”…രാഹുലിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രാഹുലിലേക്കുള്ള വഴികളാണ് നമ്മള്‍ തെളിച്ചെടുത്തത്. മുടിഞ്ഞ കുലപതിക്കൂട്ടത്തിലെ ഇളയ കണ്ണിയാണ് അയാള്‍. നിശബ്ദനായിരുന്നു. പരിഭ്രാന്തനായിരുന്നു. അപക്വനായിരുന്നു. പരിഹസിക്കപ്പെട്ടു. ആക്ഷേപിക്കപ്പെട്ടു. ഇന്ത്യ കണ്ടുശീലിച്ച വഴികളായിരുന്നില്ല അയാളുടേത്.
പക്ഷേ, അനാദിയായ കാലം അയാളില്‍ കാത്തുവെച്ച സവിശേഷമായ ഊര്‍ജം ശക്തമായിരുന്നു. തുടയിലടിച്ച് ആര്‍ത്തട്ടഹസിച്ച് കളം നിറഞ്ഞ് തലങ്ങും വിലങ്ങും പാഞ്ഞുനടന്ന ഭീമാകാരന്‍മാരായ രണ്ട് ഏകാധിപതികളെ, നരേന്ദ്ര മോഡിയെയും അമിത് ഷായെയും ഇതാ കുലീനവും ജനാധിപത്യപരവുമായ പുഞ്ചിരിയോടെ അയാള്‍ നേരിട്ടിരിക്കുന്നു. ഒരു ദശാബ്ദമായി രാഷ്ട്രീയത്തിലുള്ള രാഹുല്‍ ഗാന്ധി ആദ്യമായി ഒറ്റക്ക് നയിച്ച യുദ്ധമായിരുന്നു ഗുജറാത്തിലേത്. യുദ്ധത്തില്‍ രണ്ടാം സ്ഥാനമില്ല. പക്ഷേ, ഏകപക്ഷീയമല്ലാത്ത, കനത്ത ചെറുത്തുനില്‍പുണ്ടായ യുദ്ധം എതിരാളിയെ, വിജയിയെ ചിന്തിപ്പിക്കും. ആ ചിന്ത അയാളെ തിരുത്താന്‍ പ്രേരിപ്പിക്കും. 77 സീറ്റുകളും 42.3 ശതമാനം വോട്ടുവിഹിതവും ചില്ലറയല്ല. കഴിഞ്ഞ ലോക്‌സഭയില്‍ അമ്മയുടെ കോണ്‍ഗ്രസിന് വട്ടപ്പൂജ്യമായിരുന്നു ഗാന്ധിയുടെ ജന്മനാട്ടിലെ സീറ്റ് വിഹിതം. ആ വീഴ്ചയില്‍ നിന്ന് കരകയറാന്‍ രാഹുല്‍ സ്വീകരിച്ച വിശാല ഐക്യത്തിന്റെ ആ മാതൃകയിലാണ് രാജ്യത്തിന്റെ ഭാവി. മതേതരത്വമാണ് കോണ്‍ഗ്രസിന്റെ വഴി. ആധുനികനും മഹിമാ ഭാരത്തില്‍ അഭിരമിക്കാത്തവനുമായ നേതാവാണ് രാഹുല്‍. ഇപ്പോള്‍ രാഹുല്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ ജീവന്‍ എന്നതിനാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയും ഈ ചെറുപ്പക്കാരനാണ്.”
കഴിഞ്ഞ ഡിസംബറില്‍ ഇതേ താളുകളില്‍ നമ്മള്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് നടത്തിയ സംഭാഷണം അവസാനിച്ചത് ഇങ്ങനെയായിരുന്നു. രാഹുലിലേക്ക് കോണ്‍ഗ്രസ് നടന്നെത്തിയതിന്റെ വഴികളായിരുന്നു, ആ വഴികളില്‍ കോണ്‍ഗ്രസിന് സംഭവിച്ച ഇടര്‍ച്ചയും പതനങ്ങളുമായിരുന്നു അന്നത്തെ നമ്മുടെ ഊന്നല്‍. രാഹുലിനെക്കുറിച്ച് സംസാരിക്കാന്‍ ഇതാ അവസരമൊരുങ്ങിയിരിക്കുന്നു എന്നതായിരുന്നു ആ സംഭാഷണത്തിന്റെ മുഖവാചകം.
ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്നോളം അപരിചിതമായ ഒരു ശരീരഭാഷണത്തിലൂടെ രാഹുല്‍ ഗാന്ധി എന്ന ഒറ്റയാള്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ബി.ജെ.പി ഇതരരെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരവും ചലനാത്മകവുമായ ഭാവിയില്‍ പ്രതീക്ഷയുള്ളവരെ അത്ഭുതപ്പെടുത്തിയ ഒരു നിമിഷത്തിന്റെ ഓര്‍മയിലാണ് നമ്മള്‍ രാഹുലിനെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത്. ശരീര ഭാഷണം നിങ്ങള്‍ കണ്ടതും കേട്ടതുമാണ്. ഇന്ത്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെയും പാര്‍ലമെന്റിന്റെയും നാളിതുവരെയുള്ള ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത ആലിംഗനവും അകമ്പടിയായെത്തിയ കണ്ണിറുക്കലുമായിരുന്നു ആ ശരീര ഭാഷണം. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍, അന്നോളം ഒരു പ്രധാനമന്ത്രിയും അനുവര്‍ത്തിക്കാത്ത, മുട്ടുകുത്തി പ്രാര്‍ഥനയുടെ അകമ്പടിയോടെ പ്രധാനമന്ത്രി പദം ഏറ്റെടുത്ത നരേന്ദ്രമോഡി അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ചരിത്രത്തിലാദ്യമായി പരസ്യവിചാരണക്ക് ഇരുന്നുകൊടുത്ത ദിനമായിരുന്നല്ലോ അവിശ്വാസ പ്രമേയ ചര്‍ച്ച. ആ ചര്‍ച്ചക്കിടെയാണ് അപ്രതീക്ഷിതവും അസാധാരണവുമായി രാഹുല്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലേക്ക് സ്വതസിദ്ധമായ ചലനങ്ങളോടെ, തികച്ചും സ്വാഭാവികമായി നടന്നുചെന്നത്. അമ്പരന്ന നരേന്ദ്രമോഡിയെ അദ്ദേഹം ആലിംഗനം ചെയ്തു. അതേ സ്വാഭാവികതയോടെ, എന്നാല്‍ ഒരു വിജയിയുടെ ശരീരവേഗമാര്‍ജിച്ച് തിരികെ ഇരിപ്പിടത്തിലെത്തി കണ്ണിറുക്കി. ചരിത്രത്തിലേക്ക് ചാഞ്ഞ ആലിംഗനം എന്ന് ദേശീയമാധ്യമങ്ങള്‍.
ആ ആലിംഗനവും അപക്വമെന്ന് തോന്നാവുന്നതും എന്നാല്‍ അങ്ങനെ അല്ലാത്തതുമായ കണ്ണിറുക്കലിനാലുമാണോ നമ്മള്‍ ഇവ്വിധം ഇപ്പോള്‍ രാഹുലിനെ ചര്‍ച്ച ചെയ്യുന്നത്? അല്ല. അങ്ങനെ ചെയ്യുന്നത് ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തും വിധം ജനാധിപത്യ സംവാദങ്ങളെ ചുരുക്കിക്കെട്ടലാണ്. അവിശ്വാസപ്രമേയ ചര്‍ച്ചയിലെയും അതിനും മാസങ്ങള്‍ മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തിലെയും രാഹുലില്‍ പൊതുവായി കണ്ട ചില സൂചനകളെയും രാഹുലിന്റെ അധ്യക്ഷപദവിക്കുശേഷമുള്ള കോണ്‍ഗ്രസിന്റെ ചലനങ്ങളെയും മുന്‍നിര്‍ത്തിയാണ് നമ്മള്‍ ഏഴ് മാസത്തിനിപ്പുറം വീണ്ടും രാഹുലിലേക്ക് വരുന്നത്. അന്ന് നമ്മള്‍ സംസാരിച്ച് തുടങ്ങിയത് തിയോഡര്‍ റൂസ്‌വെല്‍റ്റില്‍ നിന്നാണ്.
