ദൃശ്യമാധ്യമങ്ങളുടെ പെരുമാറ്റം
ദൃശ്യമാധ്യമങ്ങളുടെ സ്വഭാവം വളരെ പ്രസക്തമായ വിഷയമാണ്. വിവരങ്ങള്‍ സംവേദനം ചെയ്യുക, വാര്‍ത്തകള്‍ നല്‍കിക്കൊണ്ട് ജനങ്ങളെ ചിന്തിപ്പിക്കുക, വിവരാധിഷ്ഠിത സംവാദങ്ങളിലൂടെ ഒരു ജനാധിപത്യസമൂഹത്തെ മുന്നോട്ടുനയിക്കുക എന്നതൊക്കെയാണ് മീഡിയയുടെ അടിസ്ഥാനപരമായ ജോലി. പക്ഷേ, ഇലക്ട്രോണിക് മീഡിയക്ക് അതുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ല. അവര്‍ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ കഴിയണം. അല്ലെങ്കില്‍ പ്രേക്ഷകര്‍ ചാനല്‍ മാറ്റിക്കളയും. അതുകൊണ്ട് സെന്‍സേഷനല്‍ ആംഗിളില്‍ ഊന്നിക്കൊണ്ടുവേണം ഇലക്ട്രോണിക് മീഡിയക്ക് പ്രവര്‍ത്തിക്കാന്‍.
വളരെ ചിന്താശീലനായ ഒരു വ്യക്തിയെയാണ് പ്രിന്റ് മീഡിയ അഡ്രസ് ചെയ്യുന്നത്. അവര്‍ ദ്രുതഗതിയിലുള്ള പ്രതികരണം നടത്തുന്നവരല്ല. തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍, വാദഗതികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതിലൂടെ ജനാധിപത്യ നടപടിക്രമങ്ങളുടെ ഭാഗമാവുകയുമാണവര്‍ ചെയ്യുന്നത്. ഇലക്ട്രോണിക് മീഡിയയില്‍ അതല്ല സംഭവിക്കുന്നത്. ആളുകളെ പിടിച്ചിരുത്താനുള്ള വിനോദത്തിന്റെ ഒരു ഘടകം അതിലുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യമാധ്യമങ്ങളെ മാത്രം ആശ്രയിച്ച് ഒരാള്‍ക്ക് ഒരു നിലപാടിലേക്കെത്താനാകില്ല. ടി വി ചാനലുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും. പക്ഷേ ഒരു വാര്‍ത്തയെ അനലൈസ് ചെയ്ത് ശരിയേത്, തെറ്റേത് എന്ന് പരിശോധിച്ച് തീര്‍പ്പിലേക്കെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ഇലക്ട്രോണിക് മീഡിയ മാത്രമാണ് മീഡിയ രംഗം കൈകാര്യം ചെയ്യുന്നതെങ്കില്‍ സമൂഹത്തിന് വലിയ ദോഷമുണ്ടാകും. ഇക്കാര്യം ഇലക്ട്രോണിക് മീഡിയയിലുള്ളവര്‍ക്ക് തന്നെ അറിയാം. ഉപരിപ്ലവമായ പ്രയത്‌നമാണ് അവിടെ നടക്കുന്നത് എന്ന കാര്യം അവര്‍ക്കും ബോധ്യമുണ്ട്. പക്ഷേ, അതിനെ മറികടക്കണമെങ്കില്‍, ഒന്നാമതായി മീഡിയക്ക് ശക്തമായ റിസോഴ്‌സ് വേണം. അങ്ങനെയുള്ളൊരു മാധ്യമത്തിന് മാത്രമേ ആഴത്തിലുള്ള പരിശോധനയിലേക്ക് പോകാന്‍ കഴിയൂ. രണ്ടാമത്, ഇത്തരം ചര്‍ച്ചകളില്‍ ഇടപെടുന്നവര്‍ ബൗദ്ധികമായി ഉയര്‍ന്ന നിലവാരമുള്ളവരാകണം. പരിമിതമായ അറിവ് വെച്ചാണ് പലരും ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് പലപ്പോഴും പ്രേക്ഷകരുടെ പൂര്‍ണ തൃപ്തിയാര്‍ജിക്കാന്‍ കഴിയുന്നില്ല. ലോകാടിസ്ഥാനത്തില്‍ തന്നെ ഇതാണവസ്ഥ.
