1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകൃതമായപ്പോള്‍ ആ പാര്‍ട്ടിയെ അസ്പൃശ്യരായി കാണാനാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ്, ഇബ്രാഹീം സുലൈമാന്‍ സേട്ട്, സീതി സാഹിബ്, സി. എച്ച് മുഹമ്മദ് കോയ, അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ ഘടാഘടിയന്മാരായ നേതാക്കള്‍ അമരത്തിരിക്കുന്ന കാലഘട്ടമായിരുന്നിട്ടും ‘വിഭജനത്തിന് ഉത്തരവാദികളായ’പാര്‍ട്ടിയുടെ നാമസമാനമുള്ള ഒരു കക്ഷിയുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസിന്റെ ദേശീയ പാരമ്പര്യത്തിനും മതേതര പ്രതിബദ്ധതക്കും കോട്ടം തട്ടിക്കുമെന്ന് നെഹ്‌റു അടക്കമുള്ളവര്‍ ചിന്തിച്ചു. മദിരാശിയിലെ രാജാജി മന്ത്രിസഭക്ക് നിരുപാധിക പിന്തുണ നല്‍കികൊണ്ട് നല്ല രാഷ്ട്രീയക്കാരുടെ പ്രതിച്ഛായ നേടിയെടുക്കാന്‍ ശ്രമിച്ചിട്ടും കോണ്‍ഗ്രസ് മറ്റൊരു കണ്ണോടെയാണ് ലീഗിനെ സമീപിച്ചത്. ഐക്യകേരളം രൂപീകൃതമായശേഷവും ഈ അസ്പൃശ്യത തുടര്‍ന്നു. കേരള രാഷ്ട്രീയം അനിശ്ചിതത്വത്തിലൂടെ കടന്നുപോയിട്ടും മുസ്‌ലിം ലീഗിനോട് സഖ്യം ചേര്‍ന്നു തിരഞ്ഞെടുപ്പിനെ നേരിടാനോ ഭരണം നടത്താനോ കോണ്‍ഗ്രസ് സന്നദ്ധമായില്ല. വര്‍ഗീയകക്ഷികളുമായി ഒരുതരത്തിലുള്ള ചങ്ങാത്തവും വേണ്ട എന്ന ദുര്‍ഗാപൂര്‍ എ. ഐ. സി. സി പ്രമേയം ലീഗിന്റെ അധികാരസ്വപ്‌നങ്ങളാണ് തകര്‍ത്തത്. 1967ല്‍ ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ സി. എച്ച് മുഹമ്മദ് കോയക്കും അഹമ്മദ് കുട്ടി കുരിക്കള്‍ക്കും ബെര്‍ത്ത് കിട്ടുന്നതുവരെ മുസ്‌ലിം ലീഗ് കേരള രാഷ്ട്രീയത്തില്‍ അനാഥേപ്രതം പോലെ അലഞ്ഞുതിരിയുകയായിരുന്നു. ആയിടക്ക്, ഇസ്മാഈല്‍ സാഹിബും സഹപ്രവര്‍ത്തകരും അന്നത്തെ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ കാമരാജിനെ കണ്ട് തങ്ങളുടെ സങ്കടം ഉണര്‍ത്തി. പഴയ മുസ്‌ലിം ലീഗ് അല്ല ഞങ്ങളുടേതെന്നും രാജ്യത്തെ പുതിയ സാഹചര്യങ്ങളോട് ഇണങ്ങിക്കഴിയാന്‍ തീരുമാനച്ചവരാണെന്നും പറഞ്ഞിട്ടും ആ രാഷ്ട്രീയ ക്രാന്തദര്‍ശിയുടെ മനമിളകിയില്ല. ലീഗ് നേതാക്കള്‍ക്ക് തന്റെ ഓഫീസില്‍നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. മ്ലാനവദരരായി ലീഗ് നേതാക്കള്‍ ഇറങ്ങിനടന്നുപോകുന്നത് കണ്ട് കൈ കൊട്ടി തിരിച്ചുവിളിച്ച കാമരാജ്, ഇസ്മാഈല്‍ സാഹിബിനോട് ഒരു കാര്യം പറഞ്ഞു: ‘ഇന്ന് കോണ്‍ഗ്രസ് വളരെ ശക്തമാണ്. അതിനെ വെല്ലാന്‍ മറ്റൊരു പാര്‍ട്ടി ഇന്ത്യയിലില്ല. എല്ലായ്‌പോഴും ഇതായിരിക്കും അവസ്ഥ എന്ന് പറയാനാവില്ല. ഇന്ന് നിങ്ങള്‍ ഞങ്ങളുടെ അടുത്ത് വന്നത് പോലെ നാളെ കോണ്‍ഗ്രസ് നേതാക്കള്‍ നിങ്ങളുടെ ഓഫീസിലേക്ക് വന്നുകൂടായ്കയില്ല. കാലമാണ് എല്ലാം നിശ്ചയിക്കുന്നത്.’
