അസമിലെ നഗോണ്‍ ജില്ലയിലെ എന്‍ആര്‍സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) കേന്ദ്രത്തിലെ കരടുപട്ടികയില്‍ തങ്ങളുടെ പേരുണ്ടോ എന്നറിയാന്‍ വരി നില്‍ക്കുകയാണ് 2018,ജൂലൈ 30 ന് നിരവധി അസമുകാര്‍. സംസ്ഥാനത്തെ നാല്‍പതു ലക്ഷത്തോളം വരുന്ന ജനവിഭാഗത്തെ അധികൃതര്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഇക്കഴിഞ്ഞ ജൂലൈ 30ന് അസം വലിയ കുഴപ്പങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു.
ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് താമസിക്കുന്ന 32.9 ദശലക്ഷം ജനങ്ങളില്‍ 28.9 ദശലക്ഷം പേര്‍ മാത്രമാണ് പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതെന്നാണ് എന്‍ ആര്‍ സി യുടെ കരടുപട്ടിക പ്രസിദ്ധീകരിച്ച രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പറഞ്ഞത്. ചില മനുഷ്യാവകാശപ്രവര്‍ത്തകര്‍ ‘മനുഷ്യചരിത്രത്തില്‍ വെച്ചു തന്നെ നടന്ന ഏറ്റവും വലിയ വോട്ടില്ലാതാക്കല്‍ പ്രക്രിയ’ എന്നാണ് എന്‍ ആര്‍ സിയെ വിലയിരുത്തിയത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ നിയമക്കുരുക്കിലാണെന്നും ക്രമേണ അവര്‍ക്ക് സംസ്ഥാനമേയില്ലാത്ത അവസ്ഥയുണ്ടാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ദശലക്ഷണക്കിനാളുകളുടെ വിധി-അതിലേറെപ്പേരും അങ്ങേയറ്റം ദരിദ്രവിഭാഗത്തില്‍ പെട്ടവരാണ്-അനിശ്ചിതമാണ്.
പക്ഷേ, എന്തുകൊണ്ടാണ് ഇന്ത്യയിലെ സര്‍ക്കാരിന് അത്തരമൊരു പട്ടിക തയാറാക്കാന്‍ തോന്നിയത്? ആരെയാണ് അതു ലക്ഷ്യംവെക്കുന്നത്? ഇക്കാര്യത്തില്‍ അടുത്ത നടപടി എന്തായിരിക്കും?
സംസ്ഥാനത്തെ രേഖകളില്‍പെടാത്ത കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള കാമ്പയിന്റെ ഭാഗമാണ് എന്‍ ആര്‍ സി. ഈ പ്രശ്‌നത്തിന്റെ വേരുകളുള്ളത് കൊളോണിയല്‍ കാലത്താണ്. ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനും തേയിലത്തോട്ടങ്ങളുണ്ടാക്കാനും അന്ന് അസമിലെ വനഭൂമി വെട്ടിവെളുപ്പിക്കാന്‍ തീരുമാനമുണ്ടായി. അതോടെ ഭൂമിയ്ക്ക് ആര്‍ത്തി പിടിച്ചു നടക്കുന്നവരും അധ്വാനശീലരുമായ കുടിയേറ്റക്കാര്‍ തൊട്ടടുത്ത കിഴക്കന്‍ ബംഗാളില്‍ നിന്ന് അസമിലേക്കൊഴുകി. അന്ന് കിഴക്കന്‍ ബംഗാളും ഇന്ത്യയുടെ ഭാഗമായിരുന്നല്ലോ. വനഭൂമിയെ നെല്‍പ്പാടങ്ങളാക്കാന്‍ സഹായിച്ച ഈ കുടിയേറ്റക്കാര്‍ ക്രമേണ അസമില്‍ സ്ഥിരതാമസമുറപ്പിച്ചു.
