By an eye witness എന്ന ചിത്ര(Photography) പരമ്പര ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആവിഷ്‌കാരസ്വാതന്ത്ര്യ സമരമായി മാറുകയാണ്. ഇറാനില്‍ ഭരണഘടനാ രാജാധിപത്യം തുടങ്ങിയതു മുതല്‍ അത് അട്ടിമറിക്കപ്പെട്ടതു വരെയുള്ള (1906 – 1979) ഒരു കാലഘട്ടത്തിനിടയില്‍ സംഭവിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ പതിനേഴെണ്ണം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ആസാദെ അഖ്‌ലാഘി. അക്കാലത്തിനിടക്ക് സംഭവിച്ച, ആരും പകര്‍ത്തിയിട്ടില്ലാത്ത, അത്രമേല്‍ ദാരുണവും അത്രതന്നെ ദുരൂഹവുമായ കൊലപാതകങ്ങളുടെ, അല്ലെങ്കില്‍ ഉപചാപക്രിയകളുടെ അനന്തരഫലങ്ങളുടെ ആവിഷ്‌കാരങ്ങളാണ് എല്ലാ ചിത്രങ്ങളും. സെന്‍സര്‍ഷിപ്പുകള്‍ ഒട്ടും കുറഞ്ഞിട്ടില്ലാത്ത ഇന്നത്തെ ഇറാനും അഖ്‌ലാഘിയുടെ ചിത്രപരമ്പരയില്‍ വിചാരണക്ക് വിധേയമാക്കപ്പെടും. 1979കള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് പറയാതിരിക്കുന്നത് തന്നെ ഒരര്‍ത്ഥത്തില്‍ ഇറാന്‍ എത്രമേല്‍ ആവിഷ്‌കാരസ്വാതന്ത്യത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടാകാം എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ചരിത്രം വര്‍ത്തമാനത്തിന് പാഠമാവുകയുമാണല്ലോ? ഇറാനിലെ ഇസ്‌ലാമിക വിപ്ലവമെന്ന് അറിയപ്പെടുന്ന 1979ലെ ശിയാ വിപ്ലവത്തിന് ശേഷം ജനങ്ങളാഗ്രഹിച്ച മാറ്റങ്ങളൊന്നുമുണ്ടായില്ല എന്നതാണ് ശരിയെന്നിരിക്കെ പെഹ്‌ലവി കാലത്തെ ജനകീയ മുന്നേറ്റങ്ങളെയും വിപ്ലവത്തിന് വഴി തുറന്ന ത്യാഗങ്ങളെയും ഓര്‍മപ്പെടുത്തുക കൂടിയാണ് ഈ ചിത്രപരമ്പര.
ഇറാനിലെ തിരഞ്ഞെടുപ്പുകള്‍ സുതാര്യമല്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ടെഹ്‌റാനില്‍ 2009 ജൂണില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ നദ ആഗ സുല്‍ത്താന്‍ എന്ന ഒരു വിദ്യാര്‍ത്ഥിനിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. ചുറ്റിലുമുണ്ടായിരുന്ന ഒട്ടേറെ പേര്‍ അത് മൊബൈലിലും മറ്റും പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇറാനിലെ പുതുകാല പ്രക്ഷോഭങ്ങളുടെ പ്രതീകമായി നദ മാറി. അവള്‍ ഇറാനിയന്‍ ക്ഷുഭിത യൗവനത്തിന്റെ രോഷവും ആവേശവുമായി ഉദിച്ചുയര്‍ന്നു. മാനവ ചരിത്രത്തിലെ തന്നെ എറ്റവും കൂടുതല്‍ സാക്ഷികളുള്ള മരണമായിരിക്കാം ഇതെന്ന് ടൈം മാഗസിന്‍ അനുമാനിച്ചു.
നദയുടെ മരണം ഉയര്‍ത്തിയ ചില ചിന്തകളാണ് ‘ബൈ ആന്‍ ഐ വിറ്റ്‌നസ്’ എന്ന ചിത്രപരമ്പരയുടെ പിന്നിലെ ഊര്‍ജമെന്ന് ആസാദെ അഖ്‌ലാഘി പറയുന്നു. ‘നദയെ പോലെ ഗുരുതരമോ ദുരൂഹമോ ആയ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് ഞാന്‍ ചിന്തിച്ചു; നദയുടെ മരണം പകര്‍ത്തപ്പെട്ടതു പോലെ ചരിത്രത്തിലേക്കെടുത്തു വെക്കാന്‍ ക്യാമറകളുടെ സാന്നിധ്യമില്ലാതിരുന്ന മരണങ്ങളെ കുറിച്ച് ഞാന്‍ ഓര്‍ത്തു.’ പിന്നീട് നാല് വര്‍ഷം തുടര്‍ച്ചയായ ഗവേഷണങ്ങള്‍. അതുകഴിഞ്ഞ് സാധാണരക്കാരെയും ചില നടീനടന്മാരെയും വെച്ച് ചിത്രീകരണം. അതില്‍ സാധാരണ മരണങ്ങളുണ്ട് (അധികവും അങ്ങനെയെന്ന് വരുത്തിത്തീര്‍ത്തതോ, തടവില്‍ പാര്‍പ്പിച്ചതു മൂലവും പീഡിപ്പിച്ചതിനാലും ഭവിച്ച ‘സ്വാഭാവിക’ മരണങ്ങളോ ആണ്), ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുണ്ട്, ദുരൂഹമായ തിരോധാനങ്ങളുണ്ട്. ഗവേഷണത്തിനു പുറമെ ചിത്രീകരണത്തിനും എഡിറ്റിങ്ങിനും കൂടി മൂന്ന് വര്‍ഷം അങ്ങനെയും. ഏഴ് വര്‍ഷത്തിലേറെ നീണ്ട പരിശ്രമമാണ് ആസാദെയുടെ ഈ ചിത്രപരമ്പര. ക്യാമറ ഫോണുകള്‍ വരുന്നതിന് മുമ്പുള്ള ഒരു കാലത്തെ സംഭവങ്ങളെയാണ് അഖ്‌ലാഘി പുനരവതരിപ്പിക്കുന്നത്.