ജനങ്ങള്‍ വലിയ തോതില്‍ ഇലക്ട്രോണിക് മീഡിയകളില്‍ നിന്ന് അകന്നുമാറുകയാണ്. ചാനലുകള്‍ക്കിടയില്‍ മത്സരം കനത്തതോടെ ആഴത്തിലുള്ള വിശകലനങ്ങള്‍ ഇല്ലാതായി; വിവാദ വിഷയങ്ങളില്‍ മാത്രം ഫോക്കസ് ചെയ്തു. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ഏഴോ എട്ടോ ഇംഗ്ലീഷ് ചാനലുകളില്‍ ഒന്നുപോലും ഒരഞ്ചുമിനിട്ട് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തില്‍ ഗൗരവപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്യുന്നില്ല. അദ്ഭുതകരമാണത്. റോഡില്‍ ഒരു അടിപിടി നടക്കുമ്പോള്‍ കൗതുകത്തിന് വേണ്ടി ആളുകള്‍ പോയി നോക്കും. അല്ലെങ്കില്‍ ആക്‌സിഡന്റ് നടന്നാല്‍ എന്താണെന്നറിയാന്‍ ജനങ്ങള്‍ കുറച്ചുസമയം അവിടെപ്പോയി നില്‍ക്കും. കുറച്ച് പടവുമെടുക്കും. ഏതാണ്ട് അതേപോലെ ഒരു കൗതുകത്തിനാണ് ആളുകളിപ്പോള്‍ ചാനലുകള്‍ ശ്രദ്ധിക്കുന്നത്. ഒരു കോണ്‍ഗ്രസുകാരന്‍, ഒരു ബി ജെ പിക്കാരന്‍, ഒരു കമ്മ്യൂണിസ്റ്റുകാരന്‍, ഒരു വഴിപോക്കന്‍- എല്ലാവരും കൂടി ചാനലിലിരുന്ന് ഒച്ചയുണ്ടാക്കുമ്പോള്‍ എന്താണൊരു ബഹളം എന്നറിയാന്‍ വേണ്ടി കുറച്ചുസമയം നമ്മള്‍ നോക്കും. എന്തോ വലിയ കാര്യമെന്ന് കരുതിയാകും ചര്‍ച്ച ശ്രദ്ധിക്കുക. ഒന്നുമില്ല, നിസ്സാര കാര്യമാണെന്നറിയുമ്പോള്‍ അതുവിട്ട് നാം നമ്മുടെ വഴിക്കുപോകും. ആ തരത്തില്‍, തെരുവിലെ ഒരടിപിടിയുടെ അന്തരീക്ഷത്തിലേക്ക് ചാനല്‍ ചര്‍ച്ചകള്‍ മാറ്റിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇതാണവസ്ഥ. താരതമ്യേന മെച്ചം മലയാളമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
വാര്‍ത്തകള്‍ സംഭവിപ്പിക്കുന്നുണ്ടോ?
വ്യാജമായി വാര്‍ത്തകള്‍ നിര്‍മിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് വ്യാപകമല്ല. സമൂഹത്തിന് ചില കാര്യങ്ങളിലുള്ള മുന്‍വിധികള്‍ ശക്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകള്‍ കൊണ്ടുവരാന്‍ ചില മീഡിയകള്‍ ശ്രമിക്കാറുണ്ട്. ഒരു ഉദാഹരണം പറയാം. ‘ഇസ്‌ലാമിക് ഭീകരത’യെക്കുറിച്ച് വലിയ തോതിലുള്ള കാമ്പയിന്‍ വന്നപ്പോള്‍ കോഴിക്കോട്ടെ ഒരു ചാനല്‍ ലേഖിക പഴയ സിമി പ്രവര്‍ത്തകനെ വിളിച്ചിട്ട് നിങ്ങള്‍ മുഖംമൂടി ധരിച്ച് സംസാരിക്കണം എന്നാവശ്യപ്പെട്ടു. അന്തരീക്ഷ നിര്‍മിതിക്കുവേണ്ടി എന്നോ മറ്റോ ആണ് അയാളോട് പറഞ്ഞത്. അയാള്‍ക്കതിന്റെ ഗൗരവം മനസ്സിലായില്ല. അയാള്‍ മുഖം മറച്ച് സംസാരിച്ചു. യഥാര്‍ത്ഥത്തില്‍ ആ ലേഖിക ചെയ്തത് വൃത്തികേടാണ്. അയാള്‍ ലേഖികയുടെ സംസാരം റെക്കോര്‍ഡ് ചെയ്തതുകൊണ്ട് കള്ളിവെളിച്ചത്തായി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള പ്രവണതയുണ്ട് എന്നത് ശരിയാണ്. അതുപക്ഷേ, താല്‍കാലിക പ്രതിഭാസമാണെന്നാണ് ഞാന്‍ കരുതുന്നത്.
