താല്‍കാലിക സുഖഭോഗങ്ങളുടെ തടവുകാരാവുകയാണോ മക്കള്‍?

താല്‍കാലിക സുഖഭോഗങ്ങളുടെ തടവുകാരാവുകയാണോ മക്കള്‍?

രക്ഷിതാക്കള്‍
♦ചൈല്‍ഡുലൈനുകളെയും ബാലവകാശ കമ്മീഷനുകളെയുമൊക്കെ ദുരുപയോഗം ചെയ്യാനാണ് കുട്ടികളും ചില രക്ഷിതാക്കളും ശ്രമിക്കുന്നത്. രക്ഷിതാക്കളാണ് കൂടുതല്‍ ബോധവാന്മാരാകേണ്ടതും ഇടപെടേണ്ടതും. ഗള്‍ഫില്‍ രക്ഷിതാക്കളുള്ളവരും ബാക്‌വേര്‍ഡ് സൊസൈറ്റിയില്‍നിന്ന് വരുന്നവരുമാണ് കൂടുതലും പ്രശ്നക്കാരാവുന്നത്. പൊതു അവബോധം സൃഷ്ടിക്കലാണ് ഇതിനു ഒരു പരിഹാരം.

♦രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നിടത്താണ് പ്രശ്നം. അവരെ എങ്ങനെ വിവരമറിയിക്കും/വിശ്വസിപ്പിക്കും എന്നത് വലിയ പ്രതിസന്ധിയാണ്. രക്ഷിതാക്കള്‍ വഴി മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. നന്നായി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതു കൂടിയാണിത്. പ്രണയ പ്രശ്നങ്ങള്‍ പലപ്പോഴും അതിരു വിടുമ്പോള്‍ മാത്രമേ അധ്യാപകര്‍ ഇടപെടാറുള്ളൂ.

ഒരു പെണ്‍കുട്ടി കൂട്ടുകാരന്റെ കൂടെ ബൈക്കില്‍ പലയിടത്തും പോകുന്നതായി കുട്ടികള്‍ തന്നെ പരാതിപ്പെടുകയുണ്ടായി. ഇക്കാര്യം കുട്ടിയുമായി സംസാരിച്ചാല്‍ പ്രശ്നം രൂക്ഷമാകുമെന്നതിനാല്‍ രക്ഷിതാവിനെ വിളിക്കാന്‍ തീരുമാനിച്ചു. അവരെ എങ്ങനെ വിശ്വസിപ്പിക്കും. രക്ഷിതാവിനെ വിളിച്ചു വരുത്തി അക്കാര്യത്തെപ്പറ്റി സൂചനകള്‍ മാത്രം നല്‍കി സംസാരിച്ചു. ഇനി നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ എന്നു പറഞ്ഞ് അയാളെ വിട്ടു. അപ്പോഴെല്ലാം രക്ഷിതാവിന്റെ മനസില്‍ എന്റെ മോള്‍ അത് ചെയ്യില്ല എന്ന വിശ്വാസമായിരുന്നു. വൈകുന്നേരമാകുമ്പോഴേക്ക് അവര്‍ അന്വേഷിക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു: നിങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണ്. പലതും സംഭവിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ ഉള്‍ക്കൊള്ളാനാകാത്ത മനസ് വന്‍വെല്ലുവിളിയാണ്.

♦ ആരാണ് രക്ഷിതാവ്? ഉത്തരം കാണേണ്ട ഒരു ചോദ്യമാണിത്. നല്ലൊരു വിഭാഗം കുട്ടികള്‍ക്കും ഈ ചോദ്യത്തിനുത്തരമില്ല. ചില വീടുകളില്‍ ഉമ്മയായിരിക്കും രക്ഷിതാവ്. അവര്‍ അധ്യാപകനോട്, പിതാവ് പ്രവാസിയാണെന്നും വീട്ടിലാരുമില്ലെന്നുമുള്ള വിവരം അറിയിക്കുന്നു. അവിടെ പിതാവിന്റെ ജോലി കൂടെ അധ്യാപകന്‍ നിര്‍വഹിക്കേണ്ടി വരുന്നു. പക്ഷേ അധ്യാപകന്റെ ജോലി പോലും കൃത്യമായി നിര്‍വഹിക്കാനാവാത്ത സാമൂഹികാന്തരീക്ഷമാണ് നിലവിലുള്ളത്.

♦ഒരു വിദ്യാര്‍ത്ഥി പ്രത്യേക മോഡലില്‍ മുടിവെട്ടി വന്ന സമയത്ത് മുടി ശരിക്ക് വെട്ടി വരാന്‍ പറഞ്ഞു. ഇതറിഞ്ഞ രക്ഷിതാവ് അധ്യാപകനെ വിളിച്ചു. ‘നിങ്ങളുടെ താടി വെട്ടണമെന്നു പറഞ്ഞാല്‍ നിങ്ങള്‍ ചെയ്യുമോ?’ (അധ്യാപകന്‍ താടിവെച്ചയാളായിരുന്നു). ഇപ്രകാരം രക്ഷിതാക്കള്‍ പെരുമാറുന്നുവെങ്കില്‍ എങ്ങനെയാണ് അധ്യാപകര്‍ക്ക് കുട്ടികളെ നന്നാക്കാനാവുക.

♦മുസ്ലിം സമുദായത്തിലെ കുട്ടികള്‍ക്കിടയില്‍ ഇത്തരം പ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ കാരണം ബാധ്യത തീര്‍ന്നുവെന്ന് മനസിലാക്കുന്നവരാണ് രക്ഷിതാക്കള്‍. മദ്‌റസയിലയച്ചാല്‍ എല്ലാം കഴിഞ്ഞെന്നാണ് രക്ഷിതാക്കള്‍ വിചാരിക്കുന്നത്. മദ്രസയിലെ കേവലം ഒന്നര മണിക്കൂര്‍ സമയം കൊണ്ട് ഉസ്താദുമാര്‍ എന്തു ചെയ്യാനാണ്?
♦നമ്മുടെ ക്ലാസിലെയെങ്കിലും കുട്ടികളുടെ രക്ഷിതാക്കളുമായി നല്ല ബന്ധം വേണം. എന്റെ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികള്‍ ക്ലാസില്‍ വരുന്നില്ലെങ്കില്‍ വിളിച്ചറിയിക്കും. അങ്ങനെ വിളിച്ചറിയിക്കാത്ത ഒരു കുട്ടിയും ലീവാകാറില്ല. പറ്റുമെങ്കില്‍ അവന്റെ വീട്ടിലേക്ക് പോകുകയും ചെയ്യും.

