കേരളീയ പാരമ്പര്യ മുസ്ലിം ആത്മീയ ചരിത്രത്തില്‍ പകര്‍ച്ചവ്യാധികളുടെയും അതിനെതിരായ പ്രതിരോധത്തിന്റെയും ഒരു കാലമുണ്ട്. മന്ഖൂസ് മൗലിദിന്റെ ചരിത്ര പശ്ചാത്തലം അങ്ങനെയാണ്. പ്ലേഗ് വിതച്ച ദുരന്തത്തില്‍ നിന്ന് മുക്തി നേടാനായി, നല്ല മനുഷ്യരെ പ്രകീര്‍ത്തിച്ചെഴുതുകയാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ചെയ്തത്. അതിലൂടെ ഇലാഹീ പ്രീതി വാങ്ങി ദുരന്തത്തെ ആത്മീയമായി അതിവര്‍ത്തിക്കുകയായിരുന്നു മുസ്ലിം സമുദായം.
രോഗവും ചികിത്സയും
സ്വാഭാവിക ഘടനയില്‍ നിന്ന് മാറുമ്പോഴാണ് രോഗം വരുന്നത്. ഈ മാറ്റം സ്വശരീരത്തിലോ സമൂഹത്തിലോ പരിസ്ഥിതിയിലോ പ്രകടമായതാവാം. ഒരു ജീവിത സംഹിത എന്ന നിലയില്‍ ഇസ്ലാം, വിശ്വാസികളുടെ രോഗാവസ്ഥകളെയും ചികിത്സാ മുറകളെയും ചര്‍ച്ചക്കെടുക്കുന്നുണ്ട്. ഇഹലോകവാസത്തെ പരീക്ഷണമെന്നോണമാണ് ഒരു വിശ്വാസി പരിചയിക്കുന്നത്. അടിമ(അബ്ദ്) എന്ന ഉത്കൃഷ്ട തലത്തെ അര്ത്ഥവത്താക്കുന്നവയാണ് ഓരോ പരീക്ഷണങ്ങളും. ഇപ്രകാരം, പകര്‍ച്ചവ്യാധിയും രോഗവും വിശ്വാസിക്ക് തന്റെ സമര്‍പ്പണത്തിന്റെ കരുത്ത് ബോധ്യപ്പെടാനുള്ള അവസരം കൂടിയാണ്. ഖുര്‍ആന്‍ പറയുന്നു: ഭീതി, ക്ഷാമം, സമ്പത്തിലും സന്താനത്തിലും വിളവിലുമുള്ള അപര്യാപ്തത എന്നിവ കൊണ്ട് നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്, ക്ഷമാശീലരാണ് വിജയികള്‍'(അല്‍ ബഖറ – 155). രോഗാതുരനാവുമ്പോഴുണ്ടാകുന്ന ആത്മീയ ചിന്ത മുഖേന ജീവിതം ഭക്തിനിര്‍ഭരമാക്കാനും ആരാധനാ നിരതമാക്കാനും സാധിക്കുന്നുവെന്നാണ് മറ്റൊരു വശം. ‘രോഗം വരുമ്പോഴാണ് പടച്ചോനെ ഓര്മ വരുന്നത് ‘എന്ന നാടന്‍ പറച്ചിലിന്റെ പൊരുളും സമാനമാണ്.
രോഗം നാഥന്റെ നിശ്ചയത്തിനനുസരിച്ചാണെന്നും അവന്റെ വിധിയില്‍ തൃപ്തിയടയണമെന്നും വിശ്വസിച്ച് ക്ഷമിക്കുമ്പോഴാണ് രോഗം വിശ്വാസിയെ സംബന്ധിച്ച് അനുഗ്രഹമാവുന്നത്. രോഗത്തോട് അസ്വസ്ഥത കാട്ടി, ദൈവകോപികളാവരുതെന്നാണ് മതപക്ഷം. അസുഖ ബാധിതര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യത്തെക്കുറിച്ച് തിരുവചനങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെ: രോഗമോ മറ്റു വിപത്തോ ബാധിച്ച വ്യക്തിയുടെ ദോഷങ്ങള്‍ വൃക്ഷം ഇല പൊഴിക്കുന്നതു പോലെ അല്ലാഹു പൊഴിച്ചുകളയും- പൊറുത്തു കൊടുക്കും’, ‘ നന്മ ഉദ്ദേശിച്ചവരെ അല്ലാഹു രോഗബാധിതരാക്കും’, ‘ഭൂമിയില്‍ പ്രയാസം സഹിച്ചവരുടെ പ്രതിഫലം കണ്ട് ദുനിയാവില് വെച്ച് ഞങ്ങളുടെ ശരീരത്തിലും മുറിവുണ്ടായിരുന്നുവെങ്കിലെന്ന് മറ്റുള്ളവര്‍ ആശിക്കുമത്രെ’ (ബുഖാരി, മുസ്ലിം).