യാഥാര്‍ത്ഥ്യങ്ങളുമായുള്ള സമാഗമം
കാലത്തിന്റെ നിശ്ചയങ്ങള്‍ ഒരു മനുഷ്യനോ ആള്‍ക്കൂട്ടത്തിനോ പാര്‍ട്ടിക്കോ തടുത്തുനിറുത്താനാവില്ല. അഹന്തകളോട് കാലം മനോഹരമായി പ്രതികാരം ചെയ്യാറുണ്ട്. ഇന്ന് മുസ്‌ലിം ലീഗ് കേരളത്തിലെ ഐക്യജനാധിപത്യമുന്നണി സംവിധാനം വിട്ടുപോവുകയാണെന്ന് പറഞ്ഞാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധി വിമാനത്തില്‍ കയറി പാണക്കാട്ടേക്ക് പറന്നെത്തിയേക്കാം. കാരണം, കേരളത്തിലെ കോണ്‍ഗ്രസ് ഇന്ന് ചലിക്കുന്നത് ക്രിസ്ത്യന്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസിന്റെയും മുസ്‌ലിം സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ലീഗിന്റെയും ചുമലില്‍ താങ്ങിയാണ്. ഇത് കേരളത്തിലെ മാത്രം പ്രതിഭാസമല്ല. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിനെ കൈവിട്ടപ്പോഴും ദേവരാജ് അരശിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് അധികാരം താലത്തില്‍ വെച്ച് കൊടുത്ത കര്‍ണാടകയില്‍ വേദഗൗഡയുടെ പാര്‍ട്ടിയെ ശിരസിലേറ്റിയാണ് അധികാരം നുകരുന്നത്. കോണ്‍ഗ്രസിന് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇന്ന് ഒറ്റക്ക് ഭരിക്കാന്‍ ശേഷിയില്ല. ശക്തിയും ഇല്ല. 2019ലെ തിരഞ്ഞെടുപ്പിനു ശേഷം രാജ്യം ഭരിക്കാനുള്ള മോഹം ആ പാര്‍ട്ടി കൊണ്ടുനടക്കുന്നതും പരസ്യമായി പ്രഖ്യാപിക്കുന്നതും ദേശീയ വ്യാപകമായി സാന്നിധ്യമുള്ള മറ്റൊരു പാര്‍ട്ടിയും രാജ്യത്ത് നിലവിലില്ല എന്നത് കൊണ്ടാവണം. ഇക്കഴിഞ്ഞ ജൂലൈ 22നു ഡല്‍ഹിയില്‍ ചേര്‍ന്ന വിപുലമായ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിശാലസഖ്യം എന്ന ആശയം മുന്നോട്ടുവെച്ചത് ദേശീയ രാഷ്ട്രീയത്തിന്റെ നാഡിമിടിപ്പ് തൊട്ടറിഞ്ഞാണ്. തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രാദേശീക തലത്തില്‍ പരമാവധി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഏതെങ്കിലും വിധത്തില്‍ 200 സീറ്റ് ഒപ്പിച്ചെടുക്കുക എന്ന അജണ്ടയുമായാണ് കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. 