ഗുരുശിഷ്യബന്ധം
♦വിവിധ തരം കാമ്പസുകളില്‍ വ്യത്യസ്ത തരം അനുഭവങ്ങളായിരിക്കും നമുക്കെല്ലാമുണ്ടായിരിക്കുക. നമ്മള്‍ ഡിഗ്രിയും പി ജിയും അതിനുശേഷവുമൊക്കെ പഠിച്ച അന്തരീക്ഷമല്ല ഇന്ന് കാമ്പസുകളിലുള്ളത്. പത്തുവര്‍ഷത്തോളമായി ഞാനൊരു കാമ്പസില്‍ അധ്യാപകനായി എത്തിയിട്ട്. അന്നുമുതല്‍ ഇന്നുവരെയുള്ള കാമ്പസ് ആഘോഷങ്ങളും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധവുമെല്ലാം എനിക്ക് നേരിട്ട് അറിയാം. എന്നാല്‍ ഇന്ന് കാമ്പസിലെ കള്‍ച്ചര്‍ പാടെ മാറിയിട്ടുണ്ട്. ഒരധ്യാപകനായ എന്നെ നാളെ ക്ലാസ്റൂമുകളില്‍, അല്ലെങ്കില്‍ കാമ്പസില്‍, കോളജ് ഗേറ്റില്‍ ടാര്‍ജറ്റ് ചെയ്യണമെന്ന് ഇന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ചര്‍ച്ചക്കിടുന്ന സമയമാണിത്. കോളജ് യൂണിയന്‍ ഉദ്ഘാടനമൊക്കെ ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിയിട്ടുണ്ട്. വിവിധ വര്‍ഷക്കാര്‍ ഓരോ ഗ്യാങ്ങുകള്‍ രൂപീകരിച്ച് അതിന്റെ ഭാഗമായാണ് ആഘോഷങ്ങളൊക്കെ നടത്തുന്നത്. ഓരോ ടീമും അവരുടെതായ ഡ്രസ്‌കോഡിലാണ് വരിക. പിന്നെ ചേരിതിരിഞ്ഞ് ആഘോഷമാണ്. അതിനിടയില്‍ ഫസ്റ്റ് ഇയേഴ്സും സെക്കന്റ് ഇയേഴ്സും തമ്മില്‍ സംഘര്‍ഷസാധ്യതയുണ്ട്. ഫൈനല്‍ ഇയേഴ്സ് എല്ലാവരിലും മേധാവിത്വം പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അച്ചടക്ക കമ്മിറ്റി അംഗങ്ങളായ അധ്യാപകര്‍ക്ക് പോലും വിദ്യാര്‍ത്ഥികളെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല. ഈ സമയത്ത് കോളജ് യൂണിയന്‍ അംഗങ്ങളായിരിക്കും നമ്മുടെ പിടിവള്ളി. യൂണിയന്‍ അംഗങ്ങളെ വിളിപ്പിച്ചാല്‍ അവരും നിസ്സഹായരായിരിക്കും. വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ആഘോഷങ്ങള്‍ക്കെതിരെ അധ്യാപകര്‍ ശബ്ദിച്ചാല്‍ അടുത്ത ദിവസം അവരുടെ വാഹനങ്ങള്‍ കാമ്പസില്‍ കേടുകൂടാതെ ഉണ്ടാവണമെന്നില്ല. അങ്ങനെ അനുഭവങ്ങളുണ്ടുതാനും. ഇതുകാരണം ആദ്യകാലങ്ങളിലെല്ലാം വളരെ കണിശമായി അച്ചടക്ക നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അധ്യാപകര്‍ പിന്നീട് ഉള്‍വലിയാറാണ് പതിവ്.
ഞാനും എന്റെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും എന്റെ സ്‌കോറും എന്റെ സാലറി ഇന്‍ഗ്രിമെന്റും എന്റെ പി എച്ച് ഡിയും എന്ന രൂപത്തില്‍ കോളജ് അധ്യാപകര്‍ ചുരുങ്ങുന്നുണ്ടോ എന്ന ആശങ്ക ഇന്ന് കനപ്പെടുകയാണ്.
♦പ്ലസ്ടു അധ്യാപകനായിരുന്ന സമയത്ത് ഞാനൊരു വിദ്യാര്‍ത്ഥിയോട് അച്ഛനെ കൂട്ടിവരാന്‍ പറഞ്ഞു. അവന്റെ ടി സിയില്‍ ഒപ്പിടാനായിരുന്നു അത്. ടി സിയില്‍ അച്ഛന്‍ ഒപ്പിട്ടാല്‍ അച്ചടക്കലംഘനം നടത്തിയാല്‍ ടി സി കൊടുത്ത് പറഞ്ഞയക്കാമല്ലോ. ഇതറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: ‘സാറ് ഇങ്ങനെയൊന്നും പറഞ്ഞ് പേടിപ്പിക്കല്ലേ. ഇതൊക്കെ ഞങ്ങള്‍ ഒന്നാംക്ലാസീന്നേ തുടങ്ങീതാ.’ നോക്കൂ, നമ്മുടെ അച്ചടക്കത്തിന്റെ തലംതന്നെ വ്യത്യാസപ്പെട്ടില്ലേ. ഇപ്പോള്‍ ക്ലാസ്റൂമുകളിലെല്ലാം ഒരു മൂന്നക്ക നമ്പറുണ്ട്. നിങ്ങളുടെ അധ്യാപകന്‍ പഠിപ്പിക്കുന്ന രീതിയില്‍ സംതൃപ്തരല്ലെങ്കില്‍ ഈ നമ്പറില്‍ നിങ്ങള്‍ക്ക് വിളിച്ച് പറയാം എന്നാണ് ആ നമ്പറിന് താഴെ എഴുതിവെച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അതില്‍ വിളിച്ചാല്‍ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകും. ചിലപ്പോള്‍ അധ്യാപകനോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ വിളിച്ചെന്നിരിക്കും. അപ്പോഴൊക്കെയാണ് നാം പാകപ്പെടേണ്ടിവരിക.
♦എന്തും ആഘോഷിക്കുക എന്നതാണ് പുതു തലമുറയുടെ രീതി. കാമ്പസുകളിലും അവരെത്തുന്നത് ആഘോഷങ്ങള്‍ക്ക് വേണ്ടി തന്നെയാണ്. ബര്‍ത്ത്ഡേ പാര്‍ട്ടികളും, സെന്റോഫും, ന്യൂ ഇയറും പരീക്ഷ പോലും അവര്‍ക്ക് ആഘോഷിക്കാനുള്ളതാണ്. ഇതിനിടയില്‍ അധ്യാപകര്‍ വലിയ മൂല്യ പ്രതിസന്ധിയില്‍പെടുന്നു. അധ്യാപകന്റെ മൂല്യങ്ങളും വിദ്യാര്‍ത്ഥികളുടെ മൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പലപ്പോഴും കാമ്പസുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അധ്യാപകരുടെ തലമുറ തെറ്റായി കാണുന്നത് പലതും വിദ്യാര്‍ത്ഥികളുടെ തലമുറക്ക് ശരിയാണ്. കാണരുതാത്ത സാഹചര്യങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കാണുമ്പോള്‍ അധ്യാപകന്റെ മൂല്യബോധം പ്രതികരിക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അതത്ര ഗൗരവത്തില്‍ കാണാറില്ല. പലപ്പോഴും നമ്മുടെ പൊതുബോധവും ഇത്തരം കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്.
♦അധ്യാപകന്‍ അല്ലെങ്കില്‍ ഗുരു എന്ന് പറയുന്നത് മുന്‍കാലങ്ങളില്‍ നാട്ടിലുള്ള എല്ലാവരുടെയും ബഹുമാനം അര്‍ഹിക്കുന്ന ഒരാളായിരുന്നു. ഇന്നങ്ങനെയല്ല. കുട്ടികള്‍ തന്നെ പറയുന്നത്, രണ്ടുവിഭാഗം ആളുകള്‍ അനാവശ്യമായി പ്രിവിലേജ് നേടുന്നവരാണ് എന്നാണ്. ഒന്ന് സൈനികരും മറ്റൊന്ന് അധ്യാപകരും. അവരവരുടെ ജോലിയേ ചെയ്യുന്നുള്ളൂ, അതിനപ്പുറത്തേക്ക് ഒന്നും ഇപ്പോഴവര്‍ ചെയ്യുന്നില്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയുള്ള ബോധം.
♦എല്ലാ കാമ്പസുകളും അങ്ങനെയല്ല. ചിലയിടത്ത് കലയും സാഹിത്യവുമൊക്കെയുണ്ട്. പക്ഷേ ഈ കലാബോധം പോലും കണ്ടുകൂടാത്ത അധ്യാപകര്‍ക്കെതിരായി വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കോളജ് ഡേയുടെ അവസാനത്തിലുള്ള ഗാനമേളയില്‍ അധ്യാപകര്‍ക്കെതിരെ തെറിപ്പാട്ട് പാടുന്നവരും ഉപയോഗിക്കുന്നത് ഈ കലാമൂല്യത്തെയാണ്.
♦മുമ്പത്തെ പോലെ ലളിതഗാനവും ചെണ്ടമേളവും ഒന്നും ആസ്വദിക്കാന്‍ താല്‍പര്യമില്ലാത്തവരാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍. അവര്‍ക്ക് വേണ്ടത് അധ്യാപകരെ പരിഹസിക്കുന്ന മിമിക്രിയും ഡി ജെ തെറിപ്പാട്ടുകളും ഡാന്‍സുമൊക്കെയാണ്. ആഘോഷമായിപ്പോയില്ലേ എല്ലാം.
♦ഒരു വിദ്യാര്‍ത്ഥിക്ക് ഉദ്ദേശിച്ച ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാത്തതില്‍ അവന്‍ അധ്യാപകനോട് പരാതിപ്പെട്ടത് ‘താങ്കളെന്താണ് താങ്കളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാത്തത്’ എന്നാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പാസ് മാര്‍ക്ക് നല്‍കി അവരെ പരീക്ഷയില്‍ വിജയിപ്പിക്കല്‍ അധ്യാപകരുടെ ഉത്തരവാദിത്വമാണ് എന്ന തരത്തിലാണ് നവകാല വിദ്യാര്‍ത്ഥി ബോധ്യങ്ങള്‍.
ഓറഞ്ചിന്റെയും പാവയ്ക്കയുടെയും ഇന്‍പുട്ട് വെള്ളമാണ്. പക്ഷെ ഓറഞ്ചിന്റെ ഫലം നല്ല മധുരമുള്ളതാണെങ്കില്‍ പാവയ്ക്കയുടെ ഫലത്തിന് കയ്പാണ്. ഇതുതന്നെയാണ് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും സംഭവിക്കുന്നത്. അറിവും അനുഭവവും വേണ്ടത്ര നല്‍കിയാലും അവരുടെ സമീപനവും ഇന്റേണല്‍ എബിലിറ്റിയുമാണ് അധ്യാപകരോടുള്ള വിദ്യാര്‍ത്ഥികളുടെ മനോഭാവത്തെ നിര്‍മിക്കുന്നത്.
