കുനിയുന്നവര്‍ക്കൊപ്പം കുനിയുക

കുനിയുന്നവര്‍ക്കൊപ്പം കുനിയുക

മുസ്‌ലിമിന്റെ ജീവിതം സര്‍വത്ര വണക്കത്തിന്റെതാണ്. അതില്‍ നിബന്ധനകളുണ്ട്, ആസ്വാദനങ്ങളുണ്ട്, ആനുകൂല്യങ്ങളുമുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ നിസ്‌കാരം നിലനിര്‍ത്തുക, കുനിയുന്നവരോടുകൂടെ കുനിയുകയും ചെയ്യുക'(ആശയം: സൂറതുല്‍ബഖറ/43).
ഒരാള്‍ ശരീരം കൊണ്ട് ചെയ്യുന്നതില്‍ അതിമഹത്താണ് നിസ്‌കാരം. വിശ്വാസിയുടെ നിസ്‌കാരം തിരിച്ചറിയാം. കാപട്യമുള്ളവരുടെതും തിരിച്ചറിയാം. പെരുന്നാള്‍ നിസ്‌കരിച്ച് സായൂജ്യംകൊള്ളുന്നവരും വെള്ളിയാഴ്ചകളില്‍ നിസ്‌കരിച്ച് കടമ വീട്ടിയെന്ന് വിചാരിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. പള്ളിയും നിസ്‌കാരവും റമളാനില്‍ മാത്രമാണ് ചിലര്‍ക്ക്. ഓത്തും പാട്ടും നിസ്‌കാരവുമായി ഒരുമാസം. അതുകഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ അടുത്ത റമളാനാകണം. തൊപ്പിയും മുസ്ഹഫും തസ്ബീഹുമൊക്കെ പൊടിതട്ടിയെടുക്കാന്‍. ചിലര്‍ ഒറ്റ നേരംകൊണ്ട് ഒരു ദിവസത്തെ മുഴുവന്‍ നിസ്‌കാരങ്ങളും അടച്ചുതീര്‍ക്കുന്നു.
ഇപ്പറഞ്ഞ രീതിയൊന്നും ‘അഖീമുസ്വലാത്ത’- നിസ്‌കാരം നിലനിര്‍ത്തൂവെന്ന ആഹ്വാനത്തിന്റെ പൂര്‍ത്തീകരണമാവില്ല. നിത്യമായി ചെയ്യുക, നിരന്തരം തുടരുക എന്ന അര്‍ത്ഥത്തിലാണ് അഖീമു ഉപയോഗിച്ചത്. അതാണ് ‘നിസ്‌കരിക്കാന്‍’ കല്‍പിക്കുന്നതിനു പകരം ‘നിസ്‌കാരം നിലനിര്‍ത്തുവാന്‍’ ആജ്ഞാപിച്ചത്.

നിസ്‌കാരം വിശിഷ്ടവണക്കമാണ്. അത് മുന്‍കാല സമൂഹങ്ങള്‍ക്കും കൊടുത്തിട്ടുണ്ട്. മുഹമ്മദ് നബിയുടെ സമൂഹത്തിനാണത് പൂര്‍ത്തിയാക്കി നല്‍കിയത്. മുന്‍കാലത്തെ ചില സമൂഹങ്ങള്‍ക്ക് ‘ഖിയാം’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെറും നിര്‍ത്തം മാത്രം. ചിലര്‍ക്ക് സുജൂദ് മാത്രം. ജൂതന്മാര്‍ക്ക് റുകൂഅ് ഇല്ലായിരുന്നു.

നിസ്‌കാരം നിലനിര്‍ത്തുന്നവര്‍ക്ക് കിട്ടുന്ന ഗുണങ്ങള്‍ എമ്പാടുമുണ്ട്. ഒഴിവാക്കുന്നവര്‍ക്കുള്ള ശിക്ഷയും നിസ്‌കാരത്തില്‍ അലസത കാണിക്കുന്നവര്‍ക്കുള്ള കെടുതികളുടെ തോതും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. അനുഗ്രഹവാതിലുകള്‍ മലര്‍ക്കെ തുറക്കുന്നത് നിസ്‌കാരം നിലനിര്‍ത്തുന്നവര്‍ക്ക് വേണ്ടിയാണെങ്കില്‍ ആ വാതിലുകള്‍ കൊട്ടിയടക്കുന്നത് നിസ്‌കാരത്തെ ഗൗനിക്കാത്തവര്‍ക്ക് മുന്നിലാണ്.