എന്നാല്‍ വനഭൂമി വെട്ടിവെളുപ്പിച്ചു കഴിഞ്ഞിട്ടും അസമിലേക്കുള്ള ബംഗാളി കുടിയേറ്റക്കാരുടെ ഒഴുക്ക് നിലച്ചില്ല. 1947 ല്‍ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു. അസം ഇന്ത്യയുടെ ഭാഗമായി തുടര്‍ന്നപ്പോള്‍ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ബംഗാളിന്റെ വലിയൊരു ഭാഗം കിഴക്കന്‍ പാകിസ്ഥാനായി മാറി. 1971 ല്‍ ബംഗാളിലെ ജനങ്ങള്‍ പാകിസ്ഥാനെതിരെ വിമോചനസമരം നടത്തി. രക്തരൂക്ഷിതമായ ആ യുദ്ധത്തിനു ശേഷം ബംഗ്ലാദേശ് പിറന്നു. ഈ കാലത്തുടനീളം കിഴക്കന്‍ ബംഗാളില്‍ നിന്ന് അസമിലേക്കുള്ള കുടിയേറ്റം തുടര്‍ന്നു.
ഇക്കാലയളവില്‍ ബംഗാളി കുടിയേറ്റക്കാര്‍ അസമിന്റെ സമ്പദ്‌വ്യവസ്ഥക്കും സംസ്‌ക്കാരത്തിനും തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും സംഗീതത്തിലൂടെയും കവിതയിലൂടെയും സംഭാവനകള്‍ നല്‍കി. എന്നിരുന്നാലും അവരുടെ വര്‍ധിച്ചു വരുന്ന സംഖ്യ തദ്ദേശീയരായ അസാമികളുടെ ഇടയില്‍ ആശങ്കകളുണ്ടാക്കി. തനതായ സംസ്‌കാരവും ഭൂമിയുടെ ഉടമസ്ഥാവകാശവും തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്നവര്‍ പേടിച്ചു. അതിന്റ ഫലമായി 1979 നും 1985 നുമിടയില്‍ ബംഗാളി കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ‘വിദേശിവിരുദ്ധ’ പ്രക്ഷോഭം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ടു.
‘അസംമുന്നേറ്റം’ എന്നറിയപ്പെട്ട ഈ പ്രക്ഷോഭം പ്രധാനമായും വിദ്യാര്‍ത്ഥിസംഘടനകളാണ് നയിച്ചത്. എല്ലാ വിദേശികളെയും ഉടനടി തടഞ്ഞുവെക്കുകയും വോട്ടില്ലാതാക്കുകയും നാടുകടത്തുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 1983 ല്‍ രണ്ടായിരത്തിലധികം മുസ്‌ലിം സ്ത്രീകളും പുരുഷന്മാരും കുട്ടികളും നെല്ലി ജില്ലയിലെ ഗ്രാമങ്ങളില്‍ കശാപ്പു ചെയ്യപ്പെട്ടു. നെല്ലി കൂട്ടക്കൊല എന്നറിയപ്പെടുന്ന ദുരന്തം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഏടുകളിലൊന്നാണ്. ഈ കൂട്ടക്കൊലകളുടെ പേരില്‍ ഇന്നുവരെ ഒരൊറ്റയാള്‍ പോലും വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം,1985 ആഗസ്തില്‍ ഇന്ത്യന്‍ ഭരണകൂടവും അസം മുന്നേറ്റത്തിന്റെ നേതാക്കളും ന്യൂഡല്‍ഹിയില്‍ വെച്ച് ‘അസം ഒത്തുതീര്‍പ്പ് ‘ ഒപ്പു വെച്ചു. രക്തച്ചൊരിച്ചില്‍ നിലച്ചു. ഇതോടെ ഈ മുന്നേറ്റത്തിന്റെ നേതാക്കള്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും താമസിയാതെ അസമില്‍ സര്‍ക്കാറുണ്ടാക്കുകയും ചെയ്തു.
