നിസ്തുലമായ ഹൃദയശുദ്ധിക്കും സ്തുത്യര്‍ഹമായ കര്‍മോത്സുകതക്കും പ്രപഞ്ചാധികാരി അവന്റെ ഇഷ്ടദാസന് നല്കിയ അംഗീകാരമായിരുന്നു മിഅ്റാജ്. ഔന്നിത്യത്തിന്റെ പടവുകളിലേക്ക് അടിമയെ രാപ്രയാണം നടത്തിച്ച നാഥന് എത്ര പരിശുദ്ധന്! ഭൗതികതയുടെ പരിസരത്തുനിന്ന് ഉയര്‍ന്ന് ആത്മീയതയുടെ വിഹായസിലേക്കും അവിടുന്ന് സൃഷ്ടികള്‍ക്ക് പരിചിതമല്ലാത്ത മറ്റൊരിടത്തേക്കുമായിരുന്നു ആ പ്രയാണം. വിജയത്തിന്റെയും സ്വീകാര്യതയുടെയും പൂര്‍ണതയുടെയും അകങ്ങളിലേക്കുള്ള അഭൗതിക പ്രയാണം. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഭൗമപരിസരം വിട്ട് സപ്തവാനവും താണ്ടിയുള്ള ഈ സഞ്ചാരം അഭൗതിക പ്രയാണമല്ലാതെ മറ്റെന്താണ്? തന്നിലേക്കടുക്കാന്‍ തന്റെ സ്നേഹിതര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അല്ലാഹു അവസരം നല്‍കുക.
സ്നേഹ ഭാജനത്തിന് നല്കുന്ന ഇഷ്ടത്തിന്റെ ഒരു വിഹിതം അതുമായി ബന്ധപ്പെട്ടതിനും കിട്ടും. അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതസ്ഥാനീയനായ നബിയുടെ സമൂഹത്തിനും ദൈവസാമീപ്യത്തിന് ധാരാളം വേദികളും വേളകളുമുണ്ട്. നബിയുടെ കാല്പാടുകള് പിന്തുടര്ന്ന് ‘അല്ലാഹു’ എന്ന പരമാര്ത്ഥത്തിലേക്കുയര്ന്നു പറക്കാന്‍ ഉതകുന്ന ചില വേദികള്‍. ശരീരങ്ങള്‍ക്ക് ശരീരങ്ങളുടെ ലോകത്തിലൂടെ സഞ്ചരിക്കാം എന്നതുപോലെ ആത്മാക്കള്‍ക്ക് അവയുടെ ലോകത്തൂടെയും പറക്കാം. ശുദ്ധിയുള്ള സ്ഥലത്ത് ചവിട്ടുമ്പോള്‍ ദേഹശുദ്ധി വേണം. ഏറ്റവും പരിശുദ്ധമായ തലത്തിലേക്ക് ആത്മാവ് സഞ്ചരിക്കുമ്പോള്‍ അത് അത്രമേല്‍ സംസ്കരിക്കപ്പെടണം.
