പണ്ടു പഠിപ്പിച്ച ചെറുതും വലുതുമായ എല്ലാ അധ്യാപകരോടും മനസില്‍ നിറയെ ബഹുമാനമാണ്. സ്കൂളില്‍ ഏറ്റവും ഭയപ്പെട്ടിരുന്ന അധ്യാപകനോടാണ് സ്കൂള്‍മുറ്റം വിട്ടത് തൊട്ട് ഏറ്റവും സ്നേഹം. വഴിയിലെവിടെവച്ചെങ്കിലും കണ്ടുമുട്ടുമ്പോള്‍ ഇന്നും ഏറെ ആദരവോടെതന്നെയായിരിക്കും അദ്ദേഹത്തെ സ്വീകരിക്കുന്നത്. അദ്ദേഹം വടിയെടുത്തതും കണ്ണുരുട്ടിയതും ശാസിച്ചതും ഉപദേശിച്ചതും ഞങ്ങളുടെ നന്മക്കായിരുന്നു എന്ന തിരിച്ചറിവാണ് അതിനാധാരമായത്.
പത്താം ക്ലാസിലെ അവസാനത്തെ പരീക്ഷയും കഴിഞ്ഞ് സകൂള്‍ മുറ്റം വിടുമ്പോള്‍ ‘എന്താടാ… പരീക്ഷയെല്ലാം നല്ലവണ്ണം എഴുതിയില്ലേ’ന്ന് അല്പം തമിഴ് കലര്‍ന്ന മലയാളത്തില്‍ രാജേന്ദ്രന് മാഷുടെ അവസാനത്തെ ചോദ്യവും ഗൗരവത്തില്‍ തന്നെയായിരുന്നു. എങ്കിലും അതിലെ സ്നേഹത്തിന്റെ നനവ് തിരിച്ചറിയാമായിരുന്നു. അതുകൊണ്ടു കൂടിയാണ് ഓര്‍മയുടെ ചെപ്പില്‍ ഞാനത് കൊണ്ടു നടക്കുന്നത്. ആദര ബഹുമാനങ്ങളോടെ ആ കയ്യൊന്ന് പിടിക്കണമെന്ന മോഹം ഇന്നും മനസിലുണ്ട്.
വിദ്യാലയ മുറ്റത്ത് നിന്ന് അവസാനത്തെ ദിവസം പിരിഞ്ഞത് പത്തുവര്‍ഷം പഠിപ്പിച്ച അധ്യാപകര്‍ക്കും പഠിച്ച സ്ഥാപനത്തിനും ആഘോഷിച്ചു തീര്‍ത്ത സൗഹൃദത്തിനും തിരിച്ചു കൊടുക്കാന്‍ എന്തുണ്ട് എന്ന വേദനയോടെയായിരുന്നു. ആ കടപ്പാടുകളില്‍ നിന്നു കൂടിയാണ് സമൂഹത്തോടുള്ള ബാധ്യതകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.
ഇപ്പോഴിതോര്‍ത്തത്; നാളെ മാര്‍ച്ച് 24 ആണ്, സ്കൂളിലേക്ക് ബൈക്ക് എടുക്കേണ്ട എന്ന രണ്ട് അധ്യാപക സുഹൃത്തുക്കളുടെ സംസാരം കേട്ടപ്പോഴാണ്. അവസാനത്തെ ബെല്ലിനെ ഭയപ്പാടോടെയാണ് ഓരോ അധ്യാപകനും വീക്ഷിക്കുന്നത്. അധ്യാപകരുടെ മനസില്‍ ഒരപായ മണിയാണത്. എല്ലാ സ്കൂള്‍ കവാടത്തിലും പോലീസ് വണ്ടി സന്നാഹങ്ങളോടെ കാവലിരിക്കുകയാണ്. സ്കൂള്‍ പരിസരത്തെ നാട്ടുകാര്‍ അസ്വസ്ഥരാണ്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആകുലചിത്തരായി സ്കൂള്‍ മുറ്റത്ത് കാത്തിരിക്കുകയാണ്. അവസാനത്തെ ബെല്ല് മുഴങ്ങുമ്പോള്‍ ഇവരുടെ ഹൃദയമിടിപ്പിനും വേഗം കൂടുകയായി.