ജനങ്ങളെയാകെ ഭീതിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകളെ വലിയ തോതില്‍ പൊലിപ്പിച്ചവതരിപ്പിക്കുന്ന പ്രവണതയും ഇവിടെയുണ്ട്. 2005ല്‍ സുനാമി ഉണ്ടായ കാലത്ത് ഞാന്‍ ഡല്‍ഹിയിലാണുള്ളത്. അവിടെയിരുന്ന് കേരളത്തിലെ വാര്‍ത്തകളറിയാന്‍ മലയാള ചാനലുകള്‍ നോക്കിയപ്പോള്‍ വളരെ ഭീകരമായ റിപ്പോര്‍ട്ടിംഗ് ശൈലിയായിരുന്നു മിക്കവരുടേതും. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ തികച്ചും ഏകപക്ഷീയമായി, തങ്ങളുടെ മനോധര്‍മമനുസരിച്ച് വായില്‍ തോന്നിയത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു പലരും. ചിലയിടങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകേണ്ടിവന്നു എന്നത് ശരിയാണ്. അതിനപ്പുറം, കേരളത്തിന്റെ തീരദേശം മുഴുവന്‍ സുനാമി വിഴുങ്ങുകയാണ് എന്ന മട്ടില്‍ റിപ്പോര്‍ട്ടുകള്‍ വന്നത് ആളുകളിലുണ്ടാക്കിയ പരിഭ്രാന്തി ചെറുതല്ല. നിരുത്തരവാദപരമായാണ് മിക്കചാനലുകളും സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറി. ഇക്കഴിഞ്ഞ പ്രളയകാലത്ത് മാധ്യമങ്ങള്‍ വളരെ ഉത്തരവാദിത്വബോധം പ്രകടിപ്പിച്ചു. സര്‍ക്കാരുമായും സന്നദ്ധ സംഘടനകളുമായും അങ്ങേയറ്റം സഹകരിച്ചാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിലകൊണ്ടത്. സര്‍ക്കാറിന് വലിയ പിന്തുണ നല്‍കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വലിയ അളവില്‍ പങ്കാളികളാവുകയും ചെയ്തു. പത്തുപതിനഞ്ച് വര്‍ഷങ്ങള്‍കൊണ്ട് ഇലക്ട്രോണിക് മീഡിയ വല്ലാതെ മാറി. അനുഭവങ്ങളില്‍ നിന്നുണ്ടായ മാറ്റമാണിത്. ചാനലുകളുടെ മാറ്റത്തിന് പിറകില്‍ പല ഘടകങ്ങളുണ്ട്. അതിലൊന്ന്, നിരുത്തരവാദിത്തം പ്രേക്ഷകര്‍ ചോദ്യം ചെയ്യുമെന്നതാണ്. പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടപെടാനുള്ള അവസരമുണ്ട്. അവതാരകന്‍ പറയുന്നതല്ല ശരിയെന്ന് പറയാന്‍ അവര്‍ക്ക് സമൂഹമാധ്യമങ്ങളുണ്ട്. അതുകൊണ്ട് തന്നെ ചാനലുകള്‍ക്ക് ഏകപക്ഷീയമായ ശൈലി പിന്തുടരാനാകില്ല. ടെക്‌നോളജി മാറി, സമൂഹം മാറി. പ്രേക്ഷകര്‍ കൂടുതല്‍ ജാഗരൂകരായി. അതിനനുസൃതമായി മാധ്യമപ്രവര്‍ത്തകരും വളരെ പോസിറ്റീവായ മനോഭാവം വെച്ചുപുലര്‍ത്തുന്നു.
എന്നാല്‍ ഈ മാറ്റങ്ങളൊന്നും പ്രകടമാകാത്ത ചില ചാനലുകളുണ്ട്; റിപ്പബ്ലിക് ടിവിപോലെ. അയാള്‍ക്ക് തലയ്ക്ക് വെളിവുണ്ടോ എന്നുപോലും സംശയമാണ്. അയാള്‍ ഏതോ സ്വപ്‌നലോകത്താണ് ജീവിക്കുന്നത്. ആളുകള്‍ ഇതിനോട് പ്രതികരിച്ചാല്‍ അതംഗീകരിക്കാനും തയാറാകില്ല. ഒരു ഭ്രാന്തമായ സമൂഹത്തെയാണ് അവര്‍ സംബോധന ചെയ്യുന്നത്.
