കണ്ണൂര്‍ എടയന്നൂരില്‍ ശുഐബ് എന്ന ഇരുപത്തെട്ടുകാരന് കൊല ചെയ്യപ്പെട്ടത് ജില്ലയില്‍ ഇതാദ്യത്തെ സംഭവമല്ല. അങ്ങനെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ബി.ജെ.പി ജിഹ്വ വിഷയത്തെ കൈകാര്യം ചെയ്തത്. കൊല്ലപ്പെട്ടത് ന്യൂനപക്ഷസമുദായാംഗമായതിനാലും മറുപക്ഷത്ത് സി.പി.എം ആണെന്നതിനാലും സവിശേഷമായ ‘ജാഗ്രത’ പത്രം കാണിക്കുന്നുണ്ട്. ”ആര്.എസ്.എസുകാര്‍ മുസ്ലിംകളെ കൊന്നൊടുക്കുകയാണെന്ന കള്ളപ്രചാരണം ക്ലച്ച് പിടിക്കുന്നില്ല. കേരളത്തില്‍ സി.പി.എം ശക്തമായത് കൊണ്ടാണ് മുസ്ലിംകള് കൊല്ലപ്പെടാത്തതെന്നാണ് അവകാശവാദം. മുസ്ലിം ന്യൂനപക്ഷത്തെ കൂട്ടുപിടിക്കാനാണ് ഈ നുണക്കഥ പറയുന്നത്. എന്നാല്‍, കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മുസ്ലിം ചെറുപ്പക്കാരെ കൊന്നുതള്ളുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി സി.പി.എം ആണെന്ന് ബോധ്യപ്പെടും” (‘ഫസലും ഷുക്കൂറും ഷുഹൈബും’ ജന്മഭൂമി 2018 ഫെബ്രുവരി 17 ). മുസ്ലിം ചെറുപ്പക്കാരെ കൊന്നുതള്ളുന്ന ഏക പാര്‍ട്ടി സി.പി.എമ്മാണെന്ന് ബി.ജെ.പി ജിഹ്വ പറയുമ്പോള്‍, സ്വാഭാവികമായും ഒരു സംശയമുണരുന്നുണ്ട്: ‘മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലിനെ കൊന്നത് സി.പി.എമ്മാണോ? കാസര്‍ക്കോട്ടെ, ചൂരിയില്‍ റിയാസ് മൗലവിയെ ഒരു കാരണവുമില്ലാതെ പള്ളിക്കകത്ത് കയറി വെട്ടിക്കൊന്നതിന്റെ ക്രെഡിറ്റ് സി.പി.എമ്മിന്റെ അക്കൗണ്ടില്‍ ചേര്‍ക്കണോ?’ ഒരു കൊല നടക്കുമ്പോള്‍ പാര്‍ട്ടിയും സമുദായവും നോക്കി ആ സംഭവത്തെ ഇടുങ്ങിയ ചിന്താഗതിയോടെ നോക്കിക്കാണുന്ന വിശകലന രീതിയാണ് യഥാര്‍ത്ഥത്തില്‍ പ്രബുദ്ധമെന്ന് അവകാശപ്പെടാറുള്ള കേരളത്തെ അക്രമരാഷ്ട്രീയത്തിന്റെ വിളനിലമാക്കി മാറ്റുന്നത്. തെറ്റിനെ അതിന്റെ എല്ലാ ഗൗരവത്തോടെയും തെറ്റായി കണ്ട്, ഒരു തിരുത്തല്‍ സംസ്കാരത്തിനു ഉത്തരവാദപ്പെട്ടവര്‍ മുതിരുന്നില്ല എന്നതാണ് നമ്മുടെ നാടിന്റെ ശാപം. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുന്ന ഒരു കാലയളവില്‍ സി.