ലക്ഷ്യം പിഴച്ച കുട്ടി
♦വിവിധ എന്‍ജിനിയറിംഗ് കാമ്പസുകളില്‍ കുറെ കാലമായി സേവനം ചെയ്യുന്ന ഒരാളാണ് ഞാന്‍. എനിക്ക് തോന്നുന്നത്, നമ്മുടെ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം തന്നെ മാറിയിട്ടുണ്ട് എന്നാണ്. എന്തെന്നാല്‍ അവര്‍ വരുന്നത് പഠിക്കാന്‍ വേണ്ടിയല്ല. ‘സാറേ, ലൈഫ് കുറച്ചേയുള്ളൂ… അത് ഞങ്ങള്‍ക്ക് എന്‍ജോയ് ചെയ്യണം. അതിന് വേണ്ടിയാണ് ഞങ്ങളിവിടെ വന്നതും’- എന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞതോര്‍ക്കുന്നു. എന്‍ജിനിയറിംഗ് ചിട്ടയോടെ പഠിച്ചെങ്കിലേ ഫലവത്താവുകയുള്ളൂ. ഗണിതശാസ്ത്ര ബന്ധിതമായതിനാല്‍ കൃത്യമായി ഹോംവര്‍ക്കും മറ്റും ചെയ്യേണ്ടതുണ്ട്. പക്ഷേ കുട്ടികളുടെ ഇപ്പോഴത്തെ ശൈലി അങ്ങനെയല്ല. പരീക്ഷക്ക് രണ്ടുമൂന്ന് ദിവസം മുമ്പ് ഊണും ഉറക്കവുമുപേക്ഷിച്ച് പഠിച്ചാല്‍ എല്ലാമായെന്ന ചിന്തയാണവര്‍ക്ക്.
തകര്‍ന്ന വിശ്വാസം
♦പരീക്ഷയിലും മറ്റ് മൂല്യനിര്‍ണയ രീതിയിലുമൊക്കെയുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസം തകര്‍ന്നു. എന്നോടൊരു കുട്ടി വന്ന് പറഞ്ഞു: ‘സാറേ, എനിക്കിവിടുത്തെ മൂല്യനിര്‍ണയ ക്യാമ്പില്‍ വിശ്വാസമില്ല!’ ഞാന്‍ കാരണമന്വേഷിച്ചു. അവന്‍ പറഞ്ഞു: ‘ഞാന്‍ ബി ഗ്രേഡ് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ എനിക്ക് എ ഗ്രേഡ് ലഭിച്ചു’ എന്ന്. ഹോംവര്‍ക്ക് നല്‍കുമ്പോള്‍ ‘സാര്‍, ഈ എല്‍ കെ ജി കുട്ടികളുടെ പോലെ ഞങ്ങള്‍ക്കിതൊന്നും തരരുത്’ എന്നാണ് പറയാറ്.
രാഷ്ട്രീയ ഇടപെടല്‍
♦അച്ചടക്കത്തിന്റെ കാര്യം പറയേണ്ട. രൂക്ഷമായ സംഘട്ടനങ്ങളൊക്കെയാണ് കാമ്പസില്‍ നടക്കാറുള്ളത്. അല്‍പകാലം മുമ്പ് അത്തരമൊരു വലിയ സംഘട്ടനം കാമ്പസില്‍ നടന്നിരുന്നു.സി സി ടി വി ദൃശ്യങ്ങളെല്ലാം പരിശോധിച്ച് യാതൊരു പക്ഷപാതിത്വവുമില്ലാതെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കോളജ് അധികൃതര്‍ സ്വീകരിക്കുകയുണ്ടായി. എന്നാല്‍ അതിന് തൊട്ടടുത്ത ദിവസം പ്രദേശത്തെ വലിയൊരു രാഷ്ട്രീയ നേതാവ് പ്രിന്‍സിപ്പലിനൊരു കത്ത് തന്നു. പ്രിന്‍സിപ്പലും മറ്റ് അധികൃതരും കര്‍ശന നടപടി എടുക്കാത്തതുകൊണ്ടാണ് കാമ്പസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് എന്നും മുഖം നോക്കാതെ നടപടി എടുക്കണമെന്നൊക്കെയായിരുന്നു ഉള്ളടക്കം. ഒരു ഭീഷണി രൂപത്തിലായിരുന്നു ആ കത്തുണ്ടായിരുന്നത്. അതിനെ തുടര്‍ന്ന് ഞങ്ങള്‍ നടപടി എടുത്തു. നടപടി എടുത്തപ്പോള്‍ ആ വിദ്യാര്‍ത്ഥികള്‍ ഈ വലിയ നേതാവിനെ പോയി കണ്ടു. ‘എന്ത് പണിയാണ് നിങ്ങള്‍ ചെയ്തത്. ഞങ്ങള്‍ക്കാണ് ശിക്ഷ ലഭിച്ചത്’ എന്നൊക്കെ സംസാരിച്ചിരിക്കാം. ഇയാള്‍ വിചാരിച്ചത് അദ്ദേഹത്തിന്റെ അണികളല്ല കുറ്റക്കാര്‍ എന്നായിരുന്നു. കാര്യം കുട്ടികളില്‍നിന്നറിഞ്ഞപ്പോള്‍ അയാള്‍ ഫോണില്‍ വിളിച്ചു: ‘ഞാനീ പ്രാവശ്യത്തെ പ്രശ്നമല്ല പറഞ്ഞത്. ഇനി മുതല്‍ നടപടി എടുക്കണമെന്നാണ് ഉദ്ദേശിച്ചത്’. നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യക്കാര്‍ നമ്മുടെ കാമ്പസില്‍ കൃത്യമായി ഇടപെടുന്നുണ്ട് എന്ന് വ്യക്തം. ഈ ഇടപെടല്‍ നമ്മുടെ അക്കാദമിക് സിസ്റ്റത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
♦കാമ്പസില്‍ വല്ലപ്പോഴും വരുന്ന, വന്നാല്‍ തന്നെ അടിപിടികളിലെല്ലാം പങ്കെടുത്ത് സസ്പെന്‍ഷനിലാവുന്ന ഒരു കുട്ടിയുണ്ട്. അവന്റെ ഹാജര്‍ നില പരിശോധിച്ചാല്‍ പരീക്ഷക്കിരിക്കാനുള്ള ഹാജര്‍ ഇല്ല. ഒരിളവ് നല്‍കിയാല്‍പോലും നിയമപ്രകാരം അതിന് സാധിക്കില്ലായിരുന്നു. എന്നാല്‍ അവന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യൂണിവേഴ്സിറ്റിയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളെ പോയി കണ്ട് അനുകൂല വിധി നേടിയെടുക്കുന്നു. തത്ഫലമെന്നോണം നിയമപരമായി യാതൊരു അര്‍ഹതയുമില്ലാത്ത ആള്‍ പരീക്ഷക്കിരിക്കുന്നു. ഇതിന്റെ സന്ദേശം എന്താണെന്നാല്‍, എന്ത് കളിച്ചാലും എത്ര ലീവെടുത്താലും ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങള്‍ നേടിയെടുക്കും, അതിന് ഞങ്ങള്‍ക്ക് ആളുണ്ട് എന്നാണ്. അതിനാല്‍ പരീക്ഷ, സസ്പെന്‍ഷന്‍ എന്നീ പേടികള്‍ ഒരു കുട്ടിയെയും നന്നായി പെരുമാറാന്‍ നിര്‍ബന്ധിക്കുന്നില്ല.
രാഷ്ട്രീയം, ഫ്രണ്ട്ഷിപ്പ്, ലഹരികള്‍ എന്നിവ നമ്മുടെ വിദ്യാര്‍ത്ഥികളുടെ അക്കാദമിക ലക്ഷ്യബോധത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
♦വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ എങ്ങനെ അതില്‍നിന്ന് തടിയൂരാമെന്ന് നമ്മളെക്കാള്‍ നിയമപരമായി അവര്‍ക്കറിയാം. ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യൂണിവേഴ്സിറ്റി തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥന്മാരെ വരെ ആശ്രയിച്ചെന്നിരിക്കും. അവസാനം വ്യക്തമായ തെളിവോടുകൂടെ കോപ്പിയടിക്കുന്ന വിദ്യാര്‍ത്ഥിയെ കണ്ടുപിടിച്ച് പരീക്ഷ എഴുതുന്നതില്‍നിന്നും വിലക്കിയ അധ്യാപകനാവും കുറ്റക്കാരന്‍. ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന മാരകമായ കുറ്റമൊക്കെയാവും ഈ അധ്യാപകനെതിരെ മേല്‍ഉദ്യോഗസ്ഥന് പറയാനുണ്ടാവുക. അതിനാല്‍ അല്‍പം രാഷ്ട്രീയ പശ്ചാതലമുള്ള കുട്ടി കോപ്പിയടിച്ചാല്‍ പിടിക്കാനോ അവന്‍ അധാര്‍മികമായി വല്ലതും ചെയ്താല്‍ ഉപദേശിക്കാനോ ഒന്നും ഇപ്പോള്‍ ഒരധ്യാപകരും മെനക്കെടാറില്ലെന്നാണ് തോന്നുന്നത്. വെറുതെ എന്തിന് വിനയാവണമെന്ന ധാരണയില്‍.
♦കാമ്പസ് പൊളിറ്റിക്സില്‍ പുറമെ നിന്നുള്ള രാഷ്ട്രീയം ഇടപെടുന്നുണ്ട് എന്നതാണ് മറ്റൊന്ന്. മുമ്പ് വല്ല അച്ചടക്ക നടപടിയും എടുത്ത അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതികാരം വീട്ടുന്നത് കാമ്പസില്‍ വലിയ പ്രശ്നങ്ങളുണ്ടാവുന്ന സമയത്താണ്. പുതിയ പ്രശ്നങ്ങളുടെ ഭാഗമാവാത്തവര്‍ പോലും മുമ്പെന്നോ എടുത്ത നീതിയുക്തമായ നടപടിയുടെ പേരില്‍ പോലും പ്രതിയായേക്കാനിടയുണ്ട്. ഈ അടുത്ത് നടന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിലൊക്കെ അങ്ങനെയുണ്ടായിട്ടുണ്ട്.