മാത്രമല്ല, പനിയെ ആക്ഷേപിച്ച ഉമ്മുസാഇബിനെ തിരുദൂതര്‍ ഉപദേശിച്ചിട്ടുമുണ്ട്. ക്ഷമ കല്പിക്കുന്നതിനോടൊപ്പം തന്നെ, രോഗികളുടെ ആരാധന കര്‍മത്തില്‍ നിരവധി ഇളവുകള്‍ ഇസ്ലാം ഏര്‍പെടുത്തുകയും ചെയ്തു. കൂടാതെ, രോഗ സന്ദര്‍ശനത്തെ വിശ്വാസികള്‍ക്കിടയിലെ ബാധ്യതയായാണ് തിരുനബി വിശേഷിപ്പിച്ചത്. സാമൂഹിക ബോധത്തിന്റെ പ്രകാശനമാണ് രോഗ സന്ദര്‍ശനം. രോഗിയോടൊപ്പമിരുന്ന് ആശ്വാസം പകരുമ്പോള്‍ സന്ദര്ശകരിലുണ്ടാവുന്ന കൂട്ടുത്തരവാദിത്വവും സൗഹാര്‍ദവും ഏറെ പ്രധാനപ്പെട്ടതാണ്.
രോഗം വന്നാല്‍ ചികിത്സ തേടണം. ഞാന്‍ ചികിത്സിച്ചാലോ എന്ന് സമ്മതം ചോദിച്ച ശിഷ്യനോട് തിരുനബി പറഞ്ഞു: ചികിത്സിക്കൂ, രോഗത്തിനുള്ള പ്രതിവിധിയും വിധാതാവ് സംവിധാനിച്ചിട്ടുണ്ട്. അതറിഞ്ഞവര്ക്കറിയാം, അല്ലാത്തവര്ക്കറിയില്ല'(തിര്‍മുദി). ആധുനിക ചികിത്സാരീതികളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ശാരീരിക അസ്വസ്ഥകളെ ഭേദപ്പെടുത്തിയെടുക്കണം. പുതിയ ചികിത്സാ രീതികള്‍ കണ്ടെത്തുന്നതിനു വേണ്ടി നൂതനഗവേഷണ പ്രൊജക്ടുകള്‍ ഉപയുക്തമാക്കേണ്ടതുണ്ടെന്ന് ഈ ഹദീസ് ഓര്‍മപ്പെടുത്തുന്നു. ചികിത്സയെ ഗൗരവത്തോടെയാണ് പണ്ഡിതന്മാര് വിലയിരുത്തിയത്. ചികിത്സ ഉപേക്ഷിക്കുന്നത് കാരണമായി ജീവന് നഷ്ടപ്പെടുമെന്ന നിലയിലെത്തിയാല്‍ ചികിത്സ നിര്‍ബന്ധമാണെന്ന് കര്‍മശാസ്ത്ര കൃതികളില്‍ കാണാം. ചികിത്സിക്കലാണ് ശ്രേഷ്ഠകരമെന്ന് ഇമാം നവവി(റ) ശര്‍ഹു മുസ്ലിമില് രേഖപ്പെടുത്തിയത് ഇതിനോട് ചേര്‍ത്തു വായിക്കുക. അതൊരിക്കലും തവക്കുലിന്റെ ഔന്നിത്യത്തെ കളങ്കപ്പെടുത്തുന്നില്ല. ചികിത്സയോടൊപ്പം തന്നെ പ്രാര്‍ത്ഥനയും മന്ത്രവും നടത്തുകയും വേണം. പ്രാര്‍ത്ഥന രോഗത്തിനുള്ള പരിചയായിട്ടാണല്ലോ പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത്. ഇപ്രകാരം പ്രത്യേക മന്ത്രങ്ങള്‍ രോഗിക്കരികില്‍ ചൊല്ലണമെന്ന് നബി(സ) പഠിപ്പിച്ചിട്ടുമുണ്ട്. വേദന കടിച്ചമര്‍ത്തി നില്ക്കുന്ന രോഗിക്ക് സമാധാനം സിദ്ധിക്കാന്‍ മന്ത്രം പ്രേരകമാണ്. ആധുനിക മനശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കു പോലും അജ്ഞാതമായ ആന്തരിക ശക്തിയാണ് മന്ത്രങ്ങള്‍ ഉള്‍വഹിക്കുന്നത്. Saint, Goddesses and Kings എന്ന കൃതിയില്‍ സൂസന് ബെയ്ലി നിരീക്ഷിക്കുന്നതു പോലെ, ഇസ്ലാമിക വിശ്വാസത്തെ ശക്തിപ്പെടുത്താന്‍ വലിയ്യുകളുടെ മന്ത്രോച്ചാരണ സമ്പ്രദായം ഏറെ സഹായകരമായിട്ടുണ്ട്.
