കേരളം ചരിത്രത്തിലെ ഭീകരമായ ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. പൂര്‍ണമായി കരകയറാന്‍ നമുക്കിനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. വെറും ഒരു പ്രളയമെന്ന് ഇതിനെ വിളിച്ചുകൂടാ. മനസിലെ നന്മകൊണ്ട് കേരളം ജയിച്ച പ്രളയം എന്ന് പറഞ്ഞാലേ ഈ പ്രളയചിത്രം പൂര്‍ത്തിയാവൂ. സമീപകാലത്തൊന്നും വന്‍ദുരന്തങ്ങള്‍ നേരിട്ട് പരിചയമില്ലാത്തവരാണ് മലയാളികള്‍. ഏറെക്കുറെ ശാന്തവും സമ്പദ്‌സമൃദ്ധവുമായ നാഗരിക ജീവിതം നയിക്കുന്നവരാണവര്‍. പക്ഷേ എന്നിട്ടുപോലും കയ്യിലുള്ളതും കണ്‍മുന്നിലുള്ളതുമെല്ലാം കല്ലും മണ്ണും വെള്ളവുമെടുത്തുകൊണ്ട് പോയിട്ടും അവര്‍ അലമുറയിട്ട് നെഞ്ചിലടിച്ച് കീറി ജീവിതമൊടുക്കുകയല്ല ചെയ്തത്. സാമൂഹിക പദവിയുടെ കുപ്പായങ്ങളെല്ലാം അഴിച്ചെറിഞ്ഞ് രക്ഷാ- ദുരിതാശ്വാസ- പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി മലയാളികള്‍. ഈ കാഴ്ചയാണ്, അനുഭവമാണ് മലയാളിയെ തുടര്‍ന്നും ജീവിക്കാന്‍ പ്രാപ്തനാക്കിയത്. പ്രളയത്തിന്റെ ഒറ്റപ്പെടല്‍ കഴിഞ്ഞപ്പോള്‍ രാഷ്ട്രീയമായി കേരളത്തെ ഒറ്റപ്പെടുത്താനും നോക്കി. അതിനെയും സ്വതസിദ്ധമായ മനോധൈര്യത്തോടെ നേരിട്ടു. നമ്മള്‍ അതിജീവിക്കും എന്ന് പറഞ്ഞ് മലയാളികള്‍ കൈകൊടുത്തതോടെ ആ പ്രളയവും മലയിറങ്ങിയെന്ന് തോന്നുന്നു.
പ്രളയത്തിന്റെ തുടക്കത്തില്‍തന്നെ നമ്മളുയര്‍ത്തിയ മുദ്രാവാക്യം കേരളമതിജയിക്കും എന്നതായിരുന്നു. അത് വെറുമൊരു ഹാഷ് ടാഗായി ഒതുങ്ങിയില്ല. അത് ഓരോ മലയാളിയുടെയും സിരകളിലേക്ക് പടര്‍ന്നു. എല്ലാതരം വിഭാഗീയതകളും ഈ പ്രളയത്തില്‍ കുത്തിയൊലിച്ചുപോയി. ആണും പെണ്ണും, കുട്ടികളും വൃദ്ധരും, നാട്ടിലുള്ളവരും പ്രവാസികളും എല്ലാവരും ചേര്‍ന്ന് ജീവിതത്തെ കരകയറ്റാന്‍ ഒന്നിക്കുന്നതാണ് നമ്മള്‍ കണ്ടത്. നന്മയുടെ പ്രളയം കൊണ്ട് ഈ ജല പ്രളയത്തെ തോല്‍പിക്കുകയായിരുന്നു നമ്മള്‍. ഉള്ളില്‍ കരുതിവെച്ചിരുന്ന നന്മകളെല്ലാം കൂടി കുത്തിയൊലിച്ച് വന്നപ്പോള്‍ മലയാളി മറ്റൊരാളായി മാറി.
കടലിന്റെ മക്കള്‍; മലയാളിയുടെ പട്ടാളം
കുത്തിയൊഴുകിവന്ന പ്രളയജലത്തിനുമേല്‍ സാധാരണക്കാര്‍ മാത്രമല്ല, വിദഗ്ധ പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍ വരെ പകച്ചുപോയി. ആശങ്കയുടെ ആ മണിക്കൂറുകളിലേക്കാണ് കടലിന്റെ മക്കള്‍ വള്ളമിറക്കിയത്. വള്ളങ്ങള്‍ ലോറിയില്‍ കയറ്റി തെക്കന്‍ ജില്ലകളില്‍നിന്നാണ് കൂടുതല്‍ പേര്‍ വന്നത്. കലിതുള്ളുന്ന കടലിനോട് പടപൊരുതിയുള്ള പരിചയവും ജന്മസിദ്ധമായ സാഹസികതയും മാത്രമാണ് അവര്‍ക്ക് കൈമുതലായുണ്ടായിരുന്നത്. ഓഖി ദുരന്ത കാലത്ത് സഹായിച്ച സഹജീവികളോടുള്ള പ്രത്യുപകാരം കൂടിയായിരുന്നു അവര്‍ക്കീ പ്രളയകാലം.