സംവാദത്തിലെ ജനാധിപത്യം
ആഴ്ചയില്‍ രണ്ടും മൂന്നും ചാനല്‍ ചര്‍ച്ചകളില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഞാന്‍ പങ്കെടുക്കുന്നുണ്ട്. എനിക്ക് മനസിലായൊരു കാര്യം, ചര്‍ച്ചയുടെ ക്വാളിറ്റിയില്‍ കാലക്രമേണ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നതാണ്. തുടക്കത്തിലുണ്ടായിരുന്ന അവതരണ രീതിയില്‍നിന്ന് മാറിയിട്ടുണ്ട് പല ആങ്കര്‍മാരും. പലരും നന്നായി പഠിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാരണം, ചാനലുകള്‍ക്കിടയില്‍ നല്ല മത്സരമുണ്ട്. മറ്റ് ചാനലുകളില്‍നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ അവതരിപ്പിച്ചെങ്കിലേ ആളുകളെ പിടിച്ചിരുത്താനാവുകയുള്ളൂ. സ്വയം മാറാനും സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാകാനും കഴിയുന്ന ആങ്കര്‍മാര്‍ക്കും ചാനലുകള്‍ക്കും മാത്രമേ മെച്ചപ്പെട്ട റേറ്റിംഗ് കിട്ടുന്നുള്ളൂ.
ഏഷ്യാനെറ്റിനെ നോക്കൂ. മറ്റു പല പ്രശ്‌നങ്ങളുണ്ടെങ്കിലും അവരുടെ ചര്‍ച്ചകള്‍ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് കുറെക്കൂടി മെച്ചപ്പെട്ടിട്ടുണ്ട്. വിഷയങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വബോധം, ചര്‍ച്ചക്ക് നീക്കിവെക്കുന്ന സമയം, ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുവദിക്കുന്ന സമയം ഇതിലൊക്കെത്തന്നെ അവര്‍ ഒരുപാട് മാറി. അവര്‍ മുമ്പിലേക്ക് കയറിവന്നിരിക്കുന്നു. അതേസമയം ഞാന്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കൈരളി ചാനല്‍ കൂടുതല്‍ ഏകപക്ഷീയവും വിഭാഗീയവുമായിക്കൊണ്ട് സ്വയമേ ഉള്‍വലിഞ്ഞു. ഒരുതരത്തിലുള്ള ഗൗരവബോധത്തോടെയുമല്ല അവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.
ഭേദപ്പെട്ട ചര്‍ച്ചകളും മെച്ചപ്പെട്ട വിവരണങ്ങളുമാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ അവര്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് കാഴ്ചപ്പാടുകളുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ നിലപാടുകള്‍ അവരെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് മാധ്യമ പ്രവര്‍ത്തനത്തില്‍ വിജയിക്കണമെങ്കില്‍ വിശ്വാസ്യതയും നിലപാടിലെ കൃത്യതയും വളരെ പ്രധാനമാണ്. അത്തരത്തിലുള്ള മാധ്യമങ്ങള്‍ക്കൊപ്പമേ ആളുകള്‍ നില്‍ക്കൂ.
