ഹൈന്ദവരും മുസ്ലിംകളും – പ്രബലരായ രണ്ട് സമുദായങ്ങള്‍ – ഇന്ത്യയുടെ മനോഹരമായ രണ്ട് കണ്ണുകളാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഒരു കണ്ണിന് അണുബാധയുണ്ടായാല്‍ മറുകണ്ണും വിങ്ങിവീര്‍ക്കുമെന്നര്‍ത്ഥം. ഇന്ത്യയിലെ മഹാനഗരങ്ങളിലും നാട്ടിന് പുറങ്ങളിലും അവരുടെ ജീവിതങ്ങള്‍ അത്രത്തോളം അന്യോന്യം ഇഴചേര്‍ന്നിരിക്കുന്നു. അവരുടെ ചരിത്രവും പാരമ്പര്യവും സംസ്കാരവും പരസ്പര ബന്ധിതമാണ്. ഹിന്ദു-ഇസ്ലാമിക് വാസ്തുശില്പങ്ങളിലും, ഇന്തോ-സാരസന്‍ സ്മാരകങ്ങളിലും, സങ്കര ഭാഷകളിലും, ഹിന്ദുസ്ഥാനി സംഗീതത്തിലും, മുഗള്‍ പാചക കലയിലും, പരമ്പരാഗത വസ്ത്രങ്ങളിലും സാമ്പ്രദായിക ആഭരണങ്ങളിലും ധന്യമായ ആ പാരസ്പര്യം പ്രതിഫലിക്കുന്നുണ്ട്.
ഇസ്ലാമിക – ഹിന്ദു സമൂഹങ്ങള്‍ തമ്മില്‍ നിരവധി നൂറ്റാണ്ടുകളുടെ ഹൃദ്യമായ സഹവര്‍ത്തിത്വവും സഹവാസവും കൊണ്ട് വളര്‍ന്ന ഗുണപരമായ ബന്ധത്തിന്റെ ബാഹ്യമായ ആവിഷ്കാരങ്ങളാണിവയെങ്കില്, ദര്‍ശനത്തിന്റെയും, ദൈവശാസ്ത്രത്തിന്റെയും ആധ്യാത്മികതയുടെ മേഖലകളില്‍ പരസ്പര സഹകരണത്തിന്റെ ആഴമേറിയ അടയാളങ്ങള്‍ കാണാന്‍ സാധിക്കും. ഇരു സമുദായങ്ങളിലെയും സൂഫികളും സന്യാസിവര്യന്മാരും തമ്മിലുള്ള ആശയ സംവാദങ്ങള്‍ കൊണ്ടും, സഹകരണം കൊണ്ടും സജീവമായിരുന്നു ഇന്ത്യന്‍ ചരിത്രത്തിന്റെ മധ്യകാലഘട്ടം.
ഇരു സമുദായങ്ങളും അഭിമാനത്തോടെയും സ്നേഹത്തോടെയും ഒരുപോലെ അവകാശമുന്നയിച്ചിരുന്ന അനവധി മഹത്തുക്കളും മനീഷികളും അക്കാലത്തുണ്ടായിരുന്നു. ഇരു സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും അത്രമേല്‍ നിമഗ്നരരായിരുന്നു അവര്‍.! കബീര്‍ ദാസ് ഒരു മുസ്ലിം കുടുംബത്തിലാണ് പിറന്നത്. ഷിര്‍ദി സായിബാബയാവട്ടെ ഒരു മസ്ജിദിലാണ് മരണമടഞ്ഞത്. ദാദാ ഹയാത്ത് കലന്ദര്‍ എന്ന് മുസ്ലിംകളും ബാബാ ബുദന്‍ഗിരി എന്ന് ഹിന്ദുക്കളും ആദരവോടെ വിളിക്കുന്നത് ഒരേ യൊരു പുണ്യാത്മാവിനെയാണ്. പ്രാര്‍ഥന കഴിഞ്ഞ് പുറത്ത് വരുന്ന വിശ്വാസികളുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ സഹോദര സമുദായങ്ങളില്‍ പെട്ട സ്ത്രീകള്‍ കൈകുഞ്ഞുങ്ങളുമായി മസ്ജിദുകള്‍ക്ക് പുറത്ത് വരിനില്‍ക്കുന്നത് ഇന്നും സാധാരണമാണ്. ഹിന്ദു സമുദായത്തിന്റെ പവിത്രഗേഹങ്ങളിലൊന്നായ ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ വഴിമധ്യേ ഒരു മുസ്ലിം വിശുദ്ധന്റെ കുടീരത്തില്‍ ആദരവ് അര്‍പ്പിക്കുന്നത് തീര്‍ത്ഥാടനത്തിന്റെ ചടങ്ങുകളുടെ ഭാഗമാണ്.