കാരവാജിയോ, വാന്‍എയ്ക് തുടങ്ങിയ ചിത്രകാരന്മാരുടെ രീതിയില്‍ ഏറെ ആകൃഷ്ടയായ ഫോട്ടോഗ്രാഫറെന്ന നിലയ്ക്ക് അഖ്‌ലാഘിയുടെ ചിത്രീകരണത്തിലെ നിറവിന്യാസം (Color and Contrast), പ്രകാശവിതാനം (Lighting) തുടങ്ങിയവക്ക് ഒരു ചലച്ചിത്രത്തിനെടുക്കുന്നത്ര സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും വേണ്ടിവന്നിട്ടുണ്ട്. ഷൂട്ടിങ്ങിനുള്ള അഭിനേതാക്കളും കലാകാരന്മാരും സാങ്കേതിക വൃത്തവും ചേര്‍ന്ന് ഒരു മാസത്തെ മുന്നൊരുക്കങ്ങള്‍ നടത്തി പിന്നീട് ചിത്രീകരണത്തിനുള്ള ഇടം തയാറാക്കി എടുക്കുന്നു. പലപ്പോഴും ചെറിയ തോതില്‍ സെറ്റ് തയാറാക്കേണ്ടി വന്നു. ചിത്രീകരണത്തിന് ചിലപ്പോഴൊക്കെ ഇരുപതു ദിവസങ്ങളെങ്കിലും വേണ്ടി വന്നിട്ടുണ്ടത്രെ.
നിശ്ചലചിത്രങ്ങളാ(Still photographs)ണെങ്കില്‍ കൂടി ഉള്ളടക്കവും അവയിലടങ്ങിയ ആശയങ്ങളുടെയും ചരിത്രത്തിന്റെയും ഒഴുക്കും ചിത്രീകരണ രീതിയിലെ ചലനാത്മകതയും കൂടി അവ ഒരു ചലച്ചിത്രത്തില്‍ നിന്നടര്‍ത്തിയെടുത്ത പടങ്ങള്‍ പോലെ നിലനില്‍ക്കുന്നു.
ബൈ ആന്‍ ഐ വിറ്റ്‌നസ് ചിത്രപരമ്പരയുടെ പ്രദര്‍ശനം നടക്കുന്ന ഗാലറികള്‍ ഒരു ശ്മശാനമായാണ് തനിക്കനുഭവപ്പെടാറുള്ളതെന്ന് ആസാദെ പറയുന്നു. അടച്ചുവെച്ച രഹസ്യങ്ങള്‍ തുറന്നിടുകയായിരുന്നു ഈ ചിത്രങ്ങള്‍. ഓരോ ചിത്രങ്ങളും അവരുടെ ഓര്‍മകളും ചരിത്രങ്ങളും അടക്കം ചെയ്ത ഖബറിനു മുകളില്‍ നാട്ടിയ മീസാന്‍ കല്ലുകള്‍. അവ പറഞ്ഞുതരുന്നത് ഇറാനിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ തിരോധാനത്തിന്റെ ഓര്‍മകള്‍; പലപ്പോഴും ജീവിതത്തിന്റെയും. ഇറാനിന്റെ പൊതുബോധത്തിലുണ്ടായിരുന്നിട്ടും ഒരുപാട് കാലത്തേക്ക് പറയാനും എഴുതാനും പാടാനും വിലക്കുണ്ടായിരുന്നു ആ ഓര്‍മകള്‍ക്ക്. ഈ പ്രദര്‍ശനം അങ്ങനെയൊരു കൂട്ടമായ അനുസ്മരണം കൂടിയാണ്. ആ മരണങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്ന നിശബ്ദതകള്‍ നമുക്കിപ്പോഴും അനുഭവിക്കാം. അവ സ്വതന്ത്രമാക്കപ്പെട്ട് നമുക്ക് ചുറ്റും ഒഴുകി നടക്കുന്നത് നമ്മളവിടെ അറിയും.
ആര്‍ട്ട് ഗാലറികളിലൊന്നും പോകാത്ത ഒരുപാട് സാധാരണക്കാരുടെ പങ്കാളിത്തം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി ആസാദെ പറയുന്നു. ഇറാനില്‍ നടന്ന പ്രദര്‍ശനങ്ങളില്‍ വെച്ച് എത്രയോ ആളുകള്‍ വന്ന് ആസാദെയെ കെട്ടിപ്പിടിച്ച് കരഞ്ഞുവത്രെ. ‘നല്ല നിലയ്ക്ക് ജീവിക്കുകയും ദാരുണ മരണം നേരിടേണ്ടി വരികയും ചെയ്തവരെ കുറിച്ചായിരുന്നു എന്റെ ആലോചന. ഭീതിദമായ അവരുടെ അന്ത്യത്തെ പറ്റിയും ആളുകള്‍ അത് മറന്നുപോകാന്‍ ശീലിക്കുന്നതിനെ പറ്റിയുമായിരുന്നു ഞാന്‍ ചിന്തിച്ചത്. കൊല്ലപ്പെടുമെന്നറിയാമായിരുന്നിട്ടും തെരുവിലേക്കിറങ്ങി വന്ന ഈ വിപ്ലവകാരികളെ ഓര്‍ക്കുമ്പോള്‍ എനിക്ക് വല്ലാതാകുമായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം ത്യജിക്കാന്‍ ഒരുങ്ങിയവര്‍. ടെഹ്‌റാനില്‍ അങ്ങനെ ഒരുപാടാളുകള്‍ ഉണ്ടായിരുന്നു. ലോകത്തെല്ലായിടത്തും കാണും അങ്ങനെയുള്ളവര്‍. അവരുടെ ചരിത്രത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചത് അങ്ങനെയാണ്.’
തുടക്കത്തില്‍ എളുപ്പം വസ്തുതകള്‍ നിരത്തിവെക്കാമെന്നാണ് അഖ്‌ലാഘി കരുതിയത്. പക്ഷെ, കൂടുതല്‍ പഠിക്കും തോറും ആ ചരിത്ര സന്ദര്‍ഭങ്ങള്‍ എളുപ്പത്തില്‍ പുനരാവിഷ്‌കരിക്കാനാവില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞു. ആ ഒരു നിമിഷത്തിന്റെ ചേതന എത്രമേല്‍ കൃത്യമായി ചിത്രീകരിക്കാനാകുമെന്നതിനെ പറ്റിയായി പിന്നെ അഖ്‌ലാഘിയുടെ ചിന്ത.