പി.എമ്മിന്റെയോ ഡി.വൈ.എഫ്.ഐയുടെയോ സി.ഐ.ടിയുടെയോ പ്രവര്‍ത്തകര്‍ തന്നെ രാഷ്ട്രീയ എതിരാളിയെ പച്ചക്ക് കഥ കഴിച്ച് പ്രതികാരദാഹം തീര്‍ക്കുന്ന ഭീകരാവസ്ഥ, യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും അമരത്തിരിക്കുന്നവരോട് കാട്ടുന്ന വെല്ലുവിളിയും ധിക്കാരവുമാണ്. കണ്ണൂരില്‍ എടയന്നൂരില്‍ സംഭവിച്ചത് അതാണ്. പൊതുവെ ശാന്തമായ ഒരു മേഖല പെട്ടെന്ന് പ്രക്ഷുബ്ധഭരിതമായി മാറുമ്പോള്‍ ജനജീവിതം എത്ര വേഗത്തിലാണ് താളംതെറ്റുന്നതെന്നും മനുഷ്യര്‍ തമ്മില്‍ അവിശ്വാസം എത്ര ആഴത്തിലാണ് രൂഢമൂലമാകുന്നതെന്നും എല്ലാ ദിവസവും ആ വഴിയിലൂടെ കടന്നുപോകുന്ന ഒരാള്‍ എന്ന നിലയില്‍ സ്വയം ചോദിച്ചുപോവുകയാണ്. ജനാധിപത്യം സാംസ്കാരികമായി ഉയര്‍ന്ന സമൂഹത്തില്‍ മാത്രമേ വിജയിക്കുകയുള്ളൂവെന്നും ഗുണ്ടകളുടെയും തെമ്മാടികളുടെയും ലോകത്ത് സ്വേച്ഛാധിപതികളുടെ ഉരുക്ക് മുഷ്ടി മാത്രമേ വിലപ്പോവുള്ളൂവെന്നും നിഷ്പക്ഷമായി ചിന്തിക്കുമ്പോള്‍ തോന്നിപ്പോകാം.
നമ്മുടെ നാട്ടിന്‍പുറങ്ങള്‍ എക്കാലത്തും ആധിപത്യത്തിന്റെ രാഷ്ട്രീയ രംഗഭൂമിയാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പ്രയോഗം തന്നെ അതാണ് സൂചിപ്പിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ് പാര്‍ട്ടി ഗ്രാമങ്ങളുള്ളതെന്ന ധാരണപ്പിശക് മാധ്യമ സൃഷ്ടിയാണ്. ഇപ്പോഴും ചെങ്കൊടി കണ്ടാല്‍ ഹാലിളകുന്ന ഗ്രാമങ്ങളുണ്ട്. അവിടെ ‘ജിഹാദിന്’ പെരുമ്പറ മുഴക്കും. കൊലപാതകങ്ങളിലേക്ക് അത് ചെന്നു കലാശിക്കും. ശുഐബിനെ പോലെ എസ്.വൈ.എസിന്റെ അഞ്ചുയുവാക്കള്ക്ക് മുമ്പ് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് മറക്കാനാവില്ല. ഇതരപാര്ട്ടിക്കാരുടെ കൊടി ഉയര്‍ത്താനോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ നേതാക്കള്‍ക്ക് പ്രസംഗിക്കാനോ അനുമതി നല്‍കാത്ത സ്ഥിതിവിശേഷം സമീപകാലം വരെ കണ്ണൂര്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും നിലനില്‍ക്കുന്നുണ്ടായിരുന്നു. എടയന്നൂര്‍ കോണ്‍ഗ്രസിന് മേധാവിത്വമുള്ള ഒരു പ്രദേശമാണ്. അതുകൊണ്ട് തന്നെ മേധാവിത്വം സ്ഥാപിക്കുന്ന വിഷയത്തില്‍ മുസ്ലിം കോണ്‍ഗ്രസുകാരും ലീഗുകാരും എന്നും മല്‍സരമാണ്. പ്രദേശത്തൂടെ ഒരുവട്ടം ഒറ്റക്ക് ചുറ്റിസഞ്ചരിച്ച് പലരില്‍നിന്നായി വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍, ലഭിച്ച പ്രതികരണത്തില്‍ അത് വ്യക്തമായിരുന്നു. രാഷ്ട്രീയമായി എതിര്പക്ഷത്തുനില്ക്കുന്നവരോടുള്ള അസഹിഷ്ണുത പ്രായമുള്ളവരുടെ വാക്കുകളില്‍ പോലും നിഴലിച്ചു. ശുഐബിന്റെ കഥ കഴിച്ചവര്‍ ആ ചെറുപ്പക്കാരന് സാമൂഹിക പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത സ്വീകാര്യതയിലും ജനപ്രിയതയിലും അസൂയപ്പെട്ടിരിക്കണം. അതുകൊണ്ടാണ് കാല്‍മുട്ടിനു താഴെ വെട്ടിമാറ്റി ജീവച്ഛവമാക്കാനുള്ള നീചകൃത്യത്തില്‍ 37 തവണ ആഞ്ഞുവെട്ടിയത്. ക്രൂരതയുടെ സകല സീമകളും ലംഘിക്കുന്ന ഈ കാടത്തം ഏതെങ്കിലും പാര്‍ട്ടിയുടെ മാത്രം കണക്കില്വരവ് വെച്ച് മുഖം മിനുക്കാന്‍ ഒരു പാര്‍ട്ടി നേതൃത്വത്തിനും സാധിക്കില്ല. അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ എല്ലാവരും നഗ്നരാണിവിടെ. ഗാന്ധിജിയുടെ പൈതൃകം പേറുന്ന കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് പോലും കൊലപാതകരാഷ്ട്രീയത്തെ നെഞ്ചത്ത് കൈവെച്ച് അപലപിക്കാന്‍ സാധിക്കില്ല. കാരണം, ഒരുവേള കണ്ണൂരിലെ രാഷ്ട്രീയപോരാട്ടം സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും മെയ്വഴക്കമുള്ളവര്‍ തമ്മിലായിരുന്നു. ഇന്ന് ശുഐബിന്റെ പേരില്‍ നിരാഹാരം അനുഷ്ഠിക്കുന്ന കെ. സുധാകരനാണ് കോണ്‍ഗ്രസുകാര്‍ക്ക് മസില്‍പവറിന്റെ കരുത്ത് പഠിപ്പിച്ചു കൊടുത്തതെന്ന് നിസ്സംശയം പറയാം. മട്ടന്നൂരിനടുത്ത് നാലപ്പാടി വാസുവിനെ വെടിവെച്ച് കൊന്ന ശേഷം, ബസ്സ്റ്റാന്‍ഡിന് സമീപത്തെ പൊതുയോഗ വേദിയില്‍ കയറി, ഞാനിതാ ഒരു കമ്യൂണിസ്റ്റുകാരന്റെ കഥ കഴിച്ചാണ് വരുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഈ ലേഖകന്‍ നേരിട്ട് കേട്ട് ഞെട്ടിയതാണ്.
