സ്വപ്നഭരിതമായ മനസുമായി 1980കളുടെ പ്രാരംഭത്തില്‍ അലിഗര്‍ മുസ്ലിം സര്‍വകലാശാലയുടെ കാമ്പസില്‍ കാലെടുത്തുവെച്ചപ്പോള്‍ ഉള്ളകം സന്തോഷാതിരേകത്താല്‍ കുളിരണിഞ്ഞിരുന്നത്, ഒരു ജനതയുടെ ശിരോലിഖിതം തിരുത്തിക്കുറിക്കാന്‍ കെട്ടിപ്പടുത്ത ഒരു വിദ്യാപീഠത്തിന്റെ നടുമുറ്റത്താണല്ലോ വന്നുനില്ക്കുന്നത് എന്നോര്‍ത്താണ്. അധികാരവും പ്രതാപൈശ്വര്യങ്ങളും കൈമോശം വന്ന ഇന്ത്യയിലെ മുസ്ലിംകള്ക്ക് പുതിയൊരു ദിശാബോധം പകരാന്‍ സര് സയ്യിദ് അഹ്മദ് ഖാന് എന്ന ക്രാന്തദര്‍ശിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്ന ഒരു വിദ്യാലയം, ഒരു നൂറ്റാണ്ടിനിടയില്‍ നിര്‍ഭാഗ്യരായ ഒരു സമൂഹത്തിന്റെ തലയിലെഴുത്ത് തിരുത്തിക്കുറിക്കുകയും ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത അനുഭവങ്ങള്‍ ഓര്‍മകളെ കോരിത്തരിപ്പിച്ചു.
പക്ഷേ എന്തുചെയ്യാന്‍, മധുവിധു തുടങ്ങും മുമ്പേ കഷ്ടകാലം വന്നുപെട്ടു. കാമ്പസില്‍ കമ്യൂണിസ്റ്റ് കലാപം പടര്‍ന്നു. ഹിസ്റ്ററി വിഭാഗം പ്രൊഫസറായിരുന്ന വിശ്വപ്രസിദ്ധ ചരിത്രകാരന് ഇര്ഫാന് ഹബീബ്, ഒരഭിമുഖത്തില്‍ അലീഗര്‍ യൂണിവേഴ്സിറ്റിയെ കുറിച്ച് നടത്തിയ മോശമായ ചില പരാമര്‍ശങ്ങളായിരുന്നു അന്ന് കുഴപ്പത്തിന്റെ തുടക്കം. ഇര്ഫാന് ഹബീബിനും കമ്യൂണിസ്റ്റുകള്‍ക്കും എതിരെ അലയടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം കാമ്പസിനെ പിടിച്ചുകുലുക്കി. ഷംഷാദ് മാര്‍കറ്റിന് സമീപം പുറത്ത് താമസിച്ചിരുന്ന ഞങ്ങള്‍ ഏതാനും മലയാളി വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം രാവിലെ സുലൈമാന്‍ ഹാള്‍ വഴി കാമ്പസിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഞെട്ടി. സര്‍വകലാശാലക്ക് ചുറ്റും അതിര്‍ത്തിരക്ഷാ സേനയെ(ബി എസ് എഫ്) വിന്യസിച്ചിരിക്കുന്നു! കര്‍ക്കശമായ പരിശോധനക്കുശേഷം മാത്രമേ കാമ്പസിനകത്തേക്ക് കടത്തിവിടുന്നുള്ളൂ. വൈസ് ചാന്‍സലറുടെ വസതിയുടെ മുന്നില്‍ ദിവസങ്ങളായി തുടരുകയായിരുന്ന ‘ഇര്ഫാന് വിരുദ്ധ’ പ്രക്ഷോഭം ഒരു സായാഹ്നത്തില്‍ ദുരൂഹസാഹചര്യത്തില്‍ അക്രമാസക്തമായി. പൊലീസ് വെടിവെപ്പില്‍ അല്‍ത്താഫ് എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ട് വീടുകളിലേക്ക് പോയിക്കൊള്ളണമെന്ന് വിസിയുടെ നോട്ടീസ്. വിദ്യ തേടി കഷ്ടപ്പെട്ട് കലാലയത്തിലെത്തിയ ഞങ്ങളുടെ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുന്നതുപോലെ. ഞങ്ങള്‍ക്ക് പഠിക്കുകയാണ് വേണ്ടത്. വീട്ടിലേക്ക് പോകാന്‍ അശേഷം താല്പര്യമില്ലെന്ന് പറഞ്ഞ് ആര്ത്തുകരയണമെന്ന് തോന്നിയെങ്കിലും അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയുടെ വിധി നിര്‍ണയിക്കുന്നത് വി സിയല്ല. ജില്ലാ കലക്ടറും ഡല്‍ഹിയിലെ ഭരണാധികാരികളുമാണെന്നുള്ള തിരിച്ചറിവ് ഉള്ളകം നെരിപ്പോടാക്കിയ കാലം. തിങ്ങി നിറഞ്ഞ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പറ്റി കേരളത്തിലേക്കുള്ള വഴി തേടി ഹസ്റത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുദ്ധം ഭയന്ന് ജീവനും കൊണ്ട് ഓടിമറയുന്ന ജനക്കൂട്ടത്തിന്റെ കാഴ്ചക്ക് സമാനമായതാണ് കണ്മുന്നില്. അന്ന് യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന പതിനെട്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി തെരുവില്‍ ചിന്നിച്ചിതറിയ പ്രതീതി.
പിറ്റേന്ന് ദേശീയ പത്രങ്ങള്‍ കൈയില്‍ കിട്ടിയപ്പോള്‍ ഞെട്ടി. ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസുമൊക്കെ അലിഗര്‍ വാഴ്സിറ്റി അനിശ്ചിതമായി അടച്ചുപൂട്ടിയത്(അങഡ ഇഹീലെറ ടശിരല റശല) ആഘോഷിച്ചിരിക്കുന്നു. മുസ്ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കെട്ടിപ്പൊക്കിയ ഈ സ്ഥാപനം വിധ്വംസക മതമൗലിക ശക്തികളുടെ വിളനിലമായി മാറിയിരിക്കുകയാണെന്നും ഒരിക്കലും ദേശത്തിന്റെ നന്മക്കനുസൃതമായി മുന്നോട്ട് ചലിക്കാന്‍ സാധിക്കാത്ത വിധം ദുഷിച്ചിരിക്കുകയാണെന്നും ഈ പത്രങ്ങള്‍ മുഖപ്രസംഗം എഴുതിവിട്ടിരിക്കുകയാണ്.
ചിത്രവധത്തിലെ സ്ഥിരം ഇര
ഇന്ന് ആ പേപ്പര്‍ കട്ടിംഗുകളിലൂടെ കണ്ണോടിച്ചപ്പോള്‍ എത്ര കൃത്യത യോടെയാണ് ചരിത്രം ആവര്‍ത്തിക്കപ്പെടുന്നതെന്ന് അമ്പരന്നുപോകുന്നു. രാജ്യത്തെ കാമ്പസുകള്‍ പല കാരണങ്ങളാല്‍ സംഘര്ഷഭരിതമാവാറുണ്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍കൊണ്ട് പ്രക്ഷുബ്ധമായ ജെ എന്‍ യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ഹൈദരാബാദ്, അലഹബാദ് യൂണിവേഴ്സിറ്റികള്‍ വര്‍ത്തമാന കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളോട് എങ്ങനെയാണ് പ്രതികരികരിക്കുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ദലിത് നവജാഗരണ ശക്തികള്‍ അനിതര സാധാരണമായ ജ്വലന ശേഷിയോടെ നമ്മുടെ കാമ്പസുകളെ പ്രകമ്പനം കൊള്ളിക്കുന്ന അനുഭവങ്ങള്‍, പുതിയ രാഷ്ട്രീയ പ്രതീതികളാണ് കൈമാറുന്നത്.
