ഞാന്‍ പഠിച്ചത് വയനാട്ടിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലായിരുന്നു. അങ്ങാടിയോട് ചേര്‍ന്നായിരുന്നു സ്കൂള്‍. അവിടെ അധികവും കച്ചവടാര്‍ത്ഥം വന്നുകൂടിയ മുസ്ലിംകളായിരുന്നു. അതുകൊണ്ടു തന്നെ ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളില്‍ കൂടുതലും മുസ്ലിംകളായിരുന്നു. ഏകദേശം നാല്പത് ശതമാനത്തോളം മുസ്ലിം കുട്ടികള്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇരുപത്തിയഞ്ച് ശതമാനം വീതം. ബാക്കി ആദിവാസികളും. സ്വാഭാവികമായും എനിക്ക് എല്ലാ സമുദായത്തില്‍ നിന്നും സുഹൃത്തുക്കളുണ്ടായിരുന്നു. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ അധിക കുട്ടികളും പണിയിടങ്ങളിലായിരിക്കും. അവര്‍ പശുവിനെ കറക്കാനോ, തോട്ടം നനക്കാനോ മറ്റും പോകുന്നത് ഞങ്ങളൊക്കെ കളിക്കുന്ന സമയത്തായിരുന്നു. അതുകൊണ്ടു തന്നെ കളിക്കളത്തിലെ സൗഹൃദവലയത്തിലും കൂടുതലും മുസ്ലിംകളായിരുന്നു. അവരോടൊന്നിച്ച് വളര്‍ന്നതാണ് ഞാന്‍. അങ്ങനെ, താരതമ്യേന നിഷ്കളങ്കവും സുഭഗവുമായ ഒരു അന്തരീക്ഷത്തിലാണ് ബന്ധങ്ങളറിഞ്ഞതും മനസ്സിലുറച്ചതും. കേരളത്തില്‍ വളരുമ്പോള്‍ തന്നെ മതത്തിനൊക്കെ അതീതമായ ഒരു സൗഹൃദം നമ്മെ പരുവപ്പെടുത്തുന്നുണ്ടല്ലോ?
എന്റെ അമ്മ ഒരു അധ്യാപികയായിരുന്നു. അവിടെയെല്ലാര്‍ക്കും ഏറെ പ്രിയപ്പെട്ട മരിയ ടീച്ചര്‍. അയല്പക്കത്തെ സ്ത്രീകള്‍ക്കൊക്കെ അമ്മ വലിയ കാര്യമായിരുന്നു. അമ്മ പഠിപ്പിക്കുന്ന കുട്ടികളുടെ വീട്ടുകാര്ക്കുമതേ. അവരെല്ലാം ഞങ്ങളോട് വലിയ സ്നേഹവും ആദരവും കാണിച്ചു. വിശേഷ ദിവസങ്ങളില്‍ വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങള്‍ അവര്‍ ഞങ്ങള്‍ക്കു കൊണ്ടുവന്ന് തരും. നെയ്യപ്പം മുതല്‍ ബിരിയാണി വരെ. ആഘോഷങ്ങളൊക്കെ ഭക്ഷണ രൂപത്തിലൊരു കലണ്ടറായി ഞങ്ങളാസ്വദിച്ചു. ഭക്ഷണം പങ്കുവെച്ചു കൊണ്ടുള്ള ആ സ്നേഹ ബന്ധങ്ങള്‍ വലിയ നന്മയായി എന്നും നമുക്കൊപ്പമുണ്ടാകും.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തലേന്നും പിറ്റേന്നും ഞങ്ങളൊരുമിച്ച് ക്ലാസിലിരുന്നു. അതും പതിവ് പോലെ. പള്ളി വര്‍ഗീയവാദികള്‍ തകര്‍ത്തത് അവരറിഞ്ഞിരിക്കുമല്ലോ. അതവരെ വേദനിപ്പിച്ചിട്ടുമുണ്ടാകും. പക്ഷെ, അത് ഞങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളെ ബാധിക്കുന്നതായിരുന്നില്ല. അതവര് അവരുടെ പെരുമാറ്റത്തിലോ സംസാരത്തിലോ ഒന്നും കൊണ്ടുവന്നില്ല. മനുഷ്യബന്ധങ്ങള്‍ എന്ന തലം ഞങ്ങള്‍ക്കിടയില്‍ കൃത്യമായി വളര്‍ന്നിരുന്നു. അത് പിന്നെ ഡല്‍ഹിയിലെത്തിയിട്ട് മാറുകയുമുണ്ടായില്ല. പന്ത്രണ്ട് വയസ്സുവരെയുള്ള കാലത്തിനിടക്ക് ഒരു വ്യക്തി അനുഭവിക്കുന്ന ജീവിത പരിസരങ്ങളാണ് അവനെ ഏറ്റവും സ്വാധീനിക്കുക. പിന്നീടത് മാറില്ലെന്നല്ല. പക്ഷെ, നന്മകള്‍ക്ക് മാറ്റമുണ്ടാകണമെങ്കില്‍ ഒരു വലിയ അഴിമതി നടക്കേണ്ടി വരും. സ്വന്തത്തോട് വലിയ നീതികേട് കാണിക്കേണ്ടി വരും. സമ്പത്ത്, പ്രശസ്തി എന്നിങ്ങനെ എന്തെങ്കിലും താത്പര്യങ്ങളൊക്കെ നമ്മെ ജയിക്കേണ്ടതായി വരും.
മുസ്ലിമിനെ കുറിച്ചുള്ള, അവന് തീവ്രവാദിയാണെന്നുള്ള, അവന്റെ താടി പ്രശ്നമാണെന്നുള്ള, അവന്റെ തൊപ്പി അപകടമുദ്രയാണെന്നുള്ള, അഞ്ചുനേരം നിസ്കരിക്കുന്ന മുസ്ലിമിനെ സൂക്ഷിക്കണമെന്നുള്ള അനേകം മുന്‍ധാരണകള്‍ക്കും തെറ്റിദ്ധാരണകള്ക്കുമിടയിലും എനിക്ക് ധാരണപ്പിശകുകള്‍ സംഭവിക്കാതിരുന്നത് എന്റെ കുട്ടിക്കാലത്തെ മുസ്ലിം കൂട്ടുകാരും അവരിലൂടെ ഞാനറിഞ്ഞ മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും കാരണമാണ്. ഇങ്ങനെയൊരു തൊഴിലിടത്തില്‍ അത്തരം മുന്‍ധാരണകളും വാര്‍പ്പു മാതൃകകളും ഇല്ലാതിരിക്കുന്നത് വലിയ കാര്യമാണ്. ഇതെന്റെ മാത്രം കാര്യമാണെന്ന് തോന്നുന്നില്ല. മലയാളികളുടെ സുകൃതമായിരിക്കുമത്. സഹവര്‍ത്തിത്വത്തിന്റെ സാമൂഹികതയില്‍ നിന്നുള്ള നമ്മുടെ ആ രാഷ്ട്രീയമായിരിക്കും കേരളവും ഇന്ത്യയും രണ്ട് പൊളിറ്റിക്കല്‍ ഫിലോസഫിയാണെന്ന് പറയുന്നതിന്റെ കാരണം. പിന്നെ, പലരും ഇത്തരം ഇടങ്ങളിലേക്ക് എത്തുന്നുണ്ടാകില്ല. അപ്പോഴല്ലേ അത് അനുഭവത്തില്‍ വരുന്നുള്ളൂ.