സുറെ ഇസ്‌റാഫില്‍ എന്ന ആഴ്ചപ്പതിപ്പിന്റെ പ്രസാധകനും മുഖ്യപത്രാധിപനുമായിരുന്നു മിര്‍സ ജഹാന്‍ഗീര്‍ ഖാന്‍ ഷിറാസി. ഇറാനിലെ ഭരണഘടനാ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായി അറിയപ്പെട്ട മിര്‍സാ ജഹാന്‍ഗീറിനെ 1908ല്‍ ഭരണകൂടം വധിച്ചുകളഞ്ഞു. ബാഗേ ഷാ എന്നറിയപ്പെട്ട മുഹമ്മദ് അലി ഷാ പെഹ്‌ലവിയുടെ കൊട്ടാരം വക ഉദ്യാനത്തില്‍ വെച്ച് തന്നെയായിരുന്നു ആ വിധി നടപ്പിലാക്കപെട്ടത്. അതിനു സാക്ഷിയാകാന്‍ രാജാവ് നേരിട്ടെത്തുകയും ചെയ്തുവത്രെ. മിര്‍സയെയും സഹപ്രവര്‍ത്തകരെയും വധശിക്ഷക്ക് വിധേയമാക്കും മുന്‍പ് കൊട്ടാരം ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തുന്ന ആസാദെയുടെ ചിത്രം. അന്ന് അങ്ങനെയൊരു ചിത്രമെടുപ്പ് ഉണ്ടായിട്ടുണ്ടോ എന്നതിന് തെളിവൊന്നുമില്ലെങ്കില്‍ കൂടി ഈ രംഗം ഭരണവര്‍ഗത്തിന്റെ ഗര്‍വിനെയും അഹങ്കാരത്തെയും മാനുഷികമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ വരെ അടിച്ചമര്‍ത്തുന്നതില്‍ അവര്‍ കാണുന്ന ആനന്ദത്തെയും കൃത്യമായി അവതരിപ്പിക്കാന്‍ പര്യാപ്തമാണ്.
ടെഹ്‌റാനിലെ എവിന്‍ കുന്നുകളില്‍ വെച്ച് 1975 ഏപ്രില്‍ 18 ന് ബിജാന്‍ ജിസാനി എന്ന ഇടതു ചിന്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന സംഭവം അതേ കുന്നുകളില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയില്‍ ചാടാന്‍ ശ്രമിച്ച തടവുപുള്ളികളെ വധിച്ചുവെന്നായിരുന്നുവത്രെ അന്നത്തെ ഔദ്യോഗിക ഭാഷ്യം. തീവ്ര ഇടതു ചിന്തകനായിരുന്ന ജിസാനി പെഹ്‌ലവിക്കെതിരെ സായുധ വിപ്ലവത്തിന് ഒരുങ്ങാനുള്ള തയാറെടുപ്പിനിടെയാണ് പോലീസ് പിടിയിലാകുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ കാലത്ത് ഏറെ പ്രസക്തമായ ഒരു ചിത്രം. കൊല്ലപ്പെടുന്നവരുടെയും കൊല്ലുന്നവരുടെയും ഭാവവ്യത്യാസങ്ങള്‍ മാത്രമല്ല, അവരുപയോഗിക്കുന്ന തോക്കും അതില്‍ നിന്ന് വരുന്ന വെടിയുണ്ടയുടെ പുകയും കുന്നിലെ കാറ്റും മണ്ണും പൊടിപടലങ്ങളും വരെ കൃത്യമാണ്. അപാരമായ റിയലിസ്റ്റിക് സമീപനമാണ് ഈ ചിത്രത്തിന്റെയും പ്രത്യേകത.
ജിസാനിയുടെ തന്നെ ശിഷ്യനായിരുന്ന ഹാമിദ് അഷ്‌റഫിയെയും സമാനമായ രീതിയിലാണ് ഭരണകൂടം കൈകാര്യം ചെയ്തത്. 1976 ജൂണ്‍ 29ന് ടെഹ്‌റാനിലെ സൗത്ത് മൊഹ്‌റാബാദ് ഹോസ്സില്‍ വെച്ച് ഹാമിദ് അഷ്‌റഫിയെയും കൂട്ടാളികളെയും പോലീസ് പിടികൂടി വെടിവെച്ചു കൊല്ലുകയായായിരുന്നു. പെഹ്‌ലവി ഭരണത്തിനെതിരില്‍ സായുധ ഗറില്ലാ യുദ്ധത്തിന് കോപ്പുകൂട്ടിയ Organization of Iranian People’s Fedai Guerrillas (OIPFG) എന്ന സംഘടനയുടെ നേതാവായിരുന്നു അഷ്‌റഫി. ഏറ്റുമുട്ടലിനിടയിലോ, രക്ഷപ്പെട്ടോടുന്നതിനിടയിലോ കൊല്ലപ്പെട്ടു എന്ന ലോകത്തെല്ലായിടത്തുമുള്ള പോലീസ് ഭാഷ്യം തന്നെയായിരുന്നു ഇവിടെയും.
1974 ഏപ്രില്‍ 26ന് ടെഹ്‌റാനിലെ ഒരു സാധാരണ തെരുവില്‍ വെച്ച് വിദ്യാര്‍ത്ഥി നേതാവായിരുന്ന മര്‍സിഹ് അഹ്മാദി ഓസ്‌കൂയി രഹസ്യ പോലീസ് വിഭാഗമായിരുന്ന സാവകിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നു. വൈഡ് ആംഗിള്‍ ഫ്രെയിമാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്. തെരുവിലെ രണ്ട് ലൈനുകള്‍ കൂടിച്ചേരുന്നിടത്ത് വെച്ചാണ് മര്‍സിഹിന് വെടിയേല്‍ക്കുന്നത്. ആ ചെറുനിരത്തുകള്‍ കൂടിച്ചേരുന്നിടത്തെ കെട്ടിടത്തിന്റെ മൂല ഭാഗം ഫ്രെയ്മിന്റെ നടുക്കാണ് പ്രതിഷ്ഠിക്കപ്പെടുന്നത്. ഇടതുഭാഗത്ത് വെടിയേറ്റു വീഴുന്ന മര്‍സിഹ് അഹ്മാദി. അവളുടെ കൈയ്യില്‍ നിന്ന് തെറിച്ചുയരുന്ന പിസ്റ്റള്‍. തൊട്ടുപിറകിലുണ്ടായിരുന്ന നിഖാബ് ധാരിയായ സ്ത്രീ ഞൊടിയിടയില്‍ തിരിഞ്ഞുമാറുന്നു. ആളുകള്‍ തിരിഞ്ഞോടുവാന്‍ തുടങ്ങുന്നു. ഫ്രെയ്മിന്റെ വലതുഭാഗത്ത് രഹസ്യപോലീസ് ഭടന്മാര്‍. വഴിയിലുണ്ടായിരുന്നവര്‍. തന്റെ പൂവണ്ടിക്കു പിന്നിലൊളിക്കുന്ന പൂക്കച്ചവടക്കാരന്‍. മഴ പെയ്‌തൊഴിഞ്ഞ ഒരു തെരുവാണത്. വീണ്ടുമൊരു മഴക്ക് ഒരുങ്ങി നില്‍ക്കുന്ന ആകാശം മേലെ.
ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയുടെ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ ഇടനാഴിയില്‍ വെച്ച് 1953 ഡിസംബര്‍ 7 ന് കൊലചെയ്യപ്പെട്ട അസ്ഹര്‍ ശരിഅത്ത് റസവി, അഹമദ് ഗാന്‍ഡ്ച്ചി, മുസ്ഥഫ ബോസോര്‍ഗ്‌നിയ എന്നീ വിദ്യാര്‍ത്ഥികളുടെ സ്മരണാര്‍ത്ഥം ഡിസംബര്‍ 7 വിദ്യാര്‍ത്ഥി ദിനമായി ആചരിച്ചുവരുന്നു. അന്നത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സന്റെ സന്ദര്‍ശനത്തിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരായിരുന്നു ആ വിദ്യാര്‍ത്ഥികള്‍. ഈ ദാരുണ സംഭവം ആവിഷ്‌കരിച്ച ചിത്രവും വൈഡ് ഫ്രെയ്മിന്റെ സാധ്യത കൊണ്ട് ശ്രദ്ധേയമായ ഒന്നാണ്. ഗോവണിപ്പടി ഇറങ്ങി വരുന്നിടത്താണ് കൂട്ടത്തിലൊരാള്‍ കൊല ചെയ്യപ്പെടുന്നത്. മറ്റു രണ്ടുപേര്‍ ഇടനാഴിയില്‍ വെച്ച്. വെടിവെക്കും മുമ്പ് കൊലയാളികള്‍ ഉപയോഗിച്ച ടിയര്‍ഗ്യാസ് പുകഞ്ഞു വരുന്നത്, വിദ്യാര്‍ത്ഥികള്‍ ചിതറിയോടുന്നത്, കൂട്ടുകാര്‍ നിലവിളിക്കുന്നത്, രക്തം തളം കെട്ടിക്കിടക്കുന്ന തറ എല്ലാം ഒറ്റ ഫ്രെയ്മിലുണ്ട്. ഈ രണ്ട് ചിത്രങ്ങളുടെയും വൈഡ് ഫ്രെയ്മുകള്‍ ഇത്രമേല്‍ ശ്രദ്ധേയമായിരിക്കുമ്പോള്‍ തന്നെ മറ്റൊരു രസകരമായ കാര്യം ഈ ചിത്രങ്ങള്‍ വെവ്വേറെ പകര്‍ത്തി പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നതാണ്.
1968 ജനുവരി 7 ന് ടെഹ്‌റാനിലെ തന്നെ അറ്റ്‌ലാന്റിക് ഹോട്ടലില്‍ വെച്ച് ഇറാന്റെ അഭിമാനമായി കണക്കാക്കപ്പെട്ടിരുന്ന ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ഗുലാം റസ തക്തി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നു. ആരോഗ്യ ദൃഢഗാത്രനായിരുന്ന തക്തിയെ ഒരു സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ടുപോകുന്നതാണ് ചിത്രം. പച്ച നിറത്തിലുള്ള ഒരു വിരിപ്പ് പുതപ്പിച്ചിരിക്കുന്നു. ചുറ്റിലും കൂടി നില്‍ക്കുന്നവരുടെ മുഖഭാവമാണ് ഇതിലെ പ്രത്യേകത. പോലീസുദ്യോഗസ്ഥര്‍, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എല്ലാവരുടെയുടെയും ഭാവം ലാഘവത്വമാണ്. ഒരു കൃത്യം ചെയ്തതിന്റെ സംതൃപ്തി തിളങ്ങുന്ന മുഖഭാവം.
ഫറോ ഫറോക്‌സാദ് ഇറാനില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടാക്കിയ ഒരു കവയത്രിയായിരുന്നു. അവരുടെ കവിതകള്‍ ഭരണകൂടത്തെ പലപ്പോഴും പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു. 1967 ഫെബ്രുവരി 13ന് ഒരു കാറപകടത്തിലാണ് ഫറോ കൊല്ലപ്പെടുന്നത്. സ്‌കൂള്‍ കുട്ടികളെയും കയറ്റി എതിരെ വന്ന ഒരു കാറിലിടിക്കാതിരിക്കാന്‍ ശ്രമിക്കവെ തന്റെ വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു അവള്‍. കാറിന്റെ ചക്രം ഉരുണ്ട അടയാളം, അവിടെയുണ്ടായിരുന്ന രണ്ട് മൂന്നു പേര്‍ ഓടിക്കൂടുന്നത്, സ്‌കൂള്‍ കുട്ടികളുടെ അമ്പരപ്പ് നിറഞ്ഞ നോട്ടം. എന്നിങ്ങനെ വളരെ സൂക്ഷ്മമായ കാര്യങ്ങളും മറ്റും കൃത്യമായി ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ആസാദെക്ക് സാധിച്ചിട്ടുണ്ട്.
