സഊദി അറേബ്യയെക്കുറിച്ച് ഒത്തിരി തെറ്റിദ്ധാരണകള്‍ കേരളീയ പൊതുസമൂഹത്തിനുണ്ട്. അതിലൊന്ന് സഊദിയുടെ ചിത്ര/ ശില്പകലാരംഗത്തെ സംബന്ധിച്ചാണ്. ആ മേഖല മലയാളിക്ക് തീര്‍ത്തും അപരിചിതമാണ്. അത് പരിചിതമാക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. മതവിശ്വാസപരമായ കാഴ്ചകളും അനുഭവങ്ങളുമാണ് കൂടുതലും വിനിമയം ചെയ്യപ്പെട്ടത്. എന്നാല്‍ അറേബ്യന്‍ മരുഭൂമിയില്‍ ഉദയം ചെയ്ത പൗരാണിക നാഗരികതക്ക് ആധുനിക കാലത്തും തുടര്‍ച്ചകള്‍ ഉണ്ടായി. ചിത്രകല, ശില്പകല, സാഹിത്യം, വാസ്തുശില്പകല എന്നീ മേഖലകള്‍ സമ്പന്നമാണ് അറേബ്യയില്‍. ചിത്രകലക്ക് ഇവിടെ യാതൊരു വിലക്കുമില്ല.
സഊദി അറേബ്യയുടെ പല പ്രവിശ്യകളിലും ഗോത്രചിത്രകല സമ്പന്നമായിരുന്നു. ആ രംഗത്ത് വലിയ സംഭാവനകള്‍ നല്കിയ ധാരാളം ചിത്രകാരികളുണ്ടായിരുന്നു. പാരമ്പര്യത്തെ കൈവിടാതെ തന്നെ ആധുനിക ചിത്രകലക്ക് വലിയ സംഭാവനകള്‍ നല്കിയ ചിത്രകാരികളും അറേബ്യയിലുണ്ട്. ഇവര്‍ ആധുനിക വിദ്യാഭ്യാസം നേടുകയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോയി ചിത്രകലാപഠനം നടത്തുകയും ചെയ്തവരാണ്. എണ്ണഛായം, ആക്രിലിക് തുടങ്ങിയ മാധ്യമങ്ങളില്‍ കാന്‍വാസ് ചിത്രങ്ങളൊക്കെ പിറക്കുന്നത് അങ്ങനെയാണ്. എന്നാല്‍ തെരുവു ചിത്രകാരികളും അറേബ്യയിലുണ്ട്. സാറ മൊഹന്ന അല്അബ്ദാലിയെപ്പോലെ ലോകശ്രദ്ധ ആകര്‍ഷിച്ചവര്‍ ഈ ഗണത്തില്‍ പെടും. ഹിജാസ് പ്രവിശ്യക്കാരിയാണ് സാറ. ജനനം 1989ല്‍. ലണ്ടനില്‍ പോയി ഉപരിപഠനം നടത്തി. തെരുവു ഭിത്തികളില്‍ സ്േ്രപ പെയിന്റ് ഉപയോഗിച്ച് വരക്കുന്നതാണ് സാറയുടെ മിക്ക രചനകളും. അറബ് സംസ്കാരത്തെ സവിശേഷമായി അടയാളപ്പെടുത്തുന്ന രചനകള്‍ക്കൊപ്പം സാമൂഹ്യവിമര്‍ശനങ്ങളും സ്ത്രീപക്ഷ നിലപാടുകളും രാഷ്ട്രീയ പ്രതികരണങ്ങളും ഒക്കെ സാറയുടെ രചനകളില്‍ ഉള്‍പ്പെടുന്നു. തെരുവുഭിത്തികളില്‍ വരക്കുന്ന രചനകള്‍ ഗ്രഫിറ്റി എന്ന ഗണത്തിലാണ് ഉള്‍പ്പെടുന്നത്.