പകര്‍ച്ചവ്യാധി ഓര്‍മപ്പെടുത്തുന്നത്
നിപ വൈറസിന്റെ ദുരന്ത ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ജെയിംസ് താന്നിക്കാപ്പള്ളിയുടെ ഹജീറാഗാവിലെ പെണ്‍കുട്ടി എന്ന ചെറുകഥ ഓര്‍മയില്‍ വരുന്നത്. നിത്യവും എഴുത്തുകാരന്റെ ലോഡ്ജിലേക്ക് വെള്ളമെത്തിക്കുന്ന ഹജീറഗാവിലെ ഹിന്ദി പെണ്‍കുട്ടി പകര്‍ച്ചവ്യാധിയില്‍ പെട്ട് മരണമടഞ്ഞപ്പോഴുണ്ടായ വ്യാകുലതയും ഭീതിയും തീവ്രമായി ആവിഷ്കരിക്കുകയാണ് കഥാകൃത്ത്. കഥയില്‍ നടന്നതു പോലെ ഇസ്ലാമിക ചരിത്രത്തിന് പകര്‍ച്ചവ്യാധിയുടെ വിപദ്കരമായ അനേകം സംഭവങ്ങള്‍ വിശദീകരിക്കാനുണ്ട്.
മൂസാ നബിയുടെ കാലത്ത് പ്ലേഗ് ബാധയുണ്ടായിരുന്നുവെന്ന് കാണാം. ബല്‍ആം എന്ന പണ്ഡിതനുമായി ബന്ധപ്പെട്ട ഖുര്‍ആനിക ചരിത്രമാണിത്. ആദ്യകാലത്ത് സൂഫിവര്യനായി ജീവിച്ച അദ്ദേഹത്തോട് ശാമുകാര്‍ മൂസാ നബിയുടെ സമുദായമായ ബനൂ ഇസ്രായീല്യര്ക്കെതിരെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. അല്ലാഹുവിന്റെ വിശിഷ്ട നാമമറിയുന്നയാളും പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്ന വിശിഷ്ടനുമായിരുന്നു ബല്‍ആം. പ്രലോഭനങ്ങളെ തുടര്‍ന്ന് ബല്‍ആം പ്രാര്‍ത്ഥിച്ചു. പക്ഷേ പ്രത്യാഘാതങ്ങള്‍ ശാമുകാര്ക്കെതിരെയായിരുന്നു എന്നുമാത്രം. ആപത്ത് മുന്നില്‍ കണ്ട അവരോട് അദ്ദേഹം ബനൂ ഇസ്രായീല്യരെ നശിപ്പിക്കുവാനുള്ള കുതന്ത്രം വിവരിച്ചു കൊടുത്തു: ‘ഭംഗിയുള്ള സ്ത്രീകളെ അവരുടെയിടയിലേക്ക് അയക്കുക, അവരില്‍ നിന്നാരെങ്കിലും അവളെ വ്യഭിചരിച്ചാല്‍ അവര്‍ക്ക് ഒന്നടങ്കം നാശമിറങ്ങുന്നതാണ്’. തുടര്‍ന്ന് കിസ്താ ബിന്ത് സുവര് എന്ന സ്ത്രീയെ ബനൂ ഇസ്രായീലിലെ സമസിയ്യ് വ്യഭിചരിക്കുകയും ഉടന്‍ അവരില്‍ താഗൂന്‍ – പ്ലേഗ്- വ്യാപകമാവുകയും ചെയ്തു. മൂസാ നബിയെ(അ) ധിക്കരിക്കുകയായിരുന്നു സമസിയ്യ്. ഒഴിഞ്ഞ ഭൂമിയിലേക്ക് രക്ഷപ്പെട്ട ഇവന് പിന്നീട് വധിക്കപ്പെടുകയാണുണ്ടായത്. അവിടെ വെച്ച് കൊലയാളി പ്രാര്‍ത്ഥിച്ചു: ‘നിന്നെ ധിക്കരിച്ചവനോടുള്ള ഞങ്ങളുടെ പ്രതികാരമാണിത്. ഇയാള്‍ കാരണം ഭവിച്ച ആപത്തിനെ നീ ഇല്ലാതാക്കണേ…’ പിന്നെ അവര്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് ചരിത്രം (ഹാശിയതു സ്വാവീ).