പത്തുവര്‍ഷം ഇവര്‍ ജയിലിലായിരുന്നു, ഇന്ന് അവര്‍ ജയില്‍ജീവിതം കഴിഞ്ഞ് പുറത്തിറങ്ങുകയാണെന്നു തോന്നും പ്രകടനം കണ്ടാല്‍. എല്ലാവരും അവരെ ഭയക്കുകയാണ്. സ്കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ട അധ്യാപകന്റെ ബൈക്ക് അവര്‍ മറിച്ചിടും. ടയറിന്റെ കാറ്റഴിച്ചു വിടും, യൂനിഫോം കൂട്ടിയിട്ട് കത്തിക്കും, ആണ് പെണ് ഭേദമന്യേ ബലമായി പിടിച്ചുവെച്ച് വസ്ത്രത്തിലും ശരീരത്തിലും ചായം തേക്കും. കൂട്ടമായവര്‍ ഉന്മാദനൃത്തം ചവിട്ടും, അതിനിടയില്‍ ഒരധ്യാപകനെ കിട്ടിയാല്‍ അസഭ്യവര്‍ഷം കൊണ്ടവര്‍ കശക്കിയെറിയും, സ്കൂളിന് നേരെ കല്ലെറിയും. തങ്ങളെ പഠിപ്പിച്ച സ്ഥാപനത്തോടും ഗുരുനാഥന്മാരോടും സമൂഹത്തോട് തന്നെയും വെറുപ്പാണവര്‍ക്ക്. തല്ലിയോടിക്കാന്‍ ജാഗ്രതയോടെ പോലീസ് കാവലിരുന്നില്ലെങ്കില്‍ ഈ കുട്ടിക്രിമിനലുകള്‍ അവരുടെ തെരുവ് രംഗപ്രവേശം വിളംബരം ചെയ്ത് പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കും.
ഇവരോടീ അധ്യാപകരും പാഠപുസ്തകങ്ങളും അതിനുമാത്രം ക്രൂരത ചെയ്തോ? നന്നായി പഠിക്കണം, സമയത്തിന് ക്ലാസിലെത്തണം, ലഹരി മരുന്നുകള്‍ ഉപയോഗിക്കരുത്, പ്രണയത്തിന്റെ മറവില്‍ നിങ്ങളുടെ വിലപ്പെട്ടത് ഊറ്റിയെടുത്ത് മാംസമാര്‍ക്കറ്റില്‍ വലിച്ചെറിയുന്നവരെ സൂക്ഷിക്കണം എന്നെല്ലാം പറഞ്ഞതാണോ അധ്യാപകര്‍ ചെയ്ത ക്രൂരത. അതൊക്കെ സ്വന്തം മക്കളായിക്കരുതിയതിന്റെ പേരിലല്ലേ? ഒരധ്യാപകന്റെയെങ്കിലും ശാസനയോ കണ്ണുരുട്ടലോ അനുഭവിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആരെങ്കിലും കഴിഞ്ഞുപോയിട്ടുണ്ടോ? അതിന്റെ പേരില്‍ ആര്‍ക്കാണ്, എന്താണ് നഷ്ടമായത്? നമ്മുടെ ജീവിതത്തിലെ ടേണിംഗ് പോയന്റുകളായിരുന്നില്ലേ ആ ശാസനകളില്‍ പലതും.
കുട്ടികള്‍ പിഴച്ചു പോയാല്‍ അധ്യാപകര്‍ക്ക് എന്താണ് നഷ്ടം? അവന്/അവള് നന്നായതിന്റെ പേരില്‍ ഒരധ്യാപകനും ഒരു പാരിതോഷികവും ലഭിക്കാറില്ല. പിന്നെന്തിനാണിവര്‍ ഈ പൊല്ലാപ്പ് എടുത്തണിയുന്നത്. പാഠപുസ്തകങ്ങളിലൂടെ ഓടിപ്പോവുകയും എല്ലാ മാസവും ശമ്പളം എണ്ണി വാങ്ങുകയും ചെയ്തുതീര്‍ക്കേണ്ടതാണ് അധ്യാപകധര്‍മം എന്ന കാഴ്ചപ്പാടിലേക്ക് നമ്മള് മാറുന്നുണ്ടെങ്കില്‍ നമ്മള് ഒടുക്കേണ്ട വില എത്രയെങ്കിലുമായിരിക്കും!
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെ കുറിച്ചാണിപ്പോള് ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്. ഉടുതുണി അഴിച്ചാടുന്നതും സ്വാതന്ത്ര്യമാണ്. സഹപാഠിയെ കെട്ടിയിട്ട് വസ്ത്രം അഴിച്ചുമാറ്റി അവന്റെ ശരീരത്തില്‍ വൈറ്റ് സിമെന്റ് മെഴുകിയാണ് അവന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഞങ്ങള്‍ക്കെന്താ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യമില്ലേ എന്നാണ് അവര്‍ നിഷ്കളങ്കമായി ചോദിക്കുന്നത്. ഹൈസ്കൂള്‍ മുറ്റത്ത് നിന്ന് തുടങ്ങുന്ന ആഭാസകരമായ ആഘോഷങ്ങള്‍ ഒരു തുടക്കമാണ്. കലാലയ മുറ്റത്തെ ഇടിമുറികളും രാക്ഷസവണ്ടികളുമായി ഇതു നാളെ വികസിക്കും. കാലനും ചെകുത്താനുമായി ഇവര്‍ കാമ്പസുകളില്‍ ഗാങ്ങുകള്‍ രൂപീകരിക്കും. ആഘോഷിച്ചുതീര്ക്കാന് പണം തേടി മാഫിയക്കണ്ണികളിലിവര് അഭയം തേടും. ഒടുവില്‍ മുന്തിയ ക്രിമിനലുകളായി പരിണമിക്കും.
