ഒരു പാര്‍ട്ടിക്ക് എഴുപത് വയസ്സ് തികയുന്ന സന്ദര്‍ഭം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് . ഒരുപാട് രാഷ്ട്രീയപ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും ഭൂതകാലത്തില്‍ തിരോഭവിച്ച അനുഭവപാഠം നമ്മുടെ മുന്നിലുള്ളപ്പോള്‍ വിശേഷിച്ചും. ആധുനിക ഇന്ത്യയുടെ സഞ്ചാരഗതി നിര്‍ണയിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോടൊപ്പം സമാന്തരമായി നടന്നുനീങ്ങിയ ഒരു പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിം ലീഗ് എഴുപത് വയസ്സ് തികയ്ക്കുമ്പോള്‍ കോട്ടനേട്ടങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ സാംഗത്യമുണ്ട്. ആ ശ്രമം സത്യസന്ധമാകുമ്പോള്‍ പുതിയ തലമുറക്കെങ്കിലും അത് വെളിച്ചം പകരാന്‍ സഹായിച്ചുകൂടായ്കയില്ല.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ആര് എത്ര നിഷേധിച്ചാലും ശരി , ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു കൈവഴിയാണ്. ഒരു നൂറ്റാണ്ട് കോണ്‍ഗ്രസിനൊപ്പം രാഷ്ട്രീയ ഗോദയില്‍ പോരാട്ടം നടത്തിയ ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മ. അദ്ഭുതം തോന്നാം, ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസും മുസ്‌ലിം ലീഗും കൂടിയിരുന്ന് ആലോചിച്ചാണ്. അവസാനത്തെ ബ്രിട്ടീഷ് േൈവസ്രായി മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ സാന്നിധ്യത്തില്‍, ഇരുപാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയ ധാരണ പ്രകാരമാണ് പാകിസ്ഥാനുണ്ടാവുന്നത്. 1931ല്‍ കേംബ്രിഡ്ജ് വിദ്യാര്‍ഥിയായിരുന്ന ചൗധരി റഹ്മത്ത് അലി എന്ന ചെറുപ്പക്കാരന്റെ ബുദ്ധിയില്‍ രൂപം കൊണ്ട പാകിസ്ഥാന്‍ എന്ന ആശയം മുഹമ്മദലി ജിന്നയുടെ മുസ്‌ലിം ലീഗിന്റെ മുദ്രാവാക്യമായി 1940 ല്‍ മാറിയപ്പോള്‍ അന്നത്തെ ഇന്ത്യന്‍ സാഹചര്യം വിഭജനം യാഥാര്‍ത്ഥ്യമാക്കി.
ഖാഇദെ അഅ്‌സമും ഖാലിഖുസ്സമാനും അബ്ദുസ്സത്താര്‍ സേട്ടുവുമൊക്കെ പാകിസ്ഥാന്‍ എന്ന ‘പുണ്യഭൂമിയി’ലേക്ക് വണ്ടി കയറിയപ്പോള്‍ ലീഗിന്റെ നിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അസ്തമിച്ചുവെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റി. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് എന്ന വലിയൊരു നേതാവിന്റെ രാഷ്ട്രീയ ചിന്തകള്‍ പുതിയൊരു വഴിക്ക് ചലിച്ചു. തല്‍ഫലമായി മുസ്‌ലിം ലീഗ് അല്‍പം വകഭേദങ്ങളോടെ സ്വതന്ത്ര ഇന്ത്യയില്‍ ബാക്കിയാവുകയും ചെയ്തു.
