പെരുന്നാള്‍ ആഘോഷിക്കാനുള്ള പുതുവസ്ത്രങ്ങളും വാങ്ങി ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലെ വീട്ടിലേക്ക് ട്രെയിനില്‍ പുറപ്പെട്ട പതിനാറുകാരന്‍ ജുനൈദ്, വര്‍ഗീയവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. അപ്പോഴാണ് ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ നിന്ന്, ഗോ സംരക്ഷണവാദികളെന്ന പേരില്‍ രംഗത്തിറങ്ങുന്ന അക്രമിക്കൂട്ടം കാസിമെന്ന 45കാരനെ വധിച്ചതിന്റെയും അതിന് സംസ്ഥാനത്തെ പോലീസ് അരുനിന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ അക്രമം ചെറുക്കാന്‍ ശ്രമിച്ച 65 വയസ്സുള്ള സമിയുദ്ദിന്‍ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. കാസിമിനെയും സമിയുദ്ദിനെയും വര്‍ഗീയവാദികള്‍ ആക്രമിക്കുക മാത്രമല്ല ചെയ്തത്, ഈ രണ്ട് പേരും വിശ്വസിക്കുന്ന മതത്തിന്റെ പേരില്‍ അപമാനിക്കുകയും ചെയ്തു. ആക്രമണത്തിന്റെയും അവഹേളനത്തിന്റെയും ദൃശ്യങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും അക്രമിക്കൂട്ടം മടിച്ചില്ല.
പൗരാവകാശങ്ങള്‍ക്ക് വിലയുള്ള, അതിന്‍മേലുള്ള കടന്നുകയറ്റം നിയമപരമായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത്, ഇവ്വിധം അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ല. അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയാല്‍ (ആ ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിനാല്‍ എന്ന് വേണമെങ്കില്‍ പറയാം) ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂണിയന്‍ അത്തരത്തിലുള്ള രാജ്യമല്ലാതായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ അക്രമം നടത്താനും അതിന്റെ ദൃശ്യമെടുത്ത് പ്രചരിപ്പിക്കാനും വര്‍ഗീയവാദികള്‍ ഭയക്കേണ്ട കാര്യമില്ല. അത് മനസിലാക്കി ജീവിക്കാനും ഹിന്ദുത്വ വര്‍ഗീയവാദികളുടെ അജണ്ടകളെ മാനിക്കാനും തയാറുള്ളവര്‍ മാത്രം ഈ രാജ്യത്ത് തുടര്‍ന്നാല്‍ മതിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് ഈ പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക എന്ന തീരുമാനം, അക്രമിക്കൂട്ടത്തിന്റെ തലത്തില്‍ എടുക്കുന്നതാണെന്ന് കരുതുക വയ്യ.
ജുനൈദ് കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ഹരിയാന ഫരീദാബാദിലെ ഖന്ദവാലി ഗ്രാമത്തിലെ വീട്ടിലിരുന്ന്, ‘എന്റെ മകന് എന്നെങ്കിലും നീതി ലഭിക്കുമോ?’ എന്ന് ചോദിക്കുകയാണ് പിതാവ് ജലാലുദ്ദീന്‍. ജുനൈദിനെ കൊലപ്പെടുത്തുകയും സഹോദരന്‍ ഹസീബിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത കേസ് ഏതാണ്ട് പൂര്‍ണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ട്രെയിനില്‍ വെച്ച് സഹയാത്രികരുമായുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമിടയില്‍ അബദ്ധത്തില്‍ സംഭവിച്ചൊരു കൊലപാതകം എന്ന നിലയ്ക്കാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. സമഗ്രമായ അന്വേഷണത്തിന് സി ബി ഐയെ നിയോഗിക്കണമെന്ന ജലാലുദ്ദീന്റെ ആവശ്യം സാങ്കേതിക കാരണങ്ങള്‍ നിരത്തി കോടതി തള്ളിക്കളഞ്ഞു.
