2018 ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉന്നത നീതിപീഠം ഇതുപോലെ വിവാദക്കൊടുങ്കാറ്റില്‍പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടി എന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ അദൃശ്യകരങ്ങള്‍ ജഡ്ജിമാരുടെമേല്‍ അപകടകരമാംവിധം ദുസ്വാധീനം ചെലുത്തുകയാണെന്ന മുറവിളി ജുഡീഷ്യറിയുടെ അകത്തളത്തില്‍നിന്ന് തന്നെ ഉയര്‍ന്നുകേട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ നടത്തിയ ഒരു മുന്നറിയിപ്പാണ് ഓര്‍മയിലേക്ക് കടന്നുവന്നത്. ‘ഖൗറശരശമൃ്യ, ഉീി’ േണൃശലേ ഥീൗൃ ഛയശൗേമൃ്യ’ നീതിന്യായ സംവിധാനമേ, നിങ്ങള്‍ സ്വമേധയാ ചരമഗീതം എഴുതരുതേ എന്നായിരുന്നു കൃഷ്ണയ്യര്‍ക്ക് കേണപേക്ഷിക്കാനുണ്ടായിരുന്നത്? മറ്റേത് ജനാധിപത്യസ്ഥാപനങ്ങളെയും പോലെ ജുഡീഷ്യറിക്കുള്ളിലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് സംശയിക്കും വിധമാണ് 2018 ജനുവരി 12ന് മുതിര്‍ന്ന ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന് ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിന് എതിരെ സംസാരിച്ചത്. പരമോന്നത നീതിപീഠം അത്യപൂര്‍വമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ജഡ്ജിമാര്‍ ഒരേ സ്വരത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അശേഷം തത്വദീക്ഷ ഇല്ലാതെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും മുതിര്‍ന്ന ന്യായാധിപന്മാരോട് പോലും കൂടിയാലോചന നടത്താതെയാണ് ബെഞ്ചുകള്‍ നിശ്ചയിക്കുന്നതെന്നുമുള്ള തുറന്നുപറച്ചില്‍, വാസ്തവത്തില്‍ മുഖ്യന്യായാധിപന്റെ മാത്രമല്ല, നിയമവ്യവസ്ഥയുടെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു. ‘ജഡ്ജിമാരുടെ നിയമനങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയോ വര്‍ഗീയവത്കരിക്കപ്പെടുകയോ എന്തിന് ക്രിമിനല്വത്കരിക്കപ്പെടുകയോ ചെയ്യുകയാണെന്ന സംശയം പോലും ഉയരുന്നുണ്ടെന്ന് കൃഷ്ണയ്യര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യമായി പുലര്‍ന്നപ്പോള്‍ ഉത്തരഖണ്ഠ് ചീഫ് ജസ്റ്റിസായിരുന്ന മലയാളിയായ കെ.