2004ല്‍ സംഭവിച്ചതിനു സമാനമായി 150സീറ്റെങ്കിലും പിടിച്ചെടുക്കാനായാല്‍, പ്രാദേശിക കക്ഷികളുമായി കൂട്ടുചേര്‍ന്നു ഡല്‍ഹി സിംഹാസനം കൈപിടിയിലൊതുക്കാം എന്ന ആഗ്രഹം പ്രകടിപ്പിക്കാന്‍ ഏത് കക്ഷിക്കുമെന്ന പോലെ കോണ്‍ഗ്രസിനും അവകാശമുണ്ട്. എന്നാല്‍, നിലവിലെ 44 എന്ന ദയനീയ അംഗസംഖ്യയില്‍നിന്ന് മുകളിലേക്ക് കുതിക്കാന്‍ എന്താണ് തങ്ങളുടെ പക്കലുള്ളതെന്ന് നൂറുവട്ടം ചിന്തിക്കാന്‍ സോണിയാഗാന്ധിയോടും പുത്രനോടും കാലം ആവശ്യപ്പെടുന്നുണ്ട്.
കൂട്ടുകക്ഷി ഭരണം എന്ന സംവിധാനത്തോട് 1999വരെ വിമുഖത കാണിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 1990കളില്‍ ഇന്ത്യ കടന്നുപോയ സാമൂഹികവും സാമുദായികപരവും രാഷ്ട്രീയവുമായ ഗതിമാറ്റങ്ങളുടെ പൊരുള്‍ മനസിലാക്കാവാതെ പൂര്‍വകാല പ്രതാപത്തിന്റെ ചിതലരിച്ച ഓര്‍മകള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച് അഹങ്കാരത്തിന്റെയും തന്‍പോരിമയുടെയും നയനിലപാടുകളുമായി മുന്നോട്ടുപോയപ്പോഴാണ് ആ വിടവിലൂടെ ഹിന്ദുത്വരാഷ്ട്രീയം വേരുറപ്പിക്കുന്നത്. 2003ല്‍ ഷിംലയില്‍ മൂന്നുദിവസം ഉറക്കമിളിച്ചിരുന്ന് പുനര്‍വിചിന്തനങ്ങള്‍ നടത്തിയശേഷമാണ്, ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയും സഹകരണത്തോടെയും മാത്രമേ ഇനി മുന്നോട്ടുപോവാന്‍ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടാവുന്നത്. അപ്പോഴും പ്രധാനമന്ത്രിപദത്തിലേക്ക് സോണിയാഗാന്ധിയുടേതല്ലാത്ത ഒരു പേര് സ്വപ്‌നം കാണാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നില്ല. അടല്‍ബിഹാരി വാജ്‌പേയി 24പാര്‍ട്ടികളെ പിന്നില്‍ അണിനിരത്തി അധികാരസോപാനം ഭദ്രമാക്കിയ ആ കാലസന്ധിയിലും നെഹ്‌റു കുടുംബം കേന്ദ്രീകരിച്ചുള്ള ജനായത്ത ക്രമത്തെ കുറിച്ച് മാത്രമേ കോണ്‍ഗ്രസിന് ആലോചിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂവെന്ന് 133വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയുടെ ആശയദാരിദ്ര്യമാണ് തൊട്ടുകാണിച്ചത്. 