പൊതുവായ ചരിത്രവും മിത്തുകളും സങ്കല്പങ്ങളും സമാനമായ സ്വപ്നങ്ങളും, ആശകളും ഭീതികളുമായി ഇരു സമുദായങ്ങളുടെയും ജീവിതങ്ങള്‍ പരസ്പരം കെട്ടുപിണഞ്ഞു നില്ക്കുന്നു. ഇസ്ലാമിന്റെ നിര്‍മലമായ ഏക ദൈവ സങ്കല്പവും സമഭാവനയും, സമത്വബോധവും സാഹോദര്യവും ഇന്ത്യന്‍ സമൂഹത്തെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രവും, ഗണിതവും തത്വചിന്തയും ആത്മീയതയും ഇസ്ലാമിന്റെ നാഗരിക വികാസത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ന് പ്രചാരത്തിലുള്ള അക്കങ്ങള്‍ ഇന്ത്യയില്‍ പിറവിയെടുത്തവയാണെന്ന് കരുതപ്പെടുന്നുണ്ട്. എന്നാലവയെ ലോകത്തിന് പരിചയപ്പെടുത്തിയത് മുസ്ലിം ഗണിത ശാസ്ത്രജ്ഞരാണ്. ഹിന്ദു-അറബിക് അക്കങ്ങളെന്ന് ഇപ്പോഴും അവ അറിയപ്പെടുന്നു. അന്നോളം പ്രചാരത്തിലുണ്ടായിരുന്ന ലാറ്റിന്‍ അക്കങ്ങളെ അവ പുറന്തള്ളി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശിപായിലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയില്‍ നിന്നത് ബഹദൂര്‍ഷാ സഫറാണ്. ഇരു സമുദായങ്ങള്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. അദ്ദേഹത്തിന്റെ ഇസ്ലാം മതവിശ്വാസവും മുഗള പാരമ്പര്യവും അദ്ദേഹത്തിനെ പിന്തുണക്കുന്നതിന് ആര്‍ക്കും തടസ്സമായില്ല.
പക്ഷെ ആ പോരാട്ടത്തിന്റെ പരാജയം ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായി മാറി. റംഗൂണിലേക്ക് നാടുകടത്തപ്പെട്ട ബഹദൂര്‍ഷാ സഫര്‍ അവിടെ വെച്ച് മരണമടഞ്ഞു. കോളനി വാഴ്ചക്കാര്‍ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന കുതന്ത്രത്തിലൂടെ ഇരുസമുദായങ്ങള്‍ക്കുമിടയില്‍ പരസ്പര സംശയവും, അവിശ്വാസവും ശത്രുതയും വളര്‍ത്തി. ഉപഭൂഖണ്ഡം രണ്ടായി പകുക്കപ്പെടുകയും നിതാന്തമായ കുരുതികള്‍ക്കും കലാപങ്ങള്‍ക്കും വേദിയാവുകയും ചെയ്തു.
സ്നേഹത്തിലും ഒരുമയിലും കഴിഞ്ഞിരുന്ന ഒരു സമൂഹം ആണവ ഭീഷണിയുടെ നിഴലില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടു.