കള വേലൃല ശ െിീ േവേല ംമൃ, ്യീൗ റീി’ േഴല േവേല ഴൃലമ േഴലിലൃമഹ; ശള വേലൃല ശ െിീ േമ ഴൃലമ േീരരമശെീി, ്യീൗ റീി’ േഴല േമ ഴൃലമ േേെമലോെമി; ശള ഘശിരീഹി വമറ ഹശ്‌ലറ ശി മ ശോല ീള ുലമരല, ിീ ീില ംീൗഹറ വമ്‌ല സിീംി വശ െിമാല. യുദ്ധമില്ലെങ്കില്‍ മഹാനായൊരു സൈന്യാധിപനെ കിട്ടില്ല എന്ന റൂസ്‌വെല്‍റ്റ് തിയറി. അത് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് കാലമായിരുന്നല്ലോ? ആറ് മാസത്തിനപ്പുറം രാജ്യം അതിന്റെ ചരിത്രത്തിലെ അതിനിര്‍ണായകമായ തിരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കുകയാണ്. ജനാധിപത്യത്തിലെ യുദ്ധമാണ് തിരഞ്ഞെടുപ്പ്. ആ യുദ്ധത്തിലെ കോണ്‍ഗ്രസ് സേനാധിപന്‍ രാഹുലാണെന്ന് നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. സഖ്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ആലോചനയും തുടങ്ങി.
ഏകപക്ഷീയമായി വിജയിക്കും എന്ന് ഉറപ്പായ ഒരു ഗെയിം ഇഞ്ചുറി ടൈമില്‍ ൈകവിട്ട് പോകുന്ന കരുത്തന്‍ ടീമിന്റെ പരിഭ്രാന്തി ആലോചിച്ചിട്ടുണ്ടോ? അവരുടെ നായകനും പരിശീലകനും ആ നിമിഷങ്ങളില്‍ പുറപ്പെടുവിക്കുന്ന ജെസ്റ്ററുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ കാഴ്ചയുടെ കോണ്‍ അവിശ്വാസത്തെ നേരിട്ട നരേന്ദ്രമോഡിയിലേക്കും ശിവസേനയെ ആവര്‍ത്തിച്ച് വിളിച്ച് തോല്‍ക്കുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായിലേക്കും തിരിക്കുക. ആലിംഗനം ചെയ്യുന്ന രാഹുലിന് നേര്‍ക്ക് നരേന്ദ്രമോഡി നടത്തിയ മുഖവിക്ഷേപങ്ങളിലേക്ക് ആവര്‍ത്തിച്ച് കണ്ണോടിക്കുക. അസാധ്യമായൊരു കോണില്‍ നിന്ന് അപ്രതീക്ഷിതമായി ഗോള്‍വഴങ്ങിയ ടീമിന്റെ നായകനെപ്പോലെ മോഡിയുടെ നിലവിട്ടുപോയി. എന്റെ കണ്ണുകളില്‍ നോക്കാന്‍ പ്രധാനമന്ത്രിക്ക് ഭയമാണെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് പ്രസിഡന്റാണ് മുന്നില്‍. അധിക്ഷേപങ്ങളും പരിഹാസങ്ങളും ഏറെ ഏറ്റുവാങ്ങിയ നേതാവ്. അയാളുടെ അപ്രതീക്ഷിതമായ നീക്കത്തെ അമ്പരപ്പോടെയാണ് നരേന്ദ്രമോഡി നേരിട്ടത്. മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റ് നേതാക്കള്‍ക്കിടയില്‍ സംഭവിച്ചിരുന്നെങ്കില്‍ പരസ്പരബഹുമാനത്തിന്റെ ഊര്‍ജപ്രവാഹത്താല്‍ മനോഹരമാവുമായിരുന്ന കാഴ്ച, മോഡിയുടെ അമ്പരപ്പിനാല്‍ മറ്റൊന്നായി മാറി. അന്നത്തെയും പിറ്റേന്നത്തെയും ചര്‍ച്ച അവിശ്വാസത്തെ അതിജീവിച്ച ബി.ജെ.പിയുടെ വിജയമായിരുന്നില്ല, രാഹുല്‍ ഗാന്ധിയായിരുന്നു എന്നുകൂടി ഓര്‍ക്കുക. വിജയിയെക്കാള്‍ പരാജിതര്‍ തലയുയര്‍ത്തിയ സന്ദര്‍ഭം.
