മഞ്ഞളിച്ച വാര്‍ത്ത
ദൃശ്യമാധ്യമ സംസ്‌കാരവും ദൃശ്യമാധ്യമങ്ങളുടെ ആധിക്യവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് തോന്നുന്നില്ല. മുഴുവന്‍ സമയം വാര്‍ത്ത കൈകാര്യം ചെയ്യുന്ന ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ ഏതാണ്ട് മുപ്പത് കൊല്ലത്തെ ചരിത്രമേ നമുക്ക് അവകാശപ്പെടാനുള്ളൂ. ഇക്കാലത്തിനിടെ കേരളത്തില്‍ സ്വന്തമായൊരു വാര്‍ത്താശേഖരണ, സംസ്‌കരണ, വിതരണ രീതി ദൃശ്യമാധ്യമ മേഖല വികസിപ്പിച്ചിട്ടുണ്ടെന്ന് പറയാനാകില്ല. വിദേശ – ആഭ്യന്തര മാതൃകകളെ സ്വാംശീകരിക്കുകയും നമ്മുടെ ഭാഷയുടെ ചിട്ടവട്ടങ്ങളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. അതുകൊണ്ടു തന്നെ ദൃശ്യമാധ്യമ സംസ്‌കാരം ഇവിടെ ഉണ്ടെന്ന് കരുതാന്‍ നിര്‍വാഹമില്ല. യോജിച്ചതും യോജിക്കാത്തതും തിരിച്ചറിയാതെയുള്ള അനുകരണവും അതൊരു രീതിശാസ്ത്രമായി അംഗീകരിക്കപ്പെട്ടതോടെ പരീക്ഷണങ്ങള്‍ക്കുള്ള സാധ്യത അടഞ്ഞതുമാണ് നമ്മുടെ ദൃശ്യമാധ്യമ രംഗം. പ്രേക്ഷകരുടെ കണക്കെടുപ്പിന് സ്വീകരിച്ചിരിക്കുന്ന അശാസ്ത്രീയ മാര്‍ഗം, നിലവിലുള്ള മാര്‍ഗത്തില്‍ ചരിക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കുന്ന സാഹചര്യവുമുണ്ട്. ഇതിന്റെ പ്രതിഫലനം വാര്‍ത്ത കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്നു. ഇത് വാര്‍ത്തയുടെ സത്തയെ ബാധിക്കുമെന്ന് ഉറപ്പ്.
ദൃശ്യമാധ്യമങ്ങള്‍ അധികമുണ്ടായി എന്നത് വാര്‍ത്ത എന്നതിനെ നിര്‍ണയിക്കുന്നില്ല. ദൃശ്യമാധ്യമങ്ങളില്ലാതിരുന്നപ്പോഴും ഉണ്ടായതിന് ശേഷവും വാര്‍ത്ത എന്ന സങ്കല്‍പം ഒരുപോലെയാണ്. കൈകാര്യം ചെയ്യുന്ന രീതിയിലും അര്‍ഹിക്കുന്ന പ്രാമുഖ്യം നല്‍കുന്നതിലുമൊക്കെയാണ് മാറ്റമുണ്ടായത്. സ്‌ക്രീനുകളില്‍ മിന്നിമറയുന്ന വാര്‍ത്തകളില്‍ പലതിന്റെയും കാര്യത്തില്‍, അത്രത്തോളം വലുപ്പം അതര്‍ഹിക്കുന്നുണ്ടോ എന്ന തോന്നല്‍ മുമ്പുതന്നെയുണ്ടായിട്ടുണ്ട്, ഇപ്പോഴും തുടരുന്നുമുണ്ട്. അത്തരം മിന്നിമറയലുകളുടെ മഞ്ഞളിപ്പ് പത്രത്താളുകളെക്കൂടി സ്വാധീനിച്ചുവെന്നതാണ് പില്‍ക്കാലത്തുണ്ടായ വികാസം. ഈ പ്രവണത അടിസ്ഥാനപ്രശ്‌നങ്ങളെ പലതിനെയും മുക്കിക്കളയുകയും ചെയ്യുന്നു.
എങ്ങനെ സംഭവിപ്പിക്കുന്നു?