ഖാഇദെ മില്ലത്തിന്റെ അസാധാരണ ധൈര്യം
ജിന്നയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് വിഹിതവും കൊണ്ട് പോയിക്കഴിഞ്ഞിട്ടും അതേ പേരില്‍ ഒരു പാര്‍ട്ടി ഇവിടെ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ നേതൃത്വം എടുത്ത നിര്‍ണായക തീരുമാനം, അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമായി വേണം നോക്കിക്കാണാന്‍. പാകിസ്ഥാന്‍ നിലവില്‍ വന്ന ഉടനെ സമുദായനേതാക്കള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു; ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമാണ് കാട്ടിയതെന്ന്. മുസ്‌ലിംകളുടെ പേരില്‍ പുതിയൊരു രാഷ്ട്രം ജന്മം കൊണ്ടെങ്കിലും ഇന്ത്യയില്‍ ബാക്കിയായ അഞ്ച് കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ അവസ്ഥ അതീവ പരിതാപകരമായിരുന്നു. വര്‍ഗീയകലാപങ്ങളില്‍ ഇരകളാവാനും ജീവിതപ്പെരുവഴിയില്‍ തിരസ്‌കരിക്കപ്പെടാനും വിധിക്കപ്പെട്ട നിസ്സഹായരും ആലംബഹീനരുമായ ഒരു ജനതയുടെ ദുരവസ്ഥ ഡബ്ല്യൂ. സി സ്മിത്ത് ‘ഇസ്‌ലാം ആധുനിക ചരിത്രത്തില്‍’ എന്ന പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നതിങ്ങനെ: ‘Rejected, Mistrusted, and Aftraid‑” തിരസ്‌കരിക്കപ്പെട്ട, അവിശ്വസിക്കപ്പെട്ട, ചകിതരായ ഒരു കൂട്ടര്‍’.
ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല, എന്നല്ല, എല്ലാ കുറ്റപ്പെടുത്തലുകളും നേരെ ചെന്നുതറച്ചത് അവരുടെ നെഞ്ചത്തായിരുന്നു. വര്‍ഗീയശക്തികള്‍ക്ക് ഇരകളായി നിന്നുകൊടുക്കാനല്ലാതെ, ജനാധിപത്യ പ്രതിരോധത്തിന്റെ ചെറുവിരല്‍ അനക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. നെഹ്‌റു മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബുല്‍ കലാം ആസാദ് ഒരു ജുമുഅ നമസ്‌കാരത്തിനു ശേഷം ജുമാമസ്ജിദിന്റെ പടവുകളില്‍ കയറി നിന്നുകൊണ്ട്, ഗദ്ഗദകണ്ഠനായി പറഞ്ഞു: ‘ഈ ദുര്യോഗം മുന്‍കൂട്ടി കണ്ടാണ് വിഭജനത്തെ താന്‍ നഖശിഖാന്തം എതിര്‍ത്തതും അതിനെതിരെ ജനശബ്ദം സ്വരൂപിക്കാന്‍ ശ്രമിച്ചതുമെന്ന്. പക്ഷേ എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തി. ഞാന്‍ വിശ്വാസമര്‍പ്പിച്ചവര്‍ പോലും നിര്‍ണായക ഘട്ടത്തില്‍ വഞ്ചിച്ചു. നിങ്ങളുടെ മുന്നില്‍ കൂരിരുട്ടാണ് ഞാന്‍ കാണുന്നത്. എനിക്ക് നിങ്ങളെ ഒരുനിലക്കും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. പടച്ചവനില്‍ എല്ലാം അര്‍പ്പിച്ച് ഇനിയെങ്കിലും നല്ല മുസ്‌ലിമായി ജീവിക്കാന്‍ ശ്രമിക്കുക എന്നേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ.’ കോണ്‍ഗ്രസില്‍ ചേരാനാണ് ലഖ്‌നോവില്‍ സംഘടിപ്പിച്ച യോഗത്തില്‍ അദ്ദേഹം മുസ്‌ലിംകളോട് ആഹ്വാനം ചെയ്തത്. പക്ഷേ, മുസ്‌ലിംകളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാന്‍ ഒരു നേതാവും തയാറായിരുന്നില്ല. 1912ല്‍ തുര്‍ക്കിയില്‍ രൂപീകരിക്കപ്പെട്ട യൂണിയന്‍ ആന്റ് പ്രോഗ്രസീവ് പാര്‍ട്ടിക്ക് സമാനമായ കൂട്ടായ്മ ഉണ്ടാക്കാന്‍ അദ്ദേഹം ഉപദേശിച്ചുവെങ്കിലും കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ശക്തിപ്പെടുത്തി സ്വാധീനം നേടാനുള്ള ആഹ്വാനവും ആരും കാര്യമായെടുത്തില്ല.
നഷ്ടപ്രതാപങ്ങളുടെ ചാരത്ത് നിരാശ്രയരായിക്കഴിഞ്ഞ മുസ് ലിംകള്‍ക്ക് മോചനത്തിന്റെ ഒരു ഉപാധിയുമായി കടന്നുവന്നു എന്നതാണ് ഇസ്മാഈല്‍ സാഹിബ് എന്ന നേതാവിന്റെ ചരിത്രപ്രസക്തി. 1947ഡിസംബര്‍ 14ന് കറാച്ചിയില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്തത് ഇസ്മാഈല്‍ സാഹിബ്, കെ. എം സീതി, കെ.ടി.എം അഹമ്മദ് ഇബ്രാഹീം, എന്‍.എം അന്‍വര്‍, എ.കെ ജമാല്‍ , രാജാ സാഹിബ് (മഹ്മൂദാബാദ്) തുടങ്ങിയവരാണ്. 250ഓളം നേതാക്കള്‍ പങ്കെടുത്ത യോഗം ഇരുരാജ്യങ്ങളായി വേര്‍പിരിഞ്ഞ സ്ഥിതിക്ക് മുസ്‌ലിം ലീഗും രണ്ടായി പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ദുഃഖഛവി നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു യോഗം പൂര്‍ത്തിയാക്കിയത്. ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ക്ക് ജീവന്‍ ബലികൊടുക്കേണ്ടിവന്നതിന്റെ ദാരുണ കഥകള്‍ വിവരിച്ചപ്പോള്‍ ജിന്നാസാഹിബിനു പോലും സങ്കടം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇത്ര ഘോരമായ ദുരന്തമാണ് വരാനിരുന്നതെങ്കില്‍ വിഭജനത്തിന് ഞാന്‍ തയാറാകുമായിരുന്നില്ല എന്ന് കണ്ണീരൊഴുക്കി അദ്ദേഹം പറഞ്ഞു. സംഭവിക്കേണ്ടത് മുഴുവന്‍ സംഭവിച്ചു; ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യം; ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം ; ദയവ് ചെയ്ത് ഞങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ നിങ്ങള്‍ ഇടപെടാന്‍ പാടില്ല എന്ന അഭ്യര്‍ഥനയോടെ ഇസ്മാഈല്‍ സാഹിബ് അതുവരെ ഇന്ത്യന്‍ മുസ്‌ലിംകളെ നയിച്ച നേതാക്കളോട് വിടപറഞ്ഞു. തിരിച്ചെത്തിയ ഖാഇദെ മില്ലത്ത് പ്രധാനമന്ത്രി ജവഹര്‍ലാലിനെ ഓഫീസില്‍ ചെന്നു കണ്ടു. മുസ്‌ലിം ലീഗ് പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ച് പരോക്ഷമായി ചിലത് സൂചിപ്പിച്ചെങ്കിലും നെഹ്‌റു ചെവികൊടുത്തില്ല എന്നാണ് ദൃക്‌സാക്ഷിയായ റാസാഖാന്‍ ‘വാട്ട് പ്രൈസ് ഫ്രീഡം’ എന്ന പുസ്തകത്തില്‍ പറയുന്നത്.
