ഒരു ഉസ്താദിനെ പറ്റിയാണ് പറഞ്ഞുതുടങ്ങുന്നത്. അത്യാവശ്യം പ്രസംഗിക്കും. കാറിലാണ് യാത്ര. മാന്യമായ വീട്. ശമ്പളത്തിന് പുറമെ, നിത്യവരുമാനത്തിന്റെ മറ്റെന്തെങ്കിലും ഏര്‍പ്പാടുള്ളതായി അറിവില്ല. പതിനേഴ് വര്‍ഷമായി ഒറ്റയൊരിടത്താണ് സേവനം. നാട്ടുകാര്‍ക്കയാള്‍ ജീവാണ്. പേരും ഊരും വിലാസവും പറഞ്ഞാല്‍ നിങ്ങള്‍ക്ക് പിടികിട്ടുമായിരിക്കും-ആയതിനാലാണ് മറച്ചുപറയുന്നത്! ഷംസീറിന്റെ നിയോജകമണ്ഡലത്തിലാണ് ജോലി എന്ന ക്ലൂ മാത്രം ഇപ്പോള്‍ തരാം.
മൂന്നില്‍ മൂത്ത രണ്ട് മക്കള്‍ പഠിക്കുന്നത് രണ്ട് ദഅ്വ കോളജുകളിലാണ്. ചോട്ട, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജിലും. ആളെ നേരത്തെ പരിചയമുണ്ടെങ്കിലും വ്യക്തികുടുംബ വിശേഷങ്ങളിലേക്ക് ആഴത്തിലിറങ്ങിയത് മഅ്ദിനിലെ ഐ പി എഫ് പരിപാടി കഴിഞ്ഞുള്ള മടക്കയാത്രയില്‍ എഗ്മോര്‍ എക്സ്പ്രസില്‍ വെച്ചാണ്. കേട്ടോളൂ ആളിന്റെ പ്രത്യേകത:- മക്കള്‍ പഠിക്കുന്നത് എല്ലാം വെറുതെ കിട്ടുന്ന ധര്മസ്ഥാപനങ്ങളിലായിട്ടും, മൂപ്പര് മൂവരുടെയും പേരില്‍ മാസാമാസം കൃത്യമായി ഫീസടച്ച് പോരുന്നു. തനിക്കിപ്പോള്‍ തരക്കേടില്ലാത്ത സാമ്പത്തികനില ഉണ്ടാവുകയാല്‍ പിരിവിന്പുറത്ത് നടത്തുന്ന സൗജന്യങ്ങള്‍ മക്കളെക്കൊണ്ട് അനുഭവിപ്പിക്കേണ്ട എന്ന തീരുമാനപ്രകാരം മൂപ്പരത് സ്വയം ചെയ്തു പോരുകയാണ്!
മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഈ അനുഭവം പങ്കിടല്‍ ഇപ്പോള്‍ ഒരെഴുത്തായി കത്തിപ്പിടിക്കാന്‍ ഇക്കഴിഞ്ഞയാഴ്ച ഒരു സംഗതിയുണ്ടായി. സമീപ ജില്ലയിലെ ഒരു ദഅ്വാ കോളജില്‍ നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ ക്ലാസെടുക്കാനുള്ള അവസരം കിട്ടി. പ്രോഗ്രാമിന്റെ തൊട്ടുമുമ്പാണ് ക്ഷണിക്കപ്പെട്ടത് എന്നതില്‍ ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. മാടായിപ്പാറയില്‍ കാക്കപ്പൂ പൂക്കുമ്പോലെ വല്ലപ്പോഴും വീണുകിട്ടുന്ന പരിപാടിയല്ലേ, ഒരല്പം ജാഡ കളിച്ചേക്കാം എന്നുകരുതി ഒരിത്തിരി വൈകിയാണ് പോയത്. വൈകിയെത്തിയാല്‍ വിലയേറുമെന്നാണ് വിചാരം. ഈ വിചാരം തന്നെയാണ് എല്ലാത്തിനും കാരണവും.