ഇന്ത്യന്‍ മുസ്ലിംകള് ഇപ്പോള്‍ ചരിത്രത്തിലെ നിര്‍ണായക ബിന്ദുവിലാണ്. മഹത്തായ ഒരു പാരമ്പര്യത്തിന്റെ അനന്തരാവകാശികളും ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിന്റെ വിശ്വസ്തരായ പൗരന്മാരുമാണവര്. നിരവധി പരീക്ഷണങ്ങളിലൂടെയും ക്ലേശങ്ങളിലൂടെയും കടന്നുപോകുമ്പോഴും വിശ്വാസത്തോടുള്ള പ്രതിബദ്ധതയും രാജ്യത്തോടുള്ള കൂറും വിട്ടുവീഴ്ചയില്ലാതെ സൂക്ഷിക്കുന്നവര്‍. വിശുദ്ധ ഗ്രന്ഥവും ഭരണഘടനയും മാറോട് ചേര്‍ത്തവര്‍. അവര്‍ നിസാരമായ ഒരു സമുദായമല്ല. സത്യത്തില്‍ ഇന്ത്യന്‍ നഗരങ്ങളുടെ ഏറ്റവും ദൃശ്യമായ മുഖങ്ങളിലൊന്ന് നിസ്കാരത്തഴമ്പും തൊപ്പിയും തലപ്പാവും അണിഞ്ഞ മുസ്ലിമിന്റേതാണ്. കച്ചവടക്കാരായും തൊഴിലാളിയായും, അധ്യാപകരായും ഭിഷഗ്വരന്മാരായും അവരുണ്ട്. ബനാറസില്‍ പട്ടുതുണികള്‍ നെയ്തും, മിര്സാപൂരിലും ലക്നോവിലും പരവതാനികള്‍ തുന്നിയും, ഉടുപ്പിയിലും കര്ക്കലും നാഗമണ്ഡലയിലും ലോഹപ്പണികള്‍ ചെയ്തും ആമ്പൂരിലും വെല്ലൂരിലും തുകല്‍ വ്യവസായികളായും അവര്‍ ആധുനിക ഇന്ത്യയെ പരിപോഷിപ്പിക്കുന്നു.
സര് സയ്യിദ് അഹ്മദ് ഖാന് തുടങ്ങിവെച്ച വിദ്യാഭ്യാസ വിപ്ലവം മുസ്ലിം സമുദായം നെഞ്ചിലേറ്റുകയും മികച്ച ഭരണാധികാരികളെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമജ്ഞരെയും, മാധ്യമ പ്രവര്‍ത്തകരെയും ചിന്തകരെയും രാജ്യത്തിന് സമ്മാനിക്കുകയും ചെയ്തു. കലാ രംഗത്തും കായിക മേഖലയിലും അവരുടെ നിറസാന്നിധ്യമുണ്ട്. അലിവുള്ള അയല്‍ക്കാരനായും സ്നേഹം നിറഞ്ഞ സുഹൃത്തായും മുസ്ലിം നിങ്ങള്‍ക്കിടയിലുണ്ട്.
ഇന്ത്യന്‍ മുസ്ലിംകളുടെ ഗതകാല പ്രതാപവും വര്‍ത്തമാന കാല യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരവും മറക്കാവതല്ല. അവര്‍ പണികഴിച്ച സാംസ്കാരിക സൗധങ്ങളും, മനോഹരമായ സ്മാരകങ്ങളും മാനം മുട്ടി നില്ക്കുന്ന മിനാരങ്ങളും സമകാലിക മുസ്ലിം സമൂഹത്തിന്റെ അരക്ഷിതത്വത്തിനും ദൈന്യതക്കും മൗനസാക്ഷികളായി വിതുമ്പുന്നുണ്ടാവും.
തീവ്ര വലതുപക്ഷക്കാര്‍ക്ക് മുസ്ലിംകള് ദേശദ്രോഹികളും വഞ്ചകന്മാരുമാണെങ്കില് തീക്ഷ്ണ മതേതരവാദികള്‍ക്ക് അവര്‍ മതമൗലികവാദികളും പിന്തിരിപ്പന്മാരുമാണ്. മുസ്ലിംകളെ അന്തസുള്ള മനുഷ്യരും അവകാശങ്ങളുള്ള പൗരന്മാരുമായി കാണാന്‍ രണ്ടു കൂട്ടരും വിസമ്മതിക്കുന്നു. സത്യാനന്തര (ജീേെ ൃtuവേ) കാലത്ത് ഒരു സമുദായത്തെ അപരവത്കരിക്കാനും അമാനവ വത്കരിക്കാനും പരിഹസിക്കാനും നിശബ്ദമാക്കാനും വസ്തുതാപരമായ കാരണങ്ങളും തെളിവുകളും ആവശ്യമില്ല. പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ ബോധപൂര്‍വം നിര്‍മിച്ചെടുക്കുന്ന പൊതുബോധം ധാരാളം മതിയാവും.
