സര്‍ സയ്യിദ് അഹമ്മദ് ഖാനെ കുറിച്ചുള്ള പൊതുവായ ധാരണ അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ മാത്രമാണ് എന്നാണ്. ദീര്‍ഘദൃഷ്ടിയുള്ള ഒരു രാഷ്ട്രീയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം. കടുത്ത ബ്രിട്ടീഷ് പക്ഷപാതിത്വം അദ്ദേഹത്തെ കോണ്‍ഗ്രസ് വിരോധിയാക്കി. ഭൂരിപക്ഷസമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ബംഗാളിലെ വിദ്യാസമ്പന്നരായ സവര്‍ണരാല്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്തത് ആ കാലഘട്ടത്തിലെ മുസ്‌ലിം ചിന്താഗതിയെ നന്നായി സ്വാധീനിച്ചു. 1906ല്‍ ധാക്കയില്‍ സര്‍വേന്ത്യ മുസ്‌ലിംലീഗ് രൂപവത്കരിക്കപ്പെടുന്ന ചരിത്രപശ്ചാത്തലം ഇതിനോട് ചേര്‍ത്തുവായിക്കാം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടൊഴിയുന്നതോടെ മുസ്‌ലിംകള്‍ സവര്‍ണമേധാവിത്വത്തിനു കീഴില്‍ രണ്ടാംകിട പൗരന്മാരായി കഴിയേണ്ടിവരുമെന്നായിരുന്നു അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്. ഇന്ത്യ ഒരു രാജ്യമാണെങ്കിലും രണ്ടു ദേശീയതയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതവീക്ഷണം. മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്രവാദത്തിന്റെ വേരുകള്‍ അന്വേഷിച്ചുപോയാല്‍ സര്‍ സയ്യിദിന്റെ ഈ ആശയധാരയിലാണ് എത്തിച്ചേരുക എന്ന് ചരിത്രകാരന്മാര്‍ എടുത്തുകാട്ടുന്നുണ്ട്.
രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനത്തിലൂടെ കടന്നുപോകുമ്പോള്‍ ആ കാലഘട്ടത്തിന്റെ വിചാരഗതി എന്താണെന്ന് പരിശോധിക്കുന്നത് നന്നാവും. ലഖ്‌നോവില്‍ സര്‍ സയ്യിദ് നടത്തിയ ഒരു പ്രസംഗത്തിലെ വിഷയം ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെ കൈകളിലേക്ക് അധികാരം കൈമാറിയാല്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ചായിരുന്നു. മുസ്‌ലിം പക്ഷത്തുനിന്നുകൊണ്ട് ഭാവി ഇന്ത്യയെ കുറിച്ച് അദ്ദേഹം വെച്ചുപുലര്‍ത്തിയ ആകുലതകള്‍ ഇങ്ങനെയായിരുന്നു:
‘എന്റെ മുസ്‌ലിം സഹോദരങ്ങളേ, ഞാന്‍ വീണ്ടും നിങ്ങളെ ഓര്‍മപ്പെടുത്തുന്നു; ദേശങ്ങള്‍ ഭരിച്ചവരാണ് നിങ്ങള്‍. നൂറ്റാണ്ടുകളോളം വിവിധ രാജ്യങ്ങളുടെ കടിഞ്ഞാണ്‍ നിങ്ങളുടെ കൈകളിലായിരുന്നു. ഏഴുനൂറ്റാണ്ടുകളോളം ഇന്ത്യയുടെ ആധിപത്യം നിങ്ങള്‍ക്കായിരുന്നു. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍, നിങ്ങളെ ഭരിക്കുന്ന രാജ്യത്തോട് നീതികേട് കാണിക്കാതിരിക്കുക. അവരുടെ ഭരണം എത്ര മികച്ചതാണെന്ന് ഒന്നാലോചിച്ചുനോക്കൂ! ഇംഗ്ലീഷ് ഭരണകൂടം വിദേശ രാജ്യങ്ങളോട് കാണിക്കുന്ന ദയാദാക്ഷിണ്യം ലോകചരിത്രത്തില്‍ ഉദാഹരണമില്ലാത്തതാണ്… നിങ്ങളുടെ ശ്രദ്ധ വേണ്ടവിധം പതിയുന്നതിന് ഇന്ത്യയുടെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ പതിവായി ഞാന്‍ കൈകാര്യം ചെയ്യും. ഇതില്‍ ഒന്നാമത്തേത്, ആരുടെ കരങ്ങളിലാണ് ഭരണവും ഇന്ത്യന്‍ സാമ്രാജ്യവും സ്ഥിതി ചെയ്യുന്നത് എന്ന ചോദ്യമാണ്. ഇംഗ്ലീഷ് ഭരണം അവസാനിക്കുകയും സര്‍വായുധങ്ങളും വെടിക്കോപ്പുകളുമായി ഇംഗ്ലീഷ് സൈന്യം ഇന്ത്യ വിടുകയും ചെയ്തുവെന്ന് സങ്കല്‍പിക്കുക. ആരായിരിക്കും പിന്നീട് ഇന്ത്യ ഭരിക്കുക? രണ്ടു ദേശീയതകള്‍ക്ക് മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഒരേ സിംഹാസനത്തില്‍ ഇരുന്ന് തുല്യമായി അധികാരം പങ്കുവെക്കാന്‍ സാധിക്കുമെന്ന് തോന്നുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല. ഒരുകൂട്ടര്‍ മറ്റൊരു കൂട്ടരെ കീഴടക്കുകയും ചവിട്ടിപ്പിടിക്കുകയും ചെയ്യുക അനിവാര്യമാണ്. രണ്ടുകൂട്ടര്‍ക്കും തുല്യരായി ജീവിക്കാം എന്ന് പ്രതീക്ഷിക്കുന്നത് അസാധ്യമായത് ആഗ്രഹിക്കലാണ്.’
വിഭജനത്തിലേക്ക് നയിക്കുന്നതില്‍ സര്‍ സയ്യിദിന്റെ ഈ കാഴ്ചപ്പാട് മുസ്‌ലിം ലീഗിനെയും മുഹമ്മദലി ജിന്നയെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന് പലപ്പോഴും അപഗ്രഥിക്കപ്പെടാറുണ്ട്. രണ്ടുദേശീയത എന്ന വീക്ഷണം പിന്നീട് സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ വിലപേശല്‍ നിലപാടായി മാറിയതും ചരിത്രത്തില്‍ നാം വായിച്ചു. ധാക്കയിലെ ഷാ ബാഗില്‍ 1906 ഡിസംബര്‍ 30ന് ചേര്‍ന്ന സര്‍വേന്ത്യാ മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ പ്രഥമ പ്രസിഡന്റ് മുഷ്ത്താഖ് ഹുസൈന്‍ നടത്തിയ ദൈര്‍ഘ്യമേറിയ പ്രസംഗത്തില്‍ സര്‍സയ്യിദിന്റെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ കൃത്യതയോടെ അവതരിപ്പിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യ എടുക്കുമ്പോള്‍ മുസ്‌ലിംകള്‍ അഞ്ചിലൊന്ന് മാത്രമാണെന്നും വിദൂരകാലത്ത് എപ്പോഴെങ്കിലും ബ്രിട്ടീഷ് വാഴ്ചക്ക് ഇന്ത്യയില്‍ അന്ത്യം കുറിക്കപ്പെടുകയാണെങ്കില്‍ നമ്മെക്കാള്‍ നാലിരട്ടി വലുപ്പമുള്ള സമുദായത്തിന്റെ കൈകളിലേക്കായിരിക്കും രാജ്യത്തിന്റെ ചെങ്കോല്‍ കൈമാറപ്പെടുക എന്നും അദ്ദേഹം ഓര്‍മിപ്പിക്കുകയുണ്ടായി. (The Great Speech of Modern India പേജ് 37). ഒരു മതേതര വ്യവസ്ഥിതിയില്‍ രാജ്യത്തിന് മതമില്ലെന്നും ജനാധിപത്യ ആശയങ്ങളായിരിക്കും ഭരണദിശ നിയന്ത്രിക്കുകയെന്നുമുള്ള ഉയര്‍ന്ന കാഴ്ചപ്പാടുകള്‍ ആ കാലഘട്ടത്തിന്റെ ചിന്തയെ തഴുകിപ്പോയിട്ടുപോലുമില്ലെന്ന് വിഭജനം തെളിയിച്ചു. മുസ്‌ലിംകളുടെ പേരില്‍ മുഹമ്മദലി ജിന്ന ‘പുണ്യഭൂമി’ വിലപേശി വാങ്ങി. ഹിന്ദു രാഷ്ട്രം എന്ന തീവ്രവലതുപക്ഷത്തിന്റെ സ്വപ്‌നം ജവഹര്‍ലാല്‍ നെഹ്‌റു തകര്‍ത്തു. സര്‍ദാര്‍ പട്ടേലിനു പോലും ആ വഴിയിലൂടെ തന്നെ സഞ്ചരിക്കേണ്ടിവന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനയില്‍ സവിശേഷാവകാശങ്ങള്‍ വകവെച്ചുകൊടുത്തു എന്ന് മാത്രമല്ല, ഭരണത്തില്‍ തുല്യാവകാശവും തുല്യനീതിയും ലഭ്യമാക്കുമെന്ന് ഒരു പരിധിവരെയെങ്കിലും പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു. അയല്‍രാജ്യത്ത് ന്യൂനപക്ഷസമൂഹം പീഡിപ്പിക്കപ്പെടുകയോ അക്രമത്തിന് ഇരയാവുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നെഹ്‌റു പാക് പ്രധാനമന്ത്രി ലിയാഖത്തലി ഖാനുമായി കരാറൊപ്പുവെച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ഭയരഹിതരായും സുരക്ഷിതരായും ജീവിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വിധി കല്‍പിച്ച ന്യായാസനങ്ങള്‍, അവരുടെ ഭാഷാപരവും സാംസ്‌കാരിവുമായ അസ്തിത്വം നിലനിറുത്താനാവാശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കിക്കൊണ്ടിരുന്നു. ജിന്നയുടെ സ്വപ്‌നഭൂമിയില്‍ സൈനികഭരണവും സ്വേച്ഛാധിപത്യവും അരങ്ങ് വാണപ്പോള്‍ ജനാധിപത്യ ഇന്ത്യ വന്‍കുതിപ്പുകള്‍ നടത്തി. ജനായത്ത സ്ഥാപനങ്ങളുടെ വികാസം എല്ലാവിഭാഗങ്ങള്‍ക്കും കിനാവ് കാണാന്‍ സ്വസ്ഥത നല്‍കി. അതോടെ, ബ്രിട്ടീഷുകാര്‍ കപ്പല്‍ കയറുന്നതോടെ മഹാദുരന്തങ്ങളും ചോരച്ചാലുകളും മാത്രമായിരിക്കും ബാക്കിയാവുക എന്ന് പ്രവചിച്ച പലരുടെയും കാഴ്ചപ്പാടുകള്‍ പിഴച്ചതായി വിലയിരുത്തപ്പെട്ടു.
കാലം അധികം മുന്നോട്ടുപോകുന്നതിനു മുമ്പ് സര്‍ സയ്യിദും മറ്റ് ക്രാന്തദര്‍ശികളും നല്‍കിയ മുന്നറിയിപ്പുകള്‍ തെറ്റിയില്ല എന്ന് സമര്‍ത്ഥിക്കപ്പെടുന്ന അവസ്ഥയിലേക്ക് തീവ്രവലതുപക്ഷ രാഷ്ട്രീയം എത്തി. ആ വലതുപക്ഷ രാഷ്ടീയത്തിന്റെ അധികാരത്തിലാണ് 2018ലെ സ്വാതന്ത്ര്യദിനം നാം കൊണ്ടാടുന്നത്. ഇന്ത്യ എന്ന മഹത്തായ ഒരാശയം തന്നെ താളപ്പിഴയില്‍ നിഷ്ഫലമാവുകയാണോ എന്ന ചോദ്യമാണ് ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. നമ്മുടെ അതിര്‍ത്തികള്‍, ഹിമാലയത്തിന്റെ താഴ്‌വരയാവട്ടെ, ബ്രഹ്മപുത്രയുടെ തീരങ്ങളാവട്ടെ സംഘര്‍ഷഭരിതമാണിന്ന്. സ്വതന്ത്ര ഇന്ത്യയിലും രണ്ടു ദേശീയതകള്‍ ബാക്കിയാവുകയാണോ എന്ന ഉത്കണ്ഠകള്‍ക്ക് മുന്നില്‍ ഉത്തരമില്ലാത്ത മറ്റനവധി ചോദ്യശരങ്ങള്‍ വന്നുപതിക്കുകയാണ്. പിറന്നമണ്ണില്‍ പൗരത്വം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഒരു വിഭാഗം പ്രാന്തവത്കരിക്കപ്പെടുന്ന അവസ്ഥ എത്ര ഭീകരമാണ്! സ്വാതന്ത്ര്യത്തിന്റെ എത്ര ഗീതങ്ങള്‍ ഉറക്കെച്ചൊല്ലിയാലും 40ലക്ഷം മനുഷ്യരെ രാജ്യമില്ലാത്തവരായി പ്രഖ്യാപിക്കുന്ന ഒരു കരട് പൗരത്വപ്പട്ടിക മുന്നില്‍വെച്ച് ആരുടെ കൈയിലേക്ക് ചെങ്കോല്‍ കൈമാറ്റപ്പെട്ടാലും രാജ്യത്ത് സമാധാനവും സ്വാസ്ഥ്യവും പുലരുമെന്ന് കരുതുന്നത് എന്തുമാത്രം മൗഢ്യമല്ല?