♦വീട്ടിലുള്ള പ്രശ്നങ്ങള്‍ പോലും അധ്യാപകരോട് ചര്‍ച്ച ചെയ്യുന്നവരുണ്ട്. ഒരോ കാര്യങ്ങള്‍ പരിഹരിക്കാനും അവര്‍ അധ്യാപകനെ വിളിക്കും.

♦രക്ഷിതാക്കള്‍ക്കു വരെ ഈ പ്രശ്നത്തിലിടപെടാനാവുന്നില്ല. സ്ഥിരമായി വരുന്ന ബസിലെ കണ്ടക്ടറുമായി സെക്ഷ്വല്‍ ബന്ധം നടന്നു. സ്വന്തം പിതാവ് അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനെതിരെ കുട്ടി കേസ്ഫയല്‍ ചെയ്തു. പിതാവ് അറസ്റ്റിലായി. രക്ഷിതാവ് പോലും വിദ്യാര്‍ത്ഥിയുടെ കാര്യത്തില്‍ നിസഹായനാണെന്നര്‍ത്ഥം.

മാറുന്ന കുട്ടികള്‍
♦കുട്ടികള്‍ നിരന്തരം പരിഷ്‌കരിക്കപ്പെടുന്നുണ്ട്. അവര്‍ അധ്യാപകരെ കൃത്യമായി അളക്കുന്നുണ്ട്. ഒരു ഹയര്‍സെക്കണ്ടറി കാമ്പസില്‍ ഇരുപത് ടീച്ചേഴ്സ് ഉണ്ട്. ആ ഇരുപത് ടീച്ചേഴ്സിന്റെ രീതിയും അയാള്‍ അനുകരിക്കുന്ന മാതൃക എന്താണെന്നും കുട്ടികള്‍ വിലയിരുത്തുന്നുണ്ട്. അധ്യാപകന്റെ വീക്ക് പോയിന്റുകള്‍ മനസിലാക്കിയാണ് അവര്‍ പ്രതികരിക്കുക.

♦കുട്ടികള്‍ക്ക് അമിതമായ സ്വാതന്ത്ര്യവാദമാണ്. എനിക്കെന്തുകൊണ്ട് ആയിക്കൂടാ എന്നൊരു തോന്നല്‍. സ്വാഭാവികമായും ടീച്ചേഴ്സ് ചിന്തിക്കും ഞാനെന്തിനു ഇടപെടണമെന്ന്.

♦ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരെയോ രക്ഷിതാക്കളെയോ സമൂഹത്തെയോ പേടിക്കേണ്ട. പോലീസ് കേസുകള്‍ പോലും അവര്‍ക്കു ഭയമില്ല. മരിക്കാന്‍ പോലും പേടിയില്ലാത്ത ഒരവസ്ഥയിലേക്കാണവര്‍ മാറിക്കൊണ്ടിരിക്കുന്നത്. പണമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളില്ല. എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുകളുണ്ട്.

♦അച്ചടക്ക നടപടികളുണ്ടാവുമ്പോഴെല്ലാം പ്രതികളായി ഉണ്ടാവുക, മുമ്പ് അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിച്ചവരോ മറ്റു സ്ഥാപനങ്ങളില്‍ പഠിച്ചവരോ ആയിരിക്കും.

♦ഒരിക്കല്‍ മൊബൈല്‍ സെര്‍ച്ചിംഗിനിടെ കഞ്ചാവ് പിടിച്ചു. അന്വേഷിച്ചപ്പോള്‍ സ്‌കൂളില്‍ കഞ്ചാവിന്റെ ഒരു ശൃംഖലയുണ്ട്. നൂറുരൂപക്ക് അഞ്ചുപേര്‍ക്ക് ഒരു പൊതിയെന്ന നിലയില്‍ അഞ്ചോളം ഏജന്റുമാരായി കുട്ടികളുണ്ടെന്ന് ബോധ്യപ്പെട്ടു. പുറത്തെ മാഫിയകളാണ് ഇതിനു പിന്നില്‍. കുട്ടികള്‍ക്കറിയുന്ന ഒരു സ്ഥലത്ത് അവരീ പൊതികള്‍ നിക്ഷേപിക്കുന്നു. കുട്ടികള്‍ അതെടുത്ത് എത്തിക്കേണ്ടവരിലേക്കെത്തിക്കുന്നു. നല്ല അച്ചടക്കമുള്ള കുട്ടികളാണിതില്‍ ഭാഗഭാക്കാകുന്നതെന്നതാണ് വലിയ സങ്കടം. ഇപ്പോള്‍ സ്‌കൂള്‍ കൈകാര്യം ചെയ്യുന്നത് കുട്ടികളും രാഷ്ട്രീയക്കാരുമാണ്, അതുവഴി ലഹരി മാഫിയകളാണ്. അധ്യാപകന്‍ കേവലം ആയുധംപോയ പടയാളിയെപ്പോലെയാണ്.

♦ധാര്‍മിക മൂല്യങ്ങളൊക്കെ മാറിമാറി വരികയാണ്. പഴയ മൂല്യങ്ങളൊക്കെ നഷ്ടപ്പെട്ടു. അന്ന് ആണ്‍ പെണ്‍കുട്ടികള്‍ അടുത്തിരിക്കുന്നതും സംസാരിക്കുന്നതും വലിയ പ്രശ്നമായിരുന്നു. ഇപ്പോള്‍ അതൊക്കെ കണ്ടാല്‍ കാണാത്ത പോലെ പോവാറാണ് പതിവ്. അവരെ എങ്ങനെ തിരിച്ചു കൊണ്ടുവരാനാകും.