എന്നിട്ടും മുസ്‌ലിം ലീഗിനെ സ്വതന്ത്ര ഇന്ത്യയില്‍ നിലനിര്‍ത്താന്‍ ഇസ്മാഈല്‍ സാഹിബ് കാണിച്ച അസാധാരണമായ ധൈര്യത്തെ ഇന്നത്തെ തലമുറ എങ്ങനെയാണ് വിലയിരുത്തുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അതിനു പകരം, പുതിയൊരു പാര്‍ട്ടിയും പതാകയും പരിപാടികളുമാണ് ആവിഷ്‌കരിച്ചിരുന്നതെങ്കില്‍ ചരിത്രം മറ്റൊരു വഴിക്ക് ഒഴുകിയേനെ. കോണ്‍ഗ്രസ് അല്ലാതെ മുസ്‌ലിംകള്‍ക്ക് ചേരാന്‍ പറ്റിയ ഒരു പാര്‍ട്ടി അന്ന് ഉണ്ടായിരുന്നില്ലെന്നാണ് റാസാഖാന്റെ അഭിപ്രായം. മാന്യമായ വ്യവസ്ഥകള്‍ വെച്ച് ക്ഷണിച്ചാലേ കോണ്‍ഗ്രസില്‍ ചേരേണ്ടതുള്ളൂവെന്ന് ഗാന്ധിജി മുസ്‌ലിംകളെ ഉപദേശിച്ചുകൊണ്ടിരുന്ന കാലസന്ധിയായിരുന്നു അത്. വര്‍ഗീയകലാപങ്ങളും ഗാന്ധിജിയുടെ വധവും ആര്‍.എസ്.എസിന്റെ നിരോധവും ഹൈദരാബാദ് ആക്ഷനുമൊക്കെ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമാക്കി നിര്‍ത്തിയ ഒരു വേളയിലാണ് ലീഗ്‌നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ മദിരാശിയിലെ രാജാജി ഹാളില്‍ മാര്‍ച്ച് 10ന് ഒത്തുചേരുന്നത്. പാകിസ്ഥാനുണ്ടാക്കിയ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണെങ്കില്‍ വര്‍ഗീയകാലുഷ്യം പടരാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ എഴുതിവിട്ടു. ആഭ്യന്തരമന്ത്രി സുബ്ബറായന്‍ ഭീഷണി സ്വരത്തില്‍ പ്രസ്താവങ്ങള്‍ നടത്തി. ശ്വാസമടക്കിപ്പിടിച്ചാണ് പുതിയ സംഭവവികാസങ്ങളെ താന്‍ നോക്കിക്കാണുന്നതെന്നും എന്താണ് യോഗം തീരുമാനിക്കുന്നതെന്ന് നോക്കട്ടെയെന്നും അദ്ദേഹം ഭീഷണി മുഴക്കി. എന്നാല്‍ സര്‍ക്കാര്‍ അധീനതയിലുള്ള രാജാജി ഹാളില്‍, തുറന്ന അന്തരീക്ഷത്തില്‍ ഇത്തരമൊരു സമ്മേളനം നടത്താന്‍ ലീഗ് നേതാക്കള്‍ കാണിച്ച ആര്‍ജവത്തെ പലരും അദ്ഭുതത്തോടെ കണ്ടു. ഓള്‍ ഇന്ത്യ മുസ്‌ലിം ലീഗ് കൗണ്‍സിലിലേക്ക് കേവലം മുപ്പതോളം നേതാക്കളേ വന്നുള്ളൂ. ദേശദ്രോഹമുദ്ര കുത്തുമോ എന്ന ഭയമായിരുന്നു എല്ലാവര്‍ക്കും. കേരളത്തിലെ പഴയ ലീഗ് നേതാക്കള്‍ ഓരോ ദിവസവും പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതായി ‘മാതൃഭൂമി’ പത്രത്തില്‍ പരസ്യം കൊടുത്തുകൊണ്ടിരുന്ന കാലം. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണെന്നും അതിന്ന് മുസ്‌ലിം ലീഗ് അല്ലാതെ മറ്റൊന്നില്ലെന്നും ഇസ്മാഈല്‍ സാഹിബ് സമര്‍ഥിക്കാന്‍ ശ്രമിച്ചപ്പോള്‍ പലരും അതിനോട് യോജിച്ചില്ല. ഒരു സംഘടന ആവശ്യമുണ്ടെങ്കിലും അത് രാഷ്ട്രീയേതരമാവണം എന്നതായിരുന്നു സത്താര്‍ സേട്ടിനെ പോലുള്ളവരുടെ അഭിപ്രായം. അങ്ങനെ മുസ്‌ലിംകളുടെ രാഷ്ട്രീയേതര താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു പാര്‍ട്ടി ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ഇസ്മാഈല്‍ സാഹിബിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്തുവെന്നും സംഘടനയെ നിരോധിച്ചുവെന്നുമൊക്കെ കിംവദന്തി പരന്നുവെങ്കിലും ഒന്നു സംഭവിച്ചില്ല. എവിടെയും വലിയ ആഹ്ലാദമൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത.
