‘Even in the darkest of times we have the right to expect some illumination’
Hannah Arendt
ഫാഷിസത്തിന്റെ കാലത്തെ ബുദ്ധിജീവിതത്തെ കുറിച്ച് സംസാരിച്ച് തുടങ്ങാന്‍ ഹന്നാ ആരന്റിനോളം തീക്ഷ്ണമായ മറ്റൊരു ഓര്‍മയില്ല. പൊളിറ്റിക്കല്‍ ഫിലോസഫിയില്‍ ഹന്ന ആരന്റ്(1906-1975) നടത്തിയ അന്വേഷണങ്ങളിലാണ് സമഗ്രാധിപത്യത്തെ സംബന്ധിച്ച ആധുനിക അവബോധങ്ങളുടെ വേരുറപ്പ്. വിയോജിക്കാനുള്ള അവകാശം, വിയോജിപ്പിന്റെ ശക്തി എന്നെല്ലാം സമഗ്രാധിപത്യങ്ങളോട് നാം സംസാരിക്കുന്നത് ഹന്നാ ആരന്റിനോട് കടപ്പെട്ടുകൊണ്ടുകൂടിയാണ്. ആധുനിക ജനാധിപത്യത്തിന് മേല്‍ ഭരണകൂടം പിടിമുറുക്കിയപ്പോഴെല്ലാം, മനുഷ്യരാശിക്ക് നേരെ ഭരണകൂടങ്ങള്‍ കുറ്റം ചെയ്തപ്പോഴെല്ലാം ബുദ്ധിജീവിതങ്ങള്‍ വിയോജിപ്പിന്റെ കനമുള്ള ഒച്ചകളാല്‍ പ്രതിഷേധത്തെ മുഖരിതമാക്കിയിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ വിയറ്റ്നാം യുദ്ധത്തെ എതിര്‍ത്ത അമേരിക്കന്‍ ബുദ്ധിജീവിതങ്ങള്‍ ഡിസന്റ്, വിയോജിപ്പ് എന്ന പ്രയോഗത്തെ ഇരുതലമൂര്‍ച്ചയുള്ള ഒന്നായി പരിവര്‍ത്തിപ്പിച്ചത് ലോകം മറന്നിട്ടില്ല.
ഹന്ന ആരന്റിനെയും ആരന്റ് വികസിപ്പിച്ച വിയോജിപ്പിന്റെ ദര്‍ശനത്തെയും ഇപ്പോള്‍ ഓര്‍മിപ്പിച്ചത് ജസ്റ്റിസ് ഡി.ൈവ ചന്ദ്രചൂഡിന്റെ ഒരു കോടതി പരാമര്‍ശമാണ്. Dissent is the safety valve of democracy and if you dont allow these safety valves it will burst എന്നായിരുന്നു ആ വാചകം. വിയോജിപ്പിനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ വാല്‍വെന്ന്. അതനുവദിച്ചില്ലെങ്കില്‍ പൊട്ടിത്തെറിക്കുമെന്ന്. വിയോജിപ്പിനെക്കുറിച്ച് പറഞ്ഞതിനാണല്ലോ ചിന്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ സാന്നിധ്യത്തെ, ഹന്ന ആരന്റിനെ ഹിറ്റ്ലര്‍ ജയിലില്‍ അടച്ചത്, നാടുകടത്തിയത്. അതെ. വിയോജിച്ചതുകൊണ്ട്, വിയോജിച്ചതുകൊണ്ട് മാത്രമാണ് നൂറ് കണക്കിന് ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും വിദ്യാര്‍ത്ഥികളും ഇന്ത്യയിലെമ്പാടും കഴിഞ്ഞ നാലര വര്‍ഷമായി വേട്ടയാടപ്പെടുന്നത്. അവയില്‍ ഒടുവിലത്തേതായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 28-ലെ രാജ്യവ്യാപക റെയ്ഡുകളും അറസ്റ്റും. വരവരറാവു, ഗൗതം നവ്ലാഖ, സുധാ ഭരദ്വാജ്, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരാണ് പൊതുതിരഞ്ഞെടുപ്പിന് ഏഴ്മാസം മാത്രം ബാക്കി നില്‍ക്കേ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടും മറ്റും അറസ്റ്റിലായത്. രാജ്യാന്തര പ്രശസ്തയായ ഇന്ത്യന്‍ ചരിത്രകാരി റൊമില ഥാപ്പര്‍, സാമ്പത്തിക ശാസ്ത്രജ്ഞന് പ്രഭാത് പട്നായിക് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം സുപ്രീം കോടതിയിലെത്തുന്നു. രാജ്യത്തെ ഒന്നാം നിര അഭിഭാഷകര്‍ ഹരജിക്ക് വേണ്ടി അണിനിരക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളില്‍ പ്രതിഷേധം കുമിയുന്നു. അറസ്റ്റിനെ വിമര്‍ശിച്ചു സുപ്രീം കോടതി വീട്ടുതടങ്കല്‍ മതി എന്ന് നിശ്ചയിച്ചു. ആ സന്ദര്‍ഭമാണ് വിഖ്യാതമായിത്തീര്‍ന്ന ഡിസന്റ് പരാമര്‍ശത്തിലേക്ക് നയിച്ചത്. അടിസ്ഥാനമില്ലാത്ത കുതിരകയറ്റങ്ങളോടുള്ള ഉന്നത നീതിപീഠത്തിന്റെ പ്രതിഷേധമായിരുന്നു ആ വാക്കുകള്‍.
ഇന്ത്യന്‍ ഫാഷിസത്തിന്റെ ആദ്യഘട്ട അധികാരാരോഹണത്തിന്റെ കൊട്ടിക്കലാശമാണിപ്പോള്. ഇനി അരവര്‍ഷം മാത്രമേ ഉള്ളൂ തിരഞ്ഞെടുപ്പിന്. ജനങ്ങളോട് അവരെന്താണ് പറയുക? കഴിഞ്ഞ നാലര വര്‍ഷത്തെക്കുറിച്ച് എന്താണ് അവര്‍ ജനങ്ങളെ ഓര്‍മിപ്പിക്കുക. നോട്ട് നിരോധനത്തെക്കുറിച്ചോ? പാളിപ്പോയെന്ന് പണത്തിന്റെ ഉടമകളായ റിസര്‍വ് ബാങ്ക്, സമ്മതിച്ച് തലകുനിച്ച ഒരു പരിപാടിയെപ്പറ്റി എന്തുണ്ട് പറയാന്‍? ഓടുന്ന വണ്ടിയുടെ ടയറിന് വെടിവെച്ചിട്ട അവസ്ഥയിലാക്കി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ. മറ്റെന്ത് പറയും? ജി.ഡി.പിയോ? അറുപത് ശതമാനം വരുന്ന അര്‍ധ പട്ടിണിക്കാരോട് ജി.ഡി.പി എന്ന് പറയാനോ? പിന്നെ മറ്റെന്താണ്? ഏറ്റവും അടുത്ത അനുയായിക്കോ, അര്‍ണബ് ഗോസാമിയെപ്പോലെയുള്ള ഒലിപ്പെരുക്കികള്ക്കോ എന്ത് പറയാനുണ്ട്?
ഒന്നുമില്ല. ഒന്നുമില്ലായ്മയില്‍ അവരെന്ത് ചെയ്യും? വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാതെ ഊരുചുറ്റിയ ഒരാളെ, പാര്‍ലമെന്റില്‍ നിന്ന് നിരന്തരം ഒളിച്ചോടിയ ഒരാളെ, പാര്‍ലമെന്റില്‍ എത്തിയപ്പോഴൊക്കെ പ്രതിപക്ഷത്താല്‍ നിഷ്പ്രഭനാക്കപ്പെട്ട ഒരാളെ എങ്ങനെ അവതരിപ്പിക്കും? റഫേല്‍ പോലെ റിലയന്‍സിന് രാജ്യത്തെ ഒറ്റുകൊടുത്ത ഒരു കച്ചവടത്തിന്റെ ഇടനിലക്കാരനെ എങ്ങനെ അവതരിപ്പിക്കും? ഉത്തരമുണ്ട്. പ്രതീക്ഷിക്കണം.