♦കുട്ടികള്‍ സ്ഥിരമായി നേരം വൈകിവരുന്നത് മാറ്റിയെടുക്കാന്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. കുറെ സമയം വരാന്തയില്‍ നിര്‍ത്തി. അതില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായപ്പോള്‍ ഫൈന്‍ വാങ്ങാമെന്നാക്കി. പത്തുരൂപയായും ഇരുപത് രൂപയായും ഫൈനുകള്‍ സ്വീകരിച്ചു. അതോടെ ആ പ്രശ്നത്തിന് പരിഹാരമായി. പിന്നീട് വിദ്യാര്‍ത്ഥി സംഘടന അധ്യാപകരെ ചോദ്യം ചെയ്തു. അങ്ങനെ ആ പദ്ധതി അവസാനിച്ചു.

♦മൊബൈല്‍ വലിയൊരു പ്രശ്നമാണ്. കുട്ടികള്‍ സ്‌കൂളിലേക്ക് കൊണ്ടുവരുന്നു. കടകളിലേല്പിക്കുന്നു. അവര്‍ക്ക് വാടകയും കൊടുക്കുന്നു. ഒരിക്കല്‍ മൊബൈല്‍ പിടിച്ചപ്പോള്‍ കുട്ടിപറഞ്ഞു. ‘വിവരം വീട്ടിലെത്തിച്ചാല്‍ ഞാന്‍ വീട്ടിലെത്തൂല.’ ആത്മഹത്യയോ ഒളിച്ചോട്ടമോ മറ്റോ വലിയ പ്രശ്നമാകുന്നതിനാല്‍ നാം പിന്മാറുകയാണ് ചെയ്യുന്നത്. ചില പോലീസുകാര്‍ നന്നായി പിന്തുണക്കാറുണ്ട്.

♦ഇസ്ലാമിക പഠനത്തിന്റെ ബാലപാഠങ്ങളില്‍ തന്നെ നാം പഠിക്കുന്നത് ആദം നബിയെ(അ) കുറിച്ചാണ്. ആദം നബിയോടുള്ള അനാദരവിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഇബ്ലീസിനെ കുറിച്ച്. ആദരവിനെ കുറിച്ച് ഇത്രത്തോളം മനസിലാക്കിയിട്ടും മുസ്‌ലിം കുട്ടികള്‍ എങ്ങനെയാ ഇത്തരം അച്ചടക്ക പ്രശ്നങ്ങളില്‍ അകപ്പെടുന്നത്?

♦സ്‌കൂളിലെ ആണ്‍കുട്ടിയോടൊപ്പം പുറത്തു പോയതിന്റെ പേരില്‍ ഒരു കുട്ടിയെ കുറച്ചുകാലം സ്‌കൂളില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ കുട്ടികള്‍ ചോദിക്കുന്നത് എന്താ മാഷെ അവള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ, അവര്‍ ഔട്ടിംഗിന് പോയതല്ലേ. കുട്ടികള്‍ക്കത്രയും നിസാരമായി മാറിയിട്ടുണ്ടീ പ്രശ്നങ്ങള്‍.

നിയമത്തിന്റെ പഴുതുകള്‍/ അധികൃതരുടെ പാളിച്ചകള്‍
♦നമ്മുടെ ഹയര്‍ സെക്കണ്ടറിയില്‍ നടപ്പാക്കുന്ന നിയമങ്ങളൊക്കെ ഒരു പാശ്ചാത്യ കാഴ്ചപ്പാടിലാണ്. വിദേശ സാമൂഹികാന്തരീക്ഷമുള്ള നിയമങ്ങളെ നമ്മുടെ സദാചാര ബോധമുള്ള സമൂഹത്തിലേക്ക് കൊണ്ടുവന്നപ്പോഴുള്ള അബദ്ധമാണിത്. മാറുന്ന ഈ തലമുറയെ മനസിലാക്കിക്കൊണ്ട് മുന്നോട്ട് പോവാന്‍ അധ്യാപകനും പഠനരീതിയും പാഠ്യപദ്ധതികളും മാറേണ്ടതുണ്ട്. ചൈല്‍ഡ് ലൈനിന്റെയും ബാലാവകാശ കമ്മീഷന്റെയും ഡയറക്ടറേറ്റിന്റെയും നിയമങ്ങളെ കുറിച്ച് കുട്ടികള്‍ക്കറിയാം. കുട്ടികളെ അവബോധമുള്ളവരാക്കാന്‍ വേണ്ടി നിരന്തരം ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനു വേണ്ടി സ്‌കൂളിലെത്തുന്നവര്‍ വളരെ സൗഹാര്‍ദപരമായി ക്ലാസുകളെടുത്ത് അവരുടെ അവകാശങ്ങള്‍ നേടാന്‍ വേണ്ടി ആഹ്വാനം ചെയ്യുന്നു.

♦ബൈക്കുകളില്‍ വരുന്ന കുട്ടികള്‍ സ്‌കൂളില്‍ പ്രവേശിക്കാന്‍ പറ്റാത്തതിനാല്‍ ദൂരെ പാര്‍ക്ക് ചെയ്ത് വരും. ബൈക്ക് പിടിച്ചാല്‍ പോലീസിലേല്‍പിക്കും. ചില പോലീസുകാര്‍ വെറുതെ വിടും. ചിലര്‍ കര്‍ക്കശമായി ഇടപെടും. വലിയ സംഖ്യ ഫൈനായി ഈടാക്കിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു പരിധിവരെ ആ പ്രശ്നങ്ങള്‍ നിലക്കും.

അധ്യാപകന്റെ വീഴ്ച / പ്രതിസന്ധി
♦ഗവണ്‍മെന്റ് നടത്തിയ ട്രൈനിംഗ് പദ്ധതി വളരെ നല്ല മുന്നേറ്റമായിരുന്നു. മന:ശാസ്ത്രസമീപനത്തോടെ നടത്തിയ മികച്ച റിസല്‍ട്ട് പ്രതീക്ഷിക്കാവുന്ന പ്രോഗ്രാം. പക്ഷേ, അതില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുത്തില്ല. ഒരു ബഹിഷ്‌കരണമെന്ന രൂപത്തില്‍, വളരെ കുറച്ച് അധ്യാപകര്‍ മാത്രം പങ്കെടുത്തുള്ളൂ.

