ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും ഐ.എ.എസുകാരനാകാം. മലപ്പുറം വേങ്ങര ഊരകം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജുനൈദ് നമുക്ക് കാണിച്ചുതരുന്നതും അതാണ്. കഴിഞ്ഞ വര്‍ഷത്തെ ഐ.എ.എസ് പരീക്ഷയ്ക്ക് ഇരുന്നൂറാം റാങ്ക് വാങ്ങിച്ച ഈ മദ്റസാധ്യാപകന്റെ മകന് രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് ഐ.എ.എസ് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞത്.
”മനസിന് ഉറപ്പുണ്ടെങ്കില്‍ ഐ.എ.എസ് പരീക്ഷയ്ക്ക് തയാറെടുക്കാം. വേറെ ആരുടെയും താല്‍പ്പര്യത്തിന് വേണ്ടി വരരുത്. ഇതിന്റെ പരിശീലനവും പഠനവും ഭാരിച്ചൊരു സാമ്പത്തികബാധ്യത വരുത്തിവയ്ക്കുമെന്ന പ്രചാരണം ശരിയല്ല. പഠിക്കാനുള്ള ഇച്ഛാശക്തിയുണ്ടെങ്കില്‍ പണം അധികം വേണ്ടതില്ല.”
ഊരകത്തെ വീട്ടിലിരുന്ന് സംസാരിക്കുമ്പോള്‍ ജുനൈദിന് വര്‍ഷങ്ങള്‍ പാകപ്പെടുത്തിയ പക്വത. അനുഭവം പങ്കുവെച്ചുകൊണ്ട് ജുനൈദ് സംസാരിക്കുന്നു.
പഠനത്തില്‍ ഒന്നാമന്
നാലുമക്കളില്‍ ഏറ്റവും മൂത്തയാള്‍ ഞാനാണ്. താഴെ മൂന്ന് അനിയത്തിമാര്. ജുഹൈന ജാസ്മിന്, ജുനൈദ ഫാത്തിമ, ജുസൈല തസ്നീം. ബാപ്പ അബ്ദുള്‍ ജബ്ബാര്‍ ബാഖവി കുറെക്കാലം ഗള്‍ഫിലായിരുന്നു. നാട്ടില്‍ വന്നശേഷം മദ്രസാധ്യാപകന്. ഉമ്മ ഷാഹിദ ഖാത്തൂന്. ആറംഗകുടുംബത്തെ പോറ്റാന്‍ ബാപ്പ ഏറെ കഷ്ടപ്പെട്ടെങ്കിലും ദാരിദ്ര്യം എന്തെന്ന് ഞങ്ങളെ അറിയിച്ചിരുന്നില്ല. എന്റെ കുട്ടിക്കാലത്ത് ഊരകം പ്രദേശത്ത് നഴ്സറികളൊന്നുമില്ല. ഉമ്മയാണ് എന്നെ അക്ഷരം പഠിപ്പിച്ചത്. നെല്ലിപ്പറമ്പ് ഗവ. മാപ്പിള എല്‍.പി.സ്കൂളില്‍ ഒന്നാംക്ലാസിലെത്തിയപ്പോള്, അധ്യാപകരുടെ ചോദ്യത്തിന് മണിമണിയായി ഉത്തരം പറയുമായിരുന്നു. ഉമ്മ പഠിപ്പിച്ചുതന്ന ഇംഗ്ലീഷും മലയാളവും അനായാസമായി കൈകാര്യം ചെയ്തപ്പോള്‍ അധ്യാപകര്‍ക്കും അത്ഭുതം. അന്നു മുതല്‍ ക്ലാസില്‍ ഒന്നാമതാണ്. ഏഴാംക്ലാസ് വരെ പി.എം.എസ്.എ മെമ്മോറിയല്‍ യു.പി.സ്കൂളില്‍. അതുകഴിഞ്ഞ് ഊരകം എം.യു.ഹൈസ്കൂള്‍. അവിടെയെത്തിയപ്പോള്‍ കഥാരചനയിലും ഉപന്യാസരചനയിലും ഒന്നാമതായപ്പോള്‍ മാഗസിന് എഡിറ്ററായി. പിന്നീട് സ്കൂള്ലീഡര്. പക്ഷെ പത്ത് എ പ്ലസ് സ്വപ്നം കണ്ടുനടന്ന എന്നെ സോഷ്യല്‍സയന്‍സ് ചതിച്ചു. സോഷ്യല്‍സയന്‍സില്‍ മാത്രം എ ആയി. പ്ലസ്ടുവിന് വാശിയോടെ പഠിച്ചു. 600ല്‍ 580 മാര്‍ക്ക് നേടി. ആ മാര്‍ക്കിന്റെ ബലത്തിലാണ് തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ ചേര്‍ന്നത്. കോഴ്സ് കഴിഞ്ഞ് ബാംഗ്ലൂരിലെ ഐ.ഡി.എം. കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. സാമ്പത്തികമായി പ്രയാസം നേരിടുന്ന കുടുംബത്തിന് എന്റെ ജോലി ഏറെ ആശ്വാസമായിരുന്നു. അവിടെ നിന്ന് കിട്ടിയ പണം കൊണ്ടാണ് വിദ്യാഭ്യാസലോണ്‍ അടച്ചുതീര്‍ത്തത്. ഐ.എ.എസ് മനസ്സിലേക്ക് കയറിവന്നതോടെ ജോലി രാജിവെച്ച് രണ്ടുവര്‍ഷം കഠിനപരിശീലനം. ഒടുവിലത് നേടിയെടുത്തു.
