ആദര്‍ശ തീവ്രതയോടെ ഗുരുവഴിയില്‍

ആദര്‍ശ തീവ്രതയോടെ ഗുരുവഴിയില്‍

അധ്യാപനത്തിനും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വമാണ് കട്ടിപ്പാറ ഉസ്താദ്. ആയിരക്കണക്കിന് സഖാഫീ പണ്ഡിതന്‍മാരുടെ പ്രിയപ്പെട്ട ഗുരു, മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ വളര്‍ച്ചയില്‍ കാന്തപുരം ഉസ്താദിന്റെ നിഴലു പോലെ സഞ്ചരിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍. സുന്നീ പ്രസ്ഥാന കുടുംബത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം. എണ്ണിപ്പറയാനേറെയുണ്ട് ആ ജീവിതത്തിന്റെ വിശേഷങ്ങള്‍.

ജനനം, കുടുംബം
1945 ജനുവരി ഒന്നിനാണ് കോഴിക്കോട് ജില്ലയിലെ മങ്ങാട്ട് ഉസ്താദ് ജനിക്കുന്നത്. പില്‍കാലത്ത് കെ കെ എന്ന ചുരുക്കപ്പേരിലൂടെ ഉസ്താദ് പ്രസിദ്ധമാക്കിയ കുറുപ്പനകണ്ടി തറവാട്ടില്‍ കുഞ്ഞായിന്‍കുട്ടി ഹാജിയാണ് പിതാവ്. എളേറ്റില്‍ വട്ടോളിക്കടുത്ത് കണ്ണിറ്റമാക്കല്‍ സ്വദേശി ഇമ്പിച്ചി ആയിശയാണ് മാതാവ്. ഏഴ് ആണും മൂന്ന് പെണ്ണുമടക്കം പത്ത് മക്കളുണ്ടായിരുന്നു ആ ദമ്പതികള്‍ക്ക്. അവരില്‍ മൂന്നാമത്തെ ആളാണ് കെ കെ ഉസ്താദ്. നിത്യവൃത്തിക്ക് പോലും നന്നേ കഷ്ടപ്പെട്ടാണ് ആ കുടുംബം കഴിഞ്ഞു പോന്നിരുന്നത്. പലപ്പോഴും ഉച്ചക്ക് ഭക്ഷണമുണ്ടാകില്ല. രാത്രി പേരിനെന്തെങ്കിലുമൊക്കെയുണ്ടാകും. പാത്രത്തില്‍ വിളമ്പിയതുകൊണ്ട് വയറു നിറയില്ല മിക്കപ്പോഴും. അപ്പോള്‍ പ്രതീക്ഷയോടെ ഉമ്മയുടെ മുഖത്തേക്കൊന്ന് നോക്കും. അവരത് കാണാത്ത ഭാവത്തില്‍ മുഖംതിരിക്കും. അങ്ങനെ എത്ര രാത്രികള്‍.