1999ല്‍ ബി. ജെ. പിയെ താഴെ ഇറക്കാന്‍ 272 അംഗങ്ങളുടെ പിന്തുണയുണ്ട് എന്ന് അവകാശപ്പെട്ട സോണിയക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കാതെ പോയത് അവരുടെ ഏകപക്ഷീയമായ അവകാശവാദത്തെ മുലായം സിംഗ് യാദവിനെ പോലുള്ളവര്‍ ചോദ്യം ചെയ്തപ്പോഴാണ്. ‘ഷിംല സങ്കല്‍പ് ‘ എന്ന നയരേഖ യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി നോക്കിക്കണ്ടതിന്റെ പൊരുള്‍ കൂടിയായിരുന്നു. ബി. ജെ. പി ഇതര പാര്‍ട്ടികളുമായി കൈകോര്‍ക്കാം എന്നതിനു പകരം ‘പുരോഗമനപരമായി ചിന്തിക്കുന്ന മുഴുവന്‍ പുരുഷന്മാരുമായും സ്ത്രീകളുമായും സ്ഥാപനങ്ങളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ആദര്‍ശപരമായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാന്‍ പാര്‍ട്ടി തുറന്നമനസോടെ മുന്നോട്ടുവരികയാണെന്ന സന്ദേശം കൈമാറിയപ്പോഴാണ് ദേശീയചരിത്രം പുതിയ ചാലിലൂടെ ഗതിമാറി ഒഴുകാന്‍ തുടങ്ങിയത്. ആ മാറ്റം രാഷ്ട്രീയ ഋതുപ്പകര്‍ച്ചയായി സാക്ഷാത്കരിക്കപ്പെട്ടപ്പോഴാണ് 2004ല്‍ യു. പി. എ സര്‍ക്കാര്‍ വാജ്‌പേയിയില്‍നിന്ന് അധികാരം പിടിച്ചെടുക്കുന്നത്. നീണ്ട പത്തുവര്‍ഷം ഡോ. മന്‍മോഹന്‍ സിംഗ് രാജ്യം ഭരിച്ചു. 2014ല്‍ സ്വയംകൃതാനര്‍ത്ഥങ്ങളുടെ ഫലമായി ആ അധികാരം നഷ്ടപ്പെട്ടപ്പോള്‍ നരേന്ദ്രമോഡിക്ക് വഴിമാറിക്കൊടുക്കേണ്ടിവന്നു; എന്ന് മാത്രമല്ല, ”കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന ആര്‍. എസ്. എസിന്റെ മുദ്രാവാക്യം ദിഗന്തങ്ങളെ ഭേദിക്കുമാറ് അഷ്ടദിക്കുകളില്‍നിന്നും നാം ഉയര്‍ന്നുകേട്ടു. അപ്പോഴും ജഢാവസ്ഥയില്‍ ആലസ്യത്തിലാണ്ട കോണ്‍ഗ്രസ് അധികാരക്കൈമാറ്റത്തിന്റെ പടഹധ്വനി മുഴങ്ങിക്കേട്ടാണ് ഇപ്പോള്‍ ഞെട്ടിയെഴുന്നേറ്റിരിക്കുന്നത്. അപ്പോഴും സംഘടനയെ പുതുക്കിപ്പണിയുന്നതിനെ കുറിച്ചോ നഷ്ടപ്പെട്ട ഭൂമിക തിരിച്ചുപിടിക്കുന്നതിനെ കുറിച്ചോ നേതൃത്വം ഒരക്ഷരം മിണ്ടുന്നില്ല.