പാര്‍ലമെന്റ് ആക്രമണക്കേസുമായി പിടിക്കപ്പെട്ട അഫ്സല് ഗുരുവിന്റെയും പ്രൊഫ. ഗീലാനിയുടെയും കുടുംബങ്ങളുമായി സംസാരിക്കാന്‍ പലര്‍ക്കും പേടിയായിരുന്നു. പക്ഷെ, എനിക്കതങ്ങനെയായിരുന്നില്ല. എനിക്ക് പേടി തോന്നിയില്ല. വളരെ നിഷ്കളങ്കനാണെന്ന് നമുക്ക് തോന്നിയ ഒരാള്‍ക്ക് വേണ്ടി സംസാരിക്കണമായിരുന്നു. നിരപരാധിയാണെങ്കില്‍ പുറത്തിറക്കിക്കൊണ്ടുവരണമെന്ന് എപ്പോഴും കരുതിയിരുന്നു. അരുണ റോയ്, അരുന്ധതി റോയ്, രജനി കോത്താരി, പ്രഭ ജോഷി തുടങ്ങിയ പ്രഗത്ഭരടങ്ങുന്ന ഒരു പന്ത്രണ്ടംഗ അഖിലേന്ത്യാ ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടായതൊക്കെ അങ്ങനെയാണ്.
ഗീലാനിക്ക് വധഭീഷണിയുണ്ടായ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നു മിക്കസമയങ്ങളിലും. ഞാനന്ന് ഒരു നാസ്തികനാണ്. ഒരു വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനും പ്രാര്‍ത്ഥനക്കുമുള്ള സമയമായപ്പോള്‍ ഗീലാനി നിസ്കരിക്കണമെന്ന് പറഞ്ഞു. ‘ഞാനെങ്ങനെ നിങ്ങളെ ഒറ്റക്കയക്കും. നിങ്ങള്‍ക്കെന്തെങ്കിലും അപായം സംഭവിച്ചാലോ? നിങ്ങളുടെ കൂടെ എനിക്ക് വരാനും പറ്റത്തില്ലല്ലോ?’ എന്നായി ഞാന്‍. ‘നിന്നെ ആരുമൊന്നും ചെയ്യില്ല, സുഹൃത്തേ. എന്റെ പിന്നിലോ അല്ലെങ്കില്‍ എന്റെ കൂടെയോ വരി കെട്ടിയാല്‍ മതി. ഞാന്‍ ചെയ്യുന്നതൊക്കെ അതുപോലെ ചെയ്യണം’ ഗീലാനി പറഞ്ഞു. അന്നങ്ങനെ ലജ്പത് നഗറിലെ ഒരു പള്ളിയില്‍ ഞാന്‍ നിസ്കരിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പേരിലല്ല ആ പ്രാര്‍ത്ഥന എന്നിരിക്കിലും എനിക്കത് വലിയ അനുഭവമായിരുന്നു.
അല്ലെങ്കിലും അബ്രഹാമിക് മതങ്ങള്‍ക്കിടയില്‍ പലതും പൊതുവായി പങ്കുവെക്കപ്പെട്ടിട്ടുണ്ടല്ലോ. സമത്വം, ബഹുമാനം തുടങ്ങിയവയൊക്കെ വലിയ സമാനതകളായാണ് ഞാന്‍ നിരീക്ഷിച്ചിട്ടുള്ളത്. മനുഷ്യനെ തൊഴിലിന്റെയോ കുലത്തിന്റെയോ പേരില്‍ ഇകഴ്ത്താന്‍ ഇസ്ലാമിനോ, ക്രിസ്ത്യാനിറ്റിക്കോ, ജൂതായിസത്തിനോ കഴിയില്ലല്ലോ?