എം ജോസഫിനെതിരെ മോഡി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജുഡീഷ്യറി രാഷ്ട്രീയക്കളിയിലെ കേവലം കരുവായി അധഃപതിക്കുകയാണെന്ന ആരോപണം ഉയര്‍ത്തി. സാക്ഷാല്‍ ചീഫ് ജസ്റ്റിസിനെതിരെ ചരിത്രത്തിലാദ്യമായി മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുറ്റവിചാരണക്ക് (ഇംപീച്ച്മെന്റ് ) പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയത് മറ്റൊരു ചരിത്രം സൃഷ്ടിച്ചു. അഴിമതിയാണ് അദ്ദേഹത്തിനെതിരെ ചൂണ്ടിക്കാണിക്കപ്പെട്ട കുറ്റം എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അഴിമതി ആരോപണങ്ങളില്‍നിന്ന് ഉന്നത നീതിപീഠം എല്ലാകാലത്തും മുക്തമായിരുന്നുവെന്ന് ആരും അവകാശപ്പെടില്ല. നിയമമന്ത്രിയായിരുന്ന ശാന്തിഭൂഷണ്‍ 2010ല്‍ നടത്തിയ ഒരു തുറന്നുപറച്ചില്‍ നേരും നെറിയുമുള്ളവരെ ഞെട്ടിച്ചു. ചീഫ് ജസ്റ്റിസിന്റെ കസേരയില്‍ ഇരുന്ന അവസാനത്തെ പതിനാറ് പേരില്‍ എട്ടുപേരും അഴിമതിക്കാരായിരുന്നുവെന്നായിരുന്നു ശാന്തിഭൂഷണ്‍ വെളിപ്പെടുത്തിയത്. ദീപക് മിശ്രയുടെ കാര്യത്തില്‍ ചതി, വഞ്ചന തുടങ്ങി അഴിമതിക്ക് അകമ്പടി സേവിക്കാന്‍ ഗൗരവതരമായ പല കുറ്റങ്ങളും ജുഡിഷ്യറിയുടെ പല തട്ടുകളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് അഖണ്ഠനീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയുടെ മുന്നില്‍ പോലുമെത്തി. പക്ഷേ, കുറ്റവിചാരണ നടത്താന്‍ മോഡിസര്‍ക്കാര്‍ ആര്‍ജവം കാട്ടിയില്ല.
വൈരുധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ദീപക് മിശ്രയുടെ വിധികളില്‍ പലതും. വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച ന്യായാധിപ പ്രതിഭ എന്ന കീര്‍ത്തിമുദ്ര കിട്ടാനാണ് ചീഫ് ജസ്റ്റിസിന്റെ അവസാനനാളുകള്‍ ചെലവഴിച്ചത്.
മൂല്യവിചാരങ്ങള്‍ അട്ടിമറിക്കപ്പെടുന്നു
ഇവിടെ പ്രതിപാദ്യവിഷയം ജുഡീഷ്യറിയുടെ പതനമല്ല. അന്തസ്സും ആദരവും നഷ്ടപ്പെട്ട ഒരു ജനാധിപത്യ സ്ഥാപനത്തില്‍നിന്ന് ബഹിര്‍ഗമിച്ച കൂറെ വിധികളാണ്. ദുര്‍വിധികള്‍ എന്ന് വിശേഷിപ്പിക്കുന്നതാവും നല്ലത്. ഒക്ടോബര്‍ രണ്ടിന് സുപ്രീംകോടതിയുടെ പടിയിറങ്ങും മുമ്പ് ‘ചരിത്രപ്രാധാന്യമുള്ള’ നാലഞ്ച് വിധികള്‍ക്ക് ദീപക് മിശ്ര നേതൃത്വം കൊടുത്തു. അവയെല്ലാം ചരിത്രപരമാകുന്നത് രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവും ധാര്‍മികവുമായ മൂല്യവിചാരങ്ങളുടെ കടക്ക് കത്തിവെക്കാന്‍ പോന്നതാണ് എന്ന നിലക്കാണ്. 