സൈന്യത്തിനുപോലും എത്തിച്ചേരാനാവാത്തിടത്ത് കടന്നുചെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ കാരുണ്യത്തിന്റെ മാലാഖമാരാവാന്‍ അധികസമയം വേണ്ടിവന്നില്ല. തുടക്കത്തില്‍ സ്വമനസ്സാല്‍ ഇറങ്ങിത്തിരിച്ചതായിരുന്നു അവര്‍. പിന്നീട് ഫിഷറീസ് വകുപ്പ് തന്നെ ഇടപെട്ട് കൂടുതല്‍ പേരെ രംഗത്തിറക്കി. സന്നദ്ധ സംഘടനകളും മത്സ്യത്തൊഴിലാളി സംഘടനകളും പള്ളികളുമൊക്കെയിടപെട്ട് തൊഴിലാളികളെ സംഘടിപ്പിക്കുകയും കലക്ടര്‍മാരും പൊലീസുമിടപെട്ട് അവര്‍ക്ക് യാത്രാ- അനുബന്ധ സൗകര്യങ്ങളൊരുക്കുകയും ചെയ്തതോടെ കേരളത്തിന്റെ കടപ്പുറങ്ങളില്‍നിന്ന് ഒറ്റ രാത്രികൊണ്ട് വലിയൊരു ‘സൈനിക’ നീക്കം നടന്നു. എഴുനൂറോളം വള്ളങ്ങളിറങ്ങിയെന്നും, അവര്‍ ഏതാണ്ട് എഴുപതിനായിരം ജീവന്‍ രക്ഷിച്ചു എന്നുമാണ് ഏകദേശ കണക്ക്. മത്സ്യത്തൊഴിലാളികളുടെ അര്‍പ്പണബോധത്തെയും സാഹസികതയെയും സര്‍ക്കാരും മാധ്യമങ്ങളുമൊക്കെ എടുത്തുപറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളൊക്കെ കേരളത്തിന്റെ സ്വന്തം ആര്‍മിയെ നന്നായി കവര്‍ ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ലഭിച്ച പാരിതോഷികങ്ങള്‍കൂടി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി മത്സ്യത്തൊഴിലാളികള്‍ കേരളത്തിന് വീണ്ടുമൊരിക്കല്‍ കൂടി കൈതന്നു. രക്ഷാപ്രവര്‍ത്തനത്തിനിടക്ക് സ്ത്രീകളുടെ ഒരു സംഘത്തിന് ബോട്ടിലേക്ക് കയറാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത ജൈസല്‍ അവരുടെ നിറപ്രതീകമായി മാറുകയും ചെയ്തു.
ഉറങ്ങാതെ സര്‍ക്കാര്‍ വകുപ്പുകള്‍
പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംവിധാനങ്ങളും ഊണുമുറക്കവുമൊഴിഞ്ഞ് കൂടെയുണ്ടായിരുന്നു. അധികമണിക്കൂറുകള്‍ ജോലി ചെയ്തും അവധിദിനങ്ങളില്‍ പ്രവര്‍ത്തിച്ചുമാണ് അവര്‍ നന്മയുടെ ഭാഗമായത്. ദുരന്തനിവാരണ സേന, കര- നാവിക- വ്യോമ സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, കേരള പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്‌സൈസ് തുടങ്ങിയ വിവിധ ഫോഴ്‌സുകളും, റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, വൈദ്യുതി, ഡാം സുരക്ഷ തുടങ്ങി വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളും ദുരന്തനാളുകളില്‍ കണ്ണടക്കാതെ നമുക്കൊപ്പമുണ്ടായിരുന്നു. അപ്രതീക്ഷിതമായ ഒരു ദുരന്തമുഖത്ത് സ്വാഭാവികമായുണ്ടാവുന്ന പാളിച്ചകള്‍ മാറ്റിനിര്‍ത്തിയാല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നന്നായി പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും കളക്ടര്‍മാരും മന്ത്രിമാരുമൊക്കെ മുന്നില്‍നിന്ന് നയിക്കുകയും ചെയ്തു. ഒരു ക്യാപ്റ്റന്റെ റോളില്‍ മുഖ്യമന്ത്രിയും പ്രവര്‍ത്തിച്ചു.