‘ദീനിന്റെ തൂണില്‍പെട്ടതാ നിസ്‌കാരം
ഈമാന്‍ കഴിഞ്ഞാല്‍ പിന്നിതാ വിസ്താരം
വിജയം അതില്‍ ഉണ്ടെന്നുവന്നാല്‍ പിന്നെ
നിറുത്തുള്ളതാ മറ്റുള്ളതെല്ലാം തന്നേ
ജസദിന്റെ അമലില്‍നിന്നിതാണേ ഏറ്റവും
ശഹാദത്തെനി കഴിഞ്ഞ് പിന്നെ മഹത്വവും
ആരോ നിസ്‌കാരം ഒഴിച്ചാല്‍ പിന്നെ
ഒരു സ്ഥാനവും ഇസ്‌ലാമിലില്ല പൊന്നേ
ജനദൃഷ്ടിയില്‍ മതിപ്പുള്ളതായ് ഗൗനിക്കപ്പെടും
മതദൃഷ്ടിയില്‍ അവന്‍ ഹീനനായി തള്ളപ്പെടും’
(അല്‍മവാഹിബുല്‍ജലിയ്യ).

തഴവ മുഹമ്മദ് കുഞ്ഞ് മൗലവി തന്റെ അല്‍മവാഹിബുല്‍ജലിയ്യയില്‍ ‘നിസ്‌കാരം’ എന്ന തലവാചകത്തിലെഴുതിയ വരികളാണിത്. അമുസ്‌ലിം സാഹിത്യകാരന്മാര്‍ പോലും മുസ്‌ലിമായ ഒരാളെ ആവിഷ്‌കരിക്കുമ്പോള്‍ ‘നിസ്‌കാരത്തഴമ്പ്’ കാണിക്കാറുണ്ട്. പണ്ടുകാലങ്ങളില്‍ മുസ്‌ലിമിന്റെ പൊതുവായ അടയാളമായിരുന്ന ‘നിസ്‌കാരത്തഴമ്പ്’ അവര്‍ കാണിച്ചിരുന്ന മതനിഷ്ഠയുടെയും കണിശതയുടെയും മുദ്രകളായിരുന്നു. അപ്പോള്‍ പിന്നെ ഐഛിക നിസ്‌കാരങ്ങളെക്കുറിച്ച് പറയേണ്ടതുണ്ടോ?

പറഞ്ഞുവന്നത് നിസ്‌കാരം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. രണ്ടാമത്തേത് ‘സകാത്ത്’ കൊടുക്കാനാണ് ഖുര്‍ആനിക കല്‍പന. ഇവ്വിഷയം മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. സമ്പത്തുകൊണ്ടുള്ള ആരാധനകളില്‍ നിര്‍ബന്ധവും പുണ്യമേറിയതുമാണ് സകാത്ത്. ഔദാര്യമല്ല, മറിച്ച് അര്‍ഹതപ്പെട്ടവന്റെ അവകാശമായാണ് സകാത്തിനെ ഇസ്‌ലാം പരിചയപ്പെടുത്തിയത്. സ്വീകാര്യതയും അളവറ്റ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതമാവുകയും ചെയ്യുന്ന അനുഭൂതി സകാത്ത് പ്രധാനം ചെയ്യുന്നുണ്ട്. തങ്ങളുടെ സമ്പത്ത് മുഴുവന്‍ ദീനിനുവേണ്ടി ചെലവഴിച്ച പുണ്യ സ്വഹാബത്ത് കൊടുത്തതും കൊയ്തതും ഇതുതന്നെ. തിരുനബിക്ക്(സ) മതപ്രബോധനത്തിനായി ധനം മുഴുവന്‍ നല്‍കിയ ബീവി ഖദീജയും(റ) മുസ്‌ലിംകളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിനായി കണക്കില്ലാതെ പണം ചെലവഴിച്ച ഉസ്മാനുബ്‌നു അഫ്ഫാനും(റ) ചരിത്രത്തില്‍ മറക്കാനാവില്ല. ‘സകാത്തി’ന്റെ യഥാര്‍ത്ഥ വിക്രയത്തിലൂടെ നാട്ടില്‍ സകാത്ത് വാങ്ങാന്‍ അര്‍ഹതപ്പെട്ടവരില്ലാത്ത വിധം രാജ്യത്തെ സമ്പല്‍ സമൃദ്ധമാക്കിയ ഉമര്‍ ബിന്‍ അബ്ദുല്‍അസീസ് ഖലീഫയും ഇസ്‌ലാമിക ചരിത്രത്തിലെ മിന്നും താരകമാണ്.

