ലഹരിയുടെ പിടിയില്‍ അമരുകയാണ് പുതിയ തലമുറ എന്ന് തെളിയിക്കുന്ന വസ്തുതകളാണ് മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന വസ്തുതകള്‍ വ്യക്തമാക്കുന്നത്. സ്കൂളുകളിലും കോളജ് കാമ്പസുകളിലും മയക്കുമരുന്നിന്റെ വ്യാപനം ഭയാനകമായ തോതിലാണെന്ന ആശങ്ക ശരി തന്നെയാണെന്നാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും മനശാസ്ത്രവിദഗ്ധരും നിസംശയം പറയുന്നത്. ലഹരിയുടെ വ്യാപനവും ഉപഭോഗവും വ്യക്തമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളം ഒട്ടും പിന്നിലല്ലെന്ന് തന്നെയാണ്. ഇതേകുറിച്ച് ദേശീയതലത്തില്‍ ചില ഏജന്‍സികള്‍ വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ ഗൗരവതരമായ പഠനങ്ങളോ പരിശോധനകളോ സമഗ്രമായി ഇനിയും നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങളും പരിശോധനകളും നടത്തേണ്ടത് അത്യാവശ്യം തന്നെയാണ്.
ലഹരി എന്ന വിപത്തിന് നേരെ ഇനി കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല. സര്‍ക്കാറും സമൂഹവും ഇതിലേക്ക് ശ്രദ്ധകൊടുത്ത് വേണ്ടതൊക്കെ ചെയ്തില്ലെങ്കില്‍ നമ്മുടെ ഭാവി തലമുറ സര്‍വ്വനാശത്തിലേക്ക് മുങ്ങിപ്പോകും. മയക്കുമരുന്ന് കച്ചവടം പ്രതിദിനം കോടികളുടേതാണ്. കഞ്ചാവ് ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത ലഹരിവസ്തുക്കളും എല്‍ എസ് ഡി പോലെയുള്ള രാസലഹരി ഉത്പന്നങ്ങളും അതിര്‍ത്തി കടന്നെത്തുന്നതിന് കണക്കുകളില്ല. പിടിച്ചെടുക്കപ്പെടുന്നവയുടെ ആയിരം മടങ്ങാണ് നാട്ടിലെമ്പാടും എത്തുന്നത്. ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. സ്കൂളുകളിലും കോളജ് കാമ്പസുകളിലും ധാരാളം കുട്ടികള്‍ ലഹരിയുടെ വഴികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നത് പരമാര്‍ത്ഥമാണ്.
ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നത്
മുമ്പ് രണ്ടായിരം മൂവായിരം കുട്ടികള്‍ പഠിക്കുന്ന കോളെജുകളില്‍ ആറോ ഏഴോ പേരടങ്ങുന്ന ഒരു ഗാങ് മാത്രമായിരുന്നു ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അവര്‍ ആരെയും ശ്രദ്ധിക്കാറില്ല, അവരെയും ആരും ശ്രദ്ധിക്കാറില്ല. അതൊരു സാമൂഹ്യപ്രശ്നമായി ആരും കണ്ടിരുന്നില്ല. പക്ഷേ ഇന്ന് കാര്യങ്ങള്‍ ആകെ മാറി. കോളജ് കാമ്പസുകളില്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളജുകള്‍, എന്‍ജിനീയറിംഗ് കോളജുകള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകള്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ ഇതൊന്നും വലിയ കാര്യമല്ലെന്നമട്ടില് മയക്കുമരുന്നോ മറ്റ് ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നവരാണ്.
പൊതുവെ നാച്വറല്‍ എന്നും സിന്തറ്റിക് എന്നും മയക്കുമരുന്നുകളെ രണ്ടായി തിരിക്കാം. കഞ്ചാവ് ചെടിയുടെ പൂവും മുകുളങ്ങളും ഉണക്കിയെടുക്കുന്നത്, ഹഷീഷ്, ചരസ് പോലെയുള്ള അതിന്റെ ഉപോത്പന്നങ്ങള്‍ എന്നിവ പ്രധാനപ്പെട്ട പ്രകൃതിദത്ത മയക്കുമരുന്നാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത മയക്കുമരുന്ന് കഞ്ചാവും അതിന്റെ ഉപോത്പന്നങ്ങളുമാണ്. ഇന്ത്യയ്ക്ക് പുറത്ത് ഓപ്പിയം എന്നും നമ്മുടെ നാട്ടില്‍ കറുപ്പ് എന്നും അറിയപ്പെടുന്ന ലഹരിവസ്തു ഓപ്പിയം പോപ്പി ചെടിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ലഹരിപദാര്‍ത്ഥമാണ്. ഈ ചെടിയുടെ കായയുടെ തൊലിപ്പുറത്ത് മുറിവുകളുണ്ടാക്കുമ്പോള്‍ ഊറിവരുന്ന കറ ഉണക്കിയാണ് കറുപ്പുണ്ടാക്കുന്നത്. ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍, മോര്‍ഫിന്‍ എന്നിവ കറുപ്പില്‍ നിന്നുണ്ടാക്കുന്ന ലഹരി വസ്തുക്കളാണ്. ഹെറോയിന്‍ ഉപയോഗിക്കാന്‍ സാധ്യമല്ലാത്ത രീതിയില്‍ കയ്പ്പുള്ളതായതിനാല് അതില്‍ പഞ്ചസാര ചൂടാക്കി ചേര്‍ത്ത് ഉപയോഗിക്കും. പഞ്ചസാര ചൂടാക്കുമ്പോള്‍ ബ്രൗണ്‍ നിറമാകുന്നതിനാലാണ് ഇതുപയോഗിക്കുന്ന കറുപ്പിന്റെ വകഭേദമായ ലഹരിക്ക് ബ്രൗണ്‍ഷുഗര്‍ എന്ന് പേരുണ്ടായത്. അത് സിറിഞ്ചിലാക്കിയും പുകച്ചുമൊക്കെയാണ് സാധാരണ ഉപയോഗിക്കുന്നത്. ഹെറോയിനും ബ്രൗണ്‍ഷുഗറും നമ്മുടെ നാട്ടില്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. കൊക്ക ചെടികളില്‍ നിന്നുണ്ടാക്കുന്ന കൊക്കയിന് പോലുള്ള മയക്കുമരുന്നുകള്‍ ലാറ്റിന്‍ അമേരിക്കയിലാണ് ഉത്പാദിപ്പിക്കുന്നത്. കൊക്കാ ഹൈഡ്രോക്ലോറൈഡ് എന്ന പദാര്‍ത്ഥമാണ് കൊക്കയിന് എന്നത്. ഇതിന്റെ പൊടി ചൂടാക്കി അതിന്റെ പുക വലിച്ചെടുക്കുകയോ എന്തെങ്കിലും ദ്രാവകത്തില്‍ കലര്‍ത്തി അകത്താക്കുകയോ ആണ് ചെയ്യുക. ഇത് മൂന്നുമാണ് ലോകമെമ്പാടും ഉപയോഗിക്കുന്ന പ്രകൃതിദത്ത മയക്കുമരുന്നുകള്‍.
