ഇസ്‌ലാം പേടി

ഇസ്‌ലാം പേടി

അമേരിക്കന്‍ മുസ്‌ലിംകള്‍ക്കെതിരെയും ഇസ്‌ലാമിനെതിരെയും വെറുപ്പ് ഉയര്‍ത്തിവിടുകയെന്നത് ദശലക്ഷങ്ങള്‍ മൂല്യമുള്ള വ്യവസായമായി മാറിയിരിക്കുന്നുവെന്ന് ഒരു വര്‍ഷം മുമ്പ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കിലീസ് സെന്റര്‍ ഫോര്‍ റേസ് ആന്റ് ജെന്ററും പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് അമേരിക്കയില്‍ ഇസ്‌ലാംപേടി ഉയര്‍ത്തിവിടുന്ന എഴുപത്തിനാലു സംഘടനകളുടെ പേര് പറയുന്നുണ്ട്. പട്ടികയില്‍ സ്ത്രീവാദസംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും സയണിസ്റ്റ് സംഘടനകളും പ്രധാനപ്പെട്ട മാധ്യമസംഘടനകളുമുണ്ട്. അതില്‍ മുപ്പത്തിമൂന്നെണ്ണത്തിന്റെയും പ്രധാന ലക്ഷ്യം ‘ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ മുന്‍വിധികളും വെറുപ്പും പ്രചരിപ്പിക്കുകയാണ്.’
ഇതിന്റെ കേന്ദ്രബിന്ദുക്കളായ അബ്‌സ്ട്രാക്ഷന്‍ ഫണ്ട്, ക്ലാരിയണ്‍ പ്രൊജക്റ്റ്, ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം സെന്റര്‍, മിഡില്‍ ഈസ്റ്റ് ഫോറം, അമേരിക്കന്‍ ഫ്രീഡം ലോ സെന്റര്‍, സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസി, ഇന്‍വെസ്റ്റിഗേറ്റീവ് പ്രൊജക്റ്റ് ഓണ്‍ ടെററിസം, ജിഹാദ് വാച്ച് ആന്റ് ആക്റ്റ് ഫോര്‍ അമേരിക്ക തുടങ്ങിയ സംഘടനകള്‍ 2008 നും 2013 നും ഇടക്ക് 206 ദശലക്ഷം ഡോളര്‍ ധനസഹായമാണ് സ്വരൂപിച്ചത്.

‘ഇത്തരം സംഘടനകള്‍ ഉയര്‍ത്തിവിടുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന വെറുപ്പുപ്രചരണങ്ങള്‍ക്ക് നേരായ പ്രത്യാഘാതങ്ങളുണ്ട്. പള്ളികള്‍ക്കു നേരെ ആക്രമണങ്ങളുണ്ടാകുന്നതും അമേരിക്കയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിവേചനം കാണിക്കുന്ന നിയമങ്ങളുണ്ടാകുന്നതും അതു കൊണ്ടാണ്-‘ റിപ്പോര്‍ട്ട് തയാറാക്കിയ കോറി സെയിലര്‍ പറഞ്ഞു. അദ്ദേഹം കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ ഡയറക്ടര്‍ കൂടിയാണ്. വാഷിംഗ്ടണ്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസിയും ആക്റ്റ് ഫോര്‍ അമേരിക്കയുമാണ് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നത്. മുസ്‌ലിം വിരുദ്ധ പ്രചരണം സമൂഹത്തിന്റെ അരികുവശങ്ങളില്‍ നിന്ന് സമൂഹത്തിന്റെയുള്ളിലേക്ക് തള്ളിനീക്കാന്‍ ഈ രണ്ടു സംഘടനകളും ശ്രമിക്കുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന രണ്ടു സംഘടനകളായ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസിയും ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം സെന്ററും അലബാമയില്‍ നിന്നുള്ള അമേരിക്കന്‍ സെനറ്ററായ ജെഫ് സെഷന്‍സിന് പ്രവര്‍ത്തന പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകസമിതിയുടെ അദ്ധ്യക്ഷനാണ് ഇദ്ദേഹം. അടുത്ത തവണ വൈസ് പ്രസിഡന്റാകാന്‍ സാധ്യതയുള്ളയാളും.