ദേശീയ സാന്നിധ്യം അറിയിച്ച താരുണ്യകാലം
1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സപ്തമുന്നണി സര്‍ക്കാരില്‍ ബെര്‍ത്ത് കിട്ടുന്നത് വരെ കേരളത്തില്‍ മുസ്‌ലിംലീഗ് ഗതികെട്ടലയുകയായിരുന്നു. ആര്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് പിന്തുണ നല്‍കിയതിന് പകരമായി ആദ്യം കെ എം സീതിക്കും പിന്നീട് സി.എച്ചിനും സ്പീക്കര്‍ സ്ഥാനം നല്‍കിയെങ്കിലും പാര്‍ട്ടിയുടെ തൊപ്പി ഊരിവെക്കണമെന്ന് സി.എച്ചിനോട് ആവശ്യപ്പെട്ടപ്പോള്‍ അവഹേളനം സഹിക്കവയ്യാതെ അദ്ദേഹത്തിന് രാജിവെച്ചൊഴിയേണ്ടിവന്നു. 1962ലെ ദുര്‍ഗാപൂര്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീയകക്ഷികളുമായി ഒരു ബന്ധവും പാടില്ല എന്ന കോണ്‍ഗ്രസ് നിലപാട് ലീഗിനെ അസ്പൃശ്യരായി മാറ്റിനിര്‍ത്താന്‍ കാരണമായി. കേരളരാഷ്ട്രീയം അസ്ഥിരമായി തുടര്‍ന്നപ്പോഴും കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനെ അംഗീകരിക്കാന്‍ തയാറായില്ല. ലീഗ് നേതൃത്വമാവട്ടെ, കമ്യൂണിസ്റ്റുകള്‍ നിരീശ്വര നിര്‍മതവാദികളാണെന്ന സിദ്ധാന്തം കടിച്ചുപിടിച്ച് സി.പി.എമ്മുമായുള്ള ബന്ധം അസാധ്യമാക്കുകയും ചെയ്തു. എല്ലാറ്റിനുമൊടുവില്‍ ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയക്കും അഹമ്മദ് കുരിക്കള്‍ക്കും മന്ത്രിസ്ഥാനം കിട്ടിയതോടെയാണ് അധികാരത്തിന്റെ വഴി പരിചയിക്കുന്നത്. പക്ഷേ, ആ അസ്പൃശ്യത മാറ്റിയെടുത്ത സി.പി.എമ്മിനെ വിട്ട് ഐക്യമുന്നണി രൂപവത്കരിച്ച് സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ഭരിക്കുന്ന ഒരു സംവിധാനം നിലനിര്‍ത്തുകയായിരുന്നു പിന്നീട്.
പക്ഷേ ഈ അധികാര ലബ്ധികളോ കഷ്ടിച്ച് രണ്ടുമാസത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ സി എച്ച് മുഹമ്മദ് കോയ ഇരുന്നതോ അല്ല ലീഗിന്റെ സുവര്‍ണ കാലം. അതിനി പറയുന്ന ഘട്ടമാണ്. ആറേഴ് സംസ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു അന്ന്. മാത്രമല്ല, കേരളത്തിനു പുറമെ എം.എല്‍.എമാരും മന്ത്രിമാരും ഉണ്ടായിരുന്നു പാര്‍ട്ടിയുടെ ബാനറില്‍. തമിഴ്‌നാട്ടില്‍നിന്ന് രണ്ടു എം.പിമാരും അര ഡസനോളം എം.എല്‍.എമാരും പാര്‍ട്ടിയെ പ്രതിനിധാനം ചെയ്തു അസംബ്ലിയില്‍ എത്തിയിരുന്നു. കര്‍ണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും മുസ്‌ലിം ലീഗിന്റെ സാന്നിധ്യം അറിയിച്ച സുവര്‍ണകാലത്തെ കുറിച്ച് ഇപ്പോഴുള്ളവര്‍ ഓര്‍ത്തുകൊള്ളണമെന്നില്ല. 1970കളില്‍ അജയ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാറില്‍ മുഈനുല്‍ ഹഖ് ചൗധരിയും നൂറുല്‍ ഹസനും ലീഗ് മന്ത്രിമാരായിരുന്നു. എഴുപതുകളുടെ അന്ത്യത്തില്‍ പാര്‍ലമെന്റില്‍ ആറ് എം.