2018സെപ്റ്റംബറില്‍ പുറത്തുവന്ന ഈ വിധികള്‍ ഒരുതരത്തില്‍ ജുഡീഷ്യല്‍ അട്ടിമറികളാണ്. നിയമവ്യാഖ്യാനം എന്ന അടിസ്ഥാന ബാധ്യതയുടെ അതിരുകള്‍ ലംഘിച്ച് നിയമനിര്‍മാണത്തിന്റെ വിശാലമായ ലോകത്തേക്ക് കോടതി അതിക്രമിച്ചു കടക്കുകയായിരുന്നു. കടന്നല്‍ക്കൂടിന് കല്ലെറിഞ്ഞതുപോലെ സമൂഹത്തില്‍ അവ വ്യാപകമായ ആശങ്കയും ആശയക്കുഴപ്പങ്ങളും വിതച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സ്വവര്‍ഗരതിയെ കുറ്റമുക്തമാക്കിയ സെപ്റ്റംബര്‍ ആറിന്റെ വിധിക്കു പിറകെ വിവാഹേതര ലൈംഗിക ബന്ധത്തെ കുറ്റമുക്തമാക്കി. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം കൊടുത്തതും ആധാറിന്റെ ഭരണഘടന സാധുത അംഗീകരിച്ചതും കൂട്ടത്തില്‍ ചേര്‍ക്കണം. ഇവയൊക്കെ ചരിത്രസംഭവങ്ങളായി വിലയിരുത്തപ്പെട്ടപ്പോള്‍ അതിന്റെ പിന്നിലെ മൂല്യനിരാസം വേണ്ടവിധം സംവാദത്തിന് വിധേയമായില്ല. സ്ത്രീകളുടെ ശബരിമല നടകയറ്റം കേരളീയ ഹൈന്ദവ സമൂഹത്തില്‍ കൊടുങ്കാറ്റ് തന്നെ അഴിച്ചുവിട്ടു. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യത്തെ ഒരു വിധിന്യായം കൊണ്ട് നിഷ്പ്രഭമാക്കാനും ആചാരവിശേഷങ്ങളുടെ പാവനത കാറ്റില്‍പറത്താനും ദീപക് മിശ്ര ഉള്‍പ്പെടെയുള്ള നാല് ജഡ്ജിമാര്‍ കാണിച്ച ‘ധൈര്യം’ അപാരമാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അവ തുറന്നുവിട്ട പ്രക്ഷുബ്ധത പെട്ടെന്നൊന്നും തണുപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഭരണഘടനയുടെ 14ാം അനുച്ഛേദം പ്രദാനം ചെയ്യുന്ന പൗരസമത്വാവകാശത്തെ നീട്ടിവലിച്ച് വ്യാഖ്യാനിച്ച്, ഭരണഘടനയുടെ 25ാം ഖണ്ഡിക വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചതോടെ, ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തുമാവട്ടെ, സമത്വത്തിന്റെ മുന്നില്‍ അവ ഒന്നുമല്ല എന്ന കാഴ്ചപ്പാട് അടിച്ചേല്പിക്കുകയായിരുന്നു. ഈ വിധിക്കെതിരെ ശക്തമായി എതിര്‍ദിശയില്‍ നിലയുറപ്പിച്ചത് അഞ്ചംഗ ബെഞ്ചിലെ ഏക വനിത അംഗം ഇന്ദുമല്‍ ഹോത്രയാണെന്നതാണ് എടുത്തുപറയേണ്ട സത്യം. സ്ത്രീകളുടെ പ്രശ്നം അവതരിപ്പിക്കാന്‍ അവരെക്കാള്‍ അനുയോജ്യ മറ്റാരുണ്ട്. മതത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും വിശാല നിര്‍വചനങ്ങള്‍ അവലംബിക്കുമ്പോള്‍ ഒരുനിലക്കും ശബരിമലയിലെ ആചാരങ്ങളുടെ ശരിതെറ്റുകളിലേക്ക് കടക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് അവര്‍ തറപ്പിച്ചുപറഞ്ഞു.
സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാ ധാര്‍മികതയും മതവിശ്വാസവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഏതുപക്ഷത്ത് ചേരണം എന്ന ചോദ്യമാണ് ശബരിമല കേസില്‍ മുഖ്യമായും ഉയര്‍ന്നത്. മതവിശ്വാസം പുലര്‍ത്താനും പ്രചരിപ്പിക്കാനും എല്ലാവര്ക്കും അവകാശമുണ്ട് എന്ന പോയന്റില്‍ ഊന്നിക്കൊണ്ട് സ്ത്രീകളെ ഒഴിവാക്കുന്നത് അയ്യപ്പനോടുള്ള ഭക്തി പ്രകടിപ്പിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കലാണെന്നാണ് ഭൂരിപക്ഷ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഭരണഘടനാ ധാര്‍മികതയോട് ഒത്തുപോകുന്നതാവണം പൊതുധാര്മികതയെന്നാണ് സ്വവര്‍ഗാനുരാഗികളുടെ കേസിലെന്ന പോലെ ഇവിടെയും ദീപക് മിശ്രയും സഹന്യായാധിപന്മാരും പറയുന്നത്. ഭരണഘടനാ ധാര്‍മികത ജഡ്ജിമാരുടെ ഇംഗിതങ്ങള്‍ക്കും വിചാരഗതിക്കുമൊത്ത് മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ അതില്‍ അപകടം പതിയിരിക്കുന്നുണ്ട്. ആര്‍ത്തവത്തെ കേവലം ജൈവിക പ്രതിഭാസമായി എടുത്ത് അതിലെ അശുദ്ധിയുടെ അംശത്തെ നിരാകരിക്കുന്ന ‘പുരോഗമന ചിന്ത’ യഥാര്‍ത്ഥത്തില്‍ മാനവകുലം ഇതുവരെ കൈമാറിയ ഒരു ജീവിതകാഴ്ചപ്പാടിനെ അട്ടിമറിക്കലാണ്. ആര്‍ത്തവ കാലത്ത് നിസ്കാരവും നോമ്പുമാവാം എന്ന് കോടതിക്ക് ഇനി വിധിക്കാവുന്നതേയുള്ളൂ. ആര്‍ത്തവ കാലത്ത് പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏത് സ്ത്രീക്കും ഇനി കോടതിയെ സമീപിക്കാം. ലിംഗസമത്വത്തിന്റെ കുതിരപ്പുറത്തേറി എങ്ങോട്ടും അതിക്രമിച്ചുകടക്കാമെന്ന് വരുന്നത് മനുഷ്യകുലത്തിന്റെ നിലനില്പ് തന്നെ അവതാളത്തിലാക്കുന്നതാണ്. അതുകൊണ്ടാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, മതവിശ്വാസം പുലര്‍ത്താനുള്ള ഭരണഘടനാ അവകാശം, മറികടക്കുന്നതല്ല, തുല്യതാതത്വമെന്ന് തറപ്പിച്ചുപറഞ്ഞത്.
വ്യക്തികളുടെയും വിശ്വാസിസമൂഹത്തിന്റെയും മൗലികാവകാശങ്ങളെ ഏകോപിപ്പിക്കുന്നതാവണം മതേതരസമൂഹത്തിലെ ഭരണഘടനാ ധാര്‍മികത എന്ന് അവര്‍ ഓര്‍മപ്പെടുത്തിയത്, ആരും കേട്ടില്ല. സ്ത്രീകള്‍ക്കുള്ള വിലക്ക് ക്ഷേത്രത്തിലെ അനിവാര്യമായ ആചാരമാണെന്ന് ദേവസ്വം ബോര്‍ഡ് ബോധിപ്പിക്കുമ്പോള്‍ അത് സ്വീകരിക്കുകയാണ് നീതിപീഠം ചെയ്യേണ്ടത്. അല്ലാതെ, ഒരു ആചാരം അല്ലെങ്കില്‍ അനുഷ്ഠാനം മതത്തിന്റെ അനിവാര്യതയാണോ എന്ന് തീരുമാനിക്കാന്‍ സെക്കുലര്കോടതികള് ശ്രമിക്കുന്നതിലെ ആപത്ത് തീര്‍ത്താല്‍ തീരാത്തതാണ്. ഒരു മതത്തിന്റെ അഭിഭാജ്യഘടകം എന്തെന്ന് തീരുമാനിക്കേണ്ടത് ആ മതത്തിന്റെ തത്വസംഹിതകള്‍ അടിസ്ഥാനമാക്കിയാവണം എന്ന് ശിരൂര്‍ മഠം കേസില്‍ സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ട്. ബക്രീദിന് ബലി അറുക്കേണ്ടത് ഇസ്ലാം മതത്തിന്റെ അഭിഭാജ്യഘടകമല്ലെന്ന് മുഹമ്മദ് ഖുറൈശി കേസില്‍ സുപ്രീംകോടതി വിധിച്ചത് ചില കിതാബുകള്‍ ആധാരമാക്കിയാണ്. എന്നാല്‍, ഇത്തം ‘ഫതവ്’കള്‍ നല്കുന്ന വിഷയത്തില്‍ കോടതിയുടെ പരിമിതികള്‍ എത്രയാണെന്ന് ന്യായാധിപന്മാര് മനസിലാക്കുന്നില്ല. ബാബരി കേസില്‍, പ്രാര്‍ത്ഥന നടത്താന്‍ പള്ളി അനിവാര്യമല്ലെന്നും മുസ്ലിംകള്ക്ക് ഭൂമിയില്‍ എവിടെയും നിസ്കരിക്കാമെന്നും പറഞ്ഞ്, രാമക്ഷേത്രവാദികള്ക്ക് ആശ്വാസം പകരാന്‍ ശ്രമിച്ചത് എങ്ങനെ ന്യായീകരിക്കും?