എന്നാല്‍ ആധുനിക അറബ് ചിത്രകാരികളില്‍ ഏറ്റവും പ്രശസ്ത സഫിയ ബിന്‍ സാഗറാണ്. ജിദ്ദയിലാണ് അവര്‍ ജനിച്ചത്. സമ്പന്ന കുടുംബമായിരുന്നു സഫിയയുടേത്. പഴയ ജിദ്ദയിലെ ഹരത്ത് അല്‍ഷാം ഗൃഹസമുച്ചയങ്ങളുടെ ഭാഗമായിരുന്നു അവരുടെ കുടുംബഭവനം. സെക്കണ്ടറി വിദ്യാഭ്യാസം കയ്റോവിലായിരുന്നു. 1964ല്‍ ജിദ്ദയിലേക്ക് തന്നെ തിരിച്ചുവന്നു. ആ കാലഘട്ടം സഊദി അറേബ്യയെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായിരുന്നു. മാറ്റങ്ങള്‍ എല്ലായിടത്തും പ്രകടമായി. സഊദി അറേബ്യക്ക് പുറത്തുപോയി വിദ്യാഭ്യാസം നേടിയവര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എല്ലാ മേഖലയിലും വ്യാപിച്ചു. വസ്ത്രധാരണം, ആചാരങ്ങള്‍ എന്നിവയിലെല്ലാം വലിയ മാറ്റങ്ങള്‍ക്ക് അറേബ്യ സാക്ഷ്യം വഹിച്ചു. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. ആധുനികതയെ നിഷേധിച്ചുകൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന് സഫിയയും തിരിച്ചറിഞ്ഞു.
ഈ സാഹചര്യത്തിലാണ് വിദേശത്തുപോയി ചിത്രകലാപഠനം നടത്തുന്നതിനെപറ്റി സഫിയ ഗൗരവമായി ആലോചിക്കുന്നത്. ആധുനിക ചിത്രകലാ പഠനത്തിന് തിരഞ്ഞെടുക്കാവുന്ന കലാപഠന കേന്ദ്രങ്ങള്‍ മിക്കതും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തന്നെയായിരുന്നു. സഫിയ തിരഞ്ഞെടുത്തത് ലണ്ടനിലെ സെന്റ് മാര്ട്ടിന് സ്കൂള്‍ ഓഫ് ആര്‍ട്സായിരുന്നു. 1976ല്‍ അവിടെ ചേര്‍ന്ന് ഗ്രാഫിക്ആര്ട്ടില് ബിരുദമെടുത്തു. പടിഞ്ഞാറോട്ട് ചേക്കേറാന്‍ അവര്‍ ആഗ്രഹിച്ചില്ല. തന്റെ രാജ്യത്തേക്ക് മടങ്ങാനും അറേബ്യന്‍ ജീവിതം ചിത്രകലക്ക് പ്രമേയമാക്കാനും തീരുമാനിച്ചു.
ഒരു ചിത്രകാരിക്ക് സാമൂഹിക ജീവിതത്തില്‍ സ്വതന്ത്രമായി ഇടപഴകാന്‍ പറ്റുന്ന അന്തരീക്ഷമായിരുന്നില്ല അന്ന് അറേബ്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പരിമിതികളെക്കുറിച്ചല്ല സഫിയ ആലോചിച്ചത്. മറിച്ച് സാധ്യതകളെക്കുറിച്ചാണ്. ലണ്ടനില്‍ പഠിച്ചതുകൊണ്ട് എണ്ണഛായം, ആക്രിലിക്ക് തുടങ്ങിയവ മാധ്യമങ്ങളില്‍ കയ്യടക്കം വന്നുകഴിഞ്ഞിരുന്നു. 1968ല്‍ ജിദ്ദയിലെ ദാര്‍ അല്തര്ബിയ അല്ഹദിത്ത വിദ്യാലയത്തില്‍ ആദ്യ ഗ്രൂപ്പ് എക്സിബിഷനില്‍ പങ്കെടുത്തു.
