കഴിഞ്ഞ വേനല്‍ക്കാലത്ത് ഇന്ത്യ മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിന്റെ നിരവധി ഭീകരപ്രവൃത്തികള്‍ക്ക് സാക്ഷ്യം വഹിച്ചു. പത്തു മുസ്‌ലിംകള്‍ ആള്‍ക്കൂട്ടത്താല്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ഡിസംബറില്‍ ഒരു ഹിന്ദുയുവാവ് മുസ്‌ലിം തൊഴിലാളിയെ രാജസ്ഥാനില്‍ വെട്ടിക്കൊന്നപ്പോള്‍ അതില്‍ പൈശാചികമായ ചിലതുണ്ടായിരുന്നു. അയാളത് വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു. അത് ടെലിവിഷനിലും കാണിച്ചു. അങ്ങനെ കൊലപാതകം വെറും വാര്‍ത്തയോ സ്ഥിതിവിവരക്കണക്കോ അല്ലാതായി മാറി.
വീഡിയോ ദൃശ്യങ്ങളില്‍ കൊലപാതകി തന്റെ കൃത്യത്തെ ‘മുസ്‌ലിംകളില്‍ നിന്ന് ഹിന്ദുക്കളുടെ അഭിമാനത്തെ സംരക്ഷിക്കാന്‍’ എന്ന് ന്യായീകരിക്കുന്നതു കാണാം. പിന്നീട് നാം ആ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ ചിലത് മനസിലാക്കി. അതിലൊരു ത്രികോണ പ്രണയമുണ്ടായിരുന്നു. കൊലപാതകിക്ക് പ്രണയമുണ്ടായിരുന്ന പെണ്‍കുട്ടി ഒരു മുസ്‌ലിം ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടുകയായിരുന്നു. അതിനു പ്രതികാരമെന്നോണമാണ് കൊലപാതകി ആ കൊല ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ മറ്റൊരാള്‍ അബദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
കൊലപാതകി ‘മിതഭാഷിയും സദുദ്ദേശ്യങ്ങളുള്ളവനുമായിരുന്നു’ എന്നാണ് അയാളെ അറിയുന്നവര്‍ പറയുന്നത്. ‘അയാള്‍ക്ക് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനാകുമെന്നു തന്നെ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഞങ്ങള്‍ക്കയാളെ ഏറെക്കാലമായി അറിയാം. മറ്റൊരാളെ കൊല്ലാന്‍ ശേഷിയുള്ള ഒരാളായി ഇതുവരെ അയാളെ കുറിച്ച് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല.’ കൊലപാതകിയുടെ ഒരു അയല്‍ക്കാരന്‍ പറഞ്ഞു.
മിതഭാഷിയും സദുദ്ദേശ്യക്കാരനുമായ ഒരാള്‍ എങ്ങനെയാണ് കൊലപാതകിയായി മാറുന്നത്? രാജസ്ഥാനിലെ സംഭവത്തില്‍ നിന്നും മാറി, കൂടുതല്‍ വിശാലമായ സ്ഥിതിയിലേക്ക് കണ്ണു പായിക്കുമ്പോഴാണ് ആ ചോദ്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുന്നത്. എങ്ങനെയാണ് രാജ്യത്തിലെ തീവണ്ടി യാത്രക്കാരും അയല്‍ക്കാരും ഗ്രാമീണരും ഇസ്‌ലാം ഭീതിയുള്ളവരും കൊലപാതകികളുമാകുന്നത്? അവരും ജീവിതത്തിലെ ആ ഘട്ടം വരെ സാധാരണക്കാരായിരുന്നു. എങ്ങനെ, എപ്പോഴാണ് അവര്‍ ദുഷ്ടമനസുള്ളവരായത്? സാധാരണക്കാരെ ഭീകരമായ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്?
കൊലപാതക പ്രവണതകള്‍ വളര്‍ന്നു വന്നതെങ്ങനെയാണെന്ന് അവര്‍ തന്നെ വിശദീകരിക്കാത്തിടത്തോളം കാലം നമുക്ക് സമാധാനപ്രിയരായ മനുഷ്യര്‍ കൊലപാതകികളായി മാറിയ മറ്റുദാഹരണങ്ങള്‍ പരിശോധിക്കാം. കാണാതെ കാണലും കേള്‍ക്കാതെ കേള്‍ക്കലും ആ പ്രക്രിയയിലെ പ്രധാന ചാലകശക്തികളാണ്.