ഓര്‍ലണ്ടോയിലെ എല്‍ ജി ബി റ്റി നിശാക്ലബ്ബില്‍ നടന്ന വെടിവെപ്പിനെ കുറിച്ച് ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം സെന്റര്‍ മുസ്‌ലിം വിരുദ്ധമായ പ്രചരണമാണ് അഴിച്ചു വിട്ടത്. അവിടെ നാല്‍പത്തിയൊമ്പതു പേരെ വെടിവെച്ചു കൊന്നത് ഒരു മുസ്‌ലിം അമേരിക്കനാണ് എന്നതായിരുന്നു ആ മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളുടെ പ്രകോപനം.
ട്രംപിന്റെ വിദേശനയ ഉപദേഷ്ടാക്കളില്‍ രണ്ടു പേര്‍ക്കു കൂടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന സംഘടനകളോട് ബന്ധമുണ്ട്. ജോസഫ് ഷ്മിറ്റ്‌സിനെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസി സീനിയര്‍ ഫെല്ലോ ആയി അംഗീകരിച്ചിട്ടുണ്ട്.

ആക്റ്റ് ഫോര്‍ അമേരിക്കയുടെ ഭരണസമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വാലിഡ് ഫാരെസ്. അമേരിക്കയിലെ മുസ്‌ലിം സമുദായങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയതും പാസ്‌വേര്‍ഡു കൊണ്ട് സംരക്ഷിക്കപ്പെട്ടതുമായ തിന്‍ ബ്ലൂ ലൈന്‍ പ്രൊജക്റ്റ് നടത്തുന്നത് ആക്റ്റ് ഫോര്‍ അമേരിക്കയാണ്. ഈ പ്രൊജക്റ്റ് ‘ദേശീയ സുരക്ഷയുമായും ഭീകരവാദവുമായും ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആഭ്യന്തര ഭീകരവാദത്തിന് ജിഹാദ് ആഹ്വാനങ്ങള്‍ കാരണമാകുന്നതെങ്ങിനെയെന്നുള്ള വിവരങ്ങളും’ അടങ്ങിയിട്ടുള്ളതാണെന്ന് സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നു. സതേണ്‍ പോവര്‍ട്ടി ലോ സെന്ററിന്റെ വക്താവായ സ്റ്റീഫന്‍ പിഗ്ഗോട്ട് ‘രാജ്യത്തെ ഓരോ മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനയുടെയും മേല്‍വിലാസങ്ങളും ദേശീയ സുരക്ഷാ ഉത്കണ്ഠകള്‍ ഉയര്‍ത്തുവെന്ന് സംശയിക്കപ്പെടുന്ന ഏതാനും പള്ളികളുടെയും ഇസ്‌ലാമിക സ്ഥാപനങ്ങളുടെയും വിശദാംശങ്ങളുമാണ്’ തിന്‍ ബ്ലൂ ലൈന്‍ പ്രൊജക്റ്റിന്റെ പ്രധാനഘടകമെന്ന് വെളിപ്പെടുത്തിയിരുന്നു.
പത്ത് അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിയമമായ ഇസ്‌ലാം വിരുദ്ധ ബില്ലുകളും 2015ല്‍ പള്ളികള്‍ ആക്രമിക്കപ്പെട്ട 78 സംഭവങ്ങളും ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്. 2009ല്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് നിരീക്ഷിക്കാന്‍ തുടങ്ങിയതു മുതല്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായ വര്‍ഷമാണതെന്ന് സെയ്‌ലര്‍ പറഞ്ഞു.