കാരണം അപ്രതീക്ഷിതമായി ഒന്നുമില്ല എന്നതാണല്ലോ ഫാഷിസത്തിന്റെ ഒന്നാം പ്രമാണം. ഫാഷിസത്തെക്കുറിച്ചുള്ള സംവാദങ്ങളില്‍ ഫാഷിസ്റ്റ് അരും ചെയ്തികളുടെ നാള്‍വഴിക്കണക്കുകള്‍ കടന്നുവരുമ്പോഴൊക്കെ അടിവര പോലെ തെളിയുന്ന വാക്കാണത്; അപ്രതീക്ഷിതമായി ഒന്നുമില്ല.
കാരണം ലളിതമാണ്. ജനാധിപത്യത്തിന്റെ ക്രൂരമായ വിപരീതമാണ് ഫാഷിസം. അത് കേവലം സമഗ്രാധിപത്യമോ ഹിംസാത്മാകമായ ഭരണകൂടത്തിന്റെ സാന്നിധ്യമോ അല്ല. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ മുഖ്യധാരാ സംവാദങ്ങള്‍ ഭൂരിപക്ഷവും ഫാഷിസത്തിന്റെ ലക്ഷണങ്ങളെ, പലപ്പോഴും ദുര്‍ബലമായ ലക്ഷണങ്ങളെ ഫാഷിസമെന്ന് മനസിലാക്കുകയാണ്. എന്നാല്‍ ഫാഷിസം എന്ന രാഷ്ട്രീയ പ്രയോഗത്തിന്റെ ഏറ്റവും അപകടകരമായ പുറത്തുവരലുകളെ അങ്ങനെ മനസിലാക്കുന്നുമില്ല. ഒരുദാഹരണം ഓര്‍മിക്കാം. കേരളത്തെ അമ്പേ തകര്‍ത്ത പ്രളയത്തോടുള്ള സംഘപരിവാരത്തിന്റെയും അവര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും സമീപനത്തെ ശ്രദ്ധിച്ചുവോ? കത്വയിലെ പെണ്‍കുട്ടിക്ക് നേരെ നടന്ന കൂട്ട ബലാത്സംഗത്തെയും അഖ്ലാക്കിനെ അടിച്ചുകൊന്നതിനെയും ഫാഷിസമെന്ന് എളുപ്പത്തില്‍ മനസിലാക്കിയ, പ്രതിഷേധവുമായി തെരുവില്‍ നിന്ന നമുക്ക് പ്രളയബാധിത കേരളത്തോടുള്ള സംഘിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സമീപനത്തില്‍ ഫാഷിസത്തിന്റെ ഭീമാകാരമായ തലനീട്ടല് വായിച്ചെടുക്കുവാന്‍ കഴിഞ്ഞുവോ?
ഇല്ല. കാരണം പ്രത്യക്ഷഹിംസകളെ, അടിച്ചു കൊല്ലലുകളെ, പച്ചക്ക് കത്തിക്കലുകളെയാണ് നാം ആശയത്തിന്റെ തലനീട്ടലായി മനസിലാക്കുക. അവ എത്രക്ക് ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരുന്നാലും. എന്നാല്‍ സംഘടിത സ്വഭാവമുള്ള വന്പ്രത്യക്ഷങ്ങളെ ഫാഷിസത്തിന്റെ അക്കൗണ്ടിലേക്ക് നിസംശയം രേഖപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടുന്നു. ബഹുതലവ്യാപിയായ ഒരു സമഗ്ര പദ്ധതിയാണ് ഫാഷിസമെന്നും ആത്യന്തികമായി പരാജയപ്പെടുന്നതിന് നിമിഷാര്ദം മുന്‍പ് വരെ അതിന്റെ ഹിംസാത്മകത മാരകമായിരിക്കും എന്നും നമ്മള് മനസിലാക്കുന്നില്ല. അതിനാലാണ് പ്രളയം ഒരു ആഹ്ലാദാനുഭവമായി, തങ്ങളെ വകവെക്കാത്ത മലയാളത്തിനോടുള്ള പ്രതികാരാനുഭവമായി അവര്‍ക്ക് ആസ്വദിക്കാനായത്. പ്രളയകാലത്തെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ മറക്കരുത്.