അവിശ്വാസ ചര്‍ച്ചയിലെ ഒറ്റ പ്രകടനത്തിലൂടെ രാഹുല്‍ സര്‍വരെയും നിഷ്പ്രഭരാക്കി അടുത്ത അധികാരാരോഹണത്തിലേക്ക് വഴി തുറന്നുവോ? ദേശീയ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണായക മഹാശക്തിയായി പരിണമിച്ചുവോ? അതെ എന്നാണ് നിങ്ങളുടെ ഉത്തരെമങ്കില്‍ ദേശീയരാഷ്ട്രീയത്തെ സംബന്ധിച്ച് നിങ്ങള്‍ കാല്‍പനികമായ ഒരു മോഹവലയത്തിലാണ്. കാരണം ഉത്തരം ഇല്ല എന്നാണ്. കാരണമുണ്ട്.
നാല് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ പാര്‍ലമെന്റിനകത്ത് കോണ്‍ഗ്രസിന് തുറന്നുകിട്ടിയ ഒരേയൊരു പോര്‍മുഖമായിരുന്നു അവിശ്വാസ പ്രമേയം. തുറന്ന് കിട്ടി എന്ന വാക്ക് മനപ്പൂര്‍വമാണ്. കോണ്‍ഗ്രസോ അതിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ തുറന്നെടുത്ത ഒന്നല്ല അത്. ദേശീയ രാഷ്ട്രീയത്തെ വിനാശകരമായി ബാധിച്ച കേന്ദ്ര ഭരണത്തിനെതിരെ ദേശീയ താല്‍പര്യത്താല്‍ പ്രചോദിതമായി ഉയര്‍ന്ന് വന്നതുമല്ല ആ പ്രമേയം. നിങ്ങള്‍ക്കറിയാം, ടി.ഡി.പി ആയിരുന്നു അവിശ്വാസത്തിന്റെ ഉടമകള്‍. തെലുഗുദേശം പാര്‍ട്ടി. ഒരു കാലത്ത് എന്‍.ഡി.എയുടെ യോദ്ധാക്കള്‍. 1984-ല്‍ 30 സീറ്റുമായി മുഖ്യപ്രതിപക്ഷമായ പാര്‍ലമെന്ററി ചരിത്രം ഉണ്ടെങ്കിലും കുടുംബവാഴ്ചയുടെ നീരാളിപ്പിടുത്തത്തില്‍ ദേശീയപ്രസക്തി കുറഞ്ഞുപോയ പാര്‍ട്ടി. അവരാണ് അവിശ്വാസം അവതരിപ്പിച്ചത്. ആന്ധ്രാപ്രദേശ് വിഭജിച്ച് ആന്ധ്രയും തെലുങ്കാനയുമായപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ട പാക്കേജുകള്‍ എവിടെ എന്ന് ചോദിച്ചാണ് അവര്‍ പ്രമേയം കൊണ്ടുവന്നത്. തികച്ചും പ്രാദേശികമായ ഒന്ന്.