2013 ല്‍ ബോസ്റ്റണില്‍ സംഭവിച്ച ബോംബിംഗിനെയും അമേരിക്കയിലെ ഇസ്‌ലാംപേടി വ്യവസായം കുപ്രചരണത്തിന് ഉപയോഗിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു സൗദി ചെറുപ്പക്കാരനെ കുറ്റവാളിയായി ചിത്രീകരിച്ചു കൊണ്ടുള്ള പ്രചരണങ്ങളും നടന്നു. അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഗ്ലെന്‍ ബെക്ക് സൗദി പൗരനാണ് കുറ്റവാളിയെന്ന് സമ്മതിക്കാന്‍ ഒബാമ ഭരണകൂടത്തെ നിര്‍ബന്ധിച്ചു. ഇല്ലെങ്കില്‍ കുറ്റവാളി സ്വദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ച സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടുമെന്നായിരുന്നു ഭീഷണി. പിന്നീട് യഥാര്‍ത്ഥ കുറ്റവാളികളിലൊരാള്‍ കൊല്ലപ്പെടുകയും മറ്റെയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ ഗ്ലെന്‍ ബെക്ക് അവരെ തന്റെ സങ്കല്പകഥയില്‍ കൂട്ടു കുറ്റവാളികളായി മാത്രം അംഗീകരിച്ചു!

ഗ്ലെന്‍ ബെക്കിന്റെ വിചിത്രമായ ആരോപണങ്ങളെ വെല്ലുന്നതായിരുന്നു സി എന്‍ എന്‍ റിപ്പോര്‍ട്ടറും സ്വയം പ്രഖ്യാപിത ഭീകരവാദവിദഗ്ദനുമായ സ്റ്റീവന്‍ എമേഴ്‌സണിന്റെ വാദങ്ങള്‍. സൗദി വിദ്യാര്‍ത്ഥിയുടെ ദേഹത്തെ പൊള്ളലുകളില്‍, ബോംബുകളിലുണ്ടായിരുന്ന സ്‌ഫോടനമിശ്രിതത്തിന്റെ അവശിഷ്ടങ്ങളുള്ളതു കൊണ്ട് അയാള്‍ കുറ്റക്കാരനാണെന്നായിരുന്നു എമേഴ്‌സണ്‍ വാദിച്ചത്. ബോംബാക്രമണത്തില്‍ പരിക്കേറ്റയാളിന്റെ ദേഹത്ത് സ്‌ഫോടനവസ്തുവിന്റെ സാന്നിധ്യമുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്.

സൗദി വിദ്യാര്‍ത്ഥിക്ക് സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് ഉദ്യോഗസ്ഥന്മാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും എമേഴ്‌സണ്‍ തെറ്റു തിരുത്തിയില്ല. സൗദി ഭരണകൂടവുമായി ഒബാമ തിരക്കിട്ടു നടത്തിയ കൂടിക്കാഴ്ച സൗദി പൗരനെ രക്ഷിക്കാനുള്ളതായിരുന്നുവെന്ന് അയാള്‍ വാദിച്ചു. ‘ഇങ്ങനെയാണ് സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍! നിങ്ങള്‍ അവരുടെ പൗരന്മാരെ അറസ്റ്റു ചെയ്യില്ല. അവരെ വിഷമിപ്പിക്കാതിരിക്കാന്‍ നിങ്ങള്‍ അവരെ നാടുകടത്തുക മാത്രം ചെയ്യും. ഇങ്ങനെയാണ് നിങ്ങളവരെ പ്രീണിപ്പിക്കുന്നത്,’ എമേഴ്‌സണ്‍ എഴുതി.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യക്തമായി രേഖപ്പെടുത്തപ്പെട്ട ചരിത്രമുള്ളയാളാണ് എമേഴ്‌സണ്‍. 1990 കളുടെ ആദ്യകാലം മുതല്‍ എമേഴ്‌സണ്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധവും അറബ് വിരുദ്ധവുമായ റിപ്പോര്‍ട്ടിംഗ് അമേരിക്കന്‍ മാധ്യമനിരീക്ഷകസംഘടനയായ ഫെയര്‍- ഫെയര്‍നെസ് ആന്റ് ആക്യുറസി ഇന്‍ റിപ്പോര്‍ട്ടിംഗ് പരിശോധിച്ചിട്ടുണ്ട്. 1998 ല്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ആണവ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന് വ്യാജ റിപ്പോര്‍ട്ടിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കിയതടക്കമുള്ള എമേഴ്‌സണിന്റെ കുത്തിത്തിരിപ്പുകള്‍ ഫെയര്‍ നിരീക്ഷിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