രക്ഷക വേഷത്തില്‍ തെറിച്ച ചെളി
കണ്ണൂര്‍ കമ്യൂണിസ്റ്റ് കോട്ട മാത്രമല്ല, സംഘ്പരിവാറിന്റെ തിരഞ്ഞെടുക്കപ്പെട്ട കര്‍മഭൂമി കൂടിയാണെന്ന് മറക്കരുത്. ആര്്.എസ്.എസ് അതിന്റെ ഉദ്ഭവ ദശയില്‍ തന്നെ ശാഖകള്‍ സ്ഥാപിച്ച് ഭൂരിപക്ഷവര്‍ഗീയത വളര്‍ത്താന്‍ തിരഞ്ഞെടുത്ത മണ്ണാണിത്. അറുപതുകളില്‍ ഇരച്ചുകയറിയ കാവിചിന്ത തുടര്‍ന്നിങ്ങോട്ട് ആധിപത്യമനോഭാവത്തോടെ സി.പി.എമ്മിനോടും കോണ്‍ഗ്രസിനോടും മല്‍സരിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് പ്രതിരോധ കവചം തീര്‍ക്കുന്നുവെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംഘ്പരിവാറിന്റെ കണ്ണിലെ കരടാക്കുന്നത്. പക്ഷേ, പാര്‍ട്ടി അച്ചടക്കം ശീലിപ്പിക്കാന്‍ പരാജയപ്പെടുമ്പോള്‍ , കമ്യൂണിസ്റ്റുകാര്‍ തന്നെ ന്യൂനപക്ഷഹിംസകരായി മാറുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. മുസ്ലിംകള് എന്തുകൊണ്ട് വ്യാപകമായി കമ്യൂണിസത്തിലേക്ക് കടന്നുചെല്ലുന്നില്ല എന്ന ചോദ്യത്തിന് ചരിത്രത്തിലാണ് ഉത്തരം പരതേണ്ടത്. കാറല്‍ മാര്‍ക്സിന്റെ മതകാഴ്ചപ്പാട് ഇസ്ലാമുമായി ഏറ്റുമുട്ടുന്നുവെന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടാറ്. എന്നിട്ടും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇന്തോനേഷ്യയിലും ഇറാഖിലും സിറിയയിലുമൊക്കെ കമ്യൂണിസം വേരുപിടിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. 45ശതമാനത്തോളം വരുന്ന മുസ്ലിംക്രൈസ്തവ ന്യൂനപക്ഷം ജീവിക്കുന്ന കേരളം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടയായി മാറിയത് കണ്ട് വനേസ്സാ ബെയിര്‍ഡ് , ‘ദി ന്യൂ ഇന്റര്‍ നാഷനലിസ്റ്റ് ‘ മാസികയില്‍ (1993ല്‍) എഴുതി: ഇതു കേരളം. ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള ചെറിയ സംസ്ഥാനം. കേരങ്ങളുടെ നാടാണ് കേരളം. എന്നാല്‍ ഇതിനെ ‘ചുവപ്പു പ്രഹേളികയെന്നും’ ‘പ്രശ്ന സംസ്ഥാന’മെന്നും ‘ഇന്ത്യയുടെ യെനാന്’ എന്നുമൊക്കെ വിളിച്ചിട്ടുണ്ട്. ‘പറുദീസയിലെ വിരോധാഭാസ’മായാണ് (Paradox in Paradise) ഒടുവില്‍ അദ്ദേഹം കേരളത്തിന് വിശേഷണം ചാര്‍ത്തുന്നത്. ഈ വിരോധാഭാസ ഭൂമിയില്‍ ഏകദൈവ വിശ്വാസികളായ മുസ്ലിംകള് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത കാലം വരെ അകലം കാത്തുസൂക്ഷിച്ചിരുന്നു. 1948ല്‍ രൂപീകൃതമായ മുസ്ലിം ലീഗിനെ വര്‍ഗീയ മുദ്ര ചാര്‍ത്തി കോണ്‍ഗ്രസ് തീണ്ടാപ്പാടകലെ നിറുത്തിയപ്പോഴും കമ്യുണിസ്റ്റുകാരുമായി ചങ്ങാത്തമുണ്ടാക്കാന്‍ മുതിര്‍ന്നില്ല. ഒടുവില്‍ 1967ലെ സപ്തമുന്നണി സര്‍ക്കാരില്‍ ഒരിടം നല്കി മുസ്ലിംലീഗിനെ ഇ.എം.എസ് നമ്പൂരിപ്പാട് അഭിഷിക്തമാക്കുന്നതോടെയാണ് അയിത്തത്തിന് ശമനമുണ്ടാകുന്നത്. എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട് മനസ്സറിഞ്ഞടുക്കാന് ലീഗിനായില്ല. ലോകത്താകമാനം കമ്യൂണിസത്തെ ചെറുക്കാനും വെറുക്കാനും സി.ഐ.എയുടെ നേതൃത്വത്തില്‍ വഹാബിസത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് അടുത്തിടെ വെളിച്ചം കണ്ട ചില രേഖകള്‍ വെളിപ്പെടുത്തുന്നുണ്ട്.
