ജനാധിപത്യത്തെ ഒരു രാഷ്ട്രീയ പ്രയോഗം എന്ന നിലയില്‍ വിശദീകരിച്ചത് പ്ലാറ്റോ ആണ്. വിദ്യാഭ്യാസം എന്ന സമഗ്രപ്രക്രിയയെയും. രാഷ്ട്രവുമായി ബന്ധപ്പെട്ട എന്തിനെയും ഇന്ന് നാം രാഷ്ട്രീയമെന്ന് മനസിലാക്കുന്നതിന്റെ തലതൊട്ടപ്പനും പ്ലാറ്റോ തന്നെ. അതിനാല്‍ പ്ലാറ്റോക്ക് വിദ്യാഭ്യാസവും ഒരു രാഷ്ട്രനിര്‍മാണ പ്രക്രിയ ആയിരുന്നു. സംസ്കാരത്തിന്റെ ചരിത്രത്തില്‍ വിദ്യാലയങ്ങളുടെ പ്രരൂപങ്ങള്‍ തിരഞ്ഞുചെന്നാല്‍ അപ്പോഴും നാം ചെന്നുമുട്ടുക പ്രാചീന ഗ്രീസിലെ പ്ലാറ്റോവിലാണ്. ഏഥന്‍സിലെ അക്കാദമിയില്‍. പാശ്ചാത്യ ലോകത്തെ ആദ്യ ഉന്നതജ്ഞാന കേന്ദ്രമാണ് അക്കാദമി. സ്കൂളിംഗ് എന്ന ജ്ഞാനോല്പാദന പ്രക്രിയയുടെ ജനാധിപത്യപരമായ ആവിഷ്കാരങ്ങള്‍ കണ്ട് അവിടെ നാം അമ്പരക്കും. ഡയലോഗ് എന്ന വാക്ക് പിറന്നത് ആ ജ്ഞാന പരിസരത്താണ്. പ്ലാറ്റോവിനോട് സൈദ്ധാന്തികമായി; അതേ ൈസദ്ധാന്തികമായി മാത്രം വിയോജിച്ച് ലെയ്സിയത്തിലേക്ക് അരിസ്റ്റോട്ടില്‍ പോകുന്ന ലോകാരാധ്യമായ ഒരു മുഹൂര്‍ത്തമുണ്ട് ഗ്രീക്ക് ദര്‍ശനത്തിന്റെ മഹത്തായ ചരിത്രത്തില്‍. അത്തരം ഡയലോഗുകളിലൊന്നിലാണ് അച്ചടക്കം എന്ന് മലയാളത്തില്‍ വിവക്ഷിക്കാവുന്ന ഡിസിപ്ലിന്‍ കടന്നുവരുന്നത്. ദേശരാഷ്ട്രമെന്ന സങ്കല്പനം പിറന്നിട്ടില്ലാത്ത ആ കാലത്ത് വിദ്യാര്ജനത്തെ രാഷ്ട്രനിര്‍മാണത്തിന്റെ ടൂള്‍ ആയാണ് പ്ലേറ്റോവിന്റെ അക്കാദമി പരിഗണിച്ചിരുന്നത്. രാഷ്ട്രത്തിന്റെ ടൂളുകളായി പ്ലാറ്റോ മുന്നോട്ട് വെച്ചതാവട്ടെ ജ്ഞാനം, ൈധര്യം, അച്ചടക്കം, നീതി എന്നീ നാല് തൂണുകളെയും.
