മൂന്നാമത്തെ ചെരുപ്പ് സങ്കടങ്ങളുടെ മാതൃഭാഷ

മൂന്നാമത്തെ ചെരുപ്പ് സങ്കടങ്ങളുടെ മാതൃഭാഷ

സ്ത്രീയെ ‘മനുഷ്യനായി’ തിരിച്ചറിയാനാവാത്ത സങ്കുചിത മാനസികാവസ്ഥയോട് എതിരിട്ടുകൊണ്ടാണ്, നമ്മുടെ സാമൂഹ്യബോധം നിലനില്‍ക്കുന്നത് എന്ന് പറയുന്നതിനെക്കാള്‍, അവ്വിധം നിരന്തരം എതിരിടാതെ അതിന് സാമൂഹ്യബോധമായി നിലനില്‍ക്കാനാവില്ലെന്ന് പറയുന്നതാവും പ്രസക്തം. യുവകവി ലതീഷ് നടുക്കണ്ടിയുടെ ‘മൂന്നാമത്തെ ചെരുപ്പ്’ എന്ന കവിത ക്രൂരമായൊരു ബലാത്സംഗത്തെക്കുറിച്ചാണെന്ന് പറയുമ്പോള്‍, സ്‌നേഹപൂര്‍ണമായ ബലാത്സംഗം എന്നൊന്നുണ്ടോ എന്നും, ഇത്രയേറെ എഴുതിയെഴുതി തേഞ്ഞൊരു കാര്യത്തെക്കുറിച്ച് ഇനിയുമൊരു കവിതയുണ്ടാവേണ്ടതുണ്ടോ എന്നും ചോദിക്കാവുന്നതാണ്. എന്നാല്‍ കാശ്മീരിലെ കഠ്‌വയിലെ ആസിഫ ബാനുവിന്റേതടക്കം നിരവധി പേരുടെ ബലാത്സംഗകൊല ക്രൂരമെന്നതിനുമെത്രയോ അപ്പുറം കടന്നുകഴിഞ്ഞ ഒന്നാണെന്നും, എത്രയെത്ര കവിതകള്‍ ബലാത്സംഗത്തെക്കുറിച്ചോ സമാന ഭീകരതകളെക്കുറിച്ചോ എഴുതിയാല്‍ അധികമാവില്ലെന്നും ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും, കഴിയണം. പക്ഷേ ആവര്‍ത്തിക്കപ്പെടുന്ന പൊതുവിഷയങ്ങളെക്കുറിച്ച് ഒരു കവി എഴുതുമ്പോള്‍ ആ കവിയുടേത് മാത്രമായൊരു ‘മുദ്ര’ അതില്‍ പതിയണം, അല്ലെങ്കിലത് പതിവുകളുടെ പൊടിമൂടി തെളിയാതെ, വേണ്ടവിധം ഉള്ളില്‍ കൊള്ളാതെ, വാക്കിന്റെ വിവശതയായി, അത്ര ആവശ്യമില്ലാതിരുന്ന സര്‍ഗശ്രമമായി, സ്വയം ചുളിഞ്ഞുപോവും. ‘മൂന്നാമത്തെ ചെരുപ്പ്’ എന്ന ലതീഷിന്റെ കവിതക്ക് കവിതകളില്‍ സംഭവിച്ചു പോകാവുന്ന വാചാടോപങ്ങളെ പ്രതിരോധിച്ച്, മൗനനൊമ്പരങ്ങളുടെ സ്‌ഫോടനമായി മാറാന്‍ കഴിഞ്ഞത്, ഒരു പക്ഷേ, ആ ‘മൂന്നാമത്തെ ചെരുപ്പിനെ’ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെയുള്ള ഒരു കള്ളിയിലും ഒതുക്കാനാവാത്ത വേറൊരു ചെരുപ്പാക്കാന്‍ കഴിഞ്ഞതുകൊണ്ടാവണം. അല്ലെങ്കില്‍ കൊലവിളിക്കും നിലവിളിക്കുമിടയില്‍ ഒരു നിമിഷം നിശ്ശബ്ദമാക്കപ്പെട്ട നീതി തൊട്ടടുത്ത സമയംതന്നെ സമരോത്സുകമായി തീര്‍ന്നതുകൊണ്ടാവണം. അതുമല്ലെങ്കില്‍ അതിവേഗം അവസാനിച്ചു പോകാമായിരുന്ന ഒരു നിലവിളിയെ, അവസാനിക്കാത്തൊരു വേദനയുടെ സത്യവാങ്മൂലമാക്കി തീര്‍ത്തത്‌കൊണ്ടാവണം. എന്തായാലും ‘മൂന്നാമത്തെ ചെരുപ്പ്’ ഒരു ഭീകരപീഡനത്തിന്റെ പിടച്ചിലായി, ആള്‍ക്കൂട്ട മാനസികാവസ്ഥയുടെ അടിയൊഴുക്കുകളെ പിന്തുടരുന്ന ഒരു പ്രതിഭയുടെ മിന്നല്‍ കാഴ്ചയായി, ഒഴിഞ്ഞുമാറ്റ ചര്‍ച്ചകളുടെ പൊള്ളത്തരങ്ങളുടെ തുറന്നുകാട്ടലായി, നമ്മെ അസ്വസ്ഥപ്പെടുത്തുംവിധം അഗാധമാണ്. കാലില്‍ അടങ്ങിയൊതുങ്ങിനിന്നൊരു ചെരുപ്പ്, മൂല്യബോധത്തിന്റെ കഴുത്തിലൊരു ചങ്ങലയായി മുറുകുന്നിടത്തുവെച്ചാണ്, ‘മൂന്നാമത്തെ ചെരുപ്പ്’ കവിതയിലെ ‘കേന്ദ്രരൂപകമായി’ മാറുന്നത്. കാലിന്നടിയിലെ മനുഷ്യത്വത്തിന്റെ മണ്ണ് ഒഴുകിപ്പോവുന്നതിനെയോര്‍ത്താണ്.