പ്രാദേശികം എന്നത് ഒരു അലസ പ്രസ്താവനയല്ല. പ്രമേയം അവതരിപ്പിച്ചത് കേശിനേനി ശ്രീനിവാസ് ആണ്. ആന്ധ്രയുടെ ചക്രം തിരിക്കുന്ന കേശിനേനി ട്രാവല്‍സിന്റെ ഉടമ. കോടീശ്വരന്‍. എങ്ങും തൊടാതെ നില്‍ക്കുന്ന ടി.ഡി.പിയിലുള്ള പ്രതീക്ഷയില്‍ നിന്നാണ് അവിശ്വാസത്തിന് അനുമതി കിട്ടിയത് എന്ന് മറക്കരുത്. എട്ട് തവണ ഒരേ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായ നിലയില്‍ ലിംകാ ബുക്‌സില്‍ വരെ പേര് വന്ന സ്പീക്കര്‍ സുമിത്രാ മഹാജന് തെറ്റാന്‍ സാധ്യതയില്ലല്ലോ? പ്രാദേശികമാക്കാന്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ടി.ഡി.പി വന്നത്. ടി.ഡി.പിയിലെ കൊടും കോടീശ്വരനും ഇന്റര്‍നാഷണലുമായ ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച തുടങ്ങി വെച്ചത്. ആന്ധ്രയിലെ ജനതയോട് മോഡി സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാണിച്ചു എന്ന ആരോപണമാണ് ഗല്ല ആദ്യം തന്നെ ഉയര്‍ത്തിയത്. സര്‍ദാര്‍ പട്ടേലിന്റെ ഭീമാകായന്‍ പ്രതിമക്കുള്ള നീക്കിവെക്കല്‍ പോലും ആന്ധ്രക്ക് നല്‍കിയില്ലെന്ന കുറ്റപ്പെടുത്തല്‍. അവിശ്വാസത്തെ അനുകൂലിച്ച് പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേശ് ത്രിവേദിയില്‍ നിന്നാണ് ചര്‍ച്ച ദേശീയ രാഷ്ട്രീയത്തിലേക്കും കേന്ദ്ര ഭരണകൂടത്തിലേക്കും ദിശമാറിയത്. രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ തല്ലിക്കൊന്ന അക്ബര്‍ ഖാന്‍ എന്ന 28 കാരന്റെ പേര് പാര്‍ലമെന്റില്‍ മുഴങ്ങാന്‍ തുടങ്ങി. ഒരു വര്‍ഷം മുന്‍പ് സമാനമായ വിധത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലുഖാന്റെ കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാത്ത വിവരം പാര്‍ലമെന്ററിഞ്ഞു. ആദ്യമായാണ് രാജ്യത്ത് എന്ത് നടക്കുന്നു എന്ന് പാര്‍ലമെന്റ് കേള്‍ക്കുന്നത് എന്നും അറിയുക.
ഇങ്ങനെ കലങ്ങിമറിഞ്ഞ ചര്‍ച്ചയിലേക്കാണ് രാഹുല്‍ വരുന്നത്. ഉറച്ച ശബ്ദത്തില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ പോയ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിചാരണക്കെടുത്തു. എങ്ങനെ ചങ്ങാതികളായ കൊടുംകോടീശ്വരര്‍ക്ക് രാജ്യത്തെ വില്‍ക്കുന്നു എന്നും ആ വില്‍പനക്ക് പ്രധാനമന്ത്രി എങ്ങനെയെല്ലാം ത്രാസ് പിടിക്കുന്നു എന്നും രാഹുല്‍ വിശദീകരിച്ചു. ക്രോണി ക്യാപ്പിറ്റലിസം എന്ന വാക്ക് ഉപയോഗിച്ചു. തെളിവുകളുടെ അഭാവമുണ്ടായിട്ടും രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സഭയെ ചൂടുപിടിപ്പിച്ചു. ലോക്‌സഭാ ടി.വിയുടെ ക്യാമറകള്‍ അത്ര പ്രൊഫഷണലല്ല. എഡിറ്റിംഗും പ്രൊഫഷണല്‍ അല്ല. അതിനാല്‍ രാഹുല്‍ പ്രസംഗിക്കുമ്പോള്‍ രാഹുലിലേക്കും പ്രധാനമന്ത്രിയിലേക്കും ക്യാമറകള്‍ ഒരേ അനുപാതത്തില്‍ തിരിഞ്ഞുകൊണ്ടിരുന്നു. തുടക്കം മുതല്‍ പരിഹാസച്ചുവയുള്ള തലയാട്ടലുകളോടെയും ആക്ഷേപിക്കുന്ന മുഖഭാവത്തോടെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ നേരിട്ടത്. സഹിഷ്ണുവും പരിഷ്‌കൃതനുമായ ഒരു സ്‌റ്റേറ്റ്‌സ്മാന്റെ മുഖഭാവം നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് മോഡിയില്‍ ഉണ്ടായിരുന്നില്ല. രാജ്യം അത്രനേരം തങ്ങളുടെ പ്രധാനമന്ത്രിയെ ഇതിന് മുന്‍പ് തുടര്‍ച്ചയായി കണ്ടിട്ടില്ലാത്തതിനാല്‍ എന്താണ് വിമര്‍ശനത്തോടുള്ള അദ്ദേഹത്തിന്റെ ചേഷ്ടകള്‍ എന്നത് ഇന്നും അജ്ഞാതമാണ്. രാഹുലിനോടുള്ള ചേഷ്ടകളാണ് മോഡിയുടെ സ്ഥായീ ഭാവമെങ്കില്‍ പക്വമതിയായ ഒരു സ്‌റ്റേറ്റ്‌സ്മാനിലേക്ക് അദ്ദേഹം ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്.