വിവാഹേതര ബന്ധം ‘ഹലാലാക്കുമ്പോള്‍’
വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമായി കാണുന്ന ഐ.പി.സി 497ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന സെപ്റ്റംബര്‍ 28ന്റെ വിധി വ്യഭിചാരത്തെ പ്രോല്‍സാഹിപ്പിക്കും എന്ന് മാത്രമല്ല, കുടുംബ വ്യവസ്ഥയുടെ ആണിക്കല്ല് ഇളക്കാന്‍ പോരുന്നതുമാണ്. ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും സ്വയംനിര്‍ണയാവകാശമുള്ള വ്യക്തിയാണെന്നുമുള്ള അഞ്ചംഗബെഞ്ചിന്റെ തീര്‍പ്പിനോട് വിയോജിക്കുന്നവര്‍ പിന്തിരിപ്പന്, പഴഞ്ചന്‍ കാഴ്ചപ്പാട് കൊണ്ടുനടക്കുന്നവരാവാനേ തരമുള്ളൂ. ഈ വിഷയത്തില്‍ ഏറ്റവും ഉയര്ന്നുനില്ക്കുന്നത് ഇസ്ലാമിന്റെ ഭാര്യാഭര്‍തൃ സങ്കല്പമാണ്. പരസ്പരം ഇണയായും തുണയായുമാണ് ഭാര്യയെയും ഭര്‍ത്താവിനെയും ഇസ്ലാം കാണുന്നത്. പരസ്പരം വസ്ത്രങ്ങളാണവര്. വിവാഹത്തോടെ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍നിന്ന് ഇസ്ലാം ഒന്നും കവര്‍ന്നെടുക്കുന്നില്ല. അവളുടെ സ്വത്വം പൂര്‍ണമായും മതം അംഗീകരിക്കുന്നു. സ്വത്ത് സമ്പാദിക്കാനും കച്ചവടം നടത്താനും മാന്യവും കുലീനവുമായ ജീവിതം നയിക്കാനും അവകാശം വകവെച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍, അടുത്ത കാലം വരെ പരിഷ്കൃത പടിഞ്ഞാറന്‍ സമൂഹത്തില്‍ പോലും സ്ത്രീകള്‍ക്ക് സ്വന്തമായ വ്യക്തിത്വമോ അസ്തിത്വമോ ഉണ്ടായിരുന്നില്ല. സ്ത്രീ പുരുഷന്റെ സ്വത്താണെന്നും അയാളുടെ അനുമതിയേടെ മറ്റൊരു പുരുഷന് ലൈംഗിക ബന്ധത്തിലേര്പ്പെടാമെന്നുമുള്ള ഒരു കാടന്‍ ചിന്താഗതിയുടെ ബഹിസ്ഫുരണമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പെന്ന് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാനാവും: ഒരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമാവുമെന്നാണ് ഈ വകുപ്പ് പറയുന്നത്. കോഴിക്കോട് സ്വദേശിനി ഷൈന്‍ ജോസഫ് ഉന്നത നീതിപീഠത്തെ സമീപിച്ചത് വിവാഹേതര ബന്ധത്തിന്റെ പേരിലുള്ള സ്ത്രീ പുരുഷ വിവേചനത്തെ ചോദ്യം ചെയ്താണ്. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷിക്കപ്പെടുമ്പോള്‍ സ്ത്രീ രക്ഷപ്പെടുന്ന സ്ഥിതിവിശേഷത്തിലെ വൈരുദ്ധ്യത്തിന് എന്തു ന്യായീകരണമാണെന്നാണ് അവര്‍ ചോദിച്ചത്. ഇവിടെ ഇസ്ലാമിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. വിവാഹിതരായ സ്ത്രീപുരുഷന്മാര് അവിഹിത ബന്ധത്തിലേര്‍പ്പെട്ടാല്‍ ഇരുവരെയും എറിഞ്ഞുകൊല്ലാനാണ് വിധി. അവിവാഹിതരാണെങ്കില്‍ നൂറ് അടി ശിക്ഷയാണ് വിധിക്കുക.
കോളനിവാഴ്ചക്കാലത്ത് നടപ്പാക്കിയ ശിക്ഷാ നിയമമനുസരിച്ച് ഒരുവന്റെ സമ്മതത്തോടെ സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യാമെന്ന ചിന്ത 497ല്‍ ഒളിഞ്ഞിരിപ്പുണ്ട്. അവിടെ സ്ത്രീ പുരുഷന്റെ സ്വത്തായി, അല്ലെങ്കില്‍ എന്തിനും ഉപയോഗിക്കാന്‍ പറ്റുന്ന ഇരയായി തരംതാഴ്ത്തപ്പെടുന്നുണ്ട്.
ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ചൈന, ജപ്പാന്, ഓസ്ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളിലുമെല്ലാം വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലാത്തത് കൊണ്ട് നാമും ആ പാത പിന്‍പറ്റണമെന്നാണ് നീതിപീഠം ന്യായീകരിക്കുന്നത്. പടിഞ്ഞാറിന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം വിവാഹമെന്ന ഏര്‍പ്പാട് കാലഹരണപ്പെട്ടതാക്കുകയും കുടുംബത്തിന്റെ അടിത്തറ തകര്‍ത്തെറിയുകയും ലൈംഗിക അരാജകത്വം ദുരന്തഗര്‍ത്തത്തിലേക്ക് സമൂഹത്തെ ഒന്നടങ്കം വലിച്ചെറിയുകയും ചെയ്തപ്പോഴാണ് ആ സംസ്കാരം ഉദാത്തമാണെന്ന തോന്നലില്‍ ന്യായാധിപന്മാര് പുരോഗമനവാദമുന്നയിക്കുന്നത്. ഇവിടെയും ഭരണഘടനയുടെ 14ാം അനുച്ഛേദം ആയുധമാക്കിയാണ് സാമൂഹിക സദാചാരബോധത്തെ കോടതി നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുന്നത്. ന്യായാസനം ഒരു പാട് മുന്നോട്ട് നടന്ന്, സദാചാരത്തെ നിയമത്തിനു പുറത്തുനിറുത്തി, ലൈംഗിക അരാജകത്വത്തിന് വാതില്‍ തുറന്നുകൊടുത്തിരിക്കയാണ്.
ആഗോളീകരണ ലിബറല്‍ ചിന്ത മനുഷ്യകുലത്തിന്റെ നിലനില്പിന്മേല് എന്തുമാത്രം ആഘാതങ്ങളാണ് ഏല്പിക്കുന്നതെന്ന് കണ്ടെത്തല്‍ ഇമ്മട്ടിലുള്ള കോടതിവിധികളിലൂടെ ചെന്നുനോക്കിയാല്‍ മാത്രം മതി.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login