♦എപ്പോഴും പ്രതിസ്ഥാനത്ത് അധ്യാപകരായിരിക്കും. ഒരു പരിഹാരത്തിന് വേണ്ടി അധ്യാപകരെ പ്രതി സ്ഥാനത്ത് നിര്‍ത്താം, പക്ഷേ, അവരുടെ വിലയും നിലയും പരിഗണിച്ചാവണം. വിചാരണക്ക് കൊണ്ടുപോവുന്നതിനു പകരം സ്‌കൂളിലേക്ക് വരികയല്ലേ വേണ്ടത്. ഈ സമീപനം അധ്യാപകന് ആശ്വാസമാകും. എത്ര പുറത്താക്കിയാലും 15-30 ദിവസത്തിനുള്ളില്‍ തിരിച്ചെടുക്കുമെന്ന് കുട്ടികള്‍ക്കുറപ്പാണ്. ഈ ധൈര്യം അവരെ പ്രശ്നക്കാരാക്കും.

♦അച്ചടക്ക നടപടികള്‍ സ്വീകരിക്കുമ്പോള്‍ തന്നെ കാലമൊക്കെ മാറിയില്ലേ മാഷെ, ഇതൊക്കെ ഒരു പ്രശ്നമാണോ എന്നു ചോദിക്കുന്നവരാണ് ചില അധ്യാപകര്‍.

♦പഴയകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം നല്‍കിയിരുന്നത് അധ്യാപകരായിരുന്നു. ഇപ്പോള്‍ അധ്യാപകരുടെ ആ സമീപനം മാറി. അവര്‍ തീര്‍ത്തും സി.ഇ മാര്‍ക്ക് ദാതാവ് ആയിമാറുകയാണ്. പിന്നെന്തിനാണവര്‍ അധ്യാപകരെ ബഹുമാനിക്കുന്നത്.
പണ്ടും ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു. അന്ന് അധ്യാപകരെ ഭയമായിരുന്നു. ഇന്ന് അധ്യാപകരോടുള്ള ആ ഭയം നഷ്ടപ്പെട്ടിരിക്കുന്നു. ബഹുമാനം പലപ്പോഴും ചോദിച്ചു വാങ്ങേണ്ടി വരികയാണ്. ലഹരികളില്‍ അഭിരമിച്ച് സ്വയം നിയന്ത്രിക്കാനാവാത്ത അവരെ നമുക്കെങ്ങനെ നിയന്ത്രിക്കാനാവും. ഇതിനു പരിഹാരം കണ്ടാലേ മൂല്യങ്ങള്‍ കൊണ്ടുവരാനാവൂ.
♦വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോടുള്ള ബഹുമാനം ഇന്ത്യയിലെ നിലനില്‍ക്കുന്നുള്ളൂ. വിദേശ രാജ്യങ്ങളില്‍ ഇത്തരം സമീപനം ഇല്ലെന്നു മാത്രമല്ല. അധ്യാപകര്‍ പോലും കസേരക്കുവേണ്ടി വിദ്യാര്‍ത്ഥികളോട് യാചിക്കേണ്ട അവസ്ഥയുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്.

അച്ചടക്കസമിതി
♦ഞാന്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ട ഭാരം എന്റെ ചുമലിലായിരുന്നു. ആ ഭാരം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടിയാണ് അവിടെ നിന്നും മാറിയത്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കുട്ടികള്‍ക്കൊരു ഹരമാണ്. അതില്‍ അവര്‍ ഒറ്റക്കെട്ടാണ്.

♦അച്ചടക്ക നടപടികള്‍ എങ്ങനെ സ്വീകരിക്കണം എന്ന അറിവ് പ്രധാനമാണ്. മന:ശാസ്ത്രപരമായി കൈകാര്യം ചെയ്താല്‍ പോലും തിരിച്ചടികളേല്‍ക്കാറുണ്ടെന്നാണ് അനുഭവം.

♦അച്ചടക്ക നടപടികളില്‍ ഇടപെടുന്ന അധ്യാപകര്‍ തന്നെ ഇനി എന്തിനിടപെടണം എന്നു ചോദിക്കുന്നുണ്ട്. ക്രമേണ അവര്‍ ഇടപെടല്‍ കുറച്ചു കൊണ്ടുവരുന്നു. അതേ ചോദ്യം പരോക്ഷമായി അധികാരികളും ചോദിക്കുന്നുണ്ട് എന്നു വേണം വിലയിരുത്താന്‍. നമ്മളെന്തിനാണ് റിസ്‌കെടുക്കുന്നത് എന്ന രീതിയിലാണ് അധ്യാപകരുടെ പ്രതികരണം.

♦ടൂര്‍ പോവുന്ന അവസരത്തില്‍ അച്ചടക്ക സമിതി എന്ന നിലക്ക് പോകാന്‍ നിര്‍ബന്ധിതരാകും. പോയാല്‍ പോയവര്‍ പ്രയാസത്തിലാവും. നിയന്ത്രിക്കാനാവില്ല. പലപ്പോഴും പല പ്രശ്നങ്ങളും പരിഹരിക്കാന്‍ നാട്ടുകാരെ ഇടപെടീക്കേണ്ടി വന്നിട്ടുണ്ട്.

