1977 സെപ്റ്റംബര്‍ അഞ്ച്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല. സീതാറാം യെച്ചൂരിയാണ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ്. അടിയന്തിരാവസ്ഥ പിന്‍വലിച്ചിട്ട് ആറ് മാസമേ ആയുള്ളൂ. ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന് ആര്‍ത്തലച്ചിരുന്ന ഒരു ഭരണസംവിധാനം അധികാരം വിട്ടൊഴിഞ്ഞിട്ടും കഷ്ടി ആറ് മാസം. സര്‍വപ്രതാപിയാണ് അന്നും ഇന്ദിരാഗാന്ധി. ഡല്‍ഹിയില്‍ ഇന്ദിരയറിയാതെ ഈച്ചപാറാത്ത കാലമെന്ന് അന്നത്തെ പാട്ടുകാര്‍. ശാന്തസ്വരൂപനായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രി. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇന്ദിര വിട്ടൊഴിയാത്ത അധികാരങ്ങള്‍ നിരവധി. അതിലൊന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയാണ്. അടിയന്തിരാവസ്ഥക്കെതിരെ അതിതീഷ്ണമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന കാമ്പസാണ് നെഹ്റു സര്‍വകലാശാലയുടേത്. ജനാധിപത്യ ധ്വംസനത്തിന്റെ മുഖ്യകാര്മികയായിരുന്ന ഇന്ദിരാഗാന്ധി ചാന്‍സലര്‍ പദവി ഒഴിയണമെന്ന മുദ്രാവാക്യം എസ്.എഫ്.ഐ ഉയര്‍ത്തുന്നു. ആവശ്യം നിസ്സാരമല്ല. ഇന്ദിരാഗാന്ധിയാണ് എതിര്‍പക്ഷത്ത്. അത്ര എളുപ്പമല്ല ഫലസിദ്ധി. ഇന്ദിരയുടെ നോമിനിയായിരുന്ന ബി.ഡി നാഗചൗധരിയെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് കെട്ടുകെട്ടിച്ച പ്രക്ഷോഭത്തിന്റെ തുടര്നാളുകളാണ്. സീതാറാമിന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചിനൊരുങ്ങുന്നു. ഇന്ദിരാഗാന്ധിയുടെ വസതിയിലേക്കാണ് മാര്‍ച്ച്. ഡല്‍ഹി അമ്പരന്ന നിമിഷങ്ങള്‍. എന്തിനും പോന്ന ഹൂളിഗണ്സ് ഇന്ദിരാസ്തുതികളുമായി ഡല്‍ഹി വാഴുന്ന നാളുകളാണ്. തോറ്റിട്ടും പതറാത്ത അവരുടെ വീരനായികയെയാണ് ഒരു സംഘം കുട്ടികള്‍ വെല്ലുവിളിക്കുന്നത്. ഇന്ദിരയുടെ വസതിക്കുമുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇന്ത്യന്‍ ജനതയുടെ നേര്‍പ്പകര്‍പ്പായ അഞ്ഞൂറോളം കണ്ഠങ്ങളില്‍ നിന്ന് മുദ്രാവാക്യങ്ങളുയര്‍ന്നു. അടിയന്തിരാവസ്ഥയിലെ ക്രിമിനലുകളെ പേരെടുത്ത് പറഞ്ഞുള്ള നിശിത മുദ്രാവാക്യങ്ങള്‍. സമരമുഖത്തേക്ക് ഇന്ദിരാഗാന്ധി വരുന്നു. സീതാറാം യെച്ചൂരി മുന്നോട്ട് നീങ്ങി അവരുടെ സമീപമെത്തി. ഒട്ടും ക്ഷുഭിതയായിരുന്നില്ല അവര്‍. മുദ്രാവാക്യങ്ങള്‍ അവര്‍ കേട്ടു. സീതാറാം സംസാരിക്കാനൊരുങ്ങുന്നു. ഇന്ദിര എന്തുകൊണ്ട് ചാന്‍സലര്‍ സ്ഥാനമൊഴിയണമെന്ന ദീര്‍ഘമായ നിവേദനം സീതാറാം വായിക്കുന്നു. മനോഹരവും സ്ഫുടവുമായ ഇംഗ്ലീഷിന്റെ പ്രവാഹം. അടിയന്തിരാവസ്ഥയിലെ കുറ്റങ്ങള്‍ ഒന്നൊന്നായി സീതാറാം എണ്ണിപ്പറയുന്നു. ഇന്ദിരാ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളായിരുന്നു മെമ്മോറാണ്ടത്തിന്റെ ആദ്യ ഖണ്ഡിക. ഇന്ദിരാഗാന്ധിയുടെ തൊട്ടരികെ നിന്ന് മെലിഞ്ഞ് നീണ്ട ഒരു ചെറുപ്പക്കാരന് വിചാരണ നടത്തുകയാണ്. ഇന്ദിരയുടെ മുഖത്തെ ചിരി മാഞ്ഞു. കഠിനമായ ദേഷ്യം അവരെ കീഴടക്കി. അടക്കാനാവാത്ത ക്ഷോഭത്തോടെ അവര്‍ തിരിച്ചുപോയി. സീതാറാം വിചാരണ തുടര്‍ന്നു. കുറ്റപത്രിക ഇന്ദിരയുടെ വീടിന് മുന്നില്‍ നിക്ഷേപിച്ച് പ്രക്ഷോഭകര്‍ കാമ്പസിലേക്ക് മടങ്ങി. സമാധാനപരമായി ആ പ്രക്ഷോഭം അവസാനിച്ചു.
പിറ്റേന്നത്തെ ദേശീയ പത്രങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു. ജെ.എന്‍.യു പ്രസിഡന്റ് സീതാറാം യെച്ചൂരി എന്ന എസ്.എഫ്.ഐ നേതാവിന്റെ വാക്കുകളെ സാകൂതം വീക്ഷിക്കുന്ന ഇന്ദിരയുടെ ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കാമ്പസുകളില്‍ ആ വാര്‍ത്ത പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. തൊട്ടുപിറ്റേന്ന് ഇന്ദിരാഗാന്ധി ചാന്‍സലര്‍ പദവി രാജിവെച്ചു. പിതാവിന്റെ പേരിലുള്ള സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവി പ്രധാനമന്ത്രിപദം പോലെ പ്രിയപ്പെട്ടതായിരുന്നു ഇന്ദിരക്ക്. വിദ്യാര്‍ത്ഥികളുടെ സമര വീര്യത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്ന തിരിച്ചറിവാണ് അവരെ രാജിക്ക് പ്രേരിപ്പിച്ചത്. അന്നത്തെ യൂണിയന് പ്രസിഡന്റ് സീതാറാം ഇന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഐക്യശ്രമങ്ങളുടെ അമരക്കാരനുമാണ്.
