ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനോട് പുറത്ത് അനേകമനേകം ചതുരശ്ര കി. മീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂമിയും കടലും പുഴകളുമൊക്കെയുള്ള ഒരു ലോകം വരാനുണ്ടെന്നും അവിടെ ഇളം നീല ആകാശം കൊണ്ട് കമനീയ പന്തലിട്ടിട്ടുണ്ടെന്നും പറയുമ്പോള്‍ ആ കുഞ്ഞ് അവിശ്വസിച്ചേക്കും. സെന്റി മീറ്ററുകള്‍ മാത്രം വലുപ്പമുള്ള അവന്റെ ലോകത്തിനപ്പുറം പരന്ന് പരന്ന് കാണാതാവുന്നത്രയും വലുപ്പത്തില്‍ മറ്റൊരു ലോകമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുട്ടിക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നുവെച്ച് അവന് ജനിക്കാതിരിക്കാനാവില്ല. അവന് ജനിച്ചുവരുമ്പോഴാണ് എല്ലാം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട് ബോധ്യപ്പെടുന്നത്. അപ്പോള്‍ ആ കുഞ്ഞ് വിചാരിക്കുമായിരിക്കും; ഞാനെത്ര ചെറിയ ബുദ്ധി!
ഇതൊരു ഉദാഹരണം. മനസിലാക്കുന്നവര്ക്കായി നല്‍കിയത്. എന്നാല്‍ ഭയാനകമാണ് മരണശേഷമുള്ള ലോകം നിഷേധിക്കുന്നയാളുടെ അവസ്ഥ. ആ ലോകം അതിന്റെ സര്‍വ പകര്‍ന്നാട്ടങ്ങളും അവന്റെ മുമ്പിലാടുമ്പോള് സത്യനിഷേധി വിരല്കടിക്കും.
പുനരുജ്ജീവനമില്ല, സ്വര്‍ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്, ദൈവത്തിന്റെയടുത്ത് (അങ്ങനെയുണ്ടെങ്കില്‍) നമുക്ക് നല്ലതേ വരൂ എന്നിങ്ങനെയുള്ള വ്യാമോഹങ്ങളുടെ പുറത്താണ് സത്യനിഷേധിയെന്ന് ഖുര്‍ആന്‍. ചിലര്‍ വിചാരിക്കുന്നത് മുളപൊട്ടി തൈ പുറത്തുവരുമ്പോലെയാണ് മനുഷ്യജന്മമെന്നാണ്. ചിലര്‍ സൈദ്ധാന്തികച്ചുമടുകള് താങ്ങി മനുഷ്യന് സ്വയംഭൂവാണെന്ന് വിശ്വസിക്കുന്നു. ദൈവിക അംശത്തില്‍നിന്ന് പോന്നവനായി മനുഷ്യനെ വിചാരിക്കുന്നവരുമുണ്ട് മറ്റൊരു കൂട്ടര്.
അല്ലാഹുവിന്റെ ഒരു വചനം ഇങ്ങനെ താല്പര്യപ്പെടുന്നു: ‘എങ്ങനെ നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കും? ജീവനില്ലാതിരുന്ന അവസ്ഥയില്‍നിന്നും നിങ്ങള്‍ക്ക് ജീവനേകിയത് അവനാണ്. അല്ലാഹു തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ജീവിപ്പിക്കുകയും അവനിലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും’ (സൂറത്തുല്‍ബഖറ/ 28).
ഈ വചനത്തിന്റെ അറബിമൂലത്തില്‍ ഒരു ‘കൈഫ’യുണ്ട്. ഉത്തരമാവശ്യമുള്ള ചോദ്യമാണത്. എന്നാലോ ഉത്തരത്തിന് പ്രസക്തിയില്ലതാനും. മറുപടി ഏവരാലും ബോധ്യപ്പെട്ട ഒരു ചോദ്യം എന്ന് പറയാം. ആ പദത്തില്‍ മുഴങ്ങുന്നത് ഒരു താക്കീതാണ്. പ്രകടസത്യത്തെ ദുര്‍ബലമായ തടയണകൊണ്ട് പൊത്തിപ്പിടിക്കാമെന്ന് വിചാരിക്കുന്നവരെയാണത് ഉത്തരമില്ലാതാക്കുന്നത്.
മനുഷ്യന് ഒന്നും നിര്‍മിക്കാന്‍ കഴിയില്ല. ദൈവത്താല്‍ ലഭ്യമായ അസംസ്കൃത പദാര്‍ത്ഥങ്ങളില്ലെങ്കില്‍ അവനൊന്നും പടക്കാനാവില്ല. ഖലഖ എന്ന വാക്കിന്ന് സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍ മുന്‍ മാതൃകകളില്ലാതെ ഒരു അസംസ്കൃത വസ്തുക്കളുടെയും ആവശ്യമില്ലാതെ സൃഷ്ടിച്ചു എന്നാണ് ഉദ്ദേശ്യം. ഔജദ എന്ന് അറബിയില്‍ പറയും.
അല്ലാഹുവല്ലാത്ത പലരും പലതും പടക്കുന്നു. അതൊക്കെ കേവല നിര്‍മാണങ്ങള്‍. അവക്ക് പ്രകൃതിയില്‍ ദൈവത്താല്‍ നിക്ഷേപിക്കപ്പെട്ട അസംസ്കൃത വസ്തുക്കള്‍ വേണം. തെരുവുകളിലും നഗരങ്ങളിലും സ്ഥാപിക്കപ്പെട്ട പ്രതിമകള്‍ക്ക് ജീവന് തുടിക്കുന്ന ഭാവമുണ്ടായിരിക്കാം. പക്ഷേ, ദൈവത്താല്‍ ജീവന് കിട്ടിയ ജീവികളില്‍നിന്ന് തന്നെത്തന്നെ സംരക്ഷിക്കാന്‍ കഴിയാതെ അത് ആ ജീവികളുടെ വിസര്‍ജ്യ ഇടമായി മാറുന്നത് കാണുന്നില്ലേ.
സൂക്ഷ്മാണുക്കള്‍ മുതല്‍ ബ്രഹ്മാണ്ഡത്തിലെ ജീവജാലങ്ങള്‍ക്ക് മുഴുവന്‍ ദൈവത്താല്‍ ഓശാരം കിട്ടിയ ജീവനാണുള്ളത്. അതൊരു ശില്പിക്ക് കൊത്താനാവില്ല. ഒരു ശക്തിക്കും ഊതി ഉണര്‍ത്താനുമാവില്ല.
ഇനി മരണത്തെപ്പറ്റി പറയാം. ജനന- മരണങ്ങളുടെ പേറ്റന്റ് അവകാശപ്പെട്ട നിഷേധിയായ രാജനെ ഓര്‍ക്കുന്നില്ലേ? രണ്ടാളുകളെ അയാള്‍ അടുത്ത് വിളിച്ചു. ഒരാളുടെ തലവെട്ടി. മറ്റെയാളെ വിട്ടു. എന്നിട്ട് അവകാശമുന്നയിച്ചു: ഒരാളെ ജീവിപ്പിച്ചു. മറ്റെയാളെ കൊന്നു! എത്രത്തോളം മൂഢനാവണം ഇതിനൊക്കെ. ഇതാണ് ദൈവത്തിന്റെ പരിവേഷമിടുന്നവരുടെ ബൗദ്ധികവളര്‍ച്ച. മരണത്തിന്റെ അധികാരി അല്ലാഹുവാണ്. അവന് നല്കിയ സമയം ഇവിടെ കാണും. പിന്നെയൊരു വീഴ്ചയാണ്. അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല. കാലം വനെ സ്തംഭിപ്പിച്ച് മുന്നോട്ട്പോയി. അവനോ, കാലത്തെ ഒന്ന് ഇളക്കാന്‍ പോലും കഴിഞ്ഞില്ല. അവനില്ലെങ്കിലും ഇവിടെ രാത്രിയും പകലും, മോരും മുതിരയും വരും, പോകും. എല്ലാം സാധാരണ പോലെയാവാന്‍ നിമിഷങ്ങള്‍ മതി. മരിച്ചവന്റെ ഉറ്റവര്‍ക്ക് പോലും ദിവസങ്ങള്‍ക്ക് ശേഷം ദൈവത്തിന്റെ ശാന്തി ഓശാരമായി വരും. മരണത്തെ തോല്പിക്കാന് കഴിയില്ല. പക്ഷേ ശാസ്ത്രം പ്രതീക്ഷയോടെ തീവ്ര ശ്രമങ്ങളിലാണ്. ആര്‍ക്ക് കഴിയും നീട്ടിവെക്കാന്‍. ദൈവം നീട്ടിവെച്ച പോലെ നീട്ടിവെക്കാന്‍, സമാധാനത്തോടെ അടുത്ത നിമിഷത്തോട് സല്ലപിക്കാന്‍ ആര്‍ക്കുമാവില്ല. മരണം അതിജയിക്കാനാവാത്ത ഒരു ഭീതിയായി മനുഷ്യന്റെ മുന്നിലുണ്ട്. പക്ഷേ മരണത്തെ പടച്ച രക്ഷിതാവിനെ ഭയക്കുന്നില്ല. ഇത് യുക്തിയല്ല. ചരിത്രത്തിലെ വലിയ ദൈവവേഷക്കാരൊക്കെ മരണത്തിന് തൊട്ടുമുമ്പ് ലോകത്തിന്ന് മുന്നില്‍ നിസ്സഹായത കുറിച്ചിട്ടുണ്ട്.