1933ല്‍ നാസികള്‍ അധികാരത്തില്‍ വരുന്നതു വരെ മെലിറ്റ മഷ്‌മെന്‍ ജര്‍മനിയിലെ ഒരു സാധാരണ സ്‌കൂള്‍ കുട്ടിയായിരുന്നു. ആ വര്‍ഷം അവള്‍ മാതാപിതാക്കളെ ധിക്കരിച്ച് ‘ഹിറ്റ്‌ലര്‍ യൂത്ത്’ എന്ന സംഘത്തില്‍ ചേര്‍ന്നു. 1964ല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അവളുടെ ഓര്‍മക്കുറിപ്പുകളില്‍ മെലിറ്റ ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് നാസി പ്രചാരകയും പോളണ്ടിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയ ഓഫീസറുമായി താന്‍ മാറിയതെങ്ങനെ എന്ന് വിവരിക്കുന്നുണ്ട്.
വിനാശകരമായ നുണകള്‍
ജൂതന്മാരെ കുറിച്ച് ഭീകരകഥകളുണ്ടാക്കിയതെങ്ങനെയെന്നും പൊതുവായ ആ ജൂതവിരുദ്ധവികാരങ്ങള്‍ക്കിടയില്‍ പെട്ട് സാധാരണക്കാരായ ജര്‍മന്‍കാര്‍ ജൂതന്മാര്‍ക്കെതിരായ ആക്രമണത്തെ സ്വീകരിക്കുകയും ന്യായീകരിക്കുക പോലും ചെയ്തതെങ്ങനെയെന്നും മെലിറ്റ വിവരിക്കുന്നുണ്ട്. ന്യൂനപക്ഷമായ ജൂതന്മാരെ ‘ഏറ്റവും അപകടകാരികളായ ശത്രുക്കളാ’യി അവര്‍ കണ്ടു. ‘തന്റെ അയല്‍ക്കാരനും തുന്നല്‍പ്പണിക്കാരനും ജൂതനുമായ ഒരുവനെ കിടക്കയില്‍ നിന്ന് പിടിച്ചു കൊണ്ടു പോകുകയും അയാള്‍ ഒരിക്കലും തിരിച്ചു വരാതിരിക്കുകയും ചെയ്യുന്നതിനെ ഒരാള്‍ പ്രതിഷേധമില്ലാതെ സ്വീകരിക്കണമെങ്കില്‍ കല്ലുവെച്ച രാക്ഷസീയമായ നുണകള്‍ പ്രചരിപ്പിക്കേണ്ടതുണ്ട്.’
നുണകളും അവയുടെ ആവര്‍ത്തനവുമാണ് ജര്‍മന്‍ ജനതയുടെ ആത്മാവിനെ ദുഷിപ്പിച്ചത്. ജൂതന്മാരുടെ പിശാചുവല്‍കരണം ഉച്ചസ്ഥായിയിലെത്തിച്ചത് ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രിയായ ജോസഫ് ഗീബല്‍സാണ്. അക്രമം തികച്ചും സാധാരണമായി തോന്നത്തക്കവണ്ണം ആ നുണകള്‍ ജര്‍മന്‍ മനസ്സുകളെ മരവിപ്പിച്ചു. ലോകം കണ്ടതില്‍ വെച്ചേറ്റവും പൈശാചികമായ കൂട്ടക്കൊലകളായിരുന്നു അതിന്റെയെല്ലാം ഫലം.
സാധാരണക്കാരായ ജര്‍മന്‍കാരെ വംശവെറിയിലേക്കും ക്രൂരതകളിലേക്കും കൊണ്ടുപോയത് വംശീയ ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള നാരകീയമായ നുണകളുടെ ഇരുണ്ട താഴ്‌വരയാണ്. അത് ജര്‍മന്‍കാരെ കൂട്ടക്കൊലകളില്‍ നിശ്ശബ്ദരാക്കി. മനുഷ്യജീവിതത്തിന്റെ പവിത്രതയെ കുറിച്ചുള്ള അടിസ്ഥാന നന്മ അവരില്‍ നിന്ന് തുടച്ചു മാറ്റുകയും ചെയ്തു.
ഇന്ത്യയും ഇന്ന് ഇരുണ്ട താഴ്‌വരയുടെ പടിവാതിലിലാണെന്നു തോന്നുന്നു. സാധാരണക്കാരായ ജനങ്ങളെ കൊലപാതകികളായി മാറ്റുന്ന തരത്തിലുള്ള മുസ്‌ലിംവിരുദ്ധ നുണകള്‍ രാജ്യത്ത് പരക്കുകയാണ്. രാജസ്ഥാനിലെ ‘മിതഭാഷിയും സദുദ്ദേശ്യക്കാരനുമായ’ മനുഷ്യന്‍ മുസ്‌ലിംകളെ കുറിച്ചുള്ള കൊടും നുണകള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ സ്ഥിരം കാണാറുണ്ടായിരുന്നു. അയാള്‍ മാത്രമല്ല,രാജ്യത്ത് ഏറെപ്പേര്‍ ഇസ്‌ലാംഭീതിയാണ് ഭക്ഷിക്കുന്നത്. ‘നാം അഞ്ച്, നമുക്ക് ഇരുപത്തിയഞ്ച്’ തുടങ്ങിയ നുണകള്‍ പോലുള്ളവ പരക്കുകയാണ്.
