ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണം വ്യക്തമായി സ്ഥാപിക്കുന്നത് അവ മിക്കതും സ്വയം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നാണ്. രാജ്യത്തെ വിഭജിക്കുന്നതോ, പൗരന്മാരെ കൊലയ്ക്കു കൊടുക്കുന്നതോ ആയ വിഷയങ്ങളില്‍പോലു ം തങ്ങളുടെ കച്ചവടവും അതിലെ ലാഭവും മാത്രമാണ് അവരുടെ ആശങ്കാവിഷയമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഭീതിദമായ ഈ യാഥാര്‍ത്ഥ്യത്തിനിടയിലും പ്രതീക്ഷയുടെ നാളമായി രണ്ട് മാധ്യമങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ അപ്പാടെ അസാന്മാര്ഗികവും കുടിലവുമായ വഴികളിലേക്ക് തിരിഞ്ഞിട്ടില്ലെന്ന് അവര്‍ പൗരന്മാര്ക്ക് ഉറപ്പു നല്കുന്നു.
കോബ്ര പോസ്റ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനില്‍, 2019 തെരഞ്ഞെടുപ്പിനു മുന്നോടിയായി വിഭാഗീയമായ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് എളുപ്പത്തില്‍ സമ്മതിക്കുന്ന മാധ്യമങ്ങളെയാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉടമ വിനീത് ജയിന് ഇതിനായി ആവശ്യപ്പെട്ടത് 1000 കോടി രൂപയാണ്. പിന്നീട് അദ്ദേഹമത് 500 കോടി രൂപയ്ക്ക് കച്ചവടമുറപ്പിക്കുന്നതും കണ്ടു. തങ്ങളുടെ പത്രങ്ങള്‍, റേഡിയോ ചാനലുകള്‍, ടിവി ചാനലുകള്‍ എന്നിവയിലൂടെ വര്‍ഗീയ അജണ്ടയുള്ള വാര്‍ത്തകളും പരിപാടികളും പ്രചരിപ്പിക്കാമെന്ന് വിനീത് ജയിന് നേരിട്ട് സമ്മതിക്കുന്നത് ഈ വീഡിയോകളിലുണ്ട്. ഇന്ത്യ ടുഡേയുടെ ഉടമകളിലൊരാളായ കല്ലി പൂരി, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍, സണ്‍ ടിവി ഉദ്യോഗസ്ഥര്‍ തുടങ്ങി നമ്മളറിയുന്ന പ്രമുഖ മാധ്യമ ബ്രാന്‍ഡുകളെയെല്ലാം ഇക്കൂട്ടത്തില്‍ കാണാം.
ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നിവരെ മാത്രം ഇവയില്‍ കാണില്ല. കാരണം, കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടര്‍ അവരെ സമീപിച്ചിരുന്നില്ല.
ഇന്ത്യയുടെ കിഴക്കന്‍ പ്രദേശത്തുള്ള രണ്ട് ചെറിയ പത്രങ്ങള്‍ മാത്രം പണത്തിന്റെ സ്വാധീനത്തില്‍ വീഴാന്‍ തയാറാകാതെ തലയുയര്‍ത്തിപ്പിടിച്ച് നിന്നു. ദിവസവും രാവിലെ തങ്ങള്‍ പകരുന്ന മൂല്യങ്ങളെക്കുറിച്ച് വായനക്കാരെ അവര്‍ ഓര്‍മിപ്പിച്ചു. താരതമ്യേന പ്രശസ്തി കുറഞ്ഞ ഈ ഹീറോകളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് നിസ്സംശയം പറയാം. ബാക്കിയുള്ളവര്‍ ആധുനിക ഇന്ത്യ എന്ന സോപ്പ് ഓപ്പറയിലെ വില്ലന്മാരാണ്.
ബര്‍ത്ത്മാന്‍, ദൈനിക് സംബാദ് എന്നീ പത്രങ്ങളാണ് സാമ്പത്തിക സ്വാധീനങ്ങളില്‍ വീഴാതെ മാധ്യമങ്ങളെന്ന നിലയില്‍ തങ്ങള്‍ക്കുള്ള അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് നില കൊണ്ടത്.