തിരിച്ചെത്തിയ യാത്രക്കാരനില്‍ നിന്ന് ബന്ധുക്കള്‍ക്ക് സമ്മാനം ലഭിക്കാറുണ്ട്. മടക്കയാത്രക്കൊരുങ്ങുമ്പോള്‍ തിരുനബി(സ) ആവശ്യപ്പെട്ടത് പ്രകാരം അനുയായികള്‍ക്ക് നല്കാന് ഏറ്റവും നല്ല സമ്മാനം തന്നെ അല്ലാഹു നല്കി. ‘താങ്കളുടെ സമുദായത്തിനുള്ള സമ്മാനമാണ് നിസ്കാരം.’ പ്രിയദൂതന്റെ ചുവടുപിടിച്ച് മഅ്രിഫത്തിന്റെ മധുനുകരാന്‍ കൊതിക്കുന്ന സത്യവിശ്വാസികള്‍ക്കും കിട്ടി ഒരവസരം; ഒരു ‘കൊച്ചുമിഅ്റാജ്.’ ആത്മാവിന്റെയും ശരീരത്തിന്റെയും മിഅ്റാജുകള്‍ ഒന്നിച്ചുനടത്തുന്നതിന്റെ ആനന്ദം അനുഭവിക്കാവുന്ന ഘട്ടം. മനസും ശരീരവും ശുദ്ധിയാക്കി ഒരു വിശ്വാസി നിസ്കാരത്തിന് നില്‍ക്കുന്നത് ലോകസ്രഷ്ടാവിനോടുള്ള പരമമായ വിധേയപ്പെടലാണ്. പരലോക മോക്ഷത്തിന് ഹേതുകമല്ലാത്ത ചുറ്റുപാടുകളോടുള്ള പൂര്‍ണമായ വിമുഖത കൂടിയാണ് അത്. രാജാവിന്റെയും പിശാചിന്റെയും ഇടയില്‍നിന്ന് അവന് രാജാവിനെ സ്വീകരിച്ചു, വിവേകത്തിന്റെയും വികാരത്തിന്റെയും ഇടയില്‍നിന്ന് വിവേകത്തെ സ്വീകരിച്ചു. നന്മയുടെയും തിന്മയുടെയും ലോകത്തുനിന്ന് അവന് നന്മയെ ഇഷ്ടപ്പെടുകയും അതിനോട് സ്വജീവിതത്തെ ബന്ധിക്കുകയും ചെയ്തു. അധര്‍മങ്ങളെ മാറ്റിനിര്‍ത്തി ധാര്‍മികതയോട് സ്വയം ഇഴുകിച്ചേര്‍ന്നു.
നന്മകളെ ആവാഹിച്ച് അനാവശ്യങ്ങളെ ഉപേക്ഷിച്ച് എന്നെന്നും കൂടെ ഉണ്ടാവുമെന്നുറപ്പുള്ള നാഥനിലേക്ക് വിശ്വാസിയുടെ ആത്മായനം. അല്ലാഹു അക്ബര്‍. അതേ, അവനാണ് വലിയവന്‍. അതങ്ങനെയാണ്. അവന്റെ സാമീപ്യം(മുറാഫഖ) കൊതിക്കുന്നുവെങ്കില്‍ ചിലതൊക്കെ വെടിയേണ്ടിവരും(മുഫാറഖ). സിദ്ദീഖുല്‍അക്ബര്‍ നേടിയെടുത്ത സാമീപ്യം ഇങ്ങനെ അസഹനീയമായ ത്യാഗത്തില്നിന്നായിരുന്നു. അസ്ഹാബുല്‍കഹ്ഫിന്റെ കൂട്ടിരിപ്പുകാരനായ നായ നേടിയ മുറാഫഖത് ഇങ്ങനെയായിരുന്നു. വികാരങ്ങളിലേക്കും വേണ്ടാധീനങ്ങളിലേക്കും മനസിനെ നയിക്കുന്ന ഇരുകാഴ്ചകളെയും സാഷ്ടാംഗ സ്ഥാനത്തേക്കയച്ച് മറ്റു ചിന്തകളില്‍നിന്ന് മുക്തമാവുകയാണ് ദാസന്. ലാഇലാഹ ഇല്ലല്ലാഹ് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മനസ് പൂര്‍ണമായി തിരിച്ചുവെക്കുന്നതോടെ പിന്നെ ബുദ്ധിക്ക് പ്രസക്തിയില്ല.
അന്ത്യദൂതരും മാലാഖമാരും മിഅ്റാജിന്റെ ആരംഭത്തില്‍ ഉരുവിട്ട മന്ത്രങ്ങളുണ്ട്. വജ്ജഹ്തു എന്ന് തുടങ്ങുന്ന ഇബ്റാഹീം നബിയുടെ(അ) മിഅ്റാജ് ആരംഭത്തിലെ മന്ത്രമുണ്ട്. ഇതുച്ചരിക്കുന്നതോടുകൂടി സൃഷ്ടി ശ്രേഷ്ടരായ രണ്ട് നബിമാരുടെയും മിഅ്റാജനുഭവങ്ങള് വിശ്വാസിയില്‍ ചേരുകയാണ്. സദ്വൃത്തരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും പിഴപ്പിക്കാന്‍ സര്വസമയങ്ങളിലും പിശാച് നില്ക്കും. അവന് ശത്രുവാണ്. തെറ്റായ ചിന്തകള്‍ക്കും ദുഷ്ചെയ്തികള്‍ക്കും പ്രേരണ നല്കുന്ന വൈരി. സത്യവിശ്വാസി അവനെ ശത്രുവായി തന്നെ കാണുന്നു, മാറ്റിനിര്‍ത്തുന്നു. രക്ഷ തരാന്‍ കഴിവുള്ള ഏകനായ റബ്ബില്‍ അഭയം തേടുന്നു.