സൃഷ്ടിപ്പിന്റെ ഘട്ടങ്ങളെപ്പറ്റി മുമ്പ് നാം പറഞ്ഞു. രൂപമായി റൂഹ് നിക്ഷേപിക്കുന്നതോടെ രൂപത്തില്‍ ജീവന്റെ ചലനമായി. ഈ ചലനം നിലക്കുന്നതോടെ മരണമായി.
ഉപകാരങ്ങള്‍ ഏറെ ചെയ്യുന്ന ഒരാള്‍ക്ക് എമ്പാടും ഉപകാരങ്ങള്‍ തിരിച്ചുനല്‍കാന്‍ കഴിഞ്ഞേക്കാം. ശരി, എന്നാല്‍ ഉപദ്രവമേറെ ചെയ്തവനെ എന്തുചെയ്യും? ഒരിക്കല്‍ കൊന്നാല്‍ ശിക്ഷയാകുമോ? അത് നീതിയാകുമോ?
ജീവിക്കുന്നു, മരിക്കുന്നു, മണ്ണാകുന്നു എന്ന് ലളിതമായി വിചാരിക്കുന്നവരുണ്ട്. ചെയ്ത നന്മകള്‍ക്ക് അതിനോട് കിടയൊത്തതും തിന്മകളോട് അതിനോട് കിടയൊത്തതും നല്കുന്നില്ലെങ്കില് പിന്നെന്ത് ജീവിതം? അപ്പോള്‍ നീതിയുടെ മറ്റൊരു ലോകം വേണം. അതാണ് പരലോകം. യഥാര്‍ത്ഥ ലോകം. അത് ഈ ലോകത്തെ പോലെ ഒരിക്കല്‍ ഒരു പുകയില്‍ തീരില്ല.
മുന്മാതൃകകളില്ലാതെ പടക്കുന്ന രക്ഷിതാവിന്ന് അവയെ മരിച്ച ശേഷം വീണ്ടും ഉയിര്ത്തെഴുന്നേല്പിക്കാനാവും. കരിഞ്ഞുണങ്ങിയ മരങ്ങള്‍ വീണ്ടും ഒരു മഴ കിട്ടുമ്പോള്‍ തളിര്‍ത്ത് പൂത്ത് പടരുന്നു. കാണുന്നില്ലേ ഇതൊക്കെ. നശിച്ച് മണ്ണില്‍ ചേര്‍ന്നിട്ടും വീണ്ടും എങ്ങനെയാണവ മണ്ണിനെ പിളര്‍ന്ന് പുറത്തുവരുന്നത്? ആ കരുത്ത് എവിടെനിന്നാണ് ഇളം തണ്ടുകള്‍ക്ക് കിട്ടുന്നത്? കണ്മുന്നില് ഇതൊക്കെ പച്ചക്ക് കണ്ടിട്ടും എന്താണ് ചിന്തയില്‍ ഒരു പച്ചപ്പ് കാണാത്തത്?
ജീവിതവും മരണവും അല്ലാഹുവിന്റേതാണ് എന്ന ബോധ്യമുണ്ടാകുമ്പോള്‍ മനുഷ്യന് നന്മയുടെ പൂമരമാവുന്നു. തിന്മകളെ അവന് നന്മകള് കൊണ്ട് മൂടിക്കളയുന്നു. ദൈവികമായ പ്രേരണകള്‍ അയാളെ പൊതിയുന്നു. സൃഷ്ടിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന രാജാധിരാജന് എല്ലാം കാണുകയും അറിയുകയും ഓശാരം നല്കി അനുഗ്രഹിക്കുകയും ചെയ്യുന്നത് അയാള്‍ അറിയുന്നു. ജനനവും മരണവും മേധാസത്യങ്ങളായി നിലനില്‍ക്കേ എങ്ങനെയാണ് ലോക രക്ഷിതാവിന്റെ സാന്നിധ്യം നിഷേധിക്കാനാവുക?
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login