സംഭവിക്കുന്നത് മാത്രമല്ല വാര്‍ത്ത. സംഭവിപ്പിക്കുന്നത് കൂടിയാണ്. എങ്ങനെ സംഭവിപ്പിക്കുന്നുവെന്നതിലാണ് കാര്യം. ഒളിക്യാമറ ഓപ്പറേഷനിലൂടെ ചില കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ വാര്‍ത്ത സംഭവിപ്പിച്ചതാണ്. അത് ദൃശ്യമാധ്യമങ്ങള്‍ വന്നതിന് ശേഷമുണ്ടായ രീതിയുമല്ല. പക്ഷേ സംഭവിപ്പിക്കാന്‍ വേണ്ടി സംഭവിപ്പിക്കുന്നത് വേറെയാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മുന്നില്‍ അത് കുറേക്കൂടുതലാണ്. വാചകങ്ങള്‍ അടര്‍ത്തിയെടുത്തുകൊണ്ടും വ്യാഖ്യാന സാധ്യതയുള്ള ഉള്ളടക്കം നിക്ഷേപിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുമൊക്കെ. മാധ്യമക്ലാസുകളില്‍ എപ്പോഴും ഉദ്ധരിക്കാറുള്ള ഒന്നാണ് പോപ്പിന്റെ അമേരിക്കന്‍ സന്ദര്‍ശനം. വിമാനത്താവളത്തിലിറങ്ങിയ പോപ്പിനോട് ഇവിടുത്തെ നൈറ്റ് ക്ലബ്ബുകളെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇവിടെ നൈറ്റ് ക്ലബ്ബുകളുണ്ടോ എന്നാണ് പോപ്പ് മറുപടിയായി തിരികെ ചോദിച്ചത്. വിമാനമിറങ്ങിയയുടന്‍ പോപ്പ് അന്വേഷിച്ചത് നൈറ്റ് ക്ലബ്ബുകളെക്കുറിച്ച് എന്ന് പിറ്റേന്ന് വാര്‍ത്ത. ഇതിന് സമാനമായ പലതും നമ്മളിവിടെ ദിനേന കണ്ടുപോകുന്നു. സ്വന്തം ഭാഗം സാധൂകരിക്കാനുതകും വിധത്തില്‍ തിരഞ്ഞെടുക്കുന്ന പതിവും, വാര്‍ത്തയെ സംഭവിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതിലും ഇവിടെ കുറവില്ല. ആര്‍ക്കും മാറി നില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍, അതല്ല ആഘാതമുണ്ടാക്കാന്‍ പാകത്തിലുള്ളത് എന്ന ചിന്തയ്ക്ക് പ്രാമുഖ്യം ലഭിക്കും വിധത്തില്‍ അതുണ്ടായിരിക്കുന്നു. അത്തരം സംഭവിപ്പിക്കലുകള്‍ പലപ്പോഴും ദൃശ്യമാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നുമുണ്ട്.
വ്യാജ വികാരങ്ങള്‍
ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രേക്ഷകരുടെ കണ്ണ് പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് ചടുലമായേ മതിയാകൂ. അതിനുള്ള മാര്‍ഗങ്ങളിലൊന്നാണ് ചടുലമായ വാക് പ്രയോഗങ്ങള്‍. അതുപക്ഷേ വസ്തുതകളോട് ചേര്‍ന്നുനില്‍ക്കുന്നതും യുക്തിസഹവുമാകണം. അതില്ലാതാകുന്നുവെന്നതാണ് ഇന്ത്യന്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ കത്തുന്ന ചര്‍ച്ചാ പരിപാടികളില്‍ പലപ്പോഴും സംഭവിക്കുന്നത്. ടൈംസ് നൗവിന്റെയും റിപ്പബ്ലിക്കിന്റെയും സംവാദ പരിപാടികള്‍ ഉദാഹരണമാണ്. അവിടെ വസ്തുതകള്‍ക്ക് സ്ഥാനമില്ല. വികാരമുണര്‍ത്തലിന് വേണ്ടി വ്യാജം പറയാന്‍ മടിക്കുന്നില്ല ടെലിവിഷന്‍ ആങ്കര്‍മാര്‍/മാധ്യമപ്രവര്‍ത്തകര്‍. അതിന്റെ ചുവടുപിടിക്കലുകള്‍ മലയാളം സ്‌ക്രീനുകളിലുമുണ്ടാകുന്നുണ്ട്. അത് പലപ്പോഴും സ്‌ക്രീനുകളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായികൂടിയാണ്. ചില സ്‌ക്രീനുകള്‍ ആ രാഷ്ട്രീയത്തെ ഭംഗിയായി മറച്ചുപിടിച്ച്, രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പ്രേക്ഷകനെ പറ്റിക്കുകയാണോ?