1971 നു ശേഷം ബംഗ്ലാദേശില്‍ നിന്ന് അസമിലേക്കു വന്നവരെ ക്രമാനുഗതമായി തിരിച്ചറിയാനും വോട്ടവകാശം റദ്ദാക്കാനും നാടുകടത്താനുമുള്ള പ്രതിബദ്ധത കേന്ദ്രസര്‍ക്കാരിന് അസം ഒത്തുതീര്‍പ്പിലുണ്ടായിരുന്നു. തുടര്‍ന്നു വന്ന സര്‍ക്കാരുകള്‍ ‘വിദേശികളെ’ തിരിച്ചറിയാനുള്ള പ്രക്രിയ തുടര്‍ന്നെങ്കിലും ആ സംഖ്യ ഒരിക്കലും ആയിരം വിട്ടു പോയിട്ടില്ല.
2005 ല്‍ സുപ്രീം കോടതി വിദേശികളെ തിരിച്ചറിയുന്ന പ്രക്രിയയുടെ വേഗത കൂട്ടാനായി, പൗരത്വം തെളിയിക്കേണ്ട നിയമപരമായ ചുമതല ഭരണകൂടത്തിന്റെ ചുമലില്‍ നിന്നും വ്യക്തിയുടെ ചുമലിലേക്ക് മാറ്റി. എന്‍ ആര്‍ സിയുടെ പൂര്‍ത്തീകരണത്തിന് കര്‍ശനമായ സമയപരിധിയും സുപ്രീംകോടതി നിശ്ചയിച്ചു. അതാണ് അസമിലെ ബംഗാളിസമൂഹത്തിന്റെ വേദനകള്‍ക്ക് തുടക്കം.
കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിക്കപ്പെട്ട കരടുപട്ടികയില്‍ നിന്ന് നാല്പതു ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടത് ഇന്ത്യയിലെ ഈയടുത്ത വര്‍ഷങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കിയില്ല. ബിജെപി, കേന്ദ്രത്തിലും അസമിലും അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തെ മുസ്‌ലിംവിരുദ്ധ വികാരങ്ങള്‍ ശക്തമായിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഉച്ചസ്ഥായിയില്‍ പോലും അസംമുന്നേറ്റത്തിന്റെ നേതാക്കള്‍ ഹിന്ദുകുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകുടിയേറ്റക്കാര്‍ക്കുമിടയില്‍ ഭേദഭാവം കാണിച്ചിരുന്നില്ല. എന്നാല്‍ ബിജെപിയാകട്ടെ മുസ്‌ലിം കുടിയേറ്റക്കാരെ മാത്രമാണ് എതിര്‍ക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള-അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയവയും-ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാവുന്ന തരത്തില്‍ ഇന്ത്യയിലെ പൗരത്വനിയമങ്ങള്‍ മാറ്റിയെഴുതാനും അവര്‍ ശ്രമിക്കുന്നുണ്ട്. ഈ ആനുകൂല്യം ഇന്ത്യയില്‍ ഉടലെടുത്ത മതങ്ങള്‍ക്കും-ബുദ്ധമതം, ജൈനമതം, സിഖുമതംതുടങ്ങിയവക്കും- നല്‍കുമത്രേ. ക്രിസ്തുമതത്തിനു പോലും ആനുകൂല്യങ്ങള്‍ നല്‍കാനവര്‍ തയാറാണ്. ശത്രുതാഭാവമുള്ളത് മുസ്‌ലിംകളോടു മാത്രമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
2014 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് നരേന്ദ്രമോഡി അസമിലെ മുസ്‌ലിംകളെ ചവിട്ടിപ്പുറത്താക്കുമെന്ന പ്രതിജ്ഞ തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ ആവര്‍ത്തിക്കാറുണ്ടായിരുന്നു. ബംഗ്ലാദേശികള്‍ക്ക് വഴിയൊരുക്കാനാണ് വംശനാശഭീഷണി നേരിടുന്ന കണ്ടാമൃഗത്തെ കൊന്നൊടുക്കുന്നതെന്നു പോലും അദ്ദേഹം ആരോപിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ വിശേഷിപ്പിക്കാന്‍ ‘നുഴഞ്ഞുകയറ്റക്കാര്‍ ‘ എന്ന തെറ്റിദ്ധാരണാജനകമായ വാക്ക് ഉപയോഗിക്കുന്നവരിലൊരാളാണ് അമിത് ഷാ. അവര്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണത്രേ. എന്നാല്‍ ഇതേ നേതാക്കള്‍ തന്നെ ഹിന്ദു അഭയാര്‍ത്ഥികളെ ന്യൂനപക്ഷമെന്ന നിലയില്‍ സ്വരാജ്യങ്ങളിലെ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെട്ടു വന്ന നിയമാനുസൃത കുടിയേറ്റക്കാരെന്ന് വിളിക്കുകയും ചെയ്യുന്നു.