♦പുറമെയുള്ള രാഷ്ട്രീയക്കാരുടെ വിചാരം കാമ്പസ് രാഷ്ട്രീയവും അവരുടെ പരിധിയിലാണെന്നാണ്. കാമ്പസ് രാഷ്ട്രീയവും നാടന്‍ പൊളിറ്റിക്സും രണ്ടും രണ്ടു ലക്ഷ്യത്തിനുവേണ്ടിയുള്ളതാണെന്ന് കാമ്പസിന് പുറത്തുള്ളവരോര്‍ക്കുന്നില്ല. അതിന്റെ പരിണതിയായാണ് കാമ്പസില്‍ ചെറിയൊരു വിഷയമുണ്ടാവുമ്പോഴേക്ക് പുറമെ നിന്നുള്ളവര്‍ പാഞ്ഞെത്തുന്നത്. അതാണ് പിന്നീട് വലിയ ഇടപെടലുകളിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെക്കുന്നത്. കാമ്പസിനകത്ത് പറഞ്ഞു തീര്‍ക്കാമായിരുന്ന പലതും പുറം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് ഈ ബാഹ്യഇടപെടല്‍ നിമിത്തമാണ്. പ്രശ്നം മൂര്‍ച്ചിച്ച് നില്‍ക്കുമ്പോള്‍ തുടക്കക്കാരായ ആരും രംഗത്തുണ്ടാവില്ലെന്നതാണ് സത്യം.
കാമ്പസില്‍ എന്ത് നടക്കുന്നു എന്നറിയാന്‍ ഓരോ രാഷ്ട്രീയക്കാരും ഓരോ നിരീക്ഷകരെ കാമ്പസുകളില്‍ നിയമിക്കുന്നുണ്ട്. കാമ്പസ് രാഷ്ട്രീയം ലേണിംഗ് പര്‍പസിനുവേണ്ടി മാത്രമാണെന്ന് പുറം രാഷ്ട്രീയക്കാര്‍ മനസിലാക്കണം.
കാരണങ്ങള്‍
♦ലഹരി ഉപയോഗം പ്രൊഫഷണല്‍ കോളജുകളില്‍ കൂടാന്‍ കാരണം ഹോസ്റ്റല്‍ ജീവിതമാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ മിക്ക കുട്ടികളും ഡേ-സ്‌കോളേഴ്സ് ആണ്. എന്നാല്‍ പ്രൊഫഷണല്‍ കോളജുകളില്‍ തൊണ്ണൂറു ശതമാനം പേരും ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്. മിക്ക കോളജുകളിലും ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം പരിമിതമാണ്. അതിനാലവര്‍ സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കുന്നു. അതോടുകൂടെ അവരെ നിയന്ത്രിക്കാന്‍ ആളില്ലാതാവുന്നു. ലഹരിയും മറ്റും ക്രമേണ ഉപയോഗിച്ച് തുടങ്ങി പതിയെ അതിന് അടിമപ്പെടുന്നു.
♦നമ്മുടെ പരീക്ഷാ സിസ്റ്റവും ആകെ മാറിയിട്ടുണ്ട്. കോപ്പിയടി ഒരു വിഷയമല്ലാതായിരിക്കുന്നു. കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ തടിയൂരാന്‍ ഇന്ന് യൂണിവേഴ്സിറ്റി തന്നെ അവസരമൊരുക്കുന്നുണ്ട്. ചെറിയ കോപ്പിയടിക്ക് അഞ്ഞൂറും വലിയ കോപ്പിയടിക്ക് രണ്ടായിരവും ആണ് യൂണിവേഴ്സിറ്റി ഇടുന്ന വില. ഇങ്ങനെയൊക്കെയാവുമ്പോള്‍ എന്ത് ചെയ്താലും സര്‍ട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് പൂര്‍ത്തിയാക്കാമല്ലോ.
♦അധ്യാപക സമൂഹത്തില്‍ വന്ന മാറ്റങ്ങളും വലിയൊരളവില്‍ ഈ പ്രതിസന്ധികള്‍ക്ക് കാരണമാണ്. മുന്‍കാലങ്ങളിലുണ്ടായിരുന്ന ഗുരുസ്ഥാനീയരായ അധ്യാപകര്‍ കാമ്പസുകളില്‍ നിന്ന് പോയി. പ്രായവും പക്വതയും അനുഭവങ്ങളും നിറഞ്ഞവരുടെ ആ വിരമിച്ചുപോക്കിന് ശേഷം പുതിയ തലമുറക്ക് വിദ്യാര്‍ത്ഥികളുടെ മനസുകളില്‍ കയറിക്കൂടാന്‍ കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഗുരുവില്‍ നിന്ന് വല്ല മൊഴിമുത്തുകളും വീണുകിട്ടുമോ എന്നു നോക്കി വിദ്യാര്‍ത്ഥികള്‍ നിരന്തരം ഗുരുവിനെ പിന്തുടര്‍ന്നിരുന്ന ഒരു കാലം പാടെ ഓര്‍മയായി. ഇന്ന് ഗൂഗ്‌ളാണ് ഗുരു. അതിനാല്‍ തന്നെ അധ്യാപകന്‍ എന്ന ബിംബം തകര്‍ന്നുടഞ്ഞിരിക്കുന്നു. തോളില്‍ കയ്യിട്ടു നടക്കാവുന്ന അധ്യാപകരെയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കിഷ്ടം. എല്ലാ അധ്യാപകരും അങ്ങനെയാവണം എന്ന് കുട്ടികള്‍ ആഗ്രഹിക്കുമ്പോള്‍, ഉപദേശിക്കുകയും, ശാസിക്കുകയും ചെയ്യുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റിനിര്‍ത്തേണ്ടവരായി മാറുന്നു.
അരാജകം
♦ഞാന്‍ പ്രൊഫഷണല്‍ കോളജില്‍ പഠിച്ചിട്ടുമില്ല, പഠിപ്പിച്ചിട്ടുമില്ല. ഒരു പ്രൊഫഷണല്‍ കോളജിന്റെ കാമ്പസില്‍ പത്തുവര്‍ഷം താമസിച്ച ആളാണ്. അവിടെ ഒരു ആഘോഷമുണ്ടാവുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അത് പരമാവധി ആസ്വദിക്കാറാണ് പതിവ്. ഞാനവിടെ ഉണ്ടായിരുന്ന സമയത്ത് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമുണ്ട്. കോളേജ് ഡേ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം അവിടുത്തെ ഒരധ്യാപകന്‍ പുലര്‍ച്ചെ നാലുമണിക്ക് കാമ്പസിലെത്തുമത്രെ. അന്നേദിവസം കാമ്പസിന്റെ പലഭാഗത്തും കാണാനിടയുള്ള കുട്ടികളുടെ അടിവസ്ത്രങ്ങള്‍ ശേഖരിച്ച് നശിപ്പിക്കാനാണത്രെ ആ പ്രധാനാധ്യാപകന്‍ പുലര്‍ച്ചെ കാമ്പസിലെത്തുന്നത്.
♦കോളജുകളില്‍ നിരവധി ഒഴിവുകള്‍ വന്നിട്ടും ആ ഒഴിവുകള്‍ നികത്താനായി സ്റ്റാഫുകളെ നിയമിക്കുന്നില്ല എന്നതും അധ്യാപക വിദ്യാര്‍ത്ഥി പ്രശ്നങ്ങളില്‍ കാതലായ പങ്കുവഹിക്കുന്നുണ്ട്. മനഃശാസ്ത്രപരമായി ഓരോ വിദ്യാര്‍ത്ഥിയെയും സമീപിക്കണമെങ്കില്‍ അധ്യാപകര്‍ക്ക് സ്വസ്ഥതയും താങ്ങാവുന്ന ചുമുതലകളുമാണ് ഉണ്ടായിരിക്കേണ്ടത്. ആവശ്യമായ സ്റ്റാഫുകളുടെ അഭാവം മൂലം അമിത ജോലിഭാരം പേറുന്ന അധ്യാപകര്‍ക്കെങ്ങനെയാണ് സ്വസ്ഥമായി ക്ലാസെടുക്കാനും വിദ്യാര്‍ത്ഥികളിലേക്കിറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങളില്‍ പരിഹാരം നിര്‍ദേശിക്കാനുമാകുക.
ആഗ്രഹങ്ങളുടെ ചിത
♦പലപ്പോഴും എന്‍ജിനിയറിംഗ് കോളജിലെത്തുന്ന കുട്ടികള്‍ പലരുടെയും നിര്‍ബന്ധത്തിനോ പൊതു ട്രെന്റിനോ വഴങ്ങിയാവും വരുന്നത്. അവര്‍ക്ക് ക്ലാസ് സമയത്ത് ഈ വിഷയങ്ങളില്‍ ശ്രദ്ധിക്കാനാവുന്നില്ല. തത്ഫലമായി അവര്‍ ആ സമയത്ത് മറ്റു ഏര്‍പാടുകളിലേക്ക് തിരിയുന്നു.
♦ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനോഭാവം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ടെക്നിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ ഒരു വൈസ് ചാന്‍സിലര്‍, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് രംഗത്തെ ഒരു രജിസ്ട്രാര്‍ എന്നിവര്‍ ചേര്‍ന്നിരുന്ന ഒരു ചര്‍ച്ചയില്‍ ഈ മനോഭാവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഡോക്ടര്‍ ആവാന്‍ ആഗ്രഹിക്കാത്ത മകനെ തല്ലിപ്പഴുപ്പിച്ച് ഡോക്ടര്‍ ആക്കുമ്പോള്‍ രക്ഷിതാക്കള്‍ ആഗ്രഹിച്ച മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഒരുപക്ഷേ അവന് കഴിഞ്ഞോളണമെന്നില്ല. കഴിഞ്ഞാല്‍ തന്നെ അതിനോടവന് നീതിപുലര്‍ത്താന്‍ സാധിക്കില്ല. ജീവിതത്തില്‍ ആഗ്രഹിച്ച മേഖലയിലല്ല നില്‍ക്കുന്നത് എന്നതിനാല്‍ അവന് കാര്യമായൊന്നും ഈ മേഖലയില്‍ സംഭാവന ചെയ്യാനും സാധിക്കില്ല. ഏത് വിദ്യാഭ്യാസ രംഗത്തായാലും ആഗ്രഹിക്കാത്ത വിഷയത്തില്‍ പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന മിക്കപേര്‍ക്കും ആ വിഷയത്തോട് സമരസപ്പെടാനും നീതി പുലര്‍ത്താനും സാധിക്കില്ല. തത്ഫലമായി അവര്‍ കാമ്പസ് കാലം മറ്റു പല ഏര്‍പാടുകള്‍ക്കും വേണ്ടി വിനിയോഗിക്കുന്നു.