ഇബ്റാഹീം മാഷാണ് ആദ്യം അത് പറഞ്ഞത്
പത്താംക്ലാസിലെ പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും മികച്ച മാര്‍ക്ക് നേടിയതറിഞ്ഞപ്പോള്‍ ഉറുദു അധ്യാപകനായ ഒ.പി.ഇബ്രാഹിം മാഷ് ഒരു ദിവസം പറഞ്ഞു:
”നന്നായി പരിശ്രമിച്ചാല്‍ നിനക്ക് ഐ.എ.എസ് നേടിയെടുക്കാന്‍ കഴിയും. ഇപ്പോള്‍ത്തന്നെ ആ ആ ലക്ഷ്യം മുന്നില്‍ കാണണം.”
അതൊരു വലിയ ഉപദേശമായിരുന്നു. ആ സമയത്ത് ഞാന്‍ നന്നായി വായിക്കും. വീട്ടിലന്ന് ടി.വിയോ പത്രമോ റേഡിയോയോ ഇല്ല. സ്കൂള്‍ ലൈബ്രറിയില്‍ എത്തിയാണ് പത്രം വായിക്കുന്നത്. വൈകിട്ട് മൂന്നു കിലോമീറ്റര്‍ അപ്പുറത്തുള്ള പുത്തന്‍പീടിക ജ്ഞാനോദയം ഗ്രന്ഥശാലയിലെത്തും. അവിടെ നിന്നാണ് മലയാളം നോവലുകളും വേള്‍ഡ് ക്ലാസിക്കുകളും വായിച്ചത്. ബഷീറും എം.ടിയും മുകുന്ദനും ഒ.വി.വിജയനും ടോള്‍സ്റ്റോയിയും ദസ്തയവ്സ്കിയുമൊക്കെ ഹൃദയത്തിലേക്ക് കടന്നുവന്നു. അക്കൂട്ടത്തില്‍ ഏറ്റവും സ്വാധീനിച്ചത് എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ എന്ന പുസ്തകമായിരുന്നു. മറ്റൊരാള്‍ കല്പനാചൗള. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍നിന്ന് വന്ന് ലോകത്തിന്റെ നെറുകയില്‍ സ്ഥാനമുറപ്പിച്ച പ്രതിഭകള്‍.
പ്ലസ്ടുവിനും എന്‍ജിനീയറിംഗിനും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുമ്പോഴും, മനസ്സില്‍ ഇബ്രാഹിം മാഷ് പറഞ്ഞ സ്വപ്നമുണ്ടായിരുന്നു.
എന്‍ജിനീയറിംഗ് കോളജിലെ പഠനം കഴിഞ്ഞപ്പോള്‍ എന്തെങ്കിലുമൊരു പഠനം നടത്തണമെന്നു തോന്നി. ഞങ്ങള്‍ ആറുപേരുള്ള ഗ്രൂപ്പുണ്ട്. കൈത്തറി മേഖലയിലെ തൊഴിലാളികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്ന് കാണിച്ച് ഞങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ ഒരു പ്രപ്പോസല്‍ വെച്ചു. ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഐ.എസ്.എസ് ഓഫീസര്‍മാരെ കണ്ടാണ് കാര്യം പറഞ്ഞത്. അവര്‍ സമ്മതിച്ചു. അതൊരു വലിയ അനുഭവമായിരുന്നു. അതിനായി കേരളം മുഴുവന്‍ സഞ്ചരിച്ചു. തൊഴിലാളികള്‍ എല്ലാവരും പാവപ്പെട്ടവരായിരുന്നു. അധികവും പ്രായംചെന്നവര്‍. പവര്ലൂംസും മില്ലുകളുമൊക്കെ വന്നതോടെ അവര്‍ക്ക് ജോലി കുറഞ്ഞു. അവര്‍ നെയ്യുന്ന സാരികള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ വില കിട്ടുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ കൂലിയായിരുന്നു. ഇടയ്ക്കിടയ്ക്ക് പ്രൊജക്ടിന്റെ പുരോഗതി വിലയിരുത്താന്‍ ഐ.എ.എസ് ഓഫീസര്‍മാര്‍ യോഗം വിളിക്കും. ആ സമയത്താണ് ഐ.എ.എസ് പിന്നെയും താല്‍പ്പര്യമുണ്ടാക്കുന്നത്. സര്‍ക്കാര്‍ ചെയ്യുന്ന നടപടികള്‍ക്കപ്പുറം പല കാര്യങ്ങളും ചെയ്യാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്ന് ബോധ്യപ്പെട്ട അനുഭവം കൂടിയായിരുന്നു അത്.