പിഴവിന്റെ വേരുകള്‍ അന്വേഷിക്കുമ്പോള്‍
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് പിഴച്ചതെവിടെയാണ്? രാജ്യവിമോചന പ്രസ്ഥാനം എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വപ്‌നങ്ങളും അഭിലാഷങ്ങളും നെഞ്ചേറ്റി നടന്ന ഒരു മഹാപ്രവാഹമായിരുന്നു ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. 1967ഓടെ തന്നെ വിവിധ ആശയധാരകളുടെയും ഉദാത്തസങ്കല്‍പങ്ങളുടെയും സംഗമവേദിയായാണ് ആ പാര്‍ട്ടിയെ ഇന്ത്യയിലെ ജനത നോക്കിക്കണ്ടത്. അതുകൊണ്ട്തന്നെ ഒരു പരമ്പരാഗത ജനകീയ അടിത്തറ പാര്‍ട്ടിക്കുണ്ടായിരുന്നു. സവര്‍ണര്‍, കര്‍ഷകര്‍, ദളിതര്‍, മുസ്‌ലിംകള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എല്ലാം കോണ്‍ഗ്രസിനെയാണ് തങ്ങളുടെ താല്‍പര്യസംരക്ഷകരായും രാജ്യരക്ഷകരായും കണ്ടിരുന്നത്. ഇന്ദിരഗാന്ധിയുടെ ആഗമനത്തോടെ, ദേശീയബോധത്തിലൂന്നിയ രാഷ്ട്രീയാവബോധം സമൂഹികോന്നതിയുടെ മുദ്രാവാക്യങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു. നെഹ്‌റു സുഭിക്ഷം വിളമ്പിക്കൊടുത്ത സ്വപ്‌നങ്ങള്‍ക്കപ്പുറം ജീവിതം ദുഷ്‌കരമല്ലാതാക്കുന്ന ഭരണവ്യവസ്ഥ ജനം കിനാവു കാണാന്‍ തുടങ്ങി. ബാങ്ക് ദേശസാത്കരണവും പ്രിവിപഴ്‌സ് നിര്‍ത്തലാക്കലും സര്‍ക്കാര്‍, സാധാരണക്കാരുടെ പക്ഷത്താണെന്ന തോന്നലുളവാക്കി. ‘ഗരീബീ ഹഠാവോ’ (ദാരിദ്ര്യം തുടച്ചുമാറ്റൂ) എന്ന ചരിത്രം കുറിച്ച മുദ്രാവാക്യം ജീവിതപ്പെരുവഴിയില്‍ കൈകാലിട്ടടിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ മനസുകളെ വല്ലാതെ വശീകരിച്ചു. ഇന്ദിരയില്‍ വിമോചിതയെ സ്വപ്‌നം കണ്ട കാലം. പക്ഷേ, കോണ്‍ഗ്രസിലെ പിളര്‍പ്പ് രോഷ്ട്രീയവെല്ലുവിളികളോരാന്നായി അവരുടെ മുന്നില്‍ കടമ്പകള്‍ തീര്‍ത്തു. ജനാധിപത്യമാര്‍ഗത്തിലൂടെ അവ നേരിടുന്നതിനു പകരം നെഹ്‌റു പുത്രി ഏകാധിപത്യത്തിന്റെ ആയുധങ്ങളെടുത്ത് അവ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചു. 1975ലെ അടിയന്തരാവസ്ഥ ആ സ്വേച്ഛാപ്രവണതയുടെ പാരമ്യമായിരുന്നു. അതോടെ ജനങ്ങള്‍ അവരെ വെറുക്കാന്‍ തുടങ്ങി. ജനതാപാര്‍ട്ടി പരീക്ഷണം ബദല്‍ സര്‍ക്കാരിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ കാട്ടിക്കൊടുത്തു. 1980ല്‍ കോണ്‍ഗ്രസ് അധികാരം വീണ്ടെടുത്തെങ്കിലും പഴയപ്രതാപത്തിലേക്ക് ഒരിക്കലും തിരിച്ചുപോവാന്‍ സാധിച്ചില്ല. എന്നല്ല, അതുവരെ പാര്‍ട്ടിയുടെ നട്ടെല്ലായി വര്‍ത്തിച്ച സാമൂഹികവിഭാഗങ്ങള്‍ തങ്ങളുടെ താല്‍പര്യസംരക്ഷണാര്‍ത്ഥം പുതുതായി രൂപപ്പെട്ട രാഷ്ട്രീയ കൂട്ടായ്മകളിലേക്ക് ചേക്കേറാന്‍ തുടങ്ങി. മുസ്‌ലിംകളും പിന്നോക്ക ജാതിവിഭാഗങ്ങളും ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവിന്റെയും ബിഹാറില്‍ ലാലുപ്രസാദ് യാദവിന്റെയും പിന്നില്‍ അണിനിരന്നു. ദളിതുകള്‍ കാന്‍ഷിറാമിന്റെയും മായാവതിയുടെയും പാര്‍ട്ടിയായ ബി. എസ്. പിയില്‍ പുതിയ മോചനമന്ത്രം നെയ്‌തെടുത്തു. ബ്രാഹ്മണരടക്കമുള്ള സവര്‍ണവിഭാഗം രാമജന്മഭൂമി പ്രക്ഷോഭം തുറന്നുവിട്ട ഹിന്ദുത്വസ്വത്വത്തിലേക്ക് ഹഠാദാകര്‍ഷിക്കപ്പെട്ടു. അതോടെ കോണ്‍ഗ്രസിന്റെ കളം കാലിയായി. അതുവരെ പാര്‍ട്ടിയുടെ ശക്തിദുര്‍ഗയായി കരുതപ്പെട്ട യു. പി ശ്മശാനതുല്യം നിസ്സഹായത തുറന്നുകാട്ടി.
