1990ലായിരുന്നു ആ യാത്ര. പത്രപ്രവര്‍ത്തക യൂണിയന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമൃത്‌സറിലെത്തിയ ഞങ്ങള്‍ക്ക് ഒരുദിവസം ജമ്മുവില്‍ തങ്ങാന്‍ പാകത്തിലാണ് യാത്രാപരിപാടികള്‍ തയാറാക്കിയിരുന്നത്. ഒരു വ്യാഴാഴ്ച സന്ധ്യയോടെയാണ് തീവണ്ടി ജമ്മുവിലെത്തിയത്. നല്ല തണുപ്പ്. സൈനികവാഹനങ്ങളാണ് റോഡ് നിറയെ. പിറ്റേന്ന് രാവിലെ ശ്രീനഗര്‍ ഭാഗത്തേക്ക് ബസ് യാത്ര നടത്താന്‍ അനുമതി കിട്ടിയതുകൊണ്ട് നേരത്തെ കിടന്നുറങ്ങി. രാവിലെ ഏഴുമണിക്ക് തന്നെ ജമ്മു, തവി നദികള്‍ മുറിച്ചുകടന്ന് ബസ് ശ്രീനഗര്‍ പാതയിലൂടെ ഓടാന്‍ തുടങ്ങി. അരമണിക്കൂര്‍ ഓടിക്കാണും; കുന്നിന്‍ ചെരുവിലൂടെയായി യാത്ര. വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെ ബസ് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ചീനാര്‍ മരങ്ങള്‍ ഇല പൊഴിച്ചു തുടങ്ങിയ ഋതുരാശി. സൂര്യന്‍ ഉയര്‍ന്നുപൊങ്ങിയിട്ടും തണുപ്പ് വിട്ടുമാറുന്നില്ല. ലക്ഷ്യം ശ്രീനഗറല്ല, കത്വയാണ്. കശ്മീരിന്റെ തലസ്ഥാനനഗരി ലക്ഷ്യമിട്ടാല്‍ വൈകുന്നേരത്തോടെ മടക്കയാത്ര അസാധ്യമാകുമെന്ന് ഗ്രൂപ്പ് ലീഡര്‍ കെ.എം റോയി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ന് വെള്ളിയാഴ്ചയാണെന്നും കാണുന്ന പള്ളിയില്‍ കയറി ജുമുഅ നിമസ്‌കരിക്കാമെന്നും ഓര്‍മപ്പെടുത്തിയത് യശഃശരീരനായ റഹീം മേച്ചേരിയാണ്. ജുമുഅ കത്വയില്‍ വെച്ചാകാമെന്ന് തീരുമാനമായി. വൈഷ്ണവദേവീ ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം എന്നതാണ് കത്വയുടെ സവിശേഷത. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന ഭക്തജനങ്ങള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്‍മുകളിലേക്ക് കാല്‍നടയാത്ര തുടങ്ങുന്നത് ഈ പട്ടണപ്രാന്തത്തില്‍നിന്നാണ്. സമയം 12മണിയോട് അടുത്തപ്പോള്‍ ഞങ്ങള്‍ പള്ളി അന്വേഷിക്കാന്‍ തുടങ്ങി. മസ്ജിദ് എന്ന പദം പോലും കേള്‍ക്കാത്തവരാണ് ഭൂരിഭാഗവും എന്ന് പ്രതികരണങ്ങളില്‍നിന്ന് മനസിലായി. ഒടുവില്‍ ഒരു ‘ടോപിവാല’യെ കണ്ടപ്പോള്‍ ഓടിച്ചെന്ന് ജുമാമസ്ജിദിനെ കുറിച്ച് ആരാഞ്ഞു. നിസംഗതാഭാവത്തില്‍ അദ്ദേഹം എതിര്‍ദിശയിലേക്ക് വിരല്‍ ചൂണ്ടി. എത്ര ചുറ്റിക്കറങ്ങിയിട്ടും പള്ളി കണ്ടെത്താനായില്ല. യാത്രക്കാരല്ലേ, ജുമുഅ നിര്‍ബന്ധമില്ലല്ലോ എന്ന ആത്മഗതത്തോടെ മടങ്ങാനിരിക്കെ, മുഷിഞ്ഞുവലഞ്ഞ വേഷത്തില്‍ ഒരു ‘മൗലാന’ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പള്ളി