വ്യത്യസ്തമായ നിലപാടുകളുള്ളവരെ അഭിപ്രായം പറയാന്‍ ക്ഷണിക്കാനുള്ള താല്‍പര്യം മലയാള ചാനലുകള്‍ക്കുണ്ട്. ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദളിത് ചിന്തകരെയും എഴുത്തുകാരെയും അവര്‍ക്കിടയിലെ ആക്ടിവിസ്റ്റുകളെയുമൊക്കെ പങ്കെടുപ്പിക്കാറുണ്ട്. ഇന്ത്യയിലെ മറ്റേത് ഭാഷയിലാണ് ഇത് കാണാനാവുക? സ്ത്രീകളുടെ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന നേതാക്കള്‍, ന്യൂനപക്ഷം പ്രമേയമാകുമ്പോള്‍ അവരില്‍നിന്നുള്ള നേതാക്കള്‍… അങ്ങനെ പാര്‍ശ്വവത്കൃതരായ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ചാനലുകള്‍ അവസരം നല്‍കുന്നുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ പല ചാനലുകളും മതിയായ സമയം നല്‍കുന്നില്ല എന്നതൊരു പരാജയമാണ്. അത് മാറിയേ പറ്റൂ. കാരണം മീഡിയ ഒരു പ്രത്യേക വിഭാഗത്തെയല്ല അഭിസംബോധന ചെയ്യുന്നത്; വിശാലമായ സമൂഹത്തെയാണ്. അവരില്‍ ദളിതരും ന്യൂനപക്ഷങ്ങളും തൊഴില്‍രഹിതരും ആദിവാസി വിഭാഗങ്ങളുമുണ്ട്. അവരെ അഡ്രസ് ചെയ്യുകയെന്നത് ചാനലുകളുടെ കച്ചവടതാല്‍പര്യങ്ങളുടെ കൂടി ഭാഗമാണ്. പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മാറ്റിനിര്‍ത്താനാവില്ല. കൂടുതല്‍ പേര്‍ ശ്രദ്ധിക്കുകയെന്നതാണ് പരസ്യദാതാക്കളുടെ ആഗ്രഹവും താല്‍പര്യവും. അതുകൊണ്ടുതന്നെ ആരെയെങ്കിലും അവഗണിച്ചുകൊണ്ട് ഒരു മാധ്യമത്തിനും മുന്നോട്ടുപോകാനാകില്ല. മറ്റുള്ളവരോട് സംസാരിക്കാന്‍ തയാറില്ലാത്ത ചാനലായാലും പത്രങ്ങളായാലും രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും അവരുടെ അടിത്തറ പതുക്കെപ്പതുക്കെ തകര്‍ന്നുകൊണ്ടിരിക്കും.
കേരളത്തിന്റെ ദുരവസ്ഥ
കേരളത്തിന്റെ ഒരു ദുരന്തം ബൗദ്ധിക നിലവാരത്തകര്‍ച്ചയാണ്. നമ്മുടെ സൊസൈറ്റിയില്‍ വിവിധ വിഷയങ്ങളെ കുറിച്ച് കൃത്യമായും ധൈഷണികമായും അഭിപ്രായം പറയാന്‍ കഴിയുന്നവര്‍ വളരെ കുറവാണ്. പറയാന്‍ കഴിയുന്നവര്‍ മാത്രമല്ല, എഴുതാന്‍ പറ്റുന്നവരും വിരളമാണ്. സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച്, അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച്, ശാസ്ത്ര സാങ്കേതിക മാറ്റങ്ങളെക്കുറിച്ചൊക്കെ എഴുതാന്‍ കഴിയുന്നവര്‍ വളരെ കുറവാണിവിടെ. സ്വാഭാവികമായും സംഭവിക്കുക, ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് ആളുകള്‍ക്കിടയില്‍ പേരെടുത്ത ഒരാളെ ചാനലുകള്‍ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കും. അവര്‍ ഏതുവിഷയത്തെക്കുറിച്ചും അഭിപ്രായം പറയും. അറിഞ്ഞുകൂടാത്ത കാര്യത്തില്‍ പോലും അഭിപ്രായം പറയും. മീഡിയയില്‍ കൂടുതല്‍ ചെലവാകുന്ന കാരക്ടറായി ഒരാള്‍ മാറുന്നതോടെ ചര്‍ച്ചയില്‍ അയാളുണ്ടാക്കുന്നത് ഗുണമാണെന്ന് ചാനലുകള്‍ കരുതും. വിഷയത്തെക്കുറിച്ച് ഒരു ധാരണയുമില്ലെങ്കിലും അയാള്‍ അഭിപ്രായം പറയും. വിവിധ മേഖലകളില്‍ കഴിവുള്ള പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരികയാണ് പരിഹാരം. ഇപ്പോള്‍ നടക്കുന്നത് അഭിപ്രായം പറയുന്ന ആളെ കിട്ടാനുള്ള മത്സരമാണ്. അതുകൊണ്ട് ലൈവ് ചാനല്‍ ചര്‍ച്ചകള്‍ പലതും ഒരു മണിക്കൂര്‍ മുമ്പ് റെക്കോര്‍ഡ് ചെയ്ത് കാണിക്കേണ്ട അവസ്ഥയാണുള്ളത്. ഒരു ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ അതേസമയം മറ്റൊരു ചാനലില്‍ ചര്‍ച്ചക്കിരിക്കുന്നത് കാണാം. ടാലന്റ്പൂള്‍ ഇല്ലാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം. കഴിവും പ്രതിഭയുമുള്ള ആളുകള്‍ ജേണലിസത്തിലേക്ക് കടന്നുവരുന്നില്ല എന്നതും പ്രശ്‌നമാണ്. എന്റെയൊക്കെ തലമുറ ഉയര്‍ന്ന പരിഗണനയാണ് ജേണലിസത്തിന് നല്‍കിയിരുന്നത്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ പരിഗണന ലഭിക്കുന്ന തൊഴില്‍ മേഖലയായി പത്രപ്രവര്‍ത്തനം മാറി.