♦കോളജുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരാഗ്രഹിക്കുന്ന കോഴ്സിലായിരിക്കില്ല അഡ്മിഷന്‍ ലഭിച്ചിട്ടുള്ളത് എന്നതും കാമ്പസ് ജീവിതം ആഘോഷമാക്കി മാറ്റാനുള്ള ഒരു കാരണമാണ്. എക്കണോമിക്സ് ആഗ്രഹിക്കുന്നവന് പൊളിറ്റിക്സ് ആയിരിക്കും ലഭിച്ചിട്ടുണ്ടാകുക. ബി.കോം ആഗ്രഹിക്കുന്നവന് മറ്റേതെങ്കിലും ആയിരിക്കും ലഭിച്ചിട്ടുണ്ടാവുക. അതിനാല്‍ തന്നെ താന്‍ പഠിക്കുന്ന കോഴ്സിന്റെ എംപ്ലോയബിലിറ്റിയിലും അവര്‍ ആശങ്കാകുലരായിരിക്കും. കോളജ് ജീവിതം ഇഷ്ടമില്ലാത്ത കോഴ്സ് പഠിച്ച് പാഴാക്കാന്‍ ആഗ്രഹിക്കാത്ത അവര്‍ പിന്നീട് അടിച്ചുപൊളിച്ച് കോളജ് ലൈഫ് ആസ്വദിക്കാനാണ് ശ്രമിക്കുന്നത്.
♦വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചല്ല യൂണിവേഴ്സിറ്റി അലോട്ട്മെന്റ് നടത്തുന്നത്. ബി ബി എയിലുള്ള നന്നായി പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് അറ്റന്റന്‍സില്‍ വളരെ ഷോര്‍ട്ടേജ് വന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അവന്‍ പുറത്തെ ലൈബ്രറികളിലാണ് സമയം ചെലവഴിക്കുന്നത് എന്ന് കണ്ടെത്തിയത്. സിവില്‍ സര്‍വീസിന് വേണ്ടി പരിശ്രമിക്കുന്ന അവന് ലഭിച്ച കോഴ്സാകട്ടെ ബി ബി എയും. അറ്റന്റന്‍സ് ഷോര്‍ട്ടേജ് വന്നതിനാല്‍ അവന് പരീക്ഷയെഴുതാന്‍ സാധിച്ചില്ല. അവന് സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ക്ക് താത്പര്യമില്ലാത്ത കോഴ്സ് ലഭിച്ചു എന്നത് ഒരു പ്രതിസന്ധി തന്നെയാണ്. സയന്‍സ് താത്പര്യമുള്ള 85 ശതമാനം മാര്‍ക്കുള്ള ഒരു വിദ്യാര്‍ത്ഥി ഡിഗ്രിക്ക് അപേക്ഷിക്കുമ്പോള്‍ 90 ശതമാനം മാര്‍ക്കുള്ളവരെ വെച്ച് സയന്‍സ് വിഷയങ്ങള്‍ ഫില്‍ ആയിട്ടുണ്ടാകും. സെക്കന്‍ഡ് ഓപ്ഷനില്‍ ഈ വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നത് അറബിക് അല്ലെങ്കില്‍ ഉറുദു, ഇസ്ലാമിക് സ്റ്റഡീസ് വിഷയങ്ങളായിരിക്കും. ഒരുപക്ഷേ, ആ വിദ്യാര്‍ത്ഥി ജീവിതത്തിലൊരിക്കലും ആഗ്രഹിച്ച വിഷയങ്ങളായിരിക്കില്ല അവ. അഭിരുചിയുടെ അടിസ്ഥാനത്തിലല്ല, മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി അലോട്ട്മെന്റ് നടത്തുന്നത് എന്നത് വലിയൊരു പ്രശ്നമാണ്.
പൊതുബോധം
♦കാമ്പസിനകത്തെ അധ്യാപകരില്‍ പല പശ്ചാതലമുള്ളവരുമുണ്ടാകുമല്ലോ. നമ്മുടെ പശ്ചാതലത്തിലെ മൂല്യം വെച്ച് നോക്കുമ്പോള്‍, അതിനെതിരെ നീങ്ങിയവരെയാണ് നാം അച്ചടക്കമില്ലാത്തവരായി കാണുന്നത്. അങ്ങനെ നാം വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതുബോധത്തില്‍ ഇത് അച്ചടക്ക ലംഘനമായിരിക്കില്ല. അതോടെ നടപടിയെടുത്ത അധ്യാപകന്‍ പൊതുബോധത്തിനുമുന്നില്‍ ഒറ്റപ്പെടുന്നു. അതിനാല്‍ നമ്മുടെ വഴി മാത്രമാണ് ശരി എന്ന് ചിന്തിക്കാതെ, ആ വഴിക്ക് നമ്മുടെ വിദ്യാര്‍ത്ഥികളെ നടത്താന്‍ ശ്രമിക്കാതെ അതിനോട് സമരസപ്പെടാനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്.
♦വിദ്യാര്‍ത്ഥികളുടെ നവലിബറല്‍ കാഴ്ചപ്പാടുകള്‍ക്ക് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ആലങ്കാരികതയുള്ളതിനാല്‍ ഇന്റലക്ച്വല്‍ പൊതുബോധത്തിന്റെയും നവ മാധ്യമങ്ങളുടെയും പരിപൂര്‍ണ പിന്തുണ അവര്‍ക്കുണ്ട്. അധ്യാപകന്റെയും സംവിധാനങ്ങളുടെയും ഒരു ചെറിയ നിലപാടുപോലും വന്‍വിവാദമാവാന്‍ അതുമതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീനിയര്‍ കുട്ടികള്‍ ഒന്നാം വര്‍ഷ കുട്ടികളുടെ ക്ലാസില്‍ കയറുന്നതുമായി ബന്ധപ്പെട്ട് എടുത്ത ഒരു മൂല്യാധിഷ്ടിത നിലപാടില്‍ കോളജ് മുഴുവന്‍ മൂന്ന് ദിവസത്തോളം സംഘര്‍ഷഭരിതമായത് ഓര്‍ക്കുന്നു. മൂന്ന് ദിവസം ലീവെടുപ്പിച്ചാണ് അധികാരികള്‍ എന്നെയും കോളജിനെയും അന്ന് രക്ഷിച്ചത്. ഏതാനും ആന്റി റാഗിംഗ് കമ്മിറ്റികളില്‍ മെമ്പറായിരുന്നു ഞാന്‍. വിദ്യാര്‍ത്ഥികളുടെ നിലപാടുകളിലെ കാര്‍ക്കശ്യം ഏതറ്റം വരെ അവരെ കൊണ്ടുപോകും എന്ന് അതിലൂടെയൊക്കെ തിരിച്ചറിയാന്‍ എനിക്കായി. സാമ്പത്തിക, രാഷ്ട്രീയ സ്വാധീനങ്ങളിലൂടെ വാദിയും പ്രതിയും കോമ്പ്രമൈസായി അക്കാദമിക് സമയം വെറുതെ പാഴാക്കിക്കളയുന്നു. സ്ഥാപന മേലാധികാരികള്‍ പോലും മാനസിക പിരിമുറുക്കത്തിനടിമപ്പെട്ട് ഒരു നിലപാട് എടുക്കാനാവത്ത അവസ്ഥയിലാണ്.
ഗുരുവായിരിക്കണം
♦ആരോ ഒരു സ്ഥാപനം തുടങ്ങിയതുകൊണ്ട് അവിടെ ഒരു അധ്യാപകനായിപ്പോവുകയാണ് ഇപ്പോഴത്തെ അധ്യാപകര്‍. നമ്മളില്ലെങ്കില്‍ അവിടെ മറ്റൊരാള്‍ വരും എന്ന ബോധം നമുക്കും വന്നു. നമ്മള്‍ പഠിക്കുമ്പോള്‍ അങ്ങനെയല്ലല്ലോ. ആ അധ്യാപകനുള്ളതുകൊണ്ടാവും നമ്മെ നമ്മുടെ രക്ഷിതാക്കള്‍ അവിടെ ചേര്‍ത്തിരിക്കുക. ആ സ്ഥാപനം നിലനിന്നുപോവുന്നതുതന്നെ ആ അധ്യാപകന്റെ മികവിലായിരിക്കും.
♦ധാര്‍മിക മൂല്യങ്ങളുള്ള ഒരാള്‍ക്ക് നീതി പുലര്‍ത്താനാവാത്ത മേഖലയായി അധ്യാപനവൃത്തി മാറിക്കഴിഞ്ഞു. ടെക്നോളജിയൊക്കെ ഇത്ര വികസിച്ച കാലത്ത് മറ്റൊരു ബിസിനസിനും കൊള്ളാത്തവരാണ് അധ്യാപകനായി കാമ്പസിലെത്തുന്നത് എന്ന തോന്നല്‍ നമുക്കിടയില്‍ തന്നെ വന്നു. എന്നാല്‍ കഷ്ടപ്പെട്ട് അധ്യാപനവൃത്തി ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവരെ കാണാതിരുന്നുകൂടാ. വിദ്യാര്‍ത്ഥികളുമായി നല്ലനിലയില്‍ സഹകരിച്ച് പോവണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. പക്ഷേ അവരുടെയൊക്കെ എന്തെങ്കിലും വീക്ക്‌നെസ് വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യുന്നു.
♦പഴയ തലമുറ അധ്യാപകരെപ്പോലെ അറിവും അനുഭവവുമുള്ള അധ്യാപകര്‍ വേരറ്റു പോകുന്നു എന്നതും ഒരു വസ്തുതയാണ്. വായനയിലൂടെയും ചര്‍ച്ചകളിലൂടെയുമൊക്കെ നിരന്തരം അപ്‌ഡേറ്റ് ചെയ്തിരുന്ന അധ്യാപകര്‍ക്ക് പകരം, ഇന്ന് നല്ലൊരു ശതമാനം അധ്യാപകരും ഗൂഗ്‌ളിനെ ഗുരുവായി കാണുന്നവരാണ്. അതുകൊണ്ടുതന്നെ കുട്ടിക്ക് കിട്ടാത്ത വല്ലതും പറഞ്ഞു കൊടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ വരുന്നു. ഇതും അധ്യാപകന്‍ എന്ന ബിംബത്തിന്റെ തകര്‍ച്ചയില്‍ വലിയൊരു ഘടകമാണ്.
♦മറ്റൊന്ന്, കാമ്പസിലെ അധ്യാപകര്‍ക്കിടയില്‍ തന്നെ വലിയ ജനറേഷന്‍ ഗ്യാപ്പുണ്ട്. മുതിര്‍ന്ന അധ്യാപകര്‍ വലിയ മൂല്യങ്ങളും പാരമ്പര്യവും മുറുകെ പിടിക്കുന്നവരാവും. പുതിയ അധ്യാപകര്‍ അധികവും പുതിയ കാലത്തെ സിനിമകളില്‍ നിന്നെല്ലാം രൂപപ്പെട്ടുവന്ന പൊതുബോധത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട നവലിബറല്‍ ചിന്താഗതിക്കാരാണ്. ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും കൈപിടിക്കുന്നതും ഒന്നിച്ചു ആഘോഷിക്കുന്നതും ഈ രണ്ടു വിഭാഗം അധ്യാപകരും രണ്ടു രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.