ബിജെപി അധികാരത്തിലേറാനും സ്ഥാനം അരക്കിട്ടുറപ്പിക്കാനുമുപയോഗിച്ച ഭൂരിപക്ഷവര്‍ഗീയതയും മുസ്‌ലിംവിരുദ്ധ പ്രചാരണവും അസമിലെ ദശകങ്ങള്‍ നീണ്ട ‘വിദേശി വിരുദ്ധ’ വികാരങ്ങള്‍ക്ക് ആക്കം കൂട്ടി. ദശലക്ഷക്കണക്കിനു ദരിദ്രരെ തുലച്ചുകളയുന്ന എന്‍ആര്‍സിയുടെ കരടു പട്ടിക അങ്ങിനെയാണ് സൃഷ്ടിക്കപ്പെടുന്നത്.
എന്‍ ആര്‍ സിയുടെ നിയമമനുസരിച്ച് അതില്‍ ഉള്‍പ്പെടാനായി അസം നിവാസികള്‍ തങ്ങളുടെ ഭൂവുടമസ്ഥരേഖകളും ജനനസര്‍ട്ടിഫിക്കറ്റുകളും ഹൈസ്‌കൂള്‍ രേഖകളും വോട്ടര്‍ പട്ടികയും, തങ്ങളോ രക്തബന്ധമുള്ള എതെങ്കിലുമൊരു പൂര്‍വികനോ 1971 നോ അതിനു മുമ്പോ ഇന്ത്യയിലെ പൗരനായിരുന്നു എന്നു തെളിയിക്കാന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ പല അസംകാര്‍ക്കും ഇത്തരം രേഖകള്‍ സമര്‍പ്പിക്കാനാകില്ല. വ്യാപകമായ നിരക്ഷരതയും ഭൂരേഖകളുടെ മോശം സൂക്ഷിപ്പും അഴിമതിക്കാരായ പ്രാദേശിക ഭരണകര്‍ത്താക്കളുമുള്ള ഒരു രാജ്യത്ത് ഇത്തരം രേഖകള്‍ കിട്ടുകയെന്നത് എളുപ്പമല്ല. കൂടാതെ നിരവധി കുടുംബങ്ങള്‍ കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയോ അവരെ സ്‌കൂളിലേക്കയക്കുകയോ ചെയ്തിട്ടില്ല.
തങ്ങളുടെ മാതാപിതാക്കളുടെ ജനനത്തീയതി പോലും അറിയാത്ത ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എങ്ങിനെയാണ് ഇത്തരം രേഖകള്‍ സമര്‍പ്പിക്കുകയെന്നാണ് അയല്‍സംസ്ഥാനമായ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായ മമത ബാനര്‍ജി ചോദിച്ചത്. താനോ തന്റെ മാതാപിതാക്കളോ 1971 ല്‍ ഇന്ത്യന്‍ പൗരന്മാരാണെന്നു തെളിയിക്കാന്‍ തനിക്കു പോലും പറ്റില്ലെന്നും മമത പറഞ്ഞു.