ആത്മവിശ്വാസത്തിന്റെ കരുത്ത്
സഹോദരിമാരുടെ വിദ്യാഭ്യാസവും എന്റെ വിദ്യാഭ്യാസലോണുമൊക്കെ പ്രശ്നം സൃഷ്ടിച്ചപ്പോള്‍ ജോലിക്ക് പോയേ പറ്റൂ എന്ന അവസ്ഥയിലായി. അങ്ങനെയാണ് ബാംഗ്ലൂരിലെ ഐ.ടി. കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. നല്ല ശമ്പളമുള്ള ജോലിയായതിനാല്‍ ആദ്യവര്‍ഷം കൊണ്ടുതന്നെ എല്ലാ പ്രശ്നവും പരിഹരിച്ചു. അപ്പോഴും മനസ്സിലുള്ളത് ഐ.എ.എസ് തന്നെയായിരുന്നു. ഒരുവര്‍ഷം കൂടി അധ്വാനിച്ച് പണം സമ്പാദിച്ചുവെച്ചതിനുശേഷം ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം കമ്പനി മാനേജര്‍ എന്നെ കാബിനിലേക്ക് വിളിപ്പിച്ചു:
”നല്ല ശമ്പളമുള്ള ഇതുപോലുള്ള ജോലി കിട്ടാന്‍ ഇനി പ്രയാസമായിരിക്കും. മാത്രമല്ല, ഐ.എ.എസ് എന്നത് എല്ലാവര്ക്കും കിട്ടുന്ന ഒന്നല്ല. ഒരു ഭാഗ്യപരീക്ഷണത്തിന് തയാറാവണോ?”
പക്ഷെ എനിക്ക് കൃത്യമായ തീരുമാനമുണ്ടായിരുന്നു. പരിശ്രമിച്ചാല്‍ കിട്ടാത്തതായി ഒന്നുമില്ലെന്ന് പറഞ്ഞാണ് ഞാന്‍ കാബിനില്‍നിന്ന് ഇറങ്ങിയത്. ജോലി രാജിവെച്ചതിന്റെ കാര്യങ്ങള്‍ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി. മാത്രമല്ല, അടുത്ത ഒരുവര്‍ഷത്തെക്കുള്ള പണം ഞാന്‍ സമ്പാദിച്ചുവെച്ചിരുന്നു. ജോലി കളഞ്ഞത് മോശമായെന്ന് പലരും വിമര്‍ശിച്ചു. അതിലൊന്നും പ്രയാസപ്പെട്ടില്ല. നന്നായി പഠിച്ചു. 2016ല്‍ പരീക്ഷയെഴുതി. പക്ഷെ റിസല്‍ട്ട് വന്നപ്പോള്‍ നാലുമാര്‍ക്കിന് തോറ്റു. വലിയൊരു ഷോക്കായിരുന്നു എനിക്കത്. കുറച്ചുദിവസം ഞാന്‍ പുറത്തേക്കൊന്നും ഇറങ്ങിയില്ല. പക്ഷെ തളര്‍ന്നില്ല. അടുത്ത തവണ നേടാമെന്ന വിശ്വാസമാണ് എന്നെ നയിച്ചത്. അവിടെയും വീട്ടുകാരായിരുന്നു കരുത്ത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന ഘട്ടമായിരുന്നു അത്. ചോദിക്കാതെ തന്നെ ചില ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചു. നന്നായി കഷ്ടപ്പെട്ടു. ഫലം വന്നപ്പോള്‍ ഇരുന്നൂറാം റാങ്ക്. എന്നേക്കാളും സന്തോഷം കുടുംബത്തിനായിരുന്നു.