ഫാഷിസത്തെ പലതലങ്ങളില്‍ നിന്ന് നമ്മള് വായിച്ചിട്ടുണ്ട്. അതില്‍ ഭൂരിപക്ഷവും ഒരു ഭരണകൂട പ്രയോഗമെന്ന നിലയില്‍ ഫാഷിസത്തെ മനസിലാക്കാനുള്ള ശ്രമമാണ്. അത് തെറ്റല്ല. ലോകചരിത്രത്തില്‍ സംഭവിച്ച ഫാഷിസ്റ്റ് പ്രത്യക്ഷങ്ങളില്‍ ഭൂരിഭാഗവും ഭരണകൂട രൂപത്തിലുള്ളതായിരുന്നല്ലോ? ജര്‍മനി ഉദാഹരണം. അവിടെ ഭരണകൂടമാണ് സ്ഥാപിതമായത്. ആ ഭരണകൂടത്തിന്റെയും ഭരണനായകന്റെയും അന്ത്യത്തോടെ ജര്‍മനി ഫാഷിസ്റ്റ് മുക്തമാവുകയും ചെയ്തു. അതേ കോല്‍ക്കണക്ക് പക്ഷേ, ഇന്ത്യയില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന ഭരണകൂടത്തിന് ചേരില്ല. അധികാര രൂപമെന്നതിനെക്കാള് മനോഭാവം എന്ന നിലയില്‍ അത് രാജ്യമാകെ വേരിറക്കിക്കഴിഞ്ഞു എന്നതിനാല്‍ ആണത്. കുറേക്കൂടി കടന്ന് പറഞ്ഞാല്‍ ഭരണകൂടം ദുര്‍ബലപ്പെട്ടാലും ആ ഭരണകൂടം പോയ നാലര വര്‍ഷം കൊണ്ട് സൃഷ്ടിച്ചെടുത്ത മനോഭാവം ആഴത്തില്‍ വേരോടിപ്പടര്‍ന്നിരിക്കുന്നു എന്ന്. അതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് പ്രളയകാലത്തും തുടര്‍ന്നും കേരളത്തില്‍ തല നീട്ടിയത്. വ്യക്തമായോ?
ഏതൊരു സമൂഹവും സര്‍വ വൈജാത്യങ്ങളെയും ഭിന്നതകളെയും മറന്നു കൈകോര്‍ക്കുന്ന ഒറ്റ സന്ദര്‍ഭമേ ചരിത്രത്തിലുള്ളൂ. അത് മഹാദുരന്തങ്ങളാണ്. അത്തരമൊരു ദുരന്തം കേരള ചരിത്രത്തില്‍ ആദ്യമായി സംഭവിച്ചത് കഴിഞ്ഞ ആഗസ്തിലാണ്. പ്രളയം ഈ ദേശത്തിന്റെ നാളിത് വരെയുള്ള ജീവിതത്തെ കടപുഴക്കി. ഊരും ഉയിരും വാരിയെടുത്ത് മനുഷ്യര്‍ കരപിടിക്കാന്‍ കൈകാലടിച്ചു. ലോകത്ത് എവിടെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരയാകുന്ന ജനത ഭിന്നതകളെ ഒഴുക്കിക്കളഞ്ഞ് ഐക്യപ്പെടും. പക്ഷേ, കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇനിയെങ്കിലും നമ്മള് ഓര്‍ക്കാതിരുന്നുകൂടാ. മുങ്ങിമരിക്കുന്ന ഒരു നാടിനോട് സംഘപരിവാര്‍ പുലര്‍ത്തിയ സമീപനത്തിലെ വൈരം കാണാതിരുന്നുകൂടാ. വെള്ളം സംഘപരിവാറിനെയോ ഹിന്ദുത്വയില്‍ അടിയുറച്ച മനുഷ്യരെയോ ഒഴിവാക്കിയല്ല പൊങ്ങിയതെന്ന് ഓര്‍ക്കണം. അവര്‍ക്ക് വലിയ സ്വാധീനമുള്ള ക്ഷേത്ര മേഖലകള്‍ വരെ മുങ്ങി. പക്ഷേ, അവര്‍ ചെയ്തത് എന്താണ്? നേതൃത്വം ഉള്‍പ്പടെ നടത്തിയ പ്രസ്താവനകളിലെയും