അവതാരകരുടെ ശരീരഭാഷ
മാധ്യമ പ്രവര്‍ത്തകര്‍ക്ക് അധികാരത്തിലിരിക്കുന്നവരോട് ഭയഭക്തി ബഹുമാനം ആവശ്യമില്ല. ജനങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നവരെന്ന നിലയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായ ഭാഷ ഉപയോഗിക്കുന്നതില്‍ തെറ്റ് പറയാനാകില്ല. പക്ഷേ, അതൊരിക്കലും മറ്റുള്ളവരെ അപമാനിക്കുന്നതോ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലോ ആയി മാറിക്കൂടാ. ജനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് ബഹുമാനമുണ്ടാകണമെങ്കില്‍ അവര്‍ ആരുടെയും മുമ്പില്‍ മുട്ടുമടക്കുന്നവരല്ല എന്ന തോന്നലുണ്ടാകണം. നട്ടെല്ലുനിവര്‍ത്തി നിന്നുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ സംസാരിക്കണം. അല്‍പം അഹങ്കാരമുണ്ടാകുന്നത് തെറ്റല്ല; അത് അമിതമാകുന്നതാണ് പ്രശ്‌നം. രാഷ്ട്രീയക്കാരുടെയോ ഭരണകര്‍ത്താകളുടെയോ മുമ്പില്‍ വിനീത വിധേയരാകുന്നതാണ് തെറ്റ്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ പോസിറ്റീവായ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും ഒരു ബാലന്‍സിങ് സംഭവിക്കും. അല്ലെങ്കില്‍ അഭിപ്രായം പറയാന്‍ ആളെ കിട്ടാതാവും. ഇംഗ്ലീഷ് ചാനല്‍ പോലെയല്ല.
അര്‍ണബ് ഗോസ്വാമിക്കൊക്കെ ആളെ കിട്ടും. അവിടെ അഭിപ്രായം പറയുന്നവര്‍ക്ക് പണം കൊടുക്കും. കേരളത്തില്‍ ഭാഗ്യവശാല്‍ അഭിപ്രായം പറയുന്നവരൊന്നും പണം വാങ്ങുന്നുമില്ല, കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് അവസരമുണ്ട്. ആദ്യം പണം വാങ്ങി കീശയിലിട്ട് അഭിപ്രായം പറയുന്ന സാഹചര്യം ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല.
സ്വകാര്യതയില്‍ ഇടിച്ചുകയറുന്നത്
ഒരാളുടെ മരണത്തില്‍ ദുഃഖിച്ചിരിക്കുന്ന ഏറ്റവുമടുത്ത ബന്ധുവിന് നേരെ മൈക് നീട്ടി അഭിപ്രായം പറയിപ്പിക്കുന്ന സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അത് തെറ്റാണ്. സാംസ്‌കാരിക ശൂന്യമായ പ്രവൃത്തിയാണ്. അത് ബോധപൂര്‍വമായ സംഗതിയായി എനിക്ക് തോന്നുന്നില്ല. മത്സരത്തിന്റെ ഭാഗമായി അറിയാതെ പറ്റിപ്പോകുന്നതാണ്.
ചാനലുകള്‍ക്കിടയിലെ മത്സരം നിയന്ത്രിക്കാന്‍ പ്രത്യേക നടപടി ആവശ്യമില്ല. അത് മാര്‍ക്കറ്റ് നിയന്ത്രിച്ചുകൊള്ളും. ചില ചാനലുകള്‍ മലയാളത്തില്‍ പൂട്ടിയില്ലേ. വേറെ ചിലത് ശ്രദ്ധിക്കപ്പെടാതായില്ലേ. നമുക്കിത്രയേറെ ചാനലുകള്‍ ആവശ്യമില്ല എന്നിടത്തേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. മൂന്നോ നാലോ ചാനലുകള്‍ മാത്രമേ നിലനില്‍ക്കാനിടയുള്ളൂ. സ്വാഭാവികമായും ഈ മത്സരം തന്നെ അക്കാര്യത്തിലൊരു തീര്‍പ്പുണ്ടാക്കും. പ്രേക്ഷകര്‍ക്ക് പരാതികള്‍ ഉന്നയിക്കാനും പരിഹരിക്കപ്പെടാനുമുള്ള വ്യവസ്ഥാപിതമായൊരു സംവിധാനം ഇന്ത്യയില്‍ ഇല്ല എന്നത് വലിയ പോരായ്മയാണ്.