പാര്‍ലമെന്റ് ആക്രമണം, ഗീലാനി, ഗുജറാത്ത് കലാപം തുടങ്ങിയ അനുഭവങ്ങള്‍ക്കപ്പുറം യുദ്ധങ്ങളെപ്പറ്റി അന്വേഷിക്കുമ്പോഴും എഴുതുമ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു പ്രധാനകാര്യം, ശരിക്കും മുസ്ലിംകള് ഇരയാവുകയാണ് ചെയ്യുന്നത്. അവരെ പക്ഷേ, വില്ലന്മാരായി ചിത്രീകരിക്കുന്നു. പലപ്പോഴും ഇസ്ലാമിക രാജ്യങ്ങളുടെ വിദേശനയമാണതിന് കാരണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇസ്ലാമിനകത്ത് തന്നെയുള്ള ഭിന്നതകളെയും സാഹചര്യങ്ങളെയും വന്‍ശക്തികള്‍ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയും മുതലെടുക്കുകയും ചെയ്യുന്നുണ്ട്. എണ്ണ ഒരു വലിയ സാധ്യതയായതിന് ശേഷം അറബ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നവര്‍ വളരെ ആസൂത്രിതമായി സ്ത്രീ, വ്യക്തി സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള കാര്യങ്ങളെ മുന്‍നിര്‍ത്തി കാരിക്കേച്ചറൈസ് ചെയ്യാന്‍ തുടങ്ങും. അവിടത്തെ മതത്തെയും സാമൂഹികതയെയും മാറ്റത്തിന് വിധേയമാക്കണമെന്നോ അങ്ങനെ സാംസ്കാരികോന്നതി നേടി നാഗരികവും പുരോഗമനപരവുമാകണമെന്നോ അവര്‍ പറയും. ബലഹീനരും ദുര്‍ബലരുമായ അറബ്-ഇസ്ലാമിക രാഷ്ട്ര നേതൃത്വം അങ്ങനെ പിഴവുകള്‍ വരുത്തും.
സമുദായത്തിനകത്ത് ഉണ്ടാകേണ്ട മാറ്റങ്ങളും പരിവര്‍ത്തനങ്ങളും എന്തെല്ലാമായിരിക്കണമെന്ന് നമുക്ക് തന്നെയാണ് നല്ല ധാരണയുണ്ടാകേണ്ടത്. പുറത്തു നിന്നാരും അഭിപ്രായം പറയരുതെന്നോ, സംവദിക്കരുതെന്നോ അല്ല. അങ്ങനെ ചെയ്താല്‍ ചെവികൊടുക്കരുതെന്നുമല്ല. മാറ്റങ്ങള്‍ ആവശ്യാനുസരണം അകത്തുനിന്ന് തന്നെ സംഭവിക്കുന്നതാകും എപ്പോഴും ആരോഗ്യകരം.
ഇസ്ലാമിനകത്തുനിന്ന് നല്ല ധിഷണാശാലികള്‍ പൊതുരംഗത്തേക്ക് വരുന്നത് വല്ലാതെ കുറഞ്ഞിട്ടുണ്ട്. മീഡിയ, കല, ശാസ്ത്രം എന്നിങ്ങനെ പട്ടിക തിരിച്ചാല്‍ കഷ്ടമാകും. നമുക്ക് നല്ല മാധ്യമപ്രവര്‍ത്തകരെ വേണം, അക്കാദമീഷ്യരെയും, എഴുത്തുകാരെയും വേണം. രാഷ്ട്രീയക്കാരെയും നിയമജ്ഞരെയും ശാസ്ത്രജ്ഞരെയും വേണം. പൊതു ബുദ്ധിജീവികളെ അവതരിപ്പിക്കാതിരിക്കുന്നതിന്, നല്ല ആക്ടിവിസ്റ്റുകള്‍ വരാതിരിക്കുന്നതിന് വലിയ വില നല്‍കേണ്ടി വരുമെന്നോര്‍ക്കണം.
അഫ്സല്-ഗീലാനി വിഷയങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ നിന്ന നാലു പേരില്‍ ഒരു സര്‍ദാര്‍ ഉണ്ടായിരുന്നു. രണ്ട് ക്രിസ്ത്യാനികള്‍. മുസ്ലിംകള് ആരുമുണ്ടായിരുന്നില്ല. ജെ.എന്‍.യുവിലും ജാമിഅയിലും കുറേ കഴിവുള്ളവരെ കണ്ടു. അവര്‍ ക്ഷണിക്കപ്പെടുകയുമുണ്ടായി. ഞങ്ങളിതില്‍ ഇടപെടണമോ എന്ന സന്ദേഹമായിരുന്നു എല്ലാവര്ക്കും. ഞങ്ങള്‍ വന്നാല്‍ എന്തായിത്തീരും എന്ന ഭയമായിരുന്നു, ആശങ്കയായിരുന്നു. സത്യത്തില്‍ നമ്മുടെ സമൂഹത്തിന്റെ വിജയം എല്ലാവരും മുന്നോട്ടു വരുന്നിടത്തല്ലേ? കുറേയൊക്കെ നമ്മള് തന്നെയാണ് നമ്മുടെ ഐഡന്റിറ്റിയെ ബ്രാന്റ് ചെയ്യുന്നത്. എന്തിനാണത്?