അല്ലാഹുവിനെയും പ്രവാചകരെയും അവമതിക്കുന്നവര്ക്കുള്ള താക്കീതാണ് ചരിത്രത്തിലെ ഈ പകര്‍ച്ചവ്യാധി. ഉപര്യുക്തസംഭവത്തിനു പുറമെ, മുത്തു നബിയുടെയും സ്വഹാബത്തിന്റെയും ജീവിത കാലത്തും പകര്‍ച്ചവ്യാധിയുടെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹി. ആറാം വര്‍ഷത്തിലേതും ഹി. പതിനെട്ട് ഉമറിന്റെ(റ) കാലത്തേതും അവയില്‍ ഏറെ വിനാശകരം. ഇരുപത്തയ്യായിരം മുസ്ലിംകള് ഹി. പതിനെട്ടില്‍ ശാമിലുണ്ടായ പകര്‍ച്ചവ്യാധിയില്‍ മരണമടഞ്ഞിട്ടുണ്ട്. രോഗത്തില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ അംറു ബ്നു ആസ് വിളിച്ചു പറഞ്ഞു: ഈ മഹാമാരി കത്തിപ്പടരുന്ന തീജ്വാല പോലെയാണ് അതിനാല്‍ വേഗം കുന്നിന് മുകളിലേക്ക് ഓടിക്കയറുക’. ജനസമ്പര്‍ക്കമൊഴിവാക്കി പ്രതിരോധിക്കുകയായിരുന്നു മഹാന്റെ ലക്ഷ്യം.
പകര്‍ച്ചവ്യാധി രൂപപ്പെടാനുള്ള സാഹചര്യത്തെപ്പറ്റി തിരുനബി(സ) ബോധവാനായിരുന്നു. വൃത്തിയും ശുചിത്വവും വിശ്വാസത്തിന്റെ ഭാഗമാണ് ഇസ്ലാമില്‍. ‘അല്ലാഹു വൃത്തിയുള്ളവനാണ്, അവന് വൃത്തിയെ ആസ്വദിക്കുന്നവനുമാണ്’ എന്ന തിരുവചനത്തെ മുന്‍നിറുത്തിയാണ് വിശ്വാസിയുടെ ജീവിതക്രമം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും കൈ കഴുകല്‍, ഭക്ഷണത്തിലേക്ക് ഊതാതിരിക്കല്, നഖവും മുടിയും മുറിക്കല്‍, വുളൂ, കുളി, ഫലവൃക്ഷച്ചുവട്ടില്, വഴിയരികില്‍ വിസര്ജിക്കാതിരിക്കല്, മാലിന്യം വിതറാതിരിക്കല്, ജല സ്രോതസ്സിന്റെ സംരക്ഷണം തുടങ്ങിയ വിവിധയിനം ആരോഗ്യ പരിരക്ഷയിലൂടെ വ്യക്തി ജീവിതത്തെ വിശേഷിച്ചും സാമൂഹിക ജീവിതത്തെ പൊതുവിലും പകര്‍ച്ചവ്യാധി മുക്തമാക്കണമെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. തുമ്മുമ്പോഴോ കോട്ടുവായയിടുമ്പോഴോ കൈ കൊണ്ട് വായ പൊത്തിപ്പിടിക്കുക തുടങ്ങിയ മതസംഹിതകള്‍ സാംക്രമിക രോഗം തടയുവാന്‍ പ്രചോദകമാവുമെന്നതില് സന്ദേഹമില്ല.