ഫ്രീക്കന്‍ എന്ന് വിളിക്കരുത്
മൊബൈലില്‍ തോണ്ടിയിരിക്കുന്നവര്‍, ബൈക്കും ഓഫ്‌റോഡറുമായി കറങ്ങി നടക്കുന്നവര്‍ എന്നൊക്കെയായിരുന്നു നാമവരെപ്പറ്റി ധരിച്ചിരുന്നത്. എന്നാല്‍ കേരളം മുങ്ങിപ്പൊങ്ങിയപ്പോള്‍ അവര്‍ മുന്നില്‍നിന്ന് നയിക്കുന്നത് നാം കണ്ടു. ഗതാഗതം നിയന്ത്രിക്കാന്‍, രക്ഷാപ്രവര്‍ത്തകരെ വേണ്ട സ്ഥലങ്ങളിലെത്തിക്കാന്‍, വെള്ളം കയറിയ വീടുകളില്‍ സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍, ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിക്കാന്‍, അവ എത്തിച്ചുകൊടുക്കാന്‍, വീടുകളും സ്ഥാപനങ്ങളുമൊക്കെ ശുചീകരിക്കാന്‍ തുടങ്ങി എല്ലാ രംഗങ്ങളിലും അവരെത്തി. വള്ളമിറക്കിയും ഉരുള്‍പൊട്ടല്‍ മേഖലകളിലേക്ക് ഓഫ്‌റോഡറുകളോടിച്ചും, പ്രളയാനന്തരം ശുചീകരണമേറ്റെടുത്തും റോഡുകള്‍ നന്നാക്കിയുമൊക്കെ അവരിലൊരു പറ്റം കായികമായിത്തന്നെ പ്രളയത്തെ നേരിട്ടപ്പോള്‍ മറ്റൊരു വിഭാഗം ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സാധ്യതകളുപയോഗപ്പെടുത്തി കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേകോപിപ്പിച്ചു.
പലതുള്ളി പെരുവെള്ളം
നിത്യച്ചെലവുകള്‍ക്ക് തന്നെ ഓരോ മാസവും കടമെടുത്തുകൊണ്ടിരിക്കുന്ന കേരളത്തിന് പ്രളയമുണ്ടാക്കിയ സാമ്പത്തികാഘാതം വളരെ വലുതാണ്. കേന്ദ്ര സഹായം പരിമിതപ്പെടുകയും വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കുവരികയും ചെയ്തതോടെ ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുക എന്നത് മലയാളികള്‍ അഭിമാന പ്രശ്‌നമായികണ്ടു. പണമായും ഭക്ഷ്യധാന്യങ്ങളായും ഇന്ധനമായുമൊക്കെ കേന്ദ്രത്തില്‍നിന്ന് സഹായം കിട്ടിയെങ്കിലും അവ അപര്യാപ്തമായിരുന്നു. മറ്റു സംസ്ഥാനങ്ങളും ബിസിനസ് സ്ഥാപനങ്ങളും വ്യവസായികളും രാഷ്ട്രീയക്കാരും സിനിമാതാരങ്ങളുമെല്ലാം വലിയ സംഖ്യകള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ വലിയ ഓഫറുകളൊക്കെ ലഭിക്കുന്നതിന് മുമ്പുതന്നെ മലയാളികള്‍ ദുരിതാശ്വാസ നിധി ഏറ്റെടുത്തുകഴിഞ്ഞിരുന്നു. വാര്‍ധക്യ പെന്‍ഷനും വികലാംഗ പെന്‍ഷനുമൊക്കെ സംഭാവന നല്‍കിയ ദരിദ്രര്‍, കുടുക്കയിലെ സമ്പാദ്യങ്ങളും സ്‌കോളര്‍ഷിപ്പുകളും കമ്മലും വളയുമൊക്കെ നല്‍കിയ കുട്ടികള്‍, ആഭരണങ്ങള്‍ ഊരി നല്‍കിയ വീട്ടമ്മമാര്‍, ആദ്യശമ്പളവും