വായനക്കാരുടെ വീക്ഷണം

വിശ്വമലയാള മഹോത്സവം സര്‍ക്കാര്‍ വിലാസത്തില്‍ അനന്തപുരിയിലരങ്ങേറി. ആദരണീയ രാഷ്ട്രപതി ഉദ്ഘാടകനായെത്തി. സര്‍ക്കാര്‍ മന്ദിരങ്ങളുടെ പേരുകള്‍ മലയാളീകരിച്ചിട്ടു മതിയായിരുന്നു ഈ കൊണ്ടാടലെന്ന് ഭാഷാ സ്നേഹികള്‍ പറഞ്ഞത് സര്‍ക്കാര്‍ കേട്ടില്ലെന്നു വച്ചു. അല്ലേലും ആംഗലേയമില്ലാതെ നമുക്കെന്താഘോഷം?

മുഹമ്മദ് ഹസന്‍, ഫറോക്ക്

മാധ്യമങ്ങള്‍    നിര്‍വഹിക്കേണ്ടത്

         ലോകപ്രശസ്ത സാഹിത്യകാരന്‍ എ ജെ ക്രോണിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് ‘ദി നോര്‍തേണ്‍ ലൈറ്റ്’. ഹെന്റി പേജ് എന്ന പത്രപ്രവര്‍ത്തകനാണ് കേന്ദ്രകഥാപാത്രം. ‘ദിനോര്‍തേണ്‍ ലൈറ്റ്’ എന്ന ജനകീയ പത്രത്തിന്റെ പത്രാധിപരാണ് ഹെന്റിപേജ്. മാധ്യമ ധര്‍മങ്ങളിലും സദാചാര വീക്ഷണങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ പത്രപ്രവര്‍ത്തനം നിര്‍വഹിക്കുന്നത് മൂലം കുത്തക മാധ്യമങ്ങളുടെയും കോര്‍പറേറ്റുകളുടെയും നോട്ടപ്പുള്ളിയാവുകയാണ് ഹെന്റിപേജ്. പ്രലോഭനങ്ങള്‍ കൊണ്ടോ ഭീഷണികള്‍ കൊണ്ടോ അയാളെ വരുതിയിലാക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ മാധ്യമമുതലാളിമാര്‍ പിന്നീട് ലക്ഷ്യം വെക്കുന്നത് അയാളുടെ കുടുംബത്തെയാണ്. ഹെന്റിപേജിന് തന്റെ മകനും മകളും നഷ്ടമാവുന്നു. എന്നിട്ടും സമചിത്തത കൈവിടാതെ പത്രധര്‍മം നെഞ്ചേറ്റുന്ന അദ്ദേഹത്തിന്റെ നെഞ്ചുറപ്പ് നമ്മുടെ നെഞ്ചിലും ശക്തമായ കോളിളക്കങ്ങള്‍ സൃഷ്ടിക്കും; തീര്‍ച്ച.