ആട്ടെ, ചെന്നുനോക്കുമ്പോള്‍, എത്തേണ്ടവരെല്ലാം റെഡിറെഡി. സ്ഥാപനത്തിന്റെ മുറ്റത്തും റോഡിനപ്പുറത്തുള്ള വെളിമ്പറമ്പിലും നിറച്ച് ആഡംബരകാറുകള്‍. എന്റെ ഒരു സുഹൃത്താണ് (ശിഷ്യന് എന്ന് പറയാന്‍, എന്റെ കഠോരമായ വിനയം അനുവദിക്കുന്നില്ല) അവിടുത്തെ ഒരധ്യാപകന്. അവന് വഴി ഞാന്‍ വിവരം ശേഖരിച്ചപ്പോള്‍, അവിടുത്തെ മിക്കവാറും കുട്ടികള്‍ വെല്റ്റുഡു ഫാമിലിയില്‍ നിന്ന് വന്നവരാണെന്ന് അപ്പോള്‍ പറഞ്ഞു. രാത്രിയുണ്ട് വാട്സാപ്പില്‍ അവനൊരു ഫയല്‍ അയക്കുന്നു. ഓപ്പണാക്കിയപ്പോള്‍ കളര്‍ ഷെയ്ഡിംഗ് സഹിതം ഒരു പൈ ഡയഗ്രം. അവനങ്ങനെയാണ്, ചിലപ്പോള്‍ അങ്ങ് ഓവറാക്കിക്കളയും. അത് അഴിച്ചെഴുതിയാല് ഇങ്ങനെ:
അതിസമ്പന്നര്‍ 8%
മിതസമ്പന്നര് 26%
സാദാസമ്പന്നര് 24%
കഷ്ടി സമ്പന്നര്‍ 13%
പാവങ്ങള്‍ 29%
എന്തടിസ്ഥാനത്തിലാണ് ഇവനിങ്ങനെ ആളുകളെ അതിമിതസാദാകഷ്ടി കള്ളികളിലേക്ക് അരിഞ്ഞിട്ടിരിക്കുന്നതെന്ന് എനിക്കറിയില്ല. വണ്ടികള്‍ നോക്കിയാണോ എന്ന് സംശയമുണ്ട്. ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മുതല്‍ മാരുതി എഴുന്നൂറ്റിയെമ്പത് വരെയുള്ള വാഹനങ്ങള്‍ ഓഡിറ്റോറിയത്തിലേക്ക് മസിലുപിടിച്ച് നടക്കുന്നതിനിടേ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
നമുക്ക് നമ്മോട് തന്നെ ചില ചോദ്യങ്ങള്‍ സ്വകാര്യമായി ചോദിക്കാനും സ്വതന്ത്രവും എന്നാല്‍ രഹസ്യവുമായ ഉത്തരങ്ങള്‍ കണ്ടെത്തുവാനും മേല്ക്കുറിച്ച അനുഭവങ്ങള്‍ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? എന്താണ് നമ്മുടെ ധര്‍മസ്ഥാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. രാജ്യം മൊത്തത്തില്‍ സാമ്പത്തിക അസ്വസ്ഥതയില്‍ പിടയുകയാണ്. പ്രവാസികള്‍ കുടുംബസമേതം നാട്ടിലേക്കൊഴുകുകയാണ്. കച്ചവട സ്ഥാപനങ്ങളിലെ വിറ്റുവരവുകളുടെ ഗ്രാഫ് അന്നന്ന് ഇടിഞ്ഞുതാഴുകയാണ്. ധര്‍മസ്ഥാപനങ്ങളുടെ ധനാഗമന വഴികള്‍ ഇരുളടഞ്ഞ് കിടക്കുകയാണ്. വളരെ പാടുപെട്ടാണ് മിക്ക സ്ഥാപനങ്ങളും നാളു തള്ളുന്നത്. അപ്പോള്‍, നമ്മുടെ കൂട്ടത്തില്‍ ആവതുള്ളവര്‍ നമ്മുടെ മക്കളെ സമുദായത്തിന് മുന്നില്‍ കൈനീട്ടി കൊണ്ടുവരുന്ന സൗജന്യങ്ങള്‍ കൊണ്ട് പോറ്റണമോ വേണ്ടയോ?
ഒരു നിശ്ചിത യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെ സ്ക്രീനിംഗ് വഴി തിരഞ്ഞെടുക്കുകയും നിശ്ചിത കാലയളവ് വരെ സൗജന്യ താമസ- ഭക്ഷണ- ശിക്ഷണങ്ങള്‍ നല്‍കുമെന്നും സ്ഥാപനങ്ങള്‍ ഉറപ്പ് തന്നതാണ് എന്നത് ശരിതന്നെ. ആയതിനാല്‍ തന്നെ സ്ഥാപനങ്ങളൊന്നും പഠിതാക്കളില്‍ നിന്ന് ഫീസ് ആവശ്യപ്പെടില്ലായിരിക്കാം. ഇത് സ്ഥാപനത്തിന്റെ വീക്ഷണകോണാണ്. അതേസമയം, സ്ഥാപനത്തില്‍ മക്കളെ അയച്ച് പഠിപ്പിക്കുന്ന നാമോരോരുത്തരും സ്വന്തം വരുമാനവും സാമ്പത്തികനിലയും കണക്കുകൂട്ടി മക്കളെ അന്യരുടെ ചെലവില്‍ പഠിപ്പിക്കണമോയെന്ന് ചിന്തിച്ചുകൂടേ? നമ്മള് കഴിവുള്ളവരാണെങ്കില്‍ മക്കളുടെ മാസച്ചെലവ് സ്വന്തമായി ഗണിച്ച് സ്ഥാപനത്തിലേക്ക് മാസം മുറിയാതെ എത്തിച്ചുകൂടേ?