ഇതിനേക്കാള്‍ മാരകമാണ് സിന്തറ്റിക് ഡ്രഗ്സ് അഥവാ രാസമയക്കുമരുന്നുകള്. ഒരുപാട് രാസവസ്തുക്കള്‍ ലഹരിപദാര്‍ത്ഥമായി ഉപയോഗിക്കാവുന്ന തരത്തില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. എല്‍ എസ് ഡി എന്ന ഈ ഗണത്തില്‍പ്പെട്ട മയക്കുമരുന്ന് ശരീരത്തിനകത്തേയ്ക്ക് ചെന്നാല്‍ അയാളുടെ തലച്ചോറ് അപ്പാടെ മാറ്റിവച്ചതുപോലെയുള്ള അവസ്ഥയായിരിക്കും. സാധാരണ മനുഷ്യന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നതിന്റെ പത്തിരട്ടി വേഗത്തിലായിരിക്കും എല്‍ എസ് ഡി ഉപയോഗിക്കുന്ന ആളുടെ അവസ്ഥ. സാധ്യമല്ലാത്ത എന്തും ചെയ്യാനാകുമെന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. കെട്ടുപാടുകളും നിയന്ത്രണവുമെല്ലാം നഷ്ടപ്പെടും. എന്തുംചെയ്യാന്‍ തക്കവിധത്തില്‍ തലച്ചോറ് പ്രവര്‍ത്തിക്കും. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് പറന്നിറങ്ങാന്‍ കഴിയുമെന്നൊക്കെ ഇതുപയോഗിച്ചയാള്ക്ക് തോന്നുക സ്വഭാവികമാണ്. എല്‍ എസ് ഡി തന്നെ പല തരത്തിലാണ് നമ്മുടെ നാട്ടിലുള്ളത്. എല്‍ എസ് ഡി ഡ്രോപ്സ് ഉണ്ട്. ഇത് പലപ്പോഴും വാഹനങ്ങളില്‍ കറങ്ങി സഞ്ചരിച്ചായിരിക്കും ഇടപാടുകാര്‍ ആളുകള്‍ക്ക് നല്‍കുക. ആവശ്യക്കാര്‍ക്ക് ഇത് സിറിഞ്ചില്‍ നിന്നും ഡ്രോപ്പ് ആയി ഇറ്റിച്ചുകൊടുക്കുകയാണ് പതിവ്. ഒരു ഡ്രോപ്പ്, അര ഡ്രോപ്പ്, കാല് ഡ്രോപ്പ് എന്നിങ്ങനെയാണ് കണക്ക്. അത് ഇടപാടുകാര്‍ തന്നെ കൃത്യമായി ഇറ്റിച്ചുകൊടുക്കും. ഒരു ഡ്രോപ്പിന് കുറഞ്ഞത് നാലായിരം രൂപ വരെ ഈടാക്കും. കാല് ഡ്രോപ്പ് ഒക്കെ മതി ഒരാള്‍ക്ക്. ലഹരിയില്‍ മുങ്ങാന്‍. അത്ര ശക്തമായ ലഹരിയാണിതിന്.
എല്‍ എസ് ഡി ഡ്രോപ്പുകള്‍ സൂക്ഷിക്കുന്നത് പലപ്പോഴും ചെറിയ പഞ്ചസാര കട്ടകളിലാണ്. ഒരു ഡ്രോപ്പോ, അര ഡ്രോപ്പോ ചെറിയ പഞ്ചസാര കട്ടകളില്‍ ഇറ്റിച്ചാല്‍ ലഹരിയൊട്ടും നഷ്ടപ്പെടാതെ അത് അവിടെ സൂക്ഷിക്കപ്പെടും. ഈ പഞ്ചസാര കട്ടകള്‍ വായു കടക്കാത്ത വിധം പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചാണ് പലരും വില്പന നടത്തുന്നത്.
എല്‍ എസ് ഡി ഇംപ്രഗ്നേറ്റഡ് സ്റ്റാമ്പുകളും ഇപ്പോള്‍ വ്യാപകമാണ്. ഇത് തിരിച്ചറിയാനും പിടികൂടാനും വിഷമമാണ്. സ്ക്രാച്ച് ആന്റ് വിന് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് എല്‍ എസ് ഡി സ്റ്റാമ്പുകളും. സ്റ്റാമ്പിന്റെ അടിയിലാണ് എല്‍ എ സ് ഡി ഡ്രോപ്പ് സൂക്ഷിച്ചിരിക്കുക. പശപോലെ ഇത് സ്റ്റാമ്പിന്റെ അടിഭാഗത്ത് ഒട്ടിച്ചുവച്ചിരിക്കുകയാണ്. ഇത് നാക്കിനടിയില്‍ വെച്ചാല്‍ കണ്ടെത്താന്‍ പോലും കഴിയില്ല. ഇത്തരത്തിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ എല്‍ എസ് ഡി എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ഒട്ടേറെ കമ്പനികള്‍ എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ഇറക്കുന്നുണ്ട്. ശിവ, സ്കോര്‍പ്പിയോണ്‍, ഫ്രീമാന്‍, ഓം തുടങ്ങി ഒട്ടേറെ ബ്രാന്റുകളിലായി എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ഇറങ്ങുന്നുണ്ട്. ഇതൊക്കെ ഇന്ത്യന്‍ കമ്പനികളാണ്. ഗോവ, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇതൊക്കെ വരുന്നത്. കൊണ്ടുനടക്കാനും വില്‍ക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമായതിനാല്‍ ഈ ലഹരിപദാര്‍ത്ഥമാണ് കുട്ടികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്. ലഹരിവിരുദ്ധ എന്‍ഫോഴ്സ്മെന്റുകളില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം വിദഗ്ധര്‍ക്ക് മാത്രമേ ഈ സ്റ്റാമ്പുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകൂ. സാധാരണ പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ലഹരിവസ്തുവാണെന്ന് പലപ്പോഴും മനസിലാകില്ല. ഇത് എല്‍ എസ് ഡി സ്റ്റാമ്പ് കടത്തിക്കൊണ്ടുവരാന്‍ ലഹരിമരുന്ന് മാഫിയയ്ക്ക് സഹായകമാണുതാനും. എങ്കിലും പലയിടങ്ങളില്‍ നിന്നായി പൊലീസും എക്സൈസും മയക്കുമരുന്ന് വേട്ടകള്‍ നടത്തി എല്‍ എസ് ഡി സ്റ്റാമ്പുകള്‍ അടക്കം പിടിച്ചെടക്കാറുണ്ട്.