ജനാധിപത്യ സമൂഹങ്ങളിലാകെയും പൊതുപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതം ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമാണ്. ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിലിരിക്കുന്ന ഒരാളുടെ വ്യക്തിഗതമായ കാര്യങ്ങളും സമൂഹം ശ്രദ്ധിക്കും. ഒരാളോട് കൈക്കൂലി വാങ്ങി ഇത് ഞാനും അയാളും മാത്രമറിയേണ്ട ഇടപാടാണ് എന്ന് പറഞ്ഞൊഴിയാന്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഉറക്കത്തിലും ഉണര്‍വിലും അവരെ മാധ്യമങ്ങള്‍ നിരീക്ഷിക്കും.
ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടവര്‍ മൗനം പാലിക്കുമ്പോള്‍ മാധ്യമങ്ങള്‍ നിരന്തരം ചോദ്യമുന്നയിക്കും. ഹാദിയ കേസില്‍ പ്രതികരിക്കാന്‍ വനിതാകമ്മീഷന്‍ ചെയര്‍മാന് താല്‍പര്യമില്ലെങ്കിലും അത് പിന്നെയും പിന്നെയും ചോദിക്കേണ്ട ബാധ്യത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. കാരണം, ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ചുമതലയാണ്. ചിലത് ചോദിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ അസഹിഷ്ണുത പ്രകടിപ്പിക്കും. എന്നുകരുതി മാധ്യമങ്ങള്‍ക്ക് ചോദ്യമുപേക്ഷിക്കാനാകില്ല. അതവരുടെ ജോലിയാണ്. മീഡിയയുടെ ഈ ജാഗ്രത കൂടിയില്ലെങ്കില്‍ പല സംഭവങ്ങളുടെയും നിജസ്ഥിതി ജനം അറിയാതെ പോകുമായിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ കേസ് പരിശോധിക്കൂ. മാധ്യമങ്ങളുടെ അമിത ജാഗ്രതയില്ലായിരുന്നെങ്കില്‍ ആ കന്യാസ്ത്രീകള്‍ അവിടെ പട്ടിണി കിടക്കുമെന്നല്ലാതെ, ഒരു നീതിയും അവര്‍ക്ക് കിട്ടുമായിരുന്നില്ല. പൊലീസും രാഷ്ട്രീയക്കാരും ചേര്‍ന്ന് കേസൊതുക്കുമായിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് പൊലീസ് തീര്‍ച്ചപ്പെടുത്തിയ ഘട്ടത്തില്‍ പോലും ഭരിക്കുന്ന രാഷ്ട്രീയ കക്ഷി, അതില്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ക്കൊപ്പം മാധ്യമങ്ങളും ചേര്‍ന്നാല്‍ എന്താകുമായിരുന്നു സ്ഥിതി? സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കരുതിയാലും ശരി, ഈ അമിതജാഗ്രത തെറ്റല്ല എന്നാണ് എന്റെ പക്ഷം.
നമ്പി നാരായണന്‍ കേസില്‍ സംഭവിച്ചത്
ഇതൊരു സെന്‍സേഷനല്‍ ഇഷ്യൂ ആയതുകൊണ്ട്, പ്രത്യേകിച്ച് മാലി സ്ത്രീകളൊക്കെ ഉള്‍പെട്ട കേസായതുകൊണ്ട് മാര്‍ക്കറ്റിംഗ് താല്‍പര്യത്തോടെ പൊലിപ്പിച്ചെഴുതുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ചില ലേഖകരാണ് അതിന് നേതൃത്വം വഹിച്ചത്. അതൊരു ജീര്‍ണിച്ച ശൈലിയാണ്. അന്നുതന്നെ പല മാധ്യമപ്രവര്‍ത്തകരും അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, പ്രധാനപ്പെട്ട ചില പത്രങ്ങള്‍ പൊലീസില്‍നിന്നുള്ള വിവരങ്ങള്‍ യാതൊരന്വേഷണവുമില്ലാതെ പൊലിപ്പിച്ചെടുക്കുകയായിരുന്നു. ഇത് തന്നെയാണ് ലൗജിഹാദ് കേസിലും സംഭവിച്ചത്. തികച്ചും നിരുത്തരവ ാദപരമായാണ് മിക്ക പത്രങ്ങളും ലൗജിഹാദിനെ സമീപിച്ചത്. ഇത്തരം കാര്യങ്ങളില്‍ തെറ്റുപറ്റും. അങ്ങനെ പറ്റുമ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ വ്യാപകമായി നടക്കണം. നമ്പിനാരായണന്റെ കേസിലും ലൗജിഹാദിലും ഹാദിയ കേസിലും വലിയ തെറ്റുകള്‍ മാധ്യമങ്ങള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും പറ്റിയിട്ടുണ്ട്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കും പറ്റിയിട്ടുണ്ട്. ജുഡീഷ്യറിക്കും പറ്റിയിട്ടുണ്ട്. ഹൈക്കോടതിയുടെ ചില വിധികള്‍ സുപ്രീം കോടതി തിരുത്തുകയുണ്ടായല്ലോ. ഇത്തരം കേസുകളില്‍ മാധ്യമങ്ങളെ മാത്രമായി കുറ്റപ്പെടുത്താതെ പൊതുസമൂഹത്തിന് കൂടി സംഭവിക്കുന്ന വീഴ്ചയായി കാണുകയാണ് അഭികാമ്യം.