ഈ കഥാപാത്രത്തെ ഓര്‍ത്തുപോയത് രിസാല 1000 ലക്കത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ അഭിമുഖം (ശല്യക്കാരായ മാധ്യമപ്രവര്‍ത്തകര്‍ എവിടെപ്പോയി) വായിച്ചപ്പോഴാണ്. ശബ്ദമില്ലാത്തവന്റെ ശബ്ദമാവേണ്ട മാധ്യമങ്ങള്‍ ഇന്ന് വരേണ്യവര്‍ഗത്തിന്റെയും എല്ലാ തരത്തിലുള്ള ലോബിയിസ്റുകളുടെയും ഉച്ചഭാഷിണിയാണ്. നിക്ഷേപകരുടെയും പരസ്യദാതാക്കളുടെയും താല്‍പര്യങ്ങള്‍ക്കൊത്തുള്ള തുള്ളല്‍ മാത്രമായിരിക്കുന്നു മാധ്യമ ധര്‍മം. ഇത്രയധികം ലജ്ജാവഹവും ബീഭത്സവുമായ ഒരു മാധ്യമചുറ്റുപാടിലാണ്, വിദൂരമായ ഏതോ തീരങ്ങളില്‍ നിന്ന് ആകസ്മികമായി തെളിയുന്ന പ്രകാശധാരകള്‍ പോലെ, ധര്‍മ്മനിഷ്ഠയുള്ള ചില പത്രപ്രവര്‍ത്തകരുടെയെങ്കിലും ദൌത്യം മറക്കാത്ത നിലപാടുകള്‍ സന്തോഷവും പ്രതീക്ഷയും നല്‍കുന്നത്. ‘തെഹല്‍ക’യുടെ എഡിറ്ററായ ആശിഷ് ഖേതനില്‍ അത്തരമൊരു ശല്യക്കാരനായ മാധ്യമപ്രവര്‍ത്തകനെ കാണാന്‍ കഴിയും. ആശിഷ് ഖേതന്റെ അതിസാഹസികമായ സ്റിങ് ഓപ്പറേഷനാണ് ഗുജറാത്ത് സര്‍ക്കാറും പോലീസും ചേര്‍ന്ന് അട്ടിമറിച്ച നരോദപാട്യ കൂട്ടക്കൊലയുടെ പുനരന്വേഷണത്തിനും തുടര്‍ന്നുണ്ടായ കോടതിവിധിക്കും വഴിതെളിയിച്ചത്. 97 പേര്‍ നരഹത്യക്ക് വിധേയമായ ആ സംഭവത്തിന്റെ ആസൂത്രകര്‍ക്ക് അവസാനം അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാനും അതുവഴി സാധിച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ജോലിയുടെ ഭാഗമായി കണ്ടെത്തിയ സത്യങ്ങള്‍ വിശ്വാസയോഗ്യമായ തെളിവുകളായി കോടതി സ്വീകരിച്ചുവെന്നത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു.

മാധ്യമങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാംസ്കാരിക അപഭ്രംശങ്ങളും മൂല്യച്യുതികളും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബോധത്തെ ഉണര്‍ത്തുന്നതിനെക്കാള്‍ അതിനെ മയക്കിക്കിടത്തുന്നതിലാണ് മാധ്യമങ്ങള്‍ക്ക് കമ്പം. താരോത്സവങ്ങളും അവാര്‍ഡ് നിശകളും സെലിബ്രിറ്റിഷോകളും ആഘോഷപൂര്‍വ്വം പ്രക്ഷേപണം ചെയ്യുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. നമ്മുടെ ഭാവനകള്‍ക്കു പോലും വിലക്ക് വീണിരിക്കുന്നു. സ്വന്തമായ അഭിരുചികളോ താല്‍പര്യങ്ങളോ ഇല്ലാത്ത, മറ്റാരോ വിളമ്പിത്തരുന്നത് സ്വീകരിക്കുന്ന ഒരു തരം ‘വിപണിമനുഷ്യരെ’ സൃഷ്ടിക്കലായിരിക്കുന്നു മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന ഏറ്റവും വലിയ ദൌത്യം. ടെലിവിഷന്‍ ചാനലുകള്‍ ഒരുനാടിന്റെ തനിമയാര്‍ന്ന ഭാഷയില്‍ പോലും നടത്തുന്ന കൈകടത്തലുകള്‍ ശശികുമാര്‍ വ്യക്തമാക്കിയിരുന്നു. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ജറിമാന്‍ഡറുടെ, മാധ്യമലോകം ഏറെ ചര്‍ച്ച ചെയ്ത  Four Arguements for the Elimination of Television എന്ന ഗ്രന്ഥം ഒരു സമൂഹത്തില്‍ സാംസ്കാരിധിനിവേശത്തിന്റെ വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ എങ്ങനെയെല്ലാമാണ് ടെലിവിഷന്‍ ഒരുക്കിവെക്കുന്നതെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. അറിവിന്റെ അന്യവത്കരണവും അനുഭവത്തിന്റെ കോളനിവത്കരണവുമെല്ലാം പ്രസ്തുത ഗ്രന്ഥം പ്രശ്നവത്കരിക്കുന്നു. ടെലിവിഷന്‍ സ്ഥിരമായി കാണുന്നവര്‍ക്ക് സ്കിസോഫ്രീനിയയുടെ തലത്തിലേക്കുയര്‍ന്ന, യാഥാര്‍ത്ഥ്യവും ഭാവനയും വേര്‍തിരിച്ചറിയാനാവാത്ത ഒരവസ്ഥ വരെ ഉണ്ടാവാമത്രെ. ഇങ്ങനെ ധൈഷണികമായും മാനസികമായും ഷണ്ഡീകരിക്കപ്പെട്ട ഒരു തലമുറയെ തന്നെയല്ലേ നവസാമ്രാജ്യത്വ ശക്തികള്‍ ആഗ്രഹിക്കുന്നതും?

ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ റോബര്‍ട്ടോ സാവിയാനോ ഏത് നിമിഷവും തന്റെ ജീവന്‍ അപഹരിച്ചേക്കാവുന്ന ആയുധങ്ങളെ ഭയന്നുള്ള നെട്ടോട്ടത്തിലാണ്. ഒരു പുസ്തകമാണ് പ്രശ്നം; ‘ഗൊമോറ’. ഇറ്റാലിയന്‍ മാഫിയാ സംഘം ‘കമോറ’യുടെ രക്തരൂക്ഷിത ചരിത്രത്തെയും കണ്ണില്‍ ചോരയില്ലായ്മയെയും ആന്തരിക ഘടനയെയും കുറിച്ച് ‘ഗൊമോറ’യില്‍ സാവിയാനോ തുറന്നെഴുതി. കര്‍ട്ടനു പിറകിലിരുന്ന് നരഹത്യക്ക് കല്‍പന പുറപ്പെടുവിക്കുന്നവരും അവരുടെ അരികു പറ്റി പൊറുതി തേടുന്ന രാഷ്ട്രീയക്കാരും ‘ഗൊമോറ’യിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തി. ‘കമോറ’സാവിയാനോക്ക് വധശിക്ഷ വിധിച്ചു. ഇന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കുള്ളതിനെക്കാള്‍ കൂടിയ സുരക്ഷയാണ് ഈ പത്രപ്രവര്‍ത്തകനുള്ളത്. ഒരു ഹോട്ടലില്‍ ഒന്നിലധികം ദിവസം താമസിക്കാന്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിക്കില്ലത്രെ. ഈയൊരു പത്രപ്രവര്‍ത്തകന്റെ ധീരമായ സമരാത്മകതയും നമ്മുടെ മാധ്യമങ്ങളുടെ പൈങ്കിളി വൈദഗ്ധ്യവും എവിടെക്കിടക്കുന്നു!

അവസാനമായി ആശിഷ് ഖേതന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ : “ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ധര്‍മം. തോല്‍പിക്കപ്പെട്ടവന്റെ ശബ്ദം, കുടിയിറക്കപ്പെട്ടവന്റെ ശബ്ദം, അധികാരമില്ലാത്തവന്റെ ശബ്ദം.” ഈ ശബ്ദമാവാന്‍ കഴിഞ്ഞുവെന്നതാണ് രിസാലയെ വ്യതിരിക്തമാക്കി നിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്.

സ്വലാഹുദ്ദീന്‍ വല്ലപ്പുഴ, 
ഹസനിയ്യ പാലക്കാട്

ഈ കുളിമുറിയില്‍
എല്ലാവരും നഗ്നരാണ്

കഴിഞ്ഞ വര്‍ഷം അണ്ണാഹസാരെ നടത്തിയ ലോക്പാല്‍ ബില്‍ പാസാക്കുന്നതിനു വേണ്ടിയുള്ള സമരത്തിനു ശേഷം യുപിഎ ഗവണ്‍മെന്റിലെ പതിനഞ്ചിലധികം എംപിമാര്‍ നടത്തിയതടക്കം രാജ്യത്തെ പകല്‍മാന്യ•ാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ടുവന്ന് അരവിന്ദ് കെജ്രിവാള്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിന് അലോസരം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

2005ല്‍ നടപ്പിലാക്കിയ വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ് കെജ്രിവാള്‍ ഞെട്ടിക്കുന്ന അഴിമതികള്‍ പുറത്ത് കൊണ്ടുവരുന്നത്.

