ഫിര്ഔന്. ചരിത്രത്തിലെ ക്രൂരരായ ചക്രവര്‍ത്തിമാരില്‍ ഒരാള്‍. ദൈവമായി സ്വയം പ്രതിഷ്ഠിച്ചവന്. വംശവെറിയും ആത്മരതിയും ചേര്‍ന്നാല്‍ ഫറോവയാകുമെന്ന് ചരിത്രം. അധികാരമുറപ്പിക്കാന്‍ വംശവിഛേദം നടപ്പാക്കിയ സ്വേഛാധിപതി. ഇസ്രയേല്‍ വംശജരുടെ പരീക്ഷണ കാലമായിരുന്നു അത്. കോപ്റ്റിക് വംശജരുടെ കൊടിയ പീഡനത്തില്‍, ദുര്‍ബലരായ ആ ജനത അങ്ങേയറ്റം സഹിക്കേണ്ടിവന്നു. ഒടുവില്‍ അവര്‍ക്കിടയില്‍നിന്ന് വിമോചകന് വന്നു; കലീമുല്ലാഹി മൂസാ(അ).
പുരാതനമായ ഈജിപ്തിലെ അധികാരിയുടെ കൊട്ടാരമാണ് ‘ഫറവോ’. മഹത്തായ ഗൃഹം എന്നാണര്‍ത്ഥം. കാലക്രമത്തില്‍ രാജാക്കന്മാരെ അപ്പേരില്‍തന്നെ വിശേഷിപ്പിച്ചുതുടങ്ങി. എന്തായാലും ഇസ്രയേല്‍ ജനം രക്ഷപ്പെട്ടു. ഖുര്‍ആന്‍ അവരെ ഓര്‍മിപ്പിക്കുന്നു: ‘ഫിര്‍ഔന്റെ ആളുകളില്‍നിന്ന് നിങ്ങളെ രക്ഷിച്ചത് ഓര്‍ക്കുക. ആണ്‍കുട്ടികളെ കൊന്നും സ്ത്രീകളെ വെറുതെ വിട്ടും അവര്‍ നിങ്ങളെ നിന്ദ്യമായി പീഡിപ്പിച്ചു. അത് നിങ്ങളുടെ രക്ഷിതാവിന്റെ വലിയൊരു പരീക്ഷണമായിരുന്നു'(ആശയം: സൂറ ബഖറ- 49). നിരന്തരം ഇസ്രയേല്‍ ജനത്തെ ഖുര്‍ആന്‍ ഇത് ഓര്‍മിപ്പിച്ചതു കാണാം. പക്ഷേ നന്ദിയൊട്ടും കണ്ടതേയില്ല!
ദൈവ നിശ്ചയം കൃത്യമായി നടക്കുന്നതിന്റെ അടയാളങ്ങള്‍ ആ ചരിത്രത്തില്‍ നമുക്ക് കാണാം. അധികാരത്തിന് അലോസരമില്ലാതിരിക്കാന് ഇസ്രയേല്‍ ജനത്തിന്റെ മക്കളെ മുഴുവന്‍ കൊന്ന ഫറോവക്ക് യഥാര്‍ത്ഥ പ്രതിയോഗിയെ കൊല്ലാനായില്ല. മൂസാനബി പെറ്റുവീണ ശേഷം നൈലിന്റെ മടിത്തട്ടിലും ഫറോവയുടെ കൊട്ടാരത്തിലുമായിത്തന്നെ വളര്‍ന്നു. ഫറോവയുടെ ചെലവില്‍, പ്രിയ പത്നിയുടെ മടിത്തട്ടില്‍. എന്നാല്‍ അവരെ പെറ്റ ഉമ്മയുടെ മുലപ്പാല്‍ കുടിച്ചുതന്നെ അവന് വളര്‍ന്നു. സര്‍വേശ്വരന്റെ ആസൂത്രണത്തിന് മുന്നില്‍ മറ്റെല്ലാ ആസൂത്രണങ്ങളും പാളും. ഇബ്നു അബ്ബാസ്(റ) ചേതോഹരമായി ഇക്കാര്യം എഴുതിയിട്ടുണ്ട്. കൊല്ലുന്നതിന്ന് അറബിയില്‍ ‘ഖത്ല്‍’ എന്നാണ് പറയുക. എന്നാല്‍ ഖുര്‍ആന്‍ ‘ദബ്ഹ്’ എന്നാണുപയോഗിച്ചിട്ടുള്ളത്. അറവ് എന്നാണര്‍ത്ഥം. രക്തരൂക്ഷിതമായ വംശവിഛേദനമായിരുന്നു അത്. കുഞ്ഞുമക്കളെ അറുത്ത് കൊല്ലാന്‍ തക്ക അധികാരക്കൊതി ആയിരുന്നു അത്. ഫറോവ കണ്ട ഒരു സ്വപ്നം സുദ്ദി(റ) രേഖപ്പെടുത്തുന്നു: വിശുദ്ധ ദേവാലയമായ ബൈതുല്‍മുഖദ്ദസില്‍ നിന്ന് വരുന്ന ഒരു തീ ഈജിപ്താകെ വിഴുങ്ങുന്നു. ഒറ്റ കോപ്റ്റിക്കിനെയും ആ തീ നക്കാതിരുന്നില്ല. അതേസമയം ഇസ്രയേല്‍ ജനത്തിന് തീ പറ്റിയതുമില്ല. ഫറോവ ഞെട്ടി. പ്രശ്നം വെച്ച് ജോത്സ്യന്മാര് പ്രവചിച്ചു:
ബൈതുല്മുഖദ്ദസില്നിന്ന് ഒരുത്തന് അവതരിക്കും. അവന് കാരണമായി ഫറോവയും സകലാധികാരികളും നശിക്കും. ഇതുകേട്ടതോടെയാണ് ഫറോവ ഇസ്രയേല്‍ ജനത്തിലെ കുഞ്ഞു ജീവനുകളെ മുച്ചൂടും നശിപ്പിക്കാന്‍ പ്രത്യേക ദൗത്യ സേനയെയും രഹസ്യാന്വേഷകരെയും രാജ്യമാകെ വിന്യസിക്കുന്നത്(ആശയം/ തഫ്സീര്‍ അല്‍കബീര്‍). ആണുങ്ങളില്ലാതെ പെണ്ണുങ്ങള് നരകിക്കും. അവര്‍ കോപ്റ്റിക്കുകളുടെ ഉപകരണമാവും.