പറ്റിയ തെറ്റ് തിരുത്തുകയെന്നത് കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പരിചയിച്ചിട്ടില്ല. തെറ്റുകളൊന്നും സംഭവിക്കാത്ത സ്ഥാപനങ്ങളെന്നാണ് മാധ്യമങ്ങള്‍ സ്വയം കരുതുന്നത്. മുമ്പൊക്കെ തെറ്റ് ചൂണ്ടിക്കാട്ടി ഒരു കത്തയച്ചാല്‍ മാധ്യമങ്ങള്‍ അത് പ്രസിദ്ധപ്പെടുത്തുമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇപ്പോഴും അതുണ്ട്. തെറ്റുകള്‍ തിരുത്താന്‍ മടിക്കുന്ന കള്‍ചര്‍ നമുക്ക് പണ്ടേയുണ്ട്. അത് മാറേണ്ടതാണ്. അത് മാറിക്കൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
സമൂഹ മാധ്യമങ്ങള്‍ പരാജയം
സോഷ്യല്‍മീഡിയ ഏറ്റവും മോശമായി ഉപയോഗിക്കുന്നവരാണ് മലയാളികള്‍. ഇംഗ്ലണ്ടില്‍നിന്നോ അമേരിക്കയില്‍ നിന്നോ സോഷ്യല്‍മീഡിയയില്‍ ഇടപെടുന്നവരെ ശ്രദ്ധിച്ചാലറിയാം. അവര്‍ ആളുകളെ കുറ്റം പറയുന്നില്ല. ഒരാള്‍ക്ക് അപമാനമുണ്ടാക്കുന്നതൊന്നും എഴുതുന്നില്ല. ഇക്കാര്യത്തില്‍ അവര്‍ക്ക് ചില സ്വയം നിയന്ത്രണങ്ങളുണ്ട്. കേരളത്തിലോ? ആളുകളെ തെറിപറയുക, മോശക്കാരായി ചിത്രീകരിക്കുക- ഇതൊക്കെയാണ് നടക്കുന്നത്. അതിനുവേണ്ടി പൊങ്കാല എന്നൊരു വാക്ക് നമ്മള്‍ ഉപയോഗിക്കുന്നു. കേരളത്തിന്റെ മുഖം അങ്ങേയറ്റം അപഹാസ്യമാക്കുന്നതിലും മലയാളികളെയാകെ ഊളന്മാരായി അവതരിപ്പിക്കുന്നതിലും സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇപ്പോള്‍ പലരും അത് തിരിച്ചറിയുന്നുണ്ട്. പലരും അവിടെനിന്ന് പിന്‍വാങ്ങിത്തുടങ്ങി.
സമൂഹ മാധ്യമങ്ങളില്‍ വരുന്ന ചവറുകള്‍ ഇടക്കാലത്ത് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വഴിയേ ചാനലുകളും അതേറ്റെടുത്തു. സോഷ്യല്‍മീഡിയ വലിയ പരാജയമാണെന്ന് അവരും ഇപ്പോള്‍ മനസിലാക്കുന്നുണ്ട്. മീഡിയ ഗൗരവതരമായ പുനരാലോചനയിലേക്ക് പ്രവേശിച്ചു എന്നാണ് മനസിലാകുന്നത്.
എന്‍ പി ചെക്കുട്ടി
You must be logged in to post a comment Login