പ്രശ്‌നകാരണം
♦കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ അവരുടെ ചിന്തയും സംസ്‌കാരവും രൂപപ്പെടുത്തുന്നത് സിനിമകളില്‍ നിന്നാണ്. സിനിമകളിലെ നായകന്മാരെ റോള്‍ മോഡലായി സ്വീകരിക്കുന്നു. വായനയില്ല. പുസ്തകങ്ങളിലെ അറിവോ സംസ്‌കാരമോ അവര്‍ കാണുന്നില്ല. ഓണം, യൂത്ത് ഫെസ്റ്റിവലുകളില്‍ ഒരു ഡ്രസ് കോഡ് സ്വീകരിച്ച് സ്‌കൂളിലേക്ക് വരുന്നു. സ്‌കൂള്‍ പരിസരം പ്രശ്നകലുഷിതമാക്കുന്നു. സിനിമാ സ്‌റ്റൈല്‍ ഡയലോഗുകള്‍ വരെ അധ്യാപകരോട് പറയുന്നു. പല ക്ലാസുകളിലും സിനിമകള്‍ പൊല്ലാപുണ്ടാക്കിയിട്ടുണ്ട്.
കുട്ടികളെ പ്രശ്നക്കാരാക്കുന്നതില്‍ സമൂഹത്തിന് വലിയൊരു പങ്കുണ്ട്. സമൂഹത്തില്‍ പെട്ടവരാണ് കുട്ടികളും. അവര്‍ വേറിട്ടൊരസ്ഥിത്വമല്ല. സമൂഹം കൊടുക്കുന്ന മൂല്യങ്ങളാണ് അവര്‍ പ്രാവര്‍ത്തികമാക്കുന്നത്. എന്റെ ഭാഗങ്ങളില്‍ കുട്ടികളുടെ റോള്‍ മോഡലുകള്‍ പെട്ടെന്ന് പണമുണ്ടാക്കുന്നവരാണ്. അങ്ങനെ പണമുണ്ടാക്കാനായി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പണമില്ലാത്തവര്‍ സമൂഹത്തില്‍ വില ഇല്ലാത്തവരാണെന്ന ഒരു മിഥ്യാധാരണ സമൂഹം അവര്‍ക്ക് കൈമാറുന്നുണ്ട്. ഈ പണക്കാര്‍ പലരും വിദ്യാസമ്പന്നരാവണമെന്നില്ല. ഇവരുടെ പണസമ്പാദന രീതി കുട്ടികള്‍ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സമൂഹം മക്കള്‍ക്ക് നല്‍കുന്ന മാതൃകകളെ ഒന്ന് വിലയിരുത്തേണ്ടതുണ്ട്.

♦കുട്ടികളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളും ലഹരി മാഫിയകളും സജീവമാണ്. ജാഗ്രത പുലര്‍ത്താന്‍ പല പാരന്റ്സും തയാറല്ല. തന്റെ മോന്‍/മോള്‍ അങ്ങനെ ചെയ്യില്ലെന്ന നിലപാടിലാണവര്‍. പിന്നീട് പത്രങ്ങളില്‍ വാര്‍ത്തയാകുമ്പോഴാണ് പല രക്ഷിതാക്കളും വിശ്വസിക്കുന്നത്. സമൂഹവും രക്ഷിതാക്കളും നന്നായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അധ്യാപകന്‍ നല്ല കുട്ടികളെ മാത്രം വളര്‍ത്തേണ്ടവനല്ല. മോശം വിദ്യാര്‍ത്ഥികളെയും നന്നാക്കിയെടുക്കേണ്ടവന്‍ കൂടിയാണ്.

♦വിദ്യാഭ്യാസപരമായി ലക്ഷ്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കാണുന്നത്. മാനേജ്മെന്റ് സ്‌കൂളുകളില്‍ മാനേജ്മെന്റ് കോട്ടയില്‍ വരുന്ന 10-30% വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ നല്ലൊരു ശതമാനം എസ്.എസ്.എല്‍.സി കഷ്ടിച്ച് രക്ഷപ്പെട്ട് വന്നവരായിരിക്കും. ഇവരില്‍ ഇത്തരം പ്രശ്നങ്ങള്‍ നന്നായി കാണാന്‍ കഴിയും. പൊതുവേ സയന്‍സ് ക്ലാസുകളില്‍ ഈ പ്രശ്നക്കാര്‍ കുറവായിരിക്കും.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും പഠിച്ചുവരുന്നവരും ഇത്തരം പ്രശ്നക്കാരാവാറുണ്ട്. അവര്‍ക്കിവിടെ വേലിക്കെട്ടുകളൊന്നുമില്ലല്ലോ. കിട്ടിയ സ്വാതന്ത്ര്യം അമിതമായി ഉപയോഗിക്കുകയായിരിക്കും. സമീപ പ്രദേശങ്ങളിലെ കടകളും കുട്ടികള്‍ക്ക് പിന്തുണയായുണ്ടാകും. ലോക്കല്‍ സപ്പോര്‍ട്ടുകള്‍ അവര്‍ക്ക് വലിയ ധൈര്യമാണ് പകരുന്നത്.
നിയമ പാലകരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്. പോലീസുകാര്‍ ഒരിക്കലും സ്‌കൂള്‍ സംബന്ധിയായ വിഷയങ്ങളില്‍ ഇടപെടാറില്ല. സ്‌കൂളിനകത്തെ കാര്യങ്ങള്‍ അധ്യാപകര്‍ തന്നെ ശ്രദ്ധിക്കണമെന്ന മനോഭാവമാണവര്‍ക്ക്. സ്‌കൂള്‍ കോമ്പൗണ്ടിന്റെ പുറത്തെ കാര്യങ്ങളിലും ഇടപെടാന്‍ ഇവര്‍ ഒരുക്കമല്ല.

♦രക്ഷിതാക്കളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ അധ്യാപകര്‍ക്ക് പിന്തുണ കിട്ടാറില്ല. മാധ്യമങ്ങള്‍ എപ്പോഴും അധ്യാപകരെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ഈ നില തുടര്‍ന്നാല്‍ ഭാവിയില്‍ ഇടപെടലുകള്‍ക്കും വഴങ്ങാത്ത തലമുറ വരും.

♦അധ്യാപകനും വിദ്യാര്‍ത്ഥിയും പ്രശ്നമുണ്ടായാല്‍ അധ്യാപകനായിരിക്കും പ്രതിസ്ഥാനത്തുണ്ടാവുക. അധ്യാപന ജീവിതം തുടങ്ങുന്ന കാലത്ത് നിരവധി പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. അന്നത്തെ ആത്മവീര്യം പോലും ഇന്നാര്‍ക്കുമില്ല. എന്തുകൊണ്ടാണത് നഷ്ടപ്പെട്ടത്.