എന്തു പറ്റി നമ്മുടെ കുട്ടികള്‍ക്ക്? ഇവരാണല്ലോ നമ്മുടെ നാടിന്റെ ഭാവി. ആഘോഷങ്ങള്‍ കലാപമാക്കി മാറ്റാന്‍ ആരാണിവരെ പഠിപ്പിച്ചത്? പുതുതലമുറയുടെ ആഘോഷങ്ങളില്‍ ആഭാസം കലര്‍ത്തിയത് ആരാണ്? ഈ ചോദ്യം തെല്ലുറക്കെ ചോദിക്കാന്‍ സമയമായിരിക്കുന്നു.
എന്തും വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ഈ സാമൂഹ്യദുരന്തങ്ങളെ ആഘോഷമാക്കുകയാണ്. പ്രധാനപത്രങ്ങളുടെ ആദ്യപേജില്‍ തന്നെ ഇത്തരം ആഘോഷചിത്രങ്ങള്‍ ബഹുവര്‍ണത്തില്‍ അച്ചടിച്ചുവരുന്നു. ഇത് അടുത്തതവണ വാര്‍ത്ത സൃഷ്ടിക്കുന്നതിനും ആഘോഷം ബഹുജോറാക്കുന്നതിനും കുട്ടികള്‍ നേരത്തെ ഒരുക്കം കൂട്ടാന്‍ കാരണമാവുന്നുണ്ട്. കാമ്പസ് പ്രമേയ സിനിമകള്‍ ഈ സംസ്കാരം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പുതിയ സ്വാതന്ത്ര്യബോധം കുട്ടികളെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ശരിതെറ്റുകളെ വിവേചിച്ചറിയാന്‍ ശേഷിയില്ലാത്ത കാലത്ത് അവരെ പരിരക്ഷിച്ചിരുന്നത് സാമൂഹ്യസ്ഥാപനങ്ങളായിരുന്നു. രക്ഷിതാക്കള്‍, അധ്യാപകര്‍, കാരണവന്മാര്, കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയ സാമൂഹ്യസുരക്ഷാ സംവിധാനങ്ങളെ മുഴുവന്‍ സദാചാര പോലീസ്, സദാചാര ഗുണ്ട തുടങ്ങിയ ചെല്ലപ്പേരിലൂടെ അശ്ലീലവും അസഭ്യവുമാക്കി അടിച്ചുതകര്‍ത്തു കഴിഞ്ഞു.
ഉപദേശിക്കാന്‍ ഇവര്‍ക്കാര്‍ക്കും അവകാശമില്ലാതായി മാറിക്കഴിഞ്ഞു. കണ്ണുരുട്ടിപ്പേടിപ്പിച്ചാല് രക്ഷിതാവ് പോലും പീഡകനാവുന്ന നിയമങ്ങള്‍ കൂടിയായപ്പോള്‍ പൂര്‍ത്തിയായി.