ആയതുല്ലാ മഹ്മൂദ് തെലഗാനിയാണ് പെഹ്‌ലവി ഭരണത്തിനെതിരില്‍ സമരം സംഘടിപ്പിച്ചവരില്‍ മുന്നില്‍. 1979 സെപ്തംബര്‍ 10ന് തെലഗാനി വീട്ടുതടങ്കലില്‍ വെച്ച് കൊല്ലപ്പെടുന്നതിന്റെ മുമ്പുള്ള സമയമാണ് അഖ്‌ലാഘി ചിത്രീകരിച്ചിരിക്കുന്നത്. അന്ന് അദ്ദേഹത്തിന് ഉപചാരങ്ങളര്‍പിക്കാന്‍ ഒരുപാടാളുകള്‍ തടിച്ചുകൂടിയിരുന്നു. പലരും മോഹലസ്യപ്പെട്ടുവീണു. അദ്ദേഹത്തിന്റെ കുടുംബമാണ് മേശക്കു ചുറ്റുമിരിക്കുന്നത്. തെലഗാനി ശാന്തനായി കാണപ്പെട്ടു. ഒരു മുസ്ഹഫ് പാരായണത്തിനായി തുറന്നുവെച്ചിരിക്കുന്നു. രണ്ട് പേര്‍ ഖുമൈനിയുടെ ചിത്രം എടുത്തു പിടിച്ചിരിക്കുന്നു. എല്ലാം അയാളുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് പറയുകയാകണം അതിന്റെ സാരം. ഏറ്റവും രസകരമായ കാര്യം, ആ ചിത്രത്തില്‍ ഖുമൈനിക്ക് തലപ്പാവില്ല. അത് മേശപ്പുറത്തിരിക്കുകയാണ്. തെലഗാനി കൊല ചെയ്യപ്പെടുകയായിരുന്നു എന്ന തെലഗാനിയുടെ മകന്റെ ആരോപണത്തെയാണ് ഖുമൈനിയുടെ പ്രതീകാത്മക സാന്നിധ്യം കൊണ്ട് അഖ്‌ലാഘി സ്ഥാപിക്കുന്നത്. ചിത്രത്തില്‍ കാമറയിലേക്ക് നോക്കിയിരിക്കുന്ന കുട്ടിയില്‍ കാഴ്ചക്കാരന് ഒരു ദുരൂഹത തോന്നുക സ്വാഭാവികം. ഫോട്ടോ എടുക്കുമ്പോഴൊക്കെ കാമറയിലേക്കു കൗതകത്തോടെ നോക്കിയിരിക്കുന്ന കുഞ്ഞുങ്ങളെ പോലെ മാത്രമല്ല അതിരിക്കുന്നത്. അതിന്റെ കണ്ണില്‍ മറ്റെന്തോ ഭാവമുണ്ട്. പെഹ്‌ലവി ഭരണത്തിന്റെ അവസാന നാളുകളിലും ഇറാന്‍ – ഇറാഖ് യുദ്ധ കാലത്തും ഇറാനില്‍ ബാല്യവും കൗമാരവും യുവത്വവും കഴിച്ച ഒരു തലമുറ ഹോമിക്കപ്പെട്ടവര്‍ (Burnt Generation) എന്നാണ് അറിയപ്പെടുന്നത്. ആ തലമുറയുടെ നിസ്സഹായത, അമ്പരപ്പ് അങ്ങനെ അനവധി ഭാവങ്ങളുടെ സമ്മേളനം.
ഇറാനിലെ എക്കാലത്തെയും ഏറ്റവും ശ്രദ്ധേയനായ ചിന്തകനായിരുന്നു അലി ശരീഅത്തി. പതിനെട്ട് മാസത്തോളം അലി ശരീഅത്തിയെ ഏകാന്ത തടവിലാക്കി. പിന്നീട് പൊതുജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മോചിപ്പിച്ചു. യു.കെയിലേക്ക് നാടുകടത്തുകയായിരുന്നു എന്നതാണ് സത്യം. പിന്നീട് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം സൗത്താംപ്ടണില്‍ വെച്ച് അലി ശരീഅത്തിയെയും വകവരുത്തി. മൃതശരീരം വീടിന്റെ പുറത്തേക്കെടുക്കുന്നതാണ് അഖ്‌ലാഘിയുടെ ചിത്രം. കരഞ്ഞുകൊണ്ട് ഗോവണിയിറങ്ങി വരുന്ന ഒരു മകളെയും ബാല്‍ക്കണിയില്‍ വിഷണ്ണയായി നില്‍ക്കുന്ന മറ്റൊരു മകളെയും കാണാം.
ചലച്ചിത്ര സംവിധായകനായിരുന്ന സൊഹ്‌റാബ് ശുഹൈബ് സാലെസ് മരണപ്പെടുന്നത് അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ചാണ്. 1998 ജൂലൈ 1ന് കരള്‍ സംബന്ധമായ രോഗങ്ങള്‍ കാരണമായിരുന്നു അന്ത്യം. വിഷബാധയേറ്റതാണെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്ന് മാസം മുമ്പെങ്കിലും സാലെസിന് ഈ അപായത്തെ കുറിച്ച് ധാരണയുണ്ടായിരുന്നത്രെ. മരണസമയത്ത് സാലെസ് എന്തൊക്കെയോ പറയാനാഗ്രഹിച്ചുവെന്ന് അയാളുടെ അയല്‍വാസികള്‍ പറയുന്നു. മരണവെപ്രാളത്തിനിടക്ക് ആരെയൊക്കെയോ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ആ ശ്രമം വിഫലമായപ്പോള്‍ എങ്ങനെയെങ്കിലും മുറിയ്ക്കു പുറത്തു കടക്കണമെന്നാഗ്രഹിച്ചു. വാതില്‍ക്കല്‍ വരെ ഇഴഞ്ഞു ചെന്നതിന്റെ അടയാളം അഖ്‌ലാഘിയുടെ ചിത്രത്തിലുണ്ട്. സാലസിന്റെ എഴുത്തുമേശ, സന്ദര്‍ശക മുറി, അടുക്കള, പുസ്തങ്ങളും മറ്റുമടങ്ങുന്ന സാധന സാമഗ്രികള്‍ എന്നിവ ചിത്രത്തിന്റെ സംവിധാനമികവ് കാണിക്കുന്നതാണ്. ഇതിനു പുറമെ ചുവരില്‍ തൂക്കിയിരിക്കുന്ന ട്രോട്‌സ്‌കിയുടെ ചിത്രം സാലെസിന്റെ രാഷ്ട്രീയത്തോടും മരിച്ചു കിടക്കുന്നതായി കാണപ്പെട്ട രീതിയിലെ സമാനതയോടും ബന്ധപ്പെട്ടിരിക്കുന്നു. ലെനിന് ശേഷം സോവിയറ്റിനെ നയിക്കാന്‍ യോഗ്യനായിരുന്ന ട്രോട്‌സ്‌കിയെ സ്റ്റാലിന്‍ വകവരുത്തുകയായിരുന്നുവത്രെ. റഷ്യയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ട്രോട്‌സ്‌കിയെ വെട്ടിക്കൊലപ്പെടുത്തി. വെട്ടു കിട്ടിയ ട്രോട്‌സ്‌കി വാതില്‍പടി വരെ ഇഴഞ്ഞുവന്നിട്ടാണ് ഒടുവില്‍ മരണപ്പെടുന്നത്.
