അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കുക എന്നത് രാഷ്ട്രീയത്തിലെ ബാലപാഠമാണ്. തിരഞ്ഞെടുപ്പുകളില്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന പാര്‍ട്ടികള്‍ ഏറ്റവുമധികം പ്രസ്താവിക്കുന്ന വാചകവും ഇതായിരിക്കും. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ എ കെ ആന്റണിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചു നടത്തിയ പ്രതികരണം, ചെങ്ങന്നൂരില്‍ ഇടതു മുന്നണി നേടിയ ജയം വര്‍ഗീയത ഇളക്കിവിട്ട് നേടിയെടുത്തതാണെന്നും ഇന്ത്യന്‍ മതേതരത്വത്തിന് വലിയ വെല്ലുവിളിയാണ് ചെങ്ങന്നൂര്‍ ഉയര്‍ത്തുന്നതെന്നുമായിരുന്നു. ചെങ്ങന്നൂരില്‍ സ്വാധീനമുള്ള ജാതിമത വിഭാഗങ്ങളായ എസ് എന്‍ ഡി പി, എന്‍ എസ് എസ്, ക്രിസ്തീയ സഭകള്‍, മുസ്‌ലിം ന്യൂനപക്ഷം എന്നിവയെ ചേര്‍ത്തു നിര്‍ത്തുന്നതിനും വോട്ടുകള്‍ നേടിയെടുക്കുന്നതിനും സി പി എം ശ്രമിച്ചു എന്നതാണ് മണഡലത്തില്‍ വര്‍ഗീയത കുത്തിയൊഴുക്കി എന്നതിന്റെ കാരണമായി കോണ്‍ഗ്രസ് നേതാക്കള്‍ നിരത്തിയത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ചെങ്ങന്നൂരാനന്തരം കോണ്‍ഗ്രസിന്റെ വര്‍ഗീയ പട്ടികയില്‍ ബി ജെ പിക്കൊപ്പം കുറച്ചധികം സാമുദായിക വിഭാഗങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു. രാജ്യം അഭിമുഖീകരിക്കുന്ന ആര്‍ എസ് എസ് വര്‍ഗീയ രാഷ്ട്രീയത്തിന്റെ അപകടകരമായ പരിസരങ്ങളെയോ അതിനെ പ്രതിരോധിക്കുന്നതിനുള്ള രാഷ്ട്രീയ അടവുകളെയോ കുറിച്ച് യാതൊരു ബോധവുമില്ലാതെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചെങ്ങന്നൂര്‍ ഫലം വിലയിരുത്തി വര്‍ത്തമാനം പറഞ്ഞത്.
രാജ്യാധികാരത്തില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ട ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് സംഭവിച്ച പ്രധാന അപാകങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടത് ആ പാര്‍ട്ടി മതേതര ഇന്ത്യയില്‍ സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടുകളാണ്. ബാബരി മസ്ജിദ് എന്ന ഒരു സംഭവത്തെച്ചുറ്റിപ്പറ്റി മാത്രം ഈ നിലപാട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശകലനം ചെയ്യുകയും പാര്‍ട്ടി തന്നെ അത് ഏറ്റു പറയുകയും ചെയ്തിട്ടുണ്ട്. നരേന്ദ്രമോഡിയാനന്തര ഭാരതം പശുപ്പേരിലുള്‍പ്പെടെ നടത്തിയ അക്രമ കാലത്തും ഫാഷിസത്തെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു ബലക്ഷയമുണ്ട് എന്ന് ആ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഈ വിമര്‍ശം ആവര്‍ത്തിച്ച് ഉന്നയിച്ചത് യുവനേതാവ് വി ടി ബല്‍റാമാണ്. മുതിര്‍ന്ന നേതാവ് എ കെ ആന്റണി കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ രാത്രി ആര്‍ എസ് എസ് ആകരുതെന്ന് ഉപദേശിച്ചത് ചര്‍ച്ചയായിരുന്നു. ബീഫ് രാഷ്ട്രീയമുള്‍പ്പെടെ കത്തി നിന്ന കാലത്ത് കേരളത്തില്‍ നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍ (തദ്ദേശം, നിയമസഭ) ഏറ്റ തിരിച്ചടിക്കു ശേഷം മുസ്‌ലിം ലീഗും കോണ്‍ഗ്രസിന്റെ ഫാഷിസ്റ്റ് വിമര്‍ശത്തിലെ മൃദുത്വം പുറത്തു പറഞ്ഞു. ഫാഷിസ്റ്റു സന്ദര്‍ഭങ്ങളെ രാഷ്ട്രീയ മേല്‍ക്കോയ്മക്കായി സി പി എം ആവോളം ഉപയോഗിക്കുന്ന സന്ദര്‍ഭത്തില്‍ കൂടിയായിരുന്നു ഇത്.