ഒന്നും രണ്ടും ദിവസത്തെ വേതനവുമൊക്കെ നല്‍കിയ ജീവനക്കാര്‍, പിതൃസ്വത്തായി കിട്ടിയ ഭൂമി നല്‍കിയവര്‍, രക്ഷാപ്രവര്‍ത്തനത്തിന് പാരിതോഷികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ തിരികെ ദുരിതാശ്വാസനിധിയിലേക്ക് തന്നെ നല്‍കിയവര്‍, ദുരിതാശ്വാസ നിധി സമാഹരിക്കുന്നതിനായി ഓടിയ ബസുകള്‍, ഓട്ടോകള്‍, ഓണവും പെരുന്നാളും ആഘോഷിക്കാനുള്ള പണം നല്‍കിയവര്‍… ഈ പട്ടിക അനന്തമായി നീളും. ഒരു പക്ഷേ മറ്റൊരിക്കലും മലയാളി പുറത്തെടുത്തിട്ടില്ലാത്ത ഐക്യവും ദാനശീലവുമാണ് പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
പൂ ചോദിച്ചു; പൂക്കാലം തന്നു
തൃശൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളും വയനാടും ഭീകരമായ കെടുതികളിലാണ്ടപ്പോള്‍ താരതമ്യേന കെടുതികള്‍ കുറഞ്ഞ മറ്റു ജില്ലക്കാര്‍ ഉറക്കമൊഴിഞ്ഞ് ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു. ജില്ലാ ഭരണകൂടങ്ങള്‍ തന്നെ രംഗത്തുവന്നതോടെ പലയിടങ്ങളിലായി കളക്ഷന്‍ സെന്ററുകള്‍ തുറന്നു. രാപ്പകല്‍ ഭേദമില്ലാതെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമൊക്കെ ഒഴുകി. സാധനങ്ങള്‍ ശേഖരിക്കാനും തരംതിരിക്കാനും വളണ്ടിയര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഇനി സാധനങ്ങള്‍ വേണ്ട എന്ന് പരസ്യം ചെയ്യേണ്ടിവന്നു. സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം അനേകം സംഘടനകളും സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളുമൊക്കെ ദുരിതാശ്വാസ സാധനങ്ങള്‍ സമാഹരിച്ചു.
കളക്ഷന്‍ സെന്ററുകളില്‍ ഉറക്കൊഴിഞ്ഞ വളണ്ടിയര്‍മാര്‍, സാധനങ്ങളെത്തിച്ചുകൊടുക്കാന്‍ വാഹനങ്ങള്‍ വിട്ടുനല്‍കിയവര്‍, ദുര്‍ഘടപാതകള്‍ താണ്ടി അവ ദുരന്തമേഖലകളിലെത്തിച്ചവര്‍, കുറച്ച് ചെരിപ്പ് ചോദിച്ചപ്പോള്‍ വണ്ടിയിലുള്ളചെരിപ്പുകള്‍ മുഴുവന്‍ കൊടുത്തവര്‍, കുറച്ച് വസ്ത്രങ്ങള്‍ ചോദിച്ചവര്‍ക്ക് തുണിക്കട തന്നെ നല്‍കിയവര്‍, പുതപ്പു ചോദിച്ചവര്‍ക്ക് കയ്യിലുള്ള പുതപ്പ് മുഴുവന്‍ കൊടുത്ത ഇതര സംസ്ഥാനക്കാര്‍… പൂ ചോദിച്ചവര്‍ക്ക് പൂക്കാലം തന്നെ കൊടുത്ത കഥകളാണ് നാടെങ്ങും കേള്‍ക്കാനുള്ളത്. ഒന്നും ഞങ്ങളുടേതല്ല, എല്ലാം നമ്മുടേതാണ് എന്ന് കേരളം മനസ്സ് കൈമാറിയ കാലം കൂടിയായി ഈ പ്രളയകാലം.