ഫാഷിസത്തിന് ഒളിച്ചിരിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച രാഷ്ട്രീയ രൂപം ജനാധിപത്യമാണ്. ഭൂരിപക്ഷത്തിന്റെ അധികാരം എന്ന ജനാധിപത്യ തത്വം അട്ടിമറിക്കാന്‍ പ്രയാസമില്ല. ചരിത്രത്തിലെമ്പാടും അത് സംഭവിച്ചിട്ടുണ്ട്. ഭൂരിപക്ഷം എന്നത് അമിത ഭൂരിപക്ഷമാക്കി മാറ്റുകയാണ് ഒരു വഴി. ജനതയെ കൂടുതല്‍ സ്വാധീനിക്കുന്ന, അല്ലെങ്കില്‍ കുറഞ്ഞ കാലത്തേക്ക് കൂടുതല്‍ സ്വാധീനിക്കുന്ന വിഷയങ്ങള്‍ മുന്‍നിര്‍ത്തി അമിത ഭൂരിപക്ഷത്തെ സൃഷ്ടിക്കാന്‍ കഴിയും. എല്ലാ സമൂഹത്തിലും ഭൂരിപക്ഷമായിരിക്കുന്ന ചില പ്രവണതകളുണ്ട്. ചിലയിടത്ത് അത് മതമാണ്. മതത്തെ എളുപ്പത്തില്‍ വര്‍ഗീയതയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിയും. അങ്ങനെ സാധിച്ചാല്‍ വര്‍ഗീയത ഭൂരിപക്ഷമായി മാറും. ആ ഭൂരിപക്ഷത്തെ ഏകാധിപത്യത്തിലേക്കോ അല്ലെങ്കില്‍ ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിലേക്കോ മാറ്റിത്തീര്‍ക്കുക അസംഭവ്യമല്ല. മറ്റ് ചിലപ്പോള്‍ അധികാരം, പാരമ്പര്യം എന്നിവ ഭൂരിപക്ഷമുണ്ടാക്കാനായി ഉപയോഗിക്കപ്പെടാം. അങ്ങനെ ലഭിക്കുന്ന ഭൂരിപക്ഷമുപയോഗിച്ച് ഏകാധിപത്യം സാധ്യമാക്കാം. ഏകാധിപത്യത്തിന്റെ പ്രൊമോഷന് പോസ്റ്റാണ് ഫാഷിസം. ഇന്ദിരാ ഗാന്ധിയുടേത് രണ്ടാമത്തെ വഴിയായിരുന്നു. അടിയന്തിരാവസ്ഥ അതിനുള്ള കോപ്പുകൂട്ടലായിരുന്നു. അങ്ങനെയുള്ള ഒരു ഭരണാധികാരിയെ അവരുടെ വീട്ടുമുറ്റത്ത് ചെന്ന് വെല്ലുവിളിച്ച് പരാജയപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ സര്‍വകലാശാലയാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല. അതിനാലാണ് നമ്മള് വീണ്ടും, ജനാധിപത്യ വിശ്വാസികളായ, ജനാധിപത്യത്തിന് വേണ്ടി സംസാരിക്കുന്നവരായ നമ്മള് വീണ്ടും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെയും അവിടത്തെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെയും കുറിച്ച് സംസാരിക്കുന്നത്.
ഈ കുറിപ്പ് എഴുതുമ്പോഴും ജെ.എന്‍.യു ശാന്തമായിട്ടില്ല. അവിടെ തിരഞ്ഞെടുക്കപ്പെട്ട അവരുടെ അധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ ആക്രമിക്കപ്പെടുകയാണ്. കലുഷിതമാണ് കാമ്പസ്. കാരണം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സംഘപരിവാരത്തെ; രാജ്യം ഭരിക്കുന്ന സംഘപരിവാരത്തെ അവരുടെ മൂക്കിന് തുമ്പില്‍ വെല്ലുവിളിച്ചിരിക്കുന്നു. പരാജയപ്പെടുത്തിയിരിക്കുന്നു. പൊതുതിരഞ്ഞെടുപ്പിന് കേവലം ആറുമാസം ബാക്കിയുള്ളപ്പോഴാണ് ഇടത് സംഘടനകളുടെ വിശാല ഐക്യം സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി യെ സര്‍വതലങ്ങളിലും നിഷ്പ്രഭമാക്കി വിജയം കൊയ്തത്. എന്താണ് ഈ പറയുന്നത്? കേവലം എണ്ണായിരം വോട്ടര്‍മാര്‍ മാത്രമുള്ള അതില്‍ 5000 പേര് മാത്രം വോട്ട് രേഖപ്പെടുത്തിയ ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പും 85 കോടിയില്‍ പരം പേര് വോട്ടുചെയ്യുന്ന പൊതുതിരഞ്ഞെടുപ്പും തമ്മില്‍ എന്ത് ബന്ധം? ഈ ചോദ്യം നിങ്ങളും കേട്ടുകാണും. ബന്ധമുണ്ട്.
