ബഹുമാന്യനായ പ്രണബ് ദാ, മുന്‍ പ്രഥമ പൗരനു നല്‍കേണ്ട എല്ലാ സ്നേഹാദരവുകളും ഉള്ളിന്റെയുള്ളില്‍ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ഈ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിലും പൗരന്മാരെ ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ദൃഷ്ടിക്കപ്പുറത്ത് തുല്യരായി കാണുന്ന ജനാധിപത്യമതേതര ക്രമത്തിലും അഭിമാനം കൊള്ളുന്ന അന്തസ്സുള്ള ഒരു പൗരന് എന്ന നിലയില്‍ താങ്കളോട് മനസുകൊണ്ടെങ്കിലും സംവദിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. ദേശീയ രാഷ്ട്രീയ വിഹായസ്സില്‍ അര നൂറ്റാണ്ടുകാലം ശോഭിച്ചുനിന്ന താങ്കള്‍ കഴിഞ്ഞ വര്‍ഷമാണ് റെയ്സിന ഹില്ലില്‍നിന്ന് പടിയിറങ്ങി പ്രണബ് എന്ന പൗരന്റെ ഉത്തരീയം സ്വയം എടുത്തണിഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ച വാര്‍ത്താമാധ്യമങ്ങളിലും ധൈഷണിക ചര്‍ച്ചകളിലും താങ്കള്‍ നിറഞ്ഞുനിന്നത് രാഷ്ട്രീയ ജീവിതത്തിലെ ശ്രേഷ്ഠമായൊരു ചുവടുവെപ്പിന്റെ പേരിലല്ല. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആശയാദര്‍ശങ്ങളില്‍ അചഞ്ചലമായി നിന്ന് പാര്‍ലമെന്റംഗമായും മന്ത്രിയായും രാഷ്ട്രപതിയായുമൊക്കെ തിളങ്ങിയ താങ്കളുടെ വ്യക്തിത്വത്തിനു സമാനനായ മറ്റൊരാള്‍ ഇന്നാ പാര്‍ട്ടിയില്‍ ജീവിച്ചിരിപ്പില്ല എന്ന് പറയുന്നത് അതിശയോക്തിപരമാവില്ല. കറകളഞ്ഞ മതേതരവാദിയായും കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയതന്ത്രജ്ഞനുമായാണ് ഇതുവരെ രാജ്യം താങ്കളെ നോക്കിക്കണ്ടത്. 2012തൊട്ട് 17വരെ രാഷ്ട്രപതിഭവനില്‍ ഭരണഘടനയുടെ കാവലാളായി രാഷ്ട്രീയ കോലാഹലങ്ങളില്‍നിന്ന് മാറിനിന്ന് പ്രവര്‍ത്തിച്ച കാലയളവില്‍ നമ്മുടെ രാജ്യത്ത് ഒട്ടനവധി സാമൂഹിക ദുരന്തങ്ങള്‍ കെട്ടഴിഞ്ഞുവീണപ്പോഴും ‘നിഷ്പക്ഷനായ’ പ്രസിഡന്റില്‍നിന്ന് അര്‍ത്ഥപൂര്‍ണമായ മൗനം മാത്രമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. അതിനിടിയില്‍ രണ്ടുതവണ, ആര്.എസ്.എസിന്റെ അമരക്കാരന് സര്‍സംഘ്ചാലക്, മോഹന്‍ ഭാഗവത് രാഷ്ട്രപതിഭവന് വരെ വന്ന് അങ്ങയോടൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കുകയും താങ്കളൊരുക്കിയ വിരുന്നുണ്ണുകയും ചെയ്തുവെന്ന് വാര്‍ത്ത വായിച്ചപ്പോള്‍ അല്പം അസ്വസ്ഥത ഉളവായതിനപ്പുറം മറിച്ചൊരു ചിന്ത താങ്കളെ കുറിച്ച് മനസിലോടിവന്നിരുന്നില്ല. കാരണം, താങ്കള്‍ കറകളഞ്ഞ കോണ്‍ഗ്രസുകാരനും മതേതരവാദിയും ആയിരുന്നല്ലോ! പക്ഷേ, ജൂണ്‍ ഏഴിന്, ആര്.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലെ ഹെഡ്ഗേവാര്‍ സ്മൃതിമന്ദിരത്തിലേക്ക് താങ്കള്‍ നടത്തിയ തീര്‍ത്ഥയാത്രയും സംഘ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിനെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങളും പ്രണബ് മുഖര്‍ജി എന്ന രാഷ്ട്രീയനേതാവിനെ സ്നേഹിക്കുന്ന മനുഷ്യരെ ഒന്നാകെ ഞെട്ടിച്ചു. ഒരു പൗരനു നമ്മുടെ നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സ്വന്തം പാര്‍ട്ടിയെ പുറങ്കാല് കൊണ്ട് തട്ടിമാറ്റിയാണ് നാഗ്പൂരിലേക്ക് താങ്കള്‍ ഇറങ്ങിയത്. സ്വന്തം മകളുടെയും മകന്റെയും കേണപേക്ഷ പോലും തിരസ്കരിക്കാന്‍ മാത്രം താങ്കളെ, ആര്.എസ്.എസിന്റെ അല്ലെങ്കില്‍ സര്‍സംഘ്ചാലകിന്റെ വിധേനയനാക്കിയ ദുരൂഹശക്തിഎന്താണെന്ന് ആര്‍ക്കും എത്ര ചിക്കിചികഞ്ഞിട്ടും പിടികിട്ടുന്നില്ല.