സന്നദ്ധ സേവകര്‍
രക്ഷാപ്രവര്‍ത്തനം, വിഭവസമാഹരണം, ക്യാമ്പുകളുടെ നടത്തിപ്പ്, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം, ഭക്ഷണ വിതരണം, വീടുകളുടെ ശുചീകരണം, പുനര്‍നിര്‍മാണം, മാനസിക പിന്തുണ, വൈദ്യസഹായം തുടങ്ങി ഒട്ടേറെ മേഖലകളിലാണ് വളണ്ടിയര്‍മാര്‍ നിസ്തുല സേവനം ചെയ്തത്. സന്നദ്ധ സേവകരെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓരോ പരസ്യത്തിനുപിന്നാലെ നൂറുകണക്കിനാളുകളാണ് മുന്നോട്ടുവന്നത്. കോഴിക്കോട്ട്, അഞ്ഞൂറുപേരെ ആവശ്യമുള്ളിടത്ത് ആയിരത്തിലധികം വളണ്ടിയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. മലപ്പുറത്ത് സന്നദ്ധസേവകരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ആരോ പ്രചരിപ്പിച്ച ഒരു തെറ്റായ സന്ദേശം വിശ്വസിച്ച് നൂറുകണക്കിനാളുകള്‍ മലപ്പുറം കലക്ടറേറ്റിലേക്കൊഴുകി. അവിടെ വന്നവര്‍ക്കെല്ലാം ചായയും ഭക്ഷണവും നല്‍കി വേറെയാരോ ആ നന്മയെ കടത്തിവെട്ടി എന്നതും വാര്‍ത്ത. തിരുവനന്തപുരത്തെ വളണ്ടിയര്‍മാരുടെ സേവനത്തെ പുകഴ്ത്തിക്കൊണ്ട് ‘നിങ്ങള്‍ തീര്‍ക്കുന്നത് ചരിത്രമാണ്’ എന്നാണ് അവിടത്തെ കളക്ടര്‍ പറഞ്ഞത്. സന്നദ്ധസേവനങ്ങളിലെ സ്ത്രീ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.
മണ്‍കൂനകള്‍മാന്തിയും, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരഞ്ഞും കുത്തൊഴിക്കിലേക്ക് വള്ളമിറക്കിയുമൊക്കെ സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു സംഘം ദുരന്തത്തോട് പൊരുതിയപ്പോള്‍ മറ്റു ചിലര്‍ ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണത്തിന്റെയും ശേഖരിച്ചവ വിതരണം ചെയ്യുന്നതിന്റെയും തിരക്കിലായിരുന്നു. ഒരു കൂട്ടര്‍ വീടുകള്‍ ശുചീകരിക്കാനിറങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍ പുനര്‍ നിര്‍മാണത്തില്‍ ശ്രദ്ധ കൊടുത്തു. നമ്മള്‍ അതിജയിക്കുമെന്ന പ്രതിജ്ഞ ഓരോ സന്നദ്ധപ്രവര്‍ത്തകന്റെയും മുഖത്ത് കാണാമായിരുന്നു.
നന്മയുടെ ഓണ്‍ലൈന്‍
രക്ഷാ- ദുരിതാശ്വാസ- പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍മീഡിയ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ ഒരു ക്ലാസിക് ഉദാഹരണമാവുകയാണ് കേരളത്തിലെ പ്രളയം. മഹാപ്രളയം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്തുള്ള ഒരു ദുരന്തമായി മാറുന്നു എന്ന് തിരിച്ചറിഞ്ഞതുമുതല്‍ ഓണ്‍ലൈനില്‍ സന്നദ്ധസേവകര്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചിരുന്നു. സഹായാഭ്യര്‍ത്ഥനകള്‍ പരസ്പരം ഷെയര്‍ ചെയ്തും വിവരങ്ങള്‍ പങ്കുവെച്ചും ഔദ്യോഗിക അറിയിപ്പുകള്‍ പ്രചരിപ്പിച്ചുമൊക്കെ തുടങ്ങിയ ഈ ശ്രമം അതിവേഗം ഒരു വലിയ കണ്‍ട്രോള്‍ റൂമിന്റെ തലത്തിലേക്കുയരുന്നതാണ് പിന്നീട് കണ്ടത്. ലോകമെങ്ങുമുള്ള നൂറുകണക്കിന് വളണ്ടിയര്‍മാര്‍ ഓണ്‍ലൈനില്‍ ഉറക്കമൊഴിഞ്ഞിരുന്ന് ഫീല്‍ഡിലെ വളണ്ടിയര്‍മാരെ ഏകോപിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി ടോള്‍ഫ്രീ നമ്പറും മിസ്ഡ് കാള്‍ സര്‍വീസും രായ്ക്കുരാമാനം പിറന്നു. സഹായാഭ്യര്‍ത്ഥനയുമായെത്തുന്ന കോളുകളെ തിരിച്ച് വിളിച്ച് കാര്യങ്ങളറിയിക്കുകയും അവരെ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ കറങ്ങി നടക്കുന്ന അനേകം സഹായാഭ്യര്‍ത്ഥനകളെ ഫില്‍ട്ടര്‍ ചെയ്തും വെരിഫൈ ചെയ്തും ഈ ഓണ്‍ലൈന്‍ കൂട്ടം കാര്യങ്ങളെളുപ്പമാക്കി. മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ മനസ്സിലാക്കാനും ഓഫായിപ്പോയ ഫോണുകളെ ലാസ്റ്റ് കോള്‍വെച്ച് ട്രെയ്‌സ് ചെയ്യാനും ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ മാര്‍ക്ക് ചെയ്ത് രക്ഷാപ്രവര്‍ത്തകരിലെത്തിക്കാനും ഇവര്‍ക്ക് കഴിഞ്ഞു. വലിയ കൂട്ടായ്മകള്‍ക്ക് പുറമെ ഒറ്റപ്പെട്ട വ്യക്തികളും ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളെ ദുരന്തമുഖത്ത് ഫലപ്രദമായി ഉപയോഗിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. സഹായങ്ങള്‍ വേണ്ടവരെയും സഹായങ്ങള്‍ നല്‍കാന്‍ തയാറുള്ളവരെയും ബന്ധിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെയും വിഭവ ശേഖരണ കേന്ദ്രങ്ങളുടെയും വിവരങ്ങള്‍ പരസ്യപ്പെടുത്തി. ഓരോയിടത്തെയും ആവശ്യങ്ങളെന്താണെന്ന് പുറം ലോകത്തെ അറിയിച്ചു. സാധനങ്ങള്‍ മിച്ചമുള്ള സ്ഥലങ്ങളെയും കമ്മിയുള്ള സ്ഥലങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തി. സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചു. ദുരിതാശ്വാസ വാഹനങ്ങള്‍ക്ക് വഴികാണിച്ചുകൊടുത്തു. പുനര്‍നിര്‍മാണ ഘട്ടത്തിലും സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ കൂട്ടായ്മകളും വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനെല്ലാമൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിലും, കേരളത്തിനെതിരെയുള്ള ഹെയ്റ്റ് ക്യാമ്പയിനെ പ്രതിരോധിക്കുന്നതിലുമൊക്കെ സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ സംഘങ്ങളും വലിയ പങ്കുവഹിച്ചു. കേരളത്തിലെ ദുരന്തത്തെ അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ഏജന്‍സികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഇവര്‍ക്ക് കഴിഞ്ഞു.
വിദ്യാര്‍ത്ഥികള്‍
ഒറ്റയായും കൂട്ടമായും വിദ്യാര്‍ത്ഥികളുടെ വലിയ പ്രാതിനിധ്യമാണ് രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കണ്ടത്. ഓണ്‍ലൈനിലെ ഏകോപനവും ദുരിതാശ്വാസക്യാമ്പുകളിലെ സന്നദ്ധ സേവനവും മുതല്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം വരെ അവര്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ തങ്ങളാല്‍ കഴിയുന്നത് സംഭാവന ചെയ്തു. പുസ്തകങ്ങളും ബാഗുകളുമൊക്കെ നഷ്ടപ്പെട്ട കൂട്ടുകാര്‍ക്ക് അവ സംഘടിപ്പിച്ചുകൊടുത്തു. നോട്ടുകള്‍ പകര്‍ത്തിയെഴുതി. എന്‍ എസ് എസ്, എന്‍ സി സി തുടങ്ങിയ ബാനറുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളുടെ ബാനറിലും, ബാനറുകളൊന്നുമില്ലാതെയും കുട്ടികള്‍ വന്‍തോതില്‍ രംഗത്തിറങ്ങി. ഓണം അവധിക്കാലം കൂടി വന്നതോടെ കുട്ടികള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം സമയവും കിട്ടി. ഗ്രെയ്‌സ് മാര്‍ക്കുള്‍പ്പടെ നല്‍കി വിദ്യാര്‍ത്ഥികളെ രംഗത്തിറക്കാന്‍ അധികാരികളും ശ്രമിച്ചു.
ടെക്കികള്‍, സാങ്കേതിക വിദഗ്ധര്‍
മൊബൈല്‍ ഫോണിലും സോഷ്യല്‍ മീഡിയയിലും അധികം പരിജ്ഞാനമില്ലാത്ത ദുരന്തബാധിതര്‍ക്ക് ആവശ്യം വേണ്ട ടിപ്പുകള്‍ നല്‍കി ടെക്കികള്‍ അതിജീവന സാധ്യതകള്‍ സമര്‍പിച്ചു. സാധാരണ ബാറ്ററിയുപയോഗിച്ച് എങ്ങനെ പവര്‍ബാങ്കുണ്ടാക്കാമെന്നും വാട്‌സാപ്പില്‍ എങ്ങനെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാമെന്നുമൊക്കെ അവര്‍ ലളിതമായി പറഞ്ഞുകൊടുത്തു. സര്‍ക്കാര്‍ തലത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള പുതിയൊരു വെബ്‌സൈറ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ രൂപപ്പെടുത്തി.
എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, നഴ്‌സുമാര്‍, മെക്കാനിക്കുകള്‍, ഇലക്ട്രീഷ്യന്മാര്‍ തുടങ്ങി ഓരോരുത്തരും തങ്ങളാലാവുന്നത് ചെയ്യുകയും വിലപ്പെട്ട സാങ്കേതിക അറിവുകള്‍ പങ്കുവെക്കുകയും ചെയ്തു. ഇന്‍സ്റ്റന്റായി പവര്‍ബാങ്കുകളുണ്ടാക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അവരുടെ മികവ് കാട്ടി. ഡോക്ടര്‍മാര്‍ ആരോഗ്യജാഗ്രതകളും ടിപ്പുകളും നല്‍കി. ക്യാമ്പില്‍ ഡോക്ടര്‍മാരുടെ അസാന്നിധ്യത്തില്‍ പ്രസവമെടുക്കേണ്ടിവന്നാല്‍ എന്തുചെയ്യണമെന്നുപോലും അവര്‍ മാര്‍ഗനിര്‍ദേശങ്ങളിറക്കി. ആവശ്യം വേണ്ട മരുന്നുകള്‍ പ്രസിദ്ധപ്പെടുത്തി. വൈദ്യുതിത്തകരാറുകളും നെറ്റ്‌വര്‍ക്ക് തകരാറുകളും പരിഹരിക്കാന്‍ ആരംഗങ്ങളിലെ വിദഗ്ധര്‍ കൂട്ടായി പരിശ്രമിച്ചു. കേരളം ഇരുട്ടിലായപ്പോള്‍ മെഴുകുതിരിയുണ്ടാക്കി സഹായിച്ചവര്‍ മുതല്‍ അതിസങ്കീര്‍ണമായ സാങ്കേതിക ജ്ഞാനങ്ങള്‍ പങ്കുവെച്ചവര്‍ വരെ നന്മയുടെ വലിയ ചങ്ങലയാണ് തീര്‍ത്തത്.
മാധ്യമങ്ങള്‍, സേവനദാതാക്കള്‍
ദുരന്തം ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം ന്യൂസ് റൂമുകള്‍ മുഴുസമയ കണ്‍ട്രോള്‍ റൂമുകളായി മാറുന്ന കാഴ്ചയാണ് കണ്ടത്. ജീവന്‍ രക്ഷിക്കാനായി ചാനലുകളിലേക്ക് വന്ന ആയിരക്കണക്കിന് വിളികളെ അവര്‍ രക്ഷാപ്രവര്‍ത്തകരിലേക്കെത്തിച്ചു. എഫ് എം റേഡിയോകള്‍ പലതും മറ്റു പരിപാടികള്‍ നിര്‍ത്തിവെച്ച് രക്ഷാപ്രവര്‍ത്തനത്തെ സഹായിച്ചു.
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കെ എസ് ഇ ബിക്കാര്‍ ഉറക്കൊഴിച്ചധ്വാനിച്ചു. വെള്ളം കയറിയ റോഡുകളിലൂടെ കെ എസ് ആര്‍ ടി സി സാഹസിക സര്‍വീസുകള്‍ നടത്തി. തകരാറിലായ നെറ്റ് വര്‍ക്കുകള്‍ അതിവേഗം പുനസ്ഥാപിക്കാന്‍ ടെലികോം സേവന ദാതാക്കള്‍ പരിശ്രമിച്ചു. പല കമ്പനികളും ദുരന്ത മേഖലകളില്‍ സൗജന്യ കോളും ഡാറ്റയും ലഭ്യമാക്കി. ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കൈമാറ്റത്തിന് സര്‍വീസ് ചാര്‍ജൊഴിവാക്കി ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും കൂടെ നിന്നു. ബാങ്കിംഗ് സേവനങ്ങള്‍ക്കും ലോണ്‍ തിരിച്ചടവിനുമൊക്കെ ഇളവുകള്‍ നല്‍കി. ദുരിതബാധിതര്‍ക്ക് സൗജന്യ യാത്രയൊരുക്കിയാണ് കൊച്ചി മെട്രോ കണ്ണിചേര്‍ന്നത്. ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളും സൗജന്യ യാത്ര നല്‍കി. എയര്‍ ലൈനുകള്‍ ടിക്കറ്റിലും ക്യാന്‍സലേഷന്‍ ചാര്‍ജിലുമൊക്കെ ഇളവുനല്‍കി. കേടുവന്ന പാളങ്ങള്‍ അതിവേഗം നന്നാക്കിയും സ്‌പെഷ്യല്‍ ട്രെയിനുകളോടിച്ചും റെയില്‍വെയും ഒപ്പം നിന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളവുമായി സ്‌പെഷ്യല്‍ ട്രെയിനുകളും വന്നു. ആശുപത്രികള്‍ സൗജന്യ സേവനങ്ങള്‍ നല്‍കി. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സര്‍വകലാശാലകളും സംവിധാനമൊരുക്കി, കേടുവന്ന വാഹനങ്ങള്‍ നന്നാക്കാന്‍ സര്‍വീസ് സെന്ററുകളും ഇന്‍ഷുറന്‍സ് കമ്പനികളുമൊക്കെ പ്രത്യേക സംവിധാനങ്ങളൊരുക്കി.