കുഞ്ഞായിന്‍കുട്ടി ഹാജിക്ക് കച്ചവടമാണ്. കച്ചവടമെന്നാല്‍ വലിയ മുതല്‍ മുടക്കില്‍ ലാഭം വാരുന്ന ബിസിനസ് എന്നൊന്നും കരുതേണ്ടതില്ല. നാട്ടിലെ സമ്പന്നരില്‍ ആരോടെങ്കിലും കുറച്ച് പണം കടം വാങ്ങും. അതുമായി ചന്തയില്‍ പോകും. താമരശ്ശേരിയിലും വട്ടോളിയിലുമെല്ലാം അന്ന് പ്രസിദ്ധമായ ചന്തകളുണ്ട്. വീട്ടില്‍ കൃഷി ചെയ്ത് വിളയിച്ച അടക്ക, കുരുമുളക് പോലെയുള്ള വിളകളുമായി വരുന്ന സാധാരണക്കാരുണ്ടാകും. നന്നേ കുറഞ്ഞ അളവിലുള്ളതേ അവരുടെ കൈവശമുണ്ടാവുകയുള്ളൂ. അത് വില കൊടുത്ത് വാങ്ങും. ചന്ത കഴിഞ്ഞാല്‍ കിട്ടിയ ചരക്കുകള്‍ മൊത്തമായി വലിയ കച്ചവടക്കാര്‍ക്ക് വില്‍ക്കും. ചെറിയ ലാഭം കിട്ടും. കടം വാങ്ങിയ പണം തിരിച്ചു നല്‍കും. ഈ തുച്ഛമായ ലാഭം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഭര്‍ത്താവിന്റെ സാമ്പത്തിക സാഹചര്യം തിരിച്ചറിഞ്ഞ ഇമ്പിച്ചി ആയിശയും തന്നെക്കൊണ്ടാകുന്ന ചില ജോലികള്‍ ചെയ്ത് അദ്ദേഹത്തിന് തണലാകാന്‍ ശ്രമിച്ചു. കാര്യമായ പണി ‘അവിലിടി’യായിരുന്നു. അയല്‍ക്കാരികളായ ഒന്നു രണ്ട് സ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് നെല്ല് സംഘടിപ്പിക്കും. പിന്നെ അത് വറുത്ത്, ഉരലിലിട്ട് ഇടിച്ച്, മുറത്തില്‍ വെച്ച് ‘ചേറി’യെടുക്കും. പുതിയ തലമുറക്ക് അന്യമായ, കൃത്യമായ താളത്തില്‍ ഉരലും ഉലക്കയും ഏറ്റുമുട്ടുമ്പോള്‍ വരുന്ന ശബ്ദം ഒരു പശ്ചാതല സംഗീതം പോലെ ആ വീട്ടില്‍ എപ്പോഴും മുഴങ്ങികേള്‍ക്കുമായിരുന്നു. അങ്ങനെ കിട്ടുന്ന ചില്ലറ തുട്ടുകളും ചില സമയങ്ങളില്‍ ആ കുടുംബത്തിന് വലിയ ആശ്വാസമായി.

പഠനകാലം
പതിവ്പ്രായത്തില്‍ തന്നെ വിദ്യാഭ്യാസം ആരംഭിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ അഫിലിയേഷനൊന്നുമില്ലെങ്കിലും മദ്‌റസാ സംവിധാനത്തിലേക്ക് പുരോഗമിച്ച നാട്ടിലെ മതപാഠശാലയില്‍ നിന്ന് തന്നെയാണ് പ്രാഥമിക പാഠങ്ങള്‍ പഠിച്ചത്. അഹമ്മദ് മൊല്ലാക്ക, അമ്മദ്കുട്ടി മുസ്ലിയാര്‍ എന്നിവരാണ് മദ്‌റസയില്‍ പഠിപ്പിച്ച ഉസ്താദുമാര്‍. സ്‌കൂളിലും അഞ്ചാം തരം വരെ ഇക്കാലത്ത് പഠനം നടത്തി. നാട്ടില്‍, മങ്ങാട് സ്‌കൂളില്‍ അഞ്ചാം തരം വരെയാണ് ക്ലാസുണ്ടായിരുന്നത്.

മദ്‌റസാകാലം കഴിഞ്ഞപ്പോള്‍ രാത്രി ദര്‍സിലും പകല്‍ സ്‌കൂളിലും എന്ന രൂപത്തില്‍ പഠനം മുന്നോട്ടു പോയി. പില്‍കാലത്ത് മര്‍കസില്‍ മുദരിസായിരുന്ന ഇമ്പിച്ചാലി ഉസ്താദാണ് അന്ന് നാട്ടിലെ മുദരിസ്. അദ്ദേഹത്തില്‍ നിന്നും മുതഫരിദ് ഓതിയാണ് ദര്‍സ് പഠനം ആരംഭിക്കുന്നത്. ഇയ്യാട് സ്‌കൂളിലാണ് ആറാം തരത്തില്‍ ചേര്‍ന്നത്. അത് ആലോചിച്ചെടുത്ത ഒരു തീരുമാനമൊന്നുമായിരുന്നില്ല. ഒരു ദിവസം പള്ളിയിലിരിക്കുമ്പോള്‍ സ്‌കൂളിലെ ഒരധ്യാപകന്‍ വന്ന് നിര്‍ബന്ധിച്ച് സ്‌കൂളിലെത്തിക്കുകയായിരുന്നു.