പക്ഷേ അല്ലാഹു അതിനനുവദിച്ചില്ല. ഇസ്രയേല്‍ ജനത്തെ അവന് കാത്തു. മാനവും മൂല്യവും ജീവനും തിരിച്ചുനല്‍കി. ഇതാണ് അല്ലാഹു അവരെ ഓര്‍മിപ്പിക്കുന്നത്.
‘ഓ മൂസാ! തങ്ങളുടെ മാതാവിന് നാം ദിവ്യബോധനം(വഹ്യ്) നല്‍കിയത് ഓര്‍ക്കുക; കുട്ടിയെ പെട്ടിയിലടക്കുക, പെട്ടി പുഴയിലൊഴുക്കുക, എന്റെയും അവന്റെയും ശത്രു അവനെ പോറ്റുന്നതാണ്(ആശയം: സൂറതു ത്വാഹാ- 39).
യുവത്വം പറക്കുന്ന സമയത്ത് മൂസാ സത്യസന്ദേശവാഹകനായി ഫറോവയുടെ കൊട്ടാരത്തിലെത്തി. അവിടെ വിളംബരം ചെയ്യപ്പെട്ട ആ സന്ദേശം ഫറോവയുടെ ഒടുക്കത്തിന്റെ തുടക്കമായി. മൂസയെ തോല്പിക്കാന് ഫറോവ സര്‍ഗാത്മക പ്രതികരണങ്ങള്‍ നടത്തിനോക്കി. മാന്ത്രികന്മാരെ വെച്ച് മൂസയെ വെല്ലാനായിരുന്നു പദ്ധതി. പാളി. മായാജാലത്തിലൂടെ പുറത്തിറങ്ങിയ പാമ്പുകളെയൊക്കെ മൂസയുടെ പാമ്പ് വിഴുങ്ങിയതോടെ ചരിത്രത്തില്‍ ഒരു വന്‍ പ്രകമ്പനമുണ്ടായി. ജാലവിദ്യക്കാര്‍ ഒന്നടങ്കം മൂസായുടെ സന്ദേശം ശിരസാവഹിച്ചു! ഫറോവ ക്രുദ്ധനാവുന്നത് ഇതോടെയാണ്. പരിഭ്രമവും ഹുങ്കും അവനില്‍ ഒരുപോലെ കത്തി. ഒന്നും ഫലപ്പെട്ടില്ല. വായ് പിളര്‍ന്ന് നില്ക്കുന്ന നൈലിന്റെ ആഴങ്ങളിലേക്കും പിന്നീട് പുരാവസ്തു മ്യൂസിയത്തിലേക്കുമായിരുന്നു ഫറോവയുടെ വിധി. എന്തായാലും ഇസ്രയേല്‍ ജനം സര്‍വത്ര സ്വതന്ത്രരായി. ഇക്കാര്യം അവരുടെ പിന്‍ഗാമികളായ, നബിയുടെ കാലത്തെ ജൂത/ ക്രൈസ്തവരെയാണ് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ അക്കാലത്തെ ഫറോവയുടെ പേര് ‘ഖാബൂസ്’ എന്നാണ്(തഫ്സീര്‍ ഖുര്‍ത്വുബി/ 1).
ഇസ്രയേല്‍ ജനത്തിന് വന്നുപെട്ട മഹാപരീക്ഷണമായിരുന്നു ഫറോവ. അതില്‍നിന്ന് അല്ലാഹു അവരെ രക്ഷിച്ചു. പിന്നെ അവരെ സ്വാതന്ത്ര്യം കൊണ്ട് പരീക്ഷിച്ചു. ഏറ്റവും നല്ല അവസ്ഥയില്‍ അവര്‍ മൂസാനബിയോട് എങ്ങനെ പെരുമാറുന്നു എന്നായിരുന്നു പരീക്ഷണം.
അതിലവര്‍ പരാജയപ്പെട്ടു. അവര്‍ മൂസാനബിയെ ധിക്കരിച്ചു. പലപ്പോഴും വാഗ്ദാനങ്ങള്‍ ലംഘിച്ചു. ചിലപ്പോള്‍ വിശ്വാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍നിന്ന് പോലും അവരില്‍ പലരും വഴുതി നീങ്ങി. അക്കാര്യത്തില്‍ ആ ജനത വന്‍ പരാജയമായി.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login