നിരന്തരമായി വിചാരണ ചെയ്യപ്പെടേണ്ടതും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടേണ്ടതുമായ കുറ്റവാളികളുടെ സംഘമായി മുസ്ലിംകള് ചിത്രീകരിക്കപ്പെടുന്നു. വിവാഹവും വിവാഹമോചനവും കുസൃതികളായി കാണുന്ന സമുദായം! അവര്‍ യഥേഷ്ടം കല്യാണം കഴിക്കുകയും ഞൊടിയിടയില്‍ ബന്ധം ഒഴിയുകയും ചെയ്യുന്നു. ഇന്ത്യന്‍ മുസ്ലിംകള്ക്കിടയില് ബഹുഭാര്യത്വവും വിവാഹ മോചനവും പെണ് ഭ്രൂണഹത്യയും താരതമ്യേന കുറവാണെന്ന സത്യം തമസ്കരിക്കപ്പെടുന്നു. വേണ്ടത്ര വിദ്യാഭ്യാസവും സമ്പത്തുമുള്ള മറ്റുപല സമുദായങ്ങളിലും പെണ്‍ഭ്രൂണഹത്യയുടെ ഫലമായി ആണ്-പെണ് അനുപാതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്ന അന്തരം നിലനില്ക്കുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ ദൈനംദിന വ്യവഹാര ഭാഷയായ ഉറുദു ഔദ്യോഗിക തലങ്ങളില്‍ അവഗണനയും അവജ്ഞയും നേരിടുമ്പോഴും ഉപഭൂഖണ്ഡത്തിലെ ഏറ്റവും സംഗീത സാന്ദ്രമായ മധുരഭാഷയായി നിലനില്ക്കുന്നു. താളാത്മകവും ഈണാത്മകവുമായ ഭാഷ. ഹിന്ദി ചലചിത്ര ഗാനങ്ങളെ ഇത്രമേല്‍ ജനപ്രിയമാക്കുന്നത് അവയിലെ ഉറുദു വാക്കുകളുടെ ധാരാൡത്തമാണ്.
ഇന്ത്യന്‍ മുസ്ലിംകളുടെ ശാന്തിബോധവും സമാധാനവാഞ്ഛയും ലോക നേതാക്കള്‍ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. നിഗൂഢ സംഘങ്ങള്‍ക്കും ഭീകര സംഘടനകള്‍ക്കും അവര്‍ക്കിടയില്‍ സ്വീകാര്യതയില്ല. അവര്‍ രാഷ്ട്രത്തിനെതിരെ ചാരപ്പണി ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുപ്രധാന വിവരങ്ങളും രഹസ്യങ്ങളും മറ്റു നാടുകള്‍ക്ക് കൈമാറിയവരുടെ പട്ടികയില്‍ മുസ്ലിംകളുടെ പേരുകള്‍ കാണുക വിരളമാണ്. ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ശതകോടികള്‍ വായ്പ എടുക്കുകയും തിരിച്ചടക്കാതെ രാജ്യം വിട്ടോടുകയും ചെയ്യുന്നവരുടെ കൂട്ടത്തിലും മുസ്ലിംകളെ കാണുക പ്രയാസമാണ്. അലിവും ആര്‍ദ്രതയും ദീനാനുകമ്പയും കൊണ്ട് പേരുകേട്ട ഖാജാ മുഈനുദ്ദീന് ചിശ്തി, നിസാമുദ്ദീന്‍ ഔലിയ പോലുള്ള ആയിരക്കണക്കിന് സൂഫി ഗുരുക്കന്മാരും, വിശുദ്ധന്മാരും സ്ഫുടം ചെയ്തെടുത്തതാണ് അവരുടെ മതബോധം.
ഇന്ത്യയുടെ മധ്യകാല ചരിത്രം സങ്കീര്‍ണവും നിരവധി അടരുകളുള്ളതുമാണ്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചരിത്രത്തെ ലഘൂകരിക്കുക സാധ്യമല്ല. ശിവജിയും ഔറംഗസീബും പരസ്പരം പോരാടിയത് എതിരാളികളായ രണ്ടു ചക്രവര്‍ത്തിമാര്‍ എന്ന നിലയിലാണ്. ശിവജിയുടെ പടയാളികളില്‍ മുസ്ലിം സൈനികരുടെ പ്രത്യേക വിഭാഗമുണ്ടായിരുന്നെങ്കില് ഔറംഗസീബിന് ഹിന്ദു പോരാളികളുമുണ്ടായിരുന്നു. മൈസൂര്‍ സുല്ത്താന്മാരുടെ ദിവാന് ബ്രാഹ്മണനായ പൂര്‍ണയ്യയായിരുന്നു. മുഗള്‍ വാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നവും സഹിഷ്ണുതയുമുള്ള രാജവംശങ്ങളില്‍ പെടും. അന്ന് ഇന്ത്യയുടെ സമ്പത്ത് ആഗോള ആഭ്യന്തര ഉദ്പാദനത്തിന്റെ നാലിലൊന്നോളം വരും. എന്നാല്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിടുമ്പോഴേക്കും ഇന്ത്യ സാമ്പത്തിക ശേഷിയിലും ജീവിത നിലവാരത്തിലും ലോകത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളിലൊന്നായി മാറി.