പ്രതികരണങ്ങളിലെയും സ്വഭാവം എന്താണ്? മാനോഭാവ ഫാഷിസം എത്ര ആഴത്തിലാണ് കേരളത്തില്‍ പ്രബലമായിരിക്കുന്നത് എന്ന് തിരിഞ്ഞോ? കേരളത്തില്‍, നവോത്ഥാനം ഉഴുതുമറിച്ചു എന്ന് പേര്‍ത്തും പേര്‍ത്തും നാം ആണയിടുന്ന കേരളത്തില്‍ വിഭജനത്തിന്റെ, ഹിംസാത്മകമായ വിഭജനത്തിന്റെ വേരുകള്‍ക്ക് ഇത്രയേറെ ആഴം ഉണ്ടെങ്കില്‍ അത്തരം വിഭജനം താരതമ്യേന എളുപ്പമായ മറ്റിടങ്ങളില്‍ ആ വേരുകള്‍ എങ്ങനെയെല്ലാം പടര്‍ന്നിട്ടുണ്ടാവും?
പ്രളയത്തെക്കുറിച്ചല്ല ഈ സംഭാഷണം. മനോഭാവ ഫാഷിസം, ഭരണകൂട ഫാഷിസം എന്നീ രണ്ട് പ്രമേയങ്ങളിലേക്കുള്ള വാതില്‍ തുറക്കാന്‍ പ്രളയത്തെ സ്പര്‍ശിച്ചു എന്ന് മാത്രം. നാലരവര്‍ഷത്തെ ആസൂത്രിതമായ ചെയ്തികള്‍ ഒരു വിശാലദേശത്തിന്റെ മനോനിലകളെ എങ്ങനെയെല്ലാമാണ് മാറ്റിയെടുത്തത് എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് നമ്മള്.
മനോഭാവങ്ങള്‍ക്ക് പ്രത്യക്ഷാധികാരമില്ല. മനോഭാവങ്ങളുടെ സൃഷ്ടിയായ ഭരണകൂടത്തിനാണ് അതുള്ളത്. ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രയോക്താക്കള്‍ അതറിയാത്തവരല്ല. അവര്‍ വിഡ്ഡികള്‍, ചരിത്രമറിയാത്തവര്‍, ജല്പനങ്ങള് പുലമ്പുന്നവര്‍ എന്നിങ്ങനെയുള്ള ലളിത സമീകരണങ്ങളില്‍ നമ്മള് വീണുപോകരുത്. ദേശീയ പ്രസ്ഥാനത്തിന്റെ നൂറ്റാണ്ട് ബലമുള്ള പാരമ്പര്യത്തെ നാലാണ്ട് നീണ്ട സമ്പൂര്ണാധികാരത്തിന്റെ ബലത്തില്‍ നിഷ്പ്രയാസം റദ്ദാക്കിയവരാണ് അവര്‍. അവരുടെ വിഡ്ഡിത്തങ്ങളിലേക്ക്, അവരുടെ വാക്കുകള്‍ പ്രസരിപ്പിക്കുന്ന വെറുപ്പുകളിലേക്ക്, അവരുടെ ജനപ്രതിനിധികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളിലേക്ക് നിങ്ങള്‍ മുഖം പൂഴ്ത്തുമെന്ന് അവര്‍ക്കറിയാം. മുഖം പൂഴ്ത്തിയ നിങ്ങള്‍ക്ക് ചുറ്റും പലതും നടക്കുമെന്നും അവര്‍ക്കറിയാം. അവരുടെ ഭരണകൂടം ദുര്‍ബലപ്പെടുന്ന എല്ലാ സാഹചര്യങ്ങളും അവര്‍ക്കറിയാം. അവര്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ബദലിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും അവര്‍ക്കറിയാം. അവരതറിഞ്ഞു എന്ന് നമ്മള് അറിയില്ല. അങ്ങനെ അറിയിക്കാതിരിക്കാന്‍ അവര്‍ക്കറിയാം. ബിപ്ലവ് ദേവുമാരുടെ കൃത്യ ഇടവേളകളിലെ പുലമ്പലുകളിലേക്കും