കാണിച്ചുതന്നു. ഒരുപറ്റം ആടുകള്‍ക്ക് ഒരുമിച്ചുനില്‍ക്കാന്‍ സൗകര്യമില്ലാത്ത ആല പോലൊരു കുടില്‍. പഴകിയ ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂര. ഏതോ മൃഗത്തിന്റെ തോലാണ് നിലത്ത് വിരിച്ചിരിക്കുന്നത്. ഒരു വീപ്പയില്‍നിന്ന് വെള്ളം കോരിയെടുത്ത് വുളൂ നിര്‍വഹിച്ചു. അവിടെ ജുമുഅ ഇല്ലത്രെ. മൊത്തം എട്ടോ പത്തോ ആള്‍ക്കാരാണ് ഒത്തുകൂടിയിരിക്കുന്നത്. ളുഹ്ര്‍ നിസ്‌കരിച്ചു പിരിയുമ്പോള്‍ റഹീം മേച്ചേരി പറഞ്ഞു; ഇതും ഇന്ത്യയാണല്ലോ റബ്ബേ!
വീണ്ടും മുഴങ്ങുന്നു ആ വാക്കുകള്‍!
കഴിഞ്ഞ ഒരാഴ്ചയായി കത്വയില്‍നിന്ന് എട്ടുവയസുകാരിയുടെ വേദനാജനകമായ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ വീണ്ടും ആ ഞെട്ടല്‍ നിറഞ്ഞ ആശ്ചര്യം വീണ്ടും മുഴങ്ങിക്കേള്‍ക്കുകയാണ്. ഇന്ത്യയിലാണല്ലോ റബ്ബേ ഇത് സംഭവിച്ചിരിക്കുന്നത്! സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കിരാതമായ അധ്യായം എന്നതിനപ്പുറം ഹിന്ദുത്വ വിദ്വേഷം ഒരു സമൂഹത്തെ എത്ര കണ്ട് അധഃപതിപ്പിക്കും എന്നു കൂടി ഈ സംഭവം ലോകത്തോട് വിളിച്ചുപറയുന്നു. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ സംഭവത്തെ ‘അതിഭീകരം’ എന്ന് വിശേഷിപ്പിച്ചത്. എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ ദിവസങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ച്, മയക്കുമരുന്ന് കുത്തിവെച്ച് മൂന്നു പൊലീസുകാരും ഒരു കൗമാരപ്രായക്കാരനുമടക്കം എട്ടുപേര്‍ എട്ടുദിവസം നിരന്തരമായി ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊന്നതിനു പിറകെ തലയില്‍ കല്ലുകൊണ്ടിടിച്ച് മരണം ഉറപ്പുവരുത്തി. ഇക്കഴിഞ്ഞ ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മയ്യിത്ത് മുസ്‌ലിം ശ്മശാനത്തില്‍ മറമാടാന്‍ അനുവദിച്ചില്ല. അങ്ങകലെ കാട്ടിലെവിടെയോ ആണ് മയ്യിത്ത് അടക്കം ചെയ്തത്. സംഭവം രാജ്യം അറിഞ്ഞില്ല. അറിയിക്കാതിരിക്കാന്‍ ദേശീയ മാധ്യമങ്ങളും ആര്‍.എസ്.എസ് നിയന്ത്രിത ഭരണകൂടവും വേണ്ടതൊക്കെ ചെയ്തു. ഏപ്രില്‍ 10ന് സംസ്ഥാന ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയിലെത്തിയപ്പോള്‍ ജമ്മു ഹൈകോര്‍ട്ട് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ അത് തടയാന്‍ ശ്രമിക്കുകയായിരുന്നു. അതിനു നേതൃത്വം കൊടുത്തതാവട്ടെ 2014ല്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് സഹചാരി ബാര്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ സലാത്തിയയും (ഇദ്ദേഹം ഇപ്പോള്‍ ബി.