1995 ലെ ഒക്‌ലഹോമ ബോംബിംഗിനു ശേഷമാണ് എമേഴ്‌സണിന്റെ ഏറ്റവും കുപ്രസിദ്ധമായ നിരീക്ഷണമുണ്ടായത്. ‘കഴിയാവുന്നത്ര അപകടമുണ്ടാക്കാന്‍ തുടിക്കുന്ന മദ്ധ്യപൗരസ്ത്യ സ്വഭാവം’ ആ ബോംബിംഗിലുണ്ടെന്നായിരുന്നു അയാളുടെ കണ്ടെത്തല്‍. ഇസ്‌ലാം ‘നരഹത്യയെയും ആസൂത്രിതമായ വംശഹത്യയെയും മതപരമായ പ്രമാണം പോലെ’ അംഗീകരിക്കുന്നതായി ആ വര്‍ഷം തന്നെ ഒരു ജൂതമാസികയില്‍ അയാള്‍ എഴുതി.
മറ്റ് സ്വയം പ്രഖ്യാപിത ഭീകരവാദവിദഗ്ദ്ധരെ പോലെ എമേഴ്‌സണിന്റെ പ്രശസ്തിയും 9/11 ന്റെ പശ്ചാത്തലത്തിലാണ് വര്‍ദ്ധിച്ചത്. ഇസ്‌ലാമിസ്റ്റുകള്‍ ‘നിയമവിധേയമായ കലാപങ്ങളാല്‍’ അമേരിക്കയെ കീഴടക്കാന്‍ നിശബ്ദമായി ഒരുങ്ങുകയാണെന്ന് അയാള്‍ എഴുതി. ക്രിസ്ത്യന്‍ വലതു പക്ഷവും ഇസ്രയേല്‍ അനുകൂല ലോബിയും എമേഴ്‌സണിന്റെ വാദങ്ങളെ കൈ നീട്ടി സ്വീകരിച്ചു. 9/11 നു ശേഷം എമേഴ്‌സണ്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കു വേണ്ടി സാക്ഷ്യം പറയുകയും തന്റെ ‘ജിഹാദ് ഇന്‍ അമേരിക്ക’ എന്ന 1994 ലെ വീഡിയോയുടെ പകര്‍പുകള്‍ കോണ്‍ഗ്രസിലെ 535 അംഗങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. 2001 ലെ പാട്രിയറ്റ് നിയമം കൊണ്ടു വരുന്നതില്‍ ആ വീഡിയോക്ക് നേരായ പങ്കുണ്ടെന്നാണ് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസംഗമായ ക്രിസ് സ്മിത്ത് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.
അമേരിക്കയിലെ ഇസ്‌ലാംപേടി വ്യവസായത്തിന്റെ ഒരു ശബ്ദം മാത്രമാണ് എമേഴ്‌സണ്‍. ഡാനിയല്‍ പൈപ്പ്‌സ്, ഫ്രാങ്ക് ഗഫ്‌നി, പമേല ഗെല്ലര്‍, ബ്രിജറ്റ് ഗബ്രിയേല്‍ തുടങ്ങിയ നിരവധി പേര്‍ ഇത്തരത്തില്‍ അമേരിക്കന്‍ രാഷ്ട്രീയ സംവാദത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