മിര്‍സാദെ എഷിഗിയെ രണ്ട് തോക്കുധാരികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1924 ജൂലൈ 3 ന് ആയിരുന്നു ഇറാനിലെ പ്രസിദ്ധനായ രാഷ്ട്രീയ ലേഖകന്റെ അന്ത്യം. ഈ ചിത്രവും ചടുലമായ ഒട്ടേറെ ചലനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. വെടിയേറ്റ് വീണു കിടക്കുന്ന എഷിഗി, അയാളുടെ അടുത്ത് നിന്ന് നിലവിളിക്കുന്ന ഒരു സ്ത്രീ, കടന്നു കളയാന്‍ ശ്രമിക്കുന്ന കൊലപാതകികള്‍, കൊലപാതകികളെ പിടികൂടുന്നവര്‍, ടെറസില്‍ നിന്ന് എത്തി നോക്കുന്നവര്‍, വരാന്തയിലൂടെ ഓടിയടുക്കുന്ന ഉമ്മയും മകനും, ചിതറി വീണ കടലാസുകള്‍, മറിഞ്ഞു കിടക്കുന്ന വെള്ളപ്പാത്രങ്ങള്‍.
മുഹമ്മദ് ഫറോഖി യസ്ദി ഇറാനിയന്‍ വിപ്ലവകാലത്ത് ജനഹൃദയങ്ങളില്‍ ജീവിച്ച ഒരു കവിയായിരുന്നു. കനലെരിയുന്ന അക്ഷരങ്ങളായിരുന്നു ഫറോഖി യസ്ദിയുടെ പ്രത്യേകത. 1939 ഒക്ടോബര്‍ 17 ന് രാഷ്ട്രീയത്തടവുകാരനായിരിക്കെ ഖസ്വര്‍ ജയിലില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തെ പാര്‍പിച്ചിരുന്ന മുറിയിലേക്ക് വാതകം പമ്പ് ചെയ്ത് മര്‍ദമുയര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതത്രെ. മരിച്ചു കിടക്കുന്ന കവിയുടെ അടുത്ത് ജയിലധികൃതര്‍ വന്നു നില്‍ക്കുന്നതാണ് അഖ്‌ലാഘിയുടെ ചിത്രം. അധികൃതരുടെ മുഖഭാവത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഫറോഖിയെ പരിചരിച്ചിരുന്ന ജയില്‍ ജോലിക്കാരന്റെ ഭാവം. അയാള്‍ വിഷണ്ണനായി കാണപ്പെടുന്നു. സാധാരണക്കാരായ ജോലിക്കാരും അധികൃതരും എങ്ങനെയാണ് ഫാറോഖി അടക്കമുള്ള രാഷ്ട്രീയത്തടവുകാരെ പരിചരിച്ചിരുന്നത് എന്നതാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഫറോഖിയുടെ ചുവരില്‍ കാണുന്ന എഴുത്തുകള്‍ അയാളുടെ കവിതകളാകാം. മരിച്ചു കിടക്കുമ്പോഴും മുഖത്ത് സൂക്ഷിച്ച രോഷം ആ കവിതകളിലും നിറഞ്ഞിട്ടുണ്ടാകണം.
1951 മുതല്‍ 1953 വരെ രണ്ട് വര്‍ഷത്തിലധികം ഇറാന്റെ പ്രധാനമന്ത്രിയായിരുന്നു മുഹമ്മദ് മുസദ്ദിഖ്. പെഹ്‌ലവിയോടുള്ള വിയോജിപ്പുകള്‍ മൂര്‍ച്ചിച്ചപ്പോള്‍ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും തടവില്‍ പാര്‍പിക്കപ്പെടുകയും ചെയ്തു. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആണത്രെ മുസദ്ദിഖിനെ താഴെയിറക്കാന്‍ പ്രവര്‍ത്തിച്ചത്. 1967 മാര്‍ച്ച് അഞ്ചിന് അഹ്മദ് അബാദിയിലെ വീട്ടുതടങ്കലില്‍ വെച്ച് മുസദ്ദിഖ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ജനാസ കുളിപ്പിക്കാനെടുക്കുന്നതാണ് അഖ്‌ലാഘിയുടെ ചിത്രം. അതൊരു ശിശിരമായിരുന്നു. വളരെ കുറച്ചാളുകള്‍ മാത്രം അനുഗമിച്ച ഒരു മരണം. പട്ടാളവും പാറാവും അകമ്പടിക്കാരുമില്ലാത്ത, അനുയായികളുടെ ഉപചാരങ്ങളോ അനുശോചനങ്ങളോ ഇല്ലാത്ത വളരെ സാധാരണമായ ഒരു പിന്‍വാങ്ങല്‍. ആ ശിശിരത്തില്‍ ഒരില കൊഴിഞ്ഞതുപോലെ വളരെ നിസാരമായ ഒരു അന്ത്യം. ആ ചിത്രം പറയുന്നു എല്ലാം.
1940 ഫെബ്രുവരി 4 ന് കമ്യൂണിസ്റ്റ് ചിന്തകനായിരുന്ന താഗി അറാനി ജയിലില്‍ വെച്ച് മരണപ്പെട്ടു. അതിക്രൂരമായി അദ്ദേഹം പീഡിപ്പിക്കപ്പെട്ടിരുന്നതിനാല്‍ മുഖം വികൃതമായിരുന്നു. അറാനിയുടെ മാതാവ് പോലും അവരെ തിരിച്ചറിഞ്ഞില്ല. ഈ ചിത്രത്തില്‍ മരിച്ചു കിടക്കുന്ന താഗിയെ സന്ദര്‍ശിക്കുന്ന അയാളുടെ ഉമ്മയെയും മറ്റു ബന്ധുക്കളെയും കാണാം. തടങ്കല്‍ ചുവരിലൊരു മഞ്ഞ വെളിച്ചം കത്തുന്നു. മരണഭാവം ഘനീഭവിച്ച ഇടുങ്ങിയ ജയില്‍ മോര്‍ച്ചറി വിറങ്ങലിച്ചു പോയ വിപ്ലവ സ്വപ്‌നങ്ങളെയും സ്വാതന്ത്യാഭിവാഞ്ജയെയും പ്രതിഫലിപ്പിക്കുന്നത് അഖ്‌ലാഘി കൃത്യമായി പകര്‍ത്തിയിട്ടുണ്ട്.