എം ഡി എം എ (മീതൈലിന് ഡൈഓക്സിമീതാംഫിറ്റാമിന്) എന്ന ലഹരിമരുന്ന് മെത്ത്, എക്സ്റ്റസി എന്നൊക്കെയുള്ള പേരിലാണ് ഇത് ലഭിക്കുന്നത്. ഇത് എല്‍ എസ് ഡിയെക്കാള്‍ അപകടം പിടിച്ച ലഹരിവസ്തുവാണ്. തീരെ ചെറിയ ഡോസ് മതി പത്തുമുതല്‍ പന്ത്രണ്ടുമണിക്കൂറുകള്‍ വരെ ഇതിന്റെ ലഹരി നില്ക്കാന്. ഇതുപയോഗിച്ചാല്‍ പിന്നെ ഈ ലോകത്തായിരിക്കില്ല ജീവിക്കുന്നത്. എം ഡി എ (മീതലൈന്ഓക്സിമെത്താംഫെറ്റാമിന്) എന്ന ലഹരിവസ്തുവും വ്യാപകമായ തോതില്‍ വില്ക്കപ്പെടുന്നുണ്ട്. കേരളത്തിലെല്ലായിടത്തും ഇത്തരം ലഹരി വസ്തുക്കള്‍ വ്യാപകമായ തോതില്‍ വില്ക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുപോലെ മയക്കുഗുളികകളും കുട്ടികള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. വേദനസംഹാരികള്‍, മനോരോഗാശുപത്രികളില്‍ ഉപയോഗിക്കുന്ന ഗുളികകള്‍ എന്നിവയാണ് ലഹരിയ്ക്കായി ഉപയോഗിക്കുന്നത്. മയക്ക് ഗുളികകളുടെ ഉപയോഗം അത്യന്തം മാരകമാണ്. ശരീരത്തിലെ പ്രധാന അവയവങ്ങളെയൊക്കെ വളരെ പെട്ടെന്ന് നശിപ്പിക്കാന്‍ ഇത്തരം ഗുളികകള്‍ക്ക് കഴിയും. വൃക്ക, കരള്‍, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം പെട്ടെന്ന് തന്നെ തകരാറിലാക്കാന്‍ ഇത്തരം ഗുളികകളുടെ ഉപയോഗം കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളുടെ ഇടയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ലഹരിവസ്തു ഇത്തരം മയക്കുഗുളികകളാണ്. ഉപയോഗിക്കാനും സൂക്ഷിക്കാനും തിരിച്ചറിയാതിരിക്കാനും സുരക്ഷിതമാണെന്നതുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഇത്തരം ലഹരി വസ്തുക്കള്‍ തെരഞ്ഞെടുക്കുക.
ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെയും എണ്ണമേറെ
സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ഇടയില്‍ വ്യാപകമായ തോതില്‍ ഇത്തരം ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഉണ്ടെന്ന് കോഴിക്കോട് നഗരത്തില്‍ അടക്കം പൊലീസ് മുമ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങളില്‍ പെണ്കുട്ടികല് അടക്കം ലഹരിമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. ഒരു ദിവസം പത്ത് ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് ഉപയോഗിക്കുന്നവര്‍ പോലുമുണ്ടെന്നത് അധികൃതര്‍ക്ക് ഞെട്ടിക്കുന്ന അറിവായിരുന്നു. കടുത്ത മനോരോഗികള്‍ക്ക് പോലും ദിവസം ഒരു ഗുളിക കൊടുക്കാറുള്ളപ്പോഴാണ് കുട്ടികള്‍ ഒരു ദിവസം ഒരു സ്ട്രിപ്പിലെ മുഴുവന്‍ ഗുളികകളും ലഹരി നിലനിര്‍ത്താന്‍ വേണ്ടി അകത്താക്കുന്നത്. സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുക മാത്രമല്ല ഇത് കടത്തിക്കൊണ്ടുവരാനും ഇടപാടുകാര്‍ പറയുന്ന സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കാനും ഇടനിലക്കാരായും കാരിയര്‍മാരായും പ്രവര്‍ത്തിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ലഹരി ഉപയോഗിക്കാന്‍ പണമില്ലാതെ വരുമ്പോഴാണ് കുട്ടികള്‍ ലഹരിക്കടത്തിലേക്ക് നീങ്ങുന്നത്. പറഞ്ഞ സ്ഥലത്ത് സാധനമെത്തിച്ചുകൊടുത്താല് പ്രതിഫലമായി ലഹരി ഉപയോഗിക്കാന്‍ നല്‍കുമെന്നത് ഒട്ടേറെ കുട്ടികളെ ഈ ചതിക്കുഴിയിലേക്ക് നയിക്കുന്നതിനിടയാക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിക്കപ്പെട്ടാല്‍ കുട്ടികള്‍ കുടുങ്ങുകയും കച്ചവടക്കാരും ഇടനിലക്കാരും രക്ഷപ്പെടുകയും ചെയ്യും. കച്ചവടക്കാര്‍ ആരാണെന്നോ അവര്‍ എവിടെയാണെന്നോ കാരിയര്‍മാരായി മാറുന്നവര്‍ക്ക് അറിയുകയുമില്ല.