കേസില്‍ ആറ് പേരെയാണ് റെയില്‍വേ പോലീസ് പ്രതി ചേര്‍ത്തത്. അതില്‍ രണ്ട് പേരെ ഇനിയും പിടികൂടിയിട്ടില്ല. നാല് പേര്‍ക്കെതിരെ ഗൗരവമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തയാറായില്ല. വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ആക്രമണം നടത്തുക എന്ന പൊതു ഉദ്ദേശ്യം തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തപ്പോള്‍ പോലീസ് ആരോപിച്ചിരുന്നു. അന്വേഷണ പ്രഹസനത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഈ കുറ്റങ്ങളൊക്കെ പോലീസ് പിന്‍വലിച്ചു. പ്രതികളെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെ ആധാരമാക്കുമ്പോള്‍ സംഭവിച്ചതൊരു കൈയബദ്ധം മാത്രമാണെന്ന് ബോധ്യപ്പെട്ടുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്! മതത്തിന്റെ പേരില്‍ വിദ്വേഷം ജനിപ്പിക്കാന്‍ ശ്രമിച്ചുവെന്നോ ഗുഢാലോചന നടത്തിയെന്നോ ഇവര്‍ക്കു മേല്‍ കുറ്റമില്ല. ആകസ്മികമായുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷവും അതിനിടെയുണ്ടായ കൈയബദ്ധവുമാകുമ്പോള്‍ അതില്‍ മതവിദ്വേഷം ആരോപിക്കാനാകില്ല. ഗൂഢാലോചന തരിമ്പ് പോലും ഉണ്ടാകുകയുമില്ല.
ട്രെയിനിലെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോള്‍ എല്ലാവര്‍ക്കും ഇരിക്കാന്‍ ഇടമുണ്ടായിരുന്നു. പിന്നീട് തിരക്കേറി. പ്രായാധിക്യമുള്ള ഒരാള്‍ക്കായി ജുനൈദ് സീറ്റൊഴിഞ്ഞു നല്‍കി. ഇതിന് പിറകെയാണ് അക്രമി സംഘത്തിന്റെ ഇടപെടലുണ്ടായത്. ജുനൈദിന്റെ സഹോദരന്‍മാരും സീറ്റൊഴിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്‍മാര്‍ക്ക് പൊതുവില്‍ ലഭിക്കുന്ന സൗകര്യങ്ങളൊന്നും ആസ്വദിക്കാന്‍ അവകാശമില്ലാത്തവരാണ് മുസ്‌ലിംകളെന്ന അക്രമിസംഘത്തിന്റെ നിശ്ചയമാണ് അങ്ങനെയൊരു ആവശ്യമുന്നയിക്കാന്‍ കാരണം. ഭരണഘടനയനുസരിച്ച് മതനിരപേക്ഷമായി തുടരുന്ന, പൗരന്‍മര്‍ക്കെല്ലാം തുല്യാവകാശമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു രാജ്യത്ത് ഇത്തരമൊരു നിശ്ചയത്തിലേക്ക് അക്രമി സംഘം വളരെ എളുപ്പത്തില്‍ എത്തിപ്പെടുന്നത് പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്ന വലിയ പ്രചാരണത്തിന്റെ ഫലമായാണ്. ഭരണകൂടവും അവരെ നിയന്ത്രിക്കുന്ന സംഘ പരിവാരവും ഭരണഘടനയെയും നിയമങ്ങളെയും അട്ടിമറിച്ച് ഹിന്ദുത്വ ഘടന നടപ്പാക്കുന്നതിന്റെ രീതികളിലൊന്ന്. ഈ തര്‍ക്കത്തിനിടെ മാട്ടിറച്ചി കഴിക്കുന്നവരെന്നും പശുവിനെ കൊന്ന് തിന്നുന്നവരെന്നുമൊക്കെ ജുനൈദും സഹോദരരും ആക്ഷേപിക്കപ്പെട്ടു. അതിന് ശേഷമാണ് ജുനൈദിന് കുത്തേല്‍ക്കുന്നത്.
മാട്ടിറച്ചി കഴിക്കുന്നവരും പശുവിനെ കൊന്നു തിന്നുന്നവരുമാണ് മുസ്‌ലിംകളെന്നും അത്തരക്കാര്‍ ‘ഹിന്ദു രാഷ്ട്ര’ത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്നും സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൊടുന്നനവെ തോന്നണമെങ്കില്‍, വര്‍ഗീയവിഷം ചെറുതല്ലാത്ത അളവില്‍ മനസ്സിലുള്ളവരാണ് അവരെന്നാണ് അര്‍ത്ഥം. അങ്ങനെയുള്ളവര്‍ സംഘം ചേര്‍ന്ന്, ഏതാനും ചെറുപ്പക്കാരെ ആക്രമിക്കുകയും അതിലൊരാളെ കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് വര്‍ഗീയ വിദ്വേഷം ഘടകമല്ലാതെ പോകുന്നത് എന്ന് നിയമ – നീതിന്യായ സംവിധാനങ്ങള്‍ ആലോചിക്കേണ്ടതാണ്. അത്തരം ആലോചനകള്‍ വേണ്ടതില്ലെന്ന വ്യക്തമായ സന്ദേശം ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന സംഘ പരിവാരവും നല്‍കുകയും നിയമ – നീതിന്യായ സംവിധാനങ്ങള്‍ അത് തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്തതു കൊണ്ടാണ് ഒരു കൈയബദ്ധം മാത്രമായി ജുനൈദിന്റെ കൊലപാതകം മാറുന്നത്. വിശ്വസനീയമായ സാക്ഷിമൊഴികളുടെയും മറ്റ് തെളിവുകളുടെയും അഭാവത്തില്‍ ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളവരൊക്കെ വൈകാതെ മോചിതരാകാനാണ് സാധ്യത. അതിന് പാകത്തിലുള്ള അന്വേഷണമേ പോലീസ് നടത്തിയിട്ടുണ്ടാകൂ എന്നതിന് ലഘൂകരിക്കപ്പെട്ട കുറ്റപത്രം തന്നെ തെളിവ്.