ചിത്രങ്ങള്‍ വരക്കുക മാത്രമല്ല സഫിയ ചെയ്തത്. ചിത്രകലയെക്കുറിച്ച് എഴുതാനും ശ്രമിച്ചു. അത്തരം രചനകള്‍ ചിത്രകലയെക്കുറിച്ച് മാത്രമായിരുന്നില്ല. അവ അറേബ്യയുടെ പാരമ്പര്യവും ഭൂതകാല മഹിമകളും കണ്ടെത്തുകയും അവ സ്ത്രീയുടെ വീക്ഷണത്തിലൂടെ ആവിഷ്കരിക്കുകയും ചെയ്തു. ഇവ ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.
യുനെസ്കോ അടക്കം ധാരാളം ജീവകാരുണ്യസംഘടനകള്‍ സഫിയയുടെ രചനകള്‍ പോസ്റ്ററുകള്‍ക്ക് ഉപയോഗപ്പെടുത്തി. കലണ്ടറും പോസ്റ്റ് കാര്‍ഡുമായി അവകള്‍ പുറം ലോകത്തെത്തി. ലോകമെമ്പാടും സ്വകാര്യകലാശേഖരങ്ങളില് ഈ മഹതിയുടെ ചിത്രങ്ങളുണ്ട്.
സമ്പന്ന കുടുംബത്തില്‍ പിറന്നതിനാല്‍ തന്റെ വീട് വലിയൊരു ആര്‍ട്ട് മ്യൂസിയമാക്കി മാറ്റുകയാണ് ചെയ്തത്. ദരത്ത് സഫിയ ബിന്‍ സാഗര്‍ എന്ന ഈ മ്യൂസിയം ജിദ്ദയിലെത്തുന്ന എല്ലാ കലാസ്നേഹികളുടെയും സന്ദര്‍ശനകേന്ദ്രമാണ്. എന്റെ അറേബ്യന്‍ യാത്രയില്‍ മറക്കാനാവാത്ത അനുഭവം ഈ മ്യൂസിയം എനിക്ക് സമ്മാനിച്ചു. കലാസൃഷ്ടികള്‍ മാത്രമല്ല ഇവിടെയുള്ളത്. അറബ് ഗൃഹങ്ങളുടെ സാംസ്കാരികത്തനിമകളെല്ലാം സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറന്നുവെച്ചിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഫീസൊന്നുമില്ല. മ്യൂസിയത്തിലെ ഗ്രന്ഥാലയം ആര്‍ക്കും ഉപയോഗപ്പെടുത്താം. ഗ്രന്ഥാലയത്തിലിരുന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ സൗകര്യവുമുണ്ട്. വിലകൂടിയ പരവതാനികള്‍ വിരിച്ച അറബിക് റൂം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും അടയാളങ്ങള്‍ പേറുന്നു. ചായപ്പാത്രങ്ങളുടെയും സല്ക്കാരപ്പാത്രങ്ങളുടെയും ശേഖരങ്ങള്‍ പൊതുവെ അറബ് മന്സിലുകളില് കാണാം. തറവാട് വീടുകളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് മന്‍സിലുകളുടെ അലങ്കാരങ്ങളും മാറിക്കൊണ്ടിരിക്കും. ഹുക്ക, വാള്, തോക്ക് എന്നിവയൊക്കെ മന്‍സിലുകള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കും. അതിസമ്പന്ന ഗൃഹങ്ങളില്‍ പളുങ്കുപാത്രങ്ങള്‍ കാണാം. കണ്ണാടികളും വിളക്കുകളുമുണ്ടാകും.
ഈ മ്യൂസിയത്തിലെ മറ്റൊരു സവിശേഷത സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങളും അലങ്കാരങ്ങളും പ്രദര്‍ശനത്തിനുവെച്ച ഹാളാണ്. സഊദി അറേബ്യയെന്ന ഭൂപ്രദേശത്തിന്ന് അസാധാരണമായ വൈപുല്യമുണ്ട്. ഭൂമിശാസ്ത്രപരമായ വ്യത്യസ്ഥ വസ്ത്രം, ആഭരണങ്ങള്‍, മറ്റ് അലങ്കാരങ്ങള്‍ എന്നിവയില്‍ പ്രതിഫലിക്കുന്നു. ഓരോ ഗോത്രവര്‍ഗത്തിനും തനിമയുറ്റ രീതികളുണ്ട്. ഈ മ്യൂസിയത്തില്‍ ഇവയുടെ വിപുലമായ ശേഖരമുണ്ട്. അസിര്‍ മേഖലയിലെ പരമ്പരാഗത ഗോത്രാലങ്കാരങ്ങള് സഫിയ തന്നെ എണ്ണഛായത്തില്‍ വരച്ച് സൂക്ഷിച്ചത് ഈ മ്യൂസിയത്തിലെ മറ്റൊരു സവിശേഷതയാണ്.