മയക്കുമരുന്ന് ഉപയോഗം മൂലം വിചിത്ര ലോകത്ത് ജീവിക്കുന്നവരായിരിക്കും ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അവരുടെ ലോകത്തേയ്ക്ക് ചെല്ലുമ്പോഴാണ് ഞെട്ടിക്കുന്ന പല കാര്യങ്ങളും അറിയാനാകുക. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിച്ചാല്‍ ഏറ്റവും വലിയ പ്രശ്നം ഇതിന്റെ വിത്ഡ്രോവല്‍ സിംപ്റ്റംസ് ആണ്. വളരെ ഭയാനകമാണ് ഈ അവസ്ഥ. ചിലയിനം മയക്കുമരുന്നുകള്‍ രണ്ടുമൂന്ന് തവണ ഉപയോഗിച്ചാല്‍ പിന്നെ തിരിച്ചുവരാനാകില്ല. മയക്കുമരുന്ന് കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കില്‍ ആകെ പരിഭ്രാന്തിയും പ്രശ്നങ്ങളുമായിരിക്കും. ആ സമയത്ത് ഇതെങ്ങനെയെങ്കിലും അവര്‍ സംഘടിപ്പിച്ചിരിക്കും. എന്തുചെയ്തിട്ടായാലും അതിനുള്ള പണം അവര്‍ കണ്ടെത്തും. ഇതിന്റെ അവസാനഘട്ടമായിരിക്കും മസോക്കിസം. സ്വന്തം ശരീരത്തെ പീഡിപ്പിച്ചുകൊണ്ട് ലഹരിയും ആനന്ദവും കണ്ടെത്തുന്ന അവസ്ഥയാണിത്. കൈകളിലും മറ്റ് ശരീരഭാഗത്തും ബ്ലേഡുകൊണ്ടും മറ്റും മുറിവുകളുണ്ടാക്കുക, സിഗരറ്റുകള്‍ കൊണ്ട് സ്വയം പൊള്ളലേല്‍പ്പിക്കുക തുടങ്ങി സ്വന്തം ശരീരത്തെ പീഡിപ്പിച്ച് താല്കാലികമായി ആശ്വാസം കണ്ടെത്തുമവര്. ആണ്‍കുട്ടികള്‍ ഇത് വാങ്ങാനും ഉപയോഗിക്കാനും വേണ്ട പണത്തിന് ഒട്ടേറെ വഴികള്‍ നോക്കും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പണം ലഭിക്കാനുള്ള സോഴ്സ് വളരെ കുറവായതിനാല്‍ പിന്നെ ഏകവഴി സ്വന്തം ശരീരത്തിന്റെ ദുരുപയോഗമായിരിക്കും. മയക്കുമരുന്ന് വില്പനക്കാരുടെ ശൃംഖല ഈ കുട്ടികളെ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്.
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് പലപ്പോഴും അറിവുണ്ടായിരിക്കില്ല. പഠനസംബന്ധമായ മാനസിക സമ്മര്‍ദമായി കുട്ടികളുടെ ചെയ്തികളെ ഇവര്‍ തെറ്റിദ്ധരിക്കും. നിലവാരമുള്ള സ്കൂളുകളിലെ കുട്ടികള്‍ അടക്കം മയക്കുമരുന്ന് ഉപയോഗിക്കുകയും പിന്നീട് അതിന്റെ പിടിയില്‍ അകപ്പെട്ടുപോവുകയും ചെയ്യുന്നുണ്ട്. ലഹരിമരുന്നുകള്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നവരില്‍ അപകടം ഏറെയാണ്. ഒരു സിറിഞ്ച് തന്നെയായിരിക്കും പലരും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുക. എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരകരോഗങ്ങള്‍ ഇതുവഴി പടരുകയും ചെയ്യും.
മയക്കുമരുന്ന് കുത്തിവച്ച് ആളുകള്‍ മരിക്കുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ വരാറുണ്ട്. അടുത്തിടെ തന്നെ രണ്ടോ മൂന്നോ സംഭവങ്ങള്‍ ഇത്തരത്തിലുണ്ടായിട്ടുണ്ട്. മയക്കുമരുന്ന് സിറിഞ്ചുകളില്‍ കുത്തിവയ്ക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. മയക്കുമരുന്ന് കുത്തിവയ്ക്കുമ്പോള്‍ സിറിഞ്ചിലുള്ള വായു രക്തക്കുഴലില്‍ എത്തി വായുവിന്റെ കുമിള ഹൃദയധമനികളിലെത്തുമ്പോളാണ് ആളുകള്‍ പെട്ടെന്ന് മരിക്കുന്നത്. എയര്‍ എംബോളിസം എന്ന പ്രതിഭാസമാണിതിന് കാരണം. മെഡിക്കല്‍ രംഗത്തുള്ളവര്‍ കുത്തിവയ്പ്പ് നല്കുന്നതില് പരിശീലനം സിദ്ധിച്ചവരാണ്. എന്നാല്‍ മയക്കുമരുന്ന് കുത്തിവെയ്ക്കാന്‍ സിറിഞ്ചുപയോഗിക്കുന്നവര്ക്ക് ഇതിന്റെ ഉപയോഗം ശരിയായി അറിയില്ല. എയര്‍ എംബോളിസം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കും.
പരീക്ഷയെഴുതാന്‍ ലഹരിയുപയോഗിക്കുന്നവര്
മദ്യം പോലെയുള്ള ലഹരി ഉപയോഗിക്കാന്‍ വിലക്കുകളും പ്രയാസങ്ങളും ഉള്ളതിനാല്‍ ആരുമറിയാതെ ഉപയോഗിക്കാന്‍ കഴിമെന്നതിനാലും ലഹരിയുടെ അളവ് മദ്യത്തേക്കാള്‍ കൂടുതലായതിനാലും മയക്കുമരുന്നിലേക്കാണ് കുട്ടികള്‍ വീണുപോകുന്നത്. കൊണ്ടുനടക്കുന്നതും ഉപയോഗിക്കുന്നതും വീട്ടുകാരും നാട്ടുകാരും അധ്യാപകരും അറിയില്ല എന്നതാണ് ഇതിന്റെ ആകര്‍ഷണീയത. ലഹരിക്ക് അടിമയായി തിരിച്ചുകയറാനാകാത്ത അവസ്ഥ വരുമ്പോഴാണ് പലപ്പോഴും വിവരം അടുത്ത ആളുകള്‍ പോലും അറിയുക. എന്‍ജിനീയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളിലും കുട്ടികള്‍ പരീക്ഷാ സഹായി എന്ന നിലയില്‍ പോലും ലഹരി ഗുളികകള്‍ ഉപയോഗിക്കാറുണ്ട്. ഒരുതരം ഗുളിക ഉപയോഗിച്ചാല്‍ അടുത്തകാലത്ത് നടക്കുന്ന കാര്യങ്ങളെല്ലാം നന്നായി ഓര്‍ത്തിരിക്കും. പഴയതെല്ലാം മറക്കുകയും ചെയ്യും. സ്റ്റഡി ലീവ് കാലത്ത് സീനിയേഴ്സിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട് കുട്ടികള്‍ ഇത് ഉപയോഗിച്ചുതുടങ്ങും. പഠിക്കുന്ന കാര്യങ്ങള്‍ നന്നായി ഓര്മിക്കാമെന്നും പരീക്ഷയില്‍ ജയിക്കാമെന്നുമാണ് ഇതുപയോഗിക്കുന്നതിന്റെ കാരണമായി പറയുക. ഉപയോഗം തുടങ്ങിക്കഴിഞ്ഞാല്‍ പരീക്ഷ കഴിഞ്ഞും ഇത് നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാകും. ലഹരി ഗുളികകള്‍ സ്ഥിരം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കാലം ചെല്ലുംതോറും ഇതിന്റെ ഡോസ് കൂട്ടിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ലഹരി ലഭിക്കാത്ത സ്ഥിതിയാകും. ഒരിക്കല്‍ ഇതില്‍ കുടുങ്ങിയാല്‍ അവര്‍ക്ക് സ്വമേധയാ കരകയറാനാകില്ല. അതിന് ഡീ അഡിക്ഷന് സംവിധാനം തന്നെ വേണ്ടിവരും. അതിന് മാതാപിതാക്കളുടെയും അധ്യാപകരുടെയും ബന്ധുക്കളുടെയും ആരോഗ്യസുരക്ഷാ വിദഗ്ധരുടെയും സഹായം ആവശ്യവുമാണ്.