അതോടെ, കോണ്‍ഗ്രസിന്റെ മല്‍സരം ബി. ജെ. പിയോടായി. ആര്‍. എസ്. എസ് രൂപകല്‍പന നല്‍കിയ കൊടിയ വര്‍ഗീയ മുദ്രാവാക്യങ്ങളോട് കിടപിടക്കാന്‍ പറ്റിയ ബദലുകള്‍ കൈയില്‍ തടയാതെ വന്നപ്പോള്‍, മൃദുഹിന്ദുത്വയുടെ ദുര്‍ബലമായ തന്ത്രങ്ങള്‍ പുറത്തെടുത്തു. 1949മുതല്‍ പൂട്ടിക്കിടന്ന ബാബരിമസ്ജിദിന്റെ കവാടങ്ങള്‍ പൂജക്കായി തുറന്നുകൊടുത്തു. തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താന്‍ ഒത്താശ ചെയ്തു. എല്ലാറ്റിനുമൊടുവില്‍ ലോകത്തെ മുഴുവന്‍ കബളിപ്പിച്ച്, പട്ടാളത്തിന്റെ കാവലില്‍ ബാബരി മസ്ജിദ് തകര്‍ത്തെറിയാന്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് സാഹചര്യമൊരുക്കിക്കൊടുത്തു. വര്‍ഗീതയുടെ തേരോട്ടങ്ങളെ തടഞ്ഞ വി. പി സിംഗിനെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ പോലും കോണ്‍ഗ്രസ് ഉദ്യുക്തരായപ്പോള്‍ ആ പാര്‍ട്ടിയിലുള്ള പ്രതീക്ഷകള്‍ ഓരോന്നോയി കൊഴിഞ്ഞുവീണു. സ്വയംകൃതാനര്‍ത്ഥങ്ങളുടെ ശമ്പളമാണ് കോണ്‍ഗ്രസ് പിന്നീടു കൊടുത്തുവീട്ടിക്കൊണ്ടിരുന്നത്. അടിയന്തരാവസ്ഥയോടെ രാജ്യം കോണ്‍ഗ്രസിനെ കൈവിട്ടിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലയും 1991ല്‍ രാജീവ് ഗാന്ധിയുടെ ദാരുണ മരണവുമാണ് അതിന്റെ ആയുസ് നീട്ടിക്കൊടുത്തത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് എതിരായ വികാരവിചാരങ്ങള്‍ക്ക് നമ്മുടെ ദേശീയ ചിന്തയില്‍ ഇടം കിട്ടുന്നത് അടിയന്താരസ്ഥയോടെയാണ്. രാഷ്ട്രപിതാവിന്റെ പേരമകള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി ഒറ്റ വാചകം കൊണ്ട് അത് അടയാളപ്പെടുത്തുന്നത് ഇങ്ങനെ: ” There is no precise date or year that can be cited for the birth of this counter-trend but one might say that a sense of unease with the Congress’s pantheon turned into a sense of surfeit, or of glut, with the mascoting of Indira Gandhi during the national Emergency promulgated in 1975”. എല്ലാ ജനായത്ത കാഴ്ചപ്പാടുകളെയും കാറ്റില്‍ പറത്തി അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ബറുവ ഒരു സങ്കീര്‍ത്തനം ചൊല്ലി: ഇന്ത്യ എന്നാല്‍ ഇന്ദിര, ഇന്ദിര എന്നാല്‍ ഇന്ത്യ. ദേവതയായി കാളയായി ഒരു ഭരണാധികാരി കോണ്‍ഗ്രസുകാരാല്‍ രാജ്യമനസില്‍ പ്രതിഷ്ഠിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിടത്തുനിന്നാണ് ബദല്‍ രാഷ്ട്രീയ ചിന്തകള്‍ മുള പൊട്ടുന്നത്.
