അവര് വെട്ടിക്കുന്ന വെട്ടൊക്കെ അവരിലും കൊള്ളുന്നതെന്ത്?

അവര് വെട്ടിക്കുന്ന വെട്ടൊക്കെ അവരിലും കൊള്ളുന്നതെന്ത്?

അതിക്രൂരമായ കാലമാണിതും
ഭയംകൊണ്ട് കേട്ട് കേള്‍വി നാം വിശ്വസിക്കുന്നു
ഭയപ്പെടേണ്ടത് എന്തിനെയെന്ന്
നമുക്ക് വ്യക്തവുമല്ല
– വില്യം ഷേക്‌സ്പിയര്‍, മാക്ബത്ത്

ത്രിപുരയില്‍ നിന്ന് ഇപ്പോള്‍ വാര്‍ത്തകളുണ്ട്. ഈ ലേഖനം പക്ഷേ, ത്രിപുരയെക്കുറിച്ചല്ല. എങ്കിലും ത്രിപുരയില്‍ നിന്ന് കാല്‍നൂറ്റാണ്ടിന് ശേഷം പുറപ്പെട്ടുവരുന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നു എന്നതിനാല്‍ ജനാധിപത്യത്തിലെ മനുഷ്യര്‍ എന്തിന് പരസ്പരം കൊല്ലുന്നു എന്ന് കേരളത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ നടത്തുന്ന ഈ ആലോചനകള്‍ക്ക് തുടങ്ങാന്‍ ത്രിപുരയില്‍ നിന്ന് ഇപ്പോള്‍ ഒരു വഴിയുണ്ട്.

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തില്‍ കണ്ട ഏറ്റവും വലിയ അട്ടിമറികളെിലൊന്നാണ് ത്രിപുരയുടെ തിരഞ്ഞെടുപ്പ് ഫലം. അവിടെ കാല്‍നൂറ്റാണ്ടായി അധികാരമാളുന്ന സി.പി.എം പരാജയപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്കോ ഒരു മുന്നണിക്കോ മൊത്തമായി കിട്ടുന്ന വോട്ടിന്റെ ശതമാനം എന്നത് ഏട്ടിലെ പശുവാണ്. അതുകൊണ്ട് അധികാരം കിട്ടില്ല. 33 ശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പി മുന്നണിക്ക് പാര്‍ലമെന്റില്‍ മൃഗീയത്തിനപ്പുറം സീറ്റുണ്ട്. ആ കണക്കാണ് ത്രിപുരയിലെയും കണക്ക്. വോട്ടവിടെ നില്‍ക്കട്ടെ. സി.പി.എം തോറ്റു, ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും ആള്‍രൂപമെന്ന് മാധ്യമങ്ങള്‍ കൊണ്ടാടിയ മണിക് സര്‍ക്കാര്‍ പടിയിറങ്ങി. മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിനെ ഒന്നടങ്കം പര്‍ച്ചേസ് ചെയ്താണ് ബി.ജെ.പിയുടെ വിജയം. ഒന്നടങ്കം എന്നതില്‍ അതിശയോക്തിയില്ല. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്ന സുദീപ് റോയ് ബര്‍മന്‍ ഇത്തവണയും അഗര്‍ത്തലയില്‍ ജയിച്ചു. കഴിഞ്ഞ തവണയും ജയിച്ചത് അഗര്‍ത്തലയില്‍ നിന്നായിരുന്നു. അന്നത്തെ ഭൂരിപക്ഷം 2762 വോട്ട്. അന്നവിടെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ട് 823. ഇക്കുറിയും ബര്‍മന്‍ ജയിച്ചു. തോല്‍പിച്ചത് കോണ്‍ഗ്രസിനെ. കാരണം ബര്‍മനിപ്പോള്‍ ബി.ജെ.പി. യിലാണ്. അതാണ് കോണ്‍ഗ്രസിനെ അടപടലേ അടര്‍ത്തിയെടുത്താണ് അല്ലെങ്കില്‍ പര്‍ച്ചേസ് ചെയ്താണ് ബി.ജെ.പി ജയിച്ചത് എന്നുപറഞ്ഞത്. ജനാധിപത്യത്തില്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജയിച്ചോ? അതാണ് കാര്യം. അത് പോട്ടെ. വാര്‍ത്ത അതല്ല. ത്രിപുരയില്‍ സംഘര്‍ഷം പടരുകയാണ്. സംഘര്‍ഷമല്ല. ഏകപക്ഷീയമായ അക്രമണം. കാല്‍നൂറ്റാണ്ട് സംസ്ഥാനം ഭരിച്ച സി.പി.എം ആക്രമിക്കപ്പെടുന്നു. സി.പി.എം ഉയര്‍ത്തിയ സ്മാരകങ്ങള്‍ ഒന്നൊന്നായി നീക്കപ്പെടുന്നു. ക്ലൈമാക്‌സ് അതല്ല; അവിടത്തെ ഗവര്‍ണര്‍ ആ അക്രമണങ്ങളെ അതിസ്വാഭാവികമെന്ന് വിശേഷിപ്പിക്കുന്നു.