ലഹരിയെത്തുന്നത് അതിര്‍ത്തികള്‍ കടന്ന്
അഫ്ഗാനിസ്ഥാന് വഴിയാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം മയക്കുമരുന്നുകളും മറ്റ് ലഹരിവസ്തുക്കളുമെത്തുന്നത്. അവിടെ നിന്ന് എത്തുന്ന ലഹരിവസ്തുക്കള്‍ മുംബൈ, ഗോവ വഴി കേരളത്തിലേക്ക് എത്തും. കഞ്ചാവ് എത്തുന്നത് പ്രധാനമായും ആന്ധ്രപ്രദേശ്, ഉത്തരഖണ്ഡ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. മാവോയിസ്റ്റ്-നക്സലൈറ്റ് സ്വാധീന മേഖലകളില്‍ വ്യാപകമായ തോതില്‍ കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. അവരുടെ പ്രധാന വരുമാനമാര്‍ഗം ഇതാണ്. കൃഷിചെയ്യാന്‍ എല്ലാ സൗകര്യങ്ങളും സുരക്ഷയും അവര്‍ ഒരുക്കും. കേരളത്തില്‍ നിന്നടക്കമുള്ള ആളുകള്‍ അവിടെയെത്തി വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടത്രേ. മണിപ്പൂര്‍, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലും ചില വിഘടനവാദ സംഘടനകളും പണമുണ്ടാക്കാന്‍ വേണ്ടി വന്‍തോതില്‍ ഓപ്പിയം കൃഷി ചെയ്യുന്നുണ്ട്. ഇവിടെനിന്നും കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ എത്തുന്നുണ്ട്. ലാഭത്തിന്റെ പകുതി തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ആന്ധ്രയില്‍ ഒരു കിലോ കഞ്ചാവിന് രണ്ടായിരം രൂപയാണ് വില. ഇത് കേരളത്തിലെത്തിയാല്‍ മൊത്തക്കച്ചവടക്കാരന് ഇരുപത്തയ്യായിരം രൂപ വരെ നല്‍കും. അത് ചെറുകിട കച്ചവടക്കാരന് വില്‍ക്കുന്നത് നാല്‍പ്പത്തയ്യായിരം മുതല്‍ അമ്പതിനായിരം രൂപയ്ക്ക് വരെയാണ്. ഇത്രയേറെ ലാഭം കിട്ടുന്ന മറ്റൊരു ബിസിനസ് ഇല്ലെന്നുപറയാം. ഇതിനാല്‍ ഒട്ടേറെ ചെറുപ്പക്കാര്‍ ഇതിന്റെ ഏജന്റുമാരായും കാരിയര്‍മാരായും പ്രവര്‍ത്തിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്നുണ്ട്.
നിയമം അതിശക്തം: എന്നാല്‍ നടപ്പിലാക്കാന്‍ പ്രയാസം
എന്‍ ഡി പി എസ് ആക്ട് എന്നൊരു നിയമം വഴിയാണ് ഇന്ത്യയില്‍ ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാരം ചെയ്യുന്നത്. 1986ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണത്. ലോകത്ത് ലഹരിക്കെതിരെയുള്ള ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണത്. ഇത്രയും മൂര്‍ച്ചയുള്ള ഒരു നിയമം വേറെയില്ല എന്നുതന്നെ പറയാം. വധശിക്ഷ വരെ ഉറപ്പാക്കുന്ന തരത്തില്‍ ശക്തമാണ് ആ നിയമം. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോടോപ്പിക് സബ്സ്റ്റന്റ്സ് ആക്ട് എന്നാണ് ഇതിന്റെ പൂര്‍ണ പേര്. കര്‍ശനമായ നിയമം ആയതിനാല്‍ തന്നെ അത്ര എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന തരത്തിലല്ല ഇതുണ്ടാക്കിയിരിക്കുന്നത്. ഒരിക്കലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയും സാധാരണക്കാര്‍ ഇരയാക്കപ്പെടുകയും ചെയ്യരുതെന്ന മുന്‍ധാരണയോടെയാണ് ഇത് പാസാക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ സംബന്ധിച്ചിടത്തോളം ഈ നിയമം കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്.
ഒരു കേസെടുത്താല്‍ ഈ വിഷയത്തില്‍ വിദഗ്ധനായ ഉദ്യോഗസ്ഥനും അയാളുടെ സംഘവും കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും എടുക്കും ഇതിന്റെ നടപടിക്രമങ്ങള്‍ പഴുതുകളില്ലാതെ പൂര്‍ത്തീകരിക്കാന്‍. ശക്തമായ സാക്ഷികള്‍ ഇത്തരം കേസുകളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മയക്കുമരുന്ന് കേസുകളില്‍ സാക്ഷികളായി നില്ക്കാന് ആരും തയ്യാറാകാത്തത് കേസിന്റെ മുന്നോട്ടുപോക്കിനെ നന്നായി ബാധിക്കുന്നുണ്ട്. സാക്ഷികളുടെ കാര്യത്തിലും സങ്കീര്‍ണമായ നിയമനടപടികളിലൂടെ കടന്നുപോകേണ്ടതുള്ളതിനാല് ലഹരിക്കേസുകളില്‍ സാക്ഷികളാകാന്‍ ആളുകള്‍ തയാറാകില്ല. കേസെടുക്കുന്ന ഉദ്യോഗസ്ഥന് സാക്ഷികള്‍ക്ക് വേണ്ടി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. സാക്ഷി ദുര്‍ബലമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് തിരിഞ്ഞടിക്കും. പ്രതി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ അന്വേഷണോദ്യോഗസ്ഥന് കുടുങ്ങുന്ന സ്ഥിതിയാണ് ഇത്തരം കേസുകളില്‍ സംഭവിക്കുക. അതിനാല്‍ റിസ്കെടുക്കാന്‍ അന്വേഷണോദ്യോഗസ്ഥരും മടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നിയമത്തിന്റെ പഴുതുകള്‍ മയക്കുമരുന്ന് കച്ചവടക്കാര്‍ നന്നായി മുതലാക്കുന്നുമുണ്ട്.