അഴിമതികളുടെയും കൂട്ടുകച്ചവടത്തിന്റെയും ആരോപണങ്ങളോട് പരിഹാസച്ചിരി ചിരിച്ച മോഡിയെ രാഹുല്‍ വെല്ലുവിളിക്കുന്നത് നിങ്ങളെന്റെ കണ്ണുകളില്‍ നോക്കൂ എന്ന് പറഞ്ഞുകൊണ്ടാണ്. മോഡി നോക്കിയില്ല. അതിനുശേഷമായിരുന്നു പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ പടമായി മാറിയ ആ ആലിംഗനം. ജനാധിപത്യ വിശ്വാസികള്‍ ആ രാത്രിയില്‍ ഉറക്കമൊഴിച്ചത് പ്രധാനമന്ത്രിയുടെ മറുപടിക്ക് വേണ്ടിയായിരുന്നു. അധികാരമേറ്റതില്‍ പിന്നെ ആദ്യമായി മോഡി പാര്‍ലമെന്റില്‍ ദീര്‍ഘമായി ഇരുന്ന ദിനമാണല്ലോ? കടുത്ത മോഡി ഭക്തരെപ്പോലും നിരാശയിലാക്കി പക്ഷേ, മോഡിയുടെ മറുപടി. ഒറ്റയാരോപണത്തെയും അദ്ദേഹം പരിഗണിച്ചില്ല. ദുര്‍ബലമായ പരിഹാസങ്ങള്‍, ഒരു പ്രധാനമന്ത്രിയും മുന്‍പ് നടത്തിയിട്ടില്ലാത്ത വിധം ആംഗ്യവിക്ഷേപങ്ങള്‍, ട്രോളുകള്‍ക്ക് വഴിമരുന്നായ ദേശസ്‌നേഹം, പതിവായി ആവര്‍ത്തിക്കുന്ന സ്വന്തം താഴ്‌നില. രാഹുലിനുള്ള മറുപടിയില്‍ നിറഞ്ഞതാകട്ടെ ദയനീയമായ കൊതിക്കെറുവും. രാഹുല്‍ ഗാന്ധി കളവും കളിയും പിടിച്ചത് മോഡിയുടെ മറുപടിയുടെ ദൗര്‍ബല്യത്തിലാണ്.
തോല്‍ക്കുമെന്ന് ഉറപ്പുള്ള അവിശ്വാസപ്രമേയമായിരുന്നു തെലുഗുദേശം പാര്‍ട്ടിയുടേത്. തികച്ചും പ്രാദേശികമായിരുന്നു പ്രമേയത്തിന്റെ പ്രേരണ. എന്നിട്ടും അതിനെ പിന്തുണച്ചു എന്നതും എന്‍.ഡി.എ ഇതരരുടെ മുഴുവന്‍ പിന്തുണയും സമാഹരിച്ചു എന്നതും പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ വിജയമാണ്. അവിശ്വാസം പരാജയപ്പെട്ടപ്പോഴും നാല് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ശബ്ദസാന്നിധ്യമായി. നാല് വര്‍ഷത്തിലാദ്യമായി പ്രതിപക്ഷം രൂപപ്പെട്ടു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള ഈ ഐക്യസമാഹരണത്തെ ബി.ജെ.പി ഭയപ്പെടുകയും ചെയ്തു. ആ ഐക്യത്തിലെ ആര്‍ജവമുള്ള ശബ്ദമായി രാഹുല്‍ ഗാന്ധി മാറി. യാഥാര്‍ത്ഥ്യമാണത്. രാഹുല്‍ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റു.