‘മൂന്നാമത്തെ ചെരുപ്പ്’ എന്ന ശ്രദ്ധയര്‍ഹിക്കുന്ന കവിത, ആരംഭിക്കുന്നതുതന്നെ ‘തന്നെ’ എന്നൊരു തീര്‍പ്പോടെയാണ്. സാധാരണഗതിയില്‍ തര്‍ക്കത്തിലാണ്, ‘തന്നെ’ പ്രയോഗം അധികം കാണാറുള്ളത്. ഏത് വാക്കിനെയും ചിറകുള്ള വാക്കാക്കി പറത്തിവിടാന്‍ കവിതക്ക് കഴിയുമെങ്കിലും ചിലവാക്കുകളോടത് അത്ര പഥ്യം പുലര്‍ത്താറില്ല. അങ്ങിനെ ‘കവിതക്ക്’ പ്രിയംകുറഞ്ഞ വാക്കുകളിലൊന്നായ, ‘തന്നെ’ എന്നതില്‍ തന്നെയാണ് ‘മൂന്നാമത്തെ ചെരുപ്പ്’ എന്ന കവിത തുടങ്ങുന്നത്! ആ കവിതയിലെ ആദ്യവരിതന്നെ, വെറുമൊരു ‘തന്നെ’യായി തീര്‍ന്നിരിക്കുന്നു!