2001 നും 2009 നുമിടയില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് എഴു പ്രധാന ഫൗണ്ടേഷനുകളില്‍ നിന്നായി 42 ദശലക്ഷം ഡോളര്‍ ധനസഹായം ലഭിച്ചു. ‘ഒബ്‌സഷന്‍:റാഡിക്കല്‍ ഇസ്‌ലാംസ് വാര്‍ എഗയിന്‍സ്റ്റ് വെസ്റ്റ്’ എന്ന ഡിവിഡി തയാറാക്കാനായി 2008ല്‍ 17 ദശലക്ഷം ഡോളറാണ് ഡോണേഴ്‌സ് കാപ്പിറ്റല്‍ ക്ലാരിയണ്‍ ഫണ്ടിന് നല്‍കിയത്. 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പായി 28 ദശലക്ഷം വോട്ടര്‍മാര്‍ക്കിടയിലാണ് ആ ഡിവിഡി വിതരണം ചെയ്യപ്പെട്ടത്. കാലാവസ്ഥാവ്യതിയാനം നിഷേധിച്ചു കൊണ്ടുള്ള ഇതേ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളാണ് ഒബാമയുടെ പരിസ്ഥിതി അജണ്ടയെ അട്ടിമറിച്ചത്. 2008 നും 2013 നു മിടക്ക് അമേരിക്കയിലെ മുസ്‌ലിംകള്‍ക്കെതിരെ ‘ഭീതിയും വെറുപ്പും’ പ്രചരിപ്പിക്കാന്‍ 200 ദശലക്ഷം ഡോളറിലധികമാണ് ചിലവഴിക്കപ്പെട്ടത്.

‘അതൊരു വ്യവസായം തന്നെയാണ്. ഇസ്‌ലാമിക കാര്യങ്ങളില്‍ വിദഗ്ദരാണെന്ന് നടിച്ചും ഇസ്‌ലാംപേടി പ്രചരിപ്പിച്ചും ഇത്തരക്കാന്‍ വര്‍ഷം തോറും ദശലക്ഷക്കണക്കിന് ഡോളറാണ് നേടുന്നത്,’ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ വക്താവായ വില്‍ഫ്രഡോ അമ്ര്‍ റൂയിസ് പറഞ്ഞു. ‘മുസ്‌ലിംകള്‍ അമേരിക്കന്‍ ജനതയുടെ ഭാഗമല്ലെന്നും അവര്‍ക്കൊരിക്കലും കൂറുള്ള പൗരന്മാരാകാനാകില്ലെന്നും അവകാശപ്പെട്ടാണ് ഇത്തരക്കാര്‍ അമേരിക്കക്കാര്‍ക്കിടയില്‍ അവിശ്വാസത്തിന്റെ പുകമറ പടുത്തുയര്‍ത്തിയത്.’
ഇസ്‌ലാം പേടി രണ്ടു തരം അപകടങ്ങളാണ് തൊടുത്തുവിട്ടിരിക്കുന്നത്:

വെറുപ്പുകുറ്റകൃത്യങ്ങളിലെ വര്‍ധനവും ഇസ്‌ലാംവിരുദ്ധ നിയമനിര്‍മാണവും. ‘ഉദാഹരണത്തിന് ഫ്‌ളോറിഡയില്‍ മാത്രം മുസ്‌ലിംകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 500 ശതമാനം വര്‍ധനവാണുണ്ടായത്. പള്ളികള്‍ നശിപ്പിക്കപ്പെട്ടു. ഇസ്‌ലാമികസംഘടനകള്‍ക്ക് നേരെ ബോംബ്ഭീഷണികളുണ്ടായി. ചരിത്രത്തില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള പരാമര്‍ശം പോലും പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഫ്‌ളോറിഡയിലെ സര്‍ക്കാര്‍.’
2013 മുതല്‍ ‘ഇസ്‌ലാമിലെ മതപരമായ ആചാരങ്ങളെ’ ലക്ഷ്യം വെച്ചുള്ള എണ്‍പത്തിയൊന്നോളം ബില്ലുകളും ഭേദഗതികളുമാണ് അമേരിക്കയിലുണ്ടായിട്ടുള്ളത്. അവയിലേറെയും അവതരിപ്പിച്ചിട്ടുള്ളതാകട്ടെ റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളും.