കുറച്ച് കാലം മാത്രമാണ് ആറാം തരത്തില്‍ സ്‌കൂള്‍ പഠനം നടത്തിയത്. അതിനിടയില്‍ ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ ഉമ്മ അരികില്‍ വിളിച്ച് പറഞ്ഞു. ‘മോന്‍ സ്‌കൂളില്‍ പഠിച്ചത് മതി. ഇനി പൂര്‍ണ സമയം നല്ലൊരു ദര്‍സില്‍ ചേര്‍ന്ന് പഠിക്കാം’. അല്‍പമൊന്ന് നിശബ്ദയായതിന് ശേഷം ഉമ്മ തുടര്‍ന്നു, ‘അല്ലാത്തതൊന്നും ഉമ്മാക്ക് പൊരുത്തമില്ല. ദര്‍സില്‍ പോയില്ലെങ്കില്‍ ചോറു പോലും ഈ കൈ കൊണ്ട് ഞാനുണ്ടാക്കിത്തരില്ല’. ചുറ്റുപാടുകള്‍ മകനെ വഴിതെറ്റിക്കരുത് എന്ന ജാഗ്രതയും മതപഠനത്തോടുള്ള അതിയായ താത്പര്യവും സമ്മര്‍ദ്ദം ചെലുത്താന്‍ ആ മാതാവിനെ പ്രേരിപ്പിക്കുകയായിരുന്നു.

ഉമ്മയെ അനുസരിച്ചു. ഉപ്പയും അതിനെ പിന്തുണച്ചു. തൊട്ടടുത്ത പ്രദേശത്ത് ഇയ്യാട്ട് ദര്‍സില്‍ ചേര്‍ന്നു. വീട്ടില്‍നിന്ന് പത്തു മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന അകലം മാത്രമാണ് ഉള്ളത് എന്നതിനാല്‍ നാടുവിടുന്ന സങ്കടമൊന്നും ഉണ്ടായിരുന്നില്ല. പന്നൂര്‍ സ്വദേശി കുഞ്ഞഹമ്മദ് മുസ്‌ലിയാരാണ് അന്ന് അവിടത്തെ മുദരിസ്. റമളാന് മുന്നോടിയായി ദര്‍സടക്കാന്‍ നാലു മാസത്തില്‍ താഴെ സമയമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളു. അത്രയും കാലം അവിടെ തുടര്‍ന്നു. ശഅ്ബാനില്‍ ദര്‍സടച്ചു. കുഞ്ഞഹമ്മദ് ഉസ്താദ് അവിടെ നിന്നും പിരിഞ്ഞു.

ശവ്വാലില്‍ ദര്‍സ് പുനരാരംഭിച്ചപ്പോള്‍ മുദരിസായി വന്നത് ഇ കെ ഹസന്‍ മുസ്‌ലിയാര്‍. വെല്ലൂരില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ആദ്യമായി ദര്‍സ് തുടങ്ങുകയാണ്. ദര്‍സ് തുടങ്ങുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ദര്‍സില്‍ ചേരാന്‍ കാത്തിരിക്കുന്ന പലരും അപ്പോഴേക്കും കൂടെ ചേര്‍ന്നിട്ടുണ്ട്. ശംസുല്‍ ഉലമയുടെ അനുജന്‍. അദ്ദേഹത്തിന്റെ തന്നെ ശിഷ്യന്‍. പഠനകാലത്ത് തന്നെ നിരവധി സബ്ഖുകള്‍ കൈകാര്യം ചെയ്ത് പേരെടുത്തയാള്‍. അതുകൊണ്ട് കാത്തിരുന്ന് തേടിപ്പിടിച്ച് വന്നിരിക്കുകയാണ് പലരും. എന്നാല്‍ 12 വയസില്‍ താഴെ മാത്രം പ്രായമുള്ള കട്ടിപ്പാറ ഉസ്താദിന് ഇതൊന്നുമറിയില്ല. ഒരു നിമിത്തം പോലെ അദ്ദേഹം ആ ദര്‍സില്‍ എത്തിച്ചേരുകയായിരുന്നു.