‘തന്നെ/ അതൊരു/ നിലവിളിതന്നെയാണ്/ കാവിനകത്ത് നിന്നോ/ കോട്ടക്കകത്ത് നിന്നോ?’ അതൊരു നിലവിളിതന്നെയാണെന്നതില്‍ ഒരു തര്‍ക്കവുമില്ലെന്ന തിരിച്ചറിവാണ്, തീര്‍പ്പാണ്, ‘തന്നെ’ എന്ന വാക്ക് ഉറപ്പിക്കുന്നത്. എന്നാല്‍ ആ നിലവിളി എവിടെനിന്നാണ്, ആരുടേതാണ് എന്നതിലാകട്ടെ പെട്ടെന്നൊരു തീര്‍പ്പിലെത്താന്‍ ആര്‍ക്കും കഴിയുന്നുമില്ല. ‘മൂന്നാമത്തെ ചെരുപ്പ്’ എന്ന കവിതയുടെ വേരാഴ്ന്നിരിക്കുന്നത്, ഈയൊരു വൈരുധ്യത്തിലാണ്. അത്രയും പറഞ്ഞാല്‍ മതിയാവില്ല, എന്തെന്നാല്‍ ആ ‘നിലവിളി’ കേള്‍ക്കുന്നത്, കശാപ്പുശാലയില്‍നിന്നല്ല, ആശുപത്രിയില്‍ നിന്നല്ല, ചന്തപ്പറമ്പില്‍ നിന്നുപോലുമല്ല, മറിച്ച് കവിതയില്‍ പറയുന്നത്‌പോലെ കാവിനകത്തുനിന്നോ കോട്ടക്കകത്ത്‌നിന്നോ ആണ്. നിശബ്ദത അഗാധഭക്തിയുടെ കവിതയും സ്മരണയുമായി മാറേണ്ടസ്ഥലമാണ്, ശബ്ദമുഖരിതമായിരിക്കുന്നത്. വെറും ശബ്ദബഹളമല്ല, നിലതെറ്റിയൊരു മനുഷ്യന്റെ നിസ്സഹായമായ വിളിയാണ് അവിടെനിന്നുമിപ്പോള്‍ കേള്‍ക്കുന്നത്. നിലവിളി ഏതര്‍ത്ഥത്തിലും നിസ്സഹായമായി തേടുന്നത് നീതിയാണ്. സര്‍വ ‘നില’കളും നഷ്ടമാവുമ്പോള്‍, ഏതെങ്കിലും ഒരു നില്‍ക്കക്കള്ളി കിട്ടുമെന്നറിയുമ്പോഴാണ് കരച്ചില്‍, ഒരു നിലവിളിയാകുന്നത്. ആരുമില്ലേ ഒന്നാശ്വസിപ്പിക്കാന്‍, എന്നാണത് കലങ്ങിയ വാക്കുകളില്‍ വിളിച്ചുചോദിക്കുന്നത്. വാക്കുകള്‍ പ്രവര്‍ത്തനരഹിതമാവുമ്പോഴാണ്, ‘നിലവിളി’ സങ്കടങ്ങളുടെ മാതൃഭാഷയാവുന്നത്. ‘മൂന്നാമത്തെ ചെരുപ്പ്’ കാലിലിടുന്ന ചെരിപ്പിനെയല്ല, ജീര്‍ണവ്യവസ്ഥകളുടെയും അവമാനകരമായ അവസ്ഥകളുടെയും കാല് നക്കുന്ന കാഴ്ചപ്പാടുകളെയാണ് നിശിതവിചാരണക്ക് വിധേയമാക്കുന്നത്. അതിന് കവിതയില്‍ നിമിത്തമാകുന്നത് കവിതയില്‍ കൊള്ളാത്തവിധം വളരുന്നൊരു നിലവിളിയാണ്. ഈയൊരു നിലവിളിയാണ്, കവിതയില്‍ ആദ്യമൊരു തര്‍ക്കത്തിന് തിരികൊളുത്തുന്നതും, അതോടൊപ്പം ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ നമ്മുടെ തര്‍ക്കങ്ങളെല്ലാം എത്രമേല്‍ വ്യര്‍ത്ഥമാണെന്ന് വ്യക്തമാക്കുന്നതും! കാണേണ്ടത് കാണാനും, കേള്‍ക്കേണ്ടത് കേള്‍ക്കാനും ആവാത്തവിധം പാപ്പരായ ആള്‍ക്കൂട്ടമാനസികാവസ്ഥയുടെ പരിഛേദമാണ് യുവകവികളില്‍ ശ്രദ്ധയര്‍ഹിക്കുന്ന ലതീഷ് നടുക്കണ്ടി ഏതാനും വരികളില്‍ കുറിച്ചിട്ടിരിക്കുന്നത്.