അസമിലെ കൂരിരുട്ട്
സ്വാതന്ത്ര്യലബ്ധിയുടെ ഏഴുപതിറ്റാണ്ട് പിന്നിടുമ്പോള്‍ ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്നതിനെ കുറിച്ച് വികലവും വിനാശകരവുമായ വീക്ഷണഗതി രാജ്യം കൊണ്ടുനടക്കുന്നു എന്നതിന്റെ തെളിവാണ് പൗരത്വം തെളിയിക്കുന്നതിന് വേണ്ടി അസമില്‍ തുടരുന്ന പരീക്ഷണങ്ങള്‍. ഇക്കഴിഞ്ഞ ജുലൈ 30ന് പൗരത്വപട്ടികയുടെ കരട് പുറത്തുവന്നപ്പോള്‍ 41 ലക്ഷം മനുഷ്യര്‍ക്ക് പട്ടികയില്‍ കയറിക്കൂടാന്‍ സാധിച്ചില്ല. അതായത്, ഒരു നിമിഷം കൊണ്ട് ആ ഹതഭാഗ്യര്‍ പൗരന്മാര്‍ അല്ലാതായിത്തീര്‍ന്നിരിക്കുന്നു. നുഴഞ്ഞുകയറ്റക്കാരെന്നോ അനധികൃത താമസക്കാരെന്നോ മുദ്ര കുത്തി ഇവരെ അതിര്‍ത്തിക്കപ്പുറത്തേക്ക് ഏത് നിമിഷവും പുറന്തള്ളാം. അല്ലെങ്കില്‍ അതിര്‍ത്തിമേഖലയില്‍ നാസി ജര്‍മനിയുടെ പാത പിന്തുടര്‍ന്ന് കൊണ്ട് ‘കോണ്‍സെന്‍േ്രടഷന്‍ ക്യാമ്പുകള്‍’ ഉണ്ടാക്കി, തടവിലിടാം. അതോടെ പൗരാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കാം. ഗോള്‍വാള്‍ക്കര്‍ മുമ്പേ പറഞ്ഞിരുന്നു; മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം; പക്ഷേ അവര്‍ക്ക് ഹിന്ദുക്കള്‍ അനുഭവിക്കുന്ന പൗരാവകാശങ്ങള്‍ക്കൊന്നും അര്‍ഹതയുണ്ടാവില്ലെന്ന്. രണ്ടാംകിട പൗരന്മാരായി പോലും പരിഗണിക്കപ്പെടാന്‍ പറ്റാത്തവിധത്തിലുള്ള അപകടകരമായ അവസ്ഥയിലേക്കാണ് ഇവര്‍ എടുത്തെറിയപ്പെടുന്നതെന്ന് പൗരത്വത്തെ കുറിച്ചും ഇന്ത്യയിലെ അതിന്റെ വികാസ പരിണാമങ്ങളെ കുറിച്ചും ആഴത്തില്‍ പഠിച്ച നരെജ ഗോപാല്‍ ജയാല്‍ (Citizenship and its Discontents: An Indian History എന്ന പുസ്‌കതത്തിന്റെ രചയിതാവ് കൂടിയാണ് ഇവര്‍) ചൂണ്ടിക്കാട്ടുന്നു. മതത്തിന്റെയോ ഭാഷയുടെയോ അല്ലെങ്കില്‍ കേവലം ദാരിദ്ര്യത്തിന്റെയോ പേരില്‍ ഇതിനകം രണ്ടാം തരം പൗരന്മാര്‍ എന്ന മ്ലേച്ഛപദവിയിലുള്ളവര്‍ക്ക് അതു പോലും കവര്‍ന്നെടുക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് നാം നടന്നടുക്കുകയല്ലേ എന്ന് തോന്നുന്നു. പൗരത്വം പൂര്‍ണമായും എടുത്തുമാറ്റപ്പെടുകയാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ ലോകത്ത് ഒരു രാജ്യത്തുനിന്നും കേള്‍ക്കാത്ത നടുക്കുന്ന വാര്‍ത്തയാണിതെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്തവിധം, മാനുഷികദുരന്തങ്ങളെ നിസ്സാരമായി സമീപിക്കാന്‍ ഇന്ത്യന്‍ മനസ് പാകപ്പെട്ടിരിക്കുന്നുവെന്നത് വല്ലാത്ത ദുരന്തമാണ്. അസമില്‍ പരന്ന കൂരിരുട്ട് ദേശീയപ്രതിഭാസമായി കാണണമെന്നാഗ്രഹിക്കുന്നത് കൊണ്ടാണ് മമതയുടെ ബംഗാളിലും ബി.ജെ.പി വാഴുന്ന മഹാരാഷ്ട്രയിലും അസം മാതൃകയില്‍ പൗരത്വപരിശോധന സംവിധാനിക്കണമെന്ന മുറവിളി സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഹിന്ദുക്കള്‍ അല്ലാത്തവര്‍ മ്ലേച്ഛന്മാരാണെന്ന ആര്‍.എസ്.