ബിസ്മികൊണ്ട് ആരംഭിക്കാത്ത ഒരു കാര്യത്തിലും ഐശ്വര്യമില്ലെന്ന് നബിവചനം. സ്രഷ്ടാവിന്റെ പേരുകൊണ്ടാണ് എന്തിന്റെയും തുടക്കം. ലോകസ്രഷ്ടാവിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം അത് ലക്ഷ്യത്തിലേക്കെത്താന്‍ പ്രാപ്തമായിരിക്കണം. അത് അല്ലാഹുവിന്റെയും അവന്റെ തിരുദൂതരുടെയും അധ്യാപനത്തിന്റെ പിന്തുടര്ച്ചയാവുമ്പോള് ആത്മാവിന് ആവേശവും വേഗവും വര്‍ധിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് സല്‍കര്‍മങ്ങള്‍ ചെയ്തു ജീവിച്ചുതീര്ത്തവര്ക്ക് രക്ഷിതാവ് വാഗ്ദാനം ചെയ്ത സമ്മാനമാണ് സ്വര്‍ഗം. അതിന്റെ എട്ടു കവാടങ്ങളില്‍ ഏതിലൂടെയും ഇഷ്ടാനുസരണം പ്രവേശിക്കാന്‍ അനുവാദം ലഭിക്കുന്ന ഭാഗ്യവാന്മാരെ തിരുദൂതര്‍(സ) പരിചയപ്പെടുത്തുന്നുണ്ട്.
ആദ്യകവാടം അല്ലാഹുവിനെ അടുത്തറിഞ്ഞ ആരിഫുകള്ക്കുള്ളതാണ്. ജീവിതം അവന്റെ ഓര്‍മകളുമായി ബന്ധിപ്പിച്ചവര്‍. സൂറത്തുല്‍ ഫാതിഹയിലെ പ്രഥമ വചനം ഉരുവിടലോടുകൂടി രണ്ടാമത്തെ കവാടത്തിലേയുള്ള പ്രവേശനത്തിനാണ് അവന് അനുമതി തേടിയിരിക്കുന്നത്.
ജീവിക്കാനാവശ്യമായ വായു, വെള്ളം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യപൂര്‍ണമായ ശരീരം, ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവസരോചിതം പാകപ്പെടുന്ന അവയവങ്ങള്‍ തുടങ്ങി ഭൂമിയില്‍ ലഭിക്കുന്നവയില്‍ വെച്ച് ഏറ്റവും വലിയ അനുഗ്രഹമായ ഈമാന്‍, സ്രഷ്ടാവിനെ സംബന്ധിച്ച് ഉറപ്പ് വരെ ആവശ്യാനുസരണം നല്കിയ റബ്ബിനോടുള്ള കടപ്പാട് ഒരു മനുഷ്യായുസ്സ് കൊണ്ട് തീര്‍ത്താല്‍ തീരാത്തതാണ്. സ്വര്‍ഗീയ ആരാമത്തിലെ അടുത്ത കവാടം നന്ദികാണിച്ച അടിമകള്‍ക്കുള്ളതാണ്. എന്തൊക്കെ ചെയ്തുതീര്‍ത്താലും അവന് നല്കിയ ഒരു പുരികത്തിനുപോലും അത് പകരമാവില്ലെങ്കിലും അവന് പറഞ്ഞുതന്ന പോലെ ഉരുവിട്ട് നന്ദിയോടെ അവനിലേക്ക് തിരിയുക. പ്രപഞ്ചത്തെ ആകമാനം സൃഷ്ടിച്ച് പോറ്റിവളര്‍ത്തുന്ന റബ്ബിലേക്കാണ് നാലു