ഹാപൂരില്‍ കൊല്ലപ്പെട്ട കാസിമിന്റെയും പരുക്കേറ്റ് ചികിത്സയിലുള്ള സമിയുദ്ദീന്റെയും കാര്യത്തില്‍ തുടക്കത്തില്‍ തന്നെ കേസ് അട്ടിമറിക്കപ്പെടുകയാണ്. തെരുവിലുണ്ടായ ഒരു വാക്കുതര്‍ക്കത്തിനിടെയുണ്ടായ കൈയബദ്ധമാണ് കാസിമിന്റെ ജീവനെടുത്തത് എന്നാണ് ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പശു സംരക്ഷണമെന്ന ഹുന്ദുത്വ അജണ്ടയുടെ തുടര്‍ച്ചയായിരുന്നു ആക്രണമെന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തം. അക്രമിക്കൂട്ടത്തിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ കാസിമിനെ അപമാനിക്കുന്നുണ്ട്. കാലികളെ അറക്കുന്നവനല്ലേ എന്ന് കാസിമിനോട് ചോദിക്കുന്നതും കേള്‍ക്കാം. കന്നുകാലികളെ വാങ്ങി, വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന ആളാണ് കാസിം. കാലികളെ വില്‍ക്കാനുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചാണ്, ആക്രമിക്കപ്പെട്ട ദിവസം കാസിം വീട്ടില്‍ നിന്ന് പോയത്. ഇങ്ങനെ വിളിച്ചുവരുത്തിയ ശേഷം ആക്രമിച്ചതാണോ എന്ന സംശയം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. അതൊന്നും മുഖവിലക്കെടുക്കാന്‍ ഉത്തര്‍ പ്രദേശ് പോലീസ് തയാറല്ല. കാസിമിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സമിയുദ്ദീന്‍ ആക്രമിക്കപ്പെട്ടത്. അപ്പോഴും മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ അപമാനിക്കാന്‍ അക്രമിക്കൂട്ടം മടിച്ചില്ല.
ഈ അതിക്രമത്തിന്റെ പേരില്‍ ഏതാനും പേരെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോഴുമുണ്ടായി ഗൗരവമേറിയ മറ്റ് ചില കാര്യങ്ങള്‍. ജമ്മു കശ്മീരിലെ കത്വയില്‍ നാടോടി പെണ്‍കുഞ്ഞിനെ ക്ഷേത്രത്തിനുള്ളില്‍ പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്താന്‍ അവിടുത്തെ അഭിഭാഷകരുടെ സംഘടന തയാറായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനും അവര്‍ ശ്രമിച്ചു. ആരോപണ വിധേയരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകരുടെ പ്രകടനം ഹാപൂരിലുമുണ്ടായി.