‘ആട് കരഞ്ഞതാവാമെന്ന്/
ബാര്‍ബര്‍ സുകുമാരന്‍/
നിലവിളിയൊരു/ പെണ്‍ശബ്ദമാണെന്ന്
ടൈലര്‍ ഗംഗാധരന്റെ സാക്ഷ്യം….
തര്‍ക്കിച്ചും കലഹിച്ചും/
പക്ഷങ്ങള്‍ പിന്നെയും വന്നു;…..
ഒടുവില്‍ നിലവിളിയൊരു/
തോന്നലാവാമെന്ന/
വേലായുധന്‍മാഷുടെ പക്ഷത്തോട്/
സമരസപ്പെട്ട് ആള്‍ക്കൂട്ടം/
പക്ഷഭേദങ്ങളടക്കിപ്പിരിഞ്ഞു.

അഭിപ്രായങ്ങളും ആശയങ്ങളും അതുമായി ബന്ധപ്പെട്ട് വളര്‍ന്നുവരേണ്ട സംവാദങ്ങളും എപ്രകാരമാണ് ശിഥിലമായിത്തീരുന്നതെന്നാണ് കവിത അനുഭവിപ്പിക്കുന്നത്. ബാര്‍ബര്‍ സുകുമാരന്റെ അഭ്യൂഹവും ടൈലര്‍ ഗംഗാധരന്റെ സത്യസാക്ഷ്യവും എളുപ്പം അവഗണിച്ചവര്‍, എത്രപെട്ടെന്നാണ്, പ്രത്യേകിച്ച് ഒരൊരുക്കവും കൂടാതെ വേലായുധന്‍മാഷുടെ ‘നിലവിളിയൊരു തോന്നാലവാമെന്ന’ ഒരടിസ്ഥാനവുമില്ലാത്ത അഭിപ്രായത്തില്‍, അഭയം കണ്ടെത്തിയതെന്നറിയുമ്പോഴാണ്, സമീപകാലത്ത് ശക്തിപ്പെട്ടുവരുന്ന ഒളിച്ചോട്ട പ്രവണതയുടെ ആഴം നാം തിരിച്ചറിയുന്നത്. കത്തുന്ന യാഥാര്‍ത്ഥ്യത്തെ വെറും കടംകഥയാക്കുകയും, കടംകഥകളെയും കിംവദന്തികളെയും സത്യമാക്കുകയും അധികാരശക്തികള്‍ എഴുന്നള്ളിക്കുന്ന നുണകളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ജീര്‍ണവ്യവസ്ഥകളുടെ കാവാലളുകളാണ് പലപ്പോഴും നീതിയുടെ കാവല്‍ക്കാരായി നമുക്ക് മുമ്പില്‍വേഷം കെട്ടുന്നത്. പുറത്ത് അധികാരത്തിന്റെ ‘പത്തി’യും അകത്ത് കുടിലതകളുടെ കത്തിയുമായി ഇവര്‍ക്ക് എളുപ്പം രൂപം മാറാനാവും. കവിതയിലെ ‘വേലായുധന്‍മാഷ്’ നിരുപദ്രവകാരിയെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരപകടകാരിയാണ്. നിലവിളിയെ നിസ്സാരമായൊരു തോന്നലാക്കുന്ന അയാളുടെ ‘നിഷ്പക്ഷത’ ചിലസമയങ്ങളില്‍ കൊലവിളിയെപ്പോലും മിറകടക്കുന്ന ക്രൂരതയായിത്തീരും. ‘മൂന്നാമത്തെ ചെരുപ്പ്’ എന്ന കവിതയില്‍ കടന്ന് വരുന്ന ബാര്‍ബര്‍ സുകുമാരന്‍, ടൈലര്‍ ഗംഗാധരന്‍, ബേക്കറിക്കാരന്‍ ജോസുട്ടി, മീന്‍കാരന്‍ മമ്മദ്, വില്ലേജ് ഓഫീസര്‍ വിജയന്‍ തുടങ്ങിയവരുടെ തര്‍ക്കങ്ങളില്‍ ആ നിലവിളിയെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തലപൊക്കുമ്പോള്‍, അരുതാത്തതൊന്ന് എവിടെയോ നടന്നുവെന്നതിന്റെ തെളിവായി അവരുടെ തര്‍ക്കങ്ങളില്‍ ആ ‘നിലവിളി’ നിറയുമ്പോള്‍, വേലായുധന്‍മാഷ് മാത്രം എത്ര അലസമായാണ്, അതൊരു തോന്നാലണെന്ന് നിര്‍വിശങ്കം വിധിച്ചത്. കവിത ഉന്നയിക്കുന്നത്, നിരവധി അഭിപ്രായങ്ങള്‍ക്കിടയില്‍ ആ അഭിപ്രായങ്ങളെ മുഴുവന്‍ നിര്‍വീര്യമാക്കിയ, വേലായുധന്‍ മാഷിന്റെ പക്ഷത്തോട്, ആള്‍ക്കൂട്ടം സര്‍വ പക്ഷഭേദങ്ങളും ഒഴിവാക്കി എങ്ങിനെ ഒത്തുചേര്‍ന്നുവെന്ന ഒരസ്വസ്ഥചോദ്യമാണ്. സംവാദങ്ങളെ സാധ്യമാക്കുന്ന ‘സാമൂഹ്യാവസ്ഥ’ ഒരു ആള്‍ക്കൂട്ടാവസ്ഥക്ക് കീഴ്‌പ്പെടുമ്പോള്‍ അനിവാര്യമായും സംഭവിക്കാവുന്ന ഒരട്ടിമറിയെയാണ് കവിതയിലെ വേലായുധന്‍മാഷ് പ്രതിനിധീകരിക്കുന്നത്.