മുഗളന്മാര് അക്കാലത്തെ മറ്റു രാജാക്കന്മാരെ പോലെ തന്നെ രാജകീയ പ്രൗഢിയിലും ആഢംബരങ്ങളിലും മുഴുകി ജീവിച്ചു. പക്ഷെ അവര്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് അന്യദേശങ്ങളിലേക്ക് കടത്തിയില്ല. സുല്ത്താന്മാരുടെ അഹങ്കാരം അതിരുവിടുമ്പോള്‍ എതിര്‍ക്കാന്‍ മുസ്ലിം പണ്ഡിതന്മാരുണ്ടായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന് മുമ്പില്‍ സാഷ്ടാംഗം നമിക്കാത്തതിന്റെ പേരില്‍ പ്രഗത്ഭനായ പണ്ഡിതന് ശൈഖ് അഹ്മദ് സര്‍ഹിന്ദി ഗ്വാളിയോര്‍ കോട്ടയില്‍ തടവിലാക്കപ്പെട്ടു. ശൈഖ് അഹ്മദ് സര്‍ഹിന്ദിയെ സമുദായം ഇന്നും ആദരപൂര്‍വം ഓര്‍ക്കുകയും പഠിക്കുകയും ചെയ്യുന്നു. പക്ഷെ ജഹാംഗീര്‍ ധിക്കാരിയായ ചക്രവര്‍ത്തി എന്നതിനപ്പുറം സമുദായത്തിന് മാതൃകയോ പ്രചോദനമോ അല്ല.
ഇന്ത്യന്‍ മുസ്ലിംകള് അത്യന്തം ദുഷ്കരമായ കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. അവരുടെ കണ്ണുകള്‍ നിറയുകയും മനസുകള്‍ വിങ്ങുകയും ഹൃദയങ്ങള്‍ നുറുങ്ങുകയും ചെയ്യുന്നു. അപഹസിക്കപ്പെടുന്നതിന്റെയും അകറ്റി നിര്ത്തപ്പെടുന്നതിന്റെയും പേരിലുള്ള തീവ്രമായ വേദന! അവരുടെ രാജ്യം അവരുടെ കൈകളില്‍ നിന്നും പതിയെ വഴുതിപ്പോകുന്നുവെന്ന ആശങ്ക! സഹസ്രാബ്ദത്തിലേറെ ജീവിച്ച സ്വന്തം രാജ്യത്ത് അന്യവത്കരിക്കപ്പെടുന്നതിലുള്ള അഗാധമായ ദുഃഖം.!!
രാഷ്ടീയത്തിലും സൈന്യത്തിലും പൊതുവേദികളിലും മാധ്യമങ്ങളിലും ഉദ്യോഗങ്ങളിലുമുള്ള അവരുടെ പ്രാതിനിധ്യം ഭയാനകമായി കുറഞ്ഞുവരുന്നു. തെരുവുകളും പൊതുസ്ഥലങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. കാമ്പസുകളില്‍ നിന്നും അപ്രത്യക്ഷരാക്കപ്പെടുന്നതും വഴിവക്കില്‍ വധിക്കപ്പെടുന്നതും മുസ്ലിം ചെറുപ്പക്കാരാണ്. വിചാരണ തടവുകാരില്‍ ഗണ്യമായ വിഭാഗം മുസ്ലിംകളാണ്. പൈശാചിക നിയമങ്ങള്‍ അവര്‍ക്ക് നേരെ ഏകപക്ഷീയമായും കണിശമായും പ്രയോഗിക്കപ്പെടുന്നു. നിരപരാധിത്വം തെളിയിക്കാനോ ജാമ്യം ലഭിക്കാനോ എളുപ്പമല്ലാത്ത വകുപ്പുകള്‍ അവര്‍ക്ക് നേരെ ഉദാരമായി പ്രയോഗിക്കുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഏറ്റുമുട്ടല്‍ കൊലകളില്‍ അവര്‍ ഇരകളാക്കപ്പെടുന്നു. അതിതീവ്ര കപട ദേശീയവാദികള്‍ തുടച്ചുനീക്കപ്പെടേണ്ട ആഭ്യന്തര ശത്രുക്കളായി മുസ്ലിംകളെ അടയാളപ്പെടുത്തുന്നു. നഗരങ്ങളിലെ മുന്തിയ ഇടങ്ങളില്‍ മുസ്ലിംകള്ക്ക് പാര്‍പ്പിടങ്ങള്‍ നിഷേധിക്കപ്പെടുന്നു. പട്ടണ പ്രാന്തങ്ങളിലെ ചേരികളിലാണ് അവരിലെ മഹാഭൂരിഭാഗവും അന്തിയുറങ്ങുന്നത്.