ചിത്രങ്ങളുടെ ഏറ്റവും ആശ്ചര്യജനകമായ കാര്യം അവയിലെ ആത്മ പ്രതിഫലനമാണ്. തന്റേതല്ലാത്ത ഒരു കാലഘട്ടത്തിലെ സംഭവങ്ങളെ താന്‍ കണ്ടെത്തുന്ന രീതിയുടെ സാധുത സ്ഥാപിക്കപ്പെടുന്നത് ആ ആത്മപ്രതിഫലനത്തിലൂടെയാണ്. ഓരോ ചിത്രങ്ങളിലും ആസാദെ കൂടി ഉണ്ടെന്ന കാര്യം കാഴ്ചക്കാരന്‍ തിരിച്ചറിയുന്നതോടെ By an eye witness എന്ന നാമകരണത്തിന്റെ ഉദ്ദേശ്യം കൂടി ബോധ്യപ്പെടുകയായി. തെലഗാനിയുടെ ചിത്രത്തില്‍ ജനവാതിലില്‍ തിങ്ങിക്കൂടിയ ആളുകള്‍ക്കിടയില്‍ നിലത്തിരിക്കുന്നു ആസാദെ. ഓസ്‌കൂയി കൊല്ലപ്പെടുന്ന ചിത്രത്തില്‍ വലത്തേയറ്റത്ത് സാവക് പോലീസുകാരുടെ പിറകിലായി അവരുണ്ട്. യൂണിവേഴ്‌സിറ്റിയിലെ വെടിവെപ്പില്‍ ഗോവണി ഇറങ്ങി വരുന്നവരുടെ കൂട്ടത്തിലാണ് അവര്‍. മുസദ്ദിഖിന്റെ ചിത്രത്തില്‍ പിറകില്‍ കാണുന്ന വീടിന്റെ വാതില്‍പടിയില്‍ ആസാദെയുണ്ട്. തക്തിയുടെ ചിത്രത്തില്‍ ഗോവണിയില്‍ നില്‍ക്കുന്നു; അലി ശരീഅത്തിയുടെ ചിത്രത്തില്‍ ബാല്‍ക്കണിയില്‍ അവരുടെ മകള്‍ക്കൊപ്പം നില്‍ക്കുന്നു. എഷിഗെ വെടിയേറ്റ് വീഴുമ്പോള്‍ അയാളുടെ അടുത്ത് നിന്ന് നിലവിളിക്കുന്ന പരിചാരകക്ക് പിന്നിലായി താഴെ നിലയില്‍ നിന്ന് ആസാദെ ആ രംഗത്തിന് സാക്ഷിയാകുന്നുണ്ട്. ഫറോഖ്‌സാദ് കാറപകടത്തില്‍ പെട്ട് മരണപ്പെടുന്ന ചിത്രത്തില്‍ അവരുടെ കാറിനു പിന്നില്‍ നിന്നും ഓടി വരുന്നത് ആസാദെയാണ്.
എങ്കില്‍ തന്നെ താനുണ്ടാകാനിടയില്ലാത്ത/ സാധ്യതകളില്ലാത്ത അവസരങ്ങളിലും അവരെ കാണുന്നതിനെ എങ്ങനെയാണ് കാഴ്ചക്കാരന്‍ ഉള്‍ക്കൊള്ളുന്നത്? സാലെസ്സിന്റെ മരണ ചിത്രത്തിലെ ആസാദെയുടെ സാന്നിധ്യം അങ്ങനെ ഒന്നാണ്. ചിത്രത്തിന്റെ വലതുഭാഗത്ത് അടുക്കളയില്‍ നിഴല്‍പോലെ ആസാദെയെ കാണാം. സാലെസ് തന്റെ അവസാന ഘട്ടത്തില്‍ വാതില്‍പടി വരെ ഇഴഞ്ഞു പോയതിന്റെ അടയാളങ്ങള്‍ ചിത്രത്തിലുണ്ട്. വാതില്‍ തുറന്നിട്ടില്ല. അതിനു മുമ്പ് മരിച്ചിരിക്കുകയാണ്. ആ ഫ്‌ളാറ്റിനകത്ത് എങ്ങനെയാണ് ആസാദെ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതാണ് നേരത്തേ പറഞ്ഞ പ്രശ്‌നം. അതുപോലെ ആസാദെയുടെ സാന്നിധ്യം ശ്രദ്ധേയമാകുന്ന മറ്റൊരു ചിത്രം എവിന്‍ കുന്നുകളിലെ രാഷ്ട്രീയത്തടവുകാരുടെ കൊല ചിത്രീകരിക്കുമ്പോഴുള്ളതാണ്. തന്റെ ഷാളാണ് അവിടെ ആ രംഗത്തിന് ‘ദൃക്‌സാക്ഷി’യാകുന്നത്. ഇറാനിന്റെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ആസാദെയുടെ ഈ ചിത്രങ്ങളൊക്കെയും. സാങ്കല്‍പികമായ കാലാന്തര യാത്ര(Time Traveller)യിലൂടെ ആ സംഭവങ്ങളിലേക്ക് ചെന്നെത്തുകയും ഒരു തരി മാജിക്കല്‍ റിയലിസത്തിന്റെ സാങ്കേതികതയും കൂടി ഒപ്പിച്ച് അവ പുനരവതരിപ്പിക്കുക കൂടി ചെയ്യുകയാണ് അഖ്‌ലാഘി ചെയ്യുന്നത്.