♦സ്‌കൂള്‍ അടക്കുമ്പോള്‍ കുട്ടികള്‍ എന്തുചെയ്യുമെന്നും എങ്ങനെ അതിനെ പ്രതിരോധിക്കുമെന്നും അധ്യാപകര്‍ ജാഗരൂകരായി നില്‍ക്കുകയാണ്. ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റു പോലും പറയുന്നത് അടിച്ചുപൊളിക്കട്ടെ എന്നാണ്. ഇതു കുട്ടികളും അറിയുന്നു. അഥവാ അവര്‍ക്കു നിയമപരമായ പരിരക്ഷയുണ്ട്, പിന്നെയെന്തിനു അധ്യാപകരെ പരിഗണിക്കണം. ഈ ചിന്താഗതിയിലേക്ക് കുട്ടികളെത്തുകയാണ്. എങ്ങനെയിത് പരിഹരിക്കാനാവും?

♦സ്‌കൂളിന്റെ പുറമെ നിന്നും മാഫിയകള്‍ അവരെ പിന്തുണക്കുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കുട്ടികളെ നന്നായി ഉപയോഗിക്കുന്നു. പണം നല്‍കുന്നു. കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ അടിയുടെ പേരില്‍ പിടിക്കപ്പെട്ടവര്‍ തൊട്ടപ്പുറത്തെ മാര്‍ക്‌സിസ്റ്റ്-ലീഗ് അടിക്കേസിലെ പ്രതികളാണ്.

ടൂര്‍
♦കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ മദ്യം പിടിച്ച ഒരു കേസ് ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ടൂറിന്ന് പോകുമ്പോള്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗിലേക്ക് മദ്യം വാങ്ങിവെക്കുന്നതും കുടിക്കുന്നതും കുട്ടികള്‍ നേര്‍ക്കുനേര്‍ കാണുകയാണ്. പഴയ കാലങ്ങളിലും മദ്യം ഉപയോഗിക്കുന്ന അധ്യാപകരുണ്ടായിരുന്നു. ഇപ്പോള്‍ ആ രീതിയില്‍ അല്ല ഉള്ളത്. ടൂറിന്ന് പോകുമ്പോള്‍ അധ്യാപകന്‍ മദ്യം കഴിക്കുന്നു. പറ്റുമെങ്കില്‍ നമുക്കും കഴിക്കാമെന്നൊരു മനോഭാവം വിദ്യാര്‍ത്ഥിയിലും സൃഷ്ടിക്കുന്നു. മാതൃകാപരമായ ഒരു നീക്കം സമൂഹത്തില്‍ തുലോം തുഛമാണ്.

♦അധ്യാപക സംഘടനകള്‍ തന്നെ ചില കാമ്പയിനുകള്‍ സംഘടിപ്പിച്ച് ആണ്‍-പെണ്‍ വ്യത്യാസമൊന്നുമില്ല, പരസ്പരം കൈകോര്‍ത്ത് നടക്കേണ്ടവരാണവര്‍ എന്ന രൂപത്തിലേക്ക് മാറ്റി. ടൂര്‍ സമയങ്ങളില്‍ ഒന്നിച്ചിരുന്ന് യാത്ര ചെയ്യേണ്ടവരാണ് എന്നും വരുത്തിത്തീര്‍ത്തു.

സെന്റോഫ്
♦സ്‌കൂളുകള്‍ തമ്മിലുള്ള ആശയ വിനിമയങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു കാമ്പസിലെ സെന്റോഫില്‍ നടക്കുന്ന പേക്കൂത്തുകള്‍ മറ്റൊരു കാമ്പസിലേക്ക് ലൈവായി കൈമാറുകയാണ്. തമ്മില്‍ ഒരു മത്സരബുദ്ധിയുണ്ടാവുന്നുവെന്ന് സാരം. കളര്‍ ഡ്രസ്‌കോഡിലാണ് വരുന്നത്. അത് വലിയ പ്രശ്നമല്ല, അതിന്റെ പിന്നില്‍ വരുന്ന മറ്റു സംഭവങ്ങളാണ് പ്രശ്നം സൃഷ്ടിക്കുന്നത്.

♦ സെന്റോഫ് സമയത്ത് മാര്‍ക്കര്‍ കൊണ്ട് മറ്റുള്ളവരുടെ ദേഹത്ത് സൈന്‍ ചെയ്തതിനെ ചോദ്യം ചെയ്തപ്പോള്‍ മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളില്‍ പെണ്‍കുട്ടികളുടെ സ്തനത്തില്‍ വരെ സൈനിട്ടിരുന്നുവെന്ന് പ്രതികരിച്ച കുട്ടികളുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ പറയുന്നവര്‍ പോഴത്തക്കാരനാവുന്ന സ്ഥിതി. ഒരു ട്രെന്റിലായി ഒഴുകി പോവുകയാണ് വിദ്യാര്‍ത്ഥികള്‍.

റാഗിംഗ്
♦നിസാര കാര്യത്തിനു വേണ്ടി നേരത്തെ കാമ്പസിലുണ്ടായിരുന്ന റാഗിംഗിന്റെ പതിപ്പുകള്‍ ഹയര്‍സെക്കണ്ടറിയിലേക്കും കടന്നു വരികയാണ്.

♦എന്തുതന്നെയായാലും കുട്ടികളെ പുറത്താക്കാന്‍ പാടില്ലായെന്നതുപോലെ തെറ്റായ കുറെ വിശ്വാസങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്.

♦നിയമത്തില്‍ തന്നെ വൈരുധ്യങ്ങളുണ്ട്. റാഗിംഗ് നടത്തി എന്നു തെളിഞ്ഞാല്‍ അവനെ സ്‌കൂളില്‍ നിന്നും പുറത്താക്കാനുള്ള അധികാരം പ്രിന്‍സിപ്പലിനുണ്ട്. എന്നാല്‍ ബാലാവകാശ കമ്മീഷന്റെ സര്‍ക്കുലര്‍ നേരെ വിരുദ്ധമാണ്. വിദ്യാര്‍ത്ഥിയുടെ അടുത്ത് എന്തു തെറ്റുണ്ടായാലും പുറത്താക്കാന്‍ പാടില്ല. ഈ നിയമ വൈരുധ്യം ഇന്നും നിലനില്‍ക്കുന്നുണ്ട്.