അര്‍ണബ് ഗോസ്വാമിയുടെ അലര്‍ച്ചകളിലേക്കും നമ്മള് വഴിതെറ്റുന്നത് എങ്ങനെയെല്ലാമാണ് എന്നും അവര്‍ക്കറിയാം. കാലാളുകളെക്കൊണ്ട് കളം നിറഞ്ഞാടിച്ച് എതിരാളിയുടെ ശ്രദ്ധ പതറിപ്പിച്ച് ഒറ്റനീക്കത്താല് കളിജയിക്കുന്ന ചതുരംഗപ്പലകയാണ് അവര്‍ക്ക് രാഷ്ട്രീയം. അര്‍ണാബ് കാമ്പില്ലാത്ത ഒരു കാലാളാണെന്ന് പക്ഷേ, നമ്മള് മനസിലാക്കില്ല. അവര്‍ മനസിലാക്കും. കാലാളുകള്‍ കളിയുടെ ആദ്യബലികളാണെന്നും അവര്‍ക്കറിയാം.
ആ കളിയിലെ നിര്‍ണായകമായ ഒരു നീക്കം ആഗസ്റ്റ് 28-നായിരുന്നു. ഏഴ് മാസത്തിനപ്പുറം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകേണ്ട ഒരു ഭരണകൂടം നടത്തിയ നീക്കം. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ജാഗ്രത്തായി ഇടപെടുന്ന അഞ്ച് മനുഷ്യരെ ഭരണകൂടം അറസ്റ്റ് ചെയ്തു. മാവോയിസ്റ്റ് ബന്ധം, പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ നീക്കം തുടങ്ങി പോയ നാല് വര്‍ഷവും കൃത്യമായ ഇടവേളകളില്‍ പ്രയോഗിക്കാറുള്ള ആരോപണായുധങ്ങള് തന്നെയാണ് ഈ അറസ്റ്റുകള്‍ക്കും പിന്‍ബലമായത്.
വരവര റാവുവാണ് അറസ്റ്റിലായ ഒരാള്‍. ഹൈദരാബാദിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്. വിപ്ലവകവിയെന്നാണ് റാവുവിന്റെ വിളിപ്പേര്. തെലങ്കാനയുടെ വിപ്ലവ നക്ഷത്രം എന്ന് വിശേഷണം. നാലര പതിറ്റാണ്ടായി തെലുങ്ക് മണ്ണിലെ മുഴുവന്‍ ജനകീയ സമരങ്ങളുടേയും സത്തയില്‍ റാവുവിന്റെ കയ്യടയാളമുണ്ട്. തെലുങ്ക് ദേശത്തിലെ റവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷന്റെ സ്ഥാപക നേതാവ്. ആന്ധ്രക്ക് അവരുടെ വൈകാരിക ജീവിതത്തിന്റെന്റ ഭാഗമാണ് റാവു. അധസ്ഥിതരുടെ മനസാക്ഷി.
റാവുവിനെ അറസ്റ്റ് ചെയ്തു എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ജാമാതാവും ഹൈദരബാദ് സര്‍വകലാശാലയിലെ പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ. സത്യനാരായണയെ വീട്ടിലെത്തി അപമാനിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ; വരവരറാവുവിന്റെ മകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു പൊലീസ്. ഒറ്റ ദിവസമാണ് ഇത് സംഭവിക്കുന്നത്. ഒറ്റ ദിവസം എന്നതിന് വലിയ പ്രാധാന്യമുണ്ട്.