പണം മുഖ്യമാവുകയും പര്‍ച്ചേസിംഗ് പവറും കയ്യൂക്കും ജനാധിപത്യത്തെ നിര്‍ണയിക്കുകയും ചെയ്താല്‍ ജനാധിപത്യം അന്തസാരശൂന്യമാവും എന്നുപറയാനാണ് ത്രിപുരയെ ഓര്‍മിപ്പിച്ചത്. ജനാധിപത്യത്തില്‍ ഏകാധിപത്യത്തിന് ഒരിടമുണ്ട് എന്നുപറഞ്ഞത് രാഷ്ട്രതന്ത്രത്തിന്റെ മഹാനായ ദാര്‍ശനികന്‍ പ്ലേറ്റോ ആണല്ലോ? അതായത് ജനാധിപത്യം അതിന്റെ ഏറ്റവും വലിയ കാമ്പായ ജനങ്ങളുടെ സ്വതന്ത്രമായ ഇച്ഛയെ എപ്പോഴെല്ലാം അട്ടിമറിക്കുന്നുവോ അപ്പോള്‍ മുതല്‍ ഏകാധിപത്യം വെളിയില്‍ വരുമെന്നര്‍ഥം. വാങ്ങല്‍ എന്ന പ്രക്രിയ ഇച്ഛയെ അട്ടിമറിക്കലാണ്. ഏകാധിപത്യത്തിന്റെ ഏറ്റവും വലിയ ഇരിപ്പിടമാണ് ഫാഷിസം. ത്രിപുരയില്‍ സംഭവിക്കുന്നത് ഇപ്പോള്‍ മനസിലാവുന്നുണ്ടല്ലോ?

കേരളത്തിന്റെ ജനാധിപത്യ ജീവിതത്തിന് നിലവില്‍ എന്തെങ്കിലും ്രപതിസന്ധിയുണ്ടോ? പ്രത്യക്ഷത്തില്‍ ഇല്ല എന്നാവും നിങ്ങളുടെ ഉത്തരം. കേരളത്തിന്റെ ജനാധിപത്യത്തിലേക്ക് ഏകാധിപതിയുടെ പ്രച്ഛന്നരൂപങ്ങള്‍ പതുങ്ങിയെത്തുന്നുണ്ടോ? അതും പ്രത്യക്ഷത്തില്‍ ഇല്ല. പിന്നെയെന്തിന് ത്രിപുരയിലെ വര്‍ത്തമാനങ്ങള്‍ ഉദ്ധരിച്ച് കേരളത്തെ ചര്‍ച്ചക്കെടുക്കുന്നു? ഉത്തരം ഇതാണ്. കാല്‍നൂറ്റാണ്ട് കത്തിനിന്ന സൂര്യന്‍ ത്രിപുരയില്‍ അസ്തമിച്ച ആ മാര്‍ച്ചിലെ രണ്ടാം ്രപഭാതം വരെ ജനാധിപത്യം സുരക്ഷിതമല്ല എന്ന തോന്നല്‍ പോലും അവിടെയുണ്ടായിരുന്നില്ല. മണിക് സര്‍ക്കാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരുന്നു അവിടെ ജനാധിപത്യം. അവര്‍ മാഞ്ഞതോടെ കടന്നുവന്ന ജനാധിപത്യം പക്ഷേ, ഏകാധിപതിക്ക് ഇരിപ്പിടമിട്ടുകൊണ്ടായിരുന്നു. കയ്യൂക്കിന്റെ ഭാഷകൊണ്ടായിരുന്നു. അതുകൊണ്ടാണ് ത്രിപുരയില്‍ നിന്ന് കൊണ്ട് ഇപ്പോള്‍ കേരളത്തെ നോക്കുന്നത്.