അക്കാദമിയില്‍ ഡയലോഗുകള്‍ അനന്തമായിരുന്നു. എന്തുകൊണ്ട് അച്ചടക്കം എന്നത് കേന്ദ്ര സംവാദമായി. അപ്പോഴാണ് ഐതിഹാസികമായ ആ പ്ലാറ്റോവിയന്‍ വാചകം പിറന്നത്. “Because‑, unlike courage and wisdom‑, which made our state brave and wise by being present in a particular part of it‑, discipline operates by being diffused throughout the whole of it. It produces a concord between its strongest and weakest and middle elements‑, whether you define them by the standard of good sense‑, or of strength‑, or of numbers or money or the like. And so we are quite justified in regarding discipline as this sort of natural harmony and agreement between higher and lower about which of them is to rule in state and individual.” (ധൈര്യവും ബുദ്ധിയും നമ്മുടെ രാഷ്ട്രത്തിന്റെ പ്രത്യേകവശങ്ങളെ ധീരവും ബുദ്ധിമത്തുമാക്കും. അത് ദൃശ്യവുമായിരിക്കും. എന്നാല്‍ അച്ചടക്കം എന്നത് ദൃശ്യമായ ഒന്നല്ല. എന്നാല്‍ രാഷ്ട്രത്തിന്റെ സര്വതന്തുക്കളിലും അത് പടര്‍ന്ന് കയറും. ഏകതാനതയെ സൃഷ്ടിക്കും. രാഷ്ട്രഭരണത്തെ സൗഹാര്‍ദപരവും സര്ഗാത്മകവുമാക്കും.) അതേ ഡയലോഗിന്റെ തുടര്‍ച്ചയിലാണ് ജ്ഞാനാര്‍ജനത്തില്‍ അച്ചടക്കം എന്ന ആശയം വിക്ഷേപിക്കപ്പെടുന്നത്. അറിവും കഴിവും പരിശ്രമവും നിങ്ങളെ വിദ്യയുള്ളവരാക്കും. അത് മൂന്നും ദൃശ്യവുമാണ്. എന്നാല്‍ അച്ചടക്കം ദൃശ്യമായ ഒന്നല്ല. അത് നിങ്ങളുടെ സമഗ്ര ജീവിതത്തിലേക്കും വേരോടിപ്പടരുന്ന ഒരു ഊര്‍ജപ്രവാഹമാണ്. അത് സ്വയംഭൂ അല്ല താനും. ആര്‍ജിക്കുന്നതാണ്. അറിവുകളെപ്പോലെ പരിശ്രമിച്ച് ആര്ജിക്കപ്പെടുന്നതാണ്.
ഒരു പുണ്യപുരാണ സാരോപദേശ കഥ മണക്കുന്നുണ്ടോ? സ്വാഭാവികമാണ്. നിയോലിബറലിസം ജീവിതത്തിന്റെ സമസ്ത മേഖലകളേയും ഘടനാപരമായി സ്വാധീനിച്ച് കഴിഞ്ഞ ഒരു സമൂഹത്തില്‍ പ്ലാറ്റോയ്ക്ക് എന്തുകാര്യം? വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വ്യക്തിയവകാശത്തിന്റെയും പുതുബോധ്യങ്ങളുടെ ഉല്‍സവകാലത്ത് നിങ്ങള്‍ അച്ചടക്കത്തെക്കുറിച്ച് ഈസോപ്പുകഥകള്‍ ഇറക്കുന്നുവോ? ആ ചോദ്യവും സ്വാഭാവികം തന്നെ. ”അച്ചടക്കത്തിന്റെ വാറോലകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട് ഹേ.അത് അധികാരത്തിന്റെ മണമുള്ള, അടിച്ചേല്പിക്കലിന്റെ ഹിംസയുള്ള ഒന്നാണ്. അത് ഭരണകൂടത്തിന്റെ രാഷ്ട്രീയ ആയുധമാണ്. എല്ലാ ഭരണകൂടങ്ങളും, അതിപ്പോള്‍ പ്രധാനമന്ത്രി മുതല്‍ പ്രിന്‍സിപ്പാള്‍ വരെ അധികാരമുറപ്പിക്കാന്‍ പ്രയോഗിക്കുന്ന സാധനമാണ്. കയ്യില്‍ വെച്ചാല്‍ മതി.” ഈ രോഷവും സ്വാഭാവികമാണ്. പക്ഷേ, ഒരു കാര്യം കേട്ടോളൂ. നിയോലിബറല്‍ കാലത്ത് സ്വാഭാവികം എന്ന ഒന്നില്ല. സ്വാഭാവികം എന്നത് നിര്‍മിക്കപ്പെടുന്ന ഒന്നാണ്. നിങ്ങള്‍ സ്വാഭാവികമെന്ന് ഇപ്പോള്‍ കരുതുന്ന എല്ലാം, സ്നേഹം മുതല്‍ വെറുപ്പ് വരെ, ശാന്തത മുതല്‍ രോഷം വരെ നിര്‍മിക്കപ്പെടുകയാണ്. അതേ സ്വാഭാവികമെന്ന് നമ്മള് കരുതുന്നതെല്ലാം സ്വാഭാവികമല്ല. മേല്‍വിവരിച്ച നിങ്ങളുടെ ആശങ്കകള്‍ വരെ.