ദിക്കിലൂടെയും പരന്നൊഴുകുന്ന സ്തോത്രങ്ങള്‍ ചെന്നുചേരുന്നത്. ആരോടും ഒരിക്കല്‍പോലും ആവശ്യപ്പെടാതെ തന്നെ ഇക്കണ്ട അനുഗ്രഹങ്ങള്‍ സര്‍വതും ഒരുക്കിത്തന്ന അല്ലാഹു സദ്വൃത്തരായ അടിമകള്‍ക്ക് വാഗ്ദാനം ചെയ്ത ശാശ്വതമായ അനുഗ്രഹങ്ങളില്‍നിന്ന് തനിക്ക് നല്കാന് എന്ത് തടസമാണുള്ളത് എന്ന പ്രതീക്ഷയിലേക്കാണ് സൂറത്തുല്‍ ഫാതിഹയിലെ മൂന്നാം സൂക്തം വിശ്വാസിയെ ചെന്നെത്തിക്കുന്നത്. തനിക്ക് വഴിപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും ഭൂലോകത്ത് ഒരുപോലെയും പാരത്രിക ജീവിതത്തില്‍ വഴിപ്പെട്ടവര്‍ക്ക് മാത്രവും ഗുണമേകുന്നവന് എന്ന പ്രതീക്ഷ, അതിലൂടെ സ്വര്‍ഗത്തിലെ നാലാം കവാടത്തിലേക്കുള്ള ഊര്‍ജം ലഭിക്കുന്നു.
കല്പനക്കെതിരായി സംഭവിച്ചുപോയ നിമിഷങ്ങള്‍ കാരണം വരാനിരിക്കുന്ന ആ വിധിതീര്‍പ്പ് ദിവസത്തെക്കുറിച്ചുള്ള അതിയായ ഭയം, ആരാധനയുടെ അകക്കാമ്പറിഞ്ഞുള്ള ആത്മാര്‍ത്ഥതയുടെ വചനങ്ങള്‍, നാഥനില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് മനസറിഞ്ഞുള്ള പ്രാര്‍ത്ഥന, പരിശുദ്ധാത്മാക്കളോടുള്ള അനന്യമായ സ്നേഹാദരങ്ങളുടെ ആവിഷ്കാരം എന്നിവ ഫാതിഹയിലൂടെ കടന്നുവരുമ്പോള്‍ പാരായണം ചെയ്യുന്നയാള്‍ ഓരോ സ്വര്‍ഗീയ കവാടങ്ങളെയും ചെന്ന് തൊടുകതന്നെയാണ്.
ഒരു അടിമ അവന്റെ നാഥനുമായി അടുക്കുന്ന സമയം സുജൂദിലായിരിക്കെയാണ്. സുജൂദിലൂടെ നാഥനിലേക്കടുക്കുക എന്ന് ഖുര്‍ആന്‍. ഇവയൊക്കെയും ഉള്‍കൊണ്ട് വിശ്വാസി സാഷ്ടാംഗത്തിലേക്ക് നീങ്ങുന്നു. പിന്നീടങ്ങോട്ട് വിരമിക്കുന്നതുവരെയുള്ള വേളകളില്‍ നാഥനോട് ചോദിച്ചും പറഞ്ഞുമുള്ള അനര്‍ഘ നിമിഷങ്ങളാണ്. ദുനിയാവിന്റെ ചിന്തകളില്‍നിന്ന് മാറിനിന്ന് മഅ്രിഫത്തിന്റെ പടവുകള്‍ കയറിയുള്ള ആരാധനാമുറയാണ് നിസ്കാരം. അല്ലാഹുവിനെ അടുത്തറിഞ്ഞുള്ള സത്യവിശ്വാസിയുടെ മിഅ്റാജാണ് നിസ്കാരം.
ഫുആദ് സെനിന്
You must be logged in to post a comment Login