എസിന്റെ വിഷലിപ്തമായ ആശയങ്ങള്‍ നട്ടുവളര്‍ത്തിയപ്പോള്‍ അതൊരു കാലഘട്ടത്തിന്റെ മാറാവ്യാധിയായി മാറിയത് കൊണ്ടാണ് സഹവാസികളെ അന്യവത്കരിക്കുന്നതിനും അവരുടെ അന്തസ്സും പൗരത്വവും സ്ഥാവരജംഗമ സ്വത്തുക്കളും കവര്‍ന്നെടുക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഹിന്ദുത്വഇന്ത്യ ഉറക്കൊഴിച്ച് ആലോചിക്കുന്നത്. രാജ്യമില്ലാത്ത (Stateless) പത്ത് ദശലക്ഷം മനുഷ്യര്‍ ഇന്ന് ലോകത്തുണ്ടെത്ര. അതിന്റെ കൂടെ 4.5 ദശലക്ഷം മനുഷ്യരെ ഗാന്ധിജിയുടെ ഇന്ത്യ സംഭാവന ചെയ്യുമ്പോള്‍, മുമ്പ് തിബത്തില്‍നിന്നും അഫ്ഗാനില്‍നിന്നും മറ്റു അയല്‍രാജ്യങ്ങളില്‍നിന്നും അഭയം തേടി എത്തിയവരെ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു മഹാരാജ്യത്തിന്റെ ധാര്‍മിക പതനം പൂര്‍ണമാകുന്നു.
കോണ്‍ഗ്രസ് വിതച്ചതാണ് ബി.ജെ.പി കൊയ്യുന്നത്. 1985ല്‍ അസം ഗണപരിഷത്ത് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉണ്ടാക്കിയ കരാര്‍ പ്രകാരം 1971 മാര്‍ച്ചിന് ശേഷം ‘നുഴഞ്ഞുകയറിവരെ’ കണ്ടെത്തി പുറത്താക്കുമെന്ന ഒരു വ്യവസ്ഥയുണ്ടായിരുന്നു. ‘Foreigners who came to Assam on or after March 25, 1971, shall continue to be detected, deleted and practical steps shall be taken to expel such foreigners’ എന്നാണ് കരാറില്‍ പറയുന്നത്. 71നു ശേഷം വന്ന വിദേശികളെ കണ്ടെത്തി രാജ്യത്തുനിന്ന് പുറക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്ന്. 1966 ജനുവരി ഒന്നിന് മുമ്പ് രാജ്യത്ത് എത്തിയവര്‍ക്ക് പൗരത്വം നല്‍കുമത്രെ. 1966 ജനുവരി ഒന്നിനും 71 മാര്‍ച്ച് 24നും ഇടയില്‍ എത്തിയവരെ കണ്ടെത്തി പത്തുവര്‍ഷത്തേക്ക് വോട്ടവകാശം നിഷേധിക്കുമെന്നും കരാറിലുണ്ട്. കോണ്‍ഗ്രസ് അസം ഭരിക്കുന്ന കാലഘട്ടമായിരുന്നു അത്. ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍ലിസ്റ്റില്‍പെടുത്തി ആ പാര്‍ട്ടി വോട്ട് ബാങ്ക് ഉണ്ടാക്കുന്നുവെന്ന ആരോപണമുയര്‍ത്തിയത് വര്‍ഗീയവാദികളും വംശീയഭ്രാന്തന്മാരുമായിരുന്നു. 1979 തൊട്ട് ഈ പ്രശ്‌നം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. വംശീയവും വര്‍ഗീയവുമായ വികാരങ്ങള്‍ ആളിക്കത്തിയപ്പോള്‍ ബാംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍ക്ക് എതിരെയായിരുന്നു കൊലവിളി ഉയര്‍ന്നത്. 1983ലെ നെല്ലി കുട്ടക്കൊല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ആഗോളശ്രദ്ധയില്‍ കൊണ്ടുവന്നു. രണ്ടായിരത്തിലധികം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും പതിനായിരത്തിനു മുകളില്‍ സ്ത്രീപുരുഷന്മാരും ചോരക്കുഞ്ഞുങ്ങളും അന്ന് കൊല്ലപ്പെട്ടു. ‘രണ്ടാം ലോകയുദ്ധത്തിനു ശേഷം നടന്ന ഏറ്റവും ഭയാനകമായ കൂട്ടക്കൊല’ എന്നാണ് ചില പഠനങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. തലസ്ഥാന നഗരമായ ഗുവാഹത്തിയില്‍നിന്ന് 70 കി.