പല വിഖ്യാത ചിത്രങ്ങളുടെയും ഓര്‍മകളിലേക്ക് കൊണ്ടു പോകുന്നതാണ് ആസാദെയുടെ സംവിധാനകല (choreography). ഉദാഹരണത്തിന് മിര്‍സാദെ എഷിഗിയുടെ കൊലപാതകം ചിത്രീകരിച്ചതില്‍ 1970ലെ കെന്റ് സ്റ്റേറ്റ് വെടിവെപ്പിനെ ഓര്‍മിപ്പിക്കുന്ന ചില സംഗതികളുണ്ട്. വെടിയേറ്റ് കിടക്കുന്ന സഹപാഠി ജെഫ്രി മില്ലറുടെ അരികില്‍ മുട്ടുകുത്തി നിന്ന് നിലവിളിക്കുന്ന മേരി ആന്‍ വെക്കിയോയുടെ ചിത്രം ജോണ്‍ ഫിലോക്ക് പുലിസ്റ്റര്‍ സമ്മാനം നേടിക്കൊടുത്തു. മേരിയുടെ പ്രതീകമാണ് എഷിഗിയുടെ അരികില്‍ നിന്ന് നിലവിളിക്കുന്ന വേലക്കാരി. വിയറ്റ്‌നാം യുദ്ധത്തിനെതിരില്‍ അമേരിക്കയില്‍ നടന്ന അനേകം പ്രക്ഷോഭങ്ങളുടെ കത്തുന്ന പ്രതീകമായി മാറിയ ഫിലോയുടെ ചിത്രവും അഖ്‌ലാഘിയുടെ ഈ ചിത്രവും നല്‍കുന്ന ഗ്രന്ഥാന്തരബന്ധം (intertextuality) ഏറെ പ്രസക്തമാണ്.
ഇറാന്‍ ഗുസ്തി താരമായിരുന്ന ഗുലാം റസാ തക്തിയുടെ മരണശേഷം അയാളെ മുറിക്കു പുറത്തേക്ക് കൊണ്ടു പോകുന്ന ചിത്രത്തിന്റെ സംവിധാനത്തില്‍ റസയുടെ കിടപ്പും അയാളെ കിടത്തിയിരിക്കുന്ന സ്‌ട്രെച്ചറിനടുത്തുള്ള ആളുകളുടെ നില്‍പും ബൊളീവിയയില്‍ വെച്ച് കൊല്ലപ്പെട്ട എണസ്റ്റോ ചെഗുവേരയുടെ മരണശേഷം ആല്‍ബര്‍ത്ത ഫ്രെഡ്ഡി പകര്‍ത്തിയ വിഖ്യാത ചിത്രത്തെ ഓര്‍മപ്പെടുത്തുന്നതാണ്.
വളരെ ചെലവ് ചുരുക്കി വേണമായിരുന്നു ഈ പരമ്പരയുടെ ചിത്രീകരണമെന്ന് തോന്നിയതിനാല്‍ തന്നെ സാങ്കേതിക വശങ്ങളില്‍ കാണിച്ച കണിശത അഭിനേതാക്കളുടെ കാര്യത്തിലെങ്കിലും വിട്ടുവീഴ്ചക്ക് വിധേയമായിട്ടുണ്ട്. അതായത് പലപ്പോഴും മതിയായ ആര്‍ട്ടിസ്റ്റുകള്‍ ഇല്ലായിരുന്നു. ഒരേ വ്യക്തിയെ തന്നെ വ്യത്യസ്ത ചിത്രങ്ങളില്‍ ഉപയോഗിച്ചത് അങ്ങനെയാണ്. ആയതുല്ല തെലഗാനിയുടെ ചിത്രത്തിലും മുസദ്ദിഖിന്റെ ചിത്രത്തിലും കാണുന്ന പുരോഹിതന്‍ ഒരാള്‍ തന്നെയാണ്. ഈ രണ്ട് സംഭവങ്ങള്‍ക്കുമിടയില്‍ ഇരുപത് വര്‍ഷത്തിലധികം വ്യത്യാസമുണ്ട്. അതു കൊണ്ട് തന്നെ രണ്ട് ചിത്രങ്ങളിലും അയാളുടെ ചമയാലങ്കാരത്തിലൂടെ ആ വ്യത്യാസം കാണിക്കാന്‍ ആസാദെ ശ്രദ്ധിച്ചിട്ടുമുണ്ട്. മറ്റൊരു സന്ദര്‍ഭം, രണ്ടു മൂന്നും ചിത്രങ്ങളായി എടുത്ത് ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കിയ യൂണിവേഴ്‌സിറ്റി വരാന്തയിലെ കൂട്ടക്കൊലയുടെയും അതുപോലെ ഓസ്‌കൂയി കൊല്ലപ്പെടുന്നതിന്റെയും ചിത്രങ്ങളില്‍ ഒരേ ആളുകള്‍ ആവര്‍ത്തിക്കപ്പെടുന്നതാണ്.
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരെ വിസ്മരിക്കുന്ന ചരിത്രങ്ങളാണല്ലോ എവിടെയും എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത്. മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സ്വന്തം ജീവിതം വരെ ഹോമിച്ച അനേകം ജന്മങ്ങളെ മറക്കാതിരിക്കാന്‍ ആസാദെയുടെ ഈ ചിത്ര പരമ്പര നമുക്കൊരു കാരണമാകും.
(ഇറാനിലാണ് ആസാദെ ജനിച്ചത്. ഇറാനിയന്‍ വിപ്ലവത്തിനും ഒരുവര്‍ഷം മുമ്പ് 1978ല്‍. ആസ്‌ത്രേലിയയിലെ മെല്‍ബണിലുള്ള ഞങകഠ സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം. പഠനശേഷം ടെഹ്‌റാനിലേക്ക് തിരികെ പോന്നു. വിഖ്യാത സംവിധായകന്‍ അബ്ബാസ് കിരസ്താമിയുടെ അസിസ്റ്റന്റായി ജോലിയില്‍ ചേര്‍ന്നു. അക്കാലത്ത് പല അന്താരാഷ്ട്ര വേദികളിലും പ്രദര്‍ശിപ്പിക്കപ്പെട്ട ഒരുപിടി നല്ല ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിച്ചു. പിന്നീട് സ്വതന്ത്ര ഫോട്ടോഗ്രാഫറായി. ഫോട്ടോഗ്രാഫിയില്‍ ഒട്ടനവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ അസാദെ അഖ്‌ലാഘിയെ തേടിയെത്തിയിട്ടുണ്ട്).
എന്‍ എസ് അബ്ദുല്‍ ഹമീദ്
You must be logged in to post a comment Login