സ്ത്രീകളുടെ കാര്യത്തില്‍ സ്ഥിതിഗതികള്‍ തീരെ മോശമാണ്. അസമിലെ ബംഗാളിസമൂഹത്തിലെ സ്ത്രീകള്‍ക്ക് (ഏതാണ്ടെല്ലാ പുരുഷന്മാര്‍ക്കും) ജനനസര്‍ട്ടിഫിക്കറ്റുകളുണ്ടാകാറില്ല. ഔദ്യോഗികരേഖ കിട്ടാന്‍ മാത്രം കാലം അവര്‍ സ്‌കൂളില്‍ പോകാറുമില്ല. പതിനെട്ടുവയസ്സിനു മുമ്പേ വിവാഹം കഴിപ്പിച്ചയക്കുന്നതു കൊണ്ട് അവരുടെ പേരുകള്‍ പിതാക്കന്മാരുടെ വോട്ടര്‍ പട്ടികയ്‌ക്കൊപ്പവും രേഖപ്പെടുത്തപ്പെടാറില്ല. അവരുടെ പേരുകള്‍ ഭര്‍ത്താക്കന്മാരുടെ കൂടെയാണ് വോട്ടര്‍പട്ടികയിലുണ്ടാകുക. എന്നാലത് അവരുടെ പൗരത്വത്തിന്റെ രേഖയായി സ്വീകരിക്കപ്പെടുന്നില്ല.
എന്‍ ആര്‍ സിയുടെ കരടുപട്ടികക്കെതിരെ കനത്ത വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തില്‍, പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം രേഖകള്‍ ഇനിയും കണ്ടുപിടിക്കാന്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. കൂടാതെ അത്തരമൊരു രണ്ടാമൂഴത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കാനും വഴിയില്ല. ഒരു മാസത്തില്‍ താഴെ മാത്രമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുള്ള അധികസമയം. നാലുലക്ഷം പേര്‍ പട്ടികയില്‍ നിന്നു പുറത്താക്കപ്പെട്ടതിനാല്‍ സര്‍ക്കാറിന് ഈ കാലയളവില്‍ ദിവസം തോറും ഒരു ലക്ഷം അപേക്ഷകളെങ്കിലും ലഭിക്കുമല്ലോ. കൂടാതെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ പരിശോധിക്കാനും അന്തിമരേഖ പ്രസിദ്ധീകരിക്കാനും മൂന്നു മാസം വേണം. ഇക്കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അചിന്ത്യമാണ്.
പൗരത്വം തെളിയിക്കാനാകാത്ത അസം നിവാസികള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തെച്ചൊല്ലിയും സര്‍ക്കാര്‍ നിശബ്ദമാണ്. ഒഴിവാക്കപ്പെട്ടവര്‍ക്ക് വിദേശിട്രിബ്യൂണലില്‍ പരാതിപ്പെടാനുള്ള അവസരം ലഭിക്കും എന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. അസമില്‍ 100 വിദേശിട്രിബ്യൂണലുകളുണ്ട്. അവയില്‍ മൂന്നില്‍ രണ്ടുഭാഗവും ബിജെപി സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ളതാണ്. സ്വതന്ത്രരായ നിയമഉദ്യോഗസ്ഥരല്ല, ചുരുങ്ങിയ കാലയളവിനു വേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള അഭിഭാഷകരാണ് ഈ ട്രിബ്യൂണലുകള്‍ നടത്തുന്നത്. കൂടാതെ ഈ അഭിഭാഷകരിലേറെ പേരും തദ്ദേശീയമായ അസം സമുദായങ്ങളിലെ അംഗങ്ങളുമാണ്. എന്‍ആര്‍സിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ കാര്യത്തില്‍ ഇവര്‍ അനുകൂലമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.