ഫരീദാബാദില്‍ നിന്ന് സുധാ ഭരദ്വാജിനെയും അതേദിവസം അറസ്റ്റ് ചെയ്തു. അഭിഭാഷകയും ചത്തീസ്ഗഡിലെ മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് സുധ. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ കൃഷ്ണ ഭരദ്വാജിന്റെ മകള്‍. സുധ ജനിക്കുമ്പോള്‍ കൃഷ്ണ ഭരദ്വാജ് അമേരിക്കയിലെ മസാച്ചു സെറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയില്‍ ഗവേഷകയാണ്. അമേരിക്കയിലെ പൗരത്വനിയമ പ്രകാരം അതിനാല്‍ സുധക്ക് അമേരിക്കന്‍ പൗരത്വമുണ്ടായി. അമേരിക്കയും ഇക്കണോമിക്സുമല്ല ഇന്ത്യയിലെ വെറും ജനതയാണ് തന്റെ മേഖലയെന്ന് തിരിച്ചറിയുന്ന കൗമാരത്തില്‍ സുധ ഭരദ്വാജ് അമേരിക്കന്‍ പൗരത്വം അവസാനിപ്പിക്കുന്നുണ്ട്. അതിസമ്പന്നവും അക്കാദമികവുമായ അന്തരീക്ഷത്തെ ഉപേക്ഷിച്ചാണ് സുധ ചത്തീസ്ഗഡിലെ ഒറ്റമുറി വീട്ടില്‍ താമസിച്ച് മനുഷ്യര്‍ക്കിടയിലേക്ക് ചെന്നത്. ആദിവാസികള്‍ക്കും അതിസാധാരണ മനുഷ്യര്‍ക്കും എതിരെയുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ അവര്‍ കോളനികളിലും കോടതിയിലും ഏറ്റുമുട്ടി. നാല് പതിറ്റാണ്ടായി സുധയുടെ സമരജീവിതം. ഈ നാലാം പതിറ്റാണ്ടിലാണ് സുധയുടെ ഇന്ത്യന്‍ വേരുകളുടെ ബലമളക്കാന് കാലാള്‍ മാധ്യമങ്ങള്‍ തൊള്ള തുറന്നത്. സുധ അറസ്റ്റിലായി.
വെര്‍ണോണ്‍ ഗോണ്‍സാല്‍വസിനെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു. അരുണ്‍ ഫെരേരയെയും. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്ലി ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ബൗദ്ധിക ജാഗ്രതകളില്‍ ഭാഗഭാക്കായിരുന്ന ഗൗതം നവ്ലാഖയും അറസ്റ്റിലാണ്. റഫേല്‍ അഴിമതിയെപ്പറ്റി ന്യൂസ്ക്ലിക്കില്‍ ലേഖനമെഴുതിയ നവ്ലാഖ റിലയന്‍സിന്റെ നോട്ടപ്പുള്ളിയായിരുന്നു.
സാധാരണമായ ഒരു ഭരണകൂട നടപടി മാത്രമല്ലേ അറസ്റ്റ്? സംശയകരമായ സാഹചര്യങ്ങള്‍ ഉള്ളപ്പോള്‍ അറസ്റ്റല്ലാതെ വേറെന്തു വഴി? അതിനെ എന്തിന് ഫാഷിസം എന്നും ഭരണകൂട അതിക്രമം എന്നും പേരിട്ട് വിളിക്കണം. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അവര്‍ക്ക് പുറത്ത് വരാമല്ലോ? കുറ്റമറ്റ ഒരു നീതിന്യായ വ്യവസ്ഥ ഈ രാജ്യത്തില്ലേ? അഞ്ച് ഇന്ത്യന്‍ ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനോടുള്ള ഭരണകൂട-ഭരണകൂട വിധേയ മാധ്യമങ്ങളുടെ ചോദ്യങ്ങളാണിത്. പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളാണ് ലോകത്തെ എല്ലാ ഫാഷിസ്റ്റ് ഭരണകൂടത്തിലെയും ഭരണപക്ഷ മാധ്യമങ്ങള്‍. വസ്തുത പക്ഷേ, അതല്ല. സ്വതന്ത്രബുദ്ധികളുടെ വിനിമയങ്ങളെ ഭയപ്പെടുത്തുക എന്ന നിരവധി വട്ടം പരീക്ഷിച്ച് വിജയിച്ച ഒരു ഭരണകൂട രീതിയുടെ വെളിപ്പെടലായിരുന്നു ഈ അറസ്റ്റുകള്‍. എങ്ങനെയെന്നല്ലേ? ബിനായക് സെന്നിലേക്ക് പോകാം.