സാരോപദേശത്തില്‍ നിന്ന് ഇറങ്ങാം. കാര്യത്തിലേക്ക് വരാം. കേരളത്തില്‍ ഒരു അധ്യാപിക ആത്മഹത്യ ചെയ്ത വാര്‍ത്ത കേട്ടിരുന്നോ? ശ്രീദേവി എന്നാണ് പേര്. ആത്മഹത്യക്കും പലായനത്തിനുമിടയിലൂടെ കടന്നുപോകുന്ന കേരളത്തിലെ നിരവധി അധ്യാപകരില്‍ ഒരു പേര് മാത്രമാണ് ശ്രീദേവി ടീച്ചര്‍. ടീച്ചര്‍ മരണം തിരഞ്ഞെടുത്തത് എന്തിനെന്നോ? അപമാനിക്കപ്പെട്ടു. എങ്ങനെയെന്നോ? ടീച്ചറുടെ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ രക്ഷിതാക്കള്‍ ടീച്ചര്‍ക്കെതിരെ പരാതി നല്കി? എവിടെയെന്നോ? പൊലീസ് സ്റ്റേഷനില്‍. എന്തിനെന്നോ? അച്ചടക്കത്തിന്റെ പേരില്‍ ടീച്ചര്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന്. അവകാശങ്ങള്‍ കൃത്യമായി അറിയുന്ന കാലമാണ്. പോസ്റ്റ് േമാഡേണ്‍ യുക്തികള്‍ അഴിഞ്ഞാടുന്ന കാലമാണ്. പോസ്റ്റ് മോഡേണ്‍ മാധ്യമങ്ങള്‍ നിറഞ്ഞാടുന്ന കാലമാണ്. പരാതിക്ക് പിന്നാലെ വാര്‍ത്തകള്‍ പ്രസവിക്കപ്പെടും. വാര്‍ത്തയിലെ വാക്കുകള്‍ അലറിവിളിക്കും. അതിനാല്‍ പൊലീസിന് മുന്നില്‍ മറ്റ് വഴികളില്ല. ടീച്ചര്‍ കസ്റ്റഡിയിലായി. കേള്‍ക്കണം; കസ്റ്റഡി! ഒരധ്യാപികയാണ്. ആയിരക്കണക്കിന് കുട്ടികളില്‍ അജ്ഞാതമായി പ്രവഹിക്കുന്ന ഊര്‍ജമാണ്. അതേ, പ്ലാറ്റോ പറഞ്ഞ ദൃശ്യമല്ലാത്ത ആ ഊര്‍ജം. പക്ഷേ, പരാതി ആശയമല്ല. ഭൗതിക യാഥാര്‍ത്ഥ്യമാണ്. ഒറ്റ ദിവസത്തെ കസ്റ്റഡി ശ്രീദേവിട്ടീച്ചറുടെ നാൡത് വരെയുള്ള ബോധ്യങ്ങളെ, സ്വത്വത്തെ തകര്‍ത്തുകാണണം. അവര്‍ക്ക് കേട്ടുകേള്‍വിയില്ലല്ലോ ഇതൊന്നും. ഒറ്റ നിമിഷത്തില്‍ ലോകത്തോട് തോറ്റ് അവര്‍ ജീവനൊടുക്കി.