മീറ്റര്‍ അകലെ ഇന്നത്തെ മോറിഗാം ജില്ലയിലെ നെല്ലിയില്‍ 14 ഗ്രാമങ്ങളിലേക്ക് 1983 ഫെബ്രുവരി 18ന് ഇരച്ചുകയറിയ സായുധ അക്രമികള്‍ കണ്ണില്‍ കണ്ടവരെ മുഴുവന്‍, ചോരപ്പൈതലുകളെയടക്കം അറുത്തും വെട്ടിയും കൊന്നിടുകയായിരുന്നു. സമീപഗ്രാമങ്ങളില്‍ നിന്ന് എത്തിയവരായിരുന്നു ഈ കൊലയാളികള്‍. അസമിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഈ കൂട്ടക്കൊലയുടെ പേരില്‍ ഒരാള്‍ പോലും പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല എന്ന ലജ്ജാവഹമായ അവസ്ഥയെ കുറിച്ച് ഇന്ന് ഒരാളും മിണ്ടുന്നില്ല. കൊല്ലപ്പെട്ടത് മുഴുവന്‍ മുസ്‌ലിംകള്‍ ആയതിനാല്‍ നിയമം വഴിമാറി നടക്കുകയായിരുന്നു.
41ലക്ഷം അനധികൃത വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെന്നും അസം കരാര്‍ പ്രയോഗവത്കരിക്കുന്നതിന്റെ ആദ്യപടിയായി 1950ലെ പൗരത്വപ്പട്ടിക പരിഷ്‌കരിക്കുന്നതിന് നടപടികളാരംഭിക്കണമെന്നും ആവശ്യപ്പെട്ട് അസം പബ്ലിക് വര്‍ക്‌സ് എന്ന ഗുവാഹത്തി കേന്ദ്രമായുള്ള എന്‍.ജി.ഒ 2009ല്‍ കോടതിയെ സമീപിക്കുന്നതോടെയാണ് സുപ്രീംകോടതിയുടെ മുന്നില്‍ വിഷയമെത്തുന്നത്. അന്ന് കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തത് കൊണ്ടാവണം പൗരത്വപ്പട്ടിക പുതുക്കുന്ന മഹായജ്ഞത്തിന് പരമോന്നത നീതിപീഠം നടപടികളാരംഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ പൗരന്മാരുടെ കണക്കെടുപ്പിന് വീട്കയറിയുള്ള എന്യൂമെറേഷന്‍ ആണ് വ്യവസ്ഥാപിത മാര്‍ഗമെങ്കില്‍ അസമില്‍ മാത്രം പൗരത്വത്തിനു ഓരോരുത്തരും അപേക്ഷ നല്‍കണം എന്ന് വ്യവസ്ഥവെച്ചപ്പോള്‍ 3.3 കോടി മനുഷ്യര്‍ നിലക്കാത്ത ക്യൂവില്‍ അണി ചേര്‍ന്നു. 6.6കോടി രേഖകളാണെത്ര അപേക്ഷകളോടൊപ്പം ഇത്രയുമാളുകള്‍ ഹാജരാക്കിയത്. താന്‍ പൗരനാണ് എന്ന് തെളിയിക്കാന്‍ ‘പൈതൃക വിവരങ്ങള്‍’ (‘Legacy Data) സ്വയം കണ്ടെത്തണമെന്നാണ് നിര്‍ദേശം. ആരാണ് തന്റെ പിതാവെന്നും അവരുടെ പിതാവ് ആരെന്നും ചികഞ്ഞന്വേഷിച്ച് അസമുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം സ്ഥാപിച്ചെടുക്കാനുള്ള മഹായജ്ഞത്തില്‍ സ്വാഭാവികമായും വലിയൊരു വിഭാഗം പരാജയപ്പെട്ടു. ആധാറോ റേഷന്‍ കാര്‍ഡോ വോട്ടര്‍പട്ടികയോ പൗരത്വം തെളിയിക്കാനുള്ള രേഖയായി സ്വീകരിക്കപ്പെട്ടില്ല. അങ്ങനെയാണ് മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അഹമ്മദിന്റെ പിന്‍ഗാമികള്‍ എന്‍. ആര്‍. സി (നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) യില്‍നിന്ന് പുറന്തള്ളപ്പെടുന്നത്. സ്വാതന്ത്ര്യസമരസേനാനികളുടെ പേരക്കിടാങ്ങളും സൈനിക ഉദ്യോഗസ്ഥരുടെ പിന്‍തലമുറയും വിദേശികളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുന്ന ക്രൂരത ഒന്നാലോചിച്ചുനോക്കൂ!
