എച്ചമ്മാ കുട്ടികളോട് അരുത്, രക്ഷയെ ശിക്ഷയെന്ന് കരുതരുത്

എച്ചമ്മാ കുട്ടികളോട് അരുത്, രക്ഷയെ ശിക്ഷയെന്ന് കരുതരുത്

എച്ചമ്മാ… എന്ന വിളി മലയാളി ആര്‍ദ്രതയോടെ കേട്ടത് 2008-ലാണ്. ഹെഡ്മിസ്ട്രസ് എന്ന ആംഗലേയത്തിന്റെ കുട്ടിമൊഴിവഴക്കം. സി.കെ രാജം എന്ന, രാജം ടീച്ചര്‍ എഴുതിയ ഓര്‍മക്കുറിപ്പിന്റെ പേരായിരുന്നു ആ വിളി. സക്കറിയയും എം.കെ സാനുവും സി.കെ. ഗംഗാധരനും പ്രൗഢമായ അവതാരികകളോടെ അവതരിപ്പിച്ച പുസ്തകം. രമ്യ എന്ന സ്വത്വത്തിലേക്ക് പരകായം നടത്തി ഒരധ്യാപികയുടെ മൂന്ന്പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ജീവസ്സുറ്റ ഓര്‍മകളെ പുനരാനയിക്കുകയായിരുന്നു രാജം ടീച്ചര്‍. 2018-ല്‍ പ്രിയപ്പെട്ട കാലത്തിലൂടെ ടീച്ചര്‍ വീണ്ടും ഓര്‍മകളെ കെട്ടഴിച്ചുവിട്ടു. എച്ചമ്മായില്‍ നിന്ന് ടീച്ചറുടെ മൂന്നാമത്തെ പുസ്തകമായ പ്രിയപ്പെട്ട കാലത്തിലേക്ക് എത്തുമ്പോഴേക്കും കലണ്ടറില്‍ പത്ത് വര്‍ഷമേ പിന്നിട്ടിട്ടുള്ളൂ. എന്നാല്‍ കാലം കലണ്ടര്‍ കണക്കുകളെ തോല്‍പിച്ച് കുതിക്കുകയായിരുന്നു. നൂറ്റാണ്ടില്‍ പോലും അസംഭവ്യമായിരുന്ന മാറ്റങ്ങളിലേക്ക് ലോകം എത്തിപ്പെട്ടു. അധ്യാപികയായും വിദ്യാര്‍ത്ഥിയായും പഠനലോകത്ത് ജീവിതത്തിന്റെ മുക്കാല്‍ പങ്കും ചെലവഴിച്ച, ഓരോ ഓര്‍മയെയും സാമൂഹികമായി വായിക്കാന്‍ പ്രാപ്തിയുള്ള രാജം ടീച്ചര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത വേഗത്തിലാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ലോകം സഞ്ചരിക്കുന്നത്.

സാങ്കേതികതയുടെ ചിറകില്‍ വന്യമായ കുതിപ്പിലാണ് ലോകം. ഉപകരണങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന മനുഷ്യവികാരങ്ങള്‍. വാര്‍ത്താ വിസ്‌ഫോടനങ്ങളുടെ പെരുംചുഴികള്‍. മനുഷ്യ ബന്ധങ്ങളില്‍ സംഭവിച്ച വലിയ മാറ്റം. ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നിങ്ങനെ കൃത്യമായി തിരിച്ച അനുഭവങ്ങളുടെ കള്ളികള്‍ മാഞ്ഞുപോയി. ആ ഘട്ടത്തില്‍ ഉള്ളവരുടെ മനോനില സംബന്ധിച്ച് ആര്‍ക്കും എത്തും പിടിയുമില്ലാതായി. പഴയ നോട്ടങ്ങള്‍ കൊണ്ട് പുതിയ തലമുറയെ കാണാന്‍ കഴിയാതായി. ഒപ്പം വിദ്യാഭ്യാസ രംഗവും മാറി. കച്ചവടം കളം കീഴടക്കി. ഉന്നത മൂല്യങ്ങള്‍ എന്ന വാക്ക് അപ്രത്യക്ഷമായി. തൊണ്ണൂറുകളില്‍, ഈ മാറ്റങ്ങളുടെ ആരംഭകാലത്ത് പഠനം തുടങ്ങിയവര്‍ കൂട്ടത്തോടെ അധ്യാപകരായെത്തി. പണം എല്ലാറ്റിനെയും കീഴടക്കി.