അടുത്ത കാലം വരെ ലഹരിയുടെ അളവ് കേസെടുക്കുന്നതില്‍ പ്രശ്നമായിരുന്നില്ല. ഇപ്പോള്‍ കുറഞ്ഞ അളവ്, ഇടത്തരം, വില്പനയ്ക്കുള്ള വലിയ അളവ് എന്നിങ്ങനെ കേസെടുക്കുന്ന ലഹരിയുടെ അളവുകളെ തരംതിരിച്ചിട്ടുണ്ട്. കഞ്ചാവാണെങ്കില്‍ ഒരു കിലോ വരെ സ്മോള്‍ ക്വാണ്ടിറ്റിയില്‍ പെടും. അപ്പോത്തന്നെ ജാമ്യം ലഭിക്കും, മൂവായിരം രൂപ പിഴയടച്ചാല്‍ മതി. കൂടുതല്‍ തവണ പിടിച്ചാല്‍ മാത്രമേ ജയില്‍ ശിക്ഷയുണ്ടാകൂ. ഒരു കിലോ മുതല്‍ ഇരുപത് കിലോ വരെ ഇന്റര്‍മീഡിയറ്റ് ക്വാണ്ടിറ്റി, അതിന് മുകളില്‍ കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി. ഈ നിയമത്തിന്റെ ആനുകൂല്യം കണക്കിലെടുത്ത് കച്ചവടക്കാര്‍ ഒരു കിലോയില്‍ താഴെയുള്ള അളവില്‍ കഞ്ചാവ് വില്പന നടത്താന്‍ കൊണ്ടുനടക്കും.
കൃത്രിമ മയക്കുമരുന്നായ എം ഡി എം എ ആണെങ്കില്‍ പത്തുഗ്രാമിന് മുകളിലാണ് കടുത്ത ശിക്ഷ ലഭിക്കുക. എം ഡി എം എ പത്തുഗ്രാം എന്ന് പറഞ്ഞാല്‍ ഒരു പ്രദേശം നശിപ്പിക്കാന്‍ അതുമതി. കറുപ്പ് ഇരുനൂറ്റമ്പത് ഗ്രാമിന് മുകളിലാണ് കടുത്ത ശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥകളുള്ളത്. ലഹരിയുടെ അളവ് നിയമത്തില്‍ ഒരു ഘടകമായി വന്നതോടെ അതിന്റെ ആനുകൂല്യത്തിനുള്ളില് നിന്നാണ് ഇപ്പോള്‍ കച്ചവടക്കാര്‍ വില്പന നടത്തുന്നത്. നിശ്ചിത അളവിലാണെങ്കില്‍ ശിക്ഷ പിഴയില്‍ മാത്രമൊതുങ്ങും. കേസ് കോടതിയിലെത്തിയാല്‍ നൂറുശതമാനവും സംശയലേശമെന്യേ കുറ്റം തെളിഞ്ഞാല്‍ മാത്രമേ ലഹരിക്കേസുകളില്‍ ശിക്ഷയുണ്ടാകൂ. കേസില്‍ സംശയത്തിന്റെ നൂലിഴയുണ്ടാകാന് പാടില്ല.
ഒന്നാം സ്ഥാനം പഞ്ചാബിന്; കേരളവും പിന്നിലല്ല
പഞ്ചാബാണ് ഇന്ത്യയില്‍ ലഹരി ഉപയോഗത്തില്‍ മുന്നിലുള്ളത്. അവിടെ അമ്പതുശതമാനത്തിലധികം ചെറുപ്പക്കാര്‍ ലഹരികള്‍ക്ക് അടിമയാണെന്ന് ചില ഔദ്യോഗിക ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് എത്തുന്നത് ടണ്‍കണക്കിന് ലഹരി വസ്തുക്കളാണ്. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. രാജ്യത്തിന് മുതല്‍ക്കൂട്ടാകേണ്ട ചെറുപ്പക്കാരില്‍ പകുതിയിലേറെ ലഹരിക്കടിമപ്പെട്ട് ഊര്‍ജ്ജവും ഓജസ്സും നഷ്ടപ്പെട്ട് ഒന്നിനും കൊള്ളാത്തവരായിമാറി. മുമ്പ് പഞ്ചാബികള്‍ ലോകത്തെവിടെയും പോയി എന്ത് ജോലിയും ചെയ്ത് ജീവിക്കാന്‍ കരുത്തുറ്റവരായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. പഞ്ചാബിന് തൊട്ടുപിന്നിലാണ് കേരളത്തിലെ ലഹരി ഉപഭോഗം. തെക്കേ ഇന്ത്യയില്‍ ഏറ്റവും അധികം ലഹരി വസ്തുക്കളുടെ കച്ചവടം നടക്കുന്നത് കേരളത്തിലാണ്. കഞ്ചാവുള്‍പ്പെടെയുള്ള പ്രകൃതിദത്ത ലഹരിവസ്തുക്കളും എല്‍ എസ് ഡി അടക്കമുള്ള രാസലഹരിവസ്തുക്കളും എവിടെയും സുലഭമായി ലഭിക്കുന്ന ഇടമായി കേരളം മാറി.
കേരളത്തില്‍ പത്തുകൊല്ലങ്ങള്ക്കകമാണ് കുട്ടികളില്‍ ഇത്രയേറെ ലഹരിയുടെ ഉപയോഗം പടര്‍ന്നുപിടിച്ചത്. അണുകുടുംബ സംവിധാനമാണ് കേരളീയ സമൂഹത്തില്‍ കുട്ടികളെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതെന്നതില് സംശയമില്ല. കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാനാളില്ല, മാതാപിതാക്കള്‍ക്ക് എപ്പോഴും ജോലിയും തിരക്കുമാണ്, കുട്ടികള്‍ എന്തുചെയ്തെന്നറിയില്ല, ആരുമായൊക്കെ അവര്‍ കൂട്ടുകൂടുന്നുണ്ടെന്നും സഹവസിക്കുന്നുണ്ടെന്നുമറിയില്ല തുടങ്ങി കാരണങ്ങള്‍ ഏറെയുണ്ട്. മുമ്പ് കൂട്ടുകുടുംബത്തില്‍ എല്ലാവരും ഒന്നിച്ചുകഴിഞ്ഞപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കെല്ലാം കൂട്ടുത്തരവാദിത്വമുണ്ടായിരുന്നു. ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരും എല്ലാ കുട്ടികളുടെയും കാര്യങ്ങളില്‍ ഇടപെടും. സംശയകരമായ എന്തെങ്കിലും കണ്ടാല്‍ അവര്‍ ചോദ്യം ചെയ്യും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ കര്‍ശനമായ നിയന്ത്രണത്തിലായിരിക്കും കുട്ടികളെല്ലാവരും. തെറ്റുകാണിച്ചാല്‍ കടുത്ത ശിക്ഷകളും മുതിര്‍ന്നവര്‍ നല്‍കിയിരുന്നു.