പശുവിനെ അറത്തുെവന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബറൈലിയില്‍ സലീം ഖുറൈശി എന്ന ഇറച്ചി വില്‍പ്പനക്കാരനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു കൊന്ന സംഭവവും അടുത്തിടെയുണ്ടായി. രാജ്യത്തെ പൊലീസ് സംവിധാനം വര്‍ഗീയവത്കരിക്കപ്പെട്ടത് ഇന്നോ ഇന്നലെയോ അല്ല. വര്‍ഗീയ കലാപങ്ങളെക്കുറിച്ച് നടന്ന ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഏതാണ്ടെല്ലാറ്റിലും പോലീസിലെ വര്‍ഗീയവത്കരണത്തെക്കുറിച്ചും അത് തടയാന്‍ അടിയന്തര നടപടികളെടുക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട്. ബി ജെ പി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടുകയും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണം തീവ്ര ഹിന്ദുത്വ അജണ്ടകളുടെ നടപ്പാക്കലിന് വേഗം കൂട്ടുകയും ചെയ്തതോടെ, പോലീസിലെ വര്‍ഗീയവത്കരണത്തിന്റെ വേഗവും കൂടിയിരിക്കുന്നു. അതുകൊണ്ടാണ് ജുനൈദിന്റെ കൊലപാതകം കൈയബദ്ധമാണെന്ന നിഗമനത്തിലേക്ക് അവര്‍ വേഗത്തില്‍ എത്തിച്ചേരുന്നത്. മുസ്‌ലിംകളായതു കൊണ്ടു മാത്രമാണ് ജുനൈദും സഹോദരരും ആക്രമിക്കപ്പെട്ടത് എന്ന് പകല്‍ പോലെ വ്യക്തമായിരുന്നിട്ടും മതത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ആരോപണ വിധേയര്‍ക്കുമേല്‍ ചുമത്താതിരിക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കുന്നതു കൊണ്ടാണ് ഇത്തരം കേസുകളില്‍ പേരിനെങ്കിലും അറസ്റ്റുണ്ടാകുമ്പോള്‍ പ്രതിഷേധവുമായി അഭിഭാഷകര്‍ തെരുവിലിറങ്ങുന്നത്. നീതിനടപ്പാക്കാന്‍ ഉതകും വിധത്തിലുള്ള അന്വേഷണം നടക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടി, ഇരകളുടെ ബന്ധുക്കള്‍ സമീപിക്കുമ്പോള്‍ സാങ്കേതിക വാദങ്ങള്‍ നിരത്തി ന്യായാസനങ്ങള്‍ നിരസിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഇന്ത്യന്‍ യൂണിയന്‍, ആര്‍ഷ ഭാരതമാകാന്‍ ഇനിയധികം കാലം കാത്തിരിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയ സ്വയം സേവക് സംഘും പരിവാര സംഘടനകളും വിശ്വസിക്കുന്നത്. ഭരണഘടന മാറ്റിയെഴുതാന്‍ പാകത്തിലുള്ള അധികാരം ലഭിക്കുക എന്നതാണ് അതിലേക്കുള്ള പ്രധാന കടമ്പ. അത് കടക്കണമെങ്കില്‍ വര്‍ഗീയമായ ചേരിതിരിവ് കൂടുതല്‍ ആഴത്തിലാക്കണം. ഹിന്ദുത്വ അജണ്ടകളെ നേര്‍ക്കുനേര്‍ എതിര്‍ക്കുന്ന, ബഹുസ്വരസമൂഹം നിലനില്‍ക്കണമെന്ന് വാദിക്കുന്ന വിഭാഗങ്ങളെ ശത്രുക്കളായി കാണാന്‍ ഭൂരിപക്ഷ സമുദായത്തെ പ്രേരിപ്പിക്കും വിധത്തില്‍ ആഴമുള്ള ചേരിതിരിവ്. അതുണ്ടാകണമെങ്കില്‍, ഭൂരിപക്ഷങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നവരായി, അങ്ങനെ ഹനിക്കുന്നതിനെ പ്രതിരോധിക്കുമ്പോള്‍ അക്രമത്തിന് മുതിരുന്നവരായി ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ മാറണം. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കൃത്യമായ ഇടവേളകളില്‍ ഗോസംരക്ഷണമെന്ന പേരില്‍ അക്രമിക്കൂട്ടങ്ങളുടെ അതിക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. ആ അതിക്രമങ്ങളുടെ ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുന്നതും.
അതുകൊണ്ട് അഖ്‌ലാഖും ജുനൈദും കാസിമുമൊക്കെ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കണം. അവയൊക്കെ കൈയബദ്ധങ്ങളാകുമെന്നും. ഇത്തരം ‘കൈയബദ്ധങ്ങള്‍ക്ക്’ മുന്‍കൈ എടുക്കുന്നവരെ സംരക്ഷിക്കാനും അവരുടെ കേസ് നടത്താനുമൊക്കെ ജനപ്രതിനിധികളോ നിയമപാലനം ഉറപ്പാക്കാന്‍ ചുമതലയുള്ള അധികാരസ്ഥാനങ്ങളിരിക്കുന്നവരോ ആയ ബി ജെ പി/സംഘപരിവാര നേതാക്കള്‍ രംഗത്തെത്തും. വലിയ പദ്ധതിയുടെ പല ചെറുരൂപങ്ങളില്‍ ഒന്നുമാത്രമാണത്. ഗുജറാത്തില്‍ സംഘടിപ്പിച്ചതുപോലൊരു വംശഹത്യാ ശ്രമത്തിലേക്ക് വഴി തുറക്കാനോ അതില്ലാതെ തന്നെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനോ ഉള്ള ഗൂഢനീക്കങ്ങളിലൊന്ന്.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login