കയ്യൂക്കിന്റെ ഭാഷ ജനാധിപത്യത്തിന്റേതല്ല. അതാരു ചെയ്താലും, എവിടെ ചെയതാലും അതിലൂടെ ഒളിച്ചുകടത്തുന്നത് ഏകാധിപതിയുടെ ആ ഇരിപ്പിടമാണ്. പ്ലേറ്റോ പറഞ്ഞിട്ടുണ്ടല്ലോ ഏകാധിപത്യത്തിന് ഇരിപ്പിടം എളുപ്പമായ വ്യവസ്ഥയാണ് ജനാധിപത്യമെന്ന്. ഹിറ്റ്‌ലര്‍ തെളിയിച്ചല്ലോ ഏകാധിപത്യത്തിന്റെ ദര്‍ശനമാണ് ഫാഷിസമെന്ന്.

ആ ചോദ്യത്തിലേക്ക് വീണ്ടും വരാം. കേരളത്തിന്റെ ജനാധിപത്യ ജീവിതത്തിന് നിലവില്‍ എന്തെങ്കിലും പ്രതിസന്ധിയുണ്ടോ? ഇല്ല എന്ന് പറയാന്‍ വരട്ടെ. ഉണ്ട് എന്ന ഉത്തരത്തിന് ചില സൂചകങ്ങള്‍ തരാം. അതിലൊന്ന് കേരളം പതിവിലുമധികം കയ്യൂക്കിന്റെ ഭാഷ സംസാരിക്കുന്നു എന്നതാണ്. രാഷ്ട്രീയ അഭിപ്രായങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ പൊടുന്നനെ എതിരാളിയുടെ ശിരസ്സിലേക്ക് പതിക്കുന്ന വടിവാളുകളായി രൂപം മാറുന്നു. മനുഷ്യര്‍ മനുഷ്യരെ കൊല്ലുന്നു. മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും ൈപശാചികമായ കുറ്റകൃത്യം കൊലപാതകമാണ്. There is no torture in the world more terrible എന്ന് ദസ്തയേവ്‌സ്‌കി. അതിനെക്കാള്‍ ഭീകരമായ പീഡനം മറ്റൊന്നില്ല. 1980 മുതല്‍ 1990വരെയുള്ള ഒറ്റപ്പതിറ്റാണ്ടില്‍ കണ്ണൂരില്‍ മാത്രം കൊന്നുകളഞ്ഞത് 127 മനുഷ്യരെയാണ്. അതും ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെയോ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ കാര്‍മികത്വത്തില്‍. 2000മാകുമ്പോഴേക്കും അത് 142 മനുഷ്യരായി. 2000ത്തിനും 2016നും ഇടയില്‍ വിവരാവകാശരേഖ അനുസരിച്ച് 69 മനുഷ്യര്‍.

ഹോ കണ്ണൂര്‍ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? അതില്‍ കാര്യമില്ല. കണ്ണൂരില്‍ എണ്ണക്കൂടുതല്‍ ഉണ്ട് എന്നേയുള്ളൂ. മുഖ്യഭരണകക്ഷിയുടെ മുന്തിയ നേതാക്കള്‍ കണ്ണൂരില്‍ നിന്നാണ് എന്നേ ഉള്ളു. കേരളത്തിലെ ഒറ്റ ജില്ലയും രാഷ്ട്രീയ കൊലപാതകത്തില്‍ നിന്നോ കയ്യൂക്കിന്റെ രാഷ്ട്രീയക്കളിയില്‍ നിന്നോ വിട്ടുനില്‍ക്കുന്നില്ല. കേരളത്തിലെ ഒറ്റ ജില്ലയും ജനാധിപത്യത്തില്‍ നിന്ന് ജനാധിപത്യ വിരുദ്ധമായ വാക്കുകളെ, പ്രവൃത്തിയെ അകറ്റി നിര്‍ത്തുന്നില്ല. കേരളത്തിലെ ഒറ്റ ജില്ലയും രാഷ്ട്രീയത്താല്‍ വിധവകളായവരുടെ അലമുറകളില്‍ നിന്ന് മുക്തമല്ല. സംശയമുള്ളവര്‍ക്ക് നിയമസഭാരേഖകളിലേക്ക് സ്വാഗതം. ഹോ ഈ സി.പി.എമ്മും ബി.ജെ.പിയും ഉണ്ടാക്കുന്ന മോശക്കേട് എന്നാണോ അടുത്ത ആശ്ചര്യം? അതിലും കാര്യമില്ല. സംസ്ഥാനത്തെ നടുക്കിയ, ക്രമസമാധാനത്തെ കീഴ്‌മേല്‍ മറിച്ച രാഷ്ട്രീക്കൊലകളില്‍ കോണ്‍ഗ്രസുണ്ട്, മുസ്‌ലിം ലീഗുണ്ട്. അതുകൊണ്ട് നമ്മള്‍ സംസാരിക്കുന്നത് പാര്‍ട്ടികളെക്കുറിച്ചല്ല, ജനാധിപത്യത്തില്‍ അക്രമമെന്തിന് എന്ന നൈതികമായ ആശങ്കയെക്കുറിച്ചാണ്.