ഭരണകൂടവും പൊതുസമൂഹവും മുസ്ലിംകള്ക്ക് നേരെയുള്ള വൈരാഗ്യ മനോഭാവം വെടിഞ്ഞ് അവരെ തുല്യരായ പൗരന്മാരായി കാണാന്‍ തയാറായാല്‍ ഇന്ത്യയുടെ ഭാവി വിസ്മയകരവും അതിശോഭനവുമാവും. വികസിച്ചുവരുന്ന ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും ഒരുമയോടും പങ്കാളിത്തത്തോടും പ്രവര്‍ത്തിക്കാവുന്ന അനവധി മേഖലകളുണ്ട്. കാരുണ്യബോധവും പരാശക്തിയിലുള്ള വിശ്വാസവും ജീവിതത്തിന് അലൗകികമായ മഹത്വമുണ്ടെന്ന ബോധ്യവുമാണ് മനുഷ്യകുലത്തിന്റെ മതബോധത്തെ രൂപപ്പെടുത്തുന്ന പൊതുഘടകങ്ങള്‍. ഹിന്ദുവും മുസ്ലിമും മറ്റുവിശ്വാസികളും പൊതുവായ ഈ മതപ്രജ്ഞയുടെ ഭാഗമാണ്.
സ്വത്വ രാഷ്ട്രീയ സംഘര്‍ഷത്തിനും സാമുദായിക കലാപത്തിനും ഭീകരതക്കുമുള്ള സ്ഫോടന ശേഷിയുള്ള ഇന്ധനമായി ഉപയോഗിക്കുന്നതിന് പകരം ജനങ്ങളുടെ മതബോധത്തെ രചനാത്മകമായി വഴിതിരിച്ചുവിട്ടാല്‍ നാം നേരിടുന്ന പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും മതവിശ്വാസത്തെ ഉപയോഗിക്കാന്‍ സാധിക്കും. സമൂഹത്തിലൊന്നാകെ പരക്കുന്ന അസംതൃപ്തി നിയന്ത്രിക്കാനും തിളച്ചു മറിയുന്ന ആക്രമോത്സുകതയെ ശമിപ്പിക്കാനും, കുപിതമായ അത്യാര്‍ത്തികളെ തളക്കാനും ശരിയായ ആത്മീയ വിചാരങ്ങള്‍കൊണ്ട് സാധിച്ചെന്നുവരും. ഇന്ത്യയുടെ പ്രകൃതിയും പരിസ്ഥിതിയും ആവാസ വ്യവസ്ഥയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികള്‍ അനുഭവിക്കുന്നു. ജല ദൗര്‍ലഭ്യതയും വരള്‍ച്ചയും വിള നാശവും നാം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഹൈന്ദവതയുടെയും ഇസ്ലാമിന്റെയും പാഠങ്ങള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും, മണ്ണും വായുവും മലിനമാക്കാതിരിക്കാനും വെള്ളം കരുതലോടെ ഉപയോഗിക്കാനും പ്രേരിപ്പിക്കുന്നവയാണ്. പരിസ്ഥിതി സൗഹൃദമായ ജീവിതവും ദൈവബോധവും തമ്മില്‍ ബന്ധമുണ്ട്. ഹൈന്ദവ – ഇസ്ലാമിക സമൂഹങ്ങള്‍ കുടുംബ ജീവിതത്തെ മഹത്തായി കാണുന്നവയാണ്. നഗരങ്ങളും പട്ടണങ്ങളും നമ്മുടെ സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും സുരക്ഷിതമായി നടക്കാവുന്ന ഇടങ്ങളായി മാറ്റാന്‍ നമുക്ക് സഹകരിക്കാനാവും. സമൂഹത്തെ ശിഥിലീകരിക്കുന്ന മദ്യാസക്തിക്കും മയക്കുമരുന്നുകള്ക്കുമെതിരായ പോരാട്ടങ്ങളിലും നമുക്ക് കൈകോര്‍ക്കാനാവും. പരസ്പര ഹുമാനത്തിലും സമത്വത്തിലും ഊന്നുന്ന, അഴിമതിയില്‍ നിന്നും സ്വജനപക്ഷപാതത്തില്‍ നിന്നും ജാതീയതയില്‍ നിന്നും സ്വതന്ത്രമായ ഒരു ബഹുസ്വര സമൂഹത്തിന്റെ നിര്‍മിതിക്കുവേണ്ടി നമുക്ക് ഒന്നിച്ച് നില്ക്കാനാവും.