ഫ്‌ളോറിഡയിലെ സെനറ്ററായ അലന്‍ ഹയസ് വിതരണം ചെയ്ത ഒരു കുറിപ്പില്‍ ഇങ്ങനെ പറയുന്നു:’നമ്മുടെ മതപരവും രാഷ്ട്രീയവും സമാധാനപരവുമായ ജീവിതരീതി ഇസ്‌ലാമില്‍ നിന്നും ശരീഅത് നിയമങ്ങളില്‍ നിന്നും ആക്രമണം നേരിടുകയാണ്. ‘മതം’ എന്ന മുഖം മൂടിക്കു കീഴില്‍ ഒളിഞ്ഞിരുന്ന് നമ്മുടെ രാജ്യത്തെ കീഴടക്കാനൊരുങ്ങുന്ന പ്രത്യയശാസ്ത്രത്തില്‍ നിന്ന് എന്റെ തലമുറയെ രക്ഷിക്കേണ്ടതുണ്ട്. അവര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ്. നമ്മുടെ ഭരണകൂടത്തെയും രാജ്യത്തെയും അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.’
അഞ്ചില്‍ ഒരു അമേരിക്കന്‍ മുസ്‌ലിം നിരന്തരമായി വിവേചനം അനുഭവിക്കുന്നുണ്ടെന്നും അവരില്‍ പകുതിപേരും ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിട്ടിട്ടുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ പോളിസി ആന്റ് അണ്ടര്‍സ്റ്റാന്റിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ മെയ്‌റ നെഗസ് അല്‍ ജസീറയോട് പറയുകയുണ്ടായി.
‘ഇസ്‌ലാം വിരുദ്ധമായ വികാരങ്ങളിലുണ്ടായ വര്‍ദ്ധനവ് ഭീകരവാദപ്രവര്‍ത്തനങ്ങളേക്കാള്‍ രാഷ്ട്രീയ പ്രചരണങ്ങളോടാണ് ബന്ധപ്പെട്ട് കിടക്കുന്നത്. തിരഞ്ഞെടുപ്പു വര്‍ഷങ്ങളായ 2008 ലും 2012 ലും ഇസ്‌ലാംപേടി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണത്. മുസ്‌ലിംകള്‍ക്കെതിരെ നിയമം കൊണ്ടുവരുന്നവര്‍ ന്യൂനപക്ഷങ്ങള്‍ക്കും എതിരാണ്,’ മെയ്‌റ നെഗസ് പറഞ്ഞു.

ഏതാണ്ട് മുപ്പത്തിരണ്ടു സ്റ്റേറ്റുകള്‍ ശരീഅത്ത് വിരുദ്ധവും വിദേശിവിരുദ്ധവുമായ ബില്ലുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തരം നിയമനിര്‍മാതാക്കളില്‍ എണ്‍പതു ശതമാനത്തിലേറെ പേരും ന്യൂനപക്ഷങ്ങള്‍ക്കും മര്‍ദിത വിഭാഗങ്ങള്‍ക്കും കൂടി എതിരാണ്.
ഇസ്‌ലാംപേടി അമേരിക്കയിലെ ജനാധിപത്യത്തിനെതിരാണെന്നും രാജ്യത്തെ നിവാസികളുടെ ആത്മവിശ്വാസത്തെയും സുരക്ഷയെയുമാണ് അത് ഹനിക്കുന്നതെന്നും മെയ്‌റ നെഗസ് ചൂണ്ടിക്കാട്ടി. ‘മതവിവേചനം നിയമവിരുദ്ധമാണ്. അതിനെ അഭിസംബോധന ചെയ്യുന്ന നിയമമുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.’

അപൂര്‍വാനന്ദ്

You must be logged in to post a comment Login