മധ്യകേരളത്തില്‍ നിന്ന് മാസങ്ങള്‍ മുന്‍പ് മറ്റൊരു വാര്‍ത്ത. മൊബൈല്‍ ഫോണാണ് വില്ലന്‍. സ്കൂള്‍ നിയമാവലി ഫോണ്‍ അനുവദിക്കുന്നില്ല. എന്നാല്‍ നിയോ ലിബറല്‍ സ്വാതന്ത്ര്യവാദത്തില്‍ അനുവദിക്കാതിരിക്കല്‍ എന്ന ഒന്നില്ല. രണ്ടാണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ഗാങ്ങ് മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നു. അത് അനുവദനീയമല്ല സ്കൂളില്‍. നിയമാവലിയില്‍ അതുണ്ട്. പുരുഷനായ അധ്യാപകന് ഫോണ്‍ പിടിച്ചുവാങ്ങുന്നു. രക്ഷിതാക്കളെ അറിയിച്ചൊന്നുമില്ല. അറിയിക്കും എന്ന് ഭയപ്പെടുത്തി. പിറ്റേന്ന് സ്കൂള്‍ മതിലില്‍ വൃത്തിയായി എഴുതിയ പോസ്റ്ററില്‍ അയാള്‍ പീഡകനായി. പരാതിക്കാരി സംഘത്തിലെ പെണ്‍കുട്ടിയായിരുന്നു. അറസ്റ്റ് ഭയന്ന് അദ്ദേഹം നാടുവിട്ടു. സത്യാവസ്ഥ പിന്നീട് പുറത്തുവന്നു. സ്കൂള്‍ അധികൃതര്‍ കേസ് പറഞ്ഞൊതുക്കി. ഇന്ന് അദ്ദേഹം ഗള്‍ഫിലാണ്. ഒരു മരണത്തിലും ഒരു പലായനത്തിലും ഉദാഹരണങ്ങള്‍ നിര്‍ത്തി പറയാനുള്ളത് പറയാം.
വിദ്യാലയങ്ങളെക്കുറിച്ചാണ്. സ്വാതന്ത്ര്യം, അച്ചടക്കം എന്നിവയാണ് പ്രമേയങ്ങള്‍.
ഇന്ത്യന്‍ വിദ്യാഭ്യാസ രീതി നമുക്കറിയാവുന്നതുപോലെ ത്രിതല സംവിധാനമാണ്. അതേ പ്ലാറ്റോവിയന്‍ തന്നെ. സ്ഥാപനം, അധ്യാപകര്‍, വിദ്യാര്‍ത്ഥി. ടാഗോറും ഗാന്ധിജിയും മുതല്‍ ഇങ്ങോട്ടുള്ള മുഴുവന്‍ വിചക്ഷണരും പിന്തുണച്ചതും ഇന്ത്യ തുടരുന്നതുമായ രീതി. ആ രീതിക്ക് വിമര്‍ശനങ്ങളുണ്ട്. പക്ഷേ, പകരമൊരു രീതി വികസിച്ചിട്ടില്ല. ബിരുദതലം വരെയെങ്കിലും അതാണ് രീതി. സ്ഥാപനം നല്കുന്ന സംവിധാനങ്ങള്‍ക്കകത്താണ് വിദ്യാര്‍ജനം സംഭവിക്കുന്നത്. സ്ഥാപനം എന്നുദ്ദേശിക്കുന്നത് കേവലം കെട്ടിടങ്ങളല്ല. ഇന്സ്റ്റിറ്റിയൂഷന് ആണ്. ഭൂരിഭാഗവും അത് സര്‍ക്കാരാണ്. ഇന്ത്യയെ സംബന്ധിച്ച് ഒരു സജീവ യാഥാര്‍ത്ഥ്യമായ മതസംഘടനകളും സ്വകാര്യ സംരംഭകരുമുണ്ട്. പക്ഷേ, സ്ഥാപനം എന്ന ആശയത്തിന്റെ പ്രവര്‍ത്തന സ്വഭാവം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല. ജനാധിപത്യം പോലെ ഉള്ളതില്‍ ഭേദം എന്ന തോന്നലില്‍ നിന്നാവാം വിദ്യാഭ്യാസത്തിന്റെ സ്ഥാപനസ്വഭാവത്തെ പരിഷ്കരിക്കുന്ന ഒരു ചലനവും ഇതുവരെ സംഭവിച്ചിട്ടില്ല. ജനാധിപത്യം എന്ന് ബോധപൂര്‍വം പ്രയോഗിച്ചതാണ്. രാഷ്ട്രം പോലെ സവിശേഷ ഉള്ളടക്കം ഉള്ള ഒന്നാണ് വിദ്യാഭ്യാസം എന്ന സ്ഥാപനം.