സെപ്റ്റംബര്‍ അവസാനം വരെ പരാതി നല്‍കാനും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനും സമയമുണ്ടെത്ര. ഒടുവില്‍ അന്തിമ പട്ടിക പ്രകാശിതമാകുമ്പോള്‍ എത്രപേര്‍ പൗരന്മാരല്ലാതാവുമെന്ന് കണ്ടറിയണം. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാവാന്‍ വിധിക്കപ്പെടുന്ന ക്രൂരതക്ക് നീതീപീഠത്തിന് കൂട്ടുനില്‍ക്കേണ്ടിവരുന്ന അവസ്ഥ വിചിത്രം തന്നെ.
താഴ്‌വരയിലെ പൊള്ളുന്ന മഞ്ഞ്
അസമില്‍ കൂരിരുട്ട് പരക്കുമ്പോള്‍ അങ്ങ് ഹിമാലയന്‍ താഴ്‌വാരങ്ങളില്‍ കാട്ടുതീ പ്രത്യക്ഷപ്പെടുകയാണോ എന്ന ആകുലതകളിലാണ് സമാധാനകാംക്ഷികള്‍. കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു ആര്‍.എസ്.എസ് സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക് വന്ന ദിവസം താഴ്‌വര നിശ്ചലമായത് അത്തരമൊരു നീക്കത്തിലടങ്ങിയ ഗൂഢാലോചന തങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുമെന്ന ഭീതി കൊണ്ടാണ്. ആരാണ് കശ്മീരിലെ സ്ഥിരം താമസക്കാര്‍ എന്ന് നിശ്ചയിക്കാനും സ്വത്താവകാശം നിര്‍ണയിക്കാനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ഖണ്ഡിക ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ‘വി ദി സിറ്റിസണ്‍’ എന്ന എന്‍.ജി.ഒ ആണ് മുഖ്യ ഹരജിക്കാര്‍. സ്വാഭാവികമായും ആര്‍.എസ്.എസിന്റെ കൃപാശിസ്സുകളോടെയുള്ള നീക്കമായിരിക്കാം ഇത്. ചരിത്രത്തിന്റെ കുഴിമാടം തോണ്ടിയാണ് കശ്മീരിന്റെ സവിശേഷപദവി എടുത്തുകളയാന്‍ ഇവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതിന് അസമിലെ ‘വിദേശപൗരന്മാരുടെ’ പ്രശ്‌നത്തില്‍ എന്ന പോലെ പരമോന്നത നീതിപീഠത്തെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. 38എ അനുച്ഛേദം നെഹ്‌റു മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് 1954ല്‍ ഒരുത്തരവിലൂടെയാണ് ഭരണഘടനയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നതെന്നും 368 (1) ഖണ്ഡിക അനുസരിച്ച് പാര്‍ലമെന്റിന് മാത്രമേ ഭരണഘടന ഭേദഗതി ചെയ്യാന്‍ അവകാശമുള്ളുവെന്നുമാണ് ഹരജിക്കാരന്റെ വാദം. കശ്മീരിന് പ്രത്യേക പദവി പ്രദാനം ചെയ്യുന്ന 370ാം അനുച്ഛേദം എടുത്തുകളയണമെന്ന് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പോലും വാഗ്ദാനം ചെയ്യാറുള്ള ബി.ജെ.പി ഇപ്പോള്‍ താഴ്‌വരയുടെ ജനസംഖ്യ സന്തുലിത്വം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറമെനിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാനും സംവരണം നേടാനുമുള്ള വിലക്ക് മറികടക്കാന്‍ നീക്കമാരംഭിച്ചത്. സ്വതവേ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തുന്ന കശ്മീര്‍ താഴ്‌വരയിലേക്ക് കൂടുതല്‍ കാലുഷ്യം ഇറക്കുമതി