മുസ്‌ലിംകളുടെ സംഖ്യ ഇരട്ടിക്കുകയാണെന്നും അവര്‍ താമസിയാതെ ജനസംഖ്യയില്‍ ഹിന്ദുക്കളെ മറികടക്കുമെന്നും ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാകുമെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ നുണക്ക് മൂന്നു ഭാഗങ്ങളുണ്ട്.
നാം അഞ്ച്: മുസ്‌ലിംകള്‍ ബഹുഭാര്യത്വം പിന്തുടരുന്നവരാണ്. ശരീഅത്ത് നിയമങ്ങള്‍ അവരെ നാലുപ്രാവശ്യം വരെ വിവാഹിതരാകാന്‍ അനുവദിക്കുന്നുണ്ട്. ഹിന്ദുക്കളാകട്ടെ ഏകപത്‌നീവ്രതക്കാരാണ്.
നമുക്ക് ഇരുപത്തഞ്ച്: മൃഗങ്ങളെ പോലെ പ്രത്യുല്പാദനം നടത്തുന്നവരാണ് മുസ്‌ലിംകള്‍. അവരുടെ സ്ത്രീകള്‍ ‘പെറ്റുകൂട്ടല്‍ യന്ത്ര’ങ്ങളാണ്. എന്നാല്‍ ഹിന്ദുസ്ത്രീകള്‍ ഒന്നോ രണ്ടോ കുട്ടികളെ മാത്രം പ്രസവിക്കുന്നു.
ലൗ ജിഹാദ്: മുസ്‌ലിം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ വശീകരിക്കുകയും മുസ്‌ലിം ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ഇസ്‌ലാമിലേക്ക് മതം മാറ്റുകയും ചെയ്യുന്നു.
ആദ്യത്തെ വാദത്തിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. അടുത്ത രണ്ടെണ്ണത്തിലും വസ്തുതകള്‍ വളച്ചൊടിച്ചിരിക്കുകയാണ്. 2016 ല്‍ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ബഹുഭാര്യത്വത്തിന്റെ നിരക്ക് 0.66 ശതമാനം മാത്രമാണ്. ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ അത് 0.45 ശതമാനമാണ്. ഹിന്ദു സ്ത്രീകളെക്കാള്‍ വളരെക്കുറച്ച് മുസ്‌ലിം സ്ത്രീകള്‍ക്കേ അഞ്ചില്‍ കൂടുതല്‍ കൂട്ടികളുള്ളൂ എന്നും സര്‍വേയില്‍ വ്യക്തമാണ്. 2011 ലെ കണക്കനുസരിച്ച് 47000 മുസ്‌ലിം സ്ത്രീകള്‍ക്കാണ് അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ളത്. എന്നാല്‍ 1.2 ദശലക്ഷം ഹിന്ദു സ്ത്രീകള്‍ക്ക് അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ട്.
ഇത്തരം സത്യങ്ങളെല്ലാം നുണയുടെ മൊത്തക്കച്ചവടക്കാര്‍ മറച്ചുവെക്കുന്നു. കൂടിയ പ്രത്യുല്പാദനനിരക്കിന് മതപരമായ കാരണങ്ങളല്ല ഉള്ളത്. നിരക്ഷരതയും ദാരിദ്ര്യവുമാണ് അതിനു കാരണം. കൂടുതല്‍ വിദ്യാഭ്യാസവും ജീവിതനിലവാരവുമുളള ഹിന്ദുസ്ത്രീകള്‍ക്കും മുസ്‌ലിം സ്ത്രീകള്‍ക്കും രണ്ടു കുട്ടികള്‍ വീതമേയുള്ളൂ.
ലൗ ജിഹാദിനെ തെളിയിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ കാനേഷുമാരി കണക്കുകളില്‍ പതിനഞ്ചിനും മുപ്പത്തിനാലിനും ഇടയിലുള്ള ഹിന്ദുപെണ്‍കുട്ടികളുടെ എണ്ണം ലഭ്യമാണ്: ‘എണ്ണമറ്റ ഹിന്ദുപെണ്‍കുട്ടികള്‍’ മതം മാറിയിട്ടുണ്ടെങ്കില്‍ അവരുടെ എണ്ണം 2011ലെ കാനേഷുമാരിയില്‍ 2001 ലെ കാനേഷുമാരിക്കണക്കുകളെക്കാള്‍ ഗണ്യമായി കുറയേണ്ടതല്ലേ? മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം കൂടുകയും വേണം. പക്ഷേ രണ്ടു വിഭാഗത്തിലും പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുകയാണെന്നു മാത്രമല്ല, ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ എണ്ണമാണ് കാര്യമായി കുറഞ്ഞിരിക്കുന്നതെന്നും കാണാം.