ആദ്യമായി ഹസന്‍ മുസ്ലിയാരെ കണ്ട സമയം കട്ടിപ്പാറ ഉസ്താദ് ഓര്‍ക്കുന്നു. വെല്ലൂരില്‍ നിന്ന് അബൂബക്കര്‍ ഹസ്രത്ത് ഹദ്‌യ നല്‍കിയ നീളന്‍ കുപ്പായവുമിട്ട് നീണ്ട താടിയും തലപ്പാവുമെല്ലാമായി പള്ളിയിലേക്ക് കയറി വന്നപ്പോള്‍ ആ മുഖത്തെ ഗാംഭീര്യം കണ്ട് എന്തോ ഒരുള്‍ഭയം തോന്നി. രിയാളുല്‍ ബദീഅ, മീസാന്‍ എന്നീ കിതാബുകളാണ് ആദ്യം ഹസന്‍ ഉസ്താദില്‍ നിന്നും തുടങ്ങിയത്. സുബ്ഹിക്ക് ശേഷം ഉറക്കെ ഖുര്‍ആന്‍ ഓതണം എന്നത് ദര്‍സിലെ ഒരു ശീലമായിരുന്നു. ഒരു ദിവസം ഓതിക്കൊണ്ടിരിക്കെ ഉസ്താദ് ശ്രദ്ധിക്കാനിടയായി. ചില ഉച്ചാരണ പിശകുകളുണ്ടായിരുന്നു. കൂടെയിരുത്തി തിരുത്തിക്കൊടുത്തു. ഇങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ഉസ്താദ് വഴിതെളിയിച്ചു.

ഒരു വര്‍ഷത്തിന് ശേഷം ഹസന്‍ ഉസ്താദ് കിഴിശ്ശേരി തൃപ്പനച്ചിക്കടുത്ത് പാലക്കാട് എന്ന സ്ഥലത്തേക്ക് മാറി. കട്ടിപ്പാറ ഉസ്താദും കൂടെപ്പോയി. ഒരു വര്‍ഷമാണ് അവിടെയും ഉണ്ടായത്. അല്‍ഫിയയും ഫത്ഹുല്‍ മുഈനും പാലക്കാട് നില്‍ക്കുമ്പോഴാണ് ഓതിത്തുടങ്ങിയത്. ഹസന്‍ ഉസ്താദിന്റെ മുതിര്‍ന്ന ശിഷ്യന്‍മാരായ അബ്ദുല്ല മുസ്ലിയാര്‍ (മലയന്‍ ബീരാന്‍കുട്ടി മുസ്ലിയാരുടെ മകന്‍), അരിമ്പ്ര അലവി മുസ്ലിയാര്‍, ശംസുല്‍ ഉലമയുടെ മരുമകന്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നെല്ലാം ചെറിയ കിതാബുകള്‍ പലതും ഓതി. പിന്നീട് ദര്‍സ് ആവിലോറ ഉരുളിക്കുന്നിലേക്ക് മാറി. അവിടെ രണ്ടു വര്‍ഷം പഠിച്ചു. പിന്നീട് ഐക്കരപ്പടിക്കടുത്ത് പുത്തൂപാടത്തേക്ക് മാറി. അവിടെ ആറു വര്‍ഷമുണ്ടായിരുന്നു. ഇക്കാലത്താണ് പ്രധാന കിതാബുകളെല്ലാം ഓതിയത്. ശറഹുത്തഹ്ദീബ്, മഹല്ലി, മുഖ്തസര്‍, ജംഅ് എന്നിവയൊക്കെ പുത്തൂപാടത്ത് നിന്നാണ് ഓതിയത്. ഇക്കാലത്ത് ഉസ്താദ് അവിടെ ഒരു വീടുണ്ടാക്കി. വീട്ടുകാരന്‍ എന്ന നിലക്ക് ദര്‍സിലെ ഒരു മുതഅല്ലിമിന് വീട്ടില്‍ നിന്ന് ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന് തിരഞ്ഞെടുത്തത് കട്ടിപ്പാറ ഉസ്താദിനെയായിരുന്നു. കട്ടിപ്പാറ ഉസ്താദിന്റെ സാമ്പത്തിക സാഹചര്യങ്ങളറിയുന്നതിനാല്‍ ആവശ്യമായ പണവും വസ്ത്രവുമെല്ലാം ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ഹസന്‍ ഉസ്താദ് ആവശ്യാനുസരണം നല്‍കി. പുത്തൂപാടത്ത് ഏഴര രൂപ ശമ്പളത്തിന് മദ്‌റസാധ്യാപനവും നടത്തിയ അനുഭവമുണ്ട് കട്ടിപ്പാറ ഉസ്താദിന്. അവിടെനിന്ന് ആക്കോട്ടേക്കും ഒന്നര വര്‍ഷത്തിന് ശേഷം ഇരുമ്പ്‌ചോലയിലേക്കും പോയി. ഇരുമ്പ്‌ചോലയില്‍ നില്‍ക്കുമ്പോഴാണ് ഹസന്‍ ഉസ്താദിന്റെ ദര്‍സില്‍ നിന്ന് മാറിയത്.
ശിഷ്യന്‍മാരോട് വലിയ സ്നേഹമാണ് ഹസന്‍ ഉസ്താദിന്. വഅളിനും മറ്റും പുറത്തുപോയി വരുമ്പോള്‍ മിക്കപ്പോഴും ഒരു പൊതിയുണ്ടാകും കയ്യില്‍. പലഹാരങ്ങളോ പഴങ്ങളോ മറ്റു സമ്മാനങ്ങളോ ഒക്കെയാകും പൊതിയില്‍. ഒരു പിതാവിനെ പോലെ അത് ശിഷ്യന്‍മാര്‍ക്ക് വീതിച്ചുകൊടുക്കും.