നാലര പതിറ്റാണ്ടുകഴിഞ്ഞിട്ടും, ആ പാപപങ്കിലതകളില്‍നിന്ന് കോണ്‍ഗ്രസ്പാര്‍ട്ടി വിമുക്തമായിട്ടില്ല. പ്രധാനമന്ത്രി ആരാണെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും കഴിവുറ്റ വ്യക്തിത്വങ്ങള്‍ ധാരാളം പാര്‍ട്ടിയിലുണ്ടെന്നും തുറന്ന മനസോടെ വിളംബരം ചെയ്താല്‍, മമതയും ശരത് പവാറുമൊക്കെ സഖ്യരൂപീകരണത്തിന് അനുഗുണമായി നില്‍ക്കുമെന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്തവിധം ആന്ധ്യം ബാധിച്ചത് പോലെ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവമാണ് കോണ്‍ഗ്രസിന്റെ മുഴുവന്‍ നാശത്തിനും കാരണം. പ്രാദേശിക പ്രശ്‌നങ്ങള്‍ പോലും പത്താം നമ്പര്‍ ജനപഥിലേക്ക് വലിച്ചിഴക്കുന്ന ലജ്ജിപ്പിക്കുന്ന അവസ്ഥ. പ്രാദേശികതലത്തില്‍ കഴിവുറ്റ നേതാക്കള്‍ ഉയര്‍ന്നുവരുന്നതിന് തടസ്സം കേന്ദ്രനേതൃത്വമാണ്. ദേശീയതലത്തിലും ഇതേ അവസ്ഥയാണ്. മണിശങ്കര്‍ അയ്യര്‍ എന്ന വിവരമുള്ള രാഷ്ട്രീയക്കാരന്റെ നിഴല്‍ പോലും ഇന്ന് കാണാനില്ല. ശശിതരൂരിനെ പലവിധ വിവാദങ്ങളില്‍പെടുത്തി ഒന്നുമല്ലാതാക്കുന്നത് അദ്ദേഹത്തിന്റെ കഴിവുകണ്ട് അസൂയ പൂണ്ട ചിലരാണ്.