ഫാഷിസം ഉറഞ്ഞു തുള്ളിയ രാജ്യത്ത്, സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം രാജ്യത്തിന്റെ മതേതര രാഷ്ട്രീയ സങ്കല്പങ്ങളെ അമ്പരപ്പിച്ച് മോഡിയുടെയും അമിത്ഷായുടെയും പാര്‍ട്ടി നേടിക്കൊണ്ടിരുന്ന ജയങ്ങളുടെ ചരിത്രത്തില്‍, ഒടുവില്‍ കര്‍ണാടകയില്‍ ഉള്‍പ്പെടെ വലിയ ഒറ്റക്കക്ഷിയായി ബി ജെ പി നിലയുറപ്പിച്ച സാഹചര്യത്തിലാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പു നടന്നത്. ബി ജെ പിക്ക് കേരളത്തില്‍ അവസരം നല്‍കാതെ, മൂന്നാം സ്ഥാനത്തേക്കു നീക്കി നിര്‍ത്താനാകുന്ന രാഷ്ട്രീയ പ്രയോഗത്തിനാണ് സി പി എം അടവുകള്‍ സ്വീകരിച്ചത്. ബി ജെ പിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസുമായിപ്പോലും ധാരണയാകാം എന്ന് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുത്ത തിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പു കൂടിയാണിത്. ബി ജെ പിയെ മൂലയ്ക്കിരുത്തുക എന്നാല്‍ കേരളത്തില്‍ തങ്ങളുടെ പ്രതിപക്ഷത്തിരിക്കേണ്ട രാഷ്ട്രീയ ശക്തി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് ആയിരിക്കണമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച ധാരണ കൂടിയാണത്. അപ്രകാരമാണ് പണം കൊടുത്തും മതവും ജാതിയും പറഞ്ഞും ബി ജെ പി കൂടെ നിര്‍ത്തി വോട്ടാക്കി മാറ്റാനിടയുള്ള സാമുദായിക വിഭാഗങ്ങളെക്കൂടി ചേര്‍ത്തു നിര്‍ത്തുന്ന രാഷ്ട്രീയ അടവ് സി പി എം പ്രയോഗിക്കുന്നത്. സാമുദായിക നേതാക്കളുമായി സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തിയും ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചും വോട്ട് ഉറപ്പിക്കുന്നതും. മേല്‍ക്കോയ്മ നേടാന്‍ ബി ജെ പി പയറ്റുന്ന തന്ത്രങ്ങളുടെ മറുമരുന്നാണിത്. കേരളം കണ്ടു പരിചയിച്ചിട്ടുള്ള ജാതി, സാമുദായിക രഹിത രാഷ്ട്രീയ പ്രയോഗത്തിന്റെ അനുഭവങ്ങളില്‍ ഇതൊരു വില കുറഞ്ഞ രീതിയായി വിലയിരുത്തപ്പെടാം. പക്ഷേ അതിനും മുകളില്‍ രാജ്യത്തെ ഭര്‍ത്സിച്ചു കൊണ്ടിരിക്കുന്ന ഫാഷിസത്തിന്റെ ഭീകരതയില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുക എന്ന രാഷ്ട്രീയം പ്രയോഗിക്കേണ്ടത് പിന്നെങ്ങനെയാണ്?