പണവും പാണന്‍മാരും ധാരാളമുള്ള ബി.ജെ.പി ഭരണകൂടത്തിനോട് പൊതുതിരഞ്ഞെടുപ്പില്‍ എതിരിടാന്‍ ഇത് മതിയോ? പോരാ. നിമിഷത്തേക്ക് ജ്വലിക്കുകയും പിന്നെ ഏറെനാള്‍ പുകയുകയും ചെയ്യുന്നതാണ് ഇത് വരെ നാം കണ്ട രാഹുല്‍ ൈശലി. അത് കയ്യടികള്‍ക്കുതകുമെങ്കിലും ദീര്‍ഘകാല ഫലം ചെയ്യില്ല. രാഹുല്‍ ഗാന്ധിക്ക് അത് ബോധ്യപ്പെടുകയും പ്രവര്‍ത്തന ൈനരന്തര്യവും ഇടപെടല്‍ തുടര്‍ച്ചയും അദ്ദേഹം ഉറപ്പാക്കുകയും ചെയ്യാത്ത പക്ഷം കയ്യടികളേ ബാക്കി കാണൂ.
അവിശ്വാസപ്രമേയവും രാഹുല്‍ ഗാന്ധിയുടെ ഭാഷണവും പക്ഷേ, ഇന്ത്യയില്‍ ഉയര്‍ത്തിയ പ്രതീക്ഷകള്‍ ജീവനുള്ളതാണ്. പ്രതിപക്ഷമുള്ള ഇടങ്ങളിലെല്ലാം പതറി വീഴുന്നതാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. ഗുജറാത്തിലെ കഷ്ടി വിജയം അതിന്റെ തെളിവാണ്. പാര്‍ലമെന്റിലെ രാഹുല്‍ പാര്‍ലമെന്റിന് പുറത്തും ആവര്‍ത്തിക്കുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വഴി. വ്യക്തി പ്രഭാവ കേന്ദ്രീകൃതമായി നിലനില്‍ക്കുന്ന ഒന്നാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന് നിങ്ങള്‍ക്കറിയാം. ഒരു കേന്ദ്രവ്യക്തിയും അയാളുടെ പ്രഭാവവും എന്നുമുണ്ടായിരുന്നു ഈ വ്യവസ്ഥയുടെ നടുവില്‍. സ്വാതന്ത്ര്യസമരമാണല്ലോ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിവേര്. സ്വാതന്ത്ര്യ സമരകാലത്തെ ദേശീയപ്രസ്ഥാനത്തില്‍ നിന്ന് താവഴിയായി വന്നതാണ് ആ ബിംബാരാധന. അത് മാറിയിട്ടില്ല. അതിനാല്‍ ആ ബിംബത്തിലേക്ക് സന്നിവേശിക്കുക എന്നതാണ് രാഹുലിന് മുന്നിലുള്ള വെല്ലുവിളി.
പക്ഷേ, പ്രതീക്ഷകളുടെ ഇത്തിരിവെട്ടം തെളിഞ്ഞുതന്നെയുണ്ട്. ആള്‍ക്കൂട്ട കൊലകളെ ന്യായീകരിക്കാത്ത, ന്യൂനപക്ഷങ്ങളെ അവഗണിക്കാത്ത, ജനാധിപത്യത്തില്‍ വിശ്വാസമുള്ള ഒരു നേതൃത്വവും മുന്നേറ്റവും പിറവിയെടുക്കുന്നുണ്ട്. അതിനെ ചലനാത്മകമാക്കുക എന്നതാണ് വഴി. എല്ലാ വഴിയും അടഞ്ഞുപോയിടത്തുനിന്ന് തുറന്നുകിട്ടിയ വഴിയാണത്.
കെ.കെ ജോഷി
You must be logged in to post a comment Login