ബാഗാളിന്റെ പാരമ്പര്യവും മുഖര്‍ജിയുടെ പാളിച്ചകളും
പ്രണബ് ദാ, സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും എണ്ണമറ്റ മഹദ് വ്യക്തിത്വങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത മണ്ണാണ് ബംഗാളിേന്റത്. ഇന്നും ദീപ്തസ്മരണകളായി രാഷ്ട്രമനസില്‍ ജ്വലിച്ചുനില്ക്കുന്ന മണ്മറഞ്ഞവരുടെയും ജീവിക്കുന്നവരുടെയും പേരുകള്‍ വെള്ളം ചേര്‍ക്കാത്ത മതനിരപേക്ഷതയുമായാണ് എക്കാലവും ചേര്ത്തുപറയാറ്. ജ്യോതിബസു, ഇന്ദ്രജിത് ഗുപ്ത, അശോക് മിത്ര, സോമനാഥ് ചാറ്റര്‍ജി, അമൃത്യാസെന് തുടങ്ങിയ കേള്‍വികേട്ട വ്യക്തിത്വങ്ങള്ക്കൊപ്പമോ അതുക്കും മീതെയോ ആണ് താങ്കളെ ഞങ്ങളിതുവരെ പ്രതിഷ്ഠിച്ചിരുന്നത്. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന വിചാരഗതികളെയും രാഷ്ട്രീയത്തെയും പല്ലും നഖവുമുപയോഗിച്ച് ചെറുത്തുനിന്നവരാണിവര്. ആര്.എസ്.എസിനെയും അതിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിയെയും പ്രതിരോധിക്കുന്നതില്‍ കേരളത്തെ പോലെ ബംഗാളും മാതൃകാ സംസ്ഥാനമായി ഗണിക്കപ്പെടുന്നത് വര്‍ഗീയമോ വിഭാഗീയമോ ആയ ചിന്താഗതികളെയും അവ ആധാരമാക്കിയ രാഷ്ട്രീയത്തെയും വെറുക്കുന്നു എന്നത് കൊണ്ടാണ്. സ്വാതന്ത്ര്യപൂര്‍വ ചരിത്രത്തിലേക്ക് എത്തിനോക്കിയാല്‍, ചിത്രം മറ്റൊന്നാണെന്ന് കണ്ടെത്താനാവും. രാജ്യത്ത് വര്‍ഗീയരാഷ്ട്രീയത്തിനു വിത്തുപാകിയ ഇടങ്ങളിലൊന്നാണ് ബംഗാള്‍. 18ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം തൊട്ട് ധൈഷണികവും സാഹിത്യപരവുമായ മുഴുവന്‍ സൃഷ്ടികളിലും വര്‍ഗീയതയുടെയും മതദ്വേഷത്തിന്റെയും കൂലംകുത്തിയൊഴുക്ക് ദര്‍ശിക്കാനാവുമെന്നത് ബംഗാളിന്റെ ജനിതക വൈകല്യമായി ആരും എടുത്തുപറയാറില്ല. ഏറ്റവും മഹാനായ ഹിന്ദുസാമൂഹിക പരിഷ്കര്‍ത്താവായി നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന രാജാറാം മോഹന്‍ റോയ് (1772 – 1833) ആധുനിക ഇന്ത്യയുടെ പിതാവ് (‘Father of Modern India’) എന്ന അപരനാമത്തിലാണ് അറിയപ്പെടാറ്. ഇസ്ലാമും ഖുര്‍ആനും ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ച മോഹന്‍ റോയ് ഒരു ഘട്ടത്തില്‍ മുസ്ലിം ജീവിതം നയിച്ചിരുന്നു എന്നുവരെ ചരിത്രത്തില്‍ കാണാം. ‘തുഹ്ഫതുല്‍ മുവഹിദൂന്‍’ എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ ഖുര്‍ആന്‍ വ്യാപകമായി ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഇതേ മോഹന്‍ റോയി ആണ് പിന്നീട് ‘മുസ്ലിം പീഡനങ്ങളെ’ കുറിച്ചുള്ള സിദ്ധാന്തം കരുപ്പിടിപ്പിക്കുകയും ‘മുസ്ലിം മര്‍ദക ഭരണത്തിന് കീഴില്‍നിന്ന് മോചിതരാവാന്‍’ ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മക്കായി അനവരതം വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് എന്നറിയുമ്പോള്‍ വിശ്വാസം വരണമെന്നില്ല.
18,19നൂറ്റാണ്ടുകളിലെ ബംഗാളി സാഹിത്യവും സര്ഗരചനകളുമാണ് രാജ്യത്ത് ഭൂരിപക്ഷവര്‍ഗീയതയെ ഊതിക്കത്തിച്ചതും മുസ്ലിം വിരോധം ആളിപ്പടര്‍ത്തിയതും. ദ്വാരക നാഥ് ടാഗോര്‍, അക്ഷയ് കുമാര്‍ ദത്ത്, ബങ്കിംഗ് ചന്ദ്ര ചാറ്റര്‍ജി, മന്മോഹന് ബസു, നബഗോപാല് മിത്ര തുടങ്ങിയവരുടെ രചനകള്‍ ഹൈന്ദവ വികാരം കുത്തിയിളക്കിയതും മുസ്ലിം വാഴ്ചയുടെ സ്ഥാനത്ത് ബ്രിട്ടീഷ് ആധിപത്യം വരണമെന്നാഗ്രഹിക്കുന്ന ഭൂരിപക്ഷ സമൂഹത്തെ സൃഷ്ടിച്ചെടുത്തതും ഇന്ന് ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. മഹര്‍ഷി ദേബേന്ദ്രനാഥ് ടാഗോറിന്റെ ഉറ്റ മിത്രമായ നാഗോപാല് മിത്ര 1867ല്‍ തുടക്കം കുറിച്ച ‘ജാത്യമേള’പിന്നീട് ‘ഹിന്ദുമേള’യായാണ് അറിയപ്പെട്ടത്. ബംഗാള്‍ നവാബ് സിറാജുദ്ദൗലയുടെ പതനത്തോടെ ഇന്ത്യന്‍ മണ്ണില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ച പ്ലാസി യുദ്ധത്തിന്റെ ഗതി ആ കാലഘട്ടത്തിലെ ആഢ്യകുലജാതരിലും എഴുത്തുകാരിലും വാരിവിതറിയ ആഹ്ലാദത്തിന്റെ ആത്യന്തിക പൊരുള്‍ അങ്ങേയറ്റത്തെ മുസ്ലിം വിരുദ്ധതയായിരുന്നു. മഹാനായ ചരിത്രകാരനായി ഇന്നും രാജ്യം ഉയര്‍ത്തിക്കാട്ടുന്ന സര് ജാദുനാഥ് സര്‍ക്കാര്‍ സിറാജുദ്ദൗലയെ ചതിയിലൂടെ പരാജയപ്പെടുത്തിയ കോളനിശക്തികള്‍ക്ക് മുന്നില്‍ പ്രണാമമര്പിച്ചുകൊണ്ടു പറഞ്ഞത് രാജ്യത്ത് അതിമഹത്തായ അരുണോദയത്തിനു നാന്ദികുറിച്ചിരിക്കുന്നുവെന്നാണ്. അതായത്, കോണ്സ്റ്റാന്റിനോപിളിന്റെ പതനത്തിനു ശേഷം യൂറോപ്പിലുണ്ടായ നവോത്ഥാനത്തെ വെല്ലുന്ന വിപ്ലവകരമായ മാറ്റത്തിന് യവനിക ഉയര്‍ന്നിരിക്കയാണെന്ന്. കാരണം, മുസ്ലിം ഭരണത്തിന് പകലറുതി കാണുകയും ബ്രിട്ടീഷുകാരുടെ കരവലയത്തിലേക്ക് ഇന്ത്യയുടെ ചെങ്കോല്‍ എത്തിപ്പെടുകയും ചെയ്തത് ഇക്കൂട്ടരെ അങ്ങേയറ്റം ആഹ്ലാദിപ്പിച്ചു.