അതിന്റെ രണ്ടാം തൂണ് അധ്യാപനം എന്ന പ്രക്രിയയാണ്. അതില്‍ വൈയക്തികമായ, എന്നാല്‍ രാഷ്ട്രീയ ഉള്ളടക്കമുള്ള പരിശ്രമങ്ങള്‍ കൊണ്ട് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ, അപ്പോഴും കുട്ടികള്‍ ഇരിക്കുകയും മാഷ് നില്‍ക്കുകയുമാണ്. മാഷ് പറയുകയും കുട്ടികള്‍ കേള്‍ക്കുകയുമാണ്. സെക്കണ്ടറി വിദ്യാഭ്യാസം വരെ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ജ്ഞാനസമ്പാദനത്തിനുള്ള നാനാതരം ഉപാധികള്‍ ലഭ്യമായ ലോകമായിട്ടും വിദ്യാഭ്യാസം എന്ന പ്രക്രിയയില്‍ അത് ആത്യന്തികമായി മാഷിലൂടെ കുട്ടികളിലേക്ക് എത്തുകയാണ്. മറിച്ച് സംഭവിക്കുന്നില്ല. ഇതും മറിച്ചിടണമെന്ന തരത്തില്‍ ഒരു പരിശ്രമം വ്യാപകമായി ഉണ്ടായിട്ടില്ല.
മൂന്നാം തൂണ് വിദ്യാര്‍ത്ഥിയാണ്. വിദ്യാര്ജനത്തിന് എത്തുന്നയാള്‍. നിശ്ചയമായും നിങ്ങള്‍ക്കറിയാം സെക്കണ്ടറി വരെ, അതായത് സ്കൂള്‍ തലം വരെ അത് വിദ്യാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പല്ല. ചോയ്സ് അല്ല. മറിച്ച് അവന് ജീവിക്കുന്ന സമൂഹം അവനെ അതിലേക്ക് എത്തിക്കുകയാണ്. സിലബസ്, ഹാജര്‍, പരീക്ഷ എന്നിങ്ങനെ നിരവധി സംവിധാനങ്ങളിലൂടെ അവന് കടന്നുപോകണം. കാരണം ഒന്നാം തൂണായ സ്ഥാപനം ഉണ്ടാക്കിവെച്ചിട്ടുള്ള ചിട്ട അതാണ്. പ്രവേശനം നേടുന്നതോടെ അത് പാലിക്കാന്‍ അവന് ബാധ്യസ്ഥനാണ്. ജനാധിപത്യമെന്ന പോലെ ഉള്ളതില്‍ ഭേദം എന്നതിനാല്‍ ഈ സംവിധാനത്തിനും മാറ്റങ്ങള്‍ കാര്യമായി ഉണ്ടായിട്ടില്ല. നൂറ്റാണ്ടുകളായി മാറ്റങ്ങള്‍ ഇല്ല എന്നുകൂടി വായിക്കുക.
ജനാധിപത്യം എന്തുകൊണ്ടാണ് നിലനില്‍ക്കുന്നത്? ഒരുത്തരം ഇതാണ്. അതില്‍ ബഹുസ്വരതയുണ്ട്. സ്കൂളിംഗ് എന്ന പ്രക്രിയ ഇതേപടി നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കാം. അതിവേഗം മാറിത്തീര്‍ന്ന ഈ ലോകത്ത് പ്ലാറ്റോവിയന്‍ കാലത്തെ സ്കൂളിംഗ് എന്താ മാറാത്തത്? ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞത് തന്നെയാണ് ഉത്തരം. ബഹുസ്വരമായതുകൊണ്ട് എന്ന്. വിശദീകരിക്കാം.