മ്യൂസിയത്തിനകത്തേക്ക് പ്രവേശിക്കുമ്പോല്‍ പ്രധാന വാതിലിന്റെ ഇരുവശത്തുമായി അറബ് ജീവിതം പ്രതിഫലിക്കുന്ന കൂറ്റന്‍ ഭിത്തി ചിത്രങ്ങളുണ്ട്. ഫാല്‍ക്കണ്‍ പക്ഷിയെ കയ്യിലേന്തിയിരിക്കുന്ന അറബി, അതിഥികളെ മന്സിലുകളില് സത്കരിക്കുന്ന അറബി ഇങ്ങനെ പോകുന്നു ഈ പൂമുഖത്തെ ചിത്രം. ഒട്ടേറെ ചിത്രങ്ങളില്‍ സ്ത്രീ ജീവിതം ആവിഷ്കരിക്കപ്പെടുന്നുണ്ട്. മരുഭൂമിയും സഫിയ ചിത്രങ്ങള്‍ക്ക് വിഷയമാണ്. ഇംപ്രഷണിസ്റ്റ് ശൈലിയില്‍ വരച്ച ഒരു യോദ്ധാവിന്റെ ചിത്രമുണ്ട്. മരുഭൂമിയിലൂടെ ഏകാകിയായി സഞ്ചരിക്കുകയാണ് യോദ്ധാവ്. ഒട്ടകപ്പുറത്താണ് യാത്ര. മരുഭൂമിയുടെ ആഴവും പരപ്പും ഈ ചിത്രത്തില്‍ കാണാം. വല്ലാത്തൊരു മൗനത്തിന്റെ ആവിഷ്കാരം കൂടിയാണ് ഈ ചിത്രം. ചന്ദന നിറമാര്‍ന്ന മരുഭൂമിക്കുമേല്‍ ആകാശത്തിന്റെ നീലിമ. ഒരു അറബിത്തെരുവില് കുട്ടികളിരിക്കുന്ന ചിത്രമാണ് മറ്റൊരു പ്രധാനപ്പെട്ട രചന. തെരുവുജീവിതത്തിന്റെ അടയാളപ്പെടുത്തലാണിത്.
ഒരു അറബ് സ്വര്‍ണപ്പണിക്കാരന്റെ പണിശാല പ്രമേയമാവുന്ന ചിത്രം മറ്റൊരു മികച്ച ചിത്രമാണ്. ഈ ചിത്രത്തില്‍ സ്വര്‍ണപ്പണിക്കാരായ അറബികളുടെ പ്രാധാന്യം ഈ പണിശാലക്കാണ്. നിലത്തുവിരിച്ച പരവതാനികള്‍, പണിയായുധങ്ങള്‍, ആഭരണങ്ങള്‍, ഷെല്‍ഫുകള്‍ എല്ലാം അവയുടെ സൂക്ഷ്മ വിശദാംശങ്ങളില്‍ ഈ ചിത്രത്തിലുണ്ട്. ഒട്ടകച്ചന്തയെക്കുറിച്ച് സഫിയ വരച്ച ചിത്രവും പ്രശസ്തമാണ്. ഈ ചിത്രത്തിന് യൂനിസെഫ് അവാര്‍ഡ് ലഭിച്ചു. ഇത്തരത്തില്‍ ഒത്തിരി ദേശാന്തരീയ പുരസ്കാരങ്ങള്‍ സഫിയ ബിന്‍ സാഗറിനെ തേടിവന്നിട്ടുണ്ട്.
പി സുരേന്ദ്രന്
You must be logged in to post a comment Login