ഇങ്ങനെയൊരു ചരിത്രപശ്ചാത്തലം അല്പം ദൈര്‍ഘ്യത്തില്‍ പരാമര്‍ശിച്ച ബംഗാളിന്റെ യഥാര്‍ത്ഥ മനസ് എന്താണെന്ന് തൊട്ടുകാണിക്കാനാണ്. തുടര്‍ച്ചയായി നാല് പതിറ്റാണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിച്ചിട്ടും ന്യൂനപക്ഷങ്ങള്‍ പ്രാന്തവത്കൃത സമൂഹമായി അവശേഷിച്ചതിനു കാരണം, ബംഗാളിന്റെ ഈ വിഭാഗീയമനസാണെന്നാണ് അനുമാനിക്കുന്നത്. കോണ്‍ഗ്രസിന്റെ നയരൂപവത്കരണ പ്രക്രിയകളില്ലൊം സജീവസാന്നിധ്യമായിരുന്നു പ്രണബ് മുഖര്‍ജി. ആര്.എസ്.എസ്- ബി.ജെ.പി വിരുദ്ധ നയരൂപവത്കരണങ്ങളിലെല്ലാം വഹിച്ച പങ്ക് രാജ്യത്തിനറിയാം. കോണ്‍ഗ്രസിന്റെ തലപ്പത്തിരുന്നപ്പോഴെല്ലാം കടുത്ത വര്ഗീയവിരുദ്ധനായാണ് അദ്ദേഹം പെരുമാറിയത്. 2010ല്‍ ഹിന്ദുത്വ ഭീകരത രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനങ്ങള്‍ വിതക്കുകയും മരണങ്ങള് വാരിവിതറുകയും ചെയ്ത സന്ദര്‍ഭത്തില്‍, ഈ കുത്സിത നീക്കങ്ങള്‍ക്ക് പിന്നിലെ ആര്.എസ്.എസ് പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത് മന്മോഹന് സിംഗ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയാണ്. ‘രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന മതമൗലിക പ്രസ്ഥാനങ്ങളുടെ പങ്ക് അവഗണിക്കാന്‍ പറ്റില്ല. സമീപകാലത്തെ ചില സംഭവങ്ങളില്‍ ആര്.എസ്.എസിനെയും അതിന്റെ സഹോദരസംഘടനകളെയും ഭീകരവാദവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ അനാവൃതമായിട്ടുണ്ട്.’ ഇതേ ആര്.എസ്.എസിന്റെ പരിപാടിയിലേക്ക് മുഖ്യാതിഥിയായി കടന്നുചെല്ലമ്പോള്, പ്രണബ് ദാ, എന്തുമാത്രം കാപട്യമാണ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. ഗാന്ധിജിയുടെ കൊലക്കു പിന്നില്‍ പ്രവര്‍ത്തിച്ച, ബാബരി മസ്ജിദ് തകര്‍ത്ത, ഗുജറാത്തിലടക്കം കഴിഞ്ഞ എഴുപതു വര്‍ഷമായി ന്യൂനപക്ഷ വംശഹത്യക്കു നേതൃത്വം കൊടുക്കുന്ന, പശുവിന്റെ പേരില്‍ നിരപരാധികളെ കൊന്നിടുന്ന, ഇന്ത്യക്കാരുടെ മൗലിക സ്വാതന്ത്ര്യത്തില്‍ ഇടങ്കോലിടുന്ന, മതദ്വേഷം പരത്തുന്ന, മൂന്നുതവണ കേന്ദ്രം നിരോധിച്ച, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഒരു സംഘടനയുടെ ആസ്ഥാനത്ത് ചെന്ന് തീവ്രവാദവും പരമതനിന്ദയും മാത്രം അഭ്യസിപ്പിക്കുന്ന ഒരു സംഘടനയുടെ ബിരുദദാന ചടങ്ങ് ആശീര്‍വദിക്കാന്‍ ഒരുമ്പെട്ടത് എങ്ങനെ നിസ്സാരമായി കാണും
സോംനാഥ് ചാറ്റര്‍ജിയെ കണ്ടുപഠിക്കുമോ