നിയമമന്ത്രി സല്‍മാന്‍ഖുര്‍ഷിദും ഭാര്യയും നടത്തിയ സക്കീര്‍ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റിന്റെ പേരിലുള്ള അഴിമതിയും സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേര നടത്തിയ ഭൂമി ഇടപാടിലെ അഴിമതിയും ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി കര്‍ഷകരുടെ ഭൂമിയുപയോഗിച്ച് നടത്തിയ അഴിമതിയുമെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുതാര്യതക്ക് കോട്ടം തട്ടിക്കുന്നതാണ്.

ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്നാണ് ഇത് വിളിച്ചു പറയുന്നത്. എഴുപത്തഞ്ച് ലക്ഷത്തിന്റെ അഴിമതിയുടെ പേരില്‍ ഖുര്‍ഷിദ് രാജിവെക്കേണ്ടതില്ലെന്നാണ് മറ്റൊരു നേതാവ് പറഞ്ഞതെങ്കില്‍ ആരോപണ വിധേയന് മന്ത്രിസഭയില്‍ സ്ഥാനക്കയറ്റം നല്‍കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തത്.

സാധാരണക്കാരന്റെ ജീവിതം നരക സമാനമാക്കുന്നതില്‍ ആര്‍ക്കും മനസ്താപമില്ല. പകരം കിട്ടാവുന്നതെല്ലാം കയ്യിലാക്കാനുള്ള ആര്‍ത്തിയാണവര്‍ക്ക്. രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്ന രാഷ്ട്രീയ പ്രമുഖരെ വെറുതെ വിടാന്‍ പറ്റുമോ? പൊതുജനങ്ങള്‍ രാഷ്ട്രീയ വിദ്യാഭ്യാസം നേടുകയും പൊതു സ്ഥാപനങ്ങളിലെ വിവരങ്ങള്‍ എല്ലാ പൌര•ാര്‍ക്കും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു നടപ്പിലാക്കിയ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി, രാജ്യത്തെ സേവനങ്ങളുടെയും പദ്ധതികളുടെയും നിര്‍വഹണത്തിലെ കൃത്യത പരിശോധിക്കുകയും വേണം. ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യത്തിന്റെമേല്‍ കറപുരണ്ട കൈകള്‍ ഇനിയും പതിച്ചു കൊണ്ടേയിരിക്കും.

അന്‍വര്‍, കുനിയില്‍, അരീക്കോട്.

സംസ്ഥാനത്ത് പാന്‍മസാല നിരോധം നിലവില്‍ വന്നിട്ട് മാസങ്ങളായി. പ്രതീക്ഷയോടെയാണ് പ്രസ്തുത തീരുമാനം നാം കേട്ടത്. എല്ലാം വെറുതെയായി. ഒളിഞ്ഞും തെളിഞ്ഞും വില്‍പന തകൃതിയാണിപ്പോഴും. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പൊറാട്ടു നാടകമായിരുന്നോ ഈ നിരോധനം? സ്വന്തം തീരുമാനം നടപ്പാക്കിക്കാണിക്കാന്‍ നട്ടെല്ലുറപ്പില്ലേ സര്‍ക്കാറിന്?
എ പി എ സാബിത്, കോട്ടപ്പുറം.
കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുഖം മിനുങ്ങിയാല്‍ നയം മാറുമെന്നു തോന്നുന്നില്ല. പുതിയ മന്ത്രിമാര്‍ വരുന്നതോടെയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല. ‘കാട്ടിലെ തടി, തേവരുടെ ആന, വലിയോ വലി’. അതിലപ്പുറമെന്ത്?
സക്കീര്‍ ഹുസൈന്‍ ഒ, കോതമംഗലം

 

ഫെമിനിസത്തിന്റെ വേലിചാട്ടങ്ങള്‍
പുരുഷ അധീശത്വം ചെറുക്കാനും പ്രതിരോധിക്കാനുമുള്ള ഏറ്റവും ശക്തമായ ആയുധം സ്ത്രീ ശരീരമാണെന്ന് വാദിച്ചാണ് ചിലയിടങ്ങളില്‍ ഫെമിനിസ്റുകള്‍ രംഗത്തു വന്നിരിക്കുന്നത്്. ആരോട് വേണമെങ്കിലും സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ലാതെ ലൈംഗിക ബന്ധമാവാം എന്നാണിവര്‍ പറയുന്നത്. സ്ത്രീകള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതിനു പക്ഷേ, സ്വതന്ത്ര ലൈംഗികത പ്രതിവിധിയല്ല.