പൊളിഞ്ഞുപോയ മതിലുകള്‍
പ്രളയകാലത്തെ ഏറ്റവും വലിയ നന്മ, അത് നമുക്കിടയിലെ മതിലുകളെ തകര്‍ത്തുകളഞ്ഞു എന്നതാണ്. പണക്കാരനും പാവപ്പെട്ടവനും, ഹിന്ദുവും മുസ്‌ലിമും മേല്‍ജാതിയും കീഴ്ജാതിയും കറുത്തവനും വെളുത്തവനുമൊക്കെ ഒരേ വള്ളത്തില്‍ കയറി രക്ഷപ്പെട്ടു, ഒരേ ക്യാമ്പിലുറങ്ങി, ഒരേ പാത്രത്തിലുണ്ടു. നിങ്ങളെന്നോ ഞങ്ങളെന്നോ, തിരുവിതാംകൂറെന്നോ മലബാറെന്നോ തെക്കനെന്നോ വടക്കനെന്നോ വേര്‍തിരിവുകളില്ലാതെ നമ്മളെല്ലാം മലയാളികള്‍ മാത്രമായി. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളുമൊക്കെ ദുരിതാശ്വാസ ക്യാമ്പുകളായി. തുറക്കാത്ത ഗെയ്റ്റുകളൊക്കെയും തുറന്നു. പട്ടിയുണ്ട് സൂക്ഷിക്കുക, അന്യര്‍ക്ക് പ്രവേശനമില്ല തുടങ്ങിയ ബോര്‍ഡുകള്‍ പ്രളയമെടുത്തുകൊണ്ടുപോയി. നമ്മളാട്ടിയോടിച്ച ഇതര സംസ്ഥാനക്കാര്‍ രക്ഷകരായി. എല്ലാ മതിലുകളും തകര്‍ത്ത് നന്മയുടെ വാതിലുകള്‍ തുറന്നുവെച്ചു.
നമ്മളതിജയിക്കും
പ്രളയകാലത്തെ നന്മകളുടെ കഥകള്‍ ഇനിയുമേറെയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവത്യാഗം ചെയ്തവര്‍, പരിക്കുപറ്റിയവര്‍, വലിയ അപകടങ്ങളിലേക്ക് ജീവന്‍ മറന്ന് എടുത്തുചാടിയവര്‍… അവരെയൊന്നും നമുക്ക് മറക്കാനാവില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഓണസദ്യയൊരുക്കിയവര്‍, പെരുന്നാളിന് ബിരിയാണി നല്‍കിയവര്‍, ആലംബമറ്റ കുടുംബങ്ങളെ ബന്ധുക്കളായി സ്വീകരിച്ചവര്‍, വിലപ്പെട്ടതെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയവര്‍, ക്യാമ്പില്‍നിന്ന് പിരിഞ്ഞുപോവുമ്പോള്‍ കെട്ടിപ്പിടിച്ചുകരഞ്ഞവര്‍…
നന്മയുടെ ഈ വിളക്കുകള്‍ കെടാതെ സൂക്ഷിക്കുക വഴി നമുക്കൊരു നവകേരളം സൃഷ്ടിക്കാനാവും. പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ നില്‍ക്കാതെ ഒരേ മനസോടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും നമുക്ക് കൈകോര്‍ക്കാനായാല്‍ ഏതാനും മാസങ്ങള്‍കൊണ്ട് തന്നെ നമുക്കീ ദുരന്തത്തില്‍നിന്ന് കരകയറാനാവും. നമുക്കിടയിലെ മതിലുകളും നമ്മിലെ തിന്മകളും മാത്രമാണ് പ്രളയമെടുത്തത്. നമ്മളതിജയിക്കും.
റഹീം പൊന്നാട്
You must be logged in to post a comment Login