പിമാര്‍ മുസ്‌ലിം ലീഗിനുണ്ടായിരുന്നുവെന്നത് എന്തിനു പൂഴ്ത്തിവെക്കണം? പാര്‍ലമെന്റിലെയോ നിയമസഭകളിലെയോ മന്ത്രിസഭകളിലെയോ എണ്ണബലമല്ല, ഒരു പാര്‍ട്ടിയുടെ കര്‍മമണ്ഡലവും സ്വാധീനശേഷിയുമാണ് അതിനെ സചേതനമാക്കുന്നതും ജനങ്ങളുമായി ബന്ധിപ്പിക്കുന്നതും. മുസ്‌ലിം ലീഗിന്റെ ദേശീയനേതാക്കളായിരുന്നു പതിറ്റാണ്ടുകളോളം മുസ്‌ലിം ഇന്ത്യക്ക് മാര്‍ഗദര്‍ശനം നല്‍കിയതും അവരുടെ സ്വത്വ സംരക്ഷണത്തിനായി പൊരുതിയതും. ഇസ്മാഈല്‍ സാഹിബും ഇബ്രാഹീം സുലൈമാന്‍ സേട്ടുവും ജി.എം ബനാത്ത് വാലയുമെല്ലാം ഇന്ത്യയൊട്ടാകെ കീര്‍ത്തി പരത്തിയ രാഷ്ട്രീയാവധൂതരായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ നാഡിമിടപ്പ് ഭരണകൂടം തൊട്ടറിഞ്ഞത് ഇവരിലൂടെയാണ്. രാജ്യമൊന്നാകെ ഇവരുടെ പ്രവര്‍ത്തന ഗോദയായിരുന്നു. മജ്‌ലിസെ മുശാവറയും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡുമെല്ലാംം ഇവരുടെ നേതൃത്വത്തിലാണ് രൂപപ്പെട്ടതും മുന്നോട്ടുപോയതും. ഇത് നരേന്ദ്രമോഡി യുഗമാണ്. പാര്‍ലെന്റിന്റെ അകത്തളം പോരാട്ടഭൂമിയായി മാറേണ്ട സന്ദര്‍ഭമാണിത്. പൊതുസമൂഹവും മാധ്യമങ്ങളും മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസിയെയാണ് ഉറ്റുനോക്കുന്നത്. ബംഗാളിലോ യു.പിയിലോ മഹാരാഷ്ട്രയിലോ ഇന്ന് പാര്‍ട്ടി ഇല്ല.
മുസ്‌ലിം ലീഗ് അതിന്റെ സ്ഥാപകരില്‍ ഭൂരിപക്ഷവും കൊതിച്ച ‘രാഷ്ട്രീയേതര’ഗ്രൂപ്പായി മാറിയോ എന്നതാണ് എഴുപതില്‍ എത്തിനില്‍ക്കുമ്പോഴുള്ള ചോദ്യം. ലീഗ് രാഷ്ട്രീയം മറന്നിട്ട് കാല്‍നൂറ്റാണ്ടായി. സാമുദായികവിഷയങ്ങളില്‍ നടത്തുന്ന തീവ്രമായ മുദ്രാവാക്യങ്ങളാണ് ലീഗിലേക്ക് തിരിഞ്ഞുനോക്കാന്‍ പലപ്പോഴും മാധ്യമങ്ങളെ നിര്‍ബന്ധിപ്പിക്കുന്നത്. കേരളീയ മുസ്‌ലിം സമൂഹം കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ബഹുദൂരം സഞ്ചരിച്ചു. ഗള്‍ഫ് പണം നിക്ഷേപിച്ച് വിദ്യാഭ്യാസ, ബിസിനസ് രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. പുതിയ തലമുറ ഇവിടുത്തെ നായര്‍, ക്രൈസ്തവ സമൂഹവുമായി മല്‍സരിക്കാന്‍ പ്രാപ്തി നേടി. സമുദായം സ്വയംപര്യാപ്തമാണ്. സാംസ്‌കാരികസ്വത്വം നിലനിര്‍ത്താന്‍ പുതിയ ഉപാധികള്‍ കണ്ടുപിടിച്ചിരിക്കുന്നു. എഴുപതാണ്ടിന്റെ ബാക്കിപത്രം ചികഞ്ഞാല്‍ മുസ്‌ലിം ലീഗ് മതേതര ജനാധിപത്യ മണ്ഡലത്തില്‍ പുതിയ കൈവഴികള്‍ കണ്ടെത്താതെ നിര്‍വാഹമില്ല.
ശാഹിദ്
You must be logged in to post a comment Login