ജെ.പിയിലാണെന്ന് ഗുലാം നബി). പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ ഹിന്ദു ഏകത് മഞ്ച് എന്ന ആര്‍.എസ്.എസ് സംഘടനയുടെ ബാനറില്‍ വര്‍ഗീയവാദികള്‍ തെരുവിലിറങ്ങിയപ്പോള്‍ മഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ ഒപ്പമുണ്ടായിരുന്നു. മൂടിവെക്കപ്പെട്ട ഈ വക സത്യങ്ങള്‍ എല്ലാറ്റിനുമൊടുവില്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ കത്വ സംഭവം രാജ്യമാകെ തീക്കാറ്റ് തുറന്നുവിട്ടു. പാതിരാവിലും ഡല്‍ഹിഗേറ്റിനു മുന്നില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം വന്‍ജനാവലി ദുഃഖവും രോഷവും അടക്കാനാവാതെ പ്രതിഷേധജ്വാലകള്‍ ഉയര്‍ത്തി. ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു ഒടുവില്‍ സമ്മതിക്കേണ്ടിവന്നു, ഇത്തരം നിഷ്ഠൂര സംഭവങ്ങള്‍ ലോകത്തിന്റെ മുന്നില്‍ നമ്മുടെ രാജ്യത്തെ നാണം കെടുത്തുകയാണെന്നും നമ്മുടെ പെണ്‍കുട്ടികളുടെ രക്ഷ ഞാന്‍ ഉറപ്പുതരുകയാണെന്നും.
പക്ഷേ ആ പിഞ്ചുബാലികയോട് ചെയ്ത ക്രൂരതകള്‍ക്ക് ഒരു ഭരണാധികാരിക്കും മാപ്പിരക്കാന്‍ സാധിക്കില്ലെന്ന് ദിവസം കഴിയുന്തോറും പുറത്തുവന്നുകൊണ്ടിരിക്കുന്ന നടുക്കുന്ന വിവരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രത്തിന്റെ ഊരാളനായ സഞ്ജി റാം എന്ന നരാധമനാണ് ബാലികയുടെ കഥ കഴിക്കാന്‍ പദ്ധതിയിട്ടതത്രെ. കുതിരയെ മേയ്ക്കാന്‍ തന്റെ വീടിന് സമീപമെത്തുന്ന കുട്ടിയെയും കുടുംബത്തെയും എന്നെന്നേക്കുമായി ഓടിക്കാനും അവരുടെ സ്ഥലം പിടിച്ചെടുക്കാനും കണ്ടുപിടിച്ച മാര്‍ഗമാണത്രെ കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളാനുള്ള പദ്ധതി. അത്തരമൊരു തീരുമാനത്തിന് മാനസികമായി ആ മനുഷ്യനെ പാകപ്പെടുത്തിയെടുത്തിയതാവട്ടെ മുസ്‌ലിം ആര്‍.എസ്.എസ് അധ്യാപനങ്ങളും. അതുവരെ ക്ഷേത്രത്തിനകത്തെ കല്ലിനടിയില്‍ ഒളിപ്പിച്ചുകിടത്തിയ ആ പൈതലിനെ കൊല്ലുന്നതിനുമുമ്പ് ദീപക് കജൂരിയ എന്ന പൊലീസ് ഓഫീസര്‍ക്ക് കാമദാഹം തീര്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ആ ഇളം ഉടല്‍ വിട്ടുകൊടുത്തു. പ്രായമാവാത്ത മരുമകനും അര്‍ധബോധാവസ്ഥയിലുള്ള കുരുന്നിനെ പിച്ചിച്ചീന്തി. ഒടുവില്‍ കഴുത്തുഞെരിച്ചു കൊന്നിട്ടും കലിയടങ്ങാതെ വന്നപ്പോഴാണ് വലിയ പാറക്കല്ല് കൊണ്ട് തലക്കടിച്ച് മരണം ഉറപ്പിച്ചത്. 16പേജുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ആരാണ് ഈ മകളെന്ന് വിവരിക്കുന്നിടത്ത് മനഃസാക്ഷി മരിക്കാത്തവരെ കരയിപ്പിക്കുന്ന ഒരു വാചകമുണ്ട്: ” innocent budding flower, a child of eight years of old, who being a small kid became a soft target.”ഇടയ്ക്കിടെ പ്രതികള്‍ കൂട്ടബലാത്സംഗം നടത്തി എന്നാണ് എഫ്.ഐ. ആറില്‍ ആവര്‍ത്തിക്കുന്നത്. നമ്മള്‍ ഇതുവരെ കേട്ട ബലാത്സംഗത്തിന്റെ വിവരണമല്ല, കത്വ പെണ്‍കുട്ടിയുടെ ജീവിതദുരന്തത്തോട് ചേര്‍ത്തുപറയേണ്ടത്. അവളുടെ പിതാവ് അല്‍ജസീറ ചാനലിനു മുന്നില്‍ വിതുമ്പിയത്; പാല്‍പല്ല് പൊഴിയാത്ത ഒരു പൈതലിനോടാണല്ലോ ഈ നിഷ്ഠൂരത കാട്ടിയത് എന്ന് വിലപിച്ചാണ്. അതിനപ്പുറം, മുന്‍ ഉദ്യോഗസ്ഥനും പൊലീസ് ഓഫീസറും ക്ഷേത്രപൂജാരിയുമടങ്ങുന്ന പ്രതികള്‍ക്ക് നേരെ നിയമത്തിന്റെ കരങ്ങള്‍ നീണ്ടപ്പോള്‍ അത് തടയാന്‍ അഭിഭാഷകര്‍ സംഘടിതമായി ഇറങ്ങിപ്പുറപ്പെട്ട ദുരനുഭവം ഫാഷിസം വികസിപ്പിച്ചെടുത്ത വിപത്കരമായ മനോഘടനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അവള്‍ ഇമ്മട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത് മുസ്‌ലിം പെണ്‍കുട്ടിയായത് കൊണ്ടാണ്. അവളുടെ ജീവിതദുരന്തത്തെ ഇന്ത്യനവസ്ഥയില്‍ പീഡനങ്ങളേറ്റു വാങ്ങുന്ന ഏതെങ്കിലും സ്ത്രീയുടെ ദുരന്തജീവിതത്തോട് ചേര്‍ത്തുപറയാന്‍ കഴിയാത്തത് അതുകൊണ്ടാണ്.
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മോഡി
രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും അടിക്കല്ല് തന്നെ ഇളക്കിമറിക്കുന്ന ഇത്തരം സംഭവങ്ങള്‍ കെട്ടഴിഞ്ഞുവീഴുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി മാത്രം വാചാടോപം നടത്തുന്ന പ്രധാനമന്ത്രി മോഡിയുടെ ഗിമ്മിക്കുകളെ വിമര്‍ശിച്ച് സിവില്‍ സര്‍വീസില്‍നിന്ന് വിരമിച്ച 49 ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട തുറന്ന കത്ത് വ്യാപക ചര്‍ച്ചയായി. അതില്‍ പരാമര്‍ശിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മോഡിക്കു പോലും നിഷേധിക്കാന്‍ സാധ്യമല്ല. ഭരണകൂടം സൃഷ്ടിച്ചെടുത്ത ഭീതിയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം കണ്ടിരിക്കാന്‍ വയ്യാതെ വന്നിരിക്കുന്നു. ഭരണഘടനയില്‍ ശപഥം ചെയ്ത് അധികാരമേറ്റെടുത്തവര്‍ ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നോ അവരുടെ ആശങ്കകള്‍ ദൂരീകരിക്കുമെന്നോ ഉള്ള തങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തിരിക്കയാണ്. ഇന്ത്യ ഒരു രാജ്യമെന്ന നിലയിലും ധര്‍മവിചാരത്തില്‍ വിശ്വസിക്കുന്ന ഒരു സമൂഹമെന്ന നിലയിലും പരാജയപ്പെട്ടിരിക്കയാണ്. ഒടുവില്‍ , പ്രധാനമന്ത്രിയോട് അവര്‍ വ്യസനസമേതം ഒരു കാര്യം തുറന്നുപറഞ്ഞു:
”പ്രധാനമന്ത്രീ, ഞങ്ങളിത് എഴുതുന്നത് ഞങ്ങളുടെ ലജ്ജാബോധം ഒരുമിച്ച് പ്രകടിപ്പിക്കുന്നതിനോ ഞങ്ങളുടെ ആശങ്കയുടെ സ്വരം കേള്‍പ്പിക്കുന്നതിനോ നാഗരികമൂല്യങ്ങളുടെ അന്ത്യത്തില്‍ വിലപിക്കുന്നതിനോ അല്ല. പ്രത്യുത, ഞങ്ങളുടെ രോഷം പ്രദര്‍ശിപ്പിക്കുന്നതിനാണ്. അങ്ങയുടെ പാര്‍ട്ടിയും കാലാകാലം പൊന്തിവരുന്ന എണ്ണമറ്റ അദൃശ്യ ഉപഘടകങ്ങളും നമ്മുടെ രാഷ്ട്രീയവ്യാകരണത്തിലേക്കും സാമൂഹിക ജീവിതത്തിലേക്കും ദൈനംദിന വ്യവഹാരങ്ങളിലേക്കും കൂട്ടിച്ചേര്‍ക്കുന്ന വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും അജണ്ടക്കെതിരായാണ് ഞങ്ങളുടെ രോഷം. കത്വയിലും ഉന്നാവോയിലും സംഭവിച്ചത് പോലുള്ള ദുരന്തങ്ങള്‍ക്ക് സാമൂഹിക അംഗീകാരവും ന്യായീകരണവും നല്‍കുന്നത് ഈ രാഷ്ട്രീയപ്രത്യയശാസ്ത്രമാണ്.” അതായത്, ആര്‍.എസ്.എസും അതിന്റെ സന്തതികളും തുറന്നുവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിചാരഗതികളാണ് ആസിഫമാരെ കൊന്നുതള്ളാന്‍ പ്രധാനമന്ത്രിയുടെ ആള്‍ക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതെന്ന്.
ദേവാലയത്തിലെ അസുരന്മാര്‍
ജമ്മുവിലെ ഭൂരിപക്ഷസമൂഹം മുഴുവനും വര്‍ഗീയവാദികളോ ആര്‍.എസ്.എസിന്റെ മതഭ്രാന്ത് പിടിപെട്ടവരോ ആണെന്ന് വിലയിരുത്തുന്നത് നീതികേടാണ്. തന്റെ മകളെ കാണാതായപ്പോള്‍ ദിവസങ്ങളോളം കാട്ടില്‍ പരതാന്‍ കൂടെയുണ്ടായിരുന്നത് ഹിന്ദു അയല്‍വാസികളാണെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അഖ്തര്‍ തുറന്നുപറയുന്നുണ്ട്. അതേസമയം, കാടും നാടും പരതിയിട്ടും മകളെ കണ്ടെത്താന്‍ കഴിയാതെ പോയത് അവളെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചത് ക്ഷേത്രത്തിലായത് കൊണ്ടാണ്. ”ഞാന്‍ എല്ലായിടങ്ങളും പരതി. ക്ഷേത്രത്തിലൊഴികെ. അവിടെ പരതണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. കാരണം അത് വിശുദ്ധ ഇടമായാണ് ഞാന്‍ കരുതിയത്” മുഹമ്മദ് അഖ്തറിന്റെ ഈ വാക്കുകള്‍ ലജ്ജിപ്പിക്കേണ്ടത് ദൈവഭക്തരായ, ക്ഷേത്രങ്ങള്‍ ദൈവത്തിന്റെ വീടാണെന്ന് വിശ്വസിക്കുന്ന ഹൈന്ദവസമൂഹത്തിലെ ഭൂരിപക്ഷത്തെയാണ്.