സ്വയം തിരഞ്ഞെടുപ്പുകളിലൂടെ ഒരു കുട്ടി സുരക്ഷിതനായി വളരുകയും പക്വതയാര്‍ജിക്കുകയും അവനില്‍ സാമൂഹ്യബോധവും ധാര്‍മികചിന്തയും രൂപപ്പെടുകയും ചെയ്യും എന്ന് നമ്മള് ഇന്ന് കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പരിണിതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ലഹരി മാഫിയകള്‍ കൈവഴികള്‍ വെട്ടാത്ത ഒരു കാമ്പസ് പോലുമില്ല എന്നത് നമ്മളെ അസ്വസ്ഥപ്പെടുത്തുന്നേയില്ല. ലഹരി വേട്ടയ്ക്ക് കാമ്പസുകളില്‍ രൂപപ്പെടുത്തിയ തണല്‍ക്കൂട്ടങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് ഓരോ കാമ്പസ് മുറ്റങ്ങളും പറഞ്ഞുതരും. തന്റെ വിദ്യാര്‍ത്ഥി ലഹരി ഉപയോഗിക്കുന്നുവെന്നറിഞ്ഞ് ഉപദേശിക്കുന്ന അവസാനത്തെ അധ്യാപകന് മക്കളോടൊപ്പം ജീവിക്കാന്‍ താല്പര്യമില്ലേയെന്ന് ചോദിച്ചുള്ള അധോലോക ഫോണ്‍കോളുകള്‍ തന്നെ മതിയാവും വിദ്യാര്‍ത്ഥി സ്നേഹം അവസാനിപ്പിക്കാന്‍. കുട്ടികളെ ശാസിച്ചതിന്റെ പേരില്‍ നടപടി നേരിട്ട അധ്യാപകനെ കുറിച്ചുള്ള വാര്‍ത്ത മുഴുവന്‍ അധ്യാപകരെയുമാണ് സ്വന്തത്തിലേക്ക് ഉള്വലിയാള് പ്രേരിപ്പിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ തങ്ങള്‍ സ്വതന്ത്രരാവുകയല്ല ചെയ്യുന്നത്. പലതരം കുരുക്കുകളിലേക്ക് ആനയിക്കപ്പെടുകയാണെന്ന് തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കഴിയേണ്ടതുണ്ട്. ഈ വര്ണക്കൂട്ടുകളെല്ലാം പാഷാണക്കൂട്ടുകളാണ്. കുമിളകള്‍പോലെ അവ അല്പമാത്രയില് പൊട്ടിപ്പോവും. ഒടുവില്‍ ഈ ചതുരംഗക്കളിയില്‍ നിങ്ങള്‍ തോറ്റു പോവും. ഇത് തിരിച്ചറിയുന്ന ഒരു കൂട്ടം അധ്യാപകര്‍ നിങ്ങള്‍ ആര്‍ത്തുവിളിക്കുമ്പോഴും അപ്പുറത്തെ സ്റ്റാഫ് മുറിയിലിരുന്ന് നെഞ്ചു തടവി സങ്കടപ്പെടുന്നുണ്ട്. അത് കാണാതെ പോവരുത് നിങ്ങള്‍. നമ്മുടെ ശരീഫ് വലിയ ബിസിനസുകാരനാണിപ്പോള്, അഭിലാഷ് പോലീസിലുണ്ട്, നജീബിന് പി എസ് സി കിട്ടി എന്നൊക്കെ പറയുമ്പോള്‍ അവരുപയോഗിക്കുന്ന ‘നമ്മുടെ’യില്‍ നിന്ന് ആര്‍ക്കും വായിച്ചെടുക്കാനാവും അധ്യാപകന് നിങ്ങളോടുള്ള സ്നേഹം. അവസാനത്തെ ബെല്ലും മുഴങ്ങിക്കഴിയുമ്പോള്‍ ആ സ്റ്റാഫ് മുറിയിലേക്ക് നിങ്ങളൊന്ന് കയറിച്ചെല്ലുമോ, എന്നിട്ട് നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ കൈപിടിച്ച് ആ കൈ ഒന്ന് നെറുകയില്‍ വെച്ച് എന്നെ അനുഗ്രഹിക്കണം എന്ന് ഒന്ന് പറഞ്ഞു നോക്കുമോ. അപ്പോള്‍ കാണാം ആ ഹൃദയവിശാലത. ചില കാമ്പസുകളില്‍ നിന്നെങ്കിലും ആശ്വാസത്തിന്റെ ഇത്തരം ചില വാര്‍ത്തകള്‍ വായിക്കാനായി. ഈ സംസ്കാരത്തെ വ്യാപിപ്പിക്കാനാണ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളെങ്കിലും പരിശ്രമിക്കേണ്ടത്.
ധാര്മികബോധത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കാര്യബോധമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മാത്രമാണ് ഇനിയെന്തെങ്കിലും ചെയ്യാനാവുക. തിന്മകള്ക്കെതിരെ നിരന്തരം കലഹിച്ചു കൊണ്ട് നന്മയുടെ കൂട്ടായ്മകളിലൂടെ ഓരോ വിദ്യാര്‍ത്ഥിയിലും നീതിബോധവും ധാര്‍മികനിഷ്ഠയും രൂപപ്പെടുത്താനായാല്‍ അതായിരിക്കും ഏറ്റവും വലിയ ധര്‍മ സമരം. എസ് എസ് എഫ് കാമ്പസുകളില്‍ നടത്തിയ ലാസ്റ്റ് ബെല്‍ അത്തരത്തില്‍ സര്‍ഗാത്മകമായ ഒരിടപെടലാണ്.
എം അബ്ദുല്‍മജീദ്
You must be logged in to post a comment Login