പ്രണബ് ദാ, താങ്കളുടെ ഈ ദുര്‍വാശി ഒരു പക്ഷേ നന്നായി മനസിലാക്കിയവര്‍ നെഹ്റുകുടുംബം തന്നെയായിരിക്കണം. അതുകൊണ്ടല്ലേ, രണ്ടു നിര്‍ണായക സന്ദര്‍ങ്ങളില്‍ പ്രധാനമന്ത്രിപദം കപ്പിനും ചുണ്ടിനുമിടയില്‍ വന്നിട്ടും താങ്കള്‍ക്ക് നഷ്ടപ്പെട്ടത്! രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം ആരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക എന്ന ചോദ്യമുയര്‍ന്നപ്പോള്‍ താങ്കളുടെ പേരാണ് എല്ലാവരും മനസില്‍ കണ്ടുവെച്ചത്. പക്ഷേ, തിരഞ്ഞെടുപ്പില്‍നിന്ന് പോലും അകറ്റിനിര്‍ത്തപ്പെട്ട്, ആന്ധ്രയിലേക്ക് വണ്ടികയറിയ പി.വി നരസിംഹറാവുവിനെ സോണിയഗാന്ധി തിരിച്ചുവിളിച്ച് 1991ല്‍ പ്രധാനമന്ത്രിപദം ഏല്പിച്ചത് പ്രണബിന്റെ മനസ് നന്നായി അറിയുന്നത് കൊണ്ടാവണം. അതുപോലെ, 2004ല്‍ ‘തിളങ്ങുന്ന ഇന്ത്യയില്‍’ അടല്‍ബിഹാരി വാജ്പേയിയുടെ ആറ് വര്‍ഷത്തെ ഭരണത്തിനു അന്ത്യം കുറിച്ച് യു.പി.എ അധികാരത്തിലെത്തിയപ്പോഴും താങ്കള്‍ക്ക് പകരം രാഷ്ട്രീയപരിചയം അശേഷമില്ലാത്ത ഡോ.മന്മോഹന് സിംഗ് എന്ന ശുദ്ധനെ സോണിയ കിരീടം ചൂടിച്ചത് , താങ്കളില്‍ വിശ്വാസമില്ലാത്തതു കൊണ്ടാവാനേ തരമുള്ളൂ. സോണിയയുടെ ചെയ്തി അന്ന് വല്ലാതെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍, അന്നവര്‍ കൈകൊണ്ട തീരുമാനം ബുദ്ധിപൂര്വകമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞുവരുകയാണ്. ഒരാളും തന്നെ ഉപദേശിക്കാന്‍ വളര്‍ന്നിട്ടില്ല എന്ന ധിക്കാരഭരിതമായ സമീപനമാണ് എതിര്‍പുകള്‍ തൃണവത്കരിച്ച സര്‍സംഘ്ചാലകിന്റെ ആതിഥ്യം സ്വീകരിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തുന്നവരെ കുറ്റെപ്പടുത്താനാവുമോ? ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ കാര്യത്തില്‍ ബംഗാളില്‍നിന്ന് തന്നെയുള്ള മറ്റൊരു നേതാവിനെ കുറിച്ച് മുഖര്‍ജിക്ക് അറിയാതെപോവില്ല. രാഷ്ട്രപതി ഭവനില്‍ കുടിയേറിപ്പാര്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ലോക്സഭ സ്പീക്കര്‍ സ്ഥാനത്ത് വിരാചിച്ചു എന്ന് മാത്രമല്ല, പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ സ്പീക്കര്‍ എങ്ങനെയായിരിക്കരണമെന്നും മതനിരപേക്ഷ ശക്തികളുടെ പക്ഷത്തുനിന്നുകൊണ്ട് എങ്ങനെ വര്‍ഗീയ കോമരങ്ങളെ നേരിടണമെന്നും കമ്മ്യൂണിസ്റ്റുകാരനായ സോംനാഥ് ചാറ്റര്‍ജി കാണിച്ചുതന്നു. സംഭവബഹുലമായ ആ ജീവിതത്തിന്റെ മതേതരമുഖങ്ങളെ ഒന്നുകൂടി കണ്ടുമുട്ടാന്‍ ആഗ്രഹമുണ്ടെങ്കില്‍ ‘Keeping the faith:Memories of A Parliamentarian ‘ എന്ന ചാറ്റര്‍ജിയുടെ ആത്മകഥയിലൂടെ ഒരാവര്‍ത്തി കണ്ണോടിച്ചാല്‍ മതി. പറഞ്ഞുവരുമ്പോള്‍, ഹിന്ദുമഹാസഭ നേതാവായിരുന്ന നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ പുത്രനാണ് സോംനാഥ്. പക്ഷേ ജീവിതത്തിലൊരിക്കലും വര്ഗീയപക്ഷത്തേക്ക് തിരിഞ്ഞില്ല. എന്നല്ല, വര്‍ഗീയവാദികളെ ഹൃദയം കൊണ്ടുവെറുത്തു. ജീവിതത്തിലാദ്യമായി ഗാന്ധിജിയെ കണ്ട ഓര്മ നല്കിയ ഊര്‍ജവും ചിന്താപരമായ സത്യസന്ധതയുമാണ് സി.പി.എം അംഗമല്ലാതിരുന്നിട്ടും പാര്‍ട്ടി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത്. ലോക്സഭ സ്പീക്കറായിരുന്നപ്പോള്‍, നമ്മുടെ പി.ജെ. കുര്യന് രാജ്യസഭയില്‍ ഇതുവരെ ചെയ്തത് പോലെ കാവിരാഷ്ട്രീയക്കാര്‍ക്ക് പാദസേവ ചെയ്യാന്‍ പോയില്ല എന്നല്ല സാക്ഷാല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ സങ്കുചിത, വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാട്ടാന്‍ ആര്‍ജവം കാട്ടുകയും ചെയ്തു. അതിന്റെ പേരില്‍ പ്രതിപക്ഷം ബഹിഷ്കരണ ഭീഷണി ഉയര്‍ത്തിയപ്പോള്‍ മാന്യമായാണ് പ്രതികരിച്ചത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം യു.പി.എ സര്‍ക്കാറിനുളള പിന്തുണ പിന്‍വലിച്ചപ്പോള്‍, സ്പീക്കര്‍ സഭയുടെ മുഴുവന്‍ പ്രതിനിധിയാണെന്നും രാജിവെക്കേണ്ടതില്ലെന്നും വാദിച്ചത് പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളപ്പെടാന്‍ ഇടവരുത്തി. പക്ഷേ, എന്നിട്ടും സോംനാഥ് ചാറ്റര്‍ജി എന്ന ശുദ്ധ മതേതരവാദി കമ്മ്യൂണിസ്റ്റുകാരനായി തന്നെ ജീവിച്ചു. ഹിന്ദുത്വ ശക്തികളെ നഖശിഖാന്തം ഇപ്പോഴും എതിര്‍ക്കുന്നു. ആര്.എസ്.എസിന്റെ വര്‍ഗീയതയെ ചെറുത്തുതോല്പിക്കണമെന്ന് രാജ്യത്തോട് ആത്മാര്‍ത്ഥമായി വിളിച്ചുപറയുന്നു. കമ്മ്യൂണിസ്റ്റുകാരന്റെ സെക്കുലറിസവും കോണ്ഗ്രസ്കാരന്റെ സെക്കുലറിസവും തമ്മില്‍ അജഗജാന്തരമുണ്ടെന്ന് ബംഗാളില്‍നിന്നുതന്നെയുള്ള രണ്ടു വ്യക്തികളില്‍നിന്നുള്ള അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
നാഗ്പൂരില്‍ പറഞ്ഞതും പറയാതിരുന്നതും