കൊല്ലം അഷ്ടമുടി ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രിന്സിപ്പാളായിരുന്നല്ലോ ആത്മഹത്യ ചെയ്ത ശ്രീദേവി ടീച്ചര്‍. രണ്ടുകുട്ടികളുടെ സ്വാതന്ത്ര്യബോധമാണല്ലോ ടീച്ചറെ കുറ്റവാളിയാക്കിയത്. ശരിയാണ്, സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കല്‍ അനീതിയാണ്. കുട്ടികളുടെ കാര്യം അവര്‍ സ്വയം നോക്കിക്കൊള്ളും. പഴയ കാലമല്ല. അവര്‍ക്ക് സ്വയം നിര്‍ണയ അധികാരങ്ങളുണ്ട്. പോരാത്തതിന് പോസ്റ്റ് ലിബറല്‍ കാലത്തെ രക്ഷിതാക്കളുടെ മക്കളാണ്. അവര്‍ നോക്കും അവരുടെ മക്കളുടെ കാര്യം. ടീച്ചര്‍ വെറും എംപ്ലോയി ആണ്. ഗുരു എന്നൊന്നും പഴങ്കഥ ഇറക്കി വിരട്ടണ്ട. ശരി തന്നെ. പക്ഷേ, ജനാധിപത്യമാണല്ലോ? ബഹുസ്വരമാണല്ലോ? എല്ലാ മാതാപിതാക്കളും പോസ്റ്റ് ലിബറല്‍ അല്ലല്ലോ? എല്ലാ കുട്ടികളും സ്വയംനിര്‍ണയാധികാരം ഉണ്ടാവാന്‍ മാത്രം ശേഷിയുള്ളവരല്ലല്ലോ? അവരല്ലേ ഭൂരിപക്ഷം. അവര്‍ക്ക് സ്കൂള്‍ മാത്രമല്ലേ ഉള്ളൂ. അവിടെയല്ലേ അവരുടെ രണ്ടാം ജന്മം. അങ്ങനെ കരുതുന്ന കുട്ടികള്‍ക്ക് സ്കൂളിംഗ് എന്ന സമ്പൂര്‍ണ പ്രക്രിയ മാത്രമാണ് ആശ്രയം. സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തികളും അച്ചടക്കത്തിന്റെ സാധ്യതകളും അവര്‍ക്ക് പഠിക്കേണ്ടത് സ്കൂളില്‍ നിന്നാണ്. ശ്രീദേവി ടീച്ചര്‍ അവരുടെയും അധ്യാപികയാണ്. അഷ്ടമുടിയിലെ സ്കൂള്‍ അവരുടെയും സംവിധാനമാണ്. അവരല്ലേ ഭൂരിപക്ഷം. അതിനാല്‍ ശ്രീദേവി ടീച്ചര്‍ അച്ചടക്കം ശഠിച്ചു. അച്ചടക്കമില്ലാത്തവരെ ശിക്ഷിച്ചു. കാരണം ഭൂരിപക്ഷത്തിന് അച്ചടക്കം വേണം. ലിബറല്‍ കുട്ടികള്‍ക്ക് വേദനിച്ചു. അവരുടെ മാതാപിതാക്കളില്‍ അവരുടെ ലിബറല്‍ മനസില്‍ പകയുണ്ടായി. ടീച്ചര്‍ ആത്മഹത്യ ചെയ്തു.
ലളിതമായി പറഞ്ഞുപോകാവുന്ന ഒന്നല്ല ഇത്. നമ്മുടെ വിദ്യാലയാന്തരീക്ഷങ്ങള്‍ ഒരു വലിയ ദുരന്തത്തിന്റെ ജ്വാലാമുഖത്താണ്. കേരളത്തില്‍ പലയിടങ്ങളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളില്‍ ആ ദുരന്തത്തിന്റെ ഉഷ്ണക്കാറ്റുണ്ട്. കേരളീയ സാമൂഹികാന്തരീക്ഷത്തിന്റെ രൂപപ്പെടലുമായി ഇതിന് ഗാഢമായ ബന്ധമുണ്ട്. കേരളീയ പൊതുജീവിതം ഒരു വ്യാജ ആധുനികതയാല്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിലായാലും മറ്റെന്തിലായാലും. ലോകത്തെ മറ്റിടങ്ങളില്‍ ഒരു സാമൂഹിക ക്രമം രൂപപ്പെട്ട് വരുന്നതിന്റെ ജൈവികത കേരളത്തിന് ഇല്ല. കേരളം വിശാലമായി പറഞ്ഞാല്‍ ആധുനികതയെ അനുകരിച്ച ദേശമാണ്. അതായത് ആധുനികമാവാന്‍ പ്രാപ്തമാകും മുന്‍പ് ആധുനികമെന്ന് സ്വയം ധരിച്ചവര്‍. നവോത്ഥാനത്തിന്റെ പൊടിപ്പുകളെ നവോത്ഥാനമായി ധരിച്ചവര്‍. അത് തന്നെയാണ് ഉത്തരാധുനിക, നവലിബറല്‍ സമൂഹത്തിന്റെ അവസ്ഥയും. ആധുനികം പോലുമല്ലാത്ത ഒരു സമൂഹത്തെയാണ് നവമാധ്യമങ്ങളിലെ അല്പബുദ്ധികള് ചേര്‍ന്ന് ഉത്തരാധുനികമായി പ്രതിഷ്ഠിക്കുന്നത്. സ്വാതന്ത്ര്യം എന്ന, ബാധ്യതകളുള്ള അവകാശത്തെ മനസിലാക്കാന്‍ ശേഷിയില്ലാതെ സ്വാതന്ത്ര്യത്തിനായി നടക്കുന്ന മുറവിളികള്‍ അതാണ് കാണിക്കുന്നത്. ഇത് കൃത്യമായ ആഗോള അജണ്ടയുടെ കളിയാണ്. ഒരു അന്തസാര ശൂന്യമായ, സ്വതന്ത്ര ലൈംഗികതയുടെ കേളീനിലങ്ങളായ, അവിശുദ്ധതകളുടെ കൂത്തരങ്ങായ, രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്ത, അഴിമതികളോട് സന്ധിചെയ്യുന്ന വിപണിയെ സൃഷ്ടിക്കുക, അഥവാ വിപണി മാത്രമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുക എന്ന നവലിബറല്‍ അജണ്ടയുടെ ഇരകളായി മാറുകയാണ് നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍. അതിനാല്‍ അച്ചടക്കം എന്ന, ഭൂരിപക്ഷവും ആഗ്രഹിക്കുന്ന, ഭൂരിപക്ഷത്തിനും അനിവാര്യമായ പ്രയോഗത്തെ നവലിബറലുകള്‍ എന്ന് തെറ്റിദ്ധരിക്കുന്ന കുട്ടികള്‍ സദാചാര പൊലീസിങായി തെറ്റിദ്ധരിക്കുകയാണ്. 1970 കളിലെ അമേരിക്കന്‍ സ്കൂളുകളില്‍ സംഭവിച്ചതിന് സമാനമായ പ്രതിഭാസമാണിത്. അമേരിക്കന്‍ ലിബറലിസ്റ്റുകള്‍ ചേര്‍ന്ന് സൃഷ്ടിച്ച വ്യാജ സ്വാതന്ത്ര്യബോധമാണ് അമേരിക്കന്‍ ക്ലാസ്മുറികളിലെ വെടിയൊച്ചയും വിലാപങ്ങളും കണ്ണീരുമായി നാമിന്ന് കേള്‍ക്കുന്നത്.
പറഞ്ഞുവന്നത് ഇതാണ്. ഒരു പ്രക്രിയയും നിങ്ങള്‍ക്ക് ഇടക്ക് നിന്ന് പൊളിക്കാന്‍ കഴിയില്ല. നിലനില്‍ക്കുന്ന വിദ്യാഭ്യാസ രീതിയും അങ്ങനെ തന്നെ. അതിനാല്‍ കുട്ടികളേ, സ്വാതന്ത്ര്യമെന്ന്, സദാചാര പൊലീസിങ് എന്ന്, വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കയ്യേറ്റമെന്ന്, ഒളിഞ്ഞുനോട്ടമെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത് ഈ സംവിധാനത്തിന്റെ ഭാഗങ്ങളായ, ഭൂരിപക്ഷം അംഗീകരിക്കുന്ന, നിങ്ങളുടെ മുന്‍തലമുറ, ഇപ്പോള്‍ നിങ്ങളുടെ ജീവിത്തെ നിര്‍ണയിക്കാന്‍ പോലും കരുത്തുള്ള, വലിയ പദവികളില്‍ എത്തിയ, വലിയ ലോകങ്ങള്‍ കീഴടക്കിയ മനുഷ്യരെല്ലാം കടന്നുപോയ വഴികളാണ്. നിങ്ങളെ ശൂന്യരാക്കാനുള്ള വലിയ ചൂണ്ടക്കൊളുത്തിനെയാണ് നിങ്ങളിപ്പോള്‍ സ്വാതന്ത്ര്യമെന്ന് കണ്ട് ആഹ്ലാദിക്കുന്നത്. കുടുങ്ങുന്ന നിങ്ങളെക്കാത്ത് കരയില്‍ കൂടകളും പുറത്ത് വിപണികളുമുണ്ട്. മരിച്ച നിങ്ങളെ തൂക്കി വില്‍ക്കാനുള്ള വിപണികള്‍.
കെ.കെ. ജോഷി
You must be logged in to post a comment Login