ടെലിവിഷന്‍ ചര്‍ച്ചകളെ ആധാരമാക്കി അഭിപ്രായം രൂപപ്പെടുത്തുന്നവരാണ് കേരളത്തിലുള്ളവര്‍ എന്ന അഭിപ്രായമില്ല. പലപ്പോഴും മാധ്യമപ്രവര്‍ത്തകരേക്കാള്‍ വിവരമുള്ളവരാണ് ടെലിവിഷന്‍ കാഴ്ചക്കാര്‍. ആവര്‍ത്തനം കൊണ്ട് വസ്തുതകളായി നിര്‍മിക്കപ്പെടുന്ന ചിലതുണ്ട്. അത് സമൂഹത്തിന്റെ പൊതുഅഭിപ്രായം പോലെയായി മാറുന്ന അവസ്ഥയുണ്ട്. അതല്ല മാധ്യമത്തിന്റെ അഭിപ്രായം രേഖപ്പെടുത്തും വിധത്തിലുള്ള സംവാദ പരിപാടികളുടെ ഉത്തരവാദിത്തം. വസ്തുതകള്‍, ഭിന്ന വീക്ഷണങ്ങള്‍ ഒക്കെ അവതരിപ്പിക്കുകയും ഇതില്‍ ശരിയുടെ പക്ഷം ഏതെന്ന സൂചന പ്രേക്ഷകര്‍ക്ക് നല്‍കുകയുമാണ് ചെയ്യേണ്ടത്. അതില്‍ ഒതുങ്ങിനില്‍ക്കാറില്ല പലപ്പോഴും.
ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തീ പടര്‍ത്തിയ സോളാര്‍ കാറ്റ് ഏതുവിധത്തിലാണ് അടങ്ങിയത് എന്ന് ആലോചിക്കുക. അതില്‍പെട്ട പൊതുപ്രവര്‍ത്തകരൊക്കെ അസ്തമിക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. പക്ഷേ, ഒന്നുമുണ്ടായില്ല. എല്ലാ രേഖയും കൈവശമുണ്ട് എന്ന് അവകാശപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ അജണ്ടക്കൊപ്പിച്ച് നിന്നവര്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായി ലഭിച്ചിരുന്ന വോട്ടുകളില്‍ ഒരു ഭാഗത്തെ സംഘപാളയത്തിലെത്തിക്കാനുള്ള കാരണങ്ങളിലൊന്നായി എന്ന് കാണാതിരുന്നുകൂടാ. വിനാശകാരിയായ രാഷ്ട്രീയത്തെ സഹായിക്കും വിധത്തില്‍, ചിന്തിച്ച് നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പ്രേക്ഷകരെ തടയുന്ന വിധത്തില്‍ ഉറപ്പിച്ചുള്ള ആവര്‍ത്തിക്കലുകള്‍ നടക്കുന്നുണ്ട്. അത് കാണാതിരിക്കാന്‍ സാധിക്കില്ല.
അഭിപ്രായങ്ങള്‍ക്ക് ഇടം
എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് വിലകല്‍പിക്കുന്ന സംവാദമെന്നാണ് എല്ലാവരും അവകാശപ്പെടാറ്. അവ്വിധമാണോ നടക്കുന്നത് എന്നതില്‍ ന്യായമായ സംശയങ്ങളുമുണ്ട്. ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് തടസ്സമൊന്നുമില്ല. അതിന് മെനക്കെടാന്‍ മീഡിയവണ്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നയമനുസരിച്ച് എതിര്‍ക്കുന്ന ചിന്താധാര പുലര്‍ത്തുന്നവര്‍ക്ക് പോലും അഭിപ്രായം സ്വതന്ത്രമായി അവതരിപ്പിച്ച് പോകാനുള്ള അവസരം മീഡിയവണ്‍ നല്‍കുന്നു. ഇവയെല്ലാം കേട്ട്, വസ്തുതകള്‍ മനസിലാക്കാന്‍ സാധിക്കുന്ന പ്രേക്ഷക സമൂഹമാണ് മലയാളികള്‍ എന്ന ബോധ്യമുള്ളതുകൊണ്ടാണ് ഇത് സാധിക്കുന്നത്.
മത്സരം ഒഴിവാക്കാനാവില്ല
ഈ മേഖലയില്‍ മത്സരം ഒഴിവാക്കാനാകില്ല. മത്സരം ആരോഗ്യകരമാകുകയും വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നതുമാകണമെന്ന് മാത്രം.
അധികാരിയാവരുത്
ആജ്ഞയുടെയും അഹന്തയുടെയും ഭാഷ ഒരിടത്തും യോജിക്കുന്നതല്ലല്ലോ?