പ്രണബ് ദാ, താങ്കളുടെ നാഗ്പൂര്‍ സന്ദര്‍ശനം ആര്.എസ്.എസിന്റെ ചരിത്രപുസ്തകത്തില്‍ എമ്മട്ടിലാണ് രേഖപ്പെടുത്തപ്പെടുക എന്നത് നമ്മുടെ സങ്കല്പത്തിനുമപ്പുറമാണ്. മുഖര്‍ജി മുഖ്യാതിഥിയായി ക്ഷണിച്ചത് തന്നെ ആസൂത്രിതമായ ഒരു ചുവടുവെപ്പിന്റെ ഭാഗമായാണ്. നാഗ്പൂര്‍ സന്ദര്‍ശനത്തിന് എതിരെ കോണ്‍ഗ്രസിനകത്തുനിന്നും പൊതുസമൂഹത്തില്നിന്നുമൊക്കെ വ്യാപകമായ വിയോജിപ്പ് ഉയര്‍ന്നപ്പോള്‍, മുഖര്‍ജി പറഞ്ഞത് വിമര്‍ശകര്‍ക്കുള്ള മറുപടി നാഗ്പൂരിലെ തന്റെ മൊഴികളിലുണ്ടാവുമെന്നാണ്. പക്ഷേ, ആര്.എസ്.എസിനെ ഏതെങ്കിലും തരത്തില്‍ എതിര്‍ക്കാനോ വിമര്‍ശിക്കാനോ മുന്‍രാഷ്ട്രപതി ആര്‍ജവം കാണിച്ചില്ല എന്നല്ല അദ്ദേത്തിന്റെ ചൊല്ലും ചെയ്തിയും മതനിരപേക്ഷ ശക്തികളെ നിരാശപ്പെടുത്തുന്നതായിരുന്നു. ബഹുസ്വരതയും മതേതരത്വവും പാ രസ്പര്യവും സഹിഷ്ണുതയുമൊക്കെ അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടുവെന്നത് നേരാണ്. പക്ഷേ, തന്റെ ആതിഥേയ സംഘം ഈ വക മൂല്യങ്ങള്‍ക്ക് അശേഷം വില കല്‍പിക്കാത്തവരാണെന്ന നഗ്നമായ സത്യത്തിലേക്ക് സൂചന നല്കാന് പോലും അദ്ദേഹം ധൈര്യം കാണിച്ചില്ല. ‘നമ്മുടെ ദേശീയതയെ മതത്തിന്റെയോ അസഹിഷ്ണുതയുടെയോ മാര്‍ഗത്തിലൂടെ നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ നിലനില്പ് തന്നെ അപകടത്തിലാകും. ബഹുസ്വരതയെ നാം സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. നമ്മുടെ ദേശീയസ്വത്വം രൂപപ്പെട്ടത് സഹസ്രാബ്ദങ്ങള്‍ നീണ്ട സംയോജനത്തിന്റെയും ആഗിരണത്തിന്റെയും ഫലമായാണ്. ബഹുവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും നമ്മെ സവിശേഷമാക്കുകയും സഹിഷ്ണുതയുടെ വക്താക്കളാക്കുകയും ചെയ്യുന്നു. എന്നാല്‍ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ അക്രമങ്ങള്‍ നമുക്ക് ചുറ്റും കാണുന്നു. അക്രമം എന്നത് ഒരു തരം അന്ധകാരമാണ്. നമ്മുടെ മാതൃരാജ്യം സമാധാനവും ഐക്യവും സന്തോഷവുമാണ് ആവശ്യപ്പെടുന്നത്. ശാരീരികവും വാചികവുമായ എല്ലാതരം അക്രമങ്ങളില്‍നിന്നും നമ്മുടെ പൊതു വ്യവഹാരങ്ങള്‍ മുക്തമാകേണ്ടതുണ്ട്.” ആര്‍ക്കും എവിടെയും പ്രസംഗിക്കാന്‍ പറ്റുന്ന പൊതുതത്ത്വങ്ങളാണിവ. പോയ നാലുവര്‍ഷം ആര്.എസ്.എസിന്റെ മാര്‍ഗദര്‍ശനത്തിലൂടെ ഡല്‍ഹി ഭരിക്കുന്നവരാണ് ഈ മൂല്യങ്ങളില്‍നിന്നുള്ള വ്യതിചലനങ്ങള്‍ക്ക് ഉത്തരവാദിയെന്നും നെഹ്റുവും ഗാന്ധിജിയും കെട്ടിപ്പടുത്ത, ഭരണഘടനയില്‍നിന്ന് രൂപപ്പെടുന്ന ദേശീയത, അത്യപൂര്‍വമായ ഭീഷണി നേരിടുകയാണെന്നും തുറന്നുപറയാന്‍ പ്രണാബ് ദാ, താങ്കള്‍ സത്യസന്ധത കാണിച്ചില്ല.