സ്‌കൂള്‍ കോളജ് കാമ്പസുകള്‍ തലമുറമാറ്റത്താല്‍ സംഘര്‍ഷഭരിതമായി. പുതുകാലവും പുതുലോകവും തുറന്നിട്ട പുതിയ സാധ്യതകളിലേക്ക് സാഹസികതയോടെ സഞ്ചരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി. അത്തരക്കാര്‍ക്ക് കാമ്പസുകളില്‍ ആധിപത്യമായി. അവര്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ക്ക് ചുറ്റും ആള്‍ക്കൂട്ടമുണ്ടായി. അച്ചടക്കം, അക്കാദമിക് ഡിസിപ്ലിന്‍ എന്നിവയെ മുന്‍നിര്‍ത്തി ഇടപെടുന്ന അധ്യാപകര്‍ ശത്രുപക്ഷത്തായി. എല്ലാമൂല്യങ്ങളും വഴിമാറിയതോടെ അധ്യാപകര്‍ പഠിപ്പിക്കല്‍ തൊഴിലാളികളായി മാത്രം കുട്ടികളാല്‍ പരിഗണിക്കപ്പെട്ടു. എല്ലാം പണം കൊടുത്ത് വാങ്ങാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിയ പുതിയ വ്യവസ്ഥ വിദ്യാഭ്യാസത്തെയും അങ്ങനെ സമീപിച്ചു. ഇതുണ്ടാക്കിയ സംഘര്‍ഷം സര്‍വ സീമകളും ലംഘിച്ചിരിക്കയാണ്. ദളിതരുടെയും സ്ത്രീകളുടെയും രക്ഷക്കായി ദീര്‍ഘവീക്ഷണത്തോടെ രൂപം കൊടുത്ത നിയമങ്ങള്‍ കാമ്പസുകളിലെയും സ്‌കൂള്‍ മുറികളിലെയും കുഞ്ഞുപ്രശ്‌നങ്ങളിലേക്ക് പ്രയോഗിക്കപ്പെട്ടു. തിരിച്ച് ഇടിമുറികളൊരുക്കി കുട്ടികളെ നേരിടുന്ന കച്ചവടക്കൂട്ടവും ഉണ്ടായി.

അങ്ങനെ അടിമുടി മാറിയ ഈ ലോകത്തേക്ക് ആഴത്തില്‍ നോക്കാന്‍ കഴിയും എന്നതാണ് രാജം ടീച്ചറുടെ പ്രസക്തി. തലമുറകളെ അറിഞ്ഞ അധ്യാപികയാണ് ടീച്ചര്‍. പഴയതെല്ലാം നല്ലത്, പുതിയതെല്ലാം കെട്ടത് എന്ന ശൈലി രാജം ടീച്ചര്‍ക്കില്ല. എല്ലാ കാലവും ചില നന്മകളെ സൃഷ്ടിക്കുന്നുണ്ട് എന്നവര്‍ തിരിച്ചറിയുന്നു. എന്തായിരിക്കണം വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ദീര്‍ഘമായ ഒരു പര്യാലോചനക്ക് ക്ഷണിക്കുകയാണ് രാജം ടീച്ചര്‍ ഈ സംഭാഷണത്തില്‍. അച്ചടക്കം, സ്വാതന്ത്ര്യം, സദാചാര പൊലീസിങ് എന്നിങ്ങനെ നമ്മുടെ വിദ്യാഭ്യാസലോകം നേരിടുന്ന പ്രതിസന്ധികളുടെ ചരിത്ര, വര്‍ത്തമാനങ്ങളിലേക്ക് കൂടിയാണ് ടീച്ചര്‍ നമ്മെ ക്ഷണിക്കുന്നത്.

സി കെ രാജം ടീച്ചര്‍/ ജയശ്രീ കുനിയത്ത്‌

You must be logged in to post a comment Login