പുറമേനിന്ന് പ്രതിഷ്ഠിക്കപ്പെട്ട ഒരു രാഷ്ട്രീയ വ്യവസ്ഥയല്ല ഇന്ത്യയില്‍ ജനാധിപത്യം. അത് അകമേനിന്ന് ചരിത്രപരമായ കാരണങ്ങളാല്‍ രൂപപ്പെട്ടതാണ്. സ്വതന്ത്ര്യാനന്തരം ഇന്ത്യ ഏതുതരം ഭരണരൂപത്തെ സ്വീകരിക്കണമെന്ന് നറുക്കിട്ടെടുത്തതുമല്ല. അത് ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ സ്വയം രൂപപ്പെട്ടുവന്ന ഒന്നാണ്. ഇന്ത്യ സ്വതന്ത്രമായത് 1947 ഓഗസ്ത് പതിനഞ്ചിനാണ് എന്നത് ഒരു സാങ്കേതിക വിവരം മാത്രമാണ്. വസ്തുത സാങ്കേതിക വിവരത്തിന് പുറത്താണ്. ചരിത്രത്തില്‍ ഒറ്റവാക്കുത്തരങ്ങള്‍ ഇല്ലേയില്ല. 1930കള്‍ മുതല്‍ ലോകത്ത് പ്രബലമായ രാഷ്ട്രീയ മാറ്റങ്ങളുടെ സന്തതിയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള കോളനിരാജ്യങ്ങളുടെ രാഷ്ട്രീയസ്വാതന്ത്ര്യം. ആ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചവയില്‍ നമ്മള്‍ എത്ര നിഷേധിച്ചാലും സോവിയറ്റ് ചേരിയുടെ ശക്തിയും ഒരു ഘടകമാണ്. അത് കവലയില്‍ ഇത്തിരി ചമയങ്ങളോടെ പ്രസംഗിച്ചതിന് കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ചിട്ട് കാര്യമില്ല. സത്യത്തിന്റെ വലിയ വലിയ അംശങ്ങള്‍ ആ പ്രസ്താവനയിലുണ്ട്. അതവിടെ നില്‍ക്കട്ടെ. മുപ്പതുകളില്‍ ലോകം രണ്ട് രീതിയില്‍ മാറുന്നുണ്ട്. ഒന്ന്, അത് വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. രണ്ട്, ഫാഷിസ്റ്റ് ചേരിയുടെ ൈസനിക ബലം അക്രമാസക്തമായി. രണ്ടിനെതിരായും വലിയ മുന്നേറ്റങ്ങള്‍ നടന്നു. ലോകം രണ്ടുചേരിയായി. വലിയ ൈസനിക ശക്തിയല്ലാത്ത ചെറുരാജ്യങ്ങളുടെ രാഷ്ട്രീയാഭയം ജനാധിപത്യമോ മതാധിപത്യമോ ആയിരുന്നു. അതിലുപരി ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ വരവ് ആ മുന്നേറ്റത്തെ ബഹുസ്വരമാക്കിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കടുത്ത മതവാദികളും യാഥാസ്ഥിതികരും സമ്പന്നരുമായിരുന്ന ഒരു വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യസമര മുന്നേറ്റം. അപ്പര്‍ ക്ലാസ് ഹിന്ദുവിന്റേയും അപ്പര്‍ ക്ലാസ് മുസ്‌ലിമിന്റേയും ഒരു സര്‍ഗാത്മകവ്യവഹാരം അഥവാ അവരുടെ ഒഴിവുദിവസത്തെ കളി. അവിടെ നിന്ന് മുന്നോട്ടുപോകാതിരുന്ന സമരത്തെ ചലനാത്മകമാക്കിയത് ഗാന്ധിജിയുടെ വരവായിരുന്നു.