എന്നാല്‍ അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് ഒരു ചിത്രത്തിന്റെ പേരിലാണ്. 1938ല്‍ വിദ്യാര്‍ത്ഥി യൂണിയന് ഹാളില്‍ സ്ഥാപിച്ച പാക്കിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുയുവവാഹിനി ഗുണ്ടകള്‍ കാമ്പസിലേക്ക് ഇരച്ചുകയറിയതും ജില്ലാ സര്‍വകലാശാല അധികൃതര്‍ അത് നോക്കിനിന്നതും വിദ്യാര്‍ത്ഥികളില്‍ പടര്‍ത്തിയ രോഷവും പുതിയ പ്രക്ഷോഭ വേദി തുറക്കപ്പെട്ടതുമാണ് ഇപ്പോഴത്തെ അസ്വാസ്ഥ്യങ്ങളുടെ കാതല്‍.
അടിസ്ഥാനപരമായി മനസിലാക്കേണ്ടത് അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി ആര് എസ് എസിന്റെ മാത്രമല്ല, സകല ന്യൂനപക്ഷവിരുദ്ധരുടെയും കണ്ണിലെ കരടാണ്. എണ്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യാര്‍ത്ഥി യൂണിയന് ആസ്ഥാനത്ത് അനാഛാദനം ചെയ്യപ്പെട്ട ഒരു ഛായാചിത്രത്തിന്റെ പേരില്‍ സംഘ്പരിവാരം ഇപ്പോള്‍ ഉയ ര്‍ത്തുന്ന ആക്രോശം, സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗം മാത്രമായേ കാണാനാവൂ. 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ പാദപതനങ്ങള്‍ കേട്ട് തുടങ്ങിയത് തൊട്ട് വര്‍ഗീയ ധ്രുവീകരണത്തിനുള്ള അടവുകള്‍ ഓരോന്നായി പുറത്തെടുത്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികള്‍, ജിന്നയെ കുഴിമാടത്തില്‍നിന്ന് പുറത്തെടുത്ത് തെരുവിലൂടെ വലിച്ചിഴക്കുന്നതിനും ചരിത്ര കഥാപാത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ എത്രമാത്രം സ്ഫോടനാത്മകമാവുമെന്ന് അളന്ന് തിട്ടപ്പെടുത്തിത്തന്നെയാണ്. വിദ്യാര്ത്ഥിയൂണിയന് ഏതെങ്കിലും വ്യക്തിക്ക് ആജീവനാന്ത അംഗത്വം നല്കിയാല് അദ്ദേഹത്തിന്റെ ഛായാചിത്രം വിദ്യാര്‍ത്ഥി യൂണിയന് ആസ്ഥാനത്ത് തൂങ്ങിക്കിടപ്പുണ്ടാവും. ഗാന്ധിജി തൊട്ട് നൂറുക്കണക്കിന് പ്രശസ്ത വ്യക്തിത്വങ്ങളുടെ മുഖങ്ങള്‍ അവിടെ ദര്‍ശിക്കാനാവും. ബ്രിട്ടീഷുകാരുടെ പാക്കിസ്ഥാനികളും ബംഗ്ലാദേശികളും മറ്റുനിരവധി നാട്ടുകാരും ഇക്കൂട്ടത്തിലുണ്ട്. കാമ്പസിലെ പ്രധാന കവാടങ്ങളും കെട്ടിടങ്ങളും പോയകാലത്ത് സ്ഥാപനത്തെ ഏതെങ്കിലും തരത്തില്‍ സേവിച്ചവരുടെ നാമധേയത്തിലാണ്. ഉദാഹരണമായി പ്രധാന ഓഡിറ്റോറിയം കെന്നഡിയുടെ പേരിലാണ്. അലിഗര്‍ കലക്ടറായിരുന്ന ബ്രിട്ടീഷുകാരനായ ബ്യൂറോക്രാറ്റിന്റെ പേരില്‍. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഈ പേരുകള്‍ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ജിന്നയുടെ പേരില്‍ ഇന്ത്യയില്‍ ചരിത്രപ്രസിദ്ധമായ മുംബൈയിലെ ജിന്നപറമ്പുണ്ട്. മുംബൈ ഹൈകോടതിക്കകത്ത് ജിന്നയുടെ ഛായാ ചിത്രം ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ട്. കാരണം, മുംബൈ ഹൈക്കോടതി കണ്ട ഏറ്റവും പ്രഗത്ഭനായ അഭിഭാഷകന് മുഹമ്മദലി ജിന്ന തന്നെയാണ്. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യത്തെ കുറിച്ച് ജസ്റ്റിസ് വി ആര് കൃഷ്ണയ്യരും എം സി ഛഗ്ലയുമൊക്കെ നല്കിയ സാക്ഷ്യങ്ങള്‍ ഹിന്ദുയുവവാഹിനിക്ക് അറിയില്ല എന്നുറപ്പാണ്. രാജ്യം വിഭജിക്കാന്‍ നേതൃത്വം നല്കിയ വില്ലനായ ജിന്നയെക്കുറിച്ചേ ഇവര്‍ കേട്ടിട്ടുള്ളൂ. ഹിന്ദു മുസ്ലിം മൈത്രിക്കുവേണ്ടി ദശകങ്ങള്‍ അശ്രാന്തപരിശ്രമങ്ങള്‍ നടത്തിയ, ‘ഹിന്ദു-മുസ്ലിം അംബാസഡര്‍’ എന്ന് സരോജിനി നായിഡു വിശേഷണം ചാര്‍ത്തിയ, വെള്ളക്കാരുടെ പേടിസ്വപ്നം എന്ന് മഹാത്മജി പ്രകീര്‍ത്തിച്ച ബാരിസ്റ്റര്‍ ജിന്നാസാഹിബിനെ കുറിച്ച് ഇക്കൂട്ടര്‍ കേട്ടിട്ടുപോലുമുണ്ടാവില്ല.
ഹിന്ദു യുവവാഹിനി എന്ന ഗുണ്ടാസംഘത്തെക്കുറിച്ച് മനസിലാക്കി വേണം അലിഗറില്‍ ഇപ്പോള്‍ പുറത്തെടുത്ത അക്രമണോത്സുക നീക്കങ്ങളെ വിലയിരുത്താന്‍. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗുണ്ടാ പടയാണ് ഹിന്ദുയുവവാഹിനി. ഗോരക്നാഥ് പീഠവുമായി ചുറ്റിപ്പറ്റി കഴിയുന്ന അക്രമിസംഘത്തെ ഗോരക്ഷക് മഞ്ച് എന്ന പേരില്‍ കൊണ്ടുനടന്നത് നാട്ടില്‍ കുഴപ്പങ്ങള്‍ വിതക്കാനായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് സംഘം നാടുചുറ്റാറ്. 1999ല്‍ യു പിയിലെ മഹാരാജ് ഗഞ്ജ് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പാഞ്ചറുവിയയില് നിന്ന് പുറന്തള്ളപ്പെട്ട യോഗി ആദിത്യനാഥ് എന്ന ബി ജെ പി പാര്‍ലമെന്റംഗം വന്‍ വാഹന വ്യൂഹങ്ങളുടെ അകമ്പടിയോടെ ഗോരക്പൂര്‍ ലക്ഷ്യമിട്ട് പറന്നപ്പോള്‍ തലത്ത് അസീസിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. അവര്‍ തലത്ത് അസീസിന്റെ സുരക്ഷാ ഗാര്‍ഡായ ഹെഡ്കോണ്‍സ്റ്റബിള്‍ സത്യപ്രകാശ് യാദവിന്റെ നേരെ നിറയൊഴിച്ചു. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രാണരക്ഷാര്‍ത്ഥം വയലില്‍ ചിതറി ഓടി. ഗോരക്ഷക്മഞ്ച്, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കൊലവിളിയുമായി യാത്ര തുടര്‍ന്നു. 1999 ഫെബ്രുവരി പത്തിന് മഹാരാജ്ഗഞ്ജ് പൊലീസ് യോഗിക്കും ഇരുപത്തിനാല് അനുയായികള്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ അുസരിച്ച് കേസെടുത്തു. ഗോരഖ്പൂര്‍ എം പിയും ശിഷ്യന്മാരും മുസ്ലിംകള്ക്കെതിരെ ഹിന്ദുക്കളെ തിരിച്ചുവിടാന്‍ പാഞ്ചറുവിയയിലെ ഖബറിസ്ഥാനില്‍ ചെന്ന് കുഴിമാടങ്ങള്‍ മാന്തുക പോലും ചെയ്തു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഗോദ്ര തീവണ്ടി ദുരന്തത്തിനു ശേഷം വ്യാപക അക്രമണ സംഭവങ്ങളില്‍ ഏര്‍പെട്ട യോഗിയുടെ അനുയായികളെ യു പിയിലുടനീളം വിന്യസിക്കാനാണ് ഹിന്ദുയുവവാഹിനി എന്ന അക്രമി സംഘത്തിന് രൂപം കൊടുക്കുന്നത്. ആ സംഘമാണ് അലിഗറില്‍ ഇപ്പോള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്.