♦എന്‍ജിനിയറിംഗ് കോളജില്‍ അധ്യാപകനായിരുന്ന സമയത്ത് കുട്ടികള്‍ തമ്മില്‍ അടിപിടി നടന്നു. ഒരു അധ്യാപകന്റെ ധാര്‍മിക ചുമതല ഓര്‍ത്ത് ഞങ്ങള്‍ കുറച്ച് തുടക്കക്കാരായ അധ്യാപകര്‍ ഇടപെട്ടു. എന്നാല്‍ പിന്നീട് ഞങ്ങള്‍ക്കുതന്നെ അത് വിനയായി. പോലീസ് അന്വേഷണം, സാക്ഷി പറയല്‍ എന്നിങ്ങനെ കുറെ സമയം ചെലവഴിക്കേണ്ടിവന്നു. അവസാനം അടികൂടിയവര്‍ ഒത്തു തീര്‍പ്പിലെത്തി.
കോളജ് അതോറിറ്റി എന്ത് നടപടി എടുത്താലും രാഷ്ട്രീയക്കാര്‍ വന്ന് അവസാനം അത് ഒത്തുതീര്‍പ്പാക്കും. അപ്പോഴാണ് നാമറിയുക, നമ്മുടെ സമയവും അധ്വാനവുമെല്ലാം പാഴായെന്ന്. ഏറ്റവും നല്ലത് കരിയര്‍ മാത്രം ശ്രദ്ധിച്ച് പോവുന്നതാവും.
കുട്ടികള്‍ നന്നാവട്ടെ എന്ന് ചിന്തിച്ച് ചെയ്യുന്ന ഇടപെടലുകള്‍ അവസാനം അയാള്‍ക്കുതന്നെ ഇടങ്കോലാവും. ഒരുവിഭാഗം അധ്യാപകര്‍ ഇടപെടാതിരിക്കുക കൂടിയായാല്‍ കുട്ടികള്‍ നമ്മളോട് ചോദിക്കും: ‘സാറേ, അയാള്‍ക്കൊന്നും പ്രശ്നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ ഇത്ര പശ്നം?’
♦വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പ് നികത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ മനോനിലവാരത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ സര്‍ഗാത്മക ചിന്തകളോടൊപ്പം നില്‍ക്കാനും അധ്യാപകര്‍ തയാറാകണം. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഗൈഡ് ലൈന്‍ നല്‍കുക എന്നതിനപ്പുറം അധ്യാപകര്‍ പഠിച്ചിരുന്ന കാലത്തെ വിദ്യാര്‍ത്ഥി ‘വേഷ’ങ്ങള്‍ ഇവരെ ഉടുപ്പിക്കണമെന്ന കടുംപിടുത്തം സാധ്യമല്ല എന്നത് അധ്യാപകര്‍ തിരിച്ചറിയണം. പുതുതലമുറയുടെ മാറ്റങ്ങളെ ഉള്‍കൊള്ളുന്നതോടൊപ്പം തന്നെ അധ്യാപകര്‍ ഗുരുസ്ഥാനീയരാകേണ്ടതുണ്ട്. കുട്ടികളുടെ സ്നേഹവും ആദരവും ബഹുമാനവും നേടാനുതകുന്ന തരത്തിലുള്ള അറിവും അനുഭവവും ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്.
♦കോളജ് അധ്യാപകര്‍ ടെക് ലിറ്ററസി നേടണം. ഇന്നുള്ള അധ്യാപകരില്‍ ഭൂരിപക്ഷവും കമ്പ്യൂട്ടറിനെ തൊട്ടവരാണ്, അറിഞ്ഞവരല്ല. സാങ്കേതിക വിദ്യ അതിന്റെ ഉത്തുംഗതയിലെത്തി നില്‍ക്കുന്ന കാലത്ത് അധ്യാപകര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തയാളാണെങ്കില്‍ അത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അധ്യാപകനോടുള്ള മതിപ്പ് കുറക്കും. സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗവും ക്ലാസ്റൂമിലുമെത്തണം. ക്ലാസുകളില്‍ അതും ചര്‍ച്ചയാവണം. മറ്റൊന്ന് ഓരോ വിദ്യാര്‍ത്ഥിയെയും അടുത്തറിയാന്‍ അധ്യാപകര്‍ ശ്രമിക്കണം. വീട്ടിലെ സാഹചര്യവും അവരുടെ ജീവിത നിലവാരവും മനസിലാക്കിയാല്‍ ആ നിലവാരത്തില്‍ നിന്ന് അവരോട് സംസാരിക്കാനും അവരുടെ പ്രശ്ന പരിഹാരങ്ങള്‍ക്കുള്ള ഉപദേശങ്ങള്‍ നല്‍കാനും സാധിക്കും.
അധ്യാപകര്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം വിദ്യാര്‍ത്ഥികള്‍ക്കറിയാം. അതുകൊണ്ടാണ് അധ്യാപകന്റെ ഉപദേശങ്ങള്‍ക്കോ നിര്‍ദേശങ്ങള്‍ക്കോ വേണ്ടത്ര പരിഗണന വിദ്യാര്‍ത്ഥികള്‍ നല്‍കാതെ പോകുന്നത്. താന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സദുപദേശങ്ങളും നിര്‍ദേശങ്ങളും സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ അധ്യാപകര്‍ തയാറാകണം. പറയുന്നതേ പ്രവര്‍ത്തിക്കാവൂ, പ്രവര്‍ത്തിക്കുന്നതേ പറയാവൂ എന്ന് നിര്‍ബന്ധം പിടിച്ചാല്‍ സ്വജീവിതവും പാവനമാക്കാന്‍ അധ്യാപകര്‍ക്കാവും.
♦ എന്‍ട്രി ലെവലില്‍ തന്നെ ടീച്ചേഴ്സിന് കൃത്യമായ ട്രൈനിംഗ് നല്‍കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ എങ്ങനെ സമീപിക്കാം എന്നതിനെക്കുറിച്ചുള്ള ആറ് മാസമോ ഒരു വര്‍ഷമോ നീണ്ടു നില്‍ക്കുന്ന പരിശീലനം അത്യാവശ്യമാണ്. അധ്യാപനശാസ്ത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്‌കൂള്‍ തലങ്ങളില്‍ നടക്കാറുണ്ട്. പക്ഷേ കോളജ് തലത്തിലെ വിദ്യാഭ്യാസം എങ്ങനെ വേണമെന്ന് ആര്‍ക്കുമറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബി എഡ് ചെയ്യാത്ത കോളജ് അധ്യാപകര്‍ക്ക് ക്വസ്റ്റ്യന്‍ പേപ്പര്‍ സെറ്റ് ചെയ്യേണ്ട കൃത്യമായ രീതി പോലും അറിയില്ല. അവര്‍ക്കതിനുള്ള ട്രൈനിംഗ് ലഭിച്ചില്ല. അതിനാല്‍ അധ്യാപകര്‍ക്ക് കോളജുകളില്‍ നിയമിക്കപ്പെട്ടാല്‍ ആദ്യം വേണ്ടത് ഇതുപോലെയുള്ള പരിശീലനമാണ്.
♦മുന്‍കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരെ പേടിയായിരുന്നു. അങ്ങേയറ്റത്തെ ആദരവില്‍ നിന്ന് ഉടലെടുത്തിരുന്ന പേടിയായിരുന്നു അത്. ആ ഒരു കാലത്തില്‍ നിന്നാണ് ഇപ്പോഴും പല അധ്യാപകരും ക്ലാസെടുക്കുന്നത്. അതുകൊണ്ടാണ് എന്തെങ്കിലും ചെറിയ ഒരു ഇഷ്യൂ ഉണ്ടാകുമ്പോഴേക്ക് ഗെറ്റൗട്ട് അടിക്കലും പണിഷ്മെന്റുമൊക്കെ പ്രയോഗിക്കുന്നത്. ഒരു ക്ലാസിലിരിക്കുന്ന വിദ്യാര്‍ത്ഥികളോരോരുത്തരും വ്യത്യസ്തരാണ്. പല ആവശ്യങ്ങള്‍ക്കായാണ് പലരും കോളജിലെത്തുന്നത്. ഇവരെയെല്ലാവരെയും ഒരേ തരത്തില്‍ വീക്ഷിക്കുന്നത് ഇന്നത്തെ സ്ഥിതിയില്‍ പരാജയമാണ്. ക്ലാസില്‍ സ്ട്രിക്ട് ആകുന്ന അധ്യാപകന്റെ ഓരോ ചലനങ്ങളും ഉപദേശങ്ങളും സംസാരവും വരെ വിദ്യാര്‍ത്ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ട്രോളുകളായി പിറക്കുന്നുണ്ട് എന്നത് തിരിച്ചറിയണം. പുതിയ തലമുറക്ക് ഉപദേശങ്ങള്‍ തീരെയും താത്പര്യമില്ല. അതുമനസിലാക്കി ഉപദേശ രീതിയില്‍ കാലത്തെ വെല്ലുവിളിക്കുന്ന മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ ക്ലാസിലിരുന്ന് തലപുണ്ണാക്കി പഠിക്കേണ്ട ആവശ്യം വിദ്യാര്‍ത്ഥികള്‍ക്കില്ല. പരീക്ഷക്ക് മുന്നോടിയായി എല്ലാ വിഷയങ്ങളിലും മൂന്നും നാലും ദിവസത്തെ ക്രാഷ് കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഓരോ കോളജിന് മുമ്പിലുമുണ്ട്. അവിടെ ചേര്‍ന്ന് മൂന്ന് ദിവസം കഷ്ടപ്പെട്ടാല്‍ തന്നെ പരീക്ഷ പാസാവാനുള്ള മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുമുണ്ട്. അതുകൊണ്ടാണ് വെറുതെ ക്ലാസില്‍ ശ്രദ്ധിക്കാതെയിരിക്കുന്ന കുട്ടികളെ ചീത്തപറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാവുന്നത്. കാമ്പസിലെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്, വിദ്യാര്‍ത്ഥികളോടൊപ്പം നിന്നാലേ കുറച്ചെങ്കിലും അധ്യാപകര്‍ പറയുന്നിടത്ത് അവരെ കിട്ടൂ എന്നത് ഓരോ അധ്യാപകരും മനസിലാക്കേണ്ടതുണ്ട്.
സിനിമ
♦സിനിമയും വിദ്യാര്‍ത്ഥികളെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. പണ്ടൊക്കെ നല്ല രൂപത്തില്‍ പഠിച്ച് എങ്ങനെ നല്ല ജോലി നേടാമെന്ന് പറഞ്ഞിരുന്ന സിനിമകളുണ്ടായിരുന്നെങ്കില്‍ ഇന്ന് അധ്യാപികയെ/ അധ്യാപകനെ എങ്ങനെ ‘വളച്ചെടുക്കാമെന്ന്’ പറയുന്ന സിനിമകളാണല്ലോ വരുന്നത്.