വിദേശികളെന്ന് മുദ്രകുത്തപ്പെടുന്നവര്‍ക്കായി അസമിലെ സര്‍ക്കാര്‍ ആറ് തടഞ്ഞുവെക്കല്‍ കേന്ദ്രങ്ങള്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ തുടങ്ങിയിട്ടുണ്ട്. മനുഷ്യാവകാശകമ്മീഷന്റെ പ്രതിനിധിയെന്ന നിലയില്‍ ഈ വര്‍ഷമാദ്യം ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ഒരാളാണ് ഞാന്‍. അടിസ്ഥാന മനുഷ്യാവകാശങ്ങളും ഇന്ത്യയുടെ ഭരണഘടനാപരമായ ഉറപ്പുകളും അന്താരാഷ്ട്രനിയമവും ലംഘിക്കപ്പെടുന്നതാണ് ഞാനവിടെ കണ്ടത്. തര്‍ക്കവിഷയമായ പൗരത്വമുള്ളവരെ തടവറകളില്‍ അടക്കരുതെന്നും അവരുടെ കുടുംബങ്ങളെ വേര്‍പിരിക്കരുതെന്നും അവരുടെ തടഞ്ഞുവെപ്പ് അനിശ്ചിതകാലത്തേക്കാകരുതെന്നും അന്താരാഷ്ട്രനിയമമുണ്ട്. ഇത്തരം നിയമങ്ങളെല്ലാം അസമില്‍ പരസ്യമായി ലംഘിക്കപ്പെടുകയാണ്. സ്ത്രീകള്‍ ഒരു തടവറയിലും അവരുടെ ഭര്‍ത്താക്കന്മാര്‍ മറ്റൊരു തടവറയിലുമാണ് അടക്കപ്പെട്ടിരിക്കുന്നത്. ആറു വയസിനു താഴെയുള്ള കുട്ടികള്‍ തടവറയ്ക്കു പുറത്താണ്.
അമേരിക്ക- മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃതകുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് ട്രംപ് ഭരണകൂടം അടര്‍ത്തിമാറ്റാന്‍ തുടങ്ങിയപ്പോള്‍ ആഗോളതലത്തില്‍ തന്നെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി അത് അസം കുടിയേറ്റക്കാരുടെ വിധിയാണ്. ഇതിനെച്ചൊല്ലി ഇന്ത്യയിലോ പുറത്തോ യാതൊരു പ്രതിഷേധവുമില്ല! അവര്‍ക്ക് ഒരു ദിവസത്തെ പരോള്‍ പോലും കിട്ടുന്നില്ല. മറ്റു തടവറകളിലുള്ള കുടുംബാംഗങ്ങളെ അവര്‍ക്ക് കാണാന്‍ അനുവാദമില്ല. അവര്‍ക്ക് ജോലികളോ മറ്റു വിനോദമാര്‍ഗങ്ങളോ ഇല്ല. അനിശ്ചിതമായ തടഞ്ഞുവെക്കലിനെ നേരിടാന്‍ നിയമപരമായ സഹായവും ഇവര്‍ക്കാര്‍ക്കും ലഭിക്കുന്നില്ല.
എന്‍ആര്‍സിയെ തുടര്‍ന്ന് ദശലക്ഷക്കണക്കിനു പേര്‍ക്കും ഇത്തരം നരകീയാനുഭവങ്ങളുണ്ടാകുമെന്നാണ് നാം ഭയക്കേണ്ടത്.
ആരാണ് അസമിലെ ‘വിദേശികള്‍’ എന്നു കണ്ടെത്താനുള്ള വലിച്ചുനീട്ടിയ പ്രക്രിയ, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണെങ്കിലും, കൂടുതല്‍ യാതനകള്‍ക്കും ധ്രുവീകരണത്തിനും കാരണമാകും. എല്ലാ ശ്രമങ്ങളുടെയും മധ്യത്തില്‍ ‘കരുണ’ എന്ന വികാരത്തെ പ്രതിഷ്ഠിച്ചില്ലെങ്കില്‍ അന്തിമമായ എന്‍ ആര്‍ സി പട്ടിക 1980 കളില്‍ നാം കണ്ട രക്തച്ചൊരിച്ചിലുകളിലേക്കും ദരിദ്ര സമൂഹങ്ങളുടെ യാതനകളിന്മേല്‍ കെട്ടിയുയര്‍ത്തപ്പെടുന്ന തിരഞ്ഞെടുപ്പുവിജയങ്ങളിലേക്കും ഇന്ത്യയെ നയിക്കും.
ഹര്‍ഷ് മന്ദര്‍
You must be logged in to post a comment Login