഫിസ്ഖും. അതുപോലെ പൂര്‍ണതയെത്തിയ മതത്തില്‍നിന്ന് കുഴപ്പക്കാരെയും സംശയാലുക്കളെയും പൊളിച്ചൊഴിവാക്കുന്നു. അവര്‍ മതകര്‍മങ്ങളോട് പുഛമുള്ളവരാണ്. വലിച്ചെറിയുന്നവരാണ്.
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം(ഇഖ്തിയാര്‍) വകവെച്ചുനല്‍കിയ അല്ലാഹുവിന്റെ അധികാരത്തോടുള്ള വെല്ലുവിളിയാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രാദികളും അല്ലാഹുവിന് വഴിപ്പെടുകയും കല്‍പിച്ചതെന്തോ അത് മുറതെറ്റാതെ അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ വെള്ളത്തില്‍ കാണുന്ന അല്‍പായുസ്സുള്ള കുമിളകള്‍ പോലുള്ള മനുഷ്യന്‍ സ്രഷ്ടാവിന്റെ കഴിവുകളെ വെല്ലുവിളിക്കുന്നത് നീതിയാണോ? യാതൊരു നിലയിലും തുല്യരല്ലാത്ത രണ്ട് ശക്തികള്‍ പോരാട്ടത്തിനിറങ്ങുന്നത് പോലെയാവും അത്. ‘തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യ’ത്തെ വകവെച്ച് നല്‍കിയ അല്ലാഹു തന്നെയാണ് അത് സ്വീകരിക്കാനുള്ള കഴിവും നല്‍കിയതെന്ന് മനസിലാക്കുന്നിടത്ത് നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. പക്ഷേ ആകാശത്ത് ഉദിച്ച ചന്ദ്രനെ നോക്കി കൂകുന്നവര്‍ അറിയുന്നില്ലല്ലോ, അവരുടെ പരാജയത്തിന്റെ ആഴവും പരപ്പും. ആത്യന്തിക മധുരം വിശ്വാസിക്ക് മാത്രമത്രെ.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login