എന്നും പാഠഭാഗങ്ങള്‍ പരിശോധിക്കും. പഠിച്ചിട്ടില്ലെങ്കില്‍ നല്ല ശിക്ഷയുണ്ടാകും. വഅളിനും മറ്റും പുറത്തുപോകുന്നത് കൊണ്ട് പഠനത്തില്‍ കുട്ടികള്‍ പിന്നാക്കം പോകുന്നത് തടയാന്‍ ഈ ശിക്ഷയുടെ കാഠിന്യം മതിയാകുമായിരുന്നു. ദര്‍സ് തുടങ്ങിയ ഉടനെ തന്നെ ഹസന്‍ ഉസ്താദ് ഖണ്ഡനവും വാദപ്രതിവാദവുമെല്ലാം തുടങ്ങിയിരുന്നു. അല്‍പം മുതിര്‍ന്നപ്പോള്‍ കിതാബ് എടുത്ത് കൊടുക്കാനായി പലപ്പോഴും കട്ടിപ്പാറ ഉസ്താദ്, ഹസന്‍ ഉസ്താദിനെ അനുഗമിക്കുമായിരുന്നു. മുജാഹിദ്, ജമാഅത്ത്, ചേകന്നൂര്‍ തുടങ്ങിയവരുമായുള്ള ഖണ്ഡനങ്ങളിലെല്ലാം സന്നിഹിതനാകാന്‍ കട്ടിപ്പാറ ഉസ്താദിന് അവസരമുണ്ടായിട്ടുണ്ട്. കട്ടിപ്പാറ ഉസ്താദിന്റെ ആദര്‍ശതീവ്രത ആ സഹവാസത്തില്‍ നിന്നു തന്നെയാണ് ശക്തിയാര്‍ജ്ജിച്ചത്.
ഇരുമ്പ്‌ചോലയില്‍ നില്‍ക്കുന്ന സമയത്ത് കട്ടിപ്പാറ ഉസ്താദാണ് ദര്‍സിലെ ഏറ്റവും മുതിര്‍ന്ന മുതഅല്ലിം. സമപ്രായക്കാരായ കൂട്ടുകാരാരുമില്ല. തുടക്കക്കാരായ വിദ്യാര്‍ത്ഥികളുടെ മിക്ക സബ്ഖുകളും ഉസ്താദാണ് കൈകാര്യം ചെയ്തിരുന്നത്. ഹസന്‍ ഉസ്താദാണെങ്കില്‍ വഅളും ഖണ്ഡനവുമെല്ലാമായി മിക്കപ്പോഴും യാത്രയിലും. അവിചാരിതമായി വന്നുചേര്‍ന്ന ഉത്തരവാദിത്വങ്ങള്‍ കട്ടിപ്പാറ ഉസ്താദിന് വലിയ ഭാരമായി തോന്നി. ഈ ഒരു പശ്ചാതലത്തിലാണ് ഒരു മാറ്റത്തെ കുറിച്ച് ആലോചിച്ചത്. ഹസന്‍ ഉസ്താദും ഇത് തിരിച്ചറിഞ്ഞു. അങ്ങനെ ഉസ്താദിന്റെ നിര്‍ദേശപ്രകാരമാണ് പരപ്പനങ്ങാടി പ്രസിദ്ധമായ പനയത്തില്‍ പള്ളിയില്‍ ചെല്ലുന്നത്. കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാരായിരുന്നു മുദരിസ്. ഏതാനും മാസങ്ങള്‍ക്ക് ശേഷം പാപ്പിനിശേരിക്കടുത്ത് മാങ്കടവില്‍ കുമ്പോല്‍ പി എ അഹ്മദ് മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പ്രധാനപ്പെട്ട ശിഷ്യനാണ് അദ്ദേഹം. ശേഷം ഒരു വര്‍ഷം ചാലിയത്ത് ഒ കെ ഉസ്താദിന്റെ ദര്‍സിലും പഠിച്ചു. അവിടെ നിന്നാണ് വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് പോകുന്നത്.
സാധാരണയില്‍ ബാഖിയാത്തില്‍ രണ്ടു വര്‍ഷമാണ് എല്ലാവരും പഠനം നടത്താറുള്ളത്. കട്ടിപ്പാറ ഉസ്താദ് മൂന്ന് വര്‍ഷം അവിടെയുണ്ടായിരുന്നു. മുഖ്തസറിലാണ് ചേര്‍ന്നത്. അതിനൊരു കാരണമുണ്ട്. വെല്ലൂരില്‍ ബാനീ ഹസ്രത്ത് സ്ഥാപിച്ചത് മുഖ്തസര്‍ കോഴ്‌സാണ്. അവരുടെ കാലശേഷമാണ് മകന്‍ മുത്വവ്വല്‍ തുടങ്ങുന്നത്. ബാനീ ഹസ്രത്തിന്റെ ബറകത്ത് കരുതി മാത്രമാണ് ഒരു വര്‍ഷം അധികം പഠിച്ചത്. ദീര്‍ഘമായ ഇടവേളകളില്‍ മാത്രമാണ് വെല്ലൂരില്‍ നിന്നും നാട്ടില്‍ വന്നിരുന്നത്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മാത്രം. 1972ലാണ് ബാഖിയാത്തില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി മടങ്ങുന്നത്. ശൈഖ് ഹസന്‍ ഹസ്രത്ത്, കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്, പട്ടേല്‍ ഹസ്രത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഗുരുനാഥന്‍മാര്‍. ബാഖിയാത്തില്‍ നിന്നും മടങ്ങിയെത്തുമ്പോഴേക്കും കുടുംബം മങ്ങാട്ട് നിന്ന് കട്ടിപ്പാറയിലേക്ക് താമസം മാറിയിരുന്നു. അധ്യാപനത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കെ കെ അഹമദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ എന്നതായിരുന്നു മേല്‍വിലാസം.

എം ടി ശിഹാബുദ്ദീന്‍ സഖാഫി

You must be logged in to post a comment Login