മാധ്യമപ്രവര്‍ത്തകന്‍ എന്ന റോളില്‍ നിന്ന് അധികാരിയുടെ, തീര്‍പ്പുകല്‍പിക്കുന്നവന്റെ റോളിലേക്ക് പലപ്പോഴും മാറിപ്പോകുന്നുണ്ട്. ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കുന്നുവെന്ന് തോന്നിപ്പിക്കുന്നവര്‍ പോലും പലപ്പോഴും സ്വകാര്യതയുടെ ലംഘകരായി മാറുന്നുണ്ട്. അറിഞ്ഞും അറിയാതെയും ഇത് സംഭവിക്കുന്നു. പ്രതികരണത്തിന് നിര്‍ബന്ധിക്കപ്പെടുന്നവര്‍ പലപ്പോഴും പൊതുപ്രവര്‍ത്തകരാണ്. അത് പൂര്‍ണമായും ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ ഇത്തരം പ്രതികരണങ്ങളിലൂടെ മാത്രമേ വാര്‍ത്തയെ മുന്നോട്ടുനയിക്കാനാകൂ എന്നതിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ ചുരുങ്ങിപ്പോകുന്നത് ശരിയുമല്ല.
വേഗത്തില്‍ വാര്‍ത്ത നല്‍കുന്നതിനൊപ്പം കൃത്യത കൂടി ഉറപ്പാക്കേണ്ടതുണ്ട്. തെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുണ്ടാകുമ്പോള്‍ തിരുത്തുകയും അതിനിരയായ വ്യക്തിക്ക് നീതി നല്‍കാന്‍ പാകത്തില്‍ പെരുമാറുകയും ചെയ്യുക എന്നത് മാത്രമേ പോംവഴിയുള്ളൂ.
വൈകിവരുന്ന എഡിറ്റിംഗ്
എഡിറ്ററില്ല എന്ന വാദം ശരിയല്ല. സംഭവിക്കുന്ന നിമിഷത്തില്‍ തന്നെ സ്‌ക്രീനില്‍ തെളിയേണ്ട സാഹചര്യത്തില്‍ എഡിറ്റര്‍ക്ക് അയാളില്‍ നിക്ഷിപ്തമായ ജോലി ചെയ്യുന്നതിന് പരിമിതികളുണ്ട് എന്ന് മാത്രം. വാര്‍ത്ത സ്‌ക്രീനില്‍ വന്നതിന് ശേഷമായിരിക്കും മുന്നുംപിന്നും നോക്കാന്‍ ദൃശ്യമാധ്യമത്തിലെ എഡിറ്റര്‍ക്ക് പലപ്പോഴും സാധിക്കുക. മീഡിയവണിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ കൂറേക്കൂടി ഭദ്രമാണ് കാര്യങ്ങള്‍. നിപ പടര്‍ന്ന സാഹചര്യത്തില്‍ ഭീതിപടര്‍ത്താത്ത വിധത്തില്‍ വേണം റിപ്പോര്‍ട്ടിംഗും സംവാദങ്ങളുമെന്ന് വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു. അത് നടപ്പാക്കുകയും ചെയ്തു. പ്രളയത്തിന്റെ ആഘാതം സ്‌ക്രീനിലെത്തിക്കുമ്പോഴും അതിജീവനത്തിന്റെ സന്ദേശമുള്ളതാകണം റിപ്പോര്‍ട്ടിംഗ് എന്നത് മീഡിയവണിന്റെ എഡിറ്റോറിയല്‍ നിശ്ചയമായിരുന്നു. അത് പിന്നീട് സകലരും പകര്‍ത്തുകയും ചെയ്തു.
നവ/ ദൃശ്യമാധ്യമങ്ങള്‍
നവമാധ്യമങ്ങളെ അവഗണിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിയാത്ത സാഹചര്യമുണ്ട്. അവയെ പൂര്‍ണമായി വിശ്വസിക്കുന്ന സ്ഥിതിയും ഉണ്ടാകരുത്. വാര്‍ത്തയുടെ കാര്യത്തിലുള്ള വസ്തുതാന്വേഷണ മനോഭാവം നവ മാധ്യമങ്ങളുടെ കാര്യത്തിലുമുണ്ടാകേണ്ടതാണ്. നെഗറ്റീവ് സമീപനമെന്നത് ദൃശ്യമാധ്യങ്ങള്‍ക്ക് മാത്രം ബാധകമായ കാര്യമല്ല.
നെഗറ്റിവിറ്റിയെക്കുറിച്ച്, ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളെക്കുറിച്ച് ഒക്കെ പറയുമ്പോഴും സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ, അധികാരികളെ അലോസരപ്പെടുത്തിയ, ഭരണനേതൃത്വത്തില്‍ മാറ്റങ്ങളുണ്ടാക്കിയ ഒട്ടുമിക്ക വാര്‍ത്തകളും കേരള സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതോ സമൂഹത്തിന്റെയാകെ ശ്രദ്ധ ആവശ്യമുള്ള വിഷയമായി വളര്‍ത്തിക്കൊണ്ടുവന്നതോ ദൃശ്യമാധ്യമങ്ങളാണ് എന്നത് കാണാതിരുന്നുകൂടാ.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login