ഈയൊരു ചിന്ത റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, നമ്മുടെ നാടുകളിലെ മദ്റസകളുടെ കാര്യത്തിലും ബാധകമാക്കാവുന്നതാണ്. നമ്മള് മറ്റ് പലതിനും- ഉണ്ടായിട്ടും ഇല്ലാഞ്ഞിട്ടും- പിടിപ്പത് ചെലവാക്കുന്നു. എന്നാല്‍, മതബോധനം സമൂഹത്തിന്റെ ബാധ്യതയാണെന്നും, അത് സൗജന്യമായിത്തന്നെ കിട്ടിക്കൊള്ളണമെന്നുമുള്ള കരിംശാഠ്യം നമ്മെ ഭരിക്കുന്നു. മദ്റസയിലെ മാസച്ചെലവ് ഒപ്പിച്ചെടുക്കാന്‍ മാനേജ്മെന്റ് ശ്വാസംമുട്ടുന്നു. ഉസ്താദുമാരാണെങ്കില് തുച്ഛമായ ശമ്പളത്തില്‍ അരിഷ്ടിച്ചു കഴിയുന്നു. പലരും നില്‍ക്കക്കള്ളിയില്ലാതെ കടല്‍ കടന്ന് കിട്ടിയ പണികള്‍ ചെയ്യുന്നു, ചെയ്യേണ്ടിവരുന്നു.
ഓര്‍ക്കണം, മക്കളെ നാം ഇംഗ്ലീഷ് മീഡിയത്തിലാണ് ചേര്‍ത്തതെങ്കില്‍ സൂട്ടും കോട്ടും മറ്റും മറ്റുമായി പ്രതിവര്‍ഷം എത്രായിരം ഉറുപ്യ ചെലവാക്കണം. മദ്റസയില്‍ കുട്ടിക്ക് ഇത്ര എന്നുവെച്ച് മാസാമാസം ഒരു തുക ഫീസായി അടക്കാന്‍ കഴിയാത്തവര്‍ നമ്മില്‍ എത്രയധികമുണ്ട്? അങ്ങനെ ചെയ്യുന്ന പക്ഷം, വളരെ മാന്യമായ വേതനം നല്കി നമ്മുടെ ഉസ്താദുമാരെ നമുക്ക് അര്‍ഹമായ നിലക്ക് ആദരിച്ച് കൂടേ? ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ആലോചിച്ച് ഉചിതമായി തീരുമാനിക്ക് എന്നു പറയുന്നതിനേക്കാള്‍ മദ്റസ മാനേജ്മെന്റ് മുന്‍കൈ എടുത്ത് പ്രാവര്‍ത്തികമാക്കുകയല്ലേ വേണ്ടത്. ഒരു ഉണര്ത്തുകുറിപ്പിന്റെയും ആവശ്യമില്ലാതെത്തന്നെ, തനിക്കാവതുണ്ടാകയാല് മക്കളെ സ്വന്തം ചെലവില്‍ പഠിപ്പിക്കണമെന്ന് സ്വയം തീരുമാനിച്ച, ഉസ്താദേ, അങ്ങയുടെ മാതൃകാപരമായ നിലപാടിന് പിന്തുടര്ച്ച കൊണ്ട് ഞങ്ങള്‍ ആദരങ്ങളര്പ്പിക്കാം എന്ന് ഞാനിതാ പറയാന്‍ പോവുകയാണ്. എന്ത് കൊണ്ട്? പിന്തുടര്ച്ച കൊണ്ട് നിങ്ങളുണ്ടാവും കൂടെ എന്ന ഒറ്റ പ്രതീക്ഷയില്‍. ഉടയോന് ഉതവി നല്കട്ടെ.
ഫൈസല്‍ അഹ്സനി ഉളിയില്‍
You must be logged in to post a comment Login