ക്ലാസ് മോശമായാലും അന്യോന്യം കമ്പനി ഉണ്ടായാല്‍ മതി എന്ന ബോധം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വന്നു. അധ്യാപകര്‍ ശമ്പളം പറ്റുന്നവര്‍ മാത്രമായി മാറിയതിന്റെ പരിണിതിയാണിത്.
♦കോളജുകളില്‍ ലേണിംഗ് കള്‍ച്ചറിന് പകരം സെലിബ്രേഷന്‍ കള്‍ച്ചറാണ് ഇപ്പോഴുള്ളത്. എന്തും ആഘോഷമാക്കി മാറ്റുന്ന പ്രവണതയാണത്. ഇതര സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നടക്കുന്നതെന്തോ അത് നമ്മുടെ നാട്ടിലേക്കും അഡോപ്റ്റ് ചെയ്യപ്പെടുകയാണ്. വെസ്റ്റേണ്‍ കള്‍ച്ചര്‍ അഡോപ്റ്റ് ചെയ്തിട്ടുള്ള കാമ്പസുകളിലെ ആഘോഷങ്ങള്‍ യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയകളിലും കണ്ടും അവിടെ പഠിക്കുന്ന മലയാളികളില്‍ നിന്ന് കേട്ടും മനസിലാക്കിയ നമ്മുടെ വിദ്യാര്‍ത്ഥികളും ആ സെലിബ്രേഷന്‍ കള്‍ച്ചര്‍ ഇവിടെയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. സെലിബ്രേഷന്‍ കള്‍ച്ചറിന് മറ്റൊരു കാരണം സിനിമകളാണ്. കാമ്പസ് പ്രമേയമാക്കിയുള്ള സിനിമകളില്‍ സിമ്പലൈസേഷന്‍ ഉള്‍പ്പെടെ കോളജ് വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്ന തരത്തിലുള്ള കൃത്യമായ അജണ്ടകള്‍ നടപ്പിലാക്കുന്നുണ്ട്. ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതും പഞ്ച് ചെയ്യുന്നതും അമിതമായ സെലിബ്രേഷനിടയാക്കുന്നു. കഞ്ചാവിന്റെ ഉപയോഗമൊക്കെ ഇതിന്റെ ഭാഗമാണ്.
കോളജില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിക്കുന്നത് പോലും വിദ്യാര്‍ത്ഥികള്‍ക്ക് സെലിബ്രേഷനാണ്. കോളജിലെ ഹീറോയാകാനുള്ള അവസരമായിട്ടാണ് അതിനെ കാണുന്നത്.
പരിഹാരം
♦ഇതൊക്കെ ഇത്ര പ്രശ്‌നമാക്കാനുണ്ടോ എന്ന ചോദ്യത്തിനു മുന്നില്‍ അധ്യാപകര്‍ നിസഹായരായി മാറുന്നു. കുറച്ചു കൂടി ഫ്‌ളെക്‌സിബിളാവുക എന്നതാണ് ഇവിടെ അധ്യാപകര്‍ക്ക് ചെയ്യാനുള്ളത്. അങ്ങനെയാവുമ്പോള്‍ പലതിന് നേരെയും കണ്ണടക്കേണ്ടി വരും. അധ്യാപകരെങ്കിലും ഇത്തരം കാര്യങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പിന്നെ ഇടപെടാന്‍ ആര് എന്ന ചോദ്യം നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
♦ ഇന്ന് കോളജുകളിലെ അധ്യാപകരിലധികവും വളരെ ചെറുപ്പക്കാരാണ്. രക്ഷിതാക്കള്‍ തന്റെ മക്കളെ പഠിപ്പിക്കുന്ന ചെറുപ്പക്കാരായ അധ്യാപകരെ കാണുമ്പോള്‍ ഇയാള്‍ക്ക് തന്റെ മകനെ നിയന്ത്രിക്കാന്‍ കഴിയുമോ എന്ന് ശങ്കിക്കുന്നുണ്ട്. ചെറുപ്പക്കാരായ അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന സ്വഭാവമുള്ളവരാണ്. പോകട്ടെ എന്ന് ചോദിക്കുമ്പോള്‍ പോവേണ്ട, ചെയ്യട്ടെ എന്ന് ചോദിക്കുമ്പോള്‍ ചെയ്യേണ്ട എന്നൊക്കെ ഒറ്റയടിക്ക് മറുപടി നല്‍കുമ്പോള്‍ പ്രതികരണ ശേഷിയുള്ള ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ അതെന്താ സാറേ പോയാല്‍ എന്ന് മറുചോദ്യം ചോദിക്കുന്ന അവസ്ഥയാണ്. പണ്ട് അധ്യാപകര്‍ക്ക് മുമ്പില്‍ പഞ്ചപുച്ഛമടക്കിയിരുന്ന വിദ്യാര്‍ത്ഥികളല്ല ഇന്നുള്ളത്. അധ്യാപകര്‍ ക്ഷമാശീലരായാല്‍ തന്നെ കാമ്പസുകളിലെ ഒട്ടുമിക്ക പ്രശ്നങ്ങളുമില്ലാതാകും. പ്രശ്നങ്ങളില്‍ ഉടനടി ആക്ഷനെടുക്കുമ്പോള്‍ അത് പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയാണ് ചെയ്യുന്നത്. ചെറിയ വിട്ടുവീഴ്ചകള്‍ക്ക് തയാറാവണം. നിരവധി പ്രശ്നങ്ങളില്‍ നോട്ടപ്പുള്ളിയായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു പ്രശ്നത്തില്‍ കയ്യോടെ പിടികൂടിയ സമയത്ത് എല്ലാ അധ്യാപകരും അവനെതിരെ ആക്ഷനെടുക്കണമെന്ന് പ്രിന്‍സിപ്പലിനെ നിര്‍ബന്ധിച്ചു. പക്ഷേ അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറായി. പിന്നീട് ആ കോളജിലെ തന്നെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിയായി അവന്‍ മാറി എന്നത് അനുഭവമാണ്.
♦ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരിക്കലും ഒരു കുട്ടിയെ ആക്ഷേപിക്കാനോ ചോദ്യം ചെയ്യാനോ പാടില്ല. അത് ദോഷം ചെയ്യും. പ്രശ്നത്തിലുള്ള വിദ്യാര്‍ത്ഥിയെ സ്വകാര്യമായി വിളിച്ച് അവന്റെ വ്യക്തിപരമായ കാര്യങ്ങള്‍ നാം അറിയാന്‍ ശ്രമിക്കണം. ഒട്ടനവധി പ്രശ്‌നങ്ങള്‍ വീട്ടിലും കുടുംബത്തിലും നേരിടുന്നവരായിരിക്കും അവര്‍.
കാമ്പസില്‍ ജീവിക്കുമ്പോള്‍ അവര്‍ കുടുംബവും ലക്ഷ്യവും മറക്കുകയാണ്. പലരും കരഞ്ഞുകൊണ്ടൊക്കെയാണ് നമ്മോട് അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് പറയുക. പിന്നീട് നാം തന്ത്രപരമായി ഉപദേശിച്ചാല്‍ അത് വലിയ ഫലം ചെയ്യും.
♦നമ്മുടെ കാമ്പസുകളില്‍നിന്ന് കലയും സാഹിത്യവും അന്യംനിന്നു എന്നുള്ളതും മറ്റു ഏര്‍പ്പാടുകളിലേക്ക് തിരിയാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നുണ്ട്. കാമ്പസ് സെലിബ്രേഷന്‍ കള്‍ച്ചറിലാണെങ്കിലും ആര്‍ട്സ് ഫെസ്റ്റ് നടക്കുന്ന സമയത്ത് പോലും പുതിയ, മികവിലുള്ള കലാപ്രകടനങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികളില്‍നിന്നുണ്ടാവുന്നില്ല. എല്ലാത്തിനും പണം കൊടുത്ത് പുറമെനിന്ന് ആളെ ഇറക്കുകയാണ്.
ഏതെങ്കിലും കുട്ടിക്ക് കലാവാസനയുണ്ടെങ്കില്‍ അവനെ പ്രോത്സാഹിപ്പിക്കാനും പ്രൊമോട്ട് ചെയ്യാനും ആളില്ല. കലയ്ക്കും സാഹിത്യത്തിനും വേണ്ടിയൊക്കെ സമയം ചെലവഴിക്കുന്ന സ്ഥിതിയുണ്ടായാല്‍ അതൊരു നല്ല മുന്നേറ്റമാവും. അതോടെ വിദ്യാര്‍ത്ഥികള്‍ ഈ രാഷ്ട്രീയ അടിമത്വത്തില്‍നിന്ന് മോചിതരാവുമെന്ന് ഉറപ്പിക്കാം.
♦കേരളത്തിന് പുറത്ത് ചില കാമ്പസുകളില്‍ നല്ല കലാസാഹിത്യസംസ്‌കാരമുണ്ട്. ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന ബാംഗ്ലൂര്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഇതില്‍ വലിയ താല്‍പര്യമുള്ള ആളായിരുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പാഠ്യ-പാഠ്യേതര മികവുകളെ അദ്ദേഹം വല്ലാതെ പ്രോത്സാഹിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും മത്സരത്തില്‍ ഫസ്റ്റോ മറ്റോ നേടിയാല്‍ കാമ്പസിലെല്ലായിടത്തും അവരെ അഭിനന്ദിച്ച് നോട്ടീസ് പതിക്കും. സ്വാഭാവികമായും ഇത് കാണുന്ന മറ്റുകുട്ടികള്‍ക്കും ഇങ്ങനെയൊക്കെ നേടണമെന്നും ഞങ്ങളുടെ പേരും ഇത്തരത്തില്‍ എല്ലായിടത്തും ശ്രദ്ധിക്കപ്പെടണമെന്നുമുള്ള ആഗ്രഹമുണ്ടാവും.
♦ക്ലാസില്‍ ഫാനിടട്ടേ എന്ന് ചോദിച്ചാല്‍ പോലും ഗെറ്റൗട്ട് അടിക്കുന്ന അധ്യാപകരുണ്ട്. പക്ഷേ ഇവാല്യുവേഷനില്‍ അവര്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് ലഭിക്കുന്നു. പൊതുവേ സ്ട്രിക്ട് ആയ അധ്യാപകരോട് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പകയോ വിദ്വേഷമോ ഈ അധ്യാപകനോടില്ല. ഇതിന് കാരണം അദ്ദേഹത്തിന്റെ മാഗ്‌നിഫിഷ്യന്റ് ആയ ക്ലാസ് തന്നെയാണ്. ക്ലാസിലനങ്ങാന്‍ സമ്മതിക്കില്ലെങ്കിലും എത്ര ദുര്‍ഗ്രാഹ്യമായ വിഷയവും സിമ്പിള്‍ ആയി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ള കഴിവാണ് അദ്ദേഹത്തോടുള്ള വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാട് വ്യത്യസ്തമാക്കുന്നത്.