ഉറങ്ങണം, തിന്നണം
ഐ.എ.എസ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നവര്‍ക്ക് ആദ്യം വേണ്ടത് നല്ലൊരു ഗൈഡാണ്. ഒരു തവണയെങ്കിലും പരീക്ഷയെഴുതിയവരാണെങ്കില് ഏറ്റവും നല്ലത്. ഓരോ ഘട്ടത്തിലും നമ്മള് നീങ്ങേണ്ടത് ഗൈഡിന്റെ ഉപദേശപ്രകാരമാണ്. എനിക്ക് ആദ്യഘട്ടത്തില്‍ സഹായകമായത് ബാംഗ്ലൂരിലെ കേരള സമാജം നടത്തുന്ന ഐ.എ.എസ് അക്കാഡമിയാണ്. അത് ഒരു നോണ്‍ പ്രോഫിറ്റബിള്‍ സ്ഥാപനമാണ്. ഗോപകുമാര്‍ സാറായിരുന്നു ഗൈഡ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഏറെ സഹായിച്ചു. പരീക്ഷയെഴുതാന്‍ വരുന്ന കുട്ടികള്‍ക്ക് ഗൈഡായി പ്രവര്‍ത്തിക്കാന്‍ ഞാനും തയാറാണ്.
അമ്പതിനായിരം മുതല്‍ ഒന്നരലക്ഷം വരെ വാങ്ങുന്ന കോച്ചിംഗ് സെന്ററുകള്‍ കേരളത്തിലുണ്ട്. പക്ഷെ ഇവിടെയൊന്നും ഞാന്‍ പോയിട്ടില്ല. തിരുവനന്തപുരത്ത് ഇഷ്ടംപോലെ ലൈബ്രറികളുണ്ട്. ടെക്സ്റ്റ് ബുക്കുകള്‍ റഫര്‍ ചെയ്യാന്‍ അവിടെ കിട്ടും. അത് പഠിച്ച് കോച്ചിംഗ് സെന്ററില്‍ പരീക്ഷയെഴുതുകയാണ് ചെയ്തത്. അങ്ങനെ ചെയ്യുമ്പോള്‍ വലിയൊരു തുക ലാഭിക്കാന്‍ കഴിയും.
ജനറല്‍നോളജ് പരമപ്രധാനമാണ്. വായനയിലൂടെയാണ് അത് നേടാന്‍ കഴിയുക. ദിവസവും മൂന്നു മണിക്കൂറെങ്കിലൂം പത്രവും മാഗസിനുകളും വായിക്കണം. ഇംഗ്ലീഷ് പത്രങ്ങളില്‍ ഹിന്ദു വായിക്കുന്നതാണ് ഉചിതം. ലേറ്റസ്റ്റ് വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്കു വരിക. പത്രം വായിക്കുമ്പോള്‍, എന്തൊക്കെ വായിക്കണം എന്നത് പ്രധാനമാണ്. അതിനുവേണ്ടി സിലബസ് പരിശോധിക്കണം. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ റഫര്‍ ചെയ്യണം.
പരീക്ഷ അടുത്തെത്തുമ്പോള്‍ ചിട്ടയായ പഠനമാണ് വേണ്ടത്. അതിനുവേണ്ടി ടൈംടേബിള്‍ തയാറാക്കണം. ഉറക്കമൊഴിച്ചും പട്ടിണികിടന്നും പഠിക്കുമ്പോള്‍ അത് ആരോഗ്യത്തെ ബാധിക്കും. പരീക്ഷയുടെ ദിവസം പനി വന്നാല്‍ തീര്‍ന്നില്ലേ?
ദരിദ്രര്‍ക്കു വേണ്ടി
കേരളത്തില്‍ ജോലി ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം. പക്ഷെ പാവപ്പെട്ടവര്‍ക്കുവേണ്ടി ചില കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. കേരളത്തില്‍ എല്ലാവര്ക്കും വീടുകളും കുടിവെള്ളവും ആശുപത്രിയുമൊക്കെയുണ്ട്. ഇതൊന്നുമില്ലാത്ത എത്രയോ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുണ്ട്. ഒരു ഐ.എ.എസുകാരന് വിചാരിച്ചാല്‍ ഇക്കാര്യത്തില്‍ കുറച്ചെങ്കിലും പരിഹാരം കാണാന്‍ കഴിയും. അത്തരം ഗ്രാമങ്ങളില്‍ കുറച്ചുകാലം ജോലി ചെയ്യണമെന്നുണ്ട്.
അഭിമുഖം ; പി പി മുഹമ്മദ് ജുനൈദ് / തയാറാക്കിയത്: റസല്‍
You must be logged in to post a comment Login