മുമ്പ് സ്കൂളുകളില്‍ അധ്യാപകരുടെയും സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും കുട്ടികള്‍. ചെറിയ തെറ്റുകള്‍ പോലും കണ്ടുപിടിക്കപ്പെടുകയും അതിന് ശിക്ഷ ഏല്ക്കുകയും ചെയ്യും. ഇന്ന് സ്ഥിതി മാറി. മാതാപിതാക്കളെ അനുസരിക്കാത്ത കുട്ടികള്‍ സ്കൂളില്‍ അധ്യാപകരെയും അനുസരിക്കില്ല. കുട്ടികളെ ശിക്ഷിക്കുന്ന അധ്യാപകര്‍ ജയിലുകളില്‍ പോകുന്ന സ്ഥിതിയായി. ആരും നിയന്ത്രിക്കാനില്ലാതെ, പരിഗണിക്കാനില്ലാതെ, ലക്ഷ്യബോധമില്ലാതെ കുട്ടികള്‍ വഴി തെറ്റിക്കൊണ്ടിരിക്കുകയാണ്.
മാതാപിതാക്കള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അവരുടെ പ്രതീക്ഷകളും പഠനഭാരവും ഇഷ്ടമില്ലാത്തത് പഠിക്കുന്നതിലുള്ള പ്രതിഷേധവും പണത്തിന്റെ ലഭ്യതയും എല്ലാം ചേരുമ്പോള്‍ കുട്ടികള്‍ തെറ്റായ കാര്യങ്ങളിലേക്ക് പെട്ടെന്ന് വഴുതിവീഴും. ലഹരി കാന്‍സര്‍ പോലെയാണ്. തുടങ്ങിക്കഴിഞ്ഞാല്‍ വളരെ പെട്ടന്ന് വ്യാപിക്കും. ഉപയോഗിച്ചുതുടങ്ങുമ്പോള്‍ ഇത് വളരെ ആനന്ദകരമായി തോന്നും. എന്നാല്‍ അത് ശരീരത്തെയും മനസിനെയും ജീവിതത്തെയും തന്നെ അധികം വൈകാതെ നശിപ്പിച്ചില്ലാതാക്കുമെന്ന് കുട്ടികള്‍ മനസിലാക്കുന്നില്ല. അത് അവരെ പറഞ്ഞുമനസിലാക്കുന്നതിനുള്ള സംവിധാനമാണ് ആദ്യം രൂപപ്പെടേണ്ടത്.
വീടുകള്‍ മുതലാണ് തിരുത്തല്‍ പ്രക്രിയ തുടങ്ങേണ്ടത്. കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം. സ്കൂളുകളില്‍ അധ്യാപകര്‍ക്കും ഇതില്‍ വലിയ റോളുണ്ട്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ പോലും പലപ്പോഴും വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കഴിയാറില്ല. അങ്ങേയറ്റത്തെ സ്ഥിതിയിലെത്തിക്കഴിഞ്ഞ് തിരിച്ചുവരാനാകാത്തവിധം കൈവിട്ടുപോകുമ്പോഴാണ് കുട്ടി ലഹരിക്ക് അടിമയായിരുന്നുവെന്ന് പലരും അറിയുക. കുട്ടികളുമായി നന്നായി ഇടപഴകുകയും അവരെ നന്നായി മനസിലാക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുടുംബങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അന്തരീക്ഷം മാറേണ്ടതുണ്ട്. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇതിനുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തമാക്കുകയും എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കുകയും വേണം. ലഹരിയുടെ വഴികളിലേക്ക് പോയ കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടെത്തി അവര്‍ക്ക് സഹായവും പിന്തുണയും കൗണ്‍സ്ലിംഗും ആവശ്യമെങ്കില്‍ മികച്ച ചികിത്സയും നല്‍കണം.
മാഫിയകളില്‍ പ്രമുഖര്‍ ഏഷ്യന്‍ സംഘങ്ങള്‍
ലോകത്ത് മൂന്ന് വമ്പന്‍ ലഹരിമാഫിയസംഘങ്ങളാണ് പ്രധാനമായുള്ളത്. ഇതില്‍ രണ്ടെണ്ണം ഏഷ്യയിലാണ്. എല്ലായിടത്തും തീവ്രവാദ സംഘടനകളാണ് പ്രധാനമായും ലഹരി ഉത്പാദനത്തെയും ലഹരിക്കടത്തിനെയും സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും. അവരുടെ വരുമാനം ഏറെക്കുറെ ലഹരി ഉത്പാദനത്തിലൂടെയും അതിന്റെ വ്യാപാരത്തിലൂടെയുമാണ്. ഇന്ത്യയില്‍ പ്രധാനമായും മാവോയിസ്റ്റുകളും വടക്കുകിഴക്കന്‍ മേഖലയില്‍ വിഘടനവാദികളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇറാന്-അഫ്ഗാനിസ്ഥാന്-പാകിസ്ഥാന് മേഖല ലോകത്തെ ഏറ്റവും പ്രമുഖ ലഹരി ശൃംഖലയാണ്. ഇവിടെയും തീവ്രവാദ സംഘടനകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ടെഹ്റാന്-കറാച്ചി-കാബുള്‍ എന്ന ഗോള്‍ഡന്‍ ക്രസന്റ് ആണ് ലോകത്തെ ഏറ്റവും വലിയ ലഹരി ശൃംഖല. തായ്വാന്-മ്യാന്മാര്-ഭൂട്ടാന് ഗോള്‍ഡന്‍ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന മറ്റൊരു അന്താരാഷ്ട്ര ലഹരി ശൃംഖല ഇതിന് സമാന്തരമായുണ്ട്. ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് ഇന്ത്യയുടെ കിടപ്പ്. അതാണ് ഇന്ത്യയിലേക്ക് ലഹരിക്കടത്ത് ഇത്രയേറെ വ്യാപിക്കാന്‍ ഇടയാക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും ശക്തമായ ലഹരി മാഫിയ കൊളംബിയന്‍ മാഫിയയാണ്. സമാന്തര ഭരണകൂടം തന്നെ അവര്‍ നടത്തുന്നുണ്ട്. കൊലകളും കലാപങ്ങളും തട്ടിക്കൊണ്ടുപോകലും മാഫിയകള്‍ തമ്മിലുള്ള സംഘട്ടനങ്ങളും ദിനംപ്രതി നടക്കുന്നു. സര്‍ക്കാറുകള്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ശക്തരായിക്കഴിഞ്ഞു അവര്‍. വെനിസ്വല, പരാഗ്വേ, മെക്സിക്കോ എന്നിവിടങ്ങളും കൊളംബിയന്‍ ലഹരി മാഫിയയുടെ കീഴിലാണ്. ലാറ്റിനമേരിക്കന്‍ ലഹരിമാഫിയയുടെ അത്രയില്ലെങ്കിലും ഇറ്റലി കേന്ദ്രമാക്കിയുള്ള മാഫിയയും കുപ്രസിദ്ധമാണ്.