അണ്‍ ടു ദ ലാസ്റ്റ് ആയിരുന്നു ഗാന്ധിജിയുടെ ആപ്തവാക്യം. അന്ത്യോദയം എന്ന് മലയാളം. അവസാനത്തെ മനുഷ്യനായിരുന്നു ഗാന്ധിജിയുടെ കണ്‍സേണ്‍. ഇപ്പോള്‍ രാഷ്ട്രീയമായി അത്ര ശരിയല്ലെന്ന് കാണാവുന്ന സമീപനമായിരുന്നെങ്കിലും അന്നത്തെ ഒഴിവുദിവസത്തെ കളികളുടെ പശ്ചാത്തലത്തില്‍ അതിന് പ്രസക്തിയുണ്ടായിരുന്നു. സമരത്തിന്റെ ചലനാത്മകതയിലേക്ക് രാജ്യത്തെ ഏറ്റവും ദരിദ്രരായ മനുഷ്യര്‍ ആനയിക്കപ്പെട്ടു. ഇപ്പോള്‍ ക്രിമിനല്‍ കുറ്റമായ ഹരിജന്‍ എന്ന പദം അന്ന് ചവിട്ടടിയില്‍ കിടന്ന മനുഷ്യര്‍ക്ക് പുറമേക്കെങ്കിലും അലങ്കാരമായി മാറിയിരുന്നു. അത്തരം മുഴുവന്‍ മനുഷ്യരും ഒരുമിച്ചുചേര്‍ന്ന ഒരു മുേന്നറ്റമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മാറി. എല്ലാത്തരം രാഷ്ട്രീയ ആശയങ്ങള്‍ക്കും ആ മുന്നേറ്റത്തില്‍ ഇടം നല്‍കി എന്നതായിരുന്നു ഗാന്ധിജി നിര്‍വഹിച്ച ചരിത്രപരമായ മറ്റൊരു പങ്ക്. തീവ്രവാദികളും സായുധസമരത്തില്‍ വിശ്വസിക്കുന്നവരും കമ്യൂണിസ്റ്റുകാര്‍ പോലും ആ മുന്നേറ്റത്തിന്റെ വിശാലഭൂമിയില്‍ ഒരുമിച്ചുനിന്നു. ഒരുമിച്ച് അല്ലായിരുന്നു എങ്കില്‍ പോലും പല നിലകളില്‍ നിന്ന് അവര്‍ നയിച്ച സമരങ്ങളുടെ പ്രഹരശേഷിയെ ഏകചാലകമാക്കി മാറ്റാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. അതായത് പലയിടത്തായി പല രൂപത്തില്‍ നടന്ന ചെറുത്തുനില്‍പുകളുടെ പ്രഹരശേഷി ഗാന്ധിജി എന്ന സാന്നിധ്യത്തിലൂടെ സാമ്രാജ്യത്വത്തിനെതിരായി വന്നു. ഇങ്ങനെ ബഹുസ്വരമായ ഇടപെടലുകള്‍ കൊണ്ട്, നാനാതരം സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്ന് ഉരുവായ ശക്തി കൊണ്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ബലപ്പെട്ടത്. അത്തരം നാനാത്വത്തെ സംബന്ധിച്ച് ജനാധിപത്യം അല്ലാതെ മറ്റൊരു രാഷ്ട്രീയരൂപം സാധ്യമായിരുന്നില്ല. ഗാന്ധിജി പോലും അന്നത്തെ ഇന്ത്യയില്‍ സര്‍വസ്വീകാര്യനായിരുന്നില്ല എന്നുകൂടി ഓര്‍ക്കണം. അതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യം ആരും തന്നതല്ല, പ്രതിഷ്ഠിച്ചതല്ല, സ്വയം ഉരുവായതാണ് എന്നുപറഞ്ഞത്.
സംവാദമാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് അറിയാമായിരുന്നു. ജനാധിപത്യത്തിലെ ഓരോ പ്രവര്‍ത്തകനും ഓരോ രാഷ്ട്രീയ നേതാവും ജനതയുടെ ശബ്ദമാണ് എന്ന അന്തസാര്‍ന്ന നിലപാട് നെഹ്‌റു ആവിഷ്‌കരിച്ചു. അതിനാല്‍ മാത്രമാണ് എ.കെ.ജി പ്രതിപക്ഷനേതാവ് എന്ന പദവി അലങ്കരിച്ചത്. സാങ്കേതികമായി അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നില്ല. ഭരണഘടനാപരമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള ആള്‍ബലം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. ജനാധിപത്യം എന്ന ആശയത്തിന്റെ അതിസുന്ദരമായ പകര്‍ന്നാട്ടമായിരുന്നു പാര്‍ലമെന്റിലെ നെഹ്‌റു-എ.കെ.ജി സംവാദങ്ങള്‍.
കേരളത്തിലേക്ക് വരാം. ദേശീയ സ്വാതന്ത്ര്യസമര മുന്നേറ്റത്തിലെ പ്രബലസാന്നിധ്യമായിരുന്നില്ല കേരളമെന്നത് നമുക്കറിയാം. രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള വിമോചനങ്ങളെക്കുറിച്ച് കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ രൂപപ്പെട്ട ചിന്തകളായിരുന്നു അതിന്റെ ഒരു കാരണം. ജാതിയടിമത്തം അവസാനിപ്പിക്കല്‍ അതില്‍ പ്രധാനമായിരുന്നു. അത്തരം വിമോചന സമരങ്ങളുടെ ആകെത്തുകയെയാണ് നമ്മള്‍ നവോത്ഥാനമെന്ന് വിളിക്കുന്നത്. നവോത്ഥാനം തീര്‍ച്ചയായും രാഷ്ട്രീയ ആധുനികതയെ സ്വയംവരിച്ചിരുന്നു. ജനാധിപത്യമാകട്ടെ രാഷ്ട്രീയാധുനികതയുടെ ഒരു ഭരണരൂപമായിരുന്നല്ലോ? സ്വാഭാവികമായും കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായാണ് കേരളത്തിലെ ജനാധിപത്യം രൂപം കൊണ്ടത്. സംവാദാത്മകമായിരുന്നു നവോത്ഥാനം. സംവാദഭരിതമായ കലഹങ്ങളായിരുന്നു അതിന്റെ ഉള്ളടക്കം. അതേ സംവാദാന്തരീക്ഷമാണ് കേരളീയ ജനാധിപത്യവും പിന്‍പറ്റിയത്. മൊയാരത്ത് ശങ്കരന്‍ കോണ്‍ഗ്രസ് വേഷമിട്ട് ജന്മിഗുണ്ടകളായി മാറിയ ആളുകളുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത് മറക്കുന്നില്ല. വലിയ പ്രക്ഷോഭങ്ങളില്‍ ഭരണകൂടത്തിന്റെ അടിയും വെടിയുമേറ്റ് മരിക്കുന്ന സമരഭടന്‍മാരെക്കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്. അത്തരം ഒരു സന്ദര്‍ഭവും രാഷ്ട്രീയമായി ഇല്ലാതിരിക്കെ മനുഷ്യരെ വെട്ടിക്കൊല്ലുന്നതിനെക്കുറിച്ചാണ്. ഇപ്പറഞ്ഞതിനര്‍ഥം ആദ്യകാല കേരളത്തില്‍ രാഷ്ട്രീയ പകപോക്കലുകളുടെ പേരില്‍ ആരും ആക്രമിക്കപ്പെട്ടിട്ടില്ല എന്നല്ല. നിശ്ചയമായും ഉണ്ട്. പക്ഷേ, അതില്‍ ഒരറ്റത്ത് ഭരണകൂടമോ ജന്മിത്വത്തിന്റെ അവശിഷ്ടങ്ങളോ ഉണ്ടായിരുന്നു.