ബാല്യകാലത്തില്‍ മരണപ്പെടുന്നതും വിദേശങ്ങളിലേക്ക് ചേക്കേറുന്നതും മതസംബന്ധിയല്ലാത്ത മറ്റു കാരണങ്ങളും പെണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ ഈ കുറവിനുണ്ടാകാം. പെണ്‍കുട്ടികള്‍ തീര്‍ച്ചയായും അന്യമതസ്ഥരെ വിവാഹം കഴിക്കുന്നുണ്ട്. മതം മാറാറുമുണ്ട്. അത് ഹിന്ദുപെണ്‍കുട്ടികള്‍ക്കും മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും ബാധകമാണ്. എന്നാല്‍ ഇന്ത്യയെ ‘മുസ്‌ലിം രാഷ്ട്ര’ മാക്കി മാറ്റാനുള്ള ലൗ ജിഹാദിനെ ശരിവെക്കുന്ന യാതൊന്നും ഈ വിവാഹങ്ങളിലില്ല.
എന്നിട്ടും മുസ്‌ലിങ്ങള്‍ക്കെതിരെ തുടരുന്ന അക്രമങ്ങള്‍ വ്യക്തമാക്കുന്നത് നുണക്കഥകളുടെ നിജസ്ഥിതി ആരും തിരക്കുന്നില്ല എന്നാണ്. സാധാരണക്കാര്‍ നുണകള്‍ അപ്പാടെ വിഴുങ്ങുകയാണ് ചെയ്യുന്നത്.
തങ്ങള്‍ ചെയ്തു കൂട്ടിയ കൂട്ടക്കൊലകളും വരുത്തിവെച്ച ദുരിതങ്ങളും തെറ്റാണെന്ന് ജര്‍മന്‍ ജനത തിരിച്ചറിഞ്ഞത് ഏറെക്കഴിഞ്ഞാണ്. തന്റെ ഭൂതകാലവുമായി പൊരുത്തപ്പെടാന്‍ മെലിറ്റക്ക് കഴിഞ്ഞത് നീണ്ട ഏകാന്തജീവിതത്തിനും ആത്മാന്വേഷണത്തിനും ജൂതസുഹൃത്തുമായുള്ള എഴുത്തുകൈമാറ്റത്തിനും ശേഷമാണ്. പക്ഷേ ‘തികച്ചും പ്രാകൃതവും വംശ വെറിയുടെ ആഴത്തിലുള്ള കുറ്റകൃത്യപ്രവണതകളുള്ളതുമായ ഒരു പ്രത്യയശാസ്ത്രത്തെയാണ് പിന്താങ്ങിയതെന്ന് മനസ്സിലാക്കുമ്പോഴേക്കും’ ഏറെ വൈകിപ്പോയിരുന്നു.
രാജസ്ഥാനില്‍ മുസ്‌ലിം ചെറുപ്പക്കാരനെ വെട്ടിനുറുക്കി കത്തിച്ച ഹിന്ദുചെറുപ്പക്കാരന്‍ തടവറയിലാണ്. വിചാരണ കാത്തിരിക്കുമ്പോള്‍ പോലും അയാള്‍ ഇസ്‌ലാംഭീതി പടര്‍ത്തുന്ന വീഡിയോകള്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ ആത്മാവിനുള്ളില്‍ വിഷമയമായ നുണകള്‍ നിറയുന്നതിനാല്‍ ഇനിയും കൂടുതല്‍ ഇന്ത്യക്കാര്‍ മതഭ്രാന്തരാകും. അതിനാല്‍ തന്നെ, അസതോ മാ സദ് ഗമയ-നുണയില്‍ നിന്ന് സത്യത്തിലേക്ക് നടക്കാന്‍ ആഹ്വാനം ചെയ്ത ഇന്ത്യന്‍ സംസ്‌കൃതിയുടെ ആത്മാവ് കൂടുതല്‍ ഉച്ചത്തില്‍ ഉച്ചത്തില്‍ വിളിച്ചു പറയേണ്ട കാലമാണിത്.
അനൂപ് സദാനന്ദന്‍
സാമൂഹ്യശാസ്ത്രജ്ഞനും വൈ ഡിമോക്രസി ഡീപ്പന്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് അനൂപ് സദാനന്ദന്‍.
കടപ്പാട്: thewire.in
You must be logged in to post a comment Login