♦ചില അധ്യാപകരുടെ ക്ലാസുകളില്‍ കുട്ടികള്‍ നിറഞ്ഞിരിക്കുന്നതും മറ്റു ചിലരുടെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞുപോകുന്നതും ആ അധ്യാപകരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനനുസരിച്ചാണ്. ക്ലാസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പാഠഭാഗങ്ങള്‍ മാത്രം വിശദീകരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മടുപ്പുണ്ടാക്കും. പകരം തുടക്കത്തില്‍ പാഠഭാഗങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനം പത്തോ പതിനഞ്ചോ മിനുട്ട് നേരം ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളോ പൊതുവിഷയങ്ങളോ തമാശകളോ ഒക്കെ പങ്കുവെക്കുന്നത് അധ്യാപകനോടും അദ്ദേഹത്തിന്റെ ക്ലാസിനോടും വിദ്യാര്‍ത്ഥികള്‍ക്കുള്ള മതിപ്പും ഇഷ്ടവും വര്‍ധിപ്പിക്കും.
പള്ളിദര്‍സുകളിലും ദഅ്വാ കോളജുകളിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉസ്താദുമാര്‍ക്ക് ലഭിക്കുന്ന ബഹുമാനവും ആദരവും നമ്മെ അത്ഭുതപ്പെടുത്തും. പഠിപ്പിക്കുന്നതിനപ്പുറം ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവിതത്തില്‍ അവരിടപെടുന്നു എന്നതിനാലാണത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായും അവര്‍ നല്ല ബന്ധം പുലര്‍ത്തുന്നു. ഇത് നമ്മുടെ കോളജ് കാമ്പസുകളിലും സാധ്യമാക്കാവുന്നതാണ്. പ്രശ്നങ്ങള്‍ പറയാന്‍ പറ്റുന്ന, പരിഹാരം നിര്‍ദേശിക്കുന്ന, പ്രതിസന്ധികളില്‍ കൂടെ നില്‍ക്കുന്ന ഒരധ്യാപകന്‍ ഉണ്ടാകുക എന്നത് ഏതൊരു വിദ്യാര്‍ത്ഥിക്കും വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ബന്ധം പുലര്‍ത്തുമ്പോള്‍ തന്റെ വികൃതികള്‍ വീട്ടുകാരറിയുമോ എന്ന ലജ്ജയില്‍ കോളജുകളില്‍ അനുസരണക്കേടുകള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് അവര്‍ മാറി നില്‍ക്കും.
♦കോളജുകളിലെ സമാധാനപരമായ അന്തരീക്ഷത്തിന് അക്കാദമിക് കള്‍ച്ചര്‍ പ്രധാന ഘടകമാണ്. കാമ്പസുകളിലെ പ്രശ്നങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഉള്‍പ്പെടുത്തിയ കൃത്യമായ പോളിസി യൂണിവേഴ്സിറ്റി തയാറാക്കണം. ബാഹ്യസമ്മര്‍ദങ്ങള്‍ വരുമ്പോള്‍ പിറകോട്ട് പോകാതെ, സ്ട്രിക്ട് ആയി ആ പോളിസി പിന്തുടരേണ്ടതുണ്ട്.
വിദ്യാര്‍ത്ഥികളുടെ വീഴ്ചകളില്‍ ഓവര്‍ സ്ട്രിക്ട് ആകാതെ കോമ്പ്രമൈസ് ചെയ്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. അതിനര്‍ത്ഥം ശിക്ഷാ നടപടികള്‍ വേണ്ട എന്നല്ല. ശിക്ഷകള്‍ നടപ്പിലാക്കുന്നത് തെറ്റ് ചെയ്ത വിദ്യാര്‍ത്ഥി നന്നാകുവാന്‍ വേണ്ടി മാത്രമല്ല. മറ്റുള്ളവര്‍ക്ക് അത് പാഠമാകുവാന്‍ വേണ്ടി കൂടിയാണ്. അതിനാല്‍ പണിഷ്മെന്റുകള്‍ ആകാം, പക്ഷെ അമിതമാകരുത്.
♦വിദ്യാര്‍ത്ഥികളെ അടുത്തറിയുന്ന, അവരെ മോട്ടിവേറ്റ് ചെയ്യുന്ന, അവരുടെ പ്രശ്നങ്ങളില്‍ പരിഹാരം നിര്‍ദേശിക്കുന്ന അധ്യാപകരെയാണ് കോളജുകള്‍ക്ക് ആവശ്യം. അധ്യാപകവൃത്തിയെ ഒരു തൊഴിലായി മാത്രം കാണുകയാണെങ്കില്‍ നിലവിലെ സ്ഥിതി തന്നെയായിരിക്കും തുടരുക. അധ്യാപകര്‍ മാറാന്‍ തയാറായാല്‍, അധ്യാപക വൃത്തിയെ തൊഴില്‍ എന്നതിനപ്പുറം അത് ഒരു നന്മയും സേവനവുമായി കണ്ടാല്‍ മാത്രമേ തല്‍സ്ഥിതിക്ക് മാറ്റമൂണ്ടാകൂ.
♦കോളജ് പഠനത്തിന്റെ അവസാന കാലത്ത് വിളിച്ച്കൂട്ടുന്ന പി ടി എ മീറ്റിംഗ് തുടക്കകാലത്തേക്ക് മാറ്റണം. കോളജുകളില്‍ എന്താണ് നടക്കുന്നത്, കോളജ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എങ്ങനെയാണ് എന്നൊക്കെയുള്ള ബോധവത്കരണവും ആവശ്യമാണ്. ടീച്ചേഴ്സിനെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് ക്ലാസ് എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നില്ല എന്നത് പരിതാപകരമാണ്. എന്താണ് യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ എന്നത് കുട്ടികളെ ബോധവത്കരിക്കണം. എല്‍ കെ ജി പഠിക്കുന്ന വിദ്യാര്‍ത്ഥിയോട് ഒരു മാസത്തിന് ശേഷം എന്ത് മാറ്റങ്ങളാണ് നിനക്ക് ഒരു മാസത്തെ പഠനം കൊണ്ടുണ്ടായതെന്ന് അന്വേഷിച്ചാല്‍ ഒരുപാട് ഉത്തരങ്ങളുണ്ടാകും പറയാന്‍. പക്ഷെ കോളജില്‍ നിന്ന് ഡിഗ്രി എടുത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളോട് മൂന്ന് വര്‍ഷത്തെ കോളജ് പഠനത്തില്‍ എന്ത് നേടി എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ല. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം എന്താണ്, എന്താണ് ഡിഗ്രി പഠനം എന്നതിനെകുറിച്ചുള്ള ബോധവത്കരണം ലഭിക്കാത്തതാണ് ഈ സ്ഥിതിക്ക് നിദാനം.
♦ കാമ്പസിലെത്തുന്നതിന് മുമ്പേ കോളജില്‍ പോയി പഠിക്കുന്നത് എന്താണ്, എന്തിനാണ് എന്നൊക്കെയുള്ള ബോധവത്കരണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും മഹല്ലുകള്‍ക്കും ഇതില്‍ വലിയ റോള്‍ നിര്‍വഹിക്കാനാകും. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കണ്ടറി പഠനത്തെ കുറിച്ചും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഡിഗ്രി പഠനത്തെകുറിച്ചുമുള്ള അവേര്‍നസ് നല്‍കുന്നതിലൂടെ കാമ്പസിന്റെ മൂല്യം മനസിലാക്കാനും കാമ്പസിനെ ഉപയോഗപ്പെടുത്താനും അവര്‍ക്കാവും.
♦വിദ്യാര്‍ത്ഥികള്‍ അതാത് കാലത്തിന്റെ മക്കളാണ്. അതുകൊണ്ടുതന്നെ അവരോട് സംവദിക്കാന്‍ ഒരു പുതിയ മെത്തഡോളജി ക്രിയേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. അധ്യാപകന്റെ റോള്‍ മാറിയിരിക്കുന്നു. വിജ്ഞാനങ്ങളുടെ അനന്തശേഖരം വിദ്യാര്‍ത്ഥികള്‍ക്ക് വിരല്‍തുമ്പില്‍ പ്രാപ്യമാണ്. അധ്യാപകന്റെയിടവും, വിദ്യാര്‍ത്ഥികളുടെയിടവും വലിയ അകല്‍ച്ചയിലാണ്. വിദ്യാര്‍ത്ഥികളുടെ കാമ്പസ് ഭാഷപോലും അവരെ അകറ്റി നിര്‍ത്തുന്നുണ്ട്.
വ്യക്തിപരമായി ഞാന്‍ ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്. അവരില്‍ ഒരാളായി മാറുക. ക്ലാസും ലക്ചറിംഗും മാത്രം ഒരാളെ അധ്യാപകനാക്കുന്നില്ല. അവര്‍ക്കത് ഇംപ്രസീവും അല്ല. തുടര്‍ച്ചയായി അവരോടു ആശയ വിനിമയം നടത്തുന്നതിലൂടെയേ അവരിലേക്കെത്താനാവൂ. നമ്മുടെ അവസ്ഥയില്‍ നിന്ന് നാം കണ്ടും അറിഞ്ഞും മനസിലാക്കിയ ഒരു തരം മനഃശാസ്ത്ര സമീപനത്തിലൂടെ അച്ചടക്കരാഹിത്യത്തിന്റെ കാണാചരടുകള്‍ വരെ കണ്ടു മനസിലാക്കാവുന്നതേ ഉള്ളൂ. വിദ്യാര്‍ത്ഥി-അധ്യാപകന്‍ എന്ന അതിര്‍വരമ്പ് സസൂക്ഷ്മം മാറ്റിപ്പണിയണം. അവരുടെയിടങ്ങളില്‍ അധ്യാപകരും ഇടം കണ്ടെത്തണം. സോഷ്യല്‍ മീഡിയകളിലും, വാട്‌സപ്പ് ഗ്രൂപ്പുകളിലും അവര്‍ക്കൊപ്പം ഇടം പിടിക്കണം. തികച്ചും ഒരു സൗഹൃദാന്തരീക്ഷം പണിത് അവരുടെയൊപ്പം നടക്കുക. ഞാന്‍ അവരുടെ ഷോര്‍ട്ട് മൂവിയില്‍ അഭിനയിച്ചിട്ടുണ്ട്. അവരുള്ളയിടങ്ങളില്‍ ഞാനുള്ളത് കൊണ്ട് എനിക്കൊരിടം അവരും നല്‍കുന്നുണ്ട്. ഒരിക്കല്‍ ഒരു വലിയ സംഘര്‍ഷാവസ്ഥ ഞെരിപിരി കൊള്ളുമ്പോള്‍, അവര്‍ക്കടുത്തേക്ക് ഒറ്റക്കു പോകാനും അവരെ ശാന്തരായി തിരിച്ചയക്കാനും പറ്റിയത് ഈ ഒരിടം അവര്‍ തന്നതുകൊണ്ടു മാത്രമാണെന്ന് ഞാന്‍ കരുതുന്നു.