ചെയ്യാനും അന്നാട്ടിലെ ജനതയെ പൂര്‍ണമായും അന്യവത്കരിക്കാനുമുള്ള ഗൂഢാലോചനയാണ് മറ നീക്കിപുറത്തുവരുന്നത്. ഇവ്വിഷയകമായി സുപ്രീംകോടതി എന്തു നിലപാട് എടുക്കുമെന്നതിനെ ആശ്രയിച്ചിരുക്കുന്നു താഴ്‌വരയുടെ ഭാവി. കശ്മീര്‍ ഇന്ത്യയോട് ചേര്‍ന്നു സഞ്ചരിക്കാന്‍ എടുത്ത നിര്‍ണായക കാലഘട്ടത്തിന്റെ രാഗദ്വേഷങ്ങളെയും ആ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങളുടെയും സകല ചരിത്രവും വിസ്മരിച്ചാണ് സംഘ്പരിവാറിന്റെ പുതിയ നീക്കം.
തീവ്രവലതുപ്രേതങ്ങള്‍ ഇന്ത്യയെ വേട്ടയാടുമ്പോള്‍
സ്വാതന്ത്ര്യം സഫലമാകുന്നത് അതിന്റെ സദ്ഫലങ്ങള്‍ മനുഷ്യര്‍ക്ക് സ്വസ്ഥവും ഐശ്വര്യപൂര്‍ണവുമായ ജീവിതം സമ്മാനിക്കുമ്പോഴാണ്. സൂര്യവെളിച്ചം നിറഞ്ഞ പകലുകളും നിലാവ് പൂത്തുലയുന്ന രാവുകളും സ്വപ്‌നം കാണുന്ന ഒരു ജനതയെ അസ്വാസ്ഥ്യജനകമായ കൂരിരുട്ടിലേക്ക് തെളിച്ചുകൊണ്ടുപോകുന്ന ദുശ്ശക്തികള്‍ ജനായത്തജീവിത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ സകല ഈടുവെപ്പുകളും നഷ്ടപ്പെട്ട് രാജ്യം അശാന്തിയിലേക്ക് വലിച്ചെറിയപ്പെടുകയാണ്. അര്‍ധരാത്രിയിലേക്ക് സ്വാതന്ത്ര്യപ്രാപ്തി നാം മാറ്റിനിശ്ചയിച്ചത് ജാതകം നോക്കിയുള്ള വലിയൊരു അന്ധവിശ്വാസത്തിന്റെ പുറത്താണെന്ന് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റി’ല്‍ ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും വെളിപ്പെടുത്തുന്നുണ്ട്. ആഗസ്റ്റ് 15 വെള്ളിയാഴ്ച ആയതിനാല്‍ അശകുനം മണത്തറിഞ്ഞെത്ര. അങ്ങനെയാണ് ദൈവവിശ്വാസി അല്ലാത്ത നെഹ്‌റു പാതിരാവില്‍ വിധിയെ കണ്ടുമുട്ടുന്നത്. അത് നാടിന്റെ ദുര്‍വിധിയായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നരേന്ദ്രമോഡിയാണ് രാജ്യത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നതെങ്കിലും മണ്ണും വിണ്ണും വി.ഡി. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പ്രേതങ്ങളാല്‍ നിബിഢമാണ്. അതാണ് കശ്മീരിലും അസമിലുമെല്ലാം ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളെ കൂട്ടിപ്പറയുമ്പോള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യ ആനുപാതികമായി നിലനില്‍ക്കുന്ന സംസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ആര്‍.എസ്.എസ് ശത്രുതാമനോഭാവത്തോടെയാണ് നോക്കിക്കാണുന്നത്. അവിടുത്തെ ജനസംഖ്യ മാറ്റിമറിക്കാന്‍ എന്തുണ്ട് പോംവഴി എന്ന അന്വേഷണത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഈ ദുഷ്ടലാക്ക് മനസിലാക്കാന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ന്യായാധിപവൃന്ദത്തിന് സാധിക്കുന്നില്ല എന്നതാണ് സ്വതന്ത്രഇന്ത്യയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login