രാഷ്ട്രീയം/ മാഫിയ
♦കാമ്പസ് രാഷ്ട്രീയം കൊണ്ട് മുമ്പ് ഒരുപാട് നേട്ടങ്ങളുണ്ടായിരുന്നു. അന്ന് അല്‍പം ജനാധിപത്യ രാഷ്ട്രീയ ഐഡിയോളജി അറിയുന്നവരായിരുന്നു കാമ്പസില്‍. നെല്‍സണ്‍ മണ്ഡേലയെ മോചിപ്പിക്കാന്‍ വേണ്ടി മുദ്രാവാക്യം വിളിച്ചിരുന്നു അന്ന്. നെല്‍സണ്‍ മണ്ഡേല എത്ര ദൂരെയാണെന്നോര്‍ക്കണം. ഇക്കാലത്ത് നെല്‍സണ്‍ മണ്ഡേല പോയിട്ട് കേരള രാഷ്ട്രീയം പോലും കൃത്യമായി അറിയില്ല. ഏതെങ്കിലും പാര്‍ട്ടിയുടെ അണികളാകുന്നു. അതിന്ന് വേണ്ടി മുഷ്ടിചുരുട്ടുന്നു. ആ പാര്‍ട്ടി അവര്‍ക്ക് എന്തെങ്കിലും സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടാകും. അത് കൊണ്ട്മാത്രം. അതും ചെറിയൊരു പക്ഷം. മറ്റുള്ളവര്‍ ഇവര്‍ക്കനുസരിച്ച് വേഷം കെട്ടുന്നു. അത് വലിയ രാഷ്ട്രീയ പ്രശ്നമായി മാറുന്നു. ഇവര്‍ക്കെതിരെ വല്ല നടപടിയും സ്വീകരിച്ചാല്‍ രക്ഷിതാക്കളല്ല സ്‌കൂളില്‍ വരിക, പാര്‍ട്ടി നേതാക്കളായിരിക്കും. എത്ര പുറത്താക്കിയാലും തിരിച്ചെടുക്കുമെന്ന് കുട്ടികള്‍ക്കറിയുകയും ചെയ്യാം.

പരിഹാരം
♦നിരവധി തവണ പരിഹാര മാര്‍ഗങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. മോട്ടിവേഷനും മറ്റു ക്ലാസുകളും പരീക്ഷിച്ചിട്ടുണ്ട്. പ്രശ്നക്കാരായ വിദ്യാര്‍ത്ഥികളെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.
അധ്യാപകന്‍ തിരയടങ്ങിയ കടലില്ല കപ്പലിറക്കേണ്ടത്. അവര്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നവരാകണം. അധ്യാപകന്‍ എപ്പോഴും വിദ്യാര്‍ത്ഥിയുടെ കൂടെ ഉണ്ടെന്ന ഒരു തോന്നല്‍ വിദ്യാര്‍ത്ഥികളിലുണ്ടാക്കണം. കുട്ടികളുമായി എത്രത്തോളം ആത്മബന്ധം പുലര്‍ത്താനാവുന്നുണ്ട് എന്നിടത്താണ് അധ്യാപകന്റെ വിജയം.

♦സ്‌കൂളില്‍ നിലവില്‍ ജാഗ്രതാസമിതികളുണ്ട്. അതില്‍ പ്രാദേശിക സംവിധാനം കൂടി ഉള്‍പെടുത്തണം. ഹയര്‍സെക്കണ്ടറി ഡയറക്ഷനില്‍ തന്നെ അങ്ങനെ പറയുന്നുണ്ട്. അവയൊന്നും പ്രവര്‍ത്തനക്ഷമമല്ല. പക്ഷേ നിലവിലുള്ള അധ്യാപകര്‍ പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വരുന്നുണ്ട്.

♦നാട്ടിലെ പ്രാദേശിക സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. സ്‌കൂളില്‍ ഒരു പ്രശ്നവും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ തീരുമാനമെടുത്താല്‍ അവിടെ പ്രശ്നസാധ്യത കുറവാണ്. നാട്ടിലെ പ്രാദേശിക ചുറ്റുവട്ടത്തിലുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് സാംസ്‌കാരിക/സാമുദായിക സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന സംവിധാനം ഓരോ കാമ്പസിനും ഉണ്ടാവണം.

♦മാറുന്ന കാലത്തെയും വിദ്യാര്‍ത്ഥി മന:ശാസ്ത്രത്തെയും കുറഞ്ഞ രൂപത്തില്‍ ബോധ്യപ്പെടുത്തുന്ന, ഈ പ്രശ്നങ്ങളെ എങ്ങനെ മറികടക്കാനാകുമെന്ന് വിശദീകരിക്കുന്ന ക്ലാസുകള്‍ ഇടക്കിടെ ലഭിക്കണം. അത്തരം ക്ലാസുകളില്‍ എല്ലാ അധ്യാപകരും പങ്കെടുക്കുകയും വേണം.
കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് വിശദീകരിച്ച്‌കൊടുക്കുന്നവര്‍ അവരുടെ ബാധ്യതകളെ കുറിച്ചാണ് ആദ്യം ബോധവത്കരിക്കേണ്ടത്.

♦കുട്ടികളുടെ അവകാശങ്ങള്‍ പറയുമ്പോള്‍ തന്നെ ബാധ്യതകളെ കുറിച്ചും ബോധമുണ്ടാക്കുന്ന അവസ്ഥയിലേക്കെത്തിയാല്‍ തന്നെ ഒരുവിധം ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.
അധ്യാപകര്‍ ക്ലാസിന് നന്നായി കഠിനാധ്വാനം ചെയ്താലേ കുട്ടികളില്‍ മാറ്റം സൃഷ്ടിക്കാനാവൂ. അവരെ അത്തരം മാറ്റങ്ങളിലേക്കു പോകാന്‍ അനുവദിക്കാത്ത സാമൂഹ്യ വ്യവസ്ഥിതിയാണ് ഇന്നുള്ളത്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും കൃത്യമായി ഈ കുട്ടികളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വളരെ കണിശമായി അത് നിര്‍ത്താനാവണം.