സ്വാതന്ത്ര്യലബ്ധി തൊട്ട് കശ്മീരിന്റെ കാലുഷ്യം തുടങ്ങുന്നത് ജമ്മുവില്‍നിന്നാണ്. 1947ല്‍ രാജ്യത്തിന്റെ വിഭജനം പൂര്‍ത്തിയായിക്കൊണ്ടിരുന്ന ശപ്തയാമത്തില്‍ ജമ്മുവിലെ മുസ്‌ലിംകളോട് പാകിസ്ഥാനില്‍ സുരക്ഷിതമായി എത്തിക്കാമെന്ന് പറഞ്ഞ്, പ്രദേശത്തുനിന്ന് ആട്ടിയോടിച്ചു. അതിര്‍ത്തി കടക്കുന്നതിനു മുമ്പ് അഭയം തേടിപ്പോയ മുഴുവനാളുകളെയും അരിഞ്ഞുവീഴ്ത്തി. മലഞ്ചെരിവ് നിണമണിഞ്ഞു. കത്വ പോലുള്ള പട്ടണങ്ങള്‍ ‘മുസ്‌ലിം മുക്തമായി’. എന്നിട്ടും ഋതുഭേദങ്ങള്‍ക്കിടയില്‍ ആടിനെയും കുതിരയെയും മേക്കാന്‍ ഗുജ്ജാറുകള്‍ കടന്നുവരുന്നത് സഹസ്രാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന ജീവിതചര്യയുടെ അണമുറിയാത്ത പ്രകൃതി പ്രതിഭാസത്തിന്റെ ഭാഗമായാണ്. അങ്ങനെയാണ് ആ കുട്ടി മാതാപിതാക്കളോടും സഹോദരി മനേഘക്കുമൊപ്പം കത്വയിലെ റസാന ഗ്രാമത്തില്‍ എത്തുന്നത്. പക്ഷേ, തന്റെ ചുറ്റും കാവികഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നുവെന്ന് ആ കുരുന്ന് അറിഞ്ഞില്ല.
മോളേ, നീ ഒരു കാലഘട്ടത്തിന്റെ ഹൃദയഭേദകമായ ഇരയാണ്. ഒരുകൂട്ടം കശ്മലരുടെ കൈകളില്‍ നീ ഞെരിഞ്ഞമര്‍ന്നപ്പോള്‍ അര്‍ധബോധത്തിലും അനുഭവിച്ച വേദനയും പിടച്ചിലും ഞങ്ങള്‍ ഹൃദയം കൊണ്ട് തൊട്ടറിയുന്നുണ്ട്. പിച്ചിച്ചീന്തപ്പെട്ട പുഷ്പദളങ്ങളായി നീ മണ്ണില്‍ അലിഞ്ഞുചേരുമ്പോള്‍, ഒരു രക്തസാക്ഷിയുടെ പരിവേഷത്തിനപ്പുറം, ഒരു രാജ്യത്തിന്റെ ആകുലതകളുടെ അടയാളമായി നീ ഞങ്ങളുടെ മനസാക്ഷിയെ ഞെട്ടിയുണര്‍ത്തുകയാണ്. പേര്‍ത്തും പേര്‍ത്തും ഉള്ളകം നിനക്കു വേണ്ടി കേഴുകയാണ്; നീ അനുഭവിച്ച വേദനകള്‍ ഞങ്ങള്‍ ഹൃദയം കൊണ്ട് ആവാഹിക്കുന്നുണ്ട്. മലാല എന്ന സ്വാതിലെ പെണ്‍കുട്ടിക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ ലോകം ഞെട്ടിത്തെറിച്ചെങ്കില്‍, നിനക്ക് നേരെ അപരാധം ചെയ്ത കാവിക്കാപാലികരോട് കാലം ഒരിക്കലും പൊറുക്കാന്‍ പോകുന്നില്ല. ഇന്ത്യയുടെ അശ്രുകണങ്ങളില്‍ നിനക്കായുള്ള പ്രാര്‍ത്ഥനയുടെ ഉപ്പു കലര്‍ന്നിട്ടുണ്ടെന്ന് ഹൃദയം പൊട്ടി വാക്കുതരികയാണ്!
ശാഹിദ്
You must be logged in to post a comment Login