‘സന്ധ്യക്ക്/
അന്തിത്തിരി തെളിക്കാന്‍ ചെന്ന/
നാരായണിയാണ് ആദ്യം കണ്ടത്/
മൊയ്തുക്കയുടെ/
ഇളയമകള്‍- ഫൗസിയ/
കാവിനകത്ത് കാഞ്ഞിരമരച്ചോട്ടില്‍/
കീറിപ്പറിഞ്ഞ/ ചുണ്ടില്‍ ഉറുമ്പരിച്ച്/
ചിതറിത്തെറിച്ച പുസ്തകങ്ങള്‍ക്കരികെ/
തെറ്റിപ്പോയ ഉത്തരങ്ങളിലെ/
ചുവന്ന മഷിയടയാളംപോലെ/
വെളുത്ത പെറ്റിക്കോട്ടിലെ/
രക്തചുവപ്പോടെ…!’

കവിതയില്‍ കൊള്ളാത്ത ആ നിലവിളി ഫൗസിയയുടേതാവുന്നതും സന്ധ്യക്ക് കാവില്‍ അന്തിത്തിരി തെളിക്കാന്‍ ചെന്ന നാരായണി കാവിനകത്ത്, ചിതറിത്തെറിച്ച പുസ്തകങ്ങള്‍ക്കരികെ രക്തച്ചുവപ്പോടെ അവളുടെ മൃതശരീരം കാണുന്നതും വായിക്കുമ്പോള്‍, പ്രത്യക്ഷമായി കവിതയില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും കാശ്മീരിലെ കഠ്‌വയിലെ ആസിഫ ബാനുവിനെ ആരും ഒരു നടുക്കത്തോടെ ഓര്‍ത്തുപോകും. ആരാധനാകേന്ദ്രങ്ങള്‍ക്കകത്തുനിന്നുപോലും ഭീകരര്‍ അലറുമ്പോള്‍, എത്ര കാതോര്‍ത്താലും കുഞ്ഞുമക്കളുടെ നിലവിളികള്‍ കേള്‍ക്കാനാവില്ല. പക്ഷേ ചിതറിത്തെറിച്ച പുസ്തകങ്ങളും, അവളുടെ വെളുത്ത പെറ്റിക്കോട്ടിലെ രക്തച്ചുവപ്പും കൊലക്കുശേഷവും നിലവിളിക്കുമ്പോള്‍ മനുഷ്യര്‍ക്കാര്‍ക്കും, അത് കേള്‍ക്കാതിരിക്കാനുമാവില്ല.

‘അവിടക്കണ്ട വള്ളിപൊട്ടിയ/ മൂന്നാമത്തെ ചെരുപ്പ്/ ആരുടേതാവാം/ നാല്‍ക്കവല വീണ്ടും/ ശബ്ദമുഖരിതമാവുന്നു…’. ഒരു ബലാത്സംഗകൊല സൃഷ്ടിച്ച നിശബ്ദഭീതികള്‍ക്കിടയില്‍നിന്ന് ‘വള്ളിപൊട്ടിയ മൂന്നാമത്തെ ചെരുപ്പ്’ ഉയര്‍ത്തുന്ന ഇടിവെട്ടിനു മുമ്പിലേക്കാണ്, കവി, അസ്വസ്ഥവിചാരങ്ങളുടെ വഴി തുറന്നുവെച്ചിരിക്കുന്നത്. എങ്കിലും പലരുംവഴിമാറി നടക്കാനാണ് സാധ്യത. നമ്മള്‍ ‘വേലായുധന്‍ മാഷുടെ’ സ്‌കൂളിലാണല്ലോ പഠിക്കുന്നത്? ‘ആര്‍ എസ് എസിന്’ പഠിക്കുന്ന ‘ലിബറല്‍ മതേതര’വാദികളെയൊഴിച്ച് മറ്റെല്ലാവരെയും ലതീഷിന്റെ ‘മൂന്നാമത്തെ ചെരുപ്പ്’ എന്ന കവിത ആഴത്തില്‍ അസ്വസ്ഥമാക്കും.

യുവകവി ലതീഷിന് കവിത ആത്മാനുരാഗത്തിന്റെ പൂമരമല്ല, ആത്മരോഷത്തിന്റെ തീകാറ്റാണ്. വാക്കുകളില്‍ കവി കാണുന്നത്, വിണ്ടുകീറിയ ജീവിതത്തിന്റെ ചോരയാണ്. അടുപ്പങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അകലങ്ങളെക്കുറിച്ചുള്ള വേദനയാണ്, ലതീഷിന്റെ കാവ്യലോകങ്ങളില്‍ ഇളകിമറിയുന്നത്. ‘ഭാസുരതക്കും/ ആസുരതക്കുമിടയിലെ/ ഒരേയൊരക്ഷരത്തിന്റെ അകലം…/ പക്ഷേ/ അതിന്റെ ദൂരവും ആഴവും/ അളന്നെടുക്കുവാന്‍/ മതിയാവില്ലതിന്റെ/ അളവുകോലുകളൊന്നും….’ എന്ന് ‘അകലം’ എന്ന കവിതയില്‍ ലതീഷ്. മനുഷ്യബന്ധങ്ങള്‍ക്ക് സംഭവിക്കുന്ന അകാലമൃത്യുവിനെക്കുറിച്ചുള്ള നിലവിളികളാണ്,എത്ര നിലവിളിച്ചിട്ടും, നഷ്ടമായ നല്ല നിലകളൊന്നും നേടാനാവാത്തതിലുള്ള നൊമ്പരങ്ങളാണ്, സ്വയം തടവറയൊരുക്കുംവിധം ഏതോ ഉരുക്കു കവചങ്ങള്‍ക്കകത്തേക്കുള്ള മനുഷ്യരുടെ മടക്കത്തിലുള്ള ആധിയാണ് ലിതീഷ് ഹൃദയസ്പര്‍ശിയാംവിധം ആവിഷ്‌കരിക്കുന്നത്. ‘പൂവും വേരും കായും/ തടിയും നിങ്ങളെടുത്തില്ലെ/ ആ തണലെങ്കിലും ഇവിടം/ തന്നിട്ട് പോകുമോ’ എന്ന ലിതീഷിന്റെ ചോദ്യം, ഒരു ചോദ്യമെന്നതിലപ്പുറം, നഷ്ടമാവുന്ന നന്മകളെക്കുറിച്ചോര്‍ത്തുള്ള ഗദ്ഗദമാണ്.

കെ.ഇ.എന്‍

You must be logged in to post a comment Login