സമൂഹത്തിലെ സ്ത്രീ പ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുകയും അവയ്ക്ക് മതിയായ പരിഹാരം കണ്ടെത്തുകയുമാണ് അഭികാമ്യം. സ്ത്രീയുടെ പ്രകൃതിപരമായ ലൈംഗിക ധര്‍മത്തെ നിരാകരിക്കുന്നതിലൂടെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യാമെന്ന ചിന്ത അതിരുകടന്നതാണ്. സ്വതന്ത്ര ലൈംഗികത അരാജകത്വത്തിലേക്കുള്ള ചവിട്ടുപടിയാണ്. സ്ത്രീവിമോചനം സാധ്യമാക്കേണ്ടത് ഇങ്ങനെയല്ല; സ്ത്രീത്വത്തെ മാനിച്ചും അവരുടെ പരിമിതികളെ ഉള്‍കൊണ്ടുമാണ്. ഈ യാഥാര്‍ത്ഥ്യം മറന്നുകൊണ്ടാണ് മിക്ക ഫെമിനിസ്റ് പ്രസ്ഥാനങ്ങളും പുരുഷനുമേല്‍ കുതിര കയറുന്നത്. പുരുഷ കേന്ദ്രീകൃത വ്യവസ്ഥ തകര്‍ക്കണമെന്നും അതിനായി കുടുംബത്തിന്റെ മതിലുകള്‍ ഭേദിക്കണമെന്നും പ്രസംഗിക്കാനെളുപ്പമാണ്. അതുല്‍പാദിപ്പിക്കുന്ന അങ്ങേയറ്റം അശ്ളീലമായൊരു സാമൂഹ്യക്രമത്തെക്കുറിച്ച് ഇക്കൂട്ടര്‍ മൌനം പാലിക്കുന്നതെന്താണ്?

മുഹമ്മദ് ശാക്കിര്‍ അയിരൂര്‍, 
മഅ്ദിന്‍ ദഅ്വ പെരുമ്പറമ്പ്

ചങ്ങാതി നന്നായാല്‍

ഇതര ഭാഷകളില്‍ നിന്നുള്ള മികച്ച രചനകള്‍ മൊഴിമാറ്റം നടത്തിയും വിശകലനം ചെയ്തും പ്രസിദ്ധീകരിക്കുന്ന രിസാലയുടെ നടപടി ശ്ളാഘനീയമാണ്. അന്താരാഷ്ട്ര പ്രശസ്തരായ പല എഴുത്തുകാരെയും മലയാളി വായനക്കാരുടെ ചിന്താമണ്ഡലങ്ങളിലേക്ക് കൊണ്ടു വരുന്നതില്‍ രിസാല മുന്നില്‍ നില്‍ക്കുന്നു.

എന്നാല്‍ സര്‍ഗവേദിയില്‍ ചങ്ങാതിയുടെ വിശദീകരണം പലതും അതിരുവിടുകയും ആശയാവര്‍ത്തനമുണ്ടാക്കുകയും ചെയ്യുന്നു. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് ‘താങ്ങാവുന്ന’ പ്രതികരണമോ വിലയിരുത്തലോ അല്ല ചങ്ങാതിയില്‍ നിന്നുണ്ടാവുന്നത്. ഗുണകാംക്ഷയുള്ള ഇടപെടലുകള്‍ക്ക് കാത്തിരിക്കുന്നു.

അബ്ദുല്‍ ലത്തീഫ് ഷെയ്ഖ്. കെ,
ഒളുവട്ടൂര്‍

You must be logged in to post a comment Login