അതേസമയം, ആര്.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ സ്മൃതിമന്ദിരം സന്ദര്‍ശിച്ച ശേഷം നടത്തിയ അഭിപ്രായപ്രകടനം യഥാര്‍ത്ഥ സംഘ്ഭക്തന്റെതാണ്. സന്ദര്‍ശക പുസ്തകത്തില്‍ താങ്കള്‍ എഴുതിയത് ഇങ്ങനെ: Today I came here to pay my respect and homage to a great son of Mother India’ ഭാരതമാതാവിന്റെ ശ്രേഷ്ഠപുത്രന് ആദരാഞ്ജലിയും പ്രണാമവും അര്പിക്കാന് വേണ്ടിയാണ് നാഗ്പൂര്‍ വരെ വന്നതെന്ന്. കെ.എച്ച് ഹെഡ്ഗേവാറിനെ കുറിച്ചാണോ താങ്കള്‍ ശ്രേഷ്ഠപുത്രന് എന്ന് വിശേഷിപ്പിച്ചതെങ്കില്‍, ഒന്നുകില്‍ ആ മനുഷ്യനെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു; അല്ലെങ്കില്‍ ആര്.എസ്.എസിന്റെ വിഷലിപ്തമായ ചരിത്രവും വര്‍ത്തമാനവും താങ്കളെ വല്ലാതെ വശീകരിച്ചു. മുസ്ലിംകളെ ‘യവനസര്പങ്ങള്’ എന്നാണ് ഹെഡ്ഗേവാര്‍ വിശേഷിപ്പിക്കാറ്. വി.ഡി. സവര്‍ക്കര്‍ 1923ല്‍ പുറത്തുവിട്ട ‘ഹിന്ദുത്വ’ എന്ന രചനയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇദ്ദേഹം ഹൈന്ദവസമാജത്തെ തീവ്രവത്കരിക്കുന്നതിന് 1925ലെ ഒരു വിഡ്ഡിദിനത്തില്‍ (അന്ന് വിജയദശമി ആയിരുന്നു) ആര്.എസ്.എസിനു ബിജാവാപം നല്‍കുന്നത്. സംഘടന രൂപീകരിക്കപ്പെടുന്നതോടെ നാഗ്പൂരിലടക്കം മുസ്ലിം വിരുദ്ധകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍, ഈ കലാപങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും മുസ്ലിംകളുടെ തലയില്‍ വെച്ചുകെട്ടാനാണ് ഹെഡ്ഗേവാര്‍ ശ്രമിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാംപാദം ഇത്രകണ്ട് വര്ഗീയമയമാവാനും സാമുദായിക ധ്രുവീകരണം പാരമ്യതയിലെത്തുന്നതും പ്രണബ് മുഖര്‍ജി ‘രാജ്യത്തിന്റെ മഹാനായ പുത്രന്’ ആയി വിശേഷിപ്പിച്ച ഹെഡ്ഗേവാറിന്റെ മുന്കൈയാലാണെന്ന് ഏത് ചരിത്രവിദ്യാര്‍ത്ഥിക്കും കണ്ണുംചിമ്മി പറയാനാവും.
ജൂണ്‍ ഏഴിന് നാഗ്പൂരില്‍ പ്രണബ് മാത്രമല്ല, സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതും ആര്.എസ്.എസ് വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്തിരുന്നു. മുഖ്യാതിഥിയുടെ സാന്നിധ്യം കണക്കിലെടുത്ത് മോഹന്‍ ഭാഗവത് തന്റെ പ്രത്യയശാസ്ത്രത്തില്‍ ഒരുവിട്ടുവീഴ്ചക്കും തയാറായില്ല; എന്നല്ല പറയേണ്ടത് മുഴുവനും പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ അനുബന്ധമായേ മുഖര്‍ജിയുടെ പ്രസംഗത്തെ കാണാനാവൂ എന്നാണ് നിഷ്പക്ഷമതികള്‍ വിലയിരുത്തിയത്.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login