വിവിധ ജാതി മത സാമൂഹിക വിഭാഗങ്ങളെ അവരുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ സംബോധന ചെയ്യണമെന്നും ഇടതുപക്ഷ വിശാല താത്പര്യത്തിനൊപ്പം നിര്‍ത്തണമെന്നും മൂന്നു വര്‍ഷം മുമ്പ് വിശാഖ പട്ടണത്തു നടന്ന സി പി എം 21ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയരേഖയുടെ നിര്‍ദേശമാണ്. കേരളത്തില്‍ ഇതനുസരിച്ചുള്ള പ്രവര്‍ത്തനം സി പി എം നേരത്തേ ആരംഭിച്ചിട്ടുമുണ്ട്. ആര്‍ എസ് എസ് ഫാഷിസം കുറേക്കൂടി രാക്ഷസരൂപം പൂണ്ട കാലത്ത് ഈ പ്രയോഗങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നത് സ്വാഭാവിക പ്രക്രിയയാകേണ്ടതാണ്. മറ്റൊരര്‍ഥത്തില്‍, കേരളത്തിന്റെ സാമൂഹിക ഘടനയില്‍ മത, സാമുദായിക വിഭാഗങ്ങളും സംഘടനകളും ശക്തി പ്രാപിക്കുകയും നിലപാടുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതതു സാമൂഹിക മണ്ഡലത്തില്‍ നിലയുറപ്പിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഈ വിഭാഗങ്ങളില്‍നിന്നും അണികളെ അടര്‍ത്തി മാറ്റി തങ്ങളുടെ പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ ഒപ്പം നിര്‍ത്തുക എന്നത് അത്ര എളുപ്പം സാധിക്കുന്നതല്ല. ഈ ഘട്ടത്തില്‍ ഇത്തരം വിഭാഗങ്ങളെയും അവരുടെ സാമൂഹികാവസ്ഥകളെയുംകൂടി അഭിസംബോധന ചെയ്യുകയും പരിഹാരമാകുകയും ചെയ്യുന്ന രാഷ്ട്രീയ ഉള്ളടക്കമാണ് മതേതര രാഷ്ടീയ മുന്നണികള്‍ വികസിപ്പിച്ചെടുക്കേണ്ടത്. അതല്ലെങ്കില്‍ ഒരുവേള സംഭവിക്കുക, സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇവിടെയെല്ലാം ചാടി വീണ് കീഴ്‌പ്പെടുത്താന്‍ തക്കം പാര്‍ത്തു കഴിയുന്ന ബി ജെ പിയുടെ തൊഴുത്തില്‍ ഈ വിഭാഗങ്ങളും സുഖശയനം കണ്ടെത്തും എന്നതാണ്. ഈ സന്ദര്‍ഭത്തിലാണ് സി പി എം അതിന്റെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം നയപരമായിതന്നെ വികസിപ്പിക്കുന്നതും പ്രയോഗിക്കുന്നതും ചെങ്ങന്നൂരില്‍ അത് പ്രദര്‍ശിപ്പിക്കുന്നതും.
നേമം മണ്ഡലത്തിലെപ്പോലെ അപമാനകരമായ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടാതെ രണ്ടു വര്‍ഷം മുമ്പ് നേടിയ വോട്ടിനേക്കാള്‍ രണ്ടായിരത്തിലധികം വോട്ട് കൂടുതല്‍ വാങ്ങി രാഷ്ട്രീയ മത്സരത്തില്‍ അഭിമാനകരമായി തന്നെ നിലകൊള്ളാന്‍ സാധിച്ചപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറയാന്‍ കിട്ടിയ വാചകം വര്‍ഗീയ പ്രീണനം എന്നാണ്. കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ വര്‍ഗീയ വിഭാഗങ്ങളായി എണ്ണിയത് പോയ കാലങ്ങളില്‍ ആവോളം വോട്ടു തന്നിട്ടുള്ള എന്‍ എസ് എസിനെയും ക്രിസ്തീയ സഭകളെയും ചൂണ്ടിയാണ്. പലപ്പോഴും സഹായിച്ചിട്ടുള്ള വെള്ളാപ്പള്ളി നടേശനെപ്പറ്റിയാണ്. എസ് എന്‍ ഡി പിയും എന്‍ എസ് എസും ക്രിസ്ത്യന്‍ സഭകളും വര്‍ഗീയ വിഭാഗങ്ങളെങ്കില്‍ മുന്നണിയിലെ ആ മുസ്‌ലിം പാര്‍ട്ടിയെ വിശേഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് വര്‍ഗീയം എന്ന വാക്കു പോലും മതിയാകുകയില്ലല്ലോ. ഒളിഞ്ഞും വളഞ്ഞും അഞ്ചാം മന്ത്രിക്കാലത്തും അതിനും മുമ്പും ആന്റണിയുള്‍പ്പെടെ അതു പറഞ്ഞിട്ടുണ്ട്. വര്‍ഗീയതയുടെ, വര്‍ഗീയ പ്രീണനത്തിന്റെ ആര്‍ എസ് എസ് വിടുപണിയുടെ രാഷ്ട്രീയം അല്ലെങ്കില്‍ രാഷ്ട്രീയ ആന്ധ്യം അപ്പുറത്തു തന്നെയാണ്. അതറിയിച്ചതിനു നന്ദി.
ടി എ അലി അക്ബര്‍
You must be logged in to post a comment Login