ബി. ജെ. പി വിരുദ്ധ പോരാട്ടം
ഭരിക്കുന്ന കക്ഷിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിച്ചുനിര്‍ത്തുക എന്ന ആശയം പുതിയതല്ല. 1960കളില്‍ തന്നെ അത്തരമൊരു പരീക്ഷണത്തിന് തുടക്കം കുറിച്ചിരുന്നു. വലിയ മാറ്റങ്ങള്‍ അതിന് സൃഷ്ടിക്കാനായില്ലെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അനുരണനങ്ങള്‍ക്ക് അത് വഴിവെച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി. ജെ. പിയിതര പാര്‍ട്ടികള്‍ ഏകോപിതമായി പ്രവര്‍ത്തിക്കുന്നത് കണ്ട് അരിശം പൂണ്ട ബി. ജെ. പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു: പട്ടിയും പൂച്ചയും പാമ്പും എലിയുമെല്ലാം ഒരുമിച്ചുകൂടിയിരിക്കയാണെന്ന്. എന്നാല്‍ അദ്ദേഹം ചരിത്രം മറന്നു. ദേശീയ രാഷ്ട്രീയത്തിലെ പട്ടിയെയും പൂച്ചയെയും പാമ്പിനെയുമെല്ലാം ഒരുമിപ്പിച്ചു നിറുത്താന്‍ ആദ്യം ശ്രമിച്ചത് ബി. ജെ. പിയുടെ മുന്‍അവതാരമായ ഭാരതീയ ജനസംഘമാണ്. ലോഹ്യ സോഷ്യലിസ്റ്റുകളുമായി ചങ്ങാത്തം കൂടി കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ അന്ന് തന്ത്രം മെനഞ്ഞു. 1963ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും സ്വതന്ത്രപാര്‍ട്ടിയും ജനസംഘവും സഖ്യമുണ്ടാക്കി നാല് സ്ഥാനാര്‍ത്ഥികളെ നിറുത്തിയതില്‍ ദീന്‍ദയാല്‍ ഉപാധ്യ തോറ്റെങ്കിലും ജെ. പി കൃപാലിനി, രാംമനോഹര്‍ ലോഹ്യ, മിനൂ മസാനി എന്നിവര്‍ വിജയിച്ചു. 67ആയപ്പോഴേക്കും ബിഹാര്‍, യു. പി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എം. എല്‍. എമാര്‍ സോഷ്യലിസ്റ്റുകളുമായി മാത്രമല്ല, കമ്യൂണിസ്റ്റുകളുമായും സഖ്യത്തിലേര്‍പ്പെട്ടപ്പോഴാണ് സംയുക്ത വിധായക് ദള്‍ പിറക്കുന്നത്. ഈ സഖ്യം അധികനാള്‍ നിലനിന്നില്ലെങ്കിലും 1971ല്‍ തിരഞ്ഞെടുപ്പിനു മുമ്പ് ഒരു മഹാസഖ്യം രൂപപ്പെടുത്തുന്നതില്‍ സഹായകമായി. അങ്ങനെയാണ് ജനസംഘം, സ്വതന്ത്ര പാര്‍ട്ടി, കോണ്‍ഗ്രസ്(ഒ), പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവ ചേര്‍ന്ന ഒരു മഹാസഖ്യം പിറന്നുവീഴുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങളോട് കടുത്ത എതിര്‍പ്പുണ്ടായിട്ടും ഉര്‍ദു, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ വിയോജിപ്പ് തുറന്നുപറഞ്ഞിട്ടും ജനസംഘം അന്ന് സഖ്യത്തില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന്റെ അധികാര കുത്തക തകര്‍ക്കുക ഏന്ന ഏക ലക്ഷ്യത്തോടെയായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം 1977ല്‍ കോണ്‍ഗ്രസ് വിരുദ്ധ മുന്നണി ഉണ്ടാക്കുന്നത് ക്ഷിപ്രസാധ്യമാക്കിയത് ഈ മുന്‍കാല അനുഭവമായിരുന്നു. അതേസമയം ജനസംഘത്തിന്റെ വര്‍ഗീയ കാഴ്ചപ്പാടും ആര്‍. എസ്. എസുമായുള്ള ബാന്ധവവും സോഷ്യലിസ്റ്റുകള്‍ എതിര്‍ത്തപ്പോഴാണ് ജനതാപരീക്ഷണം പൊളിയുന്നത്.
മുന്‍കാലത്തെ കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുടെ വകഭേദമാണ് രാഹുലിന്റെ കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന ആശയം. അന്ന് കോണ്‍ഗ്രസിന് എതിരാണ് മുഴുവന്‍ പാര്‍ട്ടികളും ചിന്തിച്ചതെങ്കില്‍ ഇന്ന് ബി. ജെ. പിക്ക് എതിരെ എന്ന വ്യത്യാസം മാത്രം.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login