♦ഗവണ്‍മെന്റ് തന്നെ സ്‌കൂള്‍ അന്തരീക്ഷം കുറ്റമറ്റതാക്കാനുള്ള സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, പി ടി എ, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ സമിതി തുടങ്ങിയവ. ഇവയൊന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല, ഈ കമ്മിറ്റിയില്‍ ചില രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് ഇതൊക്കെ ഒരു പബ്ലിസിറ്റിക്കുള്ള അവസരമാക്കിമാറ്റി. അവര്‍ക്ക് ചില പ്രോഗ്രാമിലൊക്കെ പങ്കെടുക്കണം. ആളുകളൊക്കെ ഒന്നു കാണണം. അത്രമാത്രം. സ്‌കൂളിലെ ഒരു പ്രശ്നവും പരിഹരിക്കാന്‍ അവരുണ്ടാവില്ല. അവര്‍ക്കെന്തു ലാഭം എന്ന ചിന്ത മാത്രം.

♦സ്‌കൂള്‍ പ്രദേശത്ത് നല്ല ചില ഓട്ടോക്കാരുണ്ടായിരുന്നു. ആത്മാര്‍ത്ഥതയള്ളവര്‍. ഫാന്‍സികളില്‍ വന്ന് വസ്ത്രം മാറി പലരുടെയും കൂടെ പോവുന്ന പെണ്‍കുട്ടികളെ ഈ ഓട്ടോക്കാരാണ് പിടിച്ചത്. സ്‌കൂളിന്റെ ചുറ്റുവട്ടത്തില്‍ ഒരു അയല്‍പക്ക സമിതി ഉണ്ടാവുകയും അവര്‍ സജീവമായി ഇടപെടുകയും ചെയ്താല്‍ ഗുണം ചെയ്യും.

♦ഹൈസ്‌കൂളില്‍ സെന്റോഫ് സംഘടിപ്പിച്ചപ്പോള്‍ അധ്യാപകര്‍ തന്ത്രപരമായി ചെറിയൊരു സല്‍കാരത്തിലൊതുക്കി. അതില്‍ അസംതൃപ്തരായ കുട്ടികള്‍, പിറ്റേന്ന് ചെണ്ടയുമായി വന്ന് കൊട്ടിഘോഷിച്ചു. കളറുകള്‍ വിതറി. കൂട്ടത്തില്‍ ഒരു കടക്കാരന്റെ ഷര്‍ട്ടും ചുവന്നു. അതോടെ അദ്ദേഹത്തിന്റെ മക്കളും അയല്‍ക്കാരും കൂടി വന്ന് കളറെറിഞ്ഞവനെ പൊതിരെ തല്ലി. അതുകാരണം ഹയര്‍സെക്കണ്ടറിയിലെ സെന്റോഫ് കുഴപ്പങ്ങളില്ലാതെ നടന്നു. നാട്ടുകാര്‍ ഇടപെടുമെന്ന തോന്നല്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായാല്‍ പൂര്‍ണാര്‍ത്ഥത്തില്‍ നിയന്ത്രിക്കാനാവും. നാട്ടുകാര്‍ ഇടപെട്ടാല്‍ പ്രശ്നം തീര്‍പാക്കാനാകും. ചൈല്‍ഡ് ലൈന്‍/ ബാലവകാശ കമ്മീഷന്‍ പ്രശ്നങ്ങളൊന്നും നാട്ടുകാരെ ബാധിക്കില്ലല്ലോ.

♦മഹല്ല് കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തിയാല്‍ മുസ്ലിം സമുദായത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.

♦വിദ്യാര്‍ത്ഥികളുടേത് മാത്രമല്ല പ്രശ്നം. നമ്മുടേത് കൂടിയാണ്. അവര്‍ക്ക് കിട്ടേണ്ട വിവരങ്ങള്‍ കിട്ടുമ്പോഴല്ലേ അവര്‍ നല്‍കേണ്ടത് നല്‍കൂ. അവര്‍ക്ക് കിട്ടേണ്ട പലതും സ്‌കൂളുകളില്‍ ഇപ്പോള്‍ കിട്ടുന്നില്ല.

♦കുട്ടികളെ എപ്പോഴും അധ്യാപകന്‍ സ്നേഹിക്കണം. അതിലൂടെ കുട്ടികള്‍ അധ്യാപകനെയും സ്നേഹിക്കണം.

♦അധ്യാപകര്‍ അപ്‌ഡേറ്റഡ് ആവാത്ത പ്രശനമുണ്ട്. മതിയായ കീനോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്നില്ല.

♦പ്രശ്നക്കാരായ വിദ്യാര്‍ത്ഥികളുടെ ഊര്‍ജം മറ്റൊരു വഴിയിലേക്ക് തിരിക്കാനായാല്‍ ഈ പ്രശ്നം പരിഹരിക്കാനാകും. ഉദാഹരണമായി, അവരെ ഒരുമിച്ച് കൂട്ടി റോഡു നിര്‍മാണം പോലെ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാല്‍ അവര്‍ അതില്‍ വ്യാപൃതരാവുകയും അച്ചടക്ക സമീപനങ്ങള്‍ വിജയിക്കുകയും ചെയ്യും. ഇവരെയാണ് എന്‍.സി.സി യിലേക്കും മറ്റും തിരഞ്ഞെടുക്കേണ്ടത്. കുട്ടികളെ ശത്രുവായി കാണാതെ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണം.

♦കൃഷി ഒരു സ്‌കൂളില്‍ പരീക്ഷിച്ച് നന്നായി വിജയിച്ചു. മറ്റു കലാകായിക പരിപാടികളും അവരെതന്നെ ഏല്‍പിക്കുക.

♦ക്യാമ്പുകള്‍ കാര്യക്ഷമമാക്കുക നല്ലൊരു മാര്‍ഗമാണ്.

പങ്കെടുത്തവര്‍
എ കെ അബ്ദുല്‍മജീദ്, എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുല്‍കലാം, ബശീര്‍ ചെല്ലക്കൊടി
എം അബ്ദുല്‍അസീസ്, എം നുജൂം, പി അബ്ദുറഹീം അഹ്‌സനി, ടി അബ്ദുല്‍ജലീല്‍ അഹ്‌സനി

തയാറാക്കിയത്
അന്‍വര്‍ കാരേപറമ്പ്, എന്‍ ബി സിദ്ദീഖ് ബുഖാരി

You must be logged in to post a comment Login