സൂക്തത്തിന്റെ അടുത്ത ഭാഗം വിശദീകരിക്കുന്നത് കുനിയുന്നവരോടൊപ്പം കുനിയാനാണ്. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ‘കുനിയുന്നവരോടൊപ്പം കുനിയാന്‍’ പറഞ്ഞത് നേരത്തെ യഹൂദരുടെ നിസ്‌കാരത്തില്‍ ‘റുകൂഅ്’ ഉണ്ടായിരുന്നില്ലാത്തതുകൊണ്ടാണത്രെ. അതല്ല, നിസ്‌കാരത്തോടൊപ്പം ചേര്‍ന്ന് നിസ്‌കരിക്കലാണ് താല്‍പര്യമെന്ന് ചിലര്‍. തവാളുഅ്- വിനയമുണ്ടായിത്തീരുക എന്നതാണ് കുനിയുക എന്നതിന്റെ വിവക്ഷ എന്ന് മൂന്നാമത്തെ അഭിപ്രായം(തഫ്‌സീറുല്‍കബീര്‍).

യഹൂദരുടെ നിസ്‌കാരത്തില്‍ സുജൂദ് ഉണ്ടായിരുന്നുവെങ്കിലും, റുകൂഅ് ഇല്ലായിരുന്നു. തങ്ങളുടെ ആരാധനയാണ് ശരിയെന്ന് ഭാവിച്ചവരോടാണ് റുകൂഅ് ചെയ്യുന്നവരോട് കൂടെ കൂടാന്‍ ഖുര്‍ആന്‍ പറയുന്നത്. മുഹമ്മദ് നബിയിലും(സ) സത്യമതത്തിലും പ്രവേശിക്കാനാണ് യഹൂദര്‍ക്ക് നിര്‍ദേശം കിട്ടിയത്. പക്ഷേ ഐഹിക സ്ഥാനമാനങ്ങള്‍ കൊതിക്കുന്നവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും സൂക്തങ്ങളെയും കുറഞ്ഞ വിലക്ക് കച്ചവടമാക്കി. ജൂതന്മാരുടെ വമ്പും കൊമ്പും വെട്ടിമുറിച്ചാണ് സ്രഷ്ടാവിന്റെ കല്‍പന വന്നത്. മുസ്‌ലിംകള്‍ നിസ്‌കരിക്കുന്നതുപോലെ നിസ്‌കരിക്കാനും മുസ്‌ലിംകള്‍ സകാത്ത് കൊടുക്കുന്നതുപോലെ സകാത് കൊടുക്കാനും. തൗറാത്തിനെയും മൂസാ നബിയെയും(അ) അവര്‍ യഥോചിതം മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അന്ത്യപ്രവാചകന്റെ ആഗമനത്തെ തൗറാത്തില്‍നിന്ന് പഠിച്ച അവര്‍ മുഹമ്മദ് നബിയെയും(സ) അവിടുന്ന് പരിചയപ്പെടുത്തിയ മതത്തെയും ശങ്കയില്ലാതെ അനുധാവനം ചെയ്യുമായിരുന്നു. പക്ഷേ തൗറാത്തിലും മൂസ നബിയിലുമുള്ള(അ) അവരുടെ വിശ്വാസം കേവല ജാഡകള്‍ക്കോ അധികാര ലബ്ധിക്കോ വേണ്ടി മാത്രമായിരുന്നുവെന്ന് മനസിലാക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിപ്പോന്നത്. ജനങ്ങള്‍ക്കുമുമ്പില്‍ അവരുടെ പിടിവാശി അവരെ പരിഹാസ്യരാക്കുകയും ചെയ്തു.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login