ബാബരി ധ്വംസനാനന്തര രാഷ്ട്രീയയാഥാര്ത്ഥ്യങ്ങളാണ് ന്യൂനപക്ഷങ്ങളെയും ദുര്‍ബല ദളിത് വിഭാഗങ്ങളെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കൂടുതല്‍ അടുപ്പിച്ചത്. അതിന്റെ അലയൊലികള്‍ കേരളത്തിലാണ് കൂടുതല്‍ പ്രകടമായത്. നാല് പതിറ്റാണ്ടുകാലം മുസ്ലിം ലീഗിന്റെ ദേശീയ സാരഥിയായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ടിനെ പോലുള്ളവര്‍, കോണ്‍ഗസിനെ വിട്ട് സി.പി.എമ്മുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്ന സാഹചര്യം അതാണ്. പക്ഷേ, ആ ബന്ധം ഗാഢമാക്കുന്നതില് സഖാക്കള്‍ പരാജയപ്പെട്ടു.
ഇസ്ലാമോഫോബിയയുടെ കാലഘട്ടത്തില്‍ മുസ്ലിം രാഷ്ട്രീയ ഇടപെടലുകളോട് സക്രിയമായി പ്രതികരിക്കുന്നതില്‍ ആശയകാലുഷ്യം നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ അന്തഃഛിദ്രത വളര്‍ന്നു. അത് പയ്യെ പയ്യെ അതിജീവിച്ചു മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് മുസ്ലിം യുവാക്കളുടെ കൊല പാര്‍ട്ടിയുടെ ന്യൂനപക്ഷബന്ധത്തില് ഉലച്ചില്‍ തട്ടിച്ചത്. എന്നിട്ടും ഒരു വിഭാഗം മുസ്ലിംകള് സി.പി.എമ്മിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നാണ് കാസര്‍ക്കോട്ടെയും കണ്ണൂരിലെയും മലപ്പുറത്തെയുമൊക്കെ പുതിയ ചലനങ്ങള്‍ നല്കുന്ന സൂചന.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടി നല്കുന്ന സുരക്ഷിതത്വം മുസ്ലിംകളിലെ സമ്പന്ന വിഭാഗത്തെ വശീകരിക്കുക സ്വാഭാവികമാണ്. പ്രവാസികളെ ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്റെ പല പദ്ധതികളുടെയും ആത്യന്തിക ലക്ഷ്യം ന്യൂനപക്ഷങ്ങളുമായി അടുക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ, സര്‍ക്കാറിന്റെ ഏത് ശ്രമങ്ങളെയും നിഷ്പ്രഭമാക്കുന്നതാണ് ശുഐബുമാരുടെ ദാരുണാന്ത്യങ്ങളെന്ന് രാഷ്ട്രീയബാലപാഠം അറിയുന്നവര്‍ക്ക് പറയാനാവും.
അവസാനത്തെ കൊലയാവുമോ?