സെന്നിനെ നമ്മള് മറന്നിട്ടില്ല. ഡോക്ടറായിരുന്നു. കുട്ടികളുടെ ഡോക്ടറാണ്. അന്താരാഷ്ട്ര പ്രസിദ്ധമായ മെഡിക്കല്‍ ജേണലുകളില്‍ സാന്നിധ്യമറിയിച്ചയാള്. ഡോക്ടര്‍ എന്നതിനൊപ്പം സെന്‍ ഒരു രാഷ്ട്രീയ മനുഷ്യനായിരുന്നു. ചെറിയ ജീവിതം തിരഞ്ഞെടുത്തു. വലിയ ലക്ഷ്യങ്ങള്‍, വലിയ സമത്വ സ്വപ്നങ്ങള്‍ വെച്ചു പുലര്‍ത്തി. ചത്തീസ്ഗഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. സെന്‍ വേട്ടയാടപ്പെട്ടു. എന്നിട്ടോ? കഴിഞ്ഞ കാലങ്ങളിലെ ബിനായക് സെന്നിന്റെ മൗനം ആ വേട്ടയുടെ ബാക്കിയാണ്. മനുഷ്യാന്തസിന് മീതെ സാധ്യമാകുന്ന എല്ലാ കയ്യേറ്റങ്ങള്‍ക്കും സെന്‍ ഇരയായിരുന്നു. അരുണ്‍ ഫെരേര എഴുതിയ അനുഭവക്കുറിപ്പ് നമുക്ക് വായിക്കാന്‍ മുന്നിലുണ്ട്. സ്വന്തം ജയില്‍വാസ കാലത്ത് കടന്നു പോയ അനുഭവങ്ങളാണത്. മലദ്വാരത്തിലൂടെ പെട്രോള്‍ അടിച്ചുകയറ്റുന്ന പൊലീസ്. ഭയപ്പെടുത്തലിന്റെ ഒരു വഴിയാണത്. ലോകത്തോട് അത്രമേല്‍ സത്യസന്ധരായിരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെ, ശരീരം കൊണ്ടും സമ്പത്തുകൊണ്ടും ദുര്‍ബലരായ മനുഷ്യരെ നിശബ്ദമാക്കാന്‍ പൊലീസിന് എളുപ്പമാണ്. അതെ. ഭയപ്പെടുത്തലാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്.
എന്നാല്‍ അതാണോ, അതുമാത്രമാണോ സര്‍ക്കാറിന്റെ ലക്ഷ്യം? ഭയപ്പെടുത്തല്‍? അല്ല. അങ്ങനെയാണെന്ന് ജനാധിപത്യവാദികളായ നമ്മള് കരുതും. നെടുങ്കന്‍ പ്രതിഷേധങ്ങള്‍ നടത്തും. പക്ഷേ, അതുമാത്രല്ല അവരുടെ ലക്ഷ്യം. നിങ്ങള്‍ അത് മാത്രം സംസാരിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് എളുപ്പം പിളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് ആ സംഭാഷണങ്ങള്‍. പിളര്‍ത്താന്‍ കഴിയാത്ത നിത്യ ജീവിത പ്രശ്നങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സമസ്യയല്ല. പട്ടിണി, കാര്‍ഷിക തകര്‍ച്ച ഒന്നും പ്രശ്നമല്ല. കാരണം ഭരണമെന്നാല്‍ ഫാഷിസ്റ്റുകള്‍ക്ക് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഒരു കര്‍മ പരിപാടി മാത്രമാണ്. ‘Fascism should more appropriately be called Corporatism because it is a merger of state and corporate power’ എന്ന് പറഞ്ഞത് അതിന്റെ ആചാര്യന് ബെനീറ്റോ മുസോളിനിയാണല്ലോ? ഇന്ത്യയിലെ കോര്‍പറേറ്റ് പവര്‍ എന്നാല്‍ റിലയന്‍സ് ആണല്ലോ?
കെ.കെ ജോഷി
You must be logged in to post a comment Login