ലോകത്തെ വികസിത രാജ്യങ്ങളില്‍ മയക്കുമരുന്നിന്റെ ഉപയോഗത്തിനും അതിനെതിരെയുള്ള നടപടികള്‍ക്കും മയക്കുമരുന്നിന് അടിമയായവരോടുള്ള സമീപനത്തിലും ഏറെ വ്യത്യാസമുണ്ട്. മയക്കുമരുന്ന് കുറ്റവാളികളെ കര്‍ശനമായ രീതിയില്‍ നേരിടുമ്പോള്‍ തന്നെ അതിന് അടിമയായവരെ വളരെ അനുഭാവപൂര്‍വ്വം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളാണ് അവിടെയുള്ളത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഇതിനുള്ള സംവിധാനങ്ങള്‍ രൂപപ്പെട്ടുവരുന്നതേയുള്ളൂ. എന്നാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ എന്തെങ്കിലും തരം ലഹരികള്‍ക്ക് അടിമകളായ രാജ്യവുമാണ് നമ്മുടേത്.
നിയമസംവിധാനവും നിയമപാലകരും എന്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഏറെ ശ്രദ്ധ ചെലുത്തേണ്ട സംഗതിയാണിത്. പൊലീസിനെയും ഇതര ഏജന്‍സികളെയും അവരുടെ കൃത്യനിര്‍വ്വഹണം നന്നായി ചെയ്യാന്‍ തക്കവിധം സജ്ജമാക്കേണ്ടതുണ്ട്. പ്രകടനങ്ങള്‍ക്കും വഴിതടയലുകള്ക്കും മന്ത്രിമാര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും വേണ്ടിയാണ് കേരളത്തിലെ പൊലീസ് സേന അവരുടെ സമയത്തിന്റെ പ്രധാനപങ്ക് ചെലവിടുന്നത്. അതില്‍ നിന്ന് മാറി സമൂഹത്തിന്റെയും പൗരന്മാരുടെയും സ്വത്തിനും ജീവനുമുള്ള സംരക്ഷണവും നീതിനിര്‍വഹണവും കൃത്യമായി നിര്‍വഹിക്കാന്‍ അവരെ അനുവദിക്കുകയാണ് ഭരണകൂടം മുന്‍കൈ എടുത്ത് ചെയ്യേണ്ടത്. മയക്കുമരുന്ന് കച്ചവടക്കാരെയും അവര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന വമ്പന്മാരെയും കണ്ടെത്തി അവര്‍ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തക്കവിധം അന്വേഷണോദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനവും പരിശീലനവും സ്വാതന്ത്ര്യവും നല്‍കണം. നിയമം ലഘൂകരിക്കുകയും നടപ്പിലാക്കാന്‍ തക്കവിധം സങ്കീര്‍ണത കുറയ്ക്കുകയുമാണ് ലഹരിയെന്ന മാരക വിപത്തിനെ നേരിടാനുള്ള ഫലപ്രദമായ മറ്റൊരു മാര്‍ഗം. മനസിലാക്കാനും നടപ്പിലാക്കാനും എളുപ്പമുള്ള നിയമമാണ് നാടിന് ആവശ്യം.
ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുക. ലഹരിക്കടിമപ്പെട്ടവര്‍ക്ക് തിരിച്ചുവരവിനുള്ള മാര്‍ഗങ്ങള്‍ ശാസ്ത്രീയവും വ്യാപകവുമാക്കുക തുടങ്ങി നമ്മുടെ സമൂഹവും സര്‍ക്കാരും ഒത്തൊരുമയോടെ ഒട്ടേറെക്കാര്യങ്ങള്‍ ഈ വിപത്തിനെ ചെറുക്കാന്‍ നടപ്പിലാക്കേണ്ടതുണ്ട്. പുതിയ തലമുറയെ നേര്‍വഴിക്ക് നടത്താനുള്ള പ്രയത്നങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടത് വീടുകളില്‍ നിന്ന് തന്നെയാണ്. മാതാപിതാക്കളുടെ സ്വരച്ചേര്‍ച്ചയില്ലായ്മയും വേര്‍പിരിയലുമൊക്കെ വീടുകളില്‍ കുട്ടികളെ കടുത്ത അരക്ഷിതാവസ്ഥയലെത്തിക്കും. മാതാപിതാക്കള്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയാത്തവിധത്തില്‍ തിരക്കുകളുള്ള വീടുകളിലും ആരും ശ്രദ്ധിക്കാനില്ലാതെ കുട്ടികള്‍ തെറ്റായവഴിയിലേക്ക് വീണുപോകും. മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം വൈകാതെ ദുരുപയോഗത്തിലേക്ക് നീങ്ങുകയും തെറ്റായ ബന്ധങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്യും. നമ്മുടെ കുട്ടികള്‍ ശരിയായി വളര്‍ന്നുവരേണ്ടത് കുടുംബങ്ങളില്‍ നിന്ന് തന്നെയാണ്. എങ്കില്‍ മാത്രമേ അവര്‍ സ്കൂളുകളിലും സമൂഹത്തിലും മാതൃകാപരമായ ജീവിതം നയിക്കാന്‍ തക്കവിധത്തില്‍ പ്രാപ്തരും മിടുക്കന്മാരുമാകൂ.
(ലഹരിക്കടത്ത് കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിലും പ്രഗത്ഭനായ പൊലീസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ കാസര്‍കോട് ഡിസിആര്‍ബി ഡിവൈഎസ്പിയുമായ ജെയ്സണ്‍ കെ എബ്രഹാം പങ്കുവച്ച വിലപ്പെട്ട വിവരങ്ങളാണ് ഈ ലേഖനത്തിന് സഹായകമായത്. കേരളത്തിലെ ലഹരി വ്യാപനത്തെക്കുറിച്ചും അത് വരുന്ന വഴികളെക്കുറിച്ചും വ്യക്തമായി മനസിലാക്കിയിട്ടുള്ള പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം. സ്കൂളുകളിലും കാമ്പസുകളിലും നിരന്തരമായി ഈ വിഷയത്തെക്കുറിച്ച് ക്ലാസുകളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്).
ഷിബു ടി ജോസഫ്
You must be logged in to post a comment Login