ഈ തലക്കെട്ടുതന്നെ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നറിയാം. കുട്ടികള്‍ അധ്യാപകരെയല്ലാതെ അധ്യാപകര്‍ കുട്ടികളെ ബഹുമാനിക്കണോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അധ്യാപകരോട് ഒരു ബഹുമാനവുമില്ല. ബഹുമാനം എന്നത് ചോദിച്ചുവാങ്ങേണ്ടതോ പിടിച്ച് വാങ്ങേണ്ടതോ അല്ല. നമ്മോട് കുട്ടികള്‍ എങ്ങനെ പെരുമാറണം എന്നാണ് നാം ആഗ്രഹിക്കുന്നത്, അതുപോലെ നാം അവരോട് പെരുമാറണം. അങ്ങനെ പലരും പെരുമാറുന്നത് അവര്‍ കാണണം. ചില അനുഭവങ്ങള്‍ സൂചിപ്പിക്കാം.
പ്ലസ് ടു പഠിക്കുന്ന അമൃതയുടെ പിറന്നാളിന് സ്കൂളിലെ എല്ലാവര്ക്കും ലഡു വിതരണം ചെയ്യുന്നു. സ്റ്റാഫ് റൂമിലെത്തി എല്ലാ അധ്യാപകര്‍ക്കും ലഡു വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബാലകൃഷ്ണന് മാസ്റ്ററുടെ അടുത്തെത്തി. ലഡുവിന്റെ പാത്രം നീട്ടിപ്പിടിച്ച അമൃതയോട് ‘എന്തിനാ മോളേ എന്റെ ശരീരം ചീത്തയാക്കുന്നത്. അല്ലെങ്കില്‍ തന്നെ എന്റെ ശരീരത്തില്‍ പഞ്ചസാര കൂടുതലാണ്.’ അമൃത ഒരു ചിരി മാത്രം നല്കി അടുത്തിരിക്കുന്ന മനോഹരന് മാസ്റ്റര്‍ക്ക് ലഡു നല്കി ക്ലാസിലേക്ക് പോയി. അമൃത പോയതിനു ശേഷമാണ് ബാലകൃഷ്ണന് മാസ്റ്റര്‍ക്ക് വീണ്ടുവിചാരമുണ്ടായത്. താനെന്തിനാണ് അങ്ങനെ പറഞ്ഞത്? ആ ലഡു വാങ്ങി ഒരാശംസകൂടി പറഞ്ഞ് അയച്ചാല്‍ മതിയായിരുന്നല്ലോ. അദ്ദേഹം ഏറെ അസ്വസ്ഥനായി. ഉടനെതന്നെ ക്ലാസിലേക്ക് ചെന്നു. കുട്ടികളോടായി പറഞ്ഞു: ‘ഇന്ന് അമൃതയുടെ പിറന്നാളാണ്. നിങ്ങള്‍ക്കൊക്കെ ലഡു കിട്ടി. എല്ലാവരും ജന്മദിനാശംസകള് അറിയിച്ചിട്ടുണ്ടാകുമല്ലോ. എനിക്കൊരബദ്ധം പറ്റി. അമൃത ലഡുവുമായി എന്റെ അടുത്തുവന്നപ്പോള്‍ ഞാനത് വാങ്ങിയില്ല. എന്ന് മാത്രമല്ല നന്നായി സംസാരിക്കാനും കഴിഞ്ഞില്ല. അങ്ങനെ ചെയ്തത് ശരിയായില്ല എന്നുതോന്നി. നിങ്ങളുടെ എല്ലാവരുടെയും മുന്നില്‍വെച്ച് ഞാന്‍ അമൃതയോട് മാപ്പുചോദിക്കുന്നു.’ എന്നുപറഞ്ഞ് അമൃതയുടെ മുന്നില്‍ കൈകൂപ്പി നിന്ന ബാലകൃഷ്ണന് മാസ്റ്റര്‍ എത്രമാത്രം വലുതായി എന്നറിയുക.
കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിക്കേണ്ടത് ഓരോ അധ്യാപകന്റെയും കടമയാണ്. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ഒരു പരിശീലന പരിപാടിയില്‍ കൗമാരക്കാരുടെ പ്രകൃതത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കവെ ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു: ‘നിങ്ങള്‍ക്കിതൊക്കെ പറയാം. എന്റെ സ്ഥാപനത്തില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചുണ്ട്. പത്തുമിനുട്ട് അവരോടൊന്നു സംസാരിക്കണം. അപ്പോഴറിയാം നിങ്ങള്‍ പറയുന്ന സിദ്ധാന്തങ്ങളും ഞങ്ങളനുഭവിക്കുന്ന പ്രായോഗികതയും തമ്മിലുള്ള അകലം.’ ശരിക്കും ഒരു വെല്ലുവിളി പോലെയായിരുന്നു അദ്ദേഹം ഇതവതരിപ്പിച്ചത്. പലരും അത് ശരിവെച്ചു എന്നും തോന്നി. ആ കുട്ടികള്‍ അങ്ങനെ പെരുമാറുന്നതിന്റെ പിന്നില്‍ എന്തോ കാരണമുണ്ടെന്നും അതുകണ്ടെത്തുന്നതാണ് നമ്മുടെ മിടുക്ക് എന്നും ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് തൃപ്തി വന്നില്ല. എന്തായാലും ഞാന്‍ ഒരുദിവസം വരുന്നു; അങ്ങനെയുള്ള കുട്ടികളെയും പരിചയപ്പെടണമല്ലോ എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. കുറച്ചുദിവസത്തിനുശേഷം ഞാന്‍ ആ വിദ്യാലയത്തിലെത്തി. എന്നെ ക്ലാസിലേക്ക് കൊണ്ടുപോകാന്‍ ചെറിയ പ്രയാസം പ്രിന്സിപ്പലിനുണ്ടായിരുന്നു. കുട്ടികള്‍ മോശമായി പെരുമാറിയാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. എന്നെ അതില്‍നിന്ന് നിരുത്സാഹപ്പെടുത്താന്‍ ദൂരെനിന്ന് ആ ക്ലാസിലെ കുട്ടികളെ പരിചയപ്പെടുത്തിത്തന്നു. കൈക്ക് പ്ലാസ്റ്ററിട്ട ഒരു കുട്ടിയില്‍നിന്നാണ് അദ്ദേഹം തുടങ്ങിയത്. സ്ത്രീകള്‍ കുളിക്കുമ്പോള്‍ ഒളിഞ്ഞുനോക്കിയിട്ട് ആള്ക്കാര് പിടിച്ച് തല്ലിപ്പൊട്ടിച്ചതാണത്രെ അത്. ഇങ്ങനെ പലതരത്തിലുള്ള കുട്ടികളെയാണ് അദ്ദേഹം കാണിച്ചുതന്നത്. ഇങ്ങനെയുള്ള കുട്ടികളെയാണ് ഞങ്ങള്‍ ദിവസവും മേച്ചുനടക്കുന്നത്. ഇവരോട് നിങ്ങളുടെ മനഃശാസ്ത്രമൊന്നും ഫലിക്കില്ല എന്നു ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഞാനതൊന്നും ഉള്ളിലേക്കെടുക്കാതെ വെറുതെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇതൊക്കെ കഴിഞ്ഞ് എന്നോട് വീണ്ടുമൊരു ചോദ്യം: ‘എന്താ ക്ലാസിലേക്ക് പോകുന്നുണ്ടോ?’ ഞാനെന്നിട്ടും ആ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഒടുവില്‍ മനമില്ലാ മനസോടെ എന്നെ ആ ക്ലാസിലേക്ക് നയിച്ചു. കുട്ടികള്‍ക്ക് എന്നെ പരിചയപ്പെടുത്തിയതിനുശേഷം അദ്ദേഹത്തോട് പൊയ്ക്കോളാന്‍ പറഞ്ഞു. ഞാന്‍ സംസാരിച്ചുതുടങ്ങി. പത്തുമിനിട്ട് സംസാരിക്കാനായിരുന്നു വെല്ലുവിളി. ഒന്നര മണിക്കൂര്‍ സംസാരിച്ചതിനു ശേഷം ഒരു കുട്ടിയെവിട്ട് പ്രിന്‍സിപ്പലിനോട് വരാന്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ചില അധ്യാപകരും ഉണ്ടായിരുന്നു. ഞാന്‍ കുട്ടികളോട് പറഞ്ഞു: ‘പ്രിയപ്പെട്ട കുട്ടികളെ, ഏകദേശം ഒന്നര മണിക്കൂറായി ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയിട്ട്. ഇത്രയും സമയം നിങ്ങള്‍ക്ക് എന്ത് ബോധ്യപ്പെട്ടു? ക്ലാസിനെക്കുറിച്ച് നിങ്ങളുടെ അനുഭവമെന്തായിരുന്നു? എനിക്കറിയണം. പ്രിന്സിപ്പലിനറിയണം, മറ്റധ്യാപകര്ക്കറിയണം. ആരെങ്കിലും വന്ന് ക്ലാസിനെക്കുറിച്ച് സംസാരിക്കണം.’ ഇതുപറയേണ്ട താമസം ആദ്യം എഴുന്നേറ്റത് നമ്മുടെ ‘കുളിമുറി’യായിരുന്നു. യാതൊരു സഭാകമ്പവുമില്ലാതെ അവന് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ദിവസവും ഞങ്ങള്‍ കേള്‍ക്കുന്ന ഒരു ചൊല്ലുണ്ട്. പോത്തിനോട് വേദമോതിയതുകൊണ്ട് ഒരു കാര്യവുമില്ല. നീയൊന്നും ഒരുകാലത്തും നന്നാകില്ല. ഈ ഒന്നരമണിക്കൂറില്‍ ഞങ്ങള്‍ക്ക് ബോധ്യമായ ഒരു കാര്യമുണ്ട്. ഓതുന്നോന് നന്നായാല്‍ ഏത് പോത്തും നന്നാകും.’ വലിയൊരു ആശയമാണ് ആ കുട്ടി എന്റെയും മറ്റധ്യാപകരുടെയും മുന്നിലിട്ടത്. ആയിടെയായിരുന്നു എന്റെ ‘കൗമാരം; അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍’ എന്ന പുസ്തകം കോഴിക്കോട്ടെ ഒരു പ്രസാധകര് പ്രസിദ്ധീകരിക്കാന്‍ തയാറായത്. ആ പുസ്തകം സമര്‍പ്പിച്ചത് ‘ഓതുന്നോന് നന്നായാല്‍ ഏത് പോത്തും നന്നാകും’ എന്നെന്നെ പഠിപ്പിച്ച ആ കുട്ടിക്കായിരുന്നു. അവനല്ലാതെ മറ്റാര്‍ക്കാണ് ആ പുസ്തകം സമര്‍പ്പിക്കേണ്ടത്?
എല്ലാ കുട്ടികളും വരിയായിനിന്ന് ഉച്ചഭക്ഷണം വാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അല്പമകലെ മാറിനില്‍ക്കുന്ന രണ്ടാംക്ലാസുകാരി സാനിയ ബീനട്ടീച്ചറുടെ ശ്രദ്ധയില്‍ പെട്ടു. ഭക്ഷണം വാങ്ങാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് പാത്രമില്ലാത്തതാണെന്നു മനസ്സിലായത്. ഓഫീസ് മുറിയില്‍ പോയി ഒരു പാത്രമെടുക്കാന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ സാനിയ ഓടിച്ചെന്ന് പാത്രവുമായി വന്ന് ഭക്ഷണം വാങ്ങി ഒരിടത്തിരുന്ന് തിന്നാന്‍ ആരംഭിക്കുമ്പോഴായിരുന്നു ബാലന് മാസ്റ്ററുടെ അലര്‍ച്ച കേട്ടത്. ‘ആരാണ് എന്റെ പാത്രമെടുത്തത്?’ ബാലന് മാസ്റ്റര്‍ ഭക്ഷണം കഴിക്കുന്ന പാത്രമായിരുന്നു അത്. അത് സാനിയക്കറിയില്ലല്ലോ. ഏതോ ഒരു കുട്ടിയാണ് അത് സാനിയ എടുത്തു എന്നു പറഞ്ഞത്. അതുകേള്‍ക്കേണ്ട താമസം. അവളുടെ അടുത്ത് ഓടിയെത്തി അത് ഉടന്‍ കഴുകിക്കൊണ്ടുവരാന് ആവശ്യപ്പെട്ടു. പേടിച്ചുവിറച്ച സാനിയ ഭക്ഷണം കളഞ്ഞ് പാത്രം കഴുകി അദ്ദേഹത്തിനു കൊണ്ടുപോയി കൊടുത്തു. കുട്ടി അപ്പോഴും പേടിച്ചുവിറക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ അവസ്ഥ കണ്ട് ടീച്ചറുടെ കണ്ണുനിറഞ്ഞു. ഉടന്അകത്തുപോയി മറ്റൊരു പാത്രമെടുത്ത് കൊടുത്തെങ്കിലും അവളതു വാങ്ങിയില്ല.
മുകളില്‍ സൂചിപ്പിച്ച സംഭവങ്ങളില്‍നിന്ന് അധ്യാപകര്‍ എന്താണ് തിരിച്ചറിയേണ്ടത്? നല്ല ബന്ധം അന്യോന്യം നിലനിര്‍ത്തുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരിക്കലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയില്ല. സ്നേഹവും ബഹുമാനവുമാണ് ഏത് ബന്ധത്തെയും ദൃഢീകരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടിയല്ല മാറേണ്ടത്. അധ്യാപകനാണ്.
ഡോ. ശശികുമാര്‍ പുറമേരി
You must be logged in to post a comment Login