എന്നോട് പലരും ചോദിക്കാറുണ്ട്, ഞാനൊരു ക്രിസ്ത്യാനിയായതു കൊണ്ടായിരിക്കില്ലേ ഇത്തരം കേസൊക്കെ പിന്തുടരാനും അവതരിപ്പിക്കാനും സാധിച്ചതെന്ന്. ഒരു മുസ്ലിം മാധ്യമപ്രവര്‍ത്തകനെ കൊണ്ട് ഇത് കഴിയില്ലല്ലോ എന്ന്.
സത്യത്തില്‍ ഉത്തരേന്ത്യന്‍ ന്യൂസ്റൂമിന്റെ സഹചര്യത്തില്‍ മുസ്ലിം-ക്രിസ്ത്യാനി വ്യത്യാസം വളരെ നേരിയതാണ്. ഇന്നും ഡല്‍ഹി പ്രസ്സിലേക്ക് എനിക്കെതിരെ കുറേ കത്തുകള്‍ വരുന്നുണ്ട്. പക്ഷെ, എന്റെ കഴിവു കൊണ്ടോ, എന്നെ ഇവിടെ ആവശ്യമുള്ളതു കൊണ്ടോ ഞാനിപ്പോഴും കാരവനില്‍ തുടരുന്നു; എന്റെ ജോലി ചെയ്യുന്നു. നമ്മുടെ ടാലന്റാണ് മുഖ്യം. നമ്മുടെ ഐഡന്റിറ്റി ഒരു വലിയ പ്രശ്നമാണെന്ന് വെച്ചാല്‍ തന്നെ, എത്ര തവണ നമ്മളതില് തട്ടി വീഴും? നമുക്ക് നമ്മുടെ കഴിവില്‍ വിശ്വാസവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ നമ്മളെ ആര്‍ക്കും തഴയാനാകാത്ത അവസരം ഉറപ്പായും വരും. ഒരു മുസ്ലിമെന്നത് എവിടെയെങ്കിലും എത്താതിരിക്കുന്നതിന്റെ കാരണമാക്കാതിരിക്കലല്ലേ നല്ലത്. ബശാറത് പീറിനെ അറിയില്ലേ? കശ്മീരി മുസ്ലിമാണ്. ഞങ്ങളൊരുമിച്ചാണ് കരിയര്‍ തുടങ്ങുന്നത്. ന്യൂയോര്‍ക്കറിന്റെ ഒപീനിയന്‍ പേജ് എഡിറ്ററാണയാള്.
ഒരുപക്ഷെ, നമ്മളും അംബേദ്കറിനെ പോലെയാകേണ്ടി വരും. എല്ലാവരും ഗാന്ധിയെ പോലെയും നെഹ്റുവിനെ പോലെയും വെറുമൊരു ഡിഗ്രി മാത്രം സമ്പാദിച്ചു വരുമ്പോള്‍ നമ്മള് രണ്ട് പി എച്ച് ഡി യും രണ്ട് മാസ്റ്റേഴ്സും മൂന്ന് ഡിഗ്രിയും എടുത്തു വരേണ്ടിവരും. തുല്യനീതിയുടെയും സാമൂഹിക സമത്വത്തിന്റെയും സിദ്ധാന്തങ്ങള്‍ അങ്ങനെ സങ്കീര്ണമാകിലും നമുക്ക് കൂടുതല്‍ അധ്വാനിച്ച് കാര്യങ്ങള്‍ നേടിയെടുക്കാനാകും.
വിനോദ് കെ ജോസ്/ എന്‍ എസ് അബ്ദുല്‍ഹമീദ്
(ഡല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ് വിനോദ് കെ ജോസ്)
You must be logged in to post a comment Login