ഹാമിദ് അന്‍സാരിയോടുള്ള പക
മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ആജീവാനന്ത അംഗമാക്കി ആദരിക്കാനുള്ള യൂണിവേഴ്സിറ്റി യൂണിയന്റെ തീരുമാനത്തോടുള്ള ആസൂത്രിത പ്രതികരണമാണ് ഹിന്ദുത്വ ശക്തികളുടെ ഇറങ്ങിപ്പുറപ്പാടെന്ന് വേണം വിലയിരുത്താന്‍. അന്‍സാരിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ തരംതാണ അഭിപ്രായപ്രകടനങ്ങള്‍, സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പ് ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലാണ്. അന്‍സാരിയുടെ കര്‍മമണ്ഡലം മുസ്ലിം സമൂഹവുമായി പരിമിതമായിരുന്നുവെന്നും ഇതരലോകവുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിച്ചില്ലെന്നുമുള്ള നിരീക്ഷണം ആര് എസ് എസിന്റെ വിഭാവനയിലുള്ള മുന്‍ ഉപരാഷ്ട്രപതി എത്ര വികലമാണെന്നത് കാണിച്ചുതരുന്നു. അതിനുശേഷം ശത്രുപക്ഷത്ത് നിര്‍ത്തപ്പെട്ട ആ മനുഷ്യനെ ആദരിക്കുന്നതിലെ കുണ്ഠിതമാണ് കാമ്പസിലാകമാനം അക്രമം അഴിച്ചുവിടാനും ജിന്നയുടെ ഛായാചിത്രം കലാപത്തിന്റെ വിത്തായി മാറ്റിയെടുക്കാനും ഇക്കൂട്ടര്‍ക്ക് ആവേശം പകരുന്നത്. സര്‍വകലാശാലക്കകത്ത് കയറി ഞരങ്ങിയ ഹിന്ദുയുവവാഹിനി ഗുണ്ടകള്‍ക്കെതിരെ ഇതുവരെ എഫ് ഐ ആര് ഇടാന്‍ പോലും പൊലീസ് തയാറാവാത്തതാണ് വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തില്‍ ഉറച്ചുനിര്‍ത്തുന്നത്. നിറത്തോക്കുമായി മുന്‍ ഉപരാഷ്ട്രപതിയുടെ അടുത്തേക്ക് കുതറിയ ഗുണ്ടകളെ സുരക്ഷിതമായി രക്ഷപ്പെടാന്‍ അനുവദിച്ച പൊലീസിന് യോഗി ആദിത്യനാഥിനെ സന്തോഷിപ്പിക്കുന്നതിലേ താല്പര്യമുള്ളൂ.
അലിഗറിലെ ഓരോ അസ്വാസ്ഥ്യവും യൂണിവേഴ്സിറ്റിയുടെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കാനും പരീക്ഷാ മൊഡ്യൂള്‍ തകിടം മറിക്കാനും വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കാനുമാണ് ഉപകരിക്കാറ് എന്നതിന് അനുഭവം സാക്ഷിയാണ്. പരീക്ഷകള്‍ ഇതിനകം നീട്ടിവെക്കപ്പെട്ടു. എല്ലാം അനിശ്ചിതത്വത്തിലാണ് അലീഗറില്‍. സമുദായത്തിന്റെ മൊത്തം അവസ്ഥയുടെ പ്രതീകമായി എ എം യു മാറിക്കഴിഞ്ഞത്, വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ മുന്നോടിയല്ല എന്ന് എങ്ങനെ പറയാതിരിക്കും?
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login