1969-ല്‍ ഇന്ദിരാഗാന്ധി ധനവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന കാലത്താണ് ജെ.എന്‍.യു. യാഥാര്‍ത്ഥ്യമാവുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയിലേക്ക് അവര്‍ പരിണമിച്ചിട്ടില്ല. നെഹ്റുവിയന്‍ ധൈഷണികതയുടെ അന്തരീക്ഷത്തെ അവര്‍ കൈയൊഴിഞ്ഞിട്ടുമില്ല. അറിവിനെ, അതിന്റെ നാനാതരം പ്രയോഗങ്ങളെ അറിഞ്ഞാദരിച്ചിരുന്ന ഒരു അന്തരീക്ഷം നിലനിന്നിരുന്നു. അത്തരം അന്തരീക്ഷത്തെ ഉറപ്പിക്കുന്നതായിരുന്നു 1969-ല്‍ പാര്‍ലമെന്റ് പാസാക്കിയ ജെ.എന്‍.യു ബില്‍. ഇന്ത്യയിലെ അക്കാലത്തെ മുന്തിയ ധിഷണകളുടെ പോറ്റില്ലമായി ജെ.എന്‍.യു മാറി. സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടാത്ത ഒരു അറിവിടം. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രായോഗികമായി തിരിച്ചടികളും നിഷ്കാസനങ്ങളും നേരിട്ടപ്പോഴും കമ്യൂണിസത്തിന്റെ ബൗദ്ധികാന്തരീക്ഷത്തിന് വളക്കൂറുള്ള മണ്ണായി ജെ.എന്‍.യു നിലകൊണ്ടു. പൂര്‍ണമായി ഒരു സര്‍ക്കാര്‍ സംവിധാനമായിരുന്നതിനാല്‍ പ്രവേശന മാനദണ്ഡങ്ങള്‍ സുതാര്യമായിരുന്നു. ധനസഹായമാവട്ടെ ആവോളവും. സ്വാഭാവികമായും ജെ.എന്‍.യു. മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ജ്ഞാനാരണ്യമായി. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബൗദ്ധികതയുടെ ഒപ്പുകടലാസായി അവിടം പരിണമിച്ചു. ലോകത്തെ ഏറ്റവും മികച്ച സോഷ്യോ പൊളിറ്റിക്കല്‍ സര്‍വകലാശാലയെന്ന കീര്‍ത്തി നേടി. സംവാദത്താല്‍ മുഖരിതമായ അന്തരീക്ഷം. കിടയറ്റ വിദ്യാര്‍ത്ഥി യൂണിയന്. നിശ്ചയമായും ബൗദ്ധിക വരേണ്യതയുടെ പിടിമുറുക്കം പ്രകടമായിരുന്നു. എന്നാല്‍ അത് സര്‍വകലാശാലയുടെ സംവാദാത്മക സര്‍ഗാത്മകതയാല്‍ ബാലന്‍സ് ചെയ്യപ്പെട്ടു. ജനാധിപത്യപരതയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ബൗദ്ധിക-ഭൗതിക ജീവിതത്തിന്റെ മുഖമുദ്ര. ജനാധിപത്യത്തിന് നേരെ അകത്തുനിന്നും പുറത്തുനിന്നുമുള്ള കയ്യേറ്റങ്ങളെ അവര്‍ ചെറുത്തു. മഹാപ്രജാപതിയായി സ്വയം വാഴിച്ച ഇന്ദിരാഗാന്ധിയുടെ വീട്ട് മുറ്റത്തേക്ക് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി എത്തിയതിന്റെ കാരണമതാണ്. ജനാധിപത്യത്തിന് എതിരായ കയ്യേറ്റത്തോട് വിവേകികള്‍ക്ക് ക്ഷമിക്കാനാവില്ല.