വെറുപ്പിന്റെ പ്രത്യയശാസ്ത്രവും ആധിപത്യ സ്വഭാവമുള്ള രാഷ്ട്രീയവും യഥാര്‍ത്ഥ മതവിശ്വാസവുമായി ചേര്‍ന്നു പോവുന്നതല്ല. വെറുപ്പ് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വിപരീത ധ്രുവത്തിലാണ്. രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളും സ്വതന്ത്ര സ്ഥാപനങ്ങളും പിടിച്ചെടുക്കാനും ദരിദ്രരെയും ദുര്‍ബലരെയും അടിച്ചമര്‍ത്താനും വന്‍ കോര്‍പറേറ്റുകള്‍ക്ക് പ്രകൃതി വിഭവങ്ങളും സമ്പത്തും കവരാനും സഹായകരമാവുന്ന രീതിയില്‍ നിഷ്കളങ്കരായ ജനങ്ങളുടെ മതവിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നതും സമുദായങ്ങളെ തമ്മില്‍ ഏറ്റുമുട്ടിക്കുന്നതും താത്കാലികമായ തിരഞ്ഞെടുപ്പ് വിജയങ്ങളും രാഷ്ട്രീയ ലാഭങ്ങളും നല്‍കുമെങ്കിലും ആത്യന്തികമായി അത് സ്വന്തം മതത്തെ തന്നെ ദുര്‍ബലമാക്കുകയും രാജ്യത്തെ ശിഥിലീകരിക്കുകയും ചെയ്യും. ബാള്‍ക്കനിലും മധ്യപൂര്‍വ ദേശത്തും ഏഷ്യയിലും ആഫ്രിക്കയിലും വെറുപ്പിന്റെ തീ നാളങ്ങള്‍ നക്കിത്തുടച്ച സമൂഹങ്ങള്‍ എത്രയെങ്കിലുമുണ്ട്.
പടച്ചവനെ വണങ്ങാന്‍ സുരക്ഷിതമായ ഇടങ്ങളും അന്ത്യവിശ്രമം കൊള്ളാന്‍ ആറടി മണ്ണും സ്വന്തം വിശ്വാസവും സംസ്കാരവും മുറുകെ പിടിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലും കവിഞ്ഞ പ്രത്യേക ആവശ്യങ്ങളൊന്നും മുസ്ലിംകള്‍ക്കില്ല. ചായയും കാപ്പിയും കുടിച്ച് ഇമാമുമാരും മുനിമാരും മഠങ്ങളിലും മണല്പുറങ്ങളിലുമിരുന്ന് ഖുര്‍ആനും വേദങ്ങളും തമ്മിലുള്ള ചേര്‍ച്ചയും അന്തരവും നിര്‍ഭയമായും സൗമ്യമായും ചര്‍ച്ച ചെയ്യുന്ന ഇന്ത്യയാണ് അവരുടെ സങ്കല്പത്തിലെ ക്ഷേമരാജ്യം. ക്ലേശ പര്‍വം അതിജീവിക്കുമെന്നും അത്തരമൊരു ഇന്ത്യ പുലരുമെന്നും തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.
ഡോ. എ പി ജഅ്ഫര്‍
You must be logged in to post a comment Login