എഴുപതുകളോടെ രാഷ്ട്രീയം മാറുകയാണ്. നെഹ്‌റു യുഗം അവസാനിച്ചു. നെഹ്‌റുവിന്റെ ഓര്‍മകള്‍ അവസാനിച്ചു. കുടുംബവാഴ്ചയിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തി. ഇന്ദിരായുഗം പിറന്നു. ഉപജാപകരുടെ കേളീനിലങ്ങള്‍ ഒരുങ്ങി. ജനാധിപത്യത്തില്‍ നിന്ന് സംവാദം പടിയിറക്കം തുടങ്ങി. ആ റെജിമെന്റിന്റെ അലയൊലികള്‍ കേരളത്തിലേക്കും വന്നു. നവോത്ഥാന മുന്നേറ്റത്തിന്റെ ഓര്‍മഭാരങ്ങളില്ലാത്ത നേതൃത്വം. ഏതുവിധേനയും അധികാരമനുഭവിക്കുക എന്ന ഒറ്റ ലക്ഷ്യം. കെ. കരുണാകരന്റെ കയ്യിലായിരുന്നു അന്ന് കോണ്‍ഗ്രസ്. സി.പി.എമ്മാകട്ടെ പിളര്‍പ്പാനന്തര പിടിച്ചുനില്‍ക്കലിന് കയ്യൂക്കിനെ ആശ്രയിച്ചുതുടങ്ങുന്നു. ഇന്നത്തെ സംഘപരിവാര്‍ അവരുടെ രാഷ്ട്രീയ പരീക്ഷണശാലയായി കണ്ണൂരിനെ തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. ആക്രമണവും പ്രതിരോധവും ചേര്‍ന്ന് കണ്ണൂരിനെ സംഘര്‍ഷ ഭൂമിയാക്കി. പലതരം സാമൂഹിക-ചരിത്രപരമായ കാരണങ്ങള്‍ പറയപ്പെടുന്നു എങ്കിലും കണ്ണൂരിലെ യഥാര്‍ത്ഥ പ്രതി ജനാധിപത്യത്തിന്റെ അഭാവമായിരുന്നു. ഏറ്റുമുട്ടലിനിറങ്ങിയ രണ്ടുപാര്‍ട്ടികളിലും സംവാദ പാരമ്പര്യമോ നവോത്ഥാനം നല്‍കിയ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ തിളക്കങ്ങളോ ഇല്ലായിരുന്നു. സി.പി.എമ്മിനെ സംബന്ധിച്ച് പലവിധ രാഷ്ട്രീയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നു. പിളര്‍പ്പിന് ശേഷം നടന്ന നക്‌സലൈറ്റുകളുടെ കൊഴിഞ്ഞുപോക്ക് അവരില്‍ രാഷ്ട്രീയ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒരു സംഘടനയെ സംബന്ധിച്ച് രാഷ്ട്രീയ സംശയങ്ങള്‍ എന്നാല്‍ കാന്‍സറാണ്. അത് സംഘടനാ ശരീരത്തെ കാര്‍ന്നുതിന്നും. അങ്ങനെ ആശയക്കുഴപ്പത്തില്‍ പെട്ട സി.പി.എം കണ്ണൂരിലെ സംഘത്തെ നേരിടാന്‍ കായബലം ആയുധമാക്കി. കണ്ണൂര്‍ പ്രശ്‌നത്തെ സംസ്ഥാനവല്‍കരിച്ച് രാഷ്ട്രീയ പരിഹാരം തേടാനുള്ള സാവകാശത്തിലായിരുന്നില്ല അന്നത്തെ പാര്‍ട്ടി. തൃശൂരില്‍ അഴീക്കോടന്‍ രാഘവന്‍ എന്ന സമുന്നത നേതാവിന്റെ കൊലപാതകം കൂടിയായപ്പോള്‍ ചിത്രം പരിതാപകരമായി. ആരും കൊല്ലപ്പെടും എന്ന ചിന്ത രാഷ്ട്രീയത്തെ സായുധമാക്കി. അത് പ്രതിപക്ഷ ബഹുമാനം, ആദരവ് തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളെ സമ്പൂര്‍ണമായി നിരാകരിക്കുന്നതായി. എഴുപത് മുതല്‍ ഇങ്ങോട്ടുള്ള കേരള നിയമസഭയിലെ കാര്യപരിപാടികളിലൂടെ കണ്ണോടിച്ചാല്‍ നിങ്ങള്‍ക്ക് ഈ സംവാദരാഹിത്യം മനസിലാകും. രാഷ്ട്രീയം എന്നത് അധികാരത്തിന്റെ കളിയായി. ജനാധിപത്യം അന്തസാരശൂന്യമായി. അരനൂറ്റാണ്ടായിട്ടും കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ മൂലഹേതു കമ്യൂണിസ്റ്റ് സാന്നിധ്യമാണെന്ന തിരിച്ചറിവും അതില്‍ നിന്നുണ്ടായ പകയും സംഘപരിവാറിനെ കമ്യൂണിസ്റ്റുകാര്‍ക്കെതിരായ തെരുവ് യുദ്ധത്തിലേക്കാണ് നയിച്ചത്. ത്രിപുരയില്‍ നിങ്ങള്‍ കാണുന്ന അതിക്രമങ്ങളുടെ ഒരു കാരണം ആ പകയാണ്. മറിച്ച് സോവിയറ്റ് ചേരിയുടെ തകര്‍ച്ചയും പ്രത്യശാസ്ത്രത്തിന്റെ പടിയിറങ്ങലും ജീവിതമൂല്യങ്ങളിലെ വെള്ളം ചേര്‍ക്കലും മൂലം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിത്തറയായ സൈദ്ധാന്തിക ബലം നഷ്ടപ്പെട്ട് കായിക ശക്തിയായി പരിണമിച്ച യുവാക്കളുടെ വീര്യത്തെ പ്രകോപന പ്രസംഗങ്ങളിലൂടെ തെരുവ് യുദ്ധത്തിലേക്ക് എറിഞ്ഞുകൊടുത്ത് സി.പി.എമ്മും ഈ തകര്‍ച്ചക്ക് ആക്കം കൂട്ടി. ഷുഹൈബ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് എന്തിനാണ് എന്ന് പരിശോധിച്ചാല്‍ ഭീകരമാം വിധം ശൂന്യമായി തീര്‍ന്ന ഒരു രാഷ്ട്രീയത്തെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.
ചുരുക്കത്തില്‍ ജനാധിപത്യപരത ഇല്ലാതാവുകയും വ്യാജവീര്യഘോഷണത്തില്‍ പിടിച്ചുനില്‍ക്കുകയും ചെയ്യുന്ന ഒരു സംഘമാളുകളുടെ കയ്യിലാണ് കേരളത്തിലെ രാഷ്ട്രീയം. ത്രിപുരയിലെ സംഭവവികാസങ്ങളോട് മുസ്‌ലിം ലീഗിലെ കെ.എം ഷാജി നടത്തിയ പ്രതികരണം ശ്രദ്ധിക്കുക. അദ്ദേഹം മുസ്‌ലിം ലീഗ് നേതാവാണെന്നതിന് ഒന്ന് അടിവരയിടുക. വി.ടി. ബലറാം നടത്തിയ പ്രതികരണം കാണുക. അദ്ദേഹം കോണ്‍ഗ്രസ് നേതാവാണെന്ന് ഓര്‍ക്കുക. ഇതെല്ലാം സ്‌പെസിമെന്‍ മാത്രമാണ്. തകര്‍ച്ചയുടെ സ്‌പെസിമെന്‍. അതിനാല്‍ ജനാധിപത്യത്തെ തിരിച്ചുപിടിക്കാനുള്ള ഗൗരവമായ സംവാദങ്ങളാണ് നടത്തേണ്ടത്. വരുന്നത് സര്‍വനാശിയായ ഫാഷിസമാണ്. കെ.ജി.എസിന്റെ ഈ വരികള്‍ വായിക്കുക:

ക്ഷമിക്കണം,
കവിളത്ത് ഒറ്റുമ്മ പതിഞ്ഞ്
അവനെ കിട്ടിയപ്പോഴേക്ക്
കുട്ടികള്‍ ഉറങ്ങിപ്പോയി.
അതുകൊണ്ടാണ്,
കരാറില്‍പ്പറഞ്ഞപോലെ
കുട്ടികളുടെ മുന്നിലിട്ട്
വെട്ടാഞ്ഞത്.
മുതിര്‍ന്നവര്‍ മയങ്ങിപ്പോയി,
അതുകൊണ്ടാണ്
നൂറുമേനിയായ അവന്റെ മേനി
കാതലുറച്ച് ചെമ്മരുത് പോലെ
വയല്‍ വെയിലില്‍
അനങ്ങാക്കാണികളുടെ
കണ്‍തരിശില്‍
വെട്ടിവീഴ്്ത്താഞ്ഞത്.
കരാര്‍പ്പൊന്ന് കിട്ടി.
എന്നാലും
ഒരുചോദ്യത്തിന്റെ കടം ബാക്കി
അവര് വെട്ടിക്കുന്ന വെട്ടൊക്കെ
അവരിലും കൊള്ളുന്നതെന്ത്?

അതുകൊണ്ടാണ് പറഞ്ഞത് ത്രിപുര ഒരു പാഠമാണ്. ജനാധിപത്യത്തിനെതിരെ അതിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ തുടരുന്ന ഉപജാപങ്ങള്‍ അവരെ ഇല്ലാതാക്കും. ജനാധിപത്യം അവരുടെയും ആരുടെയും സമ്മാനമല്ല എന്നതിനാലും നമ്മുടെ അവകാശമാണ് എന്നതിനാലും നമ്മളാണ് പ്രതരോധിക്കേണ്ടത്. വാളുകൊണ്ടല്ല, വാക്കുകൊണ്ട്. വാളുകൊണ്ട് ലോകത്തൊരിടത്തും ജനാധിപത്യം പുര്‍ന്നിട്ടില്ല. വാളുകൊണ്ട് പുലര്‍ന്നതെന്താണെന്ന് ത്രിപുര കാണിച്ചു തന്നല്ലോ?

കെ കെ ജോഷി

You must be logged in to post a comment Login