ശുഐബിന്റേത് അവസാനത്തെ രാഷ്ട്രീയകൊലപാതകമാണെന്ന് ഉറപ്പുതരാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇല്ല. രാഷ്ട്രീയം തിരഞ്ഞെടുപ്പ് അങ്കത്തട്ട് മാത്രമല്ല, അങ്കക്കലിയുടെ ഗോദ കൂടിയാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, ശക്തമായൊരു സാമുദായിക ധ്രുവീകരണം ഉണ്ടായാല്‍ മാത്രമേ പാര്‍ട്ടി മുന്നോട്ടുപോവുകയുള്ളൂ. അതിനു അശാന്തിയുടെയും അരക്ഷിതത്വത്തിന്റെയും ഒരന്തരീക്ഷം എന്നും നിലനിന്നു കാണണം. കോണ്‍ഗ്രസ് നശിച്ചുവളമാകുമ്പോഴാണ് ബി.ജെ.പി ഇവിടെ തഴച്ചുവളരുക. സമീപകാലം വരെ ജഡാവസ്ഥയില്‍ കഴിഞ്ഞ കോണ്‍ഗ്രസിന് ശുഐബിന്റെ വിയോഗത്തോടെ അല്പം ജീവന് തിരിച്ചുകിട്ടിയത് നിരാശരാക്കുന്നത് ഹിന്ദുത്വരാഷ്ട്രീയക്കാരെ ആയിരിക്കും. അതുകൊണ്ട് തന്നെ സി.പി.എമ്മുമായി പരസ്യ ഏറ്റുമുട്ടലുകള്‍ക്ക് കോപ്പ് കൂട്ടാന്‍ വരുംനാളില്‍ ആര്.എസ്.എസ് പദ്ധതി ആവിഷ്കരിച്ചുകൂടായ്കയില്ല. വിശിഷ്യാ തെരഞ്ഞെടുപ്പ് ആഗതമായ ചുറ്റുപാടില്‍. പിടിച്ചുനില്ക്കാന് കോണ്‍ഗ്രസിനും രാഷ്ട്രീയ അഭ്യാസങ്ങള്‍ നടത്തേണ്ടിവരും. അതൊന്നും തന്നെ ദേശീയതലത്തില്‍ മോഡി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഫാഷിസ്റ്റ് അജണ്ടകളില്‍നിന്ന് ന്യൂനപക്ഷങ്ങളുടെ ശ്രദ്ധതിരിച്ചുവിടുവാന്‍ പര്യാപ്തമാവുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ഗോരക്ഷാഗുണ്ടകളുടെ കൊലക്കത്തിക്ക് ഇരയായി ഇതിനകം രണ്ടുഡസന്‍ മുസ്ലിംകള്ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ മുസ്ലിംകള് തീര്‍ത്തും അരക്ഷിതരും ഭീതിതരുമാണ്. അസമില്‍ നെല്ലികള്‍ ആവര്‍ത്തിക്കപ്പെടാനുള്ള അന്തരീക്ഷമാണ് ഒരുങ്ങുന്നത്. അവിടങ്ങളിലൊന്നും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വേര്‍തിരിവ് ഇല്ല. കേരളത്തിന്റെ സവിശേഷ സാഹചര്യം മാത്രം മറയാക്കി, ഇടതുപ്രസ്ഥാനത്തെ ന്യൂനപക്ഷവിരുദ്ധപക്ഷത്ത് പ്രതിഷ്ഠിക്കാന്‍ എത്ര ശ്രമം നടത്തിയാലും അത് വിജയിക്കാന്‍ പോകുന്നില്ല. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനു കുതന്ത്രങ്ങള്‍ പയറ്റാമെന്ന് കേരളത്തിലെ സി.പി.എം നേതൃത്വവും പിണറായി സര്‍ക്കാറും കരുതുന്നുണ്ടെങ്കില്‍ വരുംനാളുകളില്‍ കനത്ത വില നല്‍കേണ്ടിവരും. ശുഐബിന്റെ യഥാര്‍ത്ഥ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന്, ഒരു ദുരന്തം കൈമാറിയ ഉത്തരവാദിത്വം സത്യസന്ധമായി നിറവേറ്റാന്‍ മുന്നോട്ടു വരുക മാത്രമേ പാര്‍ട്ടിക്ക് മുന്നില്‍ ഇപ്പോള്‍ പോംവഴിയുള്ളൂ.
എ കെ ബശീര്‍
You must be logged in to post a comment Login