ആനന്ദബസാര്‍ പത്രികയ്ക്കു ശേഷം ബംഗാളില്‍ ഏറ്റവും പ്രചാരമുള്ള പത്രമാണ് ബര്‍ത്ത്മാന്‍ പത്രിക. സിലിഗുരി, ബര്‍ദ്വാന്‍, മിഡ്നാപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് എഡിഷനുകള്‍ ഇവര്‍ പ്രസിദ്ധീകരിക്കുന്നു. 1984ല്‍, ആനന്ദ ബസാര്‍ പത്രികയില്‍ ജോലി ചെയ്തു വന്നിരുന്ന മാധ്യമപ്രവര്ത്തകന് ബരുണ്‍ സെന്‍ ഗുപ്ത തുടങ്ങിയ പത്രമാണിത്.
സംഘപരിവാര്‍ പ്രചാരകനായി വേഷം കെട്ടിയ കോബ്ര പോസ്റ്റിന്റെ റിപ്പോര്‍ട്ടര്‍ ബര്‍ത്ത്മാന്‍ പത്രികയിലെ സീനിയര്‍ ജനറല്‍ മാനേജര്‍ ആശിഷ് മുഖര്‍ജിയെ നേരില്‍ച്ചെന്ന് കാണുകയായിരുന്നു. റിപ്പോര്‍ട്ടറെ ആദരവോടെ സ്വീകരിച്ചിരുത്തിയ മുഖര്‍ജി പക്ഷെ, അയാളുടെ ആഗമനോദ്ദേശ്യം അറിഞ്ഞയുടനെ അതിനെ നിരാകരിച്ചു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്നതും ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ തങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞു തുടങ്ങിയ കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടറോട് ഇടയില്‍ക്കയറി മുഖര്‍ജി തന്റെ നിലപാട് ഇങ്ങനെ പറയുന്നു: ”…അത് നടക്കില്ല!”
ഇത്തവണ ഞെട്ടിയത് കോബ്ര പോസ്റ്റിന്റെ റിപ്പോര്‍ട്ടറാണ്. ഇത്രയധികം മാധ്യമങ്ങളെ സമീപിച്ചിട്ടും അവിടെ നിന്നൊന്നും കേള്‍ക്കാതിരുന്ന വാക്കുകളാണ് അദ്ദേഹം ബര്‍ത്ത്മാന്‍ പത്രികയില്‍ നിന്നും കേട്ടത്. നേരത്തെ വാഗ്ദാനം ചെയ്ത 1 കോടി രൂപയില്‍ നിന്നും പത്തു കോടിയിലേക്ക് തുക ഉയര്‍ത്തി സ്വാധീനശ്രമം തുടര്‍ന്നു റിപ്പോര്‍ട്ടര്‍. എന്നാല്‍ അതില്‍ കടിക്കാന്‍ മുഖര്‍ജി തയാറായില്ല. സാധിക്കില്ലെന്ന് വീണ്ടും പറയുന്നു. ഇത്രയധികം പണം കിട്ടിയാലും ആദര്‍ശവാദം വിടാനൊരുക്കമല്ലേ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മുഖര്‍ജി ‘ഇല്ല’ എന്ന് വ്യക്തമായി ഉത്തരം പറയുന്നത് വീഡിയോയില്‍ നമ്മള് കേള്‍ക്കുന്നു.
ബരുണ്‍ സെന്‍ ഗുപ്തയുടെ മസ്തിഷ്ക സന്തതിയായ ബര്‍ത്തമാന്‍ പത്രിക അദ്ദേഹത്തിന്റെ ലളിതമായ ഭാഷാശൈലിയിലുള്ള പക്വതയാര്‍ന്ന രാഷ്ട്രീയ വിശകലന രചനകളിലൂടെയാണ് വളര്‍ന്നത്. ഒരു ദശകം മുമ്പ് ഗുപ്ത ഈ ലോകം വെടിഞ്ഞുവെങ്കിലും അദ്ദേഹം നട്ടുവളര്‍ത്തിയ മൂല്യങ്ങള്‍ ഇപ്പോഴും പത്രത്തോടൊപ്പം ഉലയാതെ നില്ക്കുന്നു. ബംഗാള്‍ മാധ്യമ വിപണിയിലെ വമ്പനായ ആനന്ദബസാര്‍ പത്രികയുടെ എബിപി ന്യൂസ് ചാനല്‍ പണത്തിന്റെ സ്വാധീനത്തിന് വഴങ്ങി ഹിന്ദുത്വ പ്രചാരണത്തില്‍ ഏര്‍പ്പെടാമെന്ന് സമ്മതിച്ചപ്പോള്‍, കാലത്തിന്റെ ആക്രമണങ്ങളിലൊന്നിലും തങ്ങളുയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് പോറലെങ്കിലും വീഴാനനുവദിക്കാതെ ബര്‍ത്ത്മാന്‍ പത്രിക അന്തസ്സോടെ നിലകൊള്ളുന്നു.
കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടര്‍ നല്കിയ മോഹനവാഗ്ദാനത്തില്‍ വീഴാതിരുന്ന മറ്റൊരു മാധ്യമം ദൈനിക് സംബാദ് ആണ്. ത്രിപുരയുടെ തലസ്ഥാന നഗരിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ബംഗാളി പത്രമാണിത്. ത്രിപുരയില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന വലിയ വിഭാഗത്തിനിടയില്‍ ഈ പത്രത്തിന് നല്ല പ്രചാരമുണ്ട്. കോബ്ര റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ട കളികളിലേര്‍പ്പെടാന്‍ പത്രത്തിന്റെ ഉദ്യോഗസ്ഥന് വിസമ്മതിച്ചെന്നു മാത്രമല്ല, തന്റെ കാളിങ് കാര്‍ഡ് കൈമാറാന്‍ പോലും അദ്ദേഹം തയാറായില്ല. ഇരുവരുടെയും അഭിമുഖം അധികനേരം നീണ്ടില്ല.
ശ്രീമദ് ഭഗവദ്ഗീത പ്രചാര്‍ സമിതിയില്‍ നിന്നും വരികയാണെന്ന് സ്വയം പരിചയപ്പെടുത്തിയ കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടര്‍, ഹിന്ദുത്വ വിഭാഗീകരണ അജണ്ട പ്രചരിപ്പിക്കുക എന്ന തന്റെ ഉദ്ദേശ്യം ദൈനിക് സംബാദിന്റെ ഉദ്യോഗസ്ഥനോട് വിശദീകരിക്കുന്നു. 2019 തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചുള്ള ഒരു പരസ്യം പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് ചോദിച്ചത്. എന്നാല്‍, ഉദ്യോഗസ്ഥന് ഉടനെ അത് നിരാകരിക്കുന്നു: ”മതപരമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ നയമുണ്ട്!”
കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടര്‍ അദ്ദേഹത്തെ സ്വാധീനിക്കാനുള്ള ശ്രമം വീണ്ടും തുടരുന്നതായി വീഡിയോയില്‍ കാണാം. തങ്ങള്‍ മതത്തെക്കുറിച്ചല്ല പറയാന്‍ ശ്രമിക്കുന്നത് എന്ന റിപ്പോര്‍ട്ടറുടെ മറുപടിയില്‍ ദൈനിക് സംബാദ് ഉദ്യോഗസ്ഥന് തൃപ്തനാകുന്നില്ല. ”നിങ്ങള്‍ എനിക്ക് കാണിച്ച പരസ്യം ഗീതയെക്കുറിച്ചാണ് പറയുന്നത്. ഇത്തരം പരസ്യങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ല”: അദ്ദേഹം പറയുന്നു. ‘സുഹൃത്തേ, ഈ പരസ്യപ്രചാരണം 2019 തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെ’ന്ന് വിശദീകരിച്ചപ്പോഴും ഉദ്യോഗസ്ഥന് ആ ഓഫര്‍ നിരാകരിക്കുന്നു.
ഈ നിരാകരണങ്ങള്‍ ജഡമായിത്തീര്‍ന്ന മാധ്യമ കാലാവസ്ഥയില്‍ ശുദ്ധവായുവിന്റെ ഒരു നേര്‍ത്ത അലയായി നമുക്കരികിലെത്തുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രതീക്ഷയുടെ ചെറുനാളം വീണ്ടും നീട്ടപ്പെടുന്നു.
കടപ്പാട്: ടീം അഴിമുഖം
You must be logged in to post a comment Login