പകര്‍ച്ചവ്യാധികളുടെ ദൂരവ്യാപകമായ പ്രത്യാഘാതത്തെ ചെറുത്തു നില്ക്കുവാന് മറ്റൊരു സുപ്രധാനമാര്ഗവും കൂടി ഇസ്ലാം മുന്നോട്ടു വെക്കുന്നു. ഒരു നാട്ടില്‍ പ്ലേഗ് ബാധിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ അങ്ങോട്ട് പോവരുത്. അപ്രകാരം പ്ലേഗ് ബാധിത പ്രദേശത്തുനിന്ന് പുറത്ത് കടക്കുകയും ചെയ്യരുത്’ (ബുഖാരി). ഈ ഹദീസുമായി ബന്ധപ്പെട്ട് ഉമര്‍(റ) വിന്റെ ചരിത്രമുണ്ട്. ഉമര്‍ (റ) ശാമിലേക്ക് പുറപ്പെട്ടു. അങ്ങനെ സര്അയില് എത്തിയപ്പോഴാണ് ശാമില്‍ പകര്‍ച്ചവ്യാധി വ്യാപിച്ചിട്ടുണ്ടെന്ന വിവരം കിട്ടുന്നത്. ശാമിലേക്ക് പോവണോ അതല്ല തിരിച്ച് മടങ്ങണോ എന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായി. ചര്‍ച്ചകള്‍ ദീര്ഘിക്കുന്നതിനിടയിലാണ് സംഭവമറിഞ്ഞ് അബ്ദുറഹ്മാന് ബ്നു ഔഫ് കടന്നു വരുന്നത്. ഒരു തീര്പെന്നോണം അദ്ദേഹം മുകളില്‍ പറഞ്ഞ ഹദീസ് അവരെ ഓര്‍മപ്പെടുത്തുകയും അതനുസരിച്ച് ഉമര്‍(റ) മടങ്ങിപ്പോരുകയും ചെയ്തു.
ഈ ഹദീസിന്റെ ഔചിത്യത്തെ നിരീക്ഷിച്ച് കൊണ്ടു പണ്ഡിതന്മാര് വിശദീകരിക്കുന്നു:ഒന്ന്, മനപൂര്‍വ്വം സ്വശരീരത്തെ വിപത്തിലകപ്പെടുത്തല് നിഷിദ്ധമാണ്. രണ്ട്, സാധാരണയില്‍ പകര്‍ച്ചവ്യാധി ബാധിത പ്രദേശത്ത് അതിന്റെ അണുക്കള്‍ വ്യാപകമായിരിക്കും. അവിടെനിന്ന് ഓടി രക്ഷപ്പെട്ടാലും അവന്റെ ദേഹത്ത് അണുക്കള്‍ ഉണ്ടാവും. മൂന്ന്, പ്രദേശത്തുനിന്ന് ആളുകള്‍ ഒഴിഞ്ഞാല്‍ അവശേഷിക്കുന്ന ദുര്‍ബലര്‍ ഒറ്റപ്പെടുകയും ചെയ്യും. നാല്, ഓടി രക്ഷപ്പെട്ട് എത്തുന്ന നാട്ടില്‍ രോഗം പടര്‍ന്നാല്‍ ഇയാള്‍ അതിന്റെ ഉത്തരവാദിയാവാനുള്ള സാധ്യതയുമുണ്ട് ‘ (ഫത്ഹുല്‍ ബാരി 13/91). ഇത്രമേല്‍ വിശാലമായ സാമൂഹികാവബോധം സംവേദനം ചെയ്യുന്ന ഹദീസാണിത്.
ഉപരി സൂചിത പരാമര്‍ശങ്ങളോടൊപ്പം ചേര്‍ത്തി വായിക്കേണ്ട മറ്റൊരു ഹദീസാണ് ‘ രോഗം പടരലും ദുര് ലക്ഷണവുമില്ല’. മേല്‍ പറഞ്ഞ ഹദീസുകളോടും സംഭവങ്ങളോടും ഈ നബിവചനം എതിരല്ല. മാത്രമല്ല ഈ ഹദീസാണ് ഇസ്ലാമിക രോഗ സങ്കല്പങ്ങളുടെ അടിയാധാരം. രോഗം സ്വയമേവ പകരില്ലെന്നും അല്ലാഹുവിന്റെ അലംഘനീയ വിധിക്കനുസൃതമായേ രോഗം പടരുകയുള്ളൂവെന്നുമാണ് ഇതിന്റെ താല്പര്യം. ചുരുക്കത്തില്‍ എന്തു പ്രവര്‍ത്തനത്തിന്റെ പിന്നിലെയും ആത്യന്തിക ശക്തിയായ അല്ലാഹുവിനെയാണ് വിശ്വാസികള്‍ ഇവിടെയും ദര്‍ശിക്കുന്നത്. അവന്റെ തീരുമാനപ്രകാരമേ രോഗമുണ്ടാവുകയും പകരുകയും ചെയ്യുകയുള്ളൂ എന്ന ദൃഢവിശ്വാസം സദാ സമയത്തും വിശ്വാസിയെ ഊര്ജസ്വലനാക്കുമെന്നുറപ്പ്.
മുഹമ്മദ് ഇ.കെ നെല്ലിക്കുത്ത്
You must be logged in to post a comment Login