♦തികച്ചും ബാഹ്യമായ പുറം പൂച്ചുകളില്‍ അഭിരമിക്കുന്നത് കാമ്പസുകളുടെ മറ്റൊരു രീതി. കുറേ കോഡുകളും സിമ്പലുകളും കൊണ്ട് അവരത് സാധിക്കുന്നു. വേഷവിധാനങ്ങളിലും, ആഘോഷങ്ങളിലെ കളറാക്കലുകളിലും അതാണ് കാണുന്നത്. ഈദാഘോഷത്തിന് എല്ലാവരും പര്‍ദയിടുന്നു. എല്ലാ ആണ്‍കുട്ടികളും തൊപ്പി ധരിക്കുന്നു. മൂല്യബോധം തലക്ക് പിടിച്ച് ഇങ്ങനെയൊക്കെ ധരിക്കാമോ എന്നു ചോദിച്ചാല്‍ കഥ കഴിഞ്ഞു. മതമൈത്രിയുടെ കാമ്പസ് രീതിയായി കണ്ട് അതിനെ മാനിക്കാന്‍ സ്ഥാപനാധികാരികള്‍ തയ്യാറാവുന്നതാണ് ബുദ്ധി.
ലോകം മുഴുവന്‍ വീശിയടിക്കുന്ന നവലിബറല്‍ ഫ്‌ളക്‌സിബിലിറ്റിയുടെ തലമുറക്ക് അതിഭീകരമായ ഊര്‍ജ്ജവും ആവേശവുമാണ്. അതൊന്നു ദിശ തിരിച്ചു വിട്ടാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഒരു ലിബറല്‍ അധ്യാപകനേ അതിന് കഴിയൂ എന്നാണെന്റെ പക്ഷം. ഒരു ലിബറല്‍ അധ്യാപകനെന്നാല്‍ വിദ്യാര്‍ത്ഥി പൊതുബോധത്തിനു മുന്നില്‍ പരിപൂര്‍ണ്ണമായി വഴങ്ങിക്കൊടുക്കുന്നവനാണെന്ന് ഞാന്‍ കരുതുന്നില്ല. അത്തരം വഴങ്ങലുകള്‍ അസംബന്ധമാണ്. കരുതലും സൗഹൃദവും കലര്‍ന്ന അന്തരീക്ഷത്തിലേ മൂല്യാധ്യാപനങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. വളരെ തന്ത്രപരമായി കാമ്പസിന്റെ ആത്മവിശ്വാസത്തിലേക്ക് അധ്യാപകന്‍ തന്റെ വ്യക്തിത്വത്തെ സന്നിവേശിപ്പിക്കുന്നതിലാണ് വിജയം. ആരോഗ്യകരമായ ഒരു തലമുറയെയും ഒരു നല്ല കാമ്പസിനെയും കെട്ടിപ്പടുക്കാന്‍ ഇനിയും പഠിക്കേണ്ടതും പരിശ്രമിക്കേണ്ടതും അധ്യാപകര്‍ തന്നെയാണ്.
വിദ്യാര്‍ത്ഥിരാഷ്ട്രീയം
♦ഫാറൂഖ് കോളേജിലെ വിഷയം വലിയൊരളവോളം ഇലക്ഷന്‍ സിസ്റ്റത്തില്‍ വന്ന മാറ്റത്താല്‍ സംഭവിച്ചതാണ്. മുമ്പ് കാമ്പസിലെ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ കെല്‍പുള്ള വിദ്യാര്‍ത്ഥി നേതാക്കളുണ്ടായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയുമായും നേരിട്ടു ഇടപെട്ടുകൊണ്ടാണ് ഒരു നേതാവ് കാമ്പസില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെ വളര്‍ന്നുവരുന്നത്. ഒരു വിഷയം വന്നാല്‍ അവര്‍ ഇടപെട്ട് സുഗമമായി അത് പരിഹരിച്ചിരുന്നു. ഇന്നതില്ല. ഇന്ന് പാര്‍ലമെന്ററി രീതിയിലുള്ള തിരഞ്ഞെടുപ്പായതിനാല്‍ തിരഞ്ഞെടുത്ത ക്ലാസ് പ്രതിനിധികളില്‍ നിന്നാണ് നേതാക്കളെ കണ്ടെത്തുന്നത്. അവര്‍ക്കു കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുമായും ബന്ധമുണ്ടാവുകയില്ല. അവര്‍ അവരുടെ ക്ലാസില്‍ നിന്ന് മാത്രമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
♦നഷ്ടപ്പെട്ട പേപ്പറുകള്‍ എഴുതിയെടുക്കാനായി കോളജുകളിലേക്ക് തിരിച്ചുവന്ന് അഞ്ചും ആറും വര്‍ഷം സീനിയറായ വിദ്യാര്‍ത്ഥികള്‍ മുമ്പ് നമ്മുടെ കാമ്പസുകളിലുണ്ടായിരുന്നു. പരിചയസമ്പന്നരും മികച്ച നേതൃപാടവമുള്ളവരൊക്കെ ഇവര്‍ക്കിടയിലുണ്ടായിരുന്നു. ഇവരായിരുന്നു കോളജ് യൂണിയനിലൊക്കെയിരുന്ന് കാമ്പസ് ഭരണം നടത്തിയിരുന്നത്. കോളജില്‍ ഒരു പ്രശ്നമുണ്ടാകുമ്പോഴൊക്കെ അതിന് തീര്‍പ്പ് കല്‍പിക്കുന്നതും രമ്യമായി അത് പരിഹരിക്കുന്നതും കോളജ് യൂണിയനായിരുന്നു. എന്നാലിന്ന് കാമ്പസുകളില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അത് നിയന്ത്രിക്കാനോ പ്രശ്നത്തിന് പരിഹാരം കാണാനോ കോളജ് യൂണിയനാകുന്നില്ല. അധ്യാപകര്‍ യൂണിയന്‍ ഭാരവാഹികളെ വിളിച്ച് പ്രശ്നപരിഹാരത്തിന് ഉതകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുമ്പോള്‍, ‘ഞങ്ങളെന്ത് ചെയ്യാനാണ് സാറേ, ഞങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല ആരും’ എന്ന നിലപാടിലാണ് യൂണിയനംഗങ്ങള്‍. 18ാം വയസില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കോളജിലെത്തുന്നതിനാല്‍ പരിചയ സമ്പത്തില്ലാത്തതും നേതൃപാടവമില്ലായ്മയും പ്രായക്കുറവും തിരിച്ചടിയായി മാറുന്നു.
കാമ്പസ് ചിത്രം
♦കാമ്പസുകളില്‍ ഒരു തരം ബാഹ്യവും, ആന്തരികവുമായ സംഘര്‍ഷം മൂടിക്കെട്ടി നില്‍ക്കുന്നുണ്ട്. ബാഹ്യമായ സംഘര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു. വെല്ലുവിളിക്കുന്നു. ആനകളെ വരെ എഴുന്നള്ളിച്ചുള്ള വാശിയും പോരും മുഴങ്ങുന്നു. ഇത്തരം ഘട്ടങ്ങളില്‍ അധ്യാപകരും സ്ഥാപന മേലാധികാരികളും നിര്‍വീര്യരായ കാഴ്ചക്കാര്‍ മാത്രം.
അതേസമയം നിശബ്ദമായ ഒരു ആന്തരിക സംഘര്‍ഷവും കാമ്പസുകളിലുണ്ട്. മൂല്യബോധങ്ങളില്‍ അധ്യാപക – വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചില പൊരുത്തക്കേടുകളുണ്ട്. കടിഞ്ഞാണില്ലാത്ത ഒരു സ്വാതന്ത്ര്യദാഹം വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും അരാജകസമൂഹങ്ങളില്‍ നിന്നും പകര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ ബാഹ്യവും ആന്തരികവുമായ സംഘര്‍ഷങ്ങളിലേക്ക് വഴുതിമാറിയ കാമ്പസ് വരും കാലത്ത് ഇതിലധികം പ്രക്ഷുബ്ധമാകാനാണ് സാധ്യത. പൂര്‍വികമായ എല്ലാത്തിനെയും അവര്‍ സദാചാരവാദി, ബുള്‍ഷിറ്റ് എന്നീ തെറികളില്‍ ഒതുക്കിക്കഴിഞ്ഞു. വഴങ്ങില്ല എന്നതാണ് കാമ്പസിന്റെ ശരീരഭാഷ. ഒരിക്കല്‍ പറ്റിപ്പോയ അധ്യാപകന്‍ പതുങ്ങി നടക്കാനാണ് ഇപ്പോള്‍ ശ്രമിച്ചു കാണുന്നത്.
പങ്കെടുത്തവര്‍
റഹീം പൊന്നാട് – അസിസ്റ്റൻറ് പ്രൊഫസര്‍, ഗവണ്‍മെൻറ് കോളജ് കാഞ്ഞിരംകുളം
ഡോ. അബ്ദുസ്സലീം – അസിസ്റ്റൻറ് പ്രൊഫസര്‍, ഗവണ്‍മെൻറ് എന്‍ജിനിയറിംഗ് കോളജ്, വയനാട്
അബ്ദുറഹ്മാന്‍ കറുത്തേടത്ത് – അസിസ്റ്റൻറ് പ്രൊഫസര്‍, മലബാര്‍ കോളജ് വേങ്ങര
ഡോ. കെ ശംസുദ്ദീന്‍ – അസിസ്റ്റൻറ് പ്രൊഫസര്‍, ഫാറൂഖ് കോളജ്
നൗഷാദ് ചിറയില്‍ – അസിസ്റ്റൻറ് പ്രൊഫസര്‍, മലബാര്‍ കോളജ് വേങ്ങര
മുഹമ്മദ് നിയാസ് എം – റിസര്‍ച്ച് സ്‌കോളര്‍, എന്‍ ഐ ടി
അഷ്‌റഫ് പികെ – അസിസ്റ്റൻറ് പ്രൊഫസര്‍, എം ഇ എസ് മമ്പാട്
എം അബ്ദുറഹ്മാന്‍ – അസിസ്റ്റൻറ് പ്രൊഫസര്‍, എം ഇ എസ് മമ്പാട്
തയാറാക്കിയത് ; സഫ്‌വാന്‍ ചെറൂത്ത്
You must be logged in to post a comment Login