ഫാഷിസത്തിന് ജനാധിപത്യത്തില്‍ നിന്നുള്ള എളുപ്പവഴി മുന്‍പേ പറഞ്ഞല്ലോ? ആ വഴി വീണ്ടും തെളിഞ്ഞത് 2014-ല്‍ ആണ്. ഹിന്ദുത്വയുടെ അധികാരാര്‍ജനം എണ്‍പതുകള്‍ മുതലുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. ചരിത്രത്തെ കെട്ടുകഥയിലേക്ക് കൂട്ടിക്കെട്ടിയുള്ള പരീക്ഷണങ്ങള്‍. ബാബരി മസ്ജിദിന്റെ തകര്‍ത്തെറിയല്‍ വരെ നീണ്ട വന്‍ നാടകങ്ങള്‍. 1996-ല്‍ വെറും പതിമൂന്ന് ദിവസത്തേക്ക് അധികാരമാര്ജിച്ച് ബി.െജ.പി വരവറിയിച്ചു. രണ്ട് വര്‍ഷത്തിനപ്പുറം 1998-ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാറുണ്ടായി. അഞ്ചുവര്‍ഷം തികച്ചു ഭരിച്ചു. കേ്രന്ദത്തില്‍ ഒരു ബി.ജെ.പി സര്‍ക്കാര്‍.
ആ പരീക്ഷണത്തിന്റെ ഭയാനകമായ വിളകൊയ്യല്‍ നടന്നത് 2014-ല്‍ ആണ്. അപ്പോഴേക്കും സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യം സംബന്ധിച്ച അടിസ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നു. ഹിന്ദുത്വയും അതുണ്ടാക്കുന്ന വൈകാരികതയും വര്‍ഗീയതയും പ്രചാരണത്തിനുള്ള ഉപാധികളിലൊന്നായി മാറി. അതിലും വലിയ പദ്ധതികള്‍ ഉണ്ടായി വന്നു. കോര്‍പറേറ്റുകളുടെ ഇഷ്ടകക്ഷിയായി അവര്‍ മാറി. നമ്മള് പലവുരു പറഞ്ഞതുപോലെ കോര്‍പറേറ്റിസവും ഭരണകൂടവും തമ്മിലെ സാറ്റുകളിയാണല്ലോ ഫാഷിസം.
ദീര്‍ഘകാലത്തേക്കുള്ള ഒരു അവരോധിക്കലാണ് കോര്‍പറേറ്റുകള്‍ ലക്ഷ്യം വെച്ചത്. കാല് നൂറ്റാണ്ടെങ്കിലും മോഡി നാടുഭരിക്കുമെന്ന പ്രചാരണം ശക്തമായി. മോഡി ഭരണത്തിന്റെ തണലില്‍ കോര്‍പറേറ്റുകള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയിലേക്ക് കുതിച്ചതും കുതിക്കുന്നതും നമ്മള് കണ്ടു. സാധാരണ മനുഷ്യരെക്കുറിച്ചുള്ള വേവലാതികള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ പരിഗണന അല്ലാതായി മാറുന്നതും നമ്മള് കണ്ടു.
എവിടെ നിന്നാണ് ആദ്യ പ്രതിഷേധമുയര്‍ന്നത്? എവിടെ നിന്നുയര്‍ന്ന മുദ്രാവാക്യമാണ് ജനാധിപത്യത്തെ പ്രചോദിപ്പിച്ചത്? സംഘപരിവാറിനെതിരെ ജനാധിപത്യത്തിന്റെ പ്രതിരോധം സാധ്യമാണ് എന്ന തോന്നലിലേക്ക് രാജ്യത്തെ ഉണര്‍ത്തിയ ചലനങ്ങള്‍ മുഖ്യമായും എവിടെ നിന്നായിരുന്നു. നിശ്ചയമായും അത് സര്‍വകലാശാലകളില്‍ നിന്നായിരുന്നു. അതിലേറ്റവും ഉറച്ചത് ജെ.എന്‍.യുവില്‍ നിന്നായിരുന്നു.
അതിനാലാണ് കേന്ദ്ര സര്‍ക്കാറും സംഘപരിവാരവും ജെ.എന്‍.യുവിനെ ഭയപ്പെട്ടത്. ആശയതലത്തിലെങ്കിലും ഫാഷിസത്തിന്റെ മുഖംമൂടിയിട്ട കോര്പറേറ്റിസത്തോട് ചെറുത്തുനില്ക്കുന്ന മുഖ്യ ചലനം ഇടതുപക്ഷമാണ്. അതിന്റെ സൈദ്ധാന്തിക കേന്ദ്രങ്ങളില്‍ ഒന്നാണ് ജെ.എന്‍.യു. അതാണ് ജെ.എന്‍.യുവിനെ തകര്‍ക്കാന്‍ ഉള്ള പടയൊരുക്കത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. 2016-ല്‍ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും എതിരെ നടന്ന നീക്കം അതിന്റെ ഒരു ഭാഗമാണ്. തുടര്‍ന്നിങ്ങോട്ട് അക്കാദമിക തലത്തിലും ആസൂത്രണ തലത്തിലും കേന്ദ്ര സര്‍ക്കാര്‍ ജെ.എന്‍.യുവിന് മേല്‍ പിടിമുറുക്കാന്‍ തുടങ്ങി. ചെറുത്തുനില്പ് ഉണ്ടാകാതിരിക്കാന്‍ എ.ബി.വി.പിയെ അഴിച്ചുവിട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ച് വരെ അവര്‍ സംഘബലം കൂട്ടി.
അതിനിടെ അക്കാദമിക തലത്തില്‍ വലിയ ഒരു പാരഡിം ഷിഫ്റ്റ് സംഭവിക്കുന്നുണ്ട്. സാമൂഹിക ശാസ്ത്രം ഒരു കോര്‍പറേറ്റ് തൊഴില്‍ വിഷയമായി ശക്തി നേടുന്നതാണ് അത്. അതോടെ മധ്യവര്‍ഗ വലത് കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമായി ജെ.എന്‍.യു മാറി. ഈ മധ്യ വര്‍ഗത്തിന് എളുപ്പത്തില്‍ വഴങ്ങുന്ന ഒന്ന് വര്‍ഗീയതയാണ്. ഇഷ്ടമല്ലാത്ത ഒന്ന് സമത്വവാദമാണ്. ഇവരിലാണ് എ.ബി.വി.പി നിക്ഷേപമിറക്കിയത്. അതിന് ചില ഫലങ്ങളും വിജയങ്ങളും ഉണ്ടായി. കേന്ദ്രം നേരിട്ട് ഭരിക്കുന്ന ഡല്‍ഹി പൊലീസിന്റെ സര്‍വാത്മനായുള്ള പിന്തുണയോടെ എ.ബി.വി.പി, ജെ.എന്‍.യു കാമ്പസില്‍ അഴിഞ്ഞാടി. പിടിമുറുക്കി. ആ മുറുക്കലില്‍ കാണാതായ നജീബ് ഇപ്പോഴും കാണാമറയത്താണ്. ജെ.എന്‍.യുവും കീഴടങ്ങുകയാണോ എന്ന് സംശയിച്ച നാളുകള്‍.
ആ സംശയങ്ങളെ, ആ ആശങ്കകളെ ആണ് ഇടതു സഖ്യം വന്‍ വിജയത്തിലൂടെ ഇപ്പോള്‍ തൂത്തെറിഞ്ഞിരിക്കുന്നത്. എ.ബി.വി.പിയെ അക്ഷരാര്‍ത്ഥത്തില്‍ പച്ചതൊടാന്‍ വിടാതെയുള്ള വിജയം. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളിലും ഇടതുകുട്ടികള് വിജയിച്ചു. ജോയിന്റ് സെക്രട്ടറി മലയാളിയായ അമുതയാണ്. മാറി നിന്ന ബാപ്സയും എന്‍.എസ്.യുവും ഒറ്റ സഖ്യമായിരുന്നെങ്കില്‍ ദയനീയമായേനെ സംഘപരിവാര്‍ കുട്ടികളുടെ തിരഞ്ഞെടുപ്പ് നില.
നിശ്ചയമായും ഇതൊരു ചെറിയ വിജയമല്ല. സര്‍വാധികാരത്തിന്റെ മുറ്റത്ത് ചെന്ന് നടത്തിയ വെല്ലുവിളിയാണ്. കുട്ടികളാണ്, വിദ്യാര്‍ത്ഥികളാണ് ലോകമെമ്പാടും സര്‍വാധിപത്യങ്ങളെ മുഖത്ത് നോക്കി വെല്ലുവിളിച്ചിട്ടുള്ളത്.
ചുവരെഴുത്ത് കൃത്യവും വ്യക്തവുമാണ്. ആരിത് വായിക്കണം എന്നതാണ് പ്രശ്നം. ചിന്തകളുടെയും അഭിപ്രായങ്ങളുടെയും വന്മരക്കാടാണ് ജെ.എന്‍.യു. അഭിപ്രായ വ്യത്യാസങ്ങളുടെ ആശയ സംഘര്‍ഷങ്ങളുടെ കാട്ടുതീ പതിവായ ഇടം. ഇപ്പോള്‍ സംഘപരിവാറിനെതിരെ ഒന്നിച്ച കൊടി പിടിച്ച ഐസയും എസ്.എഫ്.ഐയും എ.ഐ.എസ്. എഫും തമ്മില്‍ ആശയതലത്തില്‍ ഒരു ബന്ധവുമില്ല. പരസ്പരം ഇടഞ്ഞാണ് അവര്‍ നിലനിന്നിരുന്നത്. എന്നിട്ടും ജനാധിപത്യത്തിന്റെ പൊതുവിപത്തിനെതിരെ അവര്‍ ഒന്നിച്ചുനിന്നു. ഈ ഭീതിയുടെ കൊടുങ്കാറ്റ് ഒഴിഞ്ഞിട്ട് നമുക്ക് തര്‍ക്കിക്കാം എന്ന ഉറപ്പില്‍.
അപ്പോള്‍ ആരാണ് ഈ ചുവരെഴുത്തുകള്‍ വായിക്കേണ്ടത്. അത് ഇന്ത്യയിലെ പ്രതിപക്ഷമാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവരാണ്. ജനാധിപത്യത്തില്‍ പരസ്പരം തര്ക്കിക്കേണ്ടവരാണ് നിങ്ങള്‍. കോണ്‍ഗ്രസും ഇടതുപക്ഷവും എല്ലാവരും തര്ക്കിക്കേണ്ടവരാണ്. തര്‍ക്കിച്ചോളൂ. പക്ഷേ, ജനാധിപത്യത്തിലാണ് നിങ്ങള്‍ക്ക് തര്‍ക്കമുള്ളത്. ജനാധിപത്യം ഇല്ലാതാകും എന്ന യാഥാര്‍ത്ഥ്യത്തെ ഇന്ത്യയിലെ ഉഗ്രബുദ്ധികളായ ആ കുട്ടികള്‍ കാണിച്ചുതന്നു. അതിനെ എങ്ങനെ ചെറുക്കണം എന്നും. അവരില്‍ നിന്ന് നിങ്ങള്‍ പഠിക്കാന്‍ തയാറായാല്‍ ജനാധിപത്യത